രചന : അജ്മല്‍ സികെ
കണ്ണുകളില്‍ നിന്ന് ഉറക്കം വിട്ടൊഴിഞ്ഞപ്പോള്‍ തലയില്‍ കല്ല് കയറ്റി വെച്ച പോലെ ഭാരം അനുഭവപ്പെട്ടു മഹിക്ക്. ഇപ്പോള്‍ ഇങ്ങനെയാണ്... താങ്ങാനാവാത്ത വിധം ഭാരമാണ് തലക്ക്. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് മഹി അതു തിരിച്ചറിയുന്നത്... ഒന്ന് അനങ്ങാന്‍ പോലും ആകാത്ത വിധം താന്‍ ചങ്ങലകളാല്‍ ബന്ധനത്തിലാണ്... കൈ-കാല്‍ നോവും വിധത്തില്‍ ഈ ഘനമുള്ള ചങ്ങലകളാല്‍ ആരാണ് തന്നെ ബന്ധിപ്പിച്ചത്...
അമ്മാവാ... അമ്മൂമേ....
അവന്‍ മാറി മാറി ആര്‍ത്തു വിളിച്ചു. ആരും അവന്റെ വിളി കേട്ടില്ല... പുറത്തെ കാല്‍പെരുമാറ്റം കണ്ടെങ്കിലും വാതില്‍ തുറന്ന് ആരും അകത്തേക്ക് വന്നില്ല.. ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് വന്ന നിമിഷങ്ങള്‍.
ഇതേ സമയം നങ്ങേലി അമ്മുമയുടെ ഒറ്റമുറിയില്‍ പനിച്ച് വിറച്ച് കിടക്കുകയായിരുന്നു ദത്തന്‍. തുളസിയും പച്ചമരുന്നുകളും ചാലിച്ച് കിഴിയാക്കി നെറ്റിയില്‍ തേച്ചു പിടിപ്പിക്കുന്നതിനിടെ മഹിയുടെ ആര്‍പ്പു വിളി കേട്ട് നങ്ങേലി ദത്തന് നേരെ നോക്കി.
'വല്ല്യ തിരുമേനി വരും വരെ അവനെ തുറന്നു വിടണ്ട... അവനിപ്പോള്‍ നമ്മുടെ പഴയ മഹിയല്ല....ഇന്നലെ രാത്രി... ഞാന്‍ കണ്ടതാ..... '
പിന്നെയും എന്തോ പറയാനാഞ്ഞ ദത്തന്‍ വാക്കുകള്‍ കിട്ടാതെ ഉയറി. ഒന്നും മിണ്ടാതെ എല്ലാം മനസ്സിലായെന്ന അര്‍ത്ഥത്തില്‍ നങ്ങേലി അമ്മൂമ തലകുലുക്കി. പിന്നെ മരുന്ന് തേച്ച് പിടിപ്പിക്കുന്നതില്‍ ശ്രദ്ധ തുടര്‍ന്നു. മഹിയുടെ വിളിയൊച്ച വൈകാതെ തന്നെ ആക്രോശമായി മാറി. പിന്നെ പതിയെ ശാന്തമായി. അലറി വിളിച്ചിട്ട് കാര്യമില്ലെന്ന് അവന് തോന്നി കാണും ദത്തന്‍ കരുതി.
'ഞാന്‍ വൈദ്യരെ വിളിക്കാന്‍ ആളെ വിട്ടിട്ടിപ്പം വരാം ദീനം ഒരല്‍പ്പം കൂടുതലുണ്ടെന്ന് തോന്നുന്നു'
ഇതും പറഞ്ഞ് നങ്ങേലി കാര്യക്കാരന്റെ കുടിയിലേക്ക് പുറപ്പെട്ടു പോയി. പെട്ടെന്നാണ്.. എന്തോ ഒന്ന് നിലം പതിക്കുന്ന ഭീബത്സമായ ശബ്ദം ആ തറവാട്ടിനെ പിടിച്ച് കുലുക്കിയത്. അറക്ക് പുറത്തേക്ക് അവശതയോടെ നിരങ്ങിയെത്തിയ ദത്തന്‍ കാണുന്നത്, ആഞ്ഞിലി കൊണ്ട് നിര്‍മ്മിച്ച മഹിയുടെ അറയുടെ വാതില്‍ ഇരട്ടത്താഴോട് കൂടി ആരോ ചവിട്ടി പൊളിച്ചത് പോലെ തകര്‍ന്ന് നിലം പതിച്ചിരിക്കുന്നു... ഓടിചെന്ന് അകത്തേക്ക് നോക്കിയ അയാള്‍ ഞെട്ടിപ്പോയി....മഹിയെ ആ അറയിലെവിടെയും കാണ്മാനില്ല പകരം മഹിയെ ബന്ധിപ്പിച്ചിരുന്ന ഘനമേറിയ ചങ്ങലകള്‍ ചിന്നാഭിന്നമായി തറയില്‍ ചിതറി കിടക്കുന്നു.... രണ്ടാനാകള്‍ ചേര്‍ന്ന് ശ്രമിച്ചാലും പൊട്ടിക്കാനാകാത്ത ആ ചങ്ങലക്കണ്ണികള്‍ എങ്ങനെ അവന്‍ പൊട്ടിച്ചെറിഞ്ഞു. വേഗം മുന്‍വശത്തെത്തി നോക്കുമ്പോള്‍ പടിപ്പുര കടന്ന് ഓടിമറയുന്ന മഹിയെ മിന്നായം പോലെ കണ്ടു ദത്തന്‍. പിന്തുടര്‍ന്ന് പോകാനോ അവനെ പിറകില്‍ നിന്ന് ഉച്ചത്തില്‍ വിളിക്കാനോ അശക്തനായിരുന്നു അയാള്‍... ഭയമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
...............
...............
മഹിയുടെ ഓട്ടം അവസാനിച്ചത്. കാളവണ്ടിക്കാരന്‍ രാഘവന്റെ കുടിയിലാണ്. പണ്ട് ഇല്ലത്തെ കാര്യക്കാരനായിരുന്നു രാഘവന്‍ പിന്നീട് വല്ല്യ തിരുമേനിയുടെ ദയവില്‍ സ്വന്തമായി കാളവണ്ടിയൊക്കെ വാങ്ങി ചരക്കുകള്‍ അങ്ങാടിയില്‍ കൊണ്ടിറക്കിയും മറ്റും ഉപജീവനം തേടി ജീവിക്കുന്നു.
' കുടിയിലാരുമില്ലേ.... രാഘവാ... ഒന്നിറങ്ങി വന്നേ...'
മഹിയുടെ ശബ്ദം കേട്ട് ആദ്യം പുറത്തേക്ക് വന്നത് രാഘവന്റെ അനിയത്തി ചിരുതകുട്ടി ആണ്. കറുപ്പിന്റെ അഴക് മൊത്തം ചാലിച്ചെഴുതിയത് പോലൊരു പെണ്ണ്.... മഹിയെ കണ്ടതും പുറത്തേക്ക് ചാടി തുള്ളി വന്ന അവളുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞ്... വന്ന വഴിയേ വീടിനകത്തേക്ക് തിരിഞ്ഞോടി.... പെണ്ണിന്റെ നാണവും വരവും പോക്കുമൊക്കെ കണ്ട് ചിരിയൂറി നില്‍ക്കുകയായിരുന്നു മഹി. ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ രാഘവന്റെ മുഖം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ചെറിയ വാതില്‍ പടി ആയത് കൊണ്ട് തലമുട്ടാതിരിക്കാന്‍ പരമാവധി കുനിഞ്ഞാണ് അയാള്‍ പുറത്തേക്കിറങ്ങിയത്.
' തിരുമേനി ആളെ അയച്ചിരുന്നെങ്കില്‍ ഞാന്‍ ഇല്ലത്തേക്ക് എത്തുമായിരുന്നല്ലോ... '
തോളിലിട്ട മേല്‍മുണ്ട് അഴിച്ച് കൈകളില്‍ തൂക്കി പിടിച്ച് ഭവ്യതയോടെ രാഘവന്‍ പറഞ്ഞു.
'അതിപ്പോള്‍... എനിക്കൊരു അത്യാവശ്യമുണ്ട്... നിന്റെ വണ്ടിയില്‍ നമുക്കൊരിടം വരെ പോകണം.... കുറച്ച് ദൂരെയാണ്'
' അതിനെന്താ പോകാലോ... പക്ഷെ ഇത്തിരി ചരക്ക് വണ്ടിയിലിരിപ്പുണ്ട് അങ്ങാടിയിലേക്കുള്ളതാ.... വിരോധമില്ലെങ്കില്‍ അത് അങ്ങാടിയിലിറക്കിയിട്ട് പോയാല്‍ മതിയോ'
രാഘവന്‍ തലചൊറിഞ്ഞ് വിനയപുരസ്സരം ചോദിച്ചു. കുടിയിലെ ഓലക്കീറുകള്‍ക്കിടയിലൂടെ തന്റെ നേരെ പ്രേമ പരവശയായി നോകുന്ന രണ്ടു കണ്ണുകള്‍ അത് ചിരുതയുടേതാണെന്ന് മഹിക്ക് അറിയാമായിരുന്നു... അത് കാണാത്ത മട്ടില്‍ രാഘവന്റെ അഭ്യര്‍ത്ഥനക്ക് സമ്മതം മൂളി തലകുലുക്കി.
'എന്നാല്‍ തിരുമേനി ഇവിടെ കുടിയിലിരിക്ക് ഞാന്‍ പെട്ടെന്ന് പോയേച്ചും വന്നേക്കാം...'
രാഘവന്‍ വണ്ടിയില്‍ കയറി പുറപ്പെടാനൊരുങ്ങി... ചിരുതയുടെ കരിനീലക്കണ്ണുകള്‍ ഓര്‍മ്മ വന്നത് കൊണ്ട് കുടിയിലിരിക്കാന്‍ മഹിക്ക് തോന്നിയില്ല...
' രാഘവാ ഞാനും വരുന്നു അങ്ങാടിയിലേക്ക്.. എനിക്കും കുറച്ച് കാര്യമുണ്ട് അവിടെ..'
മറുപടിക്ക് കാത്ത് നില്‍ക്കാതെ വണ്ടിയുടെ പിറകില്‍ ചരക്കുകള്‍ക്കിടയില്‍ ചാടിക്കയറി സ്ഥാനം പിടിച്ചിരുന്നു മഹി. വളവ് തിരിഞ്ഞ് പോകും വരെ ആ കണ്ണുകള്‍ തന്നെ പിന്തുടരുന്നുണ്ടായിരുന്നു. താനവിടെ നില്‍ക്കാത്തതിന്റെ പരിഭവം ആ കണ്ണുകളില്‍ നിന്ന് മഹിക്ക് വായിച്ചെടുക്കാമായിരുന്നു. ഏതാനും വിനാഴികക്കുള്ളില്‍ തന്നെ അവര്‍ അങ്ങാടിയിലെത്തി. രാഘവന്‍ സാധനങ്ങള്‍ ഓരോന്നായി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുത്ത് തിരിച്ചെത്തും വരെ മഹി വണ്ടിക്ക് പരിസരത്ത് കാത്തിരുന്നു.
' ഇനി പറയു തിരുമേനി, നമുക്ക് എങ്ങോട്ടാണ് പോകേണ്ടത്.'
പുരികം നെടുകെ വളച്ചു കൊണ്ട് രാഘവന്‍ ചോദിച്ചു.
' സ്ഥലത്തിന്റെ പേരെനിക്കോര്‍മ്മയില്ല.. പക്ഷെ വഴി എനിക്കറിയാം'
മഹി പതിഞ്ഞ സ്വരത്തില്‍ അവനോട് പറഞ്ഞു.. പിന്നെ പോകേണ്ട വഴിയെ കുറിച്ച് ഏകദേശം രൂപം രാഘവന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. കാള വണ്ടിയുടെ പിറക് വശം ഇതിനോടകം തന്നെ വൃത്തിയാക്കി കയിഞ്ഞിരുന്നു രാഘവന്‍.
' വഴി എനിക്ക് പിടി കിട്ടി... അങ്ങ് കയറി ഇരുന്നാട്ടേ... ഇരുട്ടും മുമ്പ് നമുക്കവിടെത്താം'
രാഘവന്റെ വാക്കുകള്‍ കേട്ട് അയാള്‍ വണ്ടിയില്‍ കയറി ചാരി ഇരുന്നു. കാളകളുടെ കഴുത്തില്‍ കെട്ടിയ മണിയുടെ കലപില ശബ്ദത്തോടെ ശകടം യാത്ര ആരംഭിച്ചു.
'ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്....
അവള്‍ക്കല്ലോ രാമച്ചെക്കനുടുപ്പാന്‍ കൊടുത്തു....
അവളേല്ലോ രാവണച്ചന്‍ കട്ടു കൂട്ടിക്കൊണ്ടുപോയി....
അതുമൂലം കുരങ്ങച്ചന്‍ ലങ്കചുട്ടു.....'
അവള്‍ക്കല്ലോ രാമച്ചെക്കനുടുപ്പാന്‍ കൊടുത്തു....
അവളേല്ലോ രാവണച്ചന്‍ കട്ടു കൂട്ടിക്കൊണ്ടുപോയി....
അതുമൂലം കുരങ്ങച്ചന്‍ ലങ്കചുട്ടു.....'
രാഘവന്‍ വഴിയില്‍ നീളെ മധുരമുള്ള ശബ്ദത്തില്‍ നീട്ടി പാടി.... ഇടക്ക് മഹിയും രാഘവനൊപ്പം ഏറ്റു പാടി. നാടന്‍ പാട്ടുകള്‍ പാടുന്നതില്‍ രാഘവനെ കവച്ച് വെക്കാന്‍ അവിടെയാരുമില്ല. രാഘവന്റെ നിര്‍ത്താതെയുള്ള പാട്ട് കൂടെയുള്ളത് കൊണ്ട് ആ യാത്ര അത്ര അരസികമായിരുന്നില്ല... താല്‍ക്കാലികമായി തലയില്‍ കയറ്റി വെച്ച ഭാരം കുറഞ്ഞത് പോലെ തോന്നി മഹിക്ക്. ചിന്തകളും ആകുലതകളും മാറ്റി വെച്ച് രാഘവന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്ത് അതില്‍ തന്നെ ലയിച്ച് മറ്റേതോ ലോകത്തെന്ന പോലെ അയാളിരുന്നു.
അന്തരീക്ഷത്തില്‍ ഇരുട്ട് പൂര്‍വാതികം ശക്തിയില്‍ സ്ഥാനം പിടച്ചപ്പോഴാണ് അവര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
ഇതു തന്നെയാണോ തിരുമേനി ഉദ്ധേശിച്ച സ്ഥലം? ഇത് കണ്ടിട്ട് ഒരു വന്‍ കാടിന്റെ തുടക്കം പോലെയുണ്ടല്ലോ
മഹിക്കും വല്ലാത്ത ഒരമ്പരപ്പായിരുന്നു... 2 ദിവസങ്ങള്‍ക്ക് മുമ്പ്് താനിവിടെ നിന്ന് കാളവണ്ടി പിടിച്ച് വീട്ടിലേക്ക പോകുമ്പോള്‍ ഇവിടം ഈ കാടില്ലായിരുന്നു.... ആളനക്കമോ ജനവാസമോ ഇല്ലാത്ത സ്ഥലം പോലെ എല്ലായിടവും ഒരുപോലെ കാടു പിടിച്ചുകിടക്കുന്നു. ഉള്ളിലെ അമ്പരപ്പ് പുറത്ത് കാണിക്കാതെ മഹി അവനോട് പറഞ്ഞു.
' അത് ഈ കാടിനപ്പുറത്താണ് ഞാന്‍ പറഞ്ഞ സ്ഥലം.... ഞങ്ങളുടെ ഒരു പഴയ തറവാടുണ്ട് അവിടം... രാത്രി ആവാറായ സ്ഥിതിക്ക് ഇനി യാത്ര അത്ര സുരക്ഷിതമല്ല.... അതു കൊണ്ട് നമുക്ക് ഇന്ന്് രാത്രി ഈ വണ്ടിയില്‍ തന്നെ കഴിയാം നാളെ രാവിലെ പോകാം അങ്ങോട്ട്'
വെറുതെ എന്തിനാണ് രാഘവനെ കൂടി ഓരോന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നത് എന്നേ നിരീച്ചുള്ളു മഹി. വിശ്വാസമാകാത്ത ഭാവത്തോടെ രാഘവന്‍ അവനെ തന്നെ നോക്കി നിന്നു. പിന്നെ വരുന്നിടത്ത് വെച്ച് കാണാമെന്ന ഭാവത്തില്‍ അര്‍ദ്ധ മനസ്സോടെ രാത്രി മഹിക്കൊപ്പം നില്‍ക്കാമെന്ന് സമ്മതിച്ചു. കടപ്പാട് ഒരുപാടുണ്ട് മഹിയുടെ തറവാട്ടിനോട് അയാള്‍ക്ക്. അത് കൊണ്ട് തന്നെ മറുത്തൊന്നും പറയാന്‍ അവന് മനസ്സനുവദിച്ചില്ല.
കഥകള്‍ ഒരുപാട് പറഞ്ഞും രാഘവന്‍ ഉറക്കെ പാടിയും സമയം ഇഴഞ്ഞു നീങ്ങി. എപ്പോഴോ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തിന്റെ ഏതോ യാമങ്ങളില്‍ ഒരു കൈ അവനെ തട്ടി വിളിച്ചു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ ശരീരം മുഴുവന്‍ ഭസ്മം പൂശി ഒറ്റ കോണകം മാത്രം ധരിച്ച ഒരു കുറിയ മനുഷ്യന്‍ അവന് മുമ്പില്‍ നിവര്‍ന്നു നില്‍ക്കുന്നു.
' പോകാം'
മുഴക്കമുള്ള ശബ്ദത്തില്‍ അയ്യാളവനോട് പറഞ്ഞു. ആ ചെറിയ ശരീരത്തില്‍ നിന്നു തന്നെയാണാ ഇത്രയും വലിയ ശബ്ദം പുറത്ത് വരുന്നതെന്ന് അവനാശ്ചര്യം തോന്നി.
സ്വപ്‌നം കാണുകയാണോ എന്നറിയാതെ കണ്ണു തിരുമ്മി നടുനിവര്‍ത്തി നോക്കുമ്പോള്‍ അയ്യാള്‍ ആ കാടിന്റെ പ്രവേശന ഭാഗത്തേക്ക്് നടന്നെത്തിയിരുന്നു. അവന്‍ രാഘവനെ അവിടെയൊക്കെ കണ്ണുകള്‍ കൊണ്ട് തിരഞ്ഞു... വണ്ടിയുടെ ഓരം ചാരി ഇരുന്ന് അവന്‍ നല്ല ഉറക്കമാണ്.
' ആരാണ് നിങ്ങള്‍' അവന്‍ ഭയത്തോടെ അയ്യാളോടാരാഞ്ഞു.
' തിരിഞ്ഞ് നിന്ന് അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അയാള്‍ വീണ്ടും മുഴക്കമുള്ള ശബ്ദത്തോടെ മറുപടി പറഞ്ഞു
'ഞാന്‍..... നിന്റെ മനസ്സിലെ ചോദ്യങ്ങളുടെ ഉത്തരം'
പിന്നെ മറുത്തൊന്നും പറയാതെ ആ കണ്ണുകളുടെ ആജ്ഞാനുവര്‍ത്തിയെന്നോണം.. അയാള്‍ക്ക് പിന്നാലെ അവന്‍ വനത്തിനകത്തെ കൂരാകൂരിരുട്ടിലേക്ക് നടന്നു നീങ്ങി.
തുടരും
അടുത്ത അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക