
By Jithu Anto
*************************************
"എടീ നീ വേഗം ചായ അങ്ങു റൂമിലേക്ക് എടുത്തോ..എനിക്ക് കുറച്ചു പണിയുണ്ട് "
"എടീ നീ വേഗം ചായ അങ്ങു റൂമിലേക്ക് എടുത്തോ..എനിക്ക് കുറച്ചു പണിയുണ്ട് "
വാതിൽ തുറന്നു അകത്തു കയറുന്നതിനിടക്കാണ് അവൻ അവളോടിതു പറയുന്നത്..അറിയപ്പെടുന്ന ഒരു കോളേജിലെ അധ്യാപകൻ ആണ് അവൻ..ജോലി കഴിഞ്ഞുള്ള വരവാണ്..അവളും അവിടെ തന്നെയാണ് പഠിപ്പിച്ചിരുന്നത്...അവിടെ വച്ചുള്ള ഇഷ്ടം,വീട്ടുക്കാരോട് പറഞ്ഞു വിവാഹത്തിൽ എത്തിയിട്ട് ഇപ്പോൾ 10 വർഷം കഴിയുന്നു..വിവാഹത്തിനു ശേഷം ഭർത്താവ്,മക്കൾ കുടുംബം എന്നതാണ് ഏത് ഭാര്യക്കും പ്രധാനമായി വേണ്ടത് എന്ന അവന്റെ താല്പര്യത്തെ അംഗീകരിച്ചു, വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയാണ് അവളിപ്പോൾ.!
"ചായ ദാ ഞാൻ ഇപ്പോൾ വക്കാം..ഞാൻ മോളുടെ ഡ്രെസ്സ് വെള്ളത്തിൽ കുതിർത്തു ഇടുകയിരുന്നു..നിറയെ അഴുക്കാണ്..ഇപ്പോൾ തന്നെ ഇട്ടില്ലെങ്കിൽ പിന്നെ അലക്കാൻ ബുദ്ധിമുട്ടാണ്"
"നീ വേഗം എടുത്തെ..അതിപ്പോ നിനക്കു പിന്നെ ആയാലും ചെയ്യാമല്ലോ..നിനക്കിവിടെ വേറെ പണിയൊന്നുമില്ലലോ"
"എന്താണ് ഇന്ന് ഇത്രക്കും തിരക്ക്..വല്ല പേപ്പറും നോക്കി തീർക്കാൻ ഉണ്ടോ.?"
"അതൊന്നുമല്ല..നാളെ ആഗസ്റ്റ് 15 അല്ലെ..മോളുടെ സ്‌കൂളിൽ പരിപാടി ഉണ്ട്..എന്നോട് ഒരു സ്വാതന്ത്ര്യ ദിന സന്ദേശം കൊടുക്കാമോ എന്നു പ്രിൻസിപ്പാൾ ചോദിച്ചു..ഞാൻ അതു ഏൽക്കുകയും ചെയ്തു"
"ഓ അതാണോ...അതിനിത്രക്കു തിരക്ക് കൂട്ടണോ...അതു നാളെയല്ലേ"
"നാലു ആളുകൾ ഒക്കെ കേൾക്കണതല്ലേ..ആനുകാലിക വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു, 'ഇന്നും സ്വാതന്ത്ര്യത്തിന്റെ പ്രസക്തി' എന്ന വിഷയമാണ് ഞാൻ ഉദ്ദേശിക്കുന്നത്..കോളേജിലെ ഒരു സാർ പറഞ്ഞു തന്നതാ..കുറച്ചു പോയിന്റുകളും പറഞ്ഞു തന്നിട്ടുണ്ട്...ഇപ്പോൾ തന്നെ എഴുതി വച്ചില്ലെങ്കിൽ മറന്നു പോകും"
"എല്ലാവരും ഒന്നു ഞെട്ടണം പ്രസംഗം കേട്ടു...പിള്ളേർക്ക് ഒരു നല്ല സന്ദേശവും" അവൻ തുടർന്നു
"ശരി ശരി...ഇനി ഞാനായിട്ട് പ്രസംഗം കുളമാക്കുന്നില്ല..ചായ ഇപ്പോ തരാം"
" പോകുമ്പോൾ ദാ ഈ ഷർട്ടും ബനിയനും കൊണ്ടു പൊക്കോ..ഇന്ന് വെയിലത്തു നടന്നു ആകെ വിയർത്തു കുളിച്ചതാ"
"അത് ആ ബാത്റൂമിലെ ബക്കറ്റിൽ അങ്ങു മുക്കി വക്കുന്നെ..ഞാൻ വരുമ്പോ അലക്കികോളാം..അപ്പോളേക്കും ഞാൻ ചായ എടുക്കേം ചെയ്യാം"
" പിന്നെ ഇതൊക്കെ ചെയ്യൽ അല്ലെ എന്റെ പണി..ഇന്നാ പിടിക്ക്.."
ഡ്രെസ് നിലത്തേക്ക് വലിച്ചിട്ട്..റൂമിലെ ടേബിളിൽ പേനയും പേപ്പറും ആയി അവൻ ഇരുന്നു
" ഉപദേശം മാത്രം ഉണ്ടായാൽ മതി..ഒരു സ്വാതന്ത്ര്യം "
പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തു കൊണ്ടു, ഡ്രെസ്സ് എടുത്തു ബാത്റൂമിൽ ഇട്ടു അവൾ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കു പോയി.!
സ്വാതന്ത്ര്യ സമരത്തെ പറ്റിയും,സമര സേനാനികളെ പറ്റിയും,സ്വാതന്ത്ര്യം കിട്ടി 72 വർഷം പിന്നിട്ടിട്ടും പല മേഖലകളിലും അതു എത്താത്തതിനെ പറ്റിയും,ഇപ്പോളും അടിച്ചമർത്തപ്പെട്ടു കിടക്കുന്നവരെ പറ്റിയുമെല്ലാം വളരെ വിശദമായി തന്നെ അവൻ എഴുതുന്നതിനിടക്കാണ് മോള് അച്ഛാ എന്നും വിളിച്ചു കൊണ്ടു അങ്ങോട്ടു വരുന്നത്
"അച്ഛൻ എന്താണ് എഴുതുന്നത്..?"
"നാളെ ആഗസ്റ്റ് 15 പ്രമാണിച്ചു മോളുടെ സ്കൂളിലെ കുട്ടികൾക്ക് ഒരു സന്ദേശം കൊടുക്കണമെന്ന് പ്രിൻസിപ്പൽ അച്ഛനോട് പറഞ്ഞു..അതു എഴുതുകയാണ്..നാളെ നമുക്ക് ഒരുമിച്ചു പോകാം കേട്ടോ.."
"ഞാൻ നാളെ സ്‌കൂളിൽ പോകുന്നില്ല"
"അതെന്തു പറ്റി..അപ്പോൾ മോൾക്ക് അച്ഛന്റെ പ്രസംഗം കേൾക്കണ്ടേ"
"ഞാൻ ഇല്ല..എന്റെ കൂട്ടുകാരികൾ എല്ലാം നാളെ, നാടകം കളിക്കുന്നുണ്ട്..അച്ഛൻ സമ്മതിക്കാത്തത് കൊണ്ടു എനിക്ക് മാത്രം പറ്റിയില്ല"
"മോളെ..ഈ നാടകം,സിനിമ ഒന്നും നല്ല പെണ്കുട്ടികൾ ചെയ്യില്ല..അങ്ങനെ തുള്ളി നടക്കാൻ പാടില്ല..അച്ഛന്റെ മോൾ നല്ല കുട്ടിയല്ലേ..?"
"ഉം " ഒരു മൂളൽ മാത്രം മറുപടി കൊടുത്തു കൊണ്ടു അവൾ പോയി
"ചേട്ടാ നാളെ ഞാനും കൂടെ വരാം..സ്‌കൂളിൽ പോയിട്ട്,അവിടെ നിന്നു നമുക്ക് എന്റെ വീട് വരെ കൂടി പോകാം"
ചായ കൊണ്ടു വന്നു കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു.!
"ഏയ്..അതൊന്നും ശരിയാകില്ല..അതു കഴിഞ്ഞു എനിക്ക് വേറെ കുറച്ചു പരിപാടികൾ ഉണ്ട്..ഞാൻ വൈകീട്ട് ആകുമ്പോളെ വരൂ..മോളെ പരിപാടി കഴിഞ്ഞു ഞാൻ സ്‌കൂൾ ബസിൽ കയറ്റി വിട്ടോളം"
" എത്ര നാളായി ഞാൻ എന്റെ വീട്ടിൽ ഒക്കെ പോയിട്ട്..എന്നാൽ ഞാൻ നാളെ ഒന്നു പോയിട്ട് വരാം"
"അതൊന്നും വേണ്ട..നീ ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി..നാളേക്കുള്ള ഷർട്ടും മുണ്ടും തേച്ചു വച്ചോ..?"
"ഞാൻ ഭക്ഷണം ശരിയാക്കുന്നുള്ളൂ..അതു കഴിഞ്ഞു തേക്കാം"
"ആഹാ..അതു ശരി..ഇത്ര നേരമായി ഭക്ഷണം ശരിയായില്ല.?പകല് മുഴുവൻ ടീവി കണ്ടിരുന്നാൽ ഇങ്ങനെയാവും."
അവൾ ഒന്നും മിണ്ടാതെ അകത്തു പോയി.!
പിറ്റേന്നു രാവിലെ തന്നെ മോളെയും കൂട്ടി അവൻ സ്‌കൂളിലേക്ക് പോയി.!
പതാക ഉയർത്തിയ ശേഷം..കുട്ടികൾക്ക് വേണ്ടി താൻ തയ്യാറാക്കിയ സന്ദേശം വളരെ ഭംഗിയായി അവൻ അവതരിപ്പിച്ചു..!
സ്വാതന്ത്ര്യത്തിന്റെ കുടുംബ സമൂഹ പശ്ചാത്തലങ്ങളെ പറ്റിയുള്ള, ആനുകാലിക പ്രാധാന്യമുള്ള ആ പ്രസംഗം കേട്ടു എല്ലാവരും അവനെ അഭിനന്ദിക്കുകയും ചെയ്തു.!
പരിപാടി ഒക്കെ കഴിഞ്ഞു,മോളോട് സ്‌കൂൾ ബസിൽ പൊയ്ക്കോളാൻ പറഞ്ഞു ഏല്പിച്ചു അവൻ കൂട്ടുക്കാരുമൊത്തുള്ള ഒരു കറക്കത്തിനു ഇറങ്ങി.!
എല്ലാം കഴിഞ്ഞു രാത്രി ആയപ്പോൾ അവൻ വീട്ടിൽ തിരിച്ചെത്തി..വാതിൽ തുറന്ന പാടെ അവൾ വന്നു അവനെ കെട്ടിപിടിച്ചു..വളരെ സന്തോഷവതിയായിരുന്നു അവൾ..!
" എന്തു പറ്റി നീ ഇത്രക്ക് സന്തോഷിക്കാൻ.."
"എനിക്കു psc കിട്ടി..തിരുവനന്തപുരം സെക്രെട്ടറിയേറ്റിൽ..psc യിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുക്കാരിയാണ്,റാങ്ക് ലിസ്റ്റിൽ ഉള്ള കാര്യം വിളിച്ചു പറഞ്ഞതു"
"അതിനു നീ എപ്പോളാണ് psc എഴുതിയത്"
"ഞാൻ അന്ന് രേഖയുടെ കല്യാണം എന്നു പറഞ്ഞു പോയത് ഇതു എഴുതാൻ ആണ്..ചേട്ടനോട് പറഞ്ഞാൽ സമ്മതിച്ചില്ലെങ്കിലോ എന്ന പേടി ആയിരുന്നു"
"അപ്പോൾ നീ എന്നോട് പറയാതെ വേറെ എവിടെയെല്ലാം ഇതു പോലെ പോയിട്ടുണ്ട്..നീ ഓരോന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയത് ഓരോ തോന്ന്യാസങ്ങൾക്കണല്ലേ"
"അയ്യോ..അല്ല..ഇതു എന്റെ ഒരു സ്വപ്നമായിരുന്നു..അതാ ഞാൻ...."
പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് അവന്റെ കൈ അവളുടെ കവിളത്ത് പതിഞ്ഞു
"നാളെ നീ കണ്ടവന്റെ കൂടെ പോകില്ലെന്ന് ആരു കണ്ടു..എന്നെ അനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നീ ഇവിടെ നിന്നാൽ മതി..അല്ലെങ്കിൽ നീ നിന്റെ വീട്ടിൽ പോയി നിന്നോ..ഇവിടെ ഒരാളും ജോലിക്കു പോകുന്നില്ല..!"
കണ്ണിൽ നിന്നും അണപൊട്ടി ഒഴുകിയ കണ്ണീർ തുടച്ചു കൊണ്ടു,മനസിൽ തന്റെ സ്വപ്നം തകരുന്ന ശബ്ദം അടക്കി, അവൾ റൂമിലേക്ക് നടന്നു..!
"ഇനി അവിടെ പോയി കരഞ്ഞു പിഴിഞ്ഞു കിടക്കാതെ, എനിക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടു വാ..എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ"
ഇതെല്ലാം കണ്ടു ഒരു മൂലയിൽ നിൽക്കുകയായിരുന്ന മോളെ മടിയിൽ കേറ്റി ഇരുത്തി അവൻ പറഞ്ഞു.!
"മോള് അമ്മയെ പോലെ അനുസരണ ഇല്ലാതെ ആകരുത്..നല്ല കുട്ടി ആയിക്കോളൂ.."
അവൾ തലയാട്ടി
"ഇന്ന് അച്ഛന്റെ പ്രസംഗം എങ്ങനെ ഉണ്ടായിരുന്നു..ബ്രിട്ടീഷുക്കരുടെന്നു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ കഥയൊക്കെ മോൾക്ക് മനസിലായില്ലേ.."
"ഉം..മനസിലായി...പക്ഷെ അച്ഛാ എനിക്കൊരു സംശയം"
"എന്താണ്...ചോദിച്ചോ..അച്ഛൻ പറഞ്ഞു തരാം"
"ബ്രിട്ടീഷുക്കാർ സ്വാതന്ത്ര്യം കൊടുത്തപ്പോ അമ്മമാർക്ക് മാത്രം എന്താ കൊടുക്കാഞ്ഞത്..??"
അവൻ ഒന്നും മിണ്ടാതെ സ്തബ്ധനായി ഇരുന്നു..അവനെ ഒന്നൂടെ ഞെട്ടിച്ചു കൊണ്ടു മോള് തുടർന്നു..
"അച്ഛനേക്കാൾ നന്നായത് പ്രിൻസിപ്പലിന്റെ പ്രസംഗം ആയിരുന്നു..അതിന്റെ അവസാനം പറഞ്ഞല്ലോ..ഇങ്ങനെ പ്രസംഗിക്കുന്നതിൽ മാത്രമല്ല..എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ ഗാന്ധിജിയെ പോലെ എല്ലാവരും പ്രവർത്തിക്കുകയും വേണം എന്നു"
ഇത്രയും പറഞ്ഞു മോൾ അവന്റെ മടിയിൽ നിന്നും ഇറങ്ങി അടുക്കളയിലേക്കു ഓടി..അവിടെ നിന്നിരുന്ന അമ്മയെ കെട്ടി പിടിച്ചു..!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക