നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗഹൃദത്തിനുമപ്പുറം

Image may contain: 1 person, smiling, closeup

************************
കഥ - വീണ
`സച്ചൂ..... കഴിയുന്നില്ല എനിക്ക്..... നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്... ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ... അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോ നമ്മള്‍?'
അവളുടെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു.
` നീ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ ..... രേവൂ എന്‍റെ ജീവിതത്തെ കുറിച്ച് നിനക്ക് എല്ലാമറിയാവുന്നതല്ലേ? പണത്തിനും പ്രശസ്തിക്കും പദവിക്കും പിന്നാലെ പായുന്ന പ്രിയയ്ക്ക് ഒരിക്കലും എന്‍റെ കൂടെ ചിലവഴിക്കാന്‍ സമയമില്ല, താല്‍പ്പര്യമില്ല എന്നു പറയുന്നതാകും ശരി. അവളുടെ സ്വപ്നങ്ങളിലെന്നും വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്ന ശമ്പളസ്കെയിലും ജോലിയിലെ സ്റ്റാറ്റസും മാത്രമേയുള്ളൂ.വിവാഹ സര്‍ട്ടിഫിക്കറ്റില്‍ അവളോടൊപ്പം എഴുതിവെച്ചിട്ടുള്ള പേരിന്‍റെ അവകാശി മാത്രമാണു ഞാനവള്‍ക്ക്‌.
അച്ഛനുമമ്മയും അവരുടെ സ്റ്റാറ്റസിനനുസരിച്ചുള്ള ഒരു മരുമകളെനേടിയപ്പോള്‍ ഈ മകന്‍റെ മനസ്സു കാണാതെ പോയി.
നീ മാത്രമായിരുന്നു എനിക്ക് ഏക ആശ്വാസം.ഒരുമിച്ച് പഠിക്കുമ്പോള്‍ നമ്മള്‍ അത്ര അടുത്ത സുഹൃത്തുക്കളല്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍മീഡിയ നിന്നെ എന്‍റെ പ്രിയകൂട്ടുകാരിയാക്കി മാറ്റി.എന്‍റെ ജോലിയിലെ ടെന്‍ഷന്‍, ഉത്തരവാദിത്തങ്ങള്‍ , കൊച്ചുകൊച്ചു സന്തോഷങ്ങള്‍, വേദനകള്‍ എല്ലാം ഞാന്‍ പങ്കു വെക്കുന്നത് നിന്നോടായിരുന്നില്ലേ? എന്‍റെ ഏറ്റവും നല്ല സുഹൃത്തായി, സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം നീ കൂടെയുണ്ടായിരുന്നു ഈ നിമിഷം വരെ..
പക്ഷേ രേവൂ, ഇനിയും നിന്നെ വെറുമൊരു ഫ്രണ്ട് ആയി കാണാന്‍ എനിക്ക് കഴിയില്ല മോളേ.. എപ്പോഴൊക്കെയോ..... സൗഹൃദത്തിനുമപ്പുറം എന്തോ ഒന്ന് എനിക്ക് നിന്നോട് തോന്നിതുടങ്ങിയിരിക്കുന്നു. അത് എന്‍റെ തെറ്റാണെന്നെനിക്കറിയാം, പക്ഷേ......
നിന്‍റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ നീ പറയാതെ തന്നെ കുറേയൊക്കെ എനിക്കറിയാം.എപ്പോഴെങ്കിലുമൊക്കെ ഒരുനിമിഷം നീയും ആഗ്രഹിച്ചിട്ടില്ലേ നിന്‍റെ വേദനകള്‍ മനസ്സിലാക്കി ചേര്‍ത്തുപിടിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്?'
`മതി നിര്‍ത്തു സച്ചൂ, പ്രശ്നങ്ങള്‍ പലതുമുണ്ടാകും എനിക്ക്,, നിനക്കും.നല്ല സുഹൃത്തുക്കള്‍ എന്ന നിലയ്ക്ക് നമ്മള്‍ അത് പരസ്പരം പങ്കുപെക്കുകയും ചെയ്യും.പക്ഷേ അതിനപ്പുറം ഒന്നും വേണ്ട.
`നീചനെങ്കിലും നാഥന്‍ ദൈവതം കുലസ്ത്രീക്ക്' എന്ന് എന്‍റമ്മ പറഞ്ഞു തന്നിട്ടുണ്ട്‌.അത് മനസ്സില്‍ നിന്നും മായാത്തിടത്തോളം എനിക്ക് കിട്ടാതെ പോയതൊന്നും ആഗ്രഹിച്ച് എവിടെയും പോകില്ല ഞാന്‍. മറ്റൊരു ബന്ധത്തില്‍ നിന്നും അതൊന്നും നേടണമെന്ന് ഒരിക്കലും ആഗ്രഹിക്കുകയുമില്ല.
പ്രശ്നങ്ങള്‍ ഇല്ലാത്ത ജീവിതമില്ല സച്ചൂ, അതില്‍ നിന്നും ഒളിച്ചോടുകയോ മറ്റൊരു ബന്ധത്തില്‍ ചെന്നു ചാടുകയോ അല്ല വേണ്ടത്. അത്തരമൊരു ബന്ധത്തില്‍ നിന്നും കിട്ടുന്ന സുഖവും സന്തോഷവും താല്‍ക്കാലികം മാത്രമാണ്. അത് ഭാവിയില്‍ വലിയ വേദനക്കു കാരണമാകുകയേയുള്ളൂ.അതുകൊണ്ട് പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കാം നമുക്ക്. നല്ല സുഹൃത്തുക്കളായി ഒരുമിച്ച് നിന്ന് ജീവിതത്തെ ഒരു ചെറു പുഞ്ചിരിയോടെ നേരിടാം.'
` ഇല്ല രേവൂ.... നിന്നെ വെറുമൊരു സുഹൃത്തായി കാണാന്‍ ഇനിയെനിക്ക് കഴിയില്ല.അതിനപ്പുറമൊരു സ്ഥാനം നിനക്കു ഞാന്‍ തന്നു കഴിഞ്ഞു.കഴിയുമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍......
മറുപടി പറയാതെ, പിന്തിരിഞ്ഞു നോക്കാതെ അവനില്‍ നിന്നും നടന്നകലുമ്പോള്‍ അവളുടെ കണ്ണുകള്‍ അകാരണമായി നിറയുന്നുണ്ടായിരുന്നു, മനസ്സ് നീറുന്നുണ്ടായിരുന്നു... അകലെ നില്‍ക്കുന്ന അവന്‍റെ ഹൃദയം വിങ്ങുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്, അരുതാത്ത ഇടങ്ങളില്‍ പിറവിയെടുക്കും, പിന്നീട് മുന്നോട്ട് പോകാന്‍ കഴിയാതെ ശ്വാസം മുട്ടി പിടഞ്ഞു മരിക്കും,,
ആഗ്രഹിച്ച സമയത്ത് പൂക്കാതെ പോയ ചെമ്പനീര്‍പ്പൂവ് പോലെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot