നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടാറ്റ്

Image may contain: Lipi Jestin, smiling, indoor

പ്രളയത്തിൽ ഒറ്റപ്പെട്ട് ഒത്തൊരുമയുടെ ദ്വീപായി മാറിയ കോട്ടാറ്റ്.
ഓഗസ്റ്റ് പതിനഞ്ചാം തിയതി സ്വാതന്ത്ര്യ ദിനവും മാതാവിന്റെ
സ്വർഗാരോപണ തിരുനാളും ഒരുമിച്ച് ആഘോഷിക്കുവാൻ അതിരാവിലെ തന്നെ കോട്ടാറ്റ് സെന്റ്‌ ആന്റണിസ് പള്ളിയിലേക്ക് വന്നണഞ്ഞ വിശ്വാസികളെ എതിരേറ്റത് പള്ളിമുറ്റത്തെ മുട്ടറ്റം പൊക്കത്തിലുള്ള മഴ വെള്ളമായിരുന്നു.
ഒരാഴ്ച മുൻപേ തുടങ്ങി നിർത്താതെയുള്ള മഴപെയ്‌ത്തിൽ കോട്ടാറ്റിന്റെ സമീപ പ്രദേശങ്ങളായ തോട്ടവീഥിയിലും പറയം തോടിലും വെള്ളം കുത്തനെ ഉയർന്നിരുന്നു.
മുൻപും പെരുമഴകാലത്ത് ചാലക്കുടി പുഴയുടെ തീര പ്രദേശങ്ങളായ, പാടങ്ങളും കുളങ്ങളും കൊണ്ട് സമൃദ്ധമായ, പച്ചപുതച്ചു കിടക്കുന്ന ഈ സ്ഥലങ്ങളിൽ ഒക്കെയും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ ജനങ്ങൾ അത് അത്ര കാര്യമാക്കിയില്ല.
പള്ളിയിലെ അന്നത്തെ കുർബാന ഫാദർ. സെബാസ്റ്റിയൻ ഈഴേക്കാടൻ കോട്ടാറ്റിലെ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാർ എടുത്തിരുന്ന സെന്റ്‌ ജോൺ ബാപ്പിസ്റ്റ് മഠത്തിലേക്ക്‌ മാറ്റി.
കുർബാനക്ക് ശേഷമാണ് ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്....
പല ഡാമുകളും തുറന്നു വിടുകയാണെന്നും, ചാലക്കുടി പുഴ കര കവിഞ്ഞ് ഒഴുകാനുള്ള സാധ്യതയുണ്ടെന്നും, കോട്ടാറ്റിന്റെ അടുത്ത പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറി കയറി വരികയാണെന്നും!.
കോട്ടാറ്റിലെ എല്ലാ വീടുകളിലെയും ആബാലവൃദ്ധം ജനങ്ങൾ വെള്ളം നിരീക്ഷിക്കാൻ റോഡിലിറങ്ങി നാലു വശത്തേക്കും നടന്നു.
അണ്ണല്ലൂർ പറയം തോട് നിറഞ്ഞു പൊന്തി പത്തടി പാലം കാൺമാനില്ലാതെ
യായി.മാളയിൽ നിന്നും ചാലകുടിയിലേക്കുള്ള ഗതാഗതം അവിടെ നിലച്ചു. മൂഞ്ഞേലിയിൽ റോഡുകളും വീടുകളും മുങ്ങി ചാലക്കുടിയിൽ നിന്നും മാളയിലേക്കുള്ള ഗതാഗതവും നിലച്ചു.
കോട്ടാറ്റ് മഠത്തിന്റെ പുറകു വശത്തുള്ള തോട്ട വീഥിയിലെ പാടങ്ങളും റോഡുകളും വീടുകളും മുഴുവൻ വെള്ളത്തിൽ മുങ്ങി.പള്ളിയും പാരിഷ് ഹാളും ബംഗ്ലാവും സെമിത്തേരിയും വെള്ളത്താൽ ചുറ്റപ്പെട്ടു. പുറകിലുള്ള പാടങ്ങൾ നിറഞ്ഞു കവിഞ്ഞ് പല വീടുകളുടെയും പുറകു വശത്തു കൂടി വെള്ളം കയറി കയറി വന്നു കൊണ്ടിരുന്നു.ആകെ ഒരു അരക്ഷിതാവസ്ഥ!
അങ്ങനെ കോട്ടാറ്റ് നാലു വശത്താലും ചുറ്റപ്പെട്ട ഒരു കൊച്ചു ദീപായി മാറി.
കോട്ടാറ്റിന് പുറം ലോകവുമായുള്ള സമ്പർക്കം നഷ്ട്ടപ്പെട്ടു.
ഞങ്ങളുടെ കൗണ്സിലർ ശ്രീമതി ആനി പോളും, പോളേട്ടനും, കോട്ടാറ്റിലെ സാമൂഹ്യ പ്രവർത്തകരും യുവജനങ്ങളും രംഗം പന്തിയല്ലെന്ന് കണ്ട് വേണ്ട നടപടികൾ ഉടനടി
സ്വീകരിച്ചു.
തോട്ട വീഥിയിലുള്ള ഒട്ടേറെ കുടുംബങ്ങൾ വെള്ളത്താ
ൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടത് കൊണ്ട് രക്ഷാ പ്രവർത്തകർ വീട് മുങ്ങിയവരെ ബോട്ടുകളിൽ കോട്ടാറ്റിലേക്ക്‌ കൊണ്ട് വരാൻ തുടങ്ങി.കൊച്ചു കുട്ടികളെ മാറോട് ചേർത്തു പിടിച്ച്‌ ഒരു ആയുസ്സിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതൊക്കെ വെള്ളത്തിന് വിട്ടു കൊടുത്ത് പെരുമഴയത്ത് ബോട്ടിൽ നനഞ്ഞൊട്ടി വന്നിറങ്ങുന്ന കാഴ്ച മറ്റുള്ളവരുടെ ഹൃദയത്തിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും വലിയൊരു ഓളമുണ്ടാക്കി.
കോട്ടാറ്റ് സെന്റ്‌
ആന്റണീസ് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ. ജോസലിൻ ഒരു തറവാട്ടമ്മയെ പോലെ അവർക്ക് അഭയം നൽകി. ആ മഠത്തിലെ നാൽപതോളം സിസ്റ്റ്റ്റേഴ്സും കോട്ടാറ്റ് നിവാസികളും അവർക്ക് വേണ്ട സജീകരണങ്ങൾ ഒരുക്കാൻതുടങ്ങി.
ഉച്ച കഴിഞ്ഞപ്പോഴേക്കും പാലത്തിലെ വെള്ളം കയറി ജംഗ്ഷന് രണ്ടു വീടപ്പുറം വന്നു നിന്നു.
റോഡരികിൽ ഉള്ളവരും അത്യാവശ്യം സാധനങ്ങൾ എടുത്ത് സ്കൂളിലും അതിന്റെ പരിസര പ്രദേശങ്ങളിലുള്ള വീടുകളിലും വന്ന് താമസിക്കാൻ തുടങ്ങി.
വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്ന മെഴുകുതിരി, ലൈറ്റർ, പഴം, ബ്രെഡ്, ജാം, ബിസ്ക്കറ്റ് തുടങ്ങി എമർജൻസി ബാഗ് ഒരുക്കാൻ ജനങ്ങൾ കടകളിലേക്കു കുതിച്ചു പാഞ്ഞു.ജംഗ്ഷനിലെ കടകളിലെ സ്റ്റോക്ക് മൊത്തം തീർന്നു.
സാമൂഹ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരുടെ നിർദേശപ്രകാരം എല്ലാവരു
ടെയും ബൈക്കുകളും കാറുകളും തമ്മിൽ ഭേദം ഉയർന്ന വീടുകളിലേക്ക് പാർക്ക് ചെയ്തു.
വെള്ളം കയറാത്തവർ തങ്ങളുടെ വീടുകളിൽ മറ്റുള്ളവർക്ക് അഭയം നൽകി.കേറാൻ സാധ്യതയുള്ളവർ എമർജൻസി ബാഗൊരുക്കി പറ്റാവുന്ന സാധനങ്ങൾ വീടിന്റെ മുകൾ ഭാഗത്തേക്ക് കയറ്റിയിട്ട് ഒരുങ്ങിയിരുന്നു.
രക്ഷാ പ്രവർത്തകരുടെ അഭാവം മൂലം തോട്ട വീഥിയിൽ കുടുങ്ങി കിടന്നവരെ ആദ്യം വഞ്ചിയിറക്കി രക്ഷിച്ചത് 'പോളുട്ടൻ' എന്നു വിളിക്കുന്ന വേഴപ്പറമ്പിൽ പോൾ ആണ്.അദ്ദേഹം 'നായര് ബാബു' എന്ന്‌ കോട്ടാറ്റിലെ ജനങ്ങൾ സ്നേഹപൂർവം വിളിക്കുന്ന ബാബുവേട്ടനേയും കുടുംബത്തെയും രക്ഷപ്പെടുത്തി.പിന്നീട്
അദ്ദേഹം രക്ഷപ്പെടുത്തിയ ഒട്ടേറെ പേരിൽ രണ്ടു പേർ- തുഴച്ചിലിൽ പ്രഗല്ഭരായ സണ്ണി ചേട്ടനും കൊച്ചു വർക്കി ചേട്ടനും വഞ്ചിയിറക്കി മറ്റുള്ളവരെ രക്ഷിക്കാൻ രാവും പകലും ഊണും ഉറക്കവുമില്ലാതെ തെങ്ങിന്റെ അത്രയും ഉയരത്തിൽ കൂടി വഞ്ചി തുഴഞ്ഞു കൊണ്ടേയിരുന്നു.
അലങ്കാര മൽസ്യ കൃഷി നടത്തിയിരുന്ന കൊച്ചു വർക്കി ചേട്ടന്റെയും ജോണി ചേട്ടന്റെയുമൊക്കെ ലക്ഷകണക്കിന് വിലമതിക്കുന്ന അലങ്കാര മത്സ്യങ്ങൾ പ്രളയത്തിൽ ഒഴുകി നടന്നു.ബാഗ് വർഗീസ് ചേട്ടന്റെ ലക്ഷകണക്കിനുള്ള ബാഗുകൾ മുങ്ങി പോയി.
സ്വന്തം നഷ്ട്ടം മറന്നു കൊണ്ടുള്ള കൊച്ചു വർക്കി ചേട്ടന്റെ രക്ഷാപ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്
.എട്ടോളം വീടുകളിലായി കുടുങ്ങിപ്പോയ അറുപ
തോളം പേരേയും, ഓട്ടുകമ്പനിയിൽ കുടുങ്ങിയ ഇരുപത് ഹിന്ദിക്കാരെയും രക്ഷിച്ച പോളൂട്ടൻ നാടിന്റെ നന്ദി അർഹിക്കുന്നു.
രക്ഷാ പ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും ജാതികളും വൃക്ഷങ്ങളും കൊണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന വീടുകളെ അവർക്ക് കണ്ടു പിടിക്കാനും അതിൽ ഉള്ളവരെ രക്ഷിക്കാനും ഹെലികോപ്റ്ററിന്റെ പരിമിതികൾ മൂലം സാധിച്ചില്ല.
15ന് വൈകീട്ട് ആയപ്പോഴേക്കും കോട്ടാറ്റ് സ്കൂളിന്റെ ക്ലാസ്സുകൾ 1150 പേരെ കൊണ്ട് നിറഞ്ഞിരുന്നു.
അതിനു പുറമെ സ്കൂളിന്റെ സ്റ്റേജ് ആടുകൾക്കുള്ള രക്ഷാ കേന്ദ്രങ്ങളായി.
പശുക്കളും പോത്തുകളും എരുമകളും സ്റ്റേജിന്റെ ചുറ്റിലുമുള്ള കുടികിടപ്പുകാരായി മാറി.വൈക്കോൽ കൂനകളും പ്ലാവിൻ കൊമ്പുകളും കൂടി നിരന്നപ്പോൾ ആ സ്റ്റേജ് നസ്രത്തിലെ കാലി തൊഴുത്തിനെ ഓർമ്മിപ്പിച്ചു.
കോട്ടാറ്റിന്റെ സഹകരണ ബാങ്കിൽ നിന്നും ഓണകിറ്റ്‌ നൽകാനായി തലേ രാത്രി തന്നെ കനത്ത മഴ വക വെക്കാതെ ബാങ്കിന്റെ പ്രവർത്തകർ സാധനങ്ങൾ കോട്ടാറ്റിലേക്ക് സ്റ്റോർ ചെയ്തതിനാൽ പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ കോട്ടാറ്റിലെ ജനങ്ങൾക്ക്‌ സ്കൂളിൽ ഭക്ഷണം കൃത്യമായി നൽകാൻ കഴിഞ്ഞു എന്നുള്ളത് വലിയൊരു അനുഗ്രഹമായി ഓരോ കോട്ടാറ്റ്കാരനും കരുതുന്നു.
നിലക്കാത്ത മഴയും മൂടി കെട്ടിയ അന്തരീക്ഷവും സമയത്തെ തിരിച്ചറിയാൻ പറ്റാതാക്കി മാറ്റി.
എന്തോ ആപത്ത് വന്നു കൊണ്ടിരിക്കുന്ന ഭീതി കൊച്ചു കുട്ടികളിൽ വരെ പ്രകടമായിരുന്നു.പട്ടികളും പൂച്ചകളും കോഴികളും കാക്കകളുമൊക്കെ പ്രാണ രക്ഷാർത്ഥം എവിടേക്കൊ
ക്കെയോ തിരക്കിട്ടു പാഞ്ഞു കൊണ്ടിരുന്നു.
15 ന് പോയ കറന്റ്‌ ഒരാഴ്ച കഴിഞ്ഞിട്ടാണ് വന്നത്.അതു കൊണ്ടു തന്നെ പലരുടെയും മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് നിശ്ച്ചലമായതും മൊബൈൽ ടവറുകൾ പണി മുടക്കിയതും കാരണം പല കുടുംബങ്ങൾക്കും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാഞ്ഞത് വലിയൊരു മനസമാധാന ക്കേടിന്‌ വഴി തെളിച്ചു.
കറന്റില്ല,ടിവിയില്ല മൊബൈലില്ല, നെറ്റില്ല.
പിന്നീട് ഒട്ടേറെ കുടുംബങ്ങളിൽ നിന്നുള്ള പ്രവാസികളാണ് വാട്‌സ്ആപ്പ് കൂട്ടായ്‌മ വഴിയും ഫേസ്‌ബുക്ക് വഴിയും പുറം ലോകത്തെ കാര്യങ്ങൾ കോട്ടാറ്റിലേക്കും കോട്ടാറ്റിലെ കാര്യങ്ങൾ പുറം ലോകത്തേക്കും അറിയിച്ചു കൊണ്ടിരുന്നത്.
16 ന് പ്രളയത്തിന്റെ രണ്ടാം ദിവസം സന്ധ്യ
ആയപ്പോഴേക്കും 300 വീടുകൾ ഉള്ള കോട്ടാറ്റിന്റെ ഏകദേശം 40 വീടുകൾ ഒഴിച്ച് ബാക്കിയെല്ലാം വെള്ളത്തിലായി.
പിന്നെയും നിർത്താതെ പെയ്തു കൊണ്ടിരിക്കുന്ന മഴയും ഡാമുകളിലെ അതിശക്തമായ വെള്ളത്തിന്റെ ഒഴുക്കും മൂലം മുങ്ങാത്ത വീടുകൾ പോലും മുങ്ങുമോ എന്നൊരാധി എല്ലാവരുടെ ഉള്ളിലും പാഞ്ഞു കയറി.
എല്ലാവരുടെയും മുഖത്ത് ഭയത്തിന്റെയും നിരാശയുടെയും നിസ്സഹായതയുടെയും നിഴലുകൾ മാറി മാറി തെളിഞ്ഞു.
കോട്ടാറ്റിലെ ദുരിതാശ്വാസ കേന്ദ്രമായ സ്കൂളിൽ നിന്നും ഓരോരോ വീടുകളിൽ നിന്നും പ്രാർത്ഥനകൾ ഉയർന്നു.
പുരുഷന്മാർ ഇഷ്ടിക വെച്ചും ചോക്ക് കൊണ്ട് വരച്ചു നോക്കിയും വെള്ളത്തിന്റെ കയറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്നു.
വെള്ള പാച്ചിലിൽ വീടുകളിൽ പാമ്പുകൾ കയറി വരാൻ സാധ്യത ഉള്ളത് കൊണ്ടും,
ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ആശുപത്രിയിലേക്ക് പോലും പോകാൻ പറ്റാത്തത് കൊണ്ടും എല്ലാ ജനങ്ങളും സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലായി ഒരുമിച്ച് നിന്നു.മൂന്ന് നാല് ഗർഭിണികൾ ഏവരുടെയും നിരീക്ഷണ വലയത്തിലായി.
കിടപ്പു രോഗികളെ സുരക്ഷിതരാക്കി.
രാത്രി രണ്ടു മണി ആയപ്പോഴേക്കും പള്ളി വഴിക്കുള്ള വെള്ളവും പാടം വഴിക്കുള്ള വെള്ളവും റോഡുകളിൽ നിന്നുള്ള വെള്ളവും വന്ന് വഴി ബ്ളോക് ആകുമെന്ന ഭയം കൊണ്ട് കുറെ പേരെ സ്കൂളിന് തൊട്ട് അടുത്തുള്ള സഹകരണ ബാങ്കിലേക്ക് സ്ഥലം മാറ്റി പാർപ്പിച്ചു. എല്ലാവരും ഒരു കട്ടയിൽ നിന്നാൽ ആപത്തു പിണഞ്ഞാൽ പരസ്പരം സഹായിക്കാൻ കഴിയും എന്ന ഒരൊറ്റ വിശ്വാസത്തിൽ എല്ലാ വീട്ടുകാരും ഒത്തുചേർന്നു. പ്രാർത്ഥനയോടെ നല്ലൊരു പുലരിയെ കാത്തിരുന്നു.
രാവിലെ ഏകദേശം ആറുമണി ആയപ്പോൾ ദൈവദൂതനെ പോലെ ആരോ അറിയിച്ചു....
വെള്ളം ഒരടി താഴ്ന്നിട്ടുണ്ടെന്ന്!
അത് പലരുടെയും മനസ്സിലെ തീ കുറച്ചൊന്നു കുറച്ചു.
റോഡുകളിൽ കഴുത്തറ്റം വെള്ളം അതിവേഗം നിറഞ്ഞതിനാൽ രണ്ടു ദിവസത്തോളം വെള്ളമോ ഭക്ഷണമോ ഇല്ലാതെ വീടിന്റെ മുകളിലേക്ക് കയറി ഇരുന്നവർക്ക്‌ വെള്ളവും ഭക്ഷണവും വഞ്ചികളിൽ കൊടുത്തു വിട്ടു.ദുരിതാശ്വാസ കേന്ദ്രത്തിൽ പേരുകൾ രെജിസ്റ്റർ ചെയ്യാത്ത കുടുംബങ്ങളെ തിരഞ്ഞു പിടിച്ച് കണ്ടു പിടിച്ച് പഴയ ഇരുനില വീടിന്റെ ഓടുകൾ പൊളിച്ച്‌ പെരുമഴ വക വെക്കാതെ ഓളത്തിൽ ആടിയുലയുന്ന വഞ്ചിയിൽ കയറ്റി ഒരു തെങ്ങിന്റെ
അത്രം ഉയരത്തിലെ വെള്ളത്തിൽ തുഴക്കാർ ഓരോരുത്തരെയായി ജീവനോടെ എത്തിച്ചപ്പോൾ മാത്രമാണ് കോട്ടാറ്റ്കാരുടെ ശ്വാസം നേരെ വീണത്.
അങ്ങനെ കോട്ടാറ്റ്കാരുടെ ഒത്തൊരുമയിൽ ഒന്നു പോലും പാഴാകാതെ,
പ്രളയത്തിൽ പരീക്ഷിക്കപ്പെട്ട ഓരോ ജീവനും രക്ഷിക്കപ്പെട്ടു.
പ്രളയത്തെ അതിജീവിച്ച്‌ ഒരു ദേശത്തിന് മുഴുവൻ അഭയം നൽകിയ,
നൂറാം വയസ്സിലേക്കു പ്രവേശിക്കുന്ന കോട്ടാറ്റിന്റെ സെന്റ്‌ ആന്റണിസ് സ്കൂൾ മുത്തശ്ശിക്ക് പുതിയ തലമുറയോട് പറയാൻ ഒത്തിരി കാര്യങ്ങളുണ്ട്...
പുഴയുടെ വഴി തടയുന്ന, പാടം നികത്തി വീടുകൾ പണിതു കൂട്ടുന്ന, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി വിടുന്ന, പ്രകൃതിയെ വൈകൃതപ്പെടുത്തുന്ന നമ്മൾക്ക്‌ ഒരു നിമിഷം കണ്ണുകളടച്ച്‌ ഹൃദയം തുറന്നിരുന്നാൽ അത് കേൾക്കാവുന്നതേ ഉള്ളൂ.
നൂറാം വാർഷികം പ്രമാണിച്ച്‌ ഓഗസ്റ്റ് 26 ന് ഓണത്തിന്റെ പിറ്റേ ദിവസം അവിടെ പൂർവ വിദ്യാർത്ഥി മഹാ സംഗമം നടത്താൻ ഒരുങ്ങി ഇരുന്നതാണ്.
100 കൊല്ലം മുന്പ് 1918 ൽ കരുവനൂർ നിന്ന് കാവുങ്കൽ അന്തോണിയച്ചൻ കൂട്ടി കൊണ്ടുവന്ന ക്ലാരമ്മയും ലൂവിസാമ്മയും പണി തീർത്ത ബംഗ്ലാവും മഠവും സ്കൂളും.കൊല്ലവർഷം "99"ലെ പ്രളയത്തിൽ നാട്ടുകാരുടെ അഭയ കേന്ദ്രമായി മാറിയ ആ പള്ളിക്കൂടം മുത്തശ്ശി തന്നെ ഇന്നും 10 ദിവസത്തോളം 1150 പേർക്ക് അഭയമായി നിലകൊണ്ടു എന്നു പറയുമ്പോൾ നമ്മൾ
പഠിക്കേണ്ട പാഠം എന്താണ് ? ഏതുകാലത്തും ഗതാഗത യോഗ്യമായ സ്ഥലങ്ങളും പ്രകൃതിക്ക് തടസ്സം വരാത്ത ഇടങ്ങളും നോക്കി ഏതൊരു കെട്ടിടവും നിർമ്മിക്കുന്ന പഴമക്കാരുടെ ദീർഘ വീക്ഷണം തന്നെ! അല്ലാണ്ടെന്താ അല്ലേ?

By: Lipi Jestin

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot