നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി ലാൻഡ് ഓഫ് ആഗനി




*********************************
നാഫ് നദിയിൽ നിന്നും വീശി വന്ന കാറ്റിനും തണുപ്പിക്കാൻ കഴിയാത്ത വിധം രാഖിനിലെ ചൂട് ഓരോ ദിവസവും കൂടി കൂടി വരികയാണ് . ചുവന്ന സന്ധ്യകളും രക്തക്കറ വീണ പകലുകളും പഴയ അരാക്കൻ നാടിനു പുതുമയല്ല . പതിനഞ്ചാം നൂറ്റാണ്ടിൽ ബർമീസ് രാജാവ് അരാക്കൻ ആക്രമിച്ചു കീഴടക്കിയ നാൾ മുതൽ രക്തം വീഴാത്ത പകലുകളോ രാത്രികളോ ഉണ്ടായിട്ടില്ല . സ്വന്തമെന്നു പറയാൻ ഒരു രാജ്യമോ ..പൗരത്വമോ ഇല്ലാത്ത ജനതയ്ക്ക് എന്ത് നഷ്ടപ്പെടാൻ ...
ഇരുട്ട് വീണ ഗലികളിൽ സ്വന്തം നിഴലിൽ നിന്ന് പോലും ചാടി വീണേക്കാവുന്ന ഒരു ആക്രമിയെ ഭയക്കുന്നുണ്ട് ഓരോ റോഹിൻഗ്യൻ ജനതയും .
ഓരോ കാൽവെപ്പിലും താൻ സുരക്ഷതയല്ല എന്ന് പൂർണമായും ഫർസാനയ്ക്കു ബോധ്യമുണ്ട് . ഒരു തോക്കിൻ കുഴലിന് മുന്നിൽ താൻ വിവസ്ത്രയാക്കപ്പെട്ടേയ്ക്കാം ..ബലാത്സംഗം ചെയ്യപ്പെട്ടേക്കാം ..ഒരിറ്റു വെള്ളത്തിനായി കേഴുന്ന തന്റെ ചുണ്ടുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തത്തിനോ ..കണ്ണുനീരിനോ തന്നെ രക്ഷിക്കാൻ കഴിയില്ല . പക്ഷെ എത്ര ദിവസമാണ് പട്ടിണി സഹിച്ചു കുടിലിൽ കഴിയുക . തന്റെ കാര്യം മാത്രമല്ല ..പ്രായമായ ഉമ്മിയും ബാബുജിയും ..
ഇനി വളരെ കുറച്ചു ആളുകൾ മാത്രമേ തന്റെ ഗലിയിൽ അവശേഷിക്കുന്നുള്ളൂ . പട്ടാളക്കാരെ പേടിച്ചു , എല്ലാവരും കുടിയിറങ്ങുകയാണ് . എങ്ങോട്ടെന്നറിയാതെ .പലായനം ചെയ്തവരിൽ പലരും വഴിയിൽ വിശന്നു വീണു മരിയ്ക്കുകയാണ് . കുട്ടികളും സ്ത്രീകളും അടക്കം ക്രൂരമായ പീഡനത്തിന് ഇരയാകുന്നു .നാഫ് നദി ഇപ്പോൾ ചുവന്നാണ് ഒഴുകുന്നത്‌. പ്രാണരക്ഷാർത്ഥം നദിയിലേക്കു ചാടുന്നവരെ പോലും പട്ടാളക്കാർ വെടി വെച്ചു കൊല്ലുന്നു. ദിവസേന എത്ര ശവശരീരങ്ങളെയാണ് നാഫ് നദി ചുമക്കുന്നത്. നിശബ്ദമാക്കപ്പെട്ട എത്രയോ തേങ്ങലുകൾ കണ്ണീരുകൾ.
അഭയാർത്ഥി ക്യാമ്പിലേയും അവസ്ഥ മറ്റൊന്നല്ല ..ലക്‌ഷ്യം എന്തെന്ന് അറിയാതെ എങ്ങോട്ടാണ് പോവുക .സ്വാതന്ത്രം നിഷേധിക്കപ്പെട്ട ഒരു ജനത എവിടെ പോയാലും കാലിൽ തന്നെയുണ്ടാകും അദൃശ്യമായ ചങ്ങലകൾ. അല്ലെങ്കിലും തളർന്നു കിടക്കുന്ന ഉമ്മിയേയും കൊണ്ട് ..എണീറ്റ് രണ്ടടി നടക്കാൻ ജീവനില്ലാത്ത ബാബുജിയേം കൊണ്ട് എങ്ങോട്ടാണ് താൻ പലായനം ചെയ്യുക . . മരിയ്ക്കുക ..അല്ലെങ്കിൽ കഴിയുന്നിടത്തോളം കാലം ജീവിക്കുക .രണ്ടിൽ ഏതു തന്നെ ആയാലും ..ഇവിടെ ഈ മണ്ണിൽ തന്നെ ..താൻ ജനിച്ചു വീണ ..ഈ അരാക്കനിൽ തന്നെ ...
വളരെ ദൂരം നടന്നിട്ടാണ് ഈ മാവ് കിട്ടിയത് .അമീർ രണ്ടു ആഴ്ച കഴിഞ്ഞു വീട് വീട്ടിറങ്ങിയിട്ടു എവിടെയെന്നറിയില്ല ..ജീവനോടെ ഉണ്ടോന്നു കൂടി അറിയില്ല . കഴിഞ്ഞ ദിവസം ബാബുജിയെ കാണാൻ വന്ന ആരോ പറയുന്നത് കേട്ടു . സർക്കാരിനെതിരെ എന്തോ സംഘടനാ ഉണ്ടാക്കിയെന്നോ മറ്റോ ...ജീവനോട് ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതി . ഈ രാത്രി പുലരുവാൻ ഞങ്ങൾ ബാക്കി ഉണ്ടാകുമോ ...അറിയില്ല
കുടിലിന്റെ വാതിൽ നീക്കി അകത്തു കയറുമ്പോൾ ഫർസാന കണ്ടു .. എന്നത്തേയും പോലെ ഉമ്മിയുടെ കാൽച്ചുവട്ടിൽ കണ്ണുകൾ അടച്ചു ബാബുജി ഉണ്ട് ... ബാബുജി ഇപ്പോഴും സ്വപ്നം കാണാറുണ്ടത്രെ ..രാഖിന്‍ റോഹിൻഗ്യൻ ജനതയുടെ മാത്രം ആകുന്ന ഒരു ദിവസം . സ്വന്തമായി ഒരു രാജ്യവും പൗരത്വവും നേടുന്ന ഒരു ദിവസം ...
പുറത്തു ഇരുള്‍കനത്തു വരികയാണ് .
" സനാ .... ഗലിയിൽ ആളുകൾ നന്നേ കുറഞ്ഞു അല്ലെ മോളെ ..."
മാവിലേക്കു പാകത്തിന് വെള്ളം ചേർത്ത് കൊണ്ട് ഫർസാന ബാബുജിയുടെ നേരെ തിരിഞ്ഞു ..
"ഹാഹ് ബാബുജി ...ഇനി നമ്മളെയും ചേർത്ത് ഏറി പോയാൽ ഒരു അമ്പതു ആളുകൾ കാണും ...."
അടച്ചു പിടിച്ച ബാബുജിയുടെ കണ്ണുകൾ നിറയുന്നതും കവിളിലൂടെ നീർച്ചാലുകൾ ഒഴുകുന്നതും അവൾ കണ്ടു ...
" നമ്മൾ എന്തിനു പോകണം സന ...ഇത് നമ്മുടെ മണ്ണാണ് ...അരാക്കൻ നമ്മുടെ മണ്ണാണ് ...ആര്യന്മാരുടെ കാലം മുതലേ ..നമ്മൾ ഇവിടെ ഉണ്ട് .. പണ്ട് ..ഇത് നമ്മുടെ മാത്രം രാജ്യമായിരുന്നു ...അവർ ബർമീസുകാർ അവരല്ലേ ഇവിടം കൈയേറിയത് .. അന്ന് മുതൽ തുടങ്ങിയ യുദ്ധമാ ...എന്റെ ഉപ്പൂപ്പായുടെ കാലം മുതൽ ..ഇന്നിപ്പോൾ നിന്റെ ചേട്ടൻ വരെ ... ബ്രിട്ടീഷുകാർ പിൻവാങ്ങിയപ്പോൾ , നമ്മൾ ന്യൂന പക്ഷമായി ..അന്ന് രാജ്യം വിട്ടവർ ഏറെ പേരുണ്ട് ..പക്ഷെ ..നിന്റെ ഉപ്പൂപ്പ വാശി പിടിച്ചു ..മരിച്ചു ഖബര്‍ അടക്കുന്നത് ഈ മണ്ണില്‍ തന്നെ വേണമെന്ന് .. നിനക്കിപ്പോൾ ....ഞങ്ങളോടൊക്കെ വെറുപ്പ് തോന്നുന്നുണ്ടാകും അല്ലെ ...."
ചൂടായ കല്ലിൽ , മാവ് കട്ടിയിൽ പരത്തുമ്പോൾ ഫർസാന ഒന്നും മിണ്ടിയില്ല ...അവള്‍ കുറെ കേട്ട കഥകളാണ് ഇതൊക്കെ ..പണ്ട് അരാക്കന്‍ , ഒരു ഒറ്റ രാജ്യമായിരുന്നത്രേ ..പിന്നീട് ..ബംഗ്ലാദേശിന്റെ ഭാഗമായിരുന്ന ചിറ്റഗോന്ഗ് ആക്രമിച്ചു കീഴടക്കി ..അങ്ങനെ ..ആരാക്കനിലും ഇസ്ലാം മതം പ്രചരിച്ചു തുടങ്ങി ..പക്ഷെ ..പിന്നീട് ബര്‍മീസ് രാജാവ് ആരാക്കന്‍ കീഴടക്കുകയും , ആരാക്കന്‍ മുസ്ലീമുകളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തു . ബ്രിട്ടീഷുകാരുടെ കോളനി വാഴ്ച കാലത്ത് ആരായ്ക്കന്‍ മുസ്ലീമുകള്‍ അവരുടെ കൂടെ നിന്നത് ബര്‍മീസ് ഭരണാധികാരികള്‍ക്ക് അവരോടുള്ള പക കൂടാന്‍ കാരണമായി .. അവസാനം ബ്രിടീഷുകാർ പിൻവാങ്ങിയപ്പോൾ സ്വതന്ത്ര രാജ്യമായി നിലനിൽക്കാൻ അരാക്കൻ ജനത പോരാട്ടം തുടങ്ങി ..പക്ഷെ .. ഒരിയ്ക്കലും സ്വതന്ത്ര രാജ്യമായി നിൽക്കാനോ ..മ്യാൻമാർ പൗരത്വം നൽകാനോ മ്യാൻമാർ ഭരണകൂടം സമ്മതിച്ചില്ല . ഇപ്പോൾ റോഹിൻഗ്യൻ മുസ്ലീമുകളുടെ ജനസംഖ്യ കൂടുന്നുവെന്നും അത് ഭരണകൂടത്തിന് ഭീഷണിയാകുമെന്നും പറഞ്ഞാണ് ഈ നിർബന്ധിത കുടിയിറക്കിവിടൽ.
ആരോഗ്യം ഇല്ല ധനമില്ല സമ്പാദ്യമില്ല വിദ്യാഭ്യാസമില്ല ..പിന്നെ എങ്ങോട്ടാണ് പോവുക ..സ്വന്തമായി ദേശമോ ..പൗരത്വമോ ഇല്ലാത്ത ഒരേ ഒരു ജനത ..
" നമ്മുടെ മണ്ണ് ..അത് നമ്മുടേത് തന്നെയാണ് .. അവരാണ് പോകേണ്ടത് ...അവർ ..ബർമീസുകാർ ... ഇത് അരാക്കൻ ...നമ്മുടെ മണ്ണാണ് സന .....പതിനഞ്ചാം നൂറ്റാണ്ടു മുതൽ ..ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെ ... ആറു ശത വർഷങ്ങൾ ....എന്നിട്ടും എന്താ ... നമ്മൾ ഇങ്ങനെ ...എന്നിട്ടു നാട് വിട്ടോളാൻ ....ഫഭൂ ...... എല്ലാവരെയും എന്റെ മകൻ ..അമീർ കൊല്ലും ... നീ നോക്കിക്കോ ....എന്നിട്ടു അന്നത്തെ പോലെ ..ഇത് നമ്മുടെ മാത്രം രാജ്യമാകും ... "
ബാബുജി പിന്നെയും അത് തന്നെ പിറുപിറുത്തു കൊണ്ടിരിക്കുകയാണ് .ഫർസാനക്ക് അറിയാം ..ഇതൊന്നും ഒരിയ്ക്കലും സാധ്യമാകാത്ത കാര്യങ്ങളാണെന്ന് ..എങ്കിലും ..ബാബുജി പറയുമ്പോൾ ..പലപ്പോഴും ഉള്ളിൽ ഒരു കൊതി തോന്നിയിട്ടുണ്ട് ..ആരെയും ഭയക്കാതെ ...തിരക്കുള്ള ഗലികളിലും റോഡുകളിലും ഒറ്റയ്ക്ക് നടക്കണം ..പൂർത്തിയാക്കാൻ കഴിയാതെ വന്ന പഠനം പൂർത്തിയാക്കണം ...ഒരു ഡോക്ടർ ആവണം തനിക്കു ... ഉമ്മിയെ ചികിൽസിച്ചു ഭേദമാക്കണം .. ബാബുജിയ്ക്കു നടക്കാൻ കഴിയണം ..പിന്നെ ..പണ്ടെന്നോ ...നടത്തിയ ഫിലിം ഷോയിൽ കണ്ടത് പോലെ ഒരു നിക്കാഹ് .....
"സനാ ...പുറത്തു എന്താ മോളെ ശബ്ദം കേൾക്കുന്നേ .......... "
സന ചെവിയോർത്തു ശരിയാണ് ... എന്തോ വലിയ ആരവം കേൾക്കുന്നു .. എവിടെയെല്ലാമോ ..കരച്ചിലിന്റെ ചീളുകൾ ഉയർന്നു കേൾക്കുന്നുണ്ട് .. ഇങ്ങോട്ടാണോ അവർ .....അവൾ ഉമ്മിയെ നോക്കി ...ബാബുജിയെ നോക്കി .... പുറത്തെ ഇരുട്ടിൽ അവസാന ആശ്രയമെന്ന പോലെ അവൾ വെറുതെ എങ്കിലും അമീറിനെ പ്രതീക്ഷിച്ചു ...ഇല്ല ...ഒരു പക്ഷെ അവനെയും ....ഉദരത്തിൽ ഒരു തീക്കുണ്ഡം എരിയുന്ന പോലെ ..കൈയും കാലും ഒരു പോലെ വിറയ്ക്കുന്നു ....അതെ അവർ ഇങ്ങോട്ടു തന്നെയാണ് .....ഉള്ളിൽ ഭയമാണോ ..അല്ല ..ഭയമൊക്കെ ഒരു പരിധിവരെ മാത്രമേ ഉള്ളൂ ..പിന്നെ അങ്ങോട്ട് ..കൊല്ലാനും ചാകാനുമുള്ള ചങ്കൂറ്റമായി മാറും ഏതൊരു കാരണവും ..
" ഈ വഴിയാണ് സാബ് ...."
മുന്നിൽ വഴി കാണിക്കുന്ന ഇരുണ്ട വസ്ത്രം ധരിച്ച , അയാൾക്ക് പിന്നിൽ ഇരുപതോളം വരുന്ന പട്ടാളക്കാർ .. ഇരുട്ടിൽ കത്തിച്ചു പിടിച്ച നീണ്ട മുളവടിയിൽ ഉറപ്പിച്ച വിളക്കുകളുടെ വെളിച്ചത്തിൽ കാണാം .. കൈയ്യിൽ നീട്ടിപ്പിടിച്ച തോക്കുകൾ . ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ .. രോഗവും ദാരിദ്രവും കൊണ്ട് പാതി ജീവൻ മാത്രം ശരീരത്തിൽ ബാക്കിയായ ഇവരെ കൊല്ലാൻ തോക്കെന്തിന് ....
ഫർസാന നടന്ന അതേ പാതയിലേക്കാണ് അവരും നടന്നു ചെല്ലുന്നതു .. ഇനി കുറച്ചു ദൂരം മാത്രം ..പെട്ടെന്നാണത് ..കാതടപ്പിക്കുന്ന ശബ്ദത്തിൽ .. ഒന്നിന് പുറകെ ഒന്നായി മൂന്നു സ്‌ഫോടനങ്ങൾ .. ആദ്യത്തേത് ..വഴി കാണിച്ച ഇരുണ്ട വസ്ത്രം ധരിച്ച ആ റോഹിൻഗ്യന്റെ തലയിൽ തന്നെ .. അടുത്ത് കൃത്യമായി പട്ടാളത്തിന് നേരെ .. ഇരുട്ടിൽ വെടിയൊച്ചകൾ ..ചിതറിയോടിയ പട്ടാളക്കാരിൽ ആരും ബാക്കി ഇല്ലെന്നു ഉറപ്പിക്കും വരെ ..ഇരുളിനെ മൂടി നിന്ന ആ വലിയ ആൽമരത്തിന്റെ നിഴലിൽ മറഞ്ഞു നിന്ന രൂപങ്ങളിൽ ആരും അനങ്ങിയില്ല ...
"അമീർ ...... സമയം പോകുന്നു ....ഇനി ഇവിടെ നിന്നാൽ അപകടമാണ് ..."
"എനിക്ക് ..എനിക്കെന്റെ ഉമ്മിയെയും ബാബുജിയെയും സനയെയും ഒന്ന് കാണണം ...പെട്ടെന്ന് ...പെട്ടെന്ന് വരാൻ ..ഞാൻ ....."
ഇരുളിൽ നിന്നും ആറടിയിൽ അധികം ഉയരമുള്ളൊരാൾ ഫർസാനയുടെ കുടിൽ ലക്ഷ്യമാക്കി നടന്നു ... എവിടെയൊക്കെയോ നരികൾ ഓരിയിടുന്നുണ്ട് ...
ചാരി വെച്ചിരുന്ന വാതിൽ പതുക്കെ എടുത്തു മാറ്റി അയാൾ അകത്തേക്ക് പ്രവേശിച്ചു ..
കട്ടിലിൽ ഉമ്മി ...കണ്ണുകൾ അടച്ചു ഉറങ്ങുകയാണ് ... അടുത്ത് തന്നെ .ബാബുജിയും ഉമ്മിയുടെ കാൽച്ചുവട്ടിൽ ചാഞ്ഞു കിടക്കുന്നു ...സന ഉമ്മി കിടക്കുന്ന കട്ടിലിന്റെ തല ഭാഗത്തു ..ഉമ്മിയുടെ മുഖത്തേയ്ക്കു മുഖം ചേർത്ത് ...
" സനാ ..."
ഒരു നേർത്ത ഞരക്കം ...
അയാൾ അവളെ കോരിയെടുത്തു ...
അവൾ കണ്ണുകൾ അഗാധതയുടെ ആഴങ്ങളിൽ നിന്നെന്നവണ്ണം വലിച്ചു തുറന്നു ....
" അമീർ ....നീ വന്നോ ...."
സനാ ........... അവൾ ചിരിയ്ക്കാൻ ശ്രമിച്ചു ...
പെട്ടെന്ന് അവളൊന്നു ചുമച്ചു ..... വായിൽ നിന്നും കട്ട പിടിച്ച കറുത്ത രക്തം അമീറിന്റെ മുഖത്തേയ്ക്കു .....
" സനാ ....എന്താ മോളെ ഇത് ....."
അവൾ പിന്നെയും ചിരിച്ചു ....
" നീ പറയാറില്ലേ അമീർ ... മരിച്ചാലും ....ജീവിച്ചാലും ...അതിവിടെ ..ഈ മണ്ണിൽ ... "
അവൾ അമീറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു ... " അമീ ................
എന്നന്നേക്കുമായി ആ കണ്ണുകൾ അടഞ്ഞു ....
അമീർ .അവളെ നെഞ്ചോട് ചേർത്തു ..
പൂർത്തിയാക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ ഭാരവുമായി ബാബുജിയും ഉമ്മിയും ...
പാതി മുറിച്ചെടുത്ത റൊട്ടിയിൽ അപ്പോഴും ചൂട് തങ്ങി നിന്നു.
അമീർ ശബ്ദമില്ലാതെ കരഞ്ഞു ......
ചിറ്റഗോങ്ങിനും .. വടക്കൻ മ്യാൻമാറിനും ഇടയിലായി ..നാഫ് നദി ഒഴുകി കൊണ്ടിരുന്നു ..രക്തം എത്ര വീണിട്ടും ചുവക്കാതെ .. അരാക്കന്റെ വിലാപവും ...റോഹിൻഗ്യകളുടെ രോദനവും ..ഒന്നും അറിയാതെ .. ബംഗ്ളാദേശിനും മ്യാൻമാറിനുമിടയിൽ വലിയ വിള്ളലുകൾ തീർത്തു നാഫ് നദി ശാന്തമായി ഒഴുകി .... ദേശവും പൗരത്വവും ഇല്ലാത്തൊരു ജനത ..മാഞ്ഞു പോവുകയാണ് ..ലോകത്തിന്റെ കണ്ണിൽ നിന്നും ..
*************************************
എബിൻ മാത്യു കൂത്താട്ടുകുളം
Date of publication:30/9/2017
Name of the author:Abin Mathew
#Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot