Showing posts with label AswathyVS. Show all posts
Showing posts with label AswathyVS. Show all posts

ചാരുലതയും അമലും.. ഒരു പുനർകാഴ്ച്ച


 പ്രിയപ്പെട്ട നല്ലെഴുത്തുകാരെ...

കഴിഞ്ഞവർഷം ഈ ആൽബം ആദ്യമായി കണ്ടതിനുശേഷം കുറേയേറെക്കാലം സ്ഥിരമായി കേൾക്കുമായിരുന്നു.പ്രിയപ്പെട്ടവന്റെ പ്രവാസം സമ്മാനിച്ച വിരഹം ഈ ഗാനത്തോട് പ്രത്യേക ഇഷ്ടം തോന്നിച്ചു എന്നതാകും സത്യം. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ പോസ്റ്റിൽ മെൻഷൻ ചെയ്തത് കണ്ടാണ് വീണ്ടുമൊരു ഭ്രാന്തായി ഈ ഗാനം ഞാൻ മാത്രമുള്ള എന്റയിടങ്ങളിലേക്ക് കടന്നുവന്നത്.

ഓരോരുത്തരുടയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു നിർവചനം സാധ്യമാകുന്ന രീതിയിലുള്ള ആവിഷ്കാരം മാത്രമല്ല, പാട്ടിന്റെ വരികളും പ്രണയവും വിരഹവും അതിന്റെ എല്ലാ സൂഷ്മഭാവങ്ങളും ഉൾക്കൊണ്ടാണ് ആസ്വാദനം എന്നതും എടുത്തുപറയേണ്ടതാണ്..
കൽക്കത്തയുടെ ഭംഗി ഏറെക്കുറെ ആവാഹിച്ച
ചിത്രീകരണം തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ അതിസൂഷ്മമായ ഭാവത്തിൽ ഉൾക്കൊള്ളുന്ന കൽക്കത്ത ഈ രാജ്യത്തിന്റെ സാംസ്കാരിക-പൈതൃക ചരിത്രത്തിൽ ചെറുതല്ലാത്ത ഭാഗം വഹിക്കുന്നുണ്ടെന്നത് ഗുപ്തകാലഘട്ടം മുതലുള്ള സത്യമാണ്.
ഭാരതീയ ചരിത്രത്തിൽ കറുത്തപൊട്ടായി അടയാളപ്പെടുത്തിയിരിക്കുന്ന ആഭ്യന്തര അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്ന കാർട്ടൂണുകളും പത്രവാർത്തകളും ഒരു വശത്ത് വൈജ്ഞാനികമായ ആസ്വാദനം ആവശ്യപ്പെടുമ്പോൾ മറുവശത്ത് ആർദ്രമായ പ്രണയവും വിരഹവും വൈകാരികമായ ആസ്വാദനം നൽകുന്നു. അതോടൊപ്പം വായനയ്ക്ക് ശേഷം നിലനിൽക്കുന്ന അന്വേഷണബുദ്ധിയെ പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ബാക്കിയാകുകയും ചെയ്യുന്നു.
ഇത്രയും നീണ്ട മുഖവുരയിലൂടെ പറഞ്ഞു വന്നത് ചാരുലതയും അമലും ഏതൊക്കെ രീതിയിൽ connected ആണ് എന്നതിലേക്കുള്ള സൂചനയാണ്. ഒരുപക്ഷേ കേരളത്തിലെയും കൽക്കത്തയിലെയും ഏറെക്കുറെ സമാനമായ ഭൂപ്രദേശങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് 1975 ലെ ചാരുലതയും അമലും 2018 ലെ ചാരുലതയും അമലും തമ്മിലെ ബന്ധമെന്ന് തോന്നുന്നു..
വളരെ പരിമിതമായ ബുദ്ധിയിൽ തോന്നിയ രണ്ട് മൂന്ന് കാര്യങ്ങൾ ഇവിടെ പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിക്കാം..
ശരിയല്ലെന്ന് തോന്നിയാൽ ഖണ്ഡിക്കാനുള്ള സകല അവകാശങ്ങളും വായനക്കാർക്കുണ്ട്.
തുടക്കത്തിൽ ചാരുവിനോട് ok അല്ലെ എന്നു ചോദിക്കുന്ന ഭർത്താവ് നൽകുന്ന സൂചന എന്തോ അസ്വസ്ഥത ചാരുവിൽ ഉണ്ടായിരുന്നു എന്നാണ്.. അത് ശാരീരികമോ മാനസികമോ ആകാം. (അതിനെ കുറിച്ചു പിന്നീട് പറയാം..)
Backgrund ൽ കേൾക്കുന്ന ഇന്ദിരാഗാന്ധിയുടെ വോയ്സ് 1975 ലേക്കുള്ള കൂട്ടികൊണ്ടുപോകലിനുള്ള ക്ഷണമായിട്ടാണ് തോന്നിയത്. ആ ശബ്ദം നേർത്ത് വരുന്നതിനോടൊപ്പം പതിയെ പതിയെ കൽക്കത്തയുടെ ചിരപുരാതനമായ സാംസ്കാരിക പരമ്പര്യത്തിലേക്കും, വായിച്ചും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള അടിയന്തിരാവസ്ഥകാലത്തിലേക്കും നമ്മൾ പോലുമറിയാതെ എത്തപ്പെടുകയാണ്.
പാട്ടിലെ വരികളിലൂടെ സഞ്ചരിച്ചാൽ ഏറെക്കുറെ ഗ്രാഹ്യമാകുന്ന ഭാവതലങ്ങൾ ഒരുപാട് കാണാൻ കഴിയും. എങ്കിലും ഓരോന്നും നേരത്തെ പറഞ്ഞ perceptive നൽകുന്ന individual ആയ കണക്കുകൂട്ടലുകളാകാം.
"നിൻ സജലമാം മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നോ പരിചിതമായൊരു മൗനം.."
ം. പഴയൊരു ഡയറി ചാരുവിന് കിട്ടുന്നതും യാദൃശ്ചികമായി അതിൽ കാണുന്ന അവളുടെ തന്നെ (ഒരുപക്ഷേ അമ്മയുടെയാകാം) ഫോട്ടോസും ആഭ്യന്തര അടിയന്തിരാവസ്ഥ കാണിക്കുന്ന കുറച്ചേറെ കാർട്ടൂണുകളും അടങ്ങിയ ആ ഡയറി തന്നെയാണ് ആൽബത്തിന്റെ കേന്ദ്രബിന്ദു.
ഓർമ്മകളുടെ മറുകരയിൽ അല്ലങ്കിൽ അമ്മയുടെ ഓർമ്മകളിലേക്ക് സ്വയം പ്രതിഷ്ഠിച്ചു അടർന്നുവീഴാൻ വിതുമ്പിയ ചാരുവിന്റെ മനസ്സാകാം. അതുമല്ലെങ്കിൽ പൂർത്തിയാക്കപ്പെടാത്ത ഏതോ പ്രണയകല്പനകളിൽ അവൾ തന്നെ സൃഷ്ടിച്ചെടുത്ത അമലിന്റെ രൂപം അവസാനം യാഥാർഥ്യമാകുന്നതിലെ അമ്പരപ്പാകാം.. നേരത്തെ പറഞ്ഞ അസ്വസ്ഥത സൃഷ്ടിച്ച സമാന്തരലോകമോ ആകാം. എന്തായാലും അത് പരിചിതമായ മൗനമാണ്, ചിലപ്പോൾ ചാരുലതയ്ക്ക്, അല്ലങ്കിൽ നമുക്ക്.
"നിൻ ഉപബോധമാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം.."
ഉപബോധമനസ്സിൽ സങ്കൽപ്പിച്ചു കൂട്ടുന്ന സ്വപ്നങ്ങളിൽ അവ്യക്തമായ മുഖത്തിന് ചാരു നൽകിയ അമലിന്റെ രൂപം നേരിട്ടു കണ്ടപ്പോൾ അതാകാം എന്ന് അറിയാതെ connect ചെയ്യിക്കുന്നതുമാകാം.. ഒരുപക്ഷേ ഭൂപതിയുടെ സുഹൃത്തായി എത്തുന്ന അമലിന്റെ രൂപം അതാകില്ല എന്നതും പഴയ അമലിലേക്ക് ചാരു മനഃപൂർവ്വമല്ലാതെ നടത്തുന്ന ഒരു രൂപസൃഷ്ടിയും ആകാം.
നേർത്ത അരുവിയുടെ താളം എത്ര വശ്യമാണ്.അതുപോലെയാണ് ഓർമ്മകൾ ഉറങ്ങുന്ന ചാരുലതയുടെ(ഒരു പെണ്ണിന്റെ) മനസ്സും.
"ഞാനെത്ര നീയായി മാറിയെന്നരികെ ഏകാകിയാം ഗ്രീഷ്മം"
എന്ന വരികളിൽ യഥാർത്ഥ ചാരുവും പഴയകാലത്തിലേക്ക് connect ചെയ്ത ചാരുവും ഒന്നായിരുന്നു എന്ന സങ്കല്പത്തിലേക്കും may be ഒരു പുനർജന്മം വഴി അവളെത്തിയെന്ന് നമുക്ക് അനുമാനിക്കാം. ഒരുപക്ഷേ ചാരുലത അനുഭവിക്കുന്ന ഏകാന്തതയുടെ രൂപമാകാം അമൽ. ആ ഏകാന്തതയ്ക്ക് രൂപം നൽകിയപ്പോൾ അമലിലേക്ക് (ഡയറിയുടെ അവസാനം എഴുതിയ പേര് ) എത്തിയതുമാകാം.
"നോവേറ്റു വാടുമാ ജീവന്റെ തരുശാഖ പുൽകാതെ കാറ്റ് പൊയ്‌പോകെ
അരിയ നീരലകളായി ചിറക് നീർത്തീടുമോ
പറയാനരുതാത്ത പൊരുളെ..."
കൽക്കത്തയാത്ര കഴിഞ്ഞു അതെപോലൊരു ക്യാമറയുമായി മടങ്ങിയെത്തുന്ന അമൽ ചാരുവിനെ അറിയുന്നില്ല എന്നത് അവളുടെ മാത്രം കല്പനകളായി അടയാളപ്പെടുത്തുന്നുണ്ട് ഈ വരികൾ.. അവളിലെ ശാഖകളെ തഴുകാത്ത കാറ്റായി അമൽ പോകുമ്പോൾ ചാരു ഒരു പൊരുളാകുകയാണ്.. തികച്ചും യാദൃശ്ചികമായി കൽക്കത്ത യാത്ര കഴിഞ്ഞു അമലെത്തിയെന്ന ഭൂപതിയുടെ പരിചയപ്പെടുത്തലും "നമ്മൾ ആദ്യമായല്ലേ കാണുന്നത് എന്ന അമലിന്റെ ചോദ്യവും പരിഗണിച്ചാൽ രണ്ടാമത്തെ അമൽ പൂർണ്ണമായും ചാരുവിന്റെ സ്വപ്നമാകും. ഭൂപതിയുടെ സുഹൃത്ത് എന്ന ലേബലിൽ അമലിനെ കാണുന്നത് ഉറങ്ങുന്ന ചാരുവിന്റെ ജല്പനകൾ ആകാനും സാധ്യതയുണ്ട്.
"ഇതൊക്കെ കാശ് കൊടുത്തു വാങ്ങാൻ പറ്റുമോ..?"
അമലിന്റെ ഈ പ്രസ്താവനയ്ക്ക് രണ്ട് അർത്ഥങ്ങൾ കാണാം.
1. എത്ര കാശ് കൊടുത്താലും ഇതുപോലൊന്ന് കിട്ടില്ല
2.കാശ് കൊടുത്ത് വാങ്ങി സൂക്ഷിക്കാനുള്ള മാഹാത്മ്യം ആ ക്യാമറയ്ക്ക് ഇല്ല
ഇതിൽ ഏത് അർത്ഥത്തിലാണ് അമൽ പറയുന്നതെന്ന് വ്യക്തമല്ല. ഒരുപക്ഷേ ആദ്യത്തെ അർത്ഥത്തിലാണ് പറഞ്ഞതെങ്കിൽ അമലിന്റെയുള്ളിൽ ഇതുവരെ ഉണരാത്ത പഴയ അമലുണ്ടാകാം.ചാരുലതയ്ക്ക് കിട്ടിയത് പോലൊരു ഡയറിയോ ഫോട്ടോഗ്രാഫ്‌സോ കൊണ്ട് ഓർമ്മകൾ തേടുന്ന അമൽ..
രണ്ടാമത്തെ അർത്ഥത്തിലാണെങ്കിൽ അമലിന് പഴയ അമലിലേക്ക് പേര് കൊണ്ടു മാത്രമുള്ള ബന്ധമേ ഉണ്ടാകു.
"മെഴുതിരി വെയിലെ അണയല്ലേ നീ...
തോരാ മഴയുടെ കുളിരിൽ.."
ചാരു ഒരു വെയിലാണ്. അവസാനം ഞാൻ നിന്നിലലിയുമൊ ഒരു കുളിർമഴയായി എന്നാണ് ചോദിക്കുന്നത്.. വെയിൽ അണയുന്നത് മഴ വരുമ്പോഴും ഇരുട്ട് വരുമ്പോഴുമാണല്ലോ.
ടാഗോറിന്റെ ചാരുലതയും സത്യജിത്ത് റേയിയുടെ ചാരുലതയും സ്വാധീനിച്ചിട്ടുണ്ട് എന്ന് ശ്രുതിമാം പറഞ്ഞിട്ടുണ്ട്. എന്നാലും വ്യത്യസ്തമായ അനുഭവമാണ് ഈ ഗാനം. ദൃശ്യഭംഗിയും കൽക്കത്തയും മോഹിപ്പിക്കുന്ന സൗന്ദര്യമായി കാണുന്നവരിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ ആൽബം.. എത്ര തരത്തിൽ വ്യാഖ്യാനിച്ചാലും ദുർഗ്രാഹ്യമായ എന്തൊക്കെയോ കൂട്ടിച്ചേർക്കലുകളും കൂട്ടികിഴിക്കലുകളും കാണുന്നവന്റെയുള്ളിൽ നിരന്തരം സംഘർഷം നടത്തിക്കൊണ്ടിരിക്കുന്ന അവാച്യമായ അനുഭവമാണ് ചാരുലത നൽകുന്നത്.
കൊൽക്കത്തയുടെ ഉള്ളിലെവിടെയോ ഇന്ത്യയുടെ ചരിത്രത്തിൽ കൂടുതൽ പങ്കും ഉറങ്ങുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്.. എങ്കിലും അതിലേക്ക് മറ്റൊരു കൂട്ടിച്ചേർക്കലായി ഈ ആൽബത്തിന് ഏറെ പ്രത്യേകതകളുണ്ട്. എടുത്തുപറയേണ്ടത് വിഷുവൽ ക്വാളിറ്റിയാണ്. Perfect ആയ കാമറ വർക്കും colouring ഉം ചെയ്തിരിക്കുന്നത് മനീഷ് മാധവനും ശ്രീകുമാർ വി വാര്യരും ആണ്. മനം മയക്കുന്ന സംഗീത സംവിധാനം സുദീപ് പലനാടിന്റെയാണ്. എല്ലാം കൊണ്ടും വിസ്മയിപ്പിച്ച് ദൃശ്യ ശ്രവ്യ സുന്ദരമായ അനുഭവം നൽകിയ ചാരുലതയ്ക്ക് സംവിധാനം നൽകിയത് ശ്രുതി ശരണ്യമാണ്.
അത്രയേറെ സുന്ദരിയായ ചാരുവിന്റെ മനോഹാരിത അങ്ങിനെ തന്നെ രൂപം കൊണ്ടും അഭിനയം കൊണ്ടും നിലനിർത്താൻ പാർവതി മേനോനോളം മികച്ച ആരുമില്ലെന്ന് തോന്നിപ്പിക്കുന്ന മികവ് , ഭൂപതിയെ നോട്ടം കൊണ്ടുപോലും ആവാഹിച്ച് അഭിനയിച്ച പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സാറും അമലിന് ജീവൻ നൽകിയ മലയാളം ഗാനരചയിതാവ് ഹരി നാരായണൻ സാറും മത്സരിച്ച് അഭിനയിച്ച് ചാരുലതയ്ക്ക് മികവേറ്റി. എടുത്തുപറയേണ്ടവർ, നിശ്ചല ഛായാഗ്രഹണം നിർവഹിച്ച യദുകൃഷ്ണനും സജിത്ത് നമ്പിടിയുമാണ്..
കാലത്തെ തോൽപ്പിച്ചു എന്നെന്നും മലയാള സംഗീതപ്രേമികളെ ആകർഷിക്കാനുള്ള കഴിവ് ചാരുലതയ്ക്കുണ്ട്. ആത്മാവിൽ തൊട്ട വിസ്മയത്തെ അത്രയേറെ ഇഷ്ടത്തോടെ നെഞ്ചേറ്റിയ മനസ്സുകൾക്ക് ഒരിക്കൽ കൂടി ആസ്വദിക്കാൻ ലിങ്ക് ചുവടെ നൽകുന്നു...
ഈ പോസ്റ്റിലേക്ക് എല്ലാ പ്രചോദനവും നൽകി കൂടെ നിന്ന പ്രിയ സുഹൃത്ത് ജ്യോതിയ്ക്ക് നന്ദി..
ഉണ്ണിയേട്ടനും ബിനിയ്ക്കും വേണ്ടി സമർപ്പിച്ചു കൊണ്ട്...
സ്നേഹത്തോടെ..
അശ്വതി അരുൺ
Nov 6, 2020

പുനർജന്മത്തിലേക്കൊരു തീർത്ഥാടനം

No photo description available.
നുറുങ്ങുകവിതകളുടെ തമ്പുരാൻ എന്നാണ് സാൻവിച്ചേട്ടനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ കുട്ടികളെ ഏറെ സ്നേഹിക്കുന്ന സാൻവിച്ചേട്ടൻ മുതിർന്നവരെയും അതേ കരുതലോടെ കാണുന്നു എന്നതിനുള്ള ഉദാഹരണമാണ് "പുനർജന്മത്തിലേക്കൊരു തീർത്ഥാടനം" എന്ന കഥാസമാഹാരം. ബുക്ക് ഇറക്കുന്നു എന്ന് മുഖപുസ്തകത്തിലൂടെ അറിയിച്ചപ്പോൾ മേൽവിലാസം നൽകി. എന്നാൽ മറക്കാതെ ബുക്ക് അയച്ചുതന്ന് എന്നെ അത്ഭുതപ്പെടുത്തി. ഒരു മാസത്തിന് മുകളിലായി എന്റെ മുറിയിൽ എന്നെയും കാത്ത് ഈ അക്ഷരപൂക്കൾ ഇരിക്കുന്നു. അരുമയോടെ കയ്യിലെടുത്ത് വായന തുടങ്ങിയപ്പോൾ കരുതലോടെ ഈ അക്ഷരങ്ങൾ ചേർത്ത് പിടിച്ചത് എന്നെയായിരുന്നു.
ചിലപ്പോൾ സൗഹൃദങ്ങൾ വല്ലാതെ അമ്പരിപ്പിക്കും. അതിശയത്തോടെ കണ്ണുകൾ വിടർത്തുമ്പോൾ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ എന്തെങ്കിലും കരുതിയിട്ടുണ്ടാകും നല്ല കൂട്ടുകാർ. സാൻവിച്ചേട്ടന്റെ ഏറ്റവും കുരുത്തുള്ള കരങ്ങൾ സുഹൃത്തുക്കൾ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തോന്നൽ അടിവരയിട്ടത് ശ്രീ. ഗോപിനാഥ് മുതുകാട് സാറിന്റെ ആമുഖം വായിച്ചപ്പോഴാണ്. ഓരോ വരിയും അർത്ഥം ഗ്രഹിച്ച വായന ചേർത്തുവച്ച അവതാരിക കുറച്ചേറെ ചിന്തകൾ അപഗ്രഹിച്ചു എന്നതാണ് സത്യം.. പത്ത് കഥകൾ പത്ത് വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. വേറിട്ട വായനയിൽ ചിലപ്പോൾ കരഞ്ഞും ചിലപ്പോൾ ചിരിച്ചും വ്യത്യസ്തമായ ജീവിതവേഷങ്ങൾ നേരിട്ട് അറിയുകയാണ് നമ്മൾ.
1.രാജീവിന്റെ മകൾ
പ്രണയിക്കപ്പെടാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ല. എന്നാൽ പ്രണയത്തിൽ നിന്നും മോചനം നേടാൻ കാരണങ്ങൾ ആവശ്യമാണ്. പക്ഷെ അതിസമർത്ഥമായി കണ്ടെത്തുന്ന കാരണങ്ങൾ അതിലും സമർത്ഥമായി ഉപേക്ഷിക്കപ്പെടാം. ദീർഘമായ യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന രാജീവും പല്ലവിയും പ്രണയിക്കുന്നത് കാരണമൊന്നുമില്ലാതെയാണ്. ചില അവ്യക്തമായ കാരണങ്ങളുടെ പേരിൽ അവർ വേർപിരിയുമ്പോൾ വീണ്ടും ശക്തമായി കൂടിച്ചേരുകയാണ് ഒരു വർഷത്തിന് ശേഷം. രാജീവിനോട് ഒരു കുഞ്ഞിനെ ആവശ്യപ്പെടുന്ന പല്ലവിയുടെ ആഗ്രഹം തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രാജീവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ആരുമില്ലാതായ സഹയാത്രക്കാരിയായ പിഞ്ചുകുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതോടെ പല്ലവിയുടെ ആഗ്രഹം പൂർത്തിയായതായി നമ്മളും പല്ലവിയും വിശ്വസിക്കുന്നു. അതിശക്തമായി പ്രണയം വിതറിയ വരികളാണ് രാജീവിന്റെ മകൾ പറയുന്നത്.
2.വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ
വാത്സല്യത്തിന് പകരമായി മറ്റൊന്നില്ല. അതും ഒരു അച്ഛന്റെ സ്നേഹമാണെങ്കിലോ,ഒരിക്കലും കറ പുരളാത്ത വിശുദ്ധമായ നീരുറവയാണ് ഓരോ അച്ഛന്റെ മനസ്സും. മകൾ ആവശ്യപ്പെടുന്ന വെള്ളക്കമ്മൽ വാങ്ങാൻ അപ്പോഴത്തെ സാമ്പത്തികാവസ്ഥ അയാളെ അനുവദിക്കുന്നില്ല. ഒരു ബസ് ജീവനക്കാരനായ അയാൾ സ്നേഹനിധിയായ അച്ഛൻ കൂടിയാണ്. വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ അണിഞ്ഞ് ബസിൽ കയറിയ കുട്ടിയിൽ അയാളുടെ ദൃഷ്ടി പതിഞ്ഞത് മകളുടെ ആഗ്രഹം ഓർത്തിട്ടായിരുന്നു. അവിചാരിതമായി ബസ് അപകടത്തിൽ പെടുമ്പോൾ ആ കുട്ടിയുടെ കമ്മൽ ഊരിയെടുക്കാൻ ശ്രമിക്കുന്ന അയാളെ തടഞ്ഞത് അബോധാവസ്ഥയിൽ ആ കുട്ടിയിൽ നിന്നും വന്ന അച്ഛാ എന്ന വിളിയായിരുന്നു. തെറ്റ് മനസ്സിലാക്കിയ അയാൾ ആ ശ്രമത്തിൽ നിന്നും പിൻവാങ്ങിയത് വായനക്കാരിലും ആശ്വാസം നൽകിയാണ്. അയാളുടെ ആഗ്രഹം പോലെ മൂന്ന് വെള്ളക്കല്ലു പതിപ്പിച്ച കമ്മൽ തന്നെ മകൾക്ക് നൽകാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനകളോടെ മാത്രമേ ആ കഥ അവസാനിപ്പിക്കാൻ കഴിയൂ.
3.ദൈവത്തിന്റെ മകൾ
ആരാണ് ദൈവത്തിന്റെ മകൾ? വ്യക്തമായ നിർവചനം ദൈവപുത്രന്മാർക്ക് കാലം നൽകും എന്ന് മനസ്സിലാക്കിച്ച കഥയാണ് ദൈവത്തിന്റെ മകൾ. ചില സാങ്കേതിക തകരാറുകൾ മൂലം യാത്ര തടസ്സം നേരിട്ട ഒരു പ്രവാസിക്കുണ്ടാകുന്ന അനുഭവമാണ് ദൈവത്തിന്റെ മകൾ. ഒരു പ്രത്യേക സാഹചര്യത്തിൽ എട്ടു വയസ്സുള്ള പെൺകുട്ടിയെ ഏറ്റെടുക്കേണ്ടി വന്ന കേന്ദ്രകഥാപാത്രം അതി സൂഷ്മമായി കൊറിയിട്ടിരിക്കുന്നത് ചില നിയോഗങ്ങളിലേക്കാണ്. ആർദ്രമായ മനസ്സോടെ വായിച്ചു മടക്കിയ കഥ, മണിക്കൂറുകൾക്കും ചിലപ്പോൾ വർഷങ്ങൾക്കും ശേഷം മറക്കാൻ മടിച്ചു മനസ്സിൽ തങ്ങി നിൽക്കും. മനുഷ്യന് ദൈവമാകാനും സാത്താനാകാനും കഴിയും എന്നതിനുള്ള ഉദാഹരണമാണ് കഥയിലെ രണ്ടു സുഹൃത്തുക്കൾ വഴി കഥാകൃത്ത് കാണിക്കുന്നത്. അതേ അവൾ ദൈവത്തിന്റെ പുത്രി എന്ന് ഉറച്ചുതന്നെ പറയാം.
4.ഗൾഫ്കാരന്റെ മക്കൾ
ഒരു പ്രവാസിയുടെ ജീവിതനോവുകൾ അതുപോലെ പകർത്തിയ എഴുത്ത് എന്നെ ഈ ചെറുകഥയെപ്പറ്റി പറയാനുള്ളു. പ്രാരാബ്‌ദങ്ങളുടെ കെട്ടുപാടിൽ സ്വയം മറന്ന് പോകുന്ന സാധാരണക്കാരനായ ഗൾഫ്കാരന്റെ ആയുസ്സ് അതുപോലെ പകർത്തുകയാണ്. പേരില്ലാത്ത കഥാപാത്രം അച്ഛൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ആയുസ്സിന്റെ നോവ് ആവാഹിച്ചു ജീവിച്ചു തീർക്കുന്ന സ്നേഹക്കടലാണല്ലോ അച്ഛന്മാർ. മകളുടെ വിചാരങ്ങളിലൂടെ മാത്രമാണ് കഥ സഞ്ചരിക്കുന്നത്. ആവശ്യങ്ങൾക്കുള്ള ഉപാധിയായി മാത്രം അച്ഛനെ കണ്ടിരുന്ന മക്കളിൽ പെട്ടന്ന് മാറ്റം വരുന്നത് അച്ഛന്റെ സുഹൃത്ത് പറഞ്ഞ യഥാർത്ഥ അച്ഛനെ അറിഞ്ഞത് മുതലാണ്. ഓരോ ആവശ്യങ്ങൾക്ക് ശേഷവും ബാക്കിയാക്കിയ ആവശ്യങ്ങൾക്ക് മീതെ ആയുസ്സ് അറ്റുപോകുമ്പോഴാണ് യഥാർത്ഥ ആവശ്യം തിരിച്ചറിയുക. വളരെ ശക്തമായ, വ്യക്തമായ, പരിചിതമായ കഥാപാത്രമാണ് ഗൾഫ്കാരന്റെ മക്കളിലെ ഗൾഫ്കാരനായ അച്ഛനിൽ കാണുന്നത്. അവസാനം ഒരിറ്റ് വേദന ഹൃദയഭിക്തികൾ തുരന്ന് പുറത്തുചാടുന്നതും അതേ പരിചയമാകും.
5.പുനർജന്മത്തിലേക്കൊരു തീർത്ഥയാത്ര
ഭക്തിയും പ്രണയവും പ്രതികാരവും ഇഴചേർത്ത അതിമനോഹരമായ കഥയാണ് പുനർജന്മത്തിലേക്കൊരു തീർത്ഥയാത്ര. ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിൽ നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട് പുനർജന്മത്തിലേക്ക് ഒരു യാത്ര.ഒരുപക്ഷേ പുനർജന്മം എന്നത്, എല്ലാ വിഷമാവസ്ഥകളിൽ നിന്നും മോചിതരായി,സമാധാനപൂർണ്ണമായ ഒരു ജീവിതമാകാം. ഇവിടെ അഞ്ജലിയും അത്തരമൊരു യാത്ര ആഗ്രഹിക്കുകയാണ്. അച്ഛന്റെ വന്യമായ പെരുമാറ്റത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ച അഞ്ജലി, അവസാനം നന്ദനോടൊത്ത് ആഗ്രഹിച്ച പോലൊരു ജീവിതം സ്വന്തമാക്കുന്നുണ്ടെങ്കിലും ചില ഭൂതകാല അവശേഷിപ്പുകൾ അവളെ വേട്ടനായയെ പോലെ പിന്തുടരുന്നുണ്ട്. ഒരിക്കൽ അച്ഛന്റെ ആക്രമണത്തിൽ നിന്നും അവളെ രക്ഷിച്ച ഉപസനാമൂർത്തി(അവളുടെ വിശ്വാസമോ, അല്ലെങ്കിൽ സ്വയം ആർജ്ജിച്ച ധൈര്യമോ ആകാം)തന്നെ വീണ്ടും അവളെ ഓർമ്മകളുടെ ഭാരത്തിൽ നിന്നും മോചിതയാക്കുകയാണ്. അമ്മയോട് ചോദിക്കുന്ന എട്ടു ചോദ്യങ്ങളും ശത്രുവിലെ ഭീരുവിനെ നേരിൽ കാണുന്നതും അവളെ അവളിൽ നിന്നു തന്നെ മോചിപ്പിച്ചതിന്റെ ഒരു കടമ്പയായിരുന്നു. അവസാനത്തെ വേണുനാദവും ഇഷ്ടപ്പെട്ട മഞ്ഞ നിറത്തിലെ കർട്ടനും നന്ദന്റെ സാമീപ്യവും അവളിലെ ശാന്തമാക്കപ്പെട്ട പൂർണ്ണതയാവുന്നതോടെ കഥ അവസാനിക്കുന്നു.
6.ലാസ്റ്റ് സെൽഫി
പ്രണയത്തേക്കാൾ വികരതീവ്രമായ മറ്റൊരു അനുഭവമുണ്ടോ എന്ന സംശയം ബാക്കിയാക്കിയാണ് ലാസ്റ്റ് സെൽഫി തീരുന്നത്. മരണത്തെപ്പോലും നിർവ്വികാരതയോടെ സമീപിക്കണമെങ്കിൽ അതിനേക്കാൾ ശക്തമായ വികാരം സൃഷ്ടിക്കുന്ന എന്തൊക്കെയോ സിരകളിൽ അവശേഷിക്കണം. ഇവിടെ രോഗാതുരയായ നായികയെ മരണത്തിന് വിട്ടുകൊടുക്കാൻ മടിച്ചുകൊണ്ട് രാജ് കാത്തുസൂക്ഷിക്കുകയാണ്. അവസാനം അവന്റെ സ്നേഹത്തിന്റെ കരുതൽ വിളക്ക് അണച്ചുകൊണ്ട് മരണം അവളെ പുൽകുമ്പോൾ അവനും അവൾക്കൊപ്പം യാത്രയാവാൻ തീരുമാനിക്കുന്നു. മരണഗന്ധം അവളിൽ നിറയുമ്പോഴും, അവന്റെ കൈകൾ പിടിച്ചു, ഞാൻ തിരിച്ചുവരും, എന്നെ കാത്ത് നീയിവിടെ ഉണ്ടാകണം എന്നവൾ പറയുന്നതോടൊപ്പം രാജ് കാത്തിരിക്കു എന്ന് വായനക്കാരും മന്ത്രിക്കുകയാണ്. ഒരുപാട് വേദനകളും ഒരുപിടി പ്രതീക്ഷകളും നിറച്ച് അവൾ മായുമ്പോൾ രാജിനൊപ്പം വായനക്കാരും ഒറ്റയ്ക്കായത് പോലെ ഒരു അനുഭവം. വിരഹത്തിന് ഇത്ര വേദന തോന്നാൻ എന്താണാവോ കാരണം എന്ന ചോദ്യം ബാക്കിയാക്കുന്നു ഈ അക്ഷരങ്ങൾ.
7.തനിച്ചായവർ
ഏകാന്തതയോളം വലിയ അനുഗ്രഹമോ ശാപമോ ഇല്ല എന്ന പാഠം പറഞ്ഞു തന്ന ഒരു സൗഹൃദമധുരമാണ് "തനിച്ചായവർ" നൽകുന്നത്. ചില സൗഹൃദങ്ങൾക്ക് ഒരുതരം മാന്ത്രികതയുണ്ട്. ഒരു സൗഹൃദത്തിനുമപ്പുറം പേരിട്ടു വിളിക്കാൻ കഴിയാത്ത എന്തോ മാസ്മരികത.കൂടെയുള്ള സുഹൃത്ത് വിവാഹിതയാകുന്നതും, അമ്മയുടെ വിയോഗവും ഗീതു എന്ന പെൺകുട്ടിയിൽ തീർക്കുന്ന വിഷാദവും അതിൽ നിന്നും അവൾ സ്വയം മോചിതയാകുന്നതുമാണ് കഥ. ഒരുപക്ഷേ ശുഭപര്യവസാനം കഥയ്ക്ക് വരുന്നുണ്ടെങ്കിലും ചില ജീവിതകാഴ്ചകളുമായി ചേർത്തുവായിക്കാവുന്ന കഥയാണ് "തനിച്ചായവർ" പറയുന്നത്. നഗരമധ്യത്തിലെ ഒറ്റയ്‌ക് നിൽക്കുന്ന മരത്തിനോട് ഗീതു സ്വയം ഉപമിക്കുന്ന ഭാഗം മനുഷ്യമനസ്സിന്റെ വിവിധഭാവങ്ങളിലേക്ക് ഒരു സൂചനയാണ്. എല്ലാവരിലുമുള്ള ഗീതുവിനെ പുറത്തെത്തിക്കുകയാണ് കഥാകൃത്ത് ഇവിടെ. സ്വയം തിരിച്ചറിയുക, സ്വയം കണ്ടെത്തുക എന്ന തത്വം പറയാതെ പറഞ്ഞുകൊണ്ട് കഥ അവസാനിക്കുമ്പോൾ ഒരു വെളിച്ചം നമ്മളും കാണുന്നുണ്ട്.
8.മഴ നനയാൻ
ആശകൾക്ക് അറുതിയിടാൻ ആർക്കാണ് കഴിയുക? പ്രിയപ്പെട്ടവന്റെ വിരഹത്തിൽ കവിത എഴുതാത്ത സ്ത്രീയുണ്ടാകുമോ? ഒരുപക്ഷേ ഇതിലെ അവൾ ഞാൻ തന്നെയല്ലേ എന്നൊരു തോന്നൽ. കാത്തിരിക്കാൻ ആളുണ്ടാവുക എന്നതാണ് പ്രവാസികളെ സംബന്ധിച്ച ഏക ആശ്വാസം. പ്രവാസിയായ ഭർത്താവിനുള്ള,ഭാര്യയുടെ കാവ്യാത്മകമായ കത്താണ് "മഴ നനയാൻ" എന്ന കഥ. അവൾ എന്നും രഹസ്യമായി ആഗ്രഹിക്കുന്നുണ്ട് അവൻ അവളുടേത് മാത്രമായിരിക്കാൻ. എന്നാൽ ജീവിതവേഷങ്ങൾക്കിടയിൽ ജീവിക്കാൻ മറന്നുപോകുന്നതിന്റെ പരാതിയും ഒറ്റയ്ക്ക് പങ്കിട്ട ജീവിതാനുഭവങ്ങളുടെ പരിഭവവും അവൾ പങ്കു വയ്ക്കുന്നതിന്റെ ഉയർച്ചതാഴ്ചകൾ അവസാനിക്കുന്നത് ഒരു തണുപ്പോടെയാണ്. കഥ ആരംഭിക്കുമ്പോൾ പറയുന്ന ഉണർവിന്റെ തണുപ്പിനെക്കാൾ അവസാനിപ്പിക്കുമ്പോൾ പറയുന്ന മരവിച്ച തണുപ്പ് ഒരു ഞെട്ടൽ ഉണ്ടാക്കുന്നു. മിഥുനമാസത്തിലെ മഴയും ചില ഉൾതുടിപ്പുകളും ചില നാട്ടോർമ്മകളും കടുത്ത വിരഹത്തിന്റെ കയ്പുനീർ സമ്മാനിച്ചു കടന്നുപോകുകയാണ്.
9.കവിഞ്ഞൊഴുകുന്ന സമാന്തരങ്ങൾ
സമാന്തരമായ രണ്ട് പുഴകൾ
കവിഞ്ഞൊഴുകുമ്പോൾ ഒന്ന് ചേർന്ന് ഒഴുകുന്നത് പോലെയാണ് നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഒന്നുചേരുന്ന ബന്ധങ്ങൾ. പ്രണയമാണോ ഭക്തിയാണോ കൂടുതൽ തീവ്രമായി ഈ കഥയിൽ ചേർന്നിരിക്കുന്നത് എന്നത് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴയ കളികൂട്ടുകാർ കണ്ടുമുട്ടാൻ തിരഞ്ഞെടുത്ത ദിവസം പിന്നെയും രണ്ടുദിവസങ്ങൾ കൂടി അവർക്ക് നൽകുന്നു. എന്തിനായിരുന്നു കണ്ടുമുട്ടാനുള്ള സാധ്യതകളെ മനപൂർവ്വം വിസ്മരിച്ചു അവർ കാത്തിരുന്നത്? തീവ്രമായ ഭക്തിയിൽ നിന്നും സൃഷ്ടിക്കപ്പെട്ട ശൂന്യതയിലാണ് അവർ ജീവിതം ആരംഭിക്കാൻ തീരുമാനിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് മുന്നോട്ടുള്ള യാത്രയുടെ ശൂന്യത അവസാനിപ്പിക്കുന്നത്. അതേ പ്രതീക്ഷയോടെയാണ് അവർ അവശതകൾ മറികടന്ന് യാത്ര തിരിക്കുന്നതും അവസാനം പിരിയാതെ പിരിയുന്നതും. മനോഹരമായ ചില രഹസ്യങ്ങൾ ഇടയിൽ ഒളിപ്പിച്ച മനോഹരമായ കഥ എന്നെ ഈ സമാന്തരങ്ങളെ വർണ്ണിക്കാൻ കഴിയൂ.
10.അറുപത് രൂപ.
അച്ഛന്റെ വിയർപ്പിന്റെ ഗന്ധം എന്താണ്? പൊടിയുടെ, മീനിന്റെ, അഴുക്കിന്റെ,... അല്ല. അച്ഛന്റെ വിയർപ്പിന് വാത്സല്യത്തിന്റെ ഗന്ധമാണ്. വിനോദയാത്രയ്ക്ക് പോകാൻ ക്ലാസ്സിലെ കുട്ടിയ്ക്ക് പണവുമായി നട്ടുച്ചയ്ക്ക് ഓടിയെത്തുന്ന ആയിഷയുടെ പിതാവിൽ നിന്നും ഓർമ്മകളിലേക്ക് സഞ്ചരിക്കുന്ന ടീച്ചറിലൂടെ കഥ പറയുകയാണ് അറുപത് രൂപ. മീൻകച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന സാധാരണക്കാരനായ പിതാവിനെ ഓർക്കുകയാണ് ടീച്ചർ. കഷ്ടപ്പെട്ട് പണവുമായി ഓടിയെത്തിയ പിതാവ് അന്ന് രാത്രി മരണപ്പെട്ടത് വേദനയോടെ ഓർക്കുന്ന ടീച്ചർ, ആയിഷയിൽ സ്വയം കാണുകയാണ്. അതാകണം ആയിഷയുടെ പിതാവിനോട് ഹെൽമറ്റ് വച്ചു യാത്ര ചെയ്യണം എന്ന ഉപദേശത്തിൽ ഒരു മകളുടെ കരുതലും ഒളിപ്പിച്ചു വയ്ക്കുന്നത്. അവസാനം സർവ്വേശ്വരോട് അയാൾക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചത് കഥാപാത്രമാണോ നമ്മളാണോ എന്ന് തിരിച്ചറിയാൻ വയ്യാതെ വായന തീരുകയാണ്.
പത്തുകഥകൾ പത്ത് വേറിട്ട അനുഭവങ്ങൾ. വായനയ്ക്ക് ശേഷം തങ്ങി നിൽക്കുന്ന ചില സന്ദർഭങ്ങൾ. അവതാരകൻ ശ്രീ. ഗോപിനാഥ് മുതുകാട് സാർ പറഞ്ഞത് പോലെ നാനാതുറകളിലെ വിഷയങ്ങൾ അനായാസം കൂട്ടിച്ചേർക്കപ്പെട്ട അക്ഷര ഇന്ദ്രജാലം. സ്വയമറിയാതെ നടക്കുന്ന ഒരു പരിവർത്തനം. ഇതിൽ ചിലതിൽ നമ്മൾ നമ്മളെത്തന്നെ കാണുന്നുണ്ട്. ചിലതിൽ നമുക്ക് ചുറ്റുമുള്ളവരെ. വായനയ്ക്ക് ശേഷം എന്താണ് തോന്നുന്നത് എന്നത് തിരിച്ചറിയുക പ്രയാസം തന്നെ. പൊട്ടിക്കരയണമെന്നോ,പൊട്ടിച്ചിരിക്കണമെന്നോ, വെറുതെ ചിലതെല്ലാം ഓർത്തെടുക്കണമെന്നോ? എന്നാൽ ഒരിക്കലും അവസാനിക്കരുതെ എന്ന പ്രാർത്ഥന മാത്രമേ വായിച്ചു തുടങ്ങിയാൽ മനസ്സിലുണ്ടാകു.
ഇനിയും ധാരാളം എഴുതാനുണ്ട് സാൻവിച്ചേട്ടന്. ഈ അക്ഷരത്തെ അതേ തീവ്രതയോടെ അച്ചടിക്കാൻ മുൻകൈ എടുത്ത പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്തിനും പ്രിയപ്പെട്ട സാൻവിച്ചേട്ടനും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്ന് കൊണ്ട്..
അശ്വതി അരുൺ
Jan 16, 2019
Book cost including VPP 170

ബാവുൽ സംഗീതം


Image may contain: 2 people, people smiling, people standing and outdoor

രാത്രിയുടെ നിശബ്ദതയെ വകഞ്ഞുമാറ്റി പഴയ ലാൻഡ് ഫോൺ ബെല്ലടിക്കുന്നത് കേട്ടുകൊണ്ട് ചൂണിലാൽ ബുനിയ ഉറക്കമുണർന്നു. പാതിയുറക്കത്തിന്റെ ആലസ്യത്തിൽ കോണിപ്പടികളിറങ്ങി താഴെയെത്തുമ്പോൾ ആരും പരിഗണിക്കാത്തത്തിന്റെ പരിഭവത്തോടെ ഫോൺ നിശബ്ദമായി കഴിഞ്ഞിരുന്നു. വിടാൻ മടിച്ചു നിന്ന നിദ്രാദേവി വർദ്ധിച്ച ആവേശത്തോടെ ചൂണിലാലിനെ വീണ്ടും പുണർന്നുവെന്നു തോന്നിയപ്പോൾ, പഴയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരിക്കൽകൂടി ഫോണിന്റെ കരകര ശബ്ദം അവിടെ മുഴങ്ങി.
"ഹലോ..."
പ്രായത്തിന്റെ ആധിക്യം ശബ്ദത്തിലും തോന്നിച്ചു
"ചൂണി അങ്കിൾ, ഞാൻ തന്നെ, അരുൺ.. സുഖമാണോ?"
മറുതലയ്ക്കൽകേട്ട ചെറുപ്പക്കാരന്റെ ശബ്ദം ചൂണിലാലിനെ ഉന്മേഷവാനാക്കി .
" അരേ ബേട്ടാ.. ഇതെവിടുന്നാ.."
ബംഗാളി മാത്രം വഴങ്ങിയ നാവിൽ നിന്നും മലയാളവും ഇറ്റുവീണു..
തികട്ടി വന്ന ഗദ്ഗദം വാക്കുകളെ മുറിച്ചപ്പോൾ ചൂണിലാലിനെ പീള കെട്ടിയ കണ്ണുകൾ തിളങ്ങിയത് വാത്സല്യവും ബഹുമാനവും ഗൃഹാതുരത്വവും ചേർന്ന ഏതോ അത്ഭുതവികാരം കൊണ്ടായിരുന്നു..
"ഇപ്പൊ കേരളത്തിൽ നിന്നാണ് അങ്കിൾ. ഞാനും അശ്വതിയും അടുത്തയാഴ്ച വരുന്നുണ്ട്. ഞങ്ങളുടെ പണ്ടത്തെ ആ ഫ്ലോർ ഒഴിച്ചിടണം. എനിക്ക് അങ്ങോട്ട് ട്രാൻസ്ഫറായി. ഇനിയുള്ള മൂന്നുകൊല്ലം അവിടുണ്ടാകും..."
ഒരു ബീപ്പ് ശബ്ദത്തോടെ ഫോൺ നിശ്ശബ്ദമായപ്പോൾ സന്തോഷം കൊണ്ട് മതിമറന്ന ചൂണിലാലിനെ തൊടാൻ ഭയന്നതുപോലെ നിദ്രാ ദേവി എവിടെയോ ഒളിച്ചു..
*********°°°°°°**********°°°°°°*****
അച്ഛന്റെ ഇഷ്ട നിറത്തിൽ തന്നെ മേശവിരികളും കർട്ടനുകളും കുഷ്യൻ കവറുകളും അലങ്കരിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ മരണം സമ്മാനിക്കുന്ന ഓർമ്മകൾ ബാക്കിയാക്കുന്ന ശൂന്യത ഒരു ഭീകരതയാണ്.
മറച്ചു വെച്ചിരുന്ന എന്തൊക്കെയോ ഓർമ്മകൾ മറനീക്കി പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം വീണ്ടെടുത്തത് പോലെ കാലം ചുരുൾ വിടർത്തിയ നീണ്ട വഴികൾ നിമിഷങ്ങൾ കൊണ്ട് താണ്ടി അരുൺ എത്തിയത് ഒരു എട്ട് വയസ്സുകാരനിലേക്കാണ്. ഒരു പറിച്ചുനടലിന്റെ വക്കിൽ നിന്നുകൊണ്ട് ചൂണിയങ്കിളിനെയും കൊണ്ടുപോകാം എന്നുപറഞ്ഞു അമ്മയുടെ സാരിത്തുമ്പിൽ മുഖമമർത്തി കരഞ്ഞ ഒരു ഏട്ടു വയസ്സുകാരനിലേക്ക്..
ഓർമ്മയിൽ ചൂണിയങ്കിളിന് എന്നും ആശ്രിതന്റെ മുഖമാണ്.അമ്മയ്ക്ക് പോലും അറിയാതെ പോയ അച്ഛന്റെ ആയുസ്സിന്റെ ആദ്യഭാഗങ്ങൾ പൂരിപ്പിക്കാൻ ചൂണിയങ്കിളിന് സാധിക്കുമെന്ന് വ്യക്തമാണ്. പ്രതിഫലങ്ങൾ മോഹിക്കാതെ അദ്ദേഹം ചെയ്ത വിശ്വസ്തതയുടെ ഉത്തരമായി എത്രയും പ്രിയപ്പെട്ട ഈ ബംഗ്ലാവ്
സമ്മാനമായി കൊടുത്തപ്പോൾ അച്ഛനും കരുതിക്കാണില്ല പിന്നീട് ഈ വൃദ്ധന്റെ അന്നം ഇതുവഴിയാകുമെന്ന്. അച്ഛനും ആരോ ഒരാൾ സമ്മാനമായി നൽകിയതാണ് ഈ ബംഗ്ലാവ് എന്ന് അമ്മ പറഞ്ഞ അറിവേയുള്ളൂ. എത്രയോ പേർ വാടകക്കാരായി താമസിച്ചിട്ടും ഒഴിച്ചിട്ടിരുന്ന രണ്ടാമത്തെ നിലയും, പുതുമ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ച അച്ഛന്റെ ഉപകരണങ്ങളും വർഷങ്ങൾ കഴിഞ്ഞാലും ഒളിമങ്ങാത്ത വിശ്വസ്തന്റെ ഹൃദയം കാണിച്ചു.
മട്ടുപ്പാവിൽ നിന്നപ്പോൾ ഇളം വെയിലിനോടൊപ്പം തെന്നിമറയുന്ന ഒരുപാട് കാഴ്ച്ചകളും വിരുന്നൂട്ടാനെത്തി. കാഴ്ചകൾക്കൊപ്പം ബാല്യത്തിന്റെ ഓർമ്മകളിൽ മനസ്സ് സഞ്ചരിക്കുക എന്നത് സുഖമുള്ള ഭ്രാന്തായി മാറുന്നത് അരുൺ അറിഞ്ഞു.
എരിഞ്ഞു തീരുന്ന സിഗാറിന്റെ പുക പിടിച്ചു അശ്വതി അടുത്തേക്കെത്തിയത് അറിഞ്ഞില്ല.
"ഇന്നിത് എത്രാമത്തെയാണ്?"
അവളുടെ സാന്നിധ്യം ഉറപ്പിക്കാനും ഓർമ്മകളിൽ നിന്നും തൽക്കാലത്തേക്ക് വിട പറയാനും ആ ചോദ്യം ധാരാളമായിരുന്നു.
"മോൾക്ക് നല്ല സുഖമില്ല. വീണ്ടും ചുമയും ശ്വാസതടസ്സവും ഉണ്ട്. എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോണം."
"ഇത്രയും ദൂരം യാത്ര ചെയ്തില്ലേ. പിന്നെ പുതിയ കാലാവസ്ഥയും.."
വിചാരിച്ചത് സംഭവിച്ചത് പോലെ അത്രയും പറഞ്ഞുകൊണ്ട് അവളെയും കൂട്ടി താഴേക്ക് എത്തി. അപരിചിതത്വത്തിന്റെ മുഖംമൂടിയില്ലാതെ, മുത്തച്ഛന്റെ ഒപ്പമെന്നതുപോലെ മോൾ ചൂണിയങ്കിളിന്റെ കൂടെ കളിയിൽ ആയിരുന്നു.
ദൂരവും കാലവും സമയവും താണ്ടി കടമകൾ എത്തിച്ചേരേണ്ടയിടത്തു എത്തിച്ചേരും. ഇപ്പോൾ ഈ വൃദ്ധനു നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം സ്വന്തം മകളുടെ കളിയും ചിരിയും കലർന്ന പ്രായമാണെന്നത് ഒരു ആത്മനിർവൃതിയോടെ അരുൺ ഓർത്തു
ഞെരങ്ങിയും മൂളിയും യാത്രയ്ക്ക് തയ്യാറെടുത്ത പഴയ അംബാസിഡർ കാറിന് പ്രതിബദ്ധത വർഷങ്ങളായി പരിപാലിക്കുന്ന ചൂണിയങ്കിളിനോട് മാത്രമായിരുന്നു. മോളെ കാണിക്കാൻ നല്ലൊരു പീടിയാട്രീഷ്യൻ ബെഹ്‌റാംപുറിൽ ഗവണ്മെന്റ് സിറ്റി ഹോസ്പിറ്റലിൽ ഉണ്ടെന്ന ചൂണിയങ്കിളിന്റെ കരുതലിന്റെ ബലത്തിൽ പഴകി ദ്രവിച്ച ആ സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ ഒരിക്കലും അവർ നിനച്ചിരുന്നില്ല ജീവിതത്തിലെ കണക്കുകൾ ചിലത് വീട്ടാതെയും കാണുമെന്ന്.
ചിലതിന്റെ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ടി വരുമെന്ന്..
____________________________________
ദൂരെ ഭഗീരഥിയുടെ ഓളപ്പരപ്പുകളിൽ നിന്നും ഒഴുകിയെത്തിയ കാറ്റിന്റെ ചിറകുകളിൽ കരുതിയ വിളഞ്ഞു തുടങ്ങിയ ചോളത്തിന്റെയും ഗോതമ്പിന്റെയും നേർത്ത ഗന്ധം ,
ആശുപത്രിയിലെ മരുന്നുകളുടെയും ഫിനോയിലിന്റെയും കടുത്ത ഗന്ധത്തിൽ ലയിച്ചു കൊണ്ട് അവിടെ അലഞ്ഞു നടന്നു. പഴകിയ കെട്ടിടത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ച അഴുക്കുകൾ കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങൾ പേറി മുഴച്ചു നിന്നു.
രണ്ടു വർഷത്തിനിടയ്ക്ക് എപ്പോഴോ കൂടെച്ചേർന്ന ആസ്തമ മോളെ തളർത്തുന്നുണ്ട്. രണ്ടു ദിവസത്തെ ഇഞ്ചക്ഷനു വേണ്ടി അഡ്മിറ്റാകാൻ ഡോക്ടർ പറഞ്ഞപ്പോൾ സർക്കാർ ആശുപത്രിയുടെ വൃത്തിയും വെടിപ്പും തീർത്ത ആശങ്ക, ഡോക്ടറുടെ കഴിവിൽ വിശ്വാസമർപ്പിച്ചു സഹിക്കാൻ ഉറച്ചു.
കയറിവരുമ്പോൾ കാണുന്ന വീതിയേറിയ മേശയും അതിനോട് ചേർന്ന ചുമരലമാരിയും മൂന്നുകട്ടിലുകളും നാലു കസേരകളും കഴിഞ്ഞു ബാക്കി കിടന്ന സ്ഥലത്ത് റെഡ് ഓക്സൈഡ് പാകിയ തറയുള്ള ബാത്ത്റൂമും ആയിരുന്നു ആ ആശുപത്രി മുറിയുടെ ഏകദേശ രൂപം.
കൽക്കട്ട നഗരത്തിന്റെ വരവോടെ പ്രതാപം നഷ്ടമായെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ തികച്ചും ശാന്തമായ ജീവിതരീതികളുമായി ബെഹ്‌റാംപൂർ നഗരം എന്നത്തേയും പോലെ പിറ്റേന്നുമുണർന്നു. എടുപ്പിലും നടപ്പിലും നാടിനോട് ഇഴചേർന്ന സംസ്കാരം അലങ്കാരമാക്കിയ നിഷ്കളങ്കരായ നാട്ടുകാർ അവരവരുടേതായ കടമകളിലേക്ക് തിരക്കിട്ട് ലയിച്ചുചേരുന്ന കാഴ്ച ഒരു ജനാലയ്ക്ക് അരികിൽ നിന്നും ആസ്വദിക്കുകയായിരുന്ന അരുണിനെ ഉണർത്തിയത് നഴ്സിന്റെ ശബ്ദമാണ്.
ബംഗാളി കലർന്ന ഇംഗ്ലീഷിൽ അവർ പറഞ്ഞത് മുറിയിൽ പുതുതായി എത്തിയ രോഗിയെപ്പറ്റിയാണ്. നഴ്സിന്റെ കാലടി അകന്നുപോകുമ്പോൾ, അറിയാതെ തന്നെ ചിന്തകൾ വീണ്ടും അച്ഛന്റെ ഓർമ്മകളിലേക്ക് ഊളിയിട്ടു.
പതിഞ്ഞ കാൽവെപ്പുകളോട് യോജിക്കാതെ ചിലമ്പികൊണ്ടിരുന്ന കാൽചിലമ്പ് അവരുടെ വരവറിയിച്ചു കൊണ്ട് അരുണിന്റെ ചിന്തകളെ മുറിച്ചു. കുത്തിവെപ്പുകളുടെയും രാത്രിയിൽ നേരിട്ട ശ്വാസതടസ്സത്തിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെയും ആലസ്യത്തിൽ ഉറങ്ങുന്ന മോൾക്കരുകിൽ അശ്വതിയും മയക്കത്തിലായിരുന്നപ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ഏതോ നിയോഗം പോലെ ആ വൃദ്ധ എത്തിനോക്കിയത്.
തീരെ അവശയായ വൃദ്ധ വളരെ ആയാസപ്പെട്ടാണ് മുറിയിലേക്ക് കടന്നുവന്നത്. അറുപത് വയസ്സിനോടടുത്ത് പ്രായം തോന്നിച്ച അവരോടൊപ്പം,അനുവാദം കൂടാതെ അകത്തു കയറിയ നനഞ്ഞ പൂഴിമണ്ണിന്റെ ഗന്ധം അലോസരമുണ്ടാക്കി കൊണ്ട് അവിടെയാകെ ചുറ്റിത്തിരിഞ്ഞു. വൃത്തിഹീനമെന്നു തീർത്തു പറയാനില്ലങ്കിലും അവിടെ തുടരുന്നതിൽ നിന്നും എന്തൊക്കെയോ അരുണിനെ പിൻതള്ളിക്കൊണ്ടിരുന്നു. പക്ഷെ മോളുടെ അസുഖവും ഡോക്ടറുടെ കഴിവിലെ വിശ്വാസവും അവിടെ തുടരുന്നതിന് മറുവശത്തുനിന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അപരിചിതയായ ആരുടെയോ സാന്നിദ്ധ്യം വിതറിയ അസന്തുഷ്ടി അശ്വതിയെ ഉണർത്തി. മറ്റു കട്ടിലുകളൊന്നും ഒഴിവില്ലാത്തതിനാൽ തൽക്കാലത്തേക്ക് എന്നുപറഞ്ഞെത്തിയ പുതിയ അതിഥിയെ അശ്വതി നിരീക്ഷിച്ചു. കാലപ്പഴക്കത്തിൽ പിഞ്ചിതുടങ്ങിയ സാരിയിൽ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരുന്നു. മാറോട് ചേർത്തു പിടിച്ചിരുന്ന ഒറ്റതന്ത്രി വീണയും ജടകെട്ടിയ മുടിയും കഴുത്തിൽ ഒട്ടിപിടിച്ചിരുന്ന കുറച്ചേറെ രുദ്രാക്ഷമാലകളും വേച്ചുപോകുന്ന കാലടിയോട് യോജിക്കാതെ വേറിട്ടു നിന്ന കാൽചിലങ്കയും അവർ അറിയപ്പെടാത്ത ഏതോ നാടോടി സന്യാസിനിയെന്ന് ഉറപ്പിച്ചു.
ഒരു തോളിൽ തൂങ്ങിയിരുന്ന മാറാപ്പിൽ നിന്നും ഒരു കൈമണിയെടുത്ത് ,ഒഴിഞ്ഞുകിടന്ന കട്ടിലിൽ ഇരുന്നവർ പാടാൻ തുടങ്ങി.. ഏതോ അലൗകീക കാല്പനിക പ്രണയത്തിന്റെ മാസ്മരികത ആ പാട്ടിൽ ലയിച്ചു ചേർന്നിരുന്നു.
മനുഷ്യവിയർപ്പിന്റെയും രോഗത്തിന്റെയും മരുന്നുകളുടെയും ഗന്ധങ്ങളും തിരക്കുകളും നിറഞ്ഞ ആശുപത്രിയുടെ നീണ്ട ഇടനാഴികൾ പിന്നിട്ട് സാവധാനം നീങ്ങിയ ശാന്തമായ ഗാനം അവിടമാകെ ഒരു പ്രത്യേക ഉണർവ്വുണ്ടാക്കി. നേർത്തു നേർത്തു വന്ന ഗാനത്തിന്റെ ശീലുകൾ അവസാനം അവരിൽ തന്നെ മടങ്ങിയെത്തിയപ്പോൾ മനോഹരമായ എന്തോ അവസാനിച്ച പ്രതീതി ബാക്കിയായി.
"അമ്മേ വിശക്കുന്നു.." എന്ന് മലയാളത്തിൽ പറഞ്ഞുണർന്ന മോളുടെ ശബ്ദം ഏതോ മന്ത്രികലോകത്തു നിന്നും അവരെ മടക്കികൊണ്ടു വന്നു. ഭാഷയുടെ പ്രത്യേകതയാകാം, അമ്പരപ്പോടെ തലയുയർത്തിയ അവർ അരുണിനെയും കുഞ്ഞിനെയും ശ്രദ്ധിച്ചു. മുൻപരിചയമുള്ള ഒരാളെ വർഷങ്ങൾക്ക് ശേഷം കാണുന്നത് പോലെ അവരുടെ കണ്ണുകൾ അരുണിനെയും കുഞ്ഞിനെയും കടാക്ഷിച്ചു കൊണ്ടിരുന്നു.അതിൽ ഈർഷ്യ തോന്നിയ അരുൺ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോയി..
"മലയാളികളാണോ..?"
സ്ഫുടമായ മലയാളത്തിൽ അവർ ചോദിച്ചപ്പോൾ അമ്പരന്നത് അശ്വതി ആയിരുന്നു.
"അതേ ! മലയാളം അറിയുമോ?"
"അറിയാം. മലയാളിയായ ഒരു സുഹൃത്താണ് എന്നെ മലയാളം പഠിപ്പിച്ചത്.. മോൾക്കെന്താ അസുഖം?"
മോളുടെ കയ്യിലെ ക്യാനുലയുടെ ഓർമ്മയിൽ തുടർസംഭാഷണത്തിന് അവർ തന്നെ തുടക്കമിട്ടു.
"ആസ്തമയാണ്.... കേരളത്തിൽ വന്നിട്ടുണ്ടോ..?"
ബാക്കിയുള്ള സംഭാഷണം പൂരിപ്പിച്ചുകൊണ്ട് അശ്വതിയുടെ ചോദ്യത്തിന്,
"ഇല്ല" എന്നുമാത്രം ഉത്തരം നൽകിക്കൊണ്ട് അവസാനിപ്പിച്ചു.
അന്നുതന്നെ ജോലിക്ക് ജോയിൻ ചെയ്യേണ്ടതിനാൽ ചൂണിലാൽ വന്നതെ അരുൺ ഇറങ്ങി. ചൂണി കൊണ്ടുവന്ന ഭക്ഷണം അവർക്കും പങ്കുവെക്കാൻ തുനിഞ്ഞപ്പോൾ നിരസിച്ചുകൊണ്ട് അവർ മോൾടെ പേര് ചോദിച്ചു...
" വൈഷ്ണവി.." എന്നവൾ കൊഞ്ചിപ്പറയുമ്പോൾ ,
ഒരു നേർത്ത പുഞ്ചിരിയോടെ
"എന്റെയും പേര് വൈഷ്ണവി" എന്നാണെന്ന് പറഞ്ഞു.
പിന്നീട് അവർ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
എത്രയൊക്കെ താഴിട്ട് പൂട്ടിയാലും ലൗകീകതയുടെ കെട്ട് പൂർവ്വാധികം ശക്തിയോടെ ആത്മീയതയെ പൊട്ടിച്ചെറിയാറുണ്ട്. ചിലപ്പോഴൊക്കെ തിരിച്ചും...
ഇവിടെയും അത്തരമൊരു പരിവർത്തനം നടക്കുകയാണ്.
അവരുടെ ഏക്-താര എന്നറിയപ്പെടുന്ന ഒറ്റകമ്പി വീണയിൽ നിന്നും ഒഴുകിയെത്തിയ നേർത്ത രാഗം ഏകാന്തതയും വിരഹവും സമന്വയിപ്പിച്ച് അവിടമാകെ അലഞ്ഞു നടന്നു.
ഉച്ചഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് യാതൊരു മുഖവുരയുമില്ലാതെ ബംഗാളി ച്ചുവയുള്ള ഇംഗ്ലീഷും മലയാളവും ഇടകലർത്തി അവർ ഒരു കഥ പറയാൻ ആരംഭിച്ചു.
ബാല്യത്തിന്റെ സുന്ദരമായ ഏടുകളും കൗമാരത്തിന്റെ പടിക്കെട്ടിൽ ഒറ്റയ്ക്കാക്കി അകാലത്തിൽ വേർപിരിഞ്ഞ അച്ഛനമ്മമാരും ബാവുലുകളെ പറ്റി ഗവേഷണത്തിനിറങ്ങിയ കൗമാരം പിന്നിട്ട പെൺകുട്ടിയുടെ നഷ്ടപ്രണയവും അവർ വിവരിക്കുമ്പോൾ അശ്വതി അറിയുകയായിരുന്നു വൈഷ്ണവി എന്ന ബാവുൽ ഗായികയെയും,അവർക്കും തനിക്കുമിടയിലെ കുറഞ്ഞു വന്ന ദൂരത്തെയും..
വൈകീട്ട് അരുൺ എത്തിയതിന് ശേഷം അവർ ഒന്നും സാംസാരിച്ചില്ല. പക്ഷെ
രാത്രി ഏറെ വൈകും വരെ അവർ പാടികൊണ്ടിരുന്നു. ബംഗാളിലെ ബിർഭും ജില്ലയുടെ വിശാലതകളിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ ചതുരത്തിൽ വേരുകൾ ആഴ്ത്താതെ പാടി അലയുന്ന നാടോടി ഗായികയായി അവർ മാറുന്നത് അരുൺ അറിഞ്ഞു. എല്ലാം മറന്ന് പാടുമ്പോൾ, സർവ്വേശ്വരനിൽ ലയിച്ചു ചേരുന്നതിന്റെ ആനന്ദം അവരുടെ നേർത്ത സ്വരത്തിൽ എഴുന്നു നിന്നു.
ബാവുൽ ഗായകരുടെ അന്തരാത്മാവിലെ സംഗീതം ഭഗവനോടുള്ള പ്രണയമായി ഒഴുകുകയാണ്.
"സമയം പോയി പ്രിയ കൂട്ടുകാരെ..π
സമയം അന്തിയോടടുത്തു..π
തിരിച്ചു പോകാൻ തയ്യാറെടുക്കുക...π"
ദൂരെയേതോ അനന്തബിന്ദുവിൽ ലയിപ്പിക്കുകയാണ് അവരുടെ സംഗീതം എന്ന് തോന്നിക്കും വിധത്തിൽ സ്വയം മറന്നും കേൾക്കുന്നവരെ ലയിപ്പിച്ചും അവർ പാടുകയാണ്...
ഇടയ്ക്ക് പാട്ട് നിർത്തി, ഭാണ്ഡക്കെട്ടിന്റെ ഉള്ളിൽ നിന്നും ഒരു ഡയറി എടുത്തത് വരാന്തയിലെ ബൾബ് വിതറിയ മങ്ങിയ വെളിച്ചത്തിൽ അരുൺ കണ്ടു. സ്വയമറിയാതെ അവരിലേക്ക് തെന്നിച്ചെല്ലുന്ന കണ്ണുകൾ അടക്കി നിർത്താൻ മിനക്കെടാതെ അരുൺ അവരെത്തന്നെ ശ്രദ്ധിച്ചു കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
ഇടയ്ക്കെപ്പോഴോ ഒരു നേർത്ത തേങ്ങൽ കേട്ടാണ് അരുണും അശ്വതിയും ഉണർന്നത്. അപ്പോൾ മരണത്തോട് മല്ലടിച്ചുകൊണ്ട് പാടി തീർന്ന ഗാനം പോലെ അവരെ കണ്ടു..
അരുണിനെ കണ്ടതും
"ഛെലെ , ആമി കുഛു ജൽ ചായി"
(മോനെ അല്പം വെള്ളം തരുമോ)
എന്നവർ ആവശ്യപ്പെട്ടു.
വേഗം കുപ്പിയിൽ ഇരുന്ന വെള്ളം അവരുടെ വായിലേക്ക് ഇറ്റിക്കുമ്പോൾ അശ്വതി നഴ്സിനെ വിവരമറിയിക്കാൻ ഓടുകയായിരുന്നു.
വാത്സല്യം കിനിയുന്ന കണ്ണുകളോടെ , അവർ അരുണിന്റെ കൈകളിൽ ചുംബിച്ചു. അവരുടെ കൈകളിൽ ചേർത്തുപിടിച്ചിരുന്ന ഏക്-താര അരുണിന്റെ കൈകളിൽ ഏല്പിച്ചു കൊണ്ട് നിദ്രയിലായ മോളെ കാണിച്ചു അവൾക്ക് കൊടുക്കണമെന്ന് പറയാതെ പറഞ്ഞു. സാവധാനം ഈശ്വരനിൽ അഭയം പ്രാപിച്ചു.
ഒരു മരണത്തിന് സാക്ഷിയാവുക എന്നതിലും അപ്പുറം അവർ ആരോ ആയിരുന്നെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അവരുടെ ഏക്-താര മോളുടെ കൈകളിൽ സുരക്ഷിതമായി ചേർന്നിരുന്നു.
അവരുടെ മുഷിഞ്ഞു നാറിയ ഭാണ്ഡക്കെട്ടിൽ നിന്നും പുറത്തുചാടിയ പഴകിയ ഡയറിത്താളുകളിൽ എഴുതിവെച്ച രഹസ്യങ്ങൾ അരുണിന്റെ മനസ്സിൽ തീർത്ത നിശബ്ദത അറിഞ്ഞത് അശ്വതി മാത്രമായിരുന്നില്ല.. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെ ആരുമറിയാതെ കരഞ്ഞുകൊണ്ട്‌ ചിരിച്ച ചൂണിലാൽ കൂടിയായിരുന്നു.
മോൾക്ക് അച്ഛനിട്ട പേരിന്റെ അർത്ഥവും അച്ഛന് സമ്മാനമായി കിട്ടിയ വലിയ വീടിന്റെ ഉടമയും വലിയൊരു ഉത്തരമായി വൈഷ്ണവി എന്ന വൃദ്ധ ബാവുൽ സന്യാസിനിയിലേക്ക് എത്തുമ്പോൾ ഒരു നിയോഗം പൂർത്തിയാക്കപ്പെടുകയായിരുന്നു. മകന്റെ സ്ഥാനത്തു നിന്നും അവരുടെ ചേതനയറ്റ ശരീരം ഒപ്പിട്ടു വാങ്ങുമ്പോൾ വർഷങ്ങളുടെ പ്രണയവും കാത്തിരിപ്പും വാത്സല്യവും ലക്ഷ്യം കാണുകയായിരുന്നു..
ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന ബാവുൽ സന്യാസിനി എന്തുകൊണ്ട് ബാവുൽ ജീവിതരീതികൾ മറന്ന്, ഒരു രാത്രിയിലേക്ക് മാത്രമായി അതേ ആശുപത്രിയിൽ അതേ മുറിയിൽ അഭയം തേടിയതെന്ന ചോദ്യം അവശേഷിപ്പിച്ചു ഒരു ബാവുൽ നാടോടി സംഘം, ഉറക്കെ പാടികൊണ്ട് ആ ഹോസ്പിറ്റലിനെ കടന്നുപോയി.
" പാടുക ഹേ! ബാവുൽ ഗായകാ.π..
പാടുക പരമാനന്ദപ്പാൽക്കടലിൽ
വിലയം തേടും പാർശ്വകയാം നദി പോലെ......π.."
അശ്വതി അരുൺ
11-05-2018
(മംഗളം ഓണപ്പതിപ്പിൽ വന്ന കഥ. മംഗളം ഗ്രൂപ്പിനും നല്ലെഴുത്തിനും എന്നും നന്ദിയോടെ സ്നേഹത്തോടെ..)

ചില വായിച്ചറിവുകൾ..

.Image may contain: 2 people, people smiling, people standing and outdoor
കഥ ; ദൈവത്താളുകൾ
എഴുതിയത് : സുനു Sunu S Thankamma
ഒരു വായനയ്ക്ക് ശേഷം മനസ്സിൽ തികട്ടിവന്നത് ഊരും പേരും രൂപവും അറിയാത്ത ചിലരുടെ കരച്ചിൽ ശബ്ദമാണ്. എന്തുകൊണ്ടാണ് അതെന്ന് എത്ര ആലോചിച്ചിട്ടും പിടിതരാതെ വഴുതി മാറി. പുനർവായനയിൽ തെളിയുന്ന അർത്ഥങ്ങൾ നൽകിയത് പുതിയൊരു ലോകമാണ്.
കഥയ്ക്ക് നൽകിയ ശീർഷകം അന്വർത്ഥമാക്കുകയാണ് ഓരോ വരികളും. അതിനെക്കുറിച്ചു അവസാനം പറയാം. ഒരു കഥാകൃത്ത് എന്ന നിലയിൽ തുടക്കത്തിൽ പറഞ്ഞ ഖണ്ഡിക ഒരുപാട് ഇഷ്ടപ്പെട്ടു. ആരെ വായിക്കുന്നു എന്നതിലല്ല, എന്ത് വായിക്കുന്നു എന്നതിലാണ് കാര്യം. "അല്ലേലും ഞാനൊണ്ടാക്കി വിടുന്നതിനെല്ലാം അങ്ങനൊരു പരാതിയോണ്ട്" ചിരിച്ചുകൊണ്ടാണല്ലോ തുടക്കം എന്ന് കരുതി, ഒന്ന് ചിരിച്ചു പോയി.. കളരിക്കൽ ആന്റണി അണക്കരവഴിക്കൊള്ള അത്തിമരം വെട്ടിയപ്പോൾ കേട്ട ആദ്യത്തെ കരച്ചിലിൽ നമ്മളും ഞെട്ടും. ഒന്ന് ചെവിയോർത്താൽ അറിയാം, അതുപോലൊരു കരച്ചിലുണ്ടോ എന്ന്.. ഇല്ല, നമ്മൾ കേൾക്കില്ല. ഒരുപക്ഷേ, മറ്റാരും കേൾക്കാത്തത് നമ്മൾ കേൾക്കാൻ ഒരു പ്രകൃതിസ്നേഹിയോ കവിയോ ബുദ്ധിജീവിയോ ആകേണ്ട ആവശ്യമില്ല.. ചുറ്റുപാടുകളിലേക്ക് അല്പം ശ്രദ്ധ മാത്രം മതി... കുളിയും നനയുമില്ലാത്ത ആ മൂന്നെണ്ണങ്ങൾ സാക്ഷിയായി, ഉച്ചയോടെ മരത്തിന്റെ ആകാശം ചെരിയുമ്പോൾ നമ്മളെന്തേ കരയാതെ പിരിയുന്നത്... ഇനിയുള്ള ആകാശം നമുക്ക് മാത്രമാണെന്ന് ഊറ്റം കൊണ്ടിട്ടാകും.
ബെന്നിയുടെ ഭാര്യയ്ക്കും ബെന്നിയ്ക്കും പിള്ളേർക്കും കറവപശുവിനും മാത്രമായിട്ട് വെള്ളം ഊറ്റിയെടുക്കണം. അപ്പൊ മൂന്നേക്കറിൽ ബാക്കിയുള്ള പേരറിയാത്ത അവകാശികൾ എന്തു ചെയ്യും.. സ്വാഭാവികമായ ആവാസവ്യവസ്ഥയുടെ ജീവിതചക്രം അവരെ ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന തത്വം ബെന്നിക്കൊപ്പം നമുക്കും വിഴുങ്ങാം. അതുകൊണ്ട് ആ കരച്ചിലും നമുക്ക് കേൾക്കേണ്ടി വരില്ല . പുറം പൊള്ളുന്ന അടിയുടെ വേദനയിൽ അവർ ഓടുമ്പോൾ വെറുതെ ഒന്ന് ശ്രമിച്ചുനോക്കാം, ആ കരച്ചിൽ എന്തിനായിരുന്നു എന്നറിയാൻ..
വറീത് മാടിനെ അറുത്തപ്പോൾ കേട്ട കരച്ചിലും എങ്ങിനെ വന്നുവെന്ന് ആർക്കുമറിയില്ല..
പക്ഷെ ചെറിയാന്റെ മക്കൾ മരിച്ചപ്പോൾ വറീതും ചെറിയാനും ബെന്നിയും ആന്റണിയും കരഞ്ഞപ്പോൾ ചിരിച്ചവർ ഇവരായിരുന്നു എന്നറിയുമ്പോൾ തുടങ്ങുകയാണ് തുടക്കത്തിൽ എന്നെ ചിരിപ്പിച്ച ആമുഖത്തിന്റെ പൊരുൾ... ഇരുനിറക്കാരിയായ എഴുത്തുകാരിയായി സുനു വരുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആരും കാണിക്കാത്ത തന്റേടമാണ് ഇവിടെ കാണുന്നത്. അതൊരു എഴുത്തുകാരി ആയിരുന്നില്ല. ഇതുവരെ കേൾക്കാത്ത കരച്ചിൽ നമ്മൾ കേൾക്കുന്നത് അപ്പോൾ മുതലാണ്. പ്രകൃതിയുടെ വേദന ഏറ്റെടുത്ത, ഹൃദയഭിത്തിയ്ക്ക് എപ്പോഴും ലോലഭാവമാണ്. 'അമ്മ മനസ്സാണ് പ്രകൃതിയ്ക്ക്. അതുകൊണ്ടാകണം സ്ത്രീയെന്ന ഭാവത്തിൽ എഴുത്തുകാരൻ സ്വയം പ്രതിഷ്ഠിക്കുന്നത്. മണ്ണും മുളയും ചേർത്തു നിർമ്മിച്ച വീട്ടിലിരുന്നു സുനു കണ്ടത് ആരും കാണാത്ത കാഴ്ചകളായിരുന്നു. കണ്ടൻ പൂച്ചയും മൂർഖൻ പാമ്പും മുള്ളൻപന്നിയും ചേർത്ത കോമ്പിനേഷൻ വിടർത്തിയ ചുരുൾ ഒരിക്കലും ചേരാത്ത സൂത്രവാക്യത്തിന്റെ സമവാക്യമാണ്. പ്രകൃതിയുടെ താളം നഷ്ടപ്പെട്ടു എന്നൊക്കെ പറയുമ്പോൾ ഞാനടക്കം ചിന്തിക്കാറുണ്ട്, പ്രകൃതിയുടെ താളമോ.. ഒരിക്കലും കേൾക്കാത്ത ആ താരാട്ട്, താളം തെറ്റാതെ ചൊല്ലി കേൾക്കാൻ അവൾ(എഴുത്തുകാരി/കാരൻ) ചെയ്ത സങ്കല്പം എന്നോർത്ത് ആശ്വസിക്കാം.
മകരവിളക്കിലെ തിക്കിലും തിരക്കിലും പെട്ട് നൂറ്റാറ് പേര് ചത്തത് ഓർമ്മിപ്പിച്ചത് നന്നായെന്നു ഞാനും പറയുന്നു. തേക്കടി ബോട്ട് ദുരന്തവും ഓർത്തു. ചതുപ്പ് നികത്തി പണിതുയർത്തിയ ആ വിഗ്രഹത്തോടുള്ള പ്രാർത്ഥന അത്രയേറെ ആഴത്തിൽ കേൾക്കേണ്ടതാണെന്നു തോന്നുന്നു. അർത്ഥമില്ലാത്ത പ്രാർത്ഥനയുടെ പൊരുൾ തേടുന്ന തിരക്കിൽ അത്തവണയും ആ വൃകൃത ജീവികളുടെ കരച്ചിൽശബ്ദം കേൾക്കാൻ കഴിയാതെ പോയത് നമ്മുടെ പരാജയം.. എങ്കിലും ടിപ്പറും ജെസിബിയും ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നുണ്ട് നമ്മളും. കാരണം ഇപ്പൊ ആ ചിരി മാത്രമേ കേൾക്കാറുള്ളൂ.. പക്ഷെ എല്ലാ കരച്ചിലും പിന്തള്ളി, ഒരു മണ്ണിടിച്ചിലിനും പ്രളയത്തിനും രക്ഷപ്പെടുത്താൻ കഴിയാത്ത ദുർബല ശക്തിയെ ഉപാസിക്കുമ്പോൾ നമുക്ക് വെറുതെ വിളിക്കാം, ആ എഴുത്തുകാരി പെണ്ണിനെപ്പോലെ വലിയ മനസ്സുള്ള ആളുകളെ... കാരണം അവർക്കാണ് നമ്മളാരും കേൾക്കാത്ത കരച്ചിലും ചിരിയും കേൾക്കാൻ കഴിയുക..അവർക്കാണ് നേരത്തെ പറഞ്ഞ താരാട്ടിന്റെ ഈണം കേൾക്കാൻ കഴിയുക...
തറേപ്പിള്ളി സെബിന്റെ പെണ്ണുംപിള്ള വീടിന്റെ വർക്കേരിയയിൽ കിടന്ന് പെറ്റപ്പോൾ പിറവിയെടുത്തത് പോലെ അവതരിച്ച ആദിവാസി ചെറുക്കന്റെ നിലവിളി അറിയാതെ പോയത് മഴ മറന്ന ആകാശത്തെ കുറിച്ചു നിലവിളിക്കാനും മൂടപ്പെട്ട ചതുപ്പ് ഓർത്തു വിലപിക്കാനും സമയം കണ്ടെത്താനുള്ള തിരക്കിലായത് കൊണ്ടാണ്. അല്ലെങ്കിലും ഒരു മനുഷ്യശിശു പിറവി കൊള്ളുമ്പോൾ അത്രയേറെ നാശത്തിന്റെ വിത്ത് പാകുന്ന തിരക്കിലാണ് അവന്റെ ശ്രദ്ധ.ഒരു ജീവൻ നശിക്കുമ്പോൾ അത്രയും നേട്ടം പ്രകൃതിയ്ക്കും. അതുകൊണ്ടാണ് ചെറിയാന്റെ മക്കൾ മരിക്കുമ്പോൾ ചിരിക്കുന്നതും, സെബിന്റെ ഭാര്യ പ്രസവിക്കുമ്പോൾ കരയുന്നതും..ആസ്പത്രിയെന്ന പേരിന്നടിയിൽ ഒളിപ്പിച്ച ഇറച്ചി കച്ചവടകേന്ദ്രത്തിന്റെ പരാമർശം ഒന്ന് ചിന്തിപ്പിച്ചു കടന്നുപോകുമ്പോൾ നമ്മൾ അറിയാതെ വന്നുപെട്ട ഊരാക്കുടുക്കിന്റെ ഭയാനകത വിവരിക്കപ്പെടുകയാണ്.
അവസാനം ടിപ്പർ ലോറിയിടിച്ചു മരിച്ചു വീഴുമോ എന്ന് ഭയക്കുമ്പോൾ അറിയാതെ തേടിപോകുന്നത് ആ എഴുത്തുകാരിയെയാണ്. അവളുടെ തൂലിക നിശ്ചയിച്ച നിയമങ്ങളിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ കൊതിച്ചുപോകും..എന്നാൽ അവൾ മരിച്ചു കൊണ്ടിരിക്കുന്ന നിയമാധികാരി ആണെന്ന സത്യത്തെ അംഗീകരിച്ചു, ശിരസ്സ് നമിച്ചു മടങ്ങുമ്പോൾ, ഒരൊറ്റ പ്രാർത്ഥന മാത്രമാകും ബാക്കി.(കുഞ്ഞുങ്ങളുടെ കരപ്പൻ മാറ്റാനല്ല..)ശീർഷകം നൽകിയ സൂചന ഇവിടെയാണ് പൂർണ്ണമാകുന്നത്. "ദൈവത്താളുകൾ" എഴുതികൊണ്ടിരിക്കുന്ന, അപൂർണ്ണമായ പ്രകൃതിയുടെ അക്ഷരങ്ങളാണ്.. അമ്മയുടെ താളിലൂടെ 'അമ്മ നൽകുന്ന നന്മയെഴുത്ത്. അതിൽ ശാസനയുണ്ട്, കരുതലുണ്ട്,പരിഭവമുണ്ട്, സ്നേഹമുണ്ട്, വെറുപ്പുണ്ട്.. എല്ലാം വേണം. പക്ഷെ ശാപം നൽകിയാൽ മോക്ഷമാകേണ്ടതും അവിടുന്നാണ്. അവളോട്, ആ പേര് കൊണ്ട് സൂചിപ്പിക്കപ്പെട്ട എഴുത്തുകാരിയോട്... "അമ്മേ.. എനിക്ക് മാപ്പ് നൽകു.. എന്റെ ജനിച്ചു കഴിഞ്ഞ കുഞ്ഞുങ്ങൾക്കും ജനിക്കാനുള്ള മക്കൾക്കും വേണ്ടി, മാപ്പ് തരൂ അമ്മേ..." എന്ന് വിലപിക്കാതെ വായന നിർത്തുക അസാധ്യം..
ഇനിയൊരു വിലയിരുത്തൽ..
പ്രാദേശിക ഭാഷയുടെ പിൻബലത്തിൽ എഴുതപ്പെട്ട ഈ പ്രകൃതി വരികളിൽ എഴുത്തുകാരന്റെ, നമ്മുടെയൊക്കെ ആത്മാവ് ദൃശ്യമാണ്. ചുറ്റുപാടുകൾ കാണാത്തവർക്ക് എഴുതാൻ കഴിയില്ല എന്ന് തോന്നുന്നു. നാടിന്റെ ഭംഗിയറിയണമെങ്കിൽ പ്രവാസി എഴുതണം. എന്നാൽ നാട്ടിലിരുന്നു നാടറിയാൻ കഴിയുന്നവർ വിരളമാണ്. ശ്രീ. സുനു ഇതിനു മുമ്പും ഇത് തെളിയിച്ചിട്ടുണ്ട്. ചില മുൻകരുതലുകൾക്ക് ഒരു പാഠപുസ്തകമാണ് സുനു മാഷിന്റെ ഒട്ടുമിക്ക കഥകളും.
ഒരുപാട് കാര്യങ്ങൾ ഒരേ ക്യാൻവാസിൽ പകർത്തുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ താളപ്പിഴകൾ ഇവിടെയും സംഭവിച്ചു എന്നതാണ് ഒരു പോരായ്മയായി അനുഭവപ്പെട്ടത്. ഒരു കഥയുടെ പിൻബലത്തിൽ എടുത്തുപറയേണ്ടുന്ന ഒരു കഥയായി വിവരിക്കാൻ " ദൈവത്താളുകൾക്ക് " സാധിച്ചില്ല എന്നതും മറ്റൊരു പോരായ്മയാണ്. എങ്കിലും വ്യത്യസ്തമായ അവതരണത്തിന്റെ മികവിൽ ഇതൊന്നും ഒരു കുറവായി തോന്നുന്നില്ല എന്നത് മറ്റൊരു സത്യമാണ്.
നല്ലെഴുത്തിലെ ഈ അമൂല്യ തൂലികയ്ക്ക്, ഈ തൂലികയെ വായനക്കാരിലേക്ക് എത്തിച്ച നല്ലെഴുത്തിന് നിറയെ ഭാവുകങ്ങളോടെ..
അശ്വതി അരുൺ
ഒക്ടോബർ 5, 2018

ചില പ്രണയാക്ഷരങ്ങൾ.

Image may contain: 2 people, people smiling, people standing and outdoor...

നല്ല വായനയ്ക്ക് ഒരിടം വേണം. അവിടെ നല്ല എഴുത്തുകളുണ്ടാവണം. നല്ല എഴുത്തിന് നല്ല എഴുത്തുകാർ വേണം. നല്ല എഴുത്ത് പൂർണ്ണമാവണമെങ്കിൽ നല്ല വായന ഉണ്ടാവണം. ഇതൊരു ചക്രമാണ്. അവസാനത്തേതിൽ നിന്നും തുടക്കത്തിലേക്കും തുടക്കത്തിൽ നിന്നും
അവസാനത്തേതിലേക്കും സഞ്ചരിക്കുന്ന ചക്രം. നല്ലെഴുത്ത് അത്തരം പൂർണ്ണതകൾ ചേർന്ന,പൂർണ്ണതകൾ തേടുന്ന ചക്രമാണ്. എഴുത്തിന് വിഷയം ഒരു പ്രശ്നമാകരുത്. പ്രത്യേകിച്ചു പ്രണയം. ആശയവും അവതരണവും പശ്ചാത്തലവും ഭാഷയും കൊണ്ട് വായനക്കാരിൽ പ്രണയം പലവിധത്തിൽ അനുഭവിപ്പിച്ച അഞ്ച് പ്രണയകഥകൾ കഴിഞ്ഞ ആഴ്ച്ച നല്ലെഴുത്തിലൂടെ വായിക്കാൻ സാധിച്ചു. ഒരു വായനക്കാരി എന്ന നിലയിൽ ഞാനത് ആസ്വദിച്ചു. അതിലേക്ക്....
പ്രണയം എഴുത്തിൽ കൊണ്ടുവരിക എന്നതൊരു വെല്ലുവിളിയാണ്. കേട്ടുമറന്ന, അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന തുടർക്കഥകളാണ് പ്രണയം. പക്ഷെ വ്യത്യസ്തത എഴുത്തിൽ വരുമ്പോഴാണ് പ്രണയം "പ്രണയം" പോലെ ഹൃദ്യമാകുന്നതും അതേ തീവ്രതയോടെ, അതെ ലാളിത്യത്തോടെ ആസ്വദിക്കാനാകുന്നതും.
1. അറേഞ്ചഡ് ലൗ മാരേജ്.
എഴുതിയത്: രാഖി റാസ് രാഖി റാസ്
ഒരു നിയന്ത്രണ രേഖയ്ക്കുള്ളിൽ സുരക്ഷിതമായി നീങ്ങുന്ന ഭാഷ കൊണ്ട് വ്യത്യസ്തമായ കഥയാണ് "അറേഞ്ചട് ലൗ മാരേജ്". മുരളി എന്ന പയ്യനും മധുരിമ എന്ന പെണ്ണും ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നതും തുടർ സംഭവങ്ങളുമാണ് ഇതിവൃത്തം. ഒരൊറ്റ ദിവസത്തെ ആസ്പദമാക്കിയാണ് കഥ മുമ്പോട്ട് നീങ്ങുന്നത്.ഒരു കുപ്പിയിലെ വെള്ളത്തോട് ഉപമിച്ചുകൊണ്ടു ആരംഭിക്കുന്ന കഥ പതിയെ പതിയെ യാത്രയുടെ ഒപ്പം വായനക്കാരെയും കൂട്ടിക്കൊണ്ടു പോകുന്നു. പലപ്പോഴും ട്രെയിൻ യാത്രയ്ക്കിടയിൽ അടുത്തിരിക്കുന്ന വ്യക്തിയെ, പ്രത്യേകിച്ചും അയാൾ വായനയിൽ ആണെങ്കിൽ ശ്രദ്ധിക്കുക ഒരു വിനോദമാണ്. ഒരു ബുക്കിന്റെ പശ്ചാത്തലത്തിൽ കഥയെ വികസിപ്പിക്കുമ്പോൾ ഒരേ രസവാക്യത്തിൽ കൊരുത്തുകൊണ്ടു കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരെ കൂട്ടാൻ കഴിയുക അഭിനന്ദനീയം.
സ്നേഹത്തിന് രേഖപരമായ ഉറപ്പുകൾ ആവശ്യമില്ലെന്ന് അടിവരയിട്ട വാചകങ്ങൾ സമർത്ഥിക്കുന്ന ഭാഗങ്ങളാണ് പിന്നീട് കഥയിൽ.ഭയം മൂലം പിൻവാങ്ങുന്ന സ്നേഹവും സ്നേഹമില്ലായ്മയും അശ്ലീലമാണെന്ന പ്രയോഗത്തിൽ കാലികമായി ഉൾക്കൊള്ളിച്ച ചില സത്യങ്ങളുണ്ട്.രഹസ്യങ്ങൾ പങ്കുവെക്കുന്നത് അപരിചിതരോടാണെങ്കിൽ സുരക്ഷിതമാണെന്ന സിദ്ധാന്തം ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ വാചാലമാകുന്നതും പിന്നീട് മൗനത്തിലേക്ക് നീങ്ങുന്നതും കഥയിൽ ഇടയ്ക്ക് പൊങ്ങിവരികയും മറഞ്ഞു തുടങ്ങുകയും ചെയ്യുന്ന സംഭാഷണങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണമാണ്. കരഞ്ഞിട്ട് പ്രയോജനമില്ലെന്നു തോന്നിയാൽ കണ്ണുനീർ ഗ്രന്ഥികൾ നിശ്ചലമാകും എന്ന വാചകം കൊണ്ട് മധുരിമയുടെ അവസ്ഥ സൂഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. ഉപ്പുചുവച്ച ശബ്ദത്തിൽ മധുരിമ പറഞ്ഞത് ഒരു രാത്രികൊണ്ട് അവസാനിച്ച തിരക്കുകളെ കുറിച്ചാണ്.
ഇത്രയും പറഞ്ഞത്, കഥയിലെ ഭാഷയെ അത്രയേറെ ഇഷ്ടമായതിനാലാണ്. ഒരു വാചകത്തിൽ ഒരു അവസ്ഥ മുഴുവൻ ആവാഹിക്കാൻ കഴിഞ്ഞാൽ അതൊരു വിജയമാണ്. കഥയുടെ ഉള്ളറകളിലേക്കോ ആശയത്തിലേക്കോ ഒരു വിശദീകരണം ആവശ്യമില്ല. എങ്കിലും ഇത്രയേറെ സ്വാധീനിച്ച അലങ്കാരങ്ങൾ പറയാതെ പോകുന്നത് എങ്ങിനെ?
2. റൈഹാൻ ഒരു ഇഖ്‌തും സുന്ദരി
എഴുതിയത് : അബു Abu Nujaim Abu Nujaim
തുടക്കത്തിൽ റൈഹാനെ കുറിച്ചുള്ള വർണ്ണനയോടെ തുടങ്ങുന്ന കഥ ഹംദാൻ എന്ന എഴുത്തുകാരനിലേക്ക് പോകുമ്പോഴാണ് യഥാർത്ഥത്തിൽ റൈഹാൻ,ഫാതിഹ് ആരാണെന്ന് വെളിപ്പെടുന്നത്. ജീവിതം സമ്മാനിച്ച ചില കയ്പുനീരുകൾക്കിടയിൽ സ്വയം മറന്ന് ഫാതിഹ് ജീവിക്കുമ്പോഴും ഇടയിൽ തീരത്തോട് അടുക്കുന്ന തിരപോലെ റൈഹാൻ അവനിലേക്ക് ഒഴുകി അടുക്കുന്നു.. റൈഹാൻ പറയുന്നുണ്ട്.. അതൊരിക്കലും പ്രണയമല്ലെന്ന്.. ഒരുപക്ഷേ അത്രയും സുന്ദരിയായ ഒരു സ്ത്രീയോടുള്ള ആകർഷണമാകാം..അല്ലെങ്കിൽ ആരാധനയും സ്നേഹവും ബഹുമാനവും കൂട്ടിയോജിപ്പിക്കപ്പെട്ട പേരറിയാത്ത ഏതോ വികാരം. എന്തായാലും അവൻ തേടുന്നത് അവളെ ആയിരുന്നു.. അവളെ മാത്രം.
കഥയിൽ എവിടെയൊക്കെയോ നഷ്ടപ്പെടുന്നതിന്റെ തീവ്രത മുഴച്ചു നിൽക്കുന്നുണ്ട്. സ്വാഭാവിക സൗന്ദര്യം നഷ്ടമാകുന്ന സ്ത്രീകൾ, ഇഖ്തും നഗരത്തിന്റെ ഭംഗിയായി കണ്ടിരുന്ന കാലത്തിൽ നിന്നും ഇത്രത്തോളം മാറ്റം, ഒക്കെ എന്തൊക്കെയോ നഷ്ടമാകുന്നു എന്ന് പറയുന്നു. അതുപോലെ ബാപ്പിയുടെ മരണം ഉമ്മിയിൽ തീർക്കുന്ന ശൂന്യത , അന്നം നൽകുന്ന വാഹനത്തോട് വർത്തമാനം പറഞ്ഞും തലോടിയും തീർക്കുന്ന ഉമ്മി.. നഷ്ടങ്ങൾ നൽകുന്നത് ശൂന്യതയാണ്. ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത എന്തൊക്കെയോ...
റൈഹാൻ ഫാതിഹിന് ആരായിരുന്നു എന്നതിലും വലുത്, അവൾക്ക് അവൻ ആരായിരുന്നു എന്നതാണ്.. ഒരു സ്ത്രീയിൽ എപ്പോഴും ഉണ്ടാകുക മാതൃഭാവമാണ്. അത് ഭർത്താവിനോടായാലും പിതാവിനോടായാലും സഹോദരനോടായാലും സുഹൃത്തിനോടായാലും ചെറുതായി ഒരു മാതൃഭാവം അവൾ സൂക്ഷിക്കുന്നുണ്ട്. അവളിൽ ഉറങ്ങുന്ന അടിസ്ഥാന ഭാവം മാതൃത്വം തന്നെയാണ്. റൈഹാൻ മുതിർന്നതാണ്.. ഫാതിഹിനെക്കാൾ. അവൾ മറയില്ലാതെ സംസാരിക്കുമ്പോഴും അവസാനം വേശ്യയാണെന്നു ഓർമ്മിപ്പിക്കുമ്പോഴും അവൾ ആഗ്രഹിക്കുന്നത് ഒരു സുകൃതമാണ്. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് അറിയുന്ന ഒരുവളുടെ വേദനയാണ്..
ഇഖ്തും നഗരവും അവിടുത്തെ സ്ത്രീകളുടെ വിവരണവും തീർച്ചയായും വായനക്കാരെ മറ്റൊരിടത്തേക്ക് കൂട്ടികൊണ്ടുപോകുന്നു..കഥയിൽ പറയുന്നത് പോലെ, മുമ്പിൽ കാണുന്ന കടൽ മാഞ്ഞുപോയി മരുഭൂമി സൃഷ്ടിക്കപ്പെടുന്നത് പോലെ, എന്റെ മുമ്പിലെ പച്ചപ്പ് മാഞ്ഞുപോയി അവർക്ക് മുമ്പിലെ കടലും ഫാതിഹ് വഴിയറിയാതെ അലഞ്ഞു നടന്ന നഗരവീഥികളും തെളിഞ്ഞു വന്നു.. എന്തിന്, ഇഖ്തും നഗരത്തിന്റെ ഇടവഴികളിൽ പ്രതിഷ്ഠിക്കപ്പെട്ട സിംഹ പ്രതിമകൾ പോലും നമുക്ക് മുമ്പിൽ വന്നുവെന്ന് തോന്നുന്നു. ഒരു നിമിഷത്തേക്ക് വായനക്കാരും ആ വാഹനത്തിൽ ഇരുന്നു.. അതേ വഴിയിൽ സഞ്ചരിച്ചു...ഫാതിഹിന്റെയൊപ്പം നടന്നു..
മികച്ച ആഖ്യാനം കൊണ്ടും അവതരണം കൊണ്ടും ഭാഷ കൊണ്ടും ആശയം കൊണ്ടും പശ്ചാത്തലം കൊണ്ടും ഏറെ വ്യത്യസ്തമാണ് ഈ രചന..
3. ഏഴു ചുംബനങ്ങൾ
എഴുതിയത് : ഗോപകുമാർ Gopakumar GK
സുന്ദരമായ ചുംബനത്തിന്റെ വർണ്ണനയോട് കൂടിയാരംഭിക്കുന്ന കഥ തേടുന്നത് ഒരു ഗന്ധമാണ്. ആറു ജന്മങ്ങൾ കടന്നുവന്ന് തഴുകിമറഞ്ഞ ഒരു ഗന്ധം .മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ചുംബനത്തിൽ ഒളിപ്പിച്ച ഒരു ഗന്ധമായിരുന്നു അവൾക്ക് അവൻ. തടവറ സമ്മാനിച്ച ഏകാന്തതയിൽ അവളുടെ ഭാവനയാകാം അവൻ എന്നത്. യാഥാർഥ്യവും സങ്കല്പവും ഇഴചേർത്ത കഥയിൽ പ്രണയം അതിന്റെ എല്ലാ ഭംഗിയോടും കൂടി വായനക്കാരെയും ചുംബിക്കുകയാണ്. ഒരു കത്തിന്റെ പിൻബലത്തോടെ ചിത്രയെ തേടിയെത്തുന്ന അക്ഷരങ്ങൾക്ക് വേണ്ടി ഈ കഥയിലൂടെ യാത്ര ചെയ്തവരും കാത്തിരുന്നു. സ്ക്കിസോഫ്രീനിയ എന്ന രോഗമാണ് അവൾക്കെന്നു വിധിയെഴുതിയ ഡോക്ടർ അറിഞ്ഞിരിക്കില്ല, ഇത്തരം ഭ്രാന്തിനും അപ്പുറം കോർത്തിരിക്കുന്ന പ്രണയത്തിന്റെ രസച്ചരട്. അയാളായിരുന്നു അവളുടെ ഭ്രാന്ത്. ആ ഭ്രാന്തിന് വേണ്ടിയാകണം അവസാനം അതുപോലൊരു ട്രെയിൻ യാത്രയിൽ അവൾ വിട പറഞ്ഞു പോകുന്നത്. അങ്ങിനെയൊരു ചുംബനവും അവളെ തേടിയെത്തിയ പ്രണയാർദ്രമായ വരികളും വെറും ഭ്രാന്തൻ സങ്കല്പമെന്ന സത്യത്തിലേക്ക് മടങ്ങിവരാൻ ഒരുപക്ഷേ അവൾ ആഗ്രഹിച്ചു കാണില്ല. ഒറ്റപ്പെട്ട ജീവിതത്തിലെ, ആശ്വാസത്തിന്റെ തുരുത്തിൽ നിന്നും പുറത്തേക്ക് വരാൻ ഇഷ്ടമാകാത്തതാകാം അവൾ ആത്മഹത്യ ചെയ്തത്.
ഇടയ്ക്ക് കിതച്ചും ഇടയ്ക്ക് കുതിച്ചും ആവേശത്തോടെ ഓടിമറയുന്ന ട്രെയിൻ പോലെ ഒരു കഥ. പുഴപോലെ ഒഴുകുന്ന ലളിതമായ ഭാഷ. അനായാസമായി.. തികച്ചും അനായാസമായി ഇത് വിവരിക്കുമ്പോൾ ഏഴു ജന്മങ്ങൾ കടന്നുപോകുന്നു..എന്നിട്ടോ?.. പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ ഭ്രമവും യാഥാർഥ്യവും ഇഴചേർത്ത അക്ഷരചുംബനങ്ങൾ നൽകി കൊണ്ട് അവസാനിക്കുമ്പോൾ ഒരിക്കലും തീരരുതെ എന്ന പ്രാർത്ഥന നിഷ്പ്രഭമാക്കി എവിടെയോ പോയി മറയുന്നു..
4. LEENA
എഴുതിയത് :ജയചന്ദ്രൻ Jayachandran NT
മൃതുദേഹത്തെ ചുംബിക്കാനും മരിച്ചയാളുടെ വിരലുകൾ ഉണ്ണാനും വേണ്ടി മാത്രമായി പ്രണയം നോറ്റ് കാത്തിരിക്കുന്ന വ്യത്യസ്തമായ കഥയനുഭവമായി അത്ഭുതം തീർത്ത വായനയാണ് ലീന. നര കയറിയ രോമങ്ങൾക്കിടയിൽ മായാതെ കിടന്ന ആറക്ഷരങ്ങൾ കൊണ്ടുപോയത് നഷ്ടപ്പെട്ട പ്രണയത്തിന്റെ തീഷ്ണതയിലേക്കാണ്. കറുപ്പും വെളുപ്പും നിറഞ്ഞ ഫ്‌ളാഷ്ബാക്കിലേക്ക് നടക്കുമ്പോൾ, അനുഭവങ്ങളുടെ ഉച്ചനീചത്വങ്ങൾ നൽകിയത് ഉപ്പും പുളിയും രുചിക്കും തോറും വീര്യം പകർന്ന സുഖമുള്ള എന്തൊ ആയിരുന്നു. ഇടയിൽ ഒരു കടങ്കഥ പോലെ ശാരദേടത്തിയും കമ്മാരനും സായിദിക്കയും മിന്നിമറഞ്ഞു പോകുമ്പോൾ നമ്മൾ ചോദിച്ചു പോകും, ആരായിരുന്നു ശാരദേടത്തി സായിദിക്കയ്‌ക്ക്.. ലച്ചുവും ഉണ്ണിയും നന്ദുവും ഒന്നിച്ചു നടന്ന ഇടവഴികൾ പങ്കിട്ടത് പറയാതെ അറിഞ്ഞ ചില പ്രണയരഹസ്യങ്ങളായിരുന്നു. ശരീരം വേദനിച്ചും മനസ്സ് വേദനിക്കാതെയും എഴുതിച്ചേർത്ത അഞ്ചക്ഷരങ്ങൾ ഒരിക്കലും വേർപ്പെടുത്താനാകാതെ അയാളോട് ചേരുന്നത് ലീനയും അറിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു. കളങ്കമേൽക്കാത്ത പാദങ്ങൾ തേടി വീണ്ടും വരുമ്പോൾ, ജീവനില്ലാത്ത പാദങ്ങളെ ചുംബിച്ചത് ജീവനുള്ള പ്രണയമായിരുന്നു . കാലങ്ങൾ താലോലിച്ച ദിവ്യപ്രണയം. നഷ്ടപ്പെടുമ്പോൾ മാത്രമാണ് നഷ്ടമായതിന്റെ ഭംഗി ആകർഷണീയമാകുക. നേടുന്നതിനെക്കാൾ നഷ്ടമാകുമ്പോഴാണ് പ്രണയം സുന്ദരമാകുക. ഹരി എഴുതിച്ചേർത്ത അഞ്ചക്ഷരങ്ങൾ വെട്ടാതെ തിരുത്തിയതും ഉണ്ണിയാണെന്നു പറയുമ്പോൾ ഇതൊരു കഥ മാത്രമാണെന്ന് സ്വയം വിശ്വസിക്കാൻ നമ്മളും എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
5. ബ്രേക്ക് അപ്.
എഴുതിയത് : അമ്മു സന്തോഷ് Ammu Santhosh
ഒരു ബ്രേക്ക് അപ്പ് വരുത്തുന്ന മാറ്റങ്ങൾക്ക് ഒരു താക്കീതോടെ തുടങ്ങുന്ന കഥ തീവ്രമായ പ്രണയത്തിന്റെ മറ്റൊരു സുന്ദര വായന നൽകുന്നു. നന്നായി പാട്ട് പാടുന്ന, നിറയെ സംസാരിക്കുന്ന, പൂച്ചക്കണ്ണുള്ള, സുന്ദരനായ അമനിലേക്ക് ഇഷയെ അടുപ്പിച്ചത് ജാതിമത വിഭജനത്തിനുമപ്പുറം പ്രണയം നൽകിയ മധുരമായിരുന്നു. ഒരിക്കലും സ്നേഹം ലഭിച്ചിട്ടില്ലാത്തവരുടെ ഹൃദയം എപ്പോഴും കൊതിക്കുന്നത് സ്നേഹിക്കപ്പെടാനുള്ള വ്യഗ്രതയാണ്.ഹൃദയം പൊട്ടുന്ന പ്രണയം ഭ്രാന്താണ്. സിരകളിൽ അഗ്നി പോലെ പടരുന്ന ഭ്രാന്ത്. എല്ലാ ഭ്രാന്തുനുമൊടുവിൽ സാക്ഷാൽക്കരിക്കപ്പെടുന്ന പ്രണയം സുന്ദരമായ നേട്ടമാണ്. ഭ്രാന്തിനും പ്രണയത്തിനുമിടയിൽ വായനയെ എത്തിച്ച ഈ കഥ വേറിട്ട പ്രണയാനുഭവമാണ്.
നല്ലെഴുത്ത് ഒരു ലോകമാണ്. വിവിധ തലത്തിൽ വായനയുടെ അനുഭവം സാധ്യമാക്കുന്ന അക്ഷരലോകം. ഇവിടെ പറഞ്ഞത് പല തരത്തിൽ വ്യാഖ്യാനിച്ച പ്രണയം മാത്രമാണ്. എത്ര വ്യത്യസ്തമാണ് ഓരോ തൂലികയും. എത്ര മനോഹരമായിട്ടാണ് നമ്മുടെ എഴുത്തുകാർ പ്രണയം എന്ന വികാരത്തെ അവരുടെ ഭാഷയിൽ മനോഹരമാക്കിയത്.അതുപോലെ ഓരോ വിഷയവും..
നേരത്തെ പറഞ്ഞത് പോലെ നല്ലെഴുത്ത് എന്ന ചക്രത്തെ പൂർണ്ണമാക്കുന്ന ഓരോ വായനക്കാർക്കും എഴുത്തുകാർക്കും സ്നേഹത്തോടെ..
അശ്വതി അരുൺ
23 sep 2018

സക്കറിയയുടെ ഗർഭിണികൾ (ഒരു സിനിമ അവലോകനം)

Image result for zachariyayude garbhinikal

സിനിമയെ കുറിച്ചു വിലയിരുത്താനോ ഒരു കുറിപ്പ് എഴുതാനോ ഉള്ള അറിവ് എനിക്കില്ല. എങ്കിലും ഒരു സാധാരണ കാഴ്ചയിലുടക്കിയ ചില കാര്യങ്ങൾ ഇവിടെ പറയുന്നു. അലസമായ ഒരു ദിവസത്തെ ചാനൽ കാഴ്ചകൾക്കിടയിൽ എപ്പോഴോ ആണ് ആ പേര് കണ്ടത്.. "സക്കറിയായുടെ ഗർഭിണികൾ".. ശ്രദ്ധിക്കാനുള്ള കാരണം "വെയിൽ ചില്ല പൂക്കുമ്പോൾ" എന്ന ഗാനമാണ്. ചികഞ്ഞു ചെല്ലുമ്പോൾ പ്രത്യേകിച്ചു അർത്ഥമൊന്നും തോന്നാത്ത കുറച്ചേറെ നല്ല വാക്കുകളും പ്രത്യേകമായ ഈണവും കൊണ്ട് അലങ്കരിച്ച ഒരു ഗാനം.. വിഡ്ഢിപ്പെട്ടിയ്ക്ക് മുമ്പിൽ വിഡ്ഢിയാവാൻ തീരുമാനിച്ച ഈ പകലിൽ കുറച്ചു "ഗർഭിണികളെ" കാണാമെന്ന് തീരുമാനിച്ചു റിമോർട്ടിനെ സ്വതന്ത്രമാക്കി.. ഇനി എന്റെ കാഴ്ചയിലേക്ക്...
2013 ൽ അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് "സക്കറിയായുടെ ഗർഭിണികൾ". നഗരത്തിലെ ഏറ്റവും പ്രശസ്തനായ ഗൈനക്കോളജിസ്റ്റാണ് ലാൽ അവതരിപ്പിച്ച സക്കറിയ എന്ന ഡോക്ടർ. അയാൾക്ക് മുമ്പിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്തപ്പെടുന്ന നാല് ഗർഭിണികളെയും അവരുടെ അത്ര നിഗൂഢമല്ലെങ്കിലും ചില നിഗൂഢമായ സാഹചര്യങ്ങളുടെയും ആകെത്തുകയാണ് സിനിമ നൽകിയ അനുഭവം..
ലാൽ, റീമ കല്ലിങ്കൽ, ആശാ ശരത്ത്, സനുഷ, സാന്ദ്രാ തോമസ് എന്നിവർക്കൊപ്പം അജു വർഗ്ഗീസും വേഷമിട്ട വ്യത്യസ്ത സിനിമ, കുറച്ചേറെ ചിന്തിപ്പിച്ചു.. ആഹ്ലാദിപ്പിച്ചു.. വേദനിപ്പിച്ചു...
അമ്മയാകാനുള്ള ആഗ്രഹത്തെ മൂടി വെക്കാതെ തിരുവസ്ത്രം ഊരി ഗർഭം ധരിക്കുന്ന സിസ്റ്റർ ജാസ്മിൻ തന്നെയാണ് ഈ സിനിമയിൽ ഏറെ ആകർഷിച്ച കഥാപാത്രം. സ്ത്രീപക്ഷ സിനിമയ്ക്കുമപ്പുറം അമ്മയെന്ന സത്യത്തെ നേരെ കാണിച്ച ശക്തമായ കഥാപാത്രമാണ് ജാസ്മിൻ. സകല അതിരുകളും ഭേദിച്ചുകൊണ്ട് ഗർഭിണിയാകുന്ന സിസ്റ്റർ ജാസ്മിൻ വലിയൊരു സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എത്രയൊക്കെ അടക്കിവെച്ചാലും പാൽമണം ഇറ്റിക്കാത്ത മാറിടത്തെ നോക്കി ഒരിക്കലെങ്കിലും വിലപിക്കാത്ത "സ്ത്രീ"യുണ്ടാവില്ല.. പ്രകൃതിയുടെ നേർ ചിത്രമാണ് ഓരോ ഗർഭിണിയും,ഓരോ അമ്മയും..
പേറ്റുനോവറിയുന്ന രാത്രിയിൽ തനിയെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ എത്തുന്ന സിസ്റ്റർ ജാസ്മിൻ പറയുന്ന ഒരു വാചകമുണ്ട്.."ജീവിക്കുന്നെങ്കിൽ ഞങ്ങൾ ഒരുമിച്ചു.. മറിച്ചാണെങ്കിൽ..." മാതൃത്വംഅതിന്റെ സകല സീമകളും ലംഘിച്ചു പുറത്തു ചാടിയ മറ്റൊരു രംഗമാണ്, വിശന്ന് കരയുന്ന കുഞ്ഞിന്റെ വായിൽ വിരൽ വെച്ചു കൊടുക്കുന്ന ജാസ്മിൻ. അവന്റെ കുഞ്ഞു മോണകളിൽ വിരൽ തടയുമ്പോൾ കരച്ചിൽ നിർത്തി വിരൽ നുണയുന്ന ആ കുഞ്ഞിന്റെ മുഖം കണ്ട് ഏതൊരു പ്രേക്ഷക ഹൃദയവും ആർദ്രമാകും. മുലയൂട്ടുന്ന അമ്മയോട് ഒരു കുഞ്ഞു എത്രത്തോളം ചേർന്നിരിക്കുന്നുവോ അത്രത്തോളം ജാസ്മിനിൽ ഗീത എന്ന നടി ഈ പ്രായത്തിലും ചേർന്നിരിക്കുന്നു. വളരെ ആസ്വദിച്ചു കുഞ്ഞിന് മുലയൂട്ടുന്ന ജാസ്മിന്റെ സകല വികാരങ്ങളും സ്വാംശീകരിച്ചു ഗീത ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. ജാസ്മിൻ കുഞ്ഞിന് പാലൂട്ടുന്ന ഭാഗം എന്നെ ഓർമ്മിപ്പിച്ചത് ഒരു സത്യമാണ്... ഈ സിനിമയിൽ ഒരു സ്ത്രീയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ എനിക്കേറെ ഇഷ്ടമായ ഭാഗം ഗീതയിലൂടെ കണ്ട ജാസ്മിന്റെതാണ്. പേറ്റുനോവ് ഒരു നോവല്ല.. അതൊരു നിർവൃതിയാണ്... ജന്മസുകൃതമാണ്...പുണ്യമാണ്...
പിന്നീട് എനിക്ക് ഇഷ്ടമായ അടുത്ത "ഗർഭിണിയാണ്" റീമയുടെ ഫാത്തിമ. ഹാസ്യാന്മകമായി വന്നുപോകുന്ന കഥാപാത്രമെങ്കിലും റീമ അവശേഷിപ്പിച്ച വ്യക്തിമുദ്ര കൊണ്ടു കൂടിയാവണം ചില കാര്യങ്ങൾ ചിന്തിപ്പിച്ചു കൊണ്ട് ആ കഥാപാത്രം കടന്നുപോകുന്നത്. ഒരു ഗർഭിണിയ്ക്ക് നമ്മുടെ സമൂഹം നൽകുന്ന സ്നേഹവും കരുതലും ബഹുമാനവും നമ്മുടെ സംസ്കാരത്തോളം വലിയൊരു ഉത്തരമാണ്.( ചില ഒറ്റപ്പെട്ട സംഭവങ്ങൾ മറക്കുന്നില്ല). ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും ആശ്വാസം നേടാനായി ഗർഭിണിയായി അഭിനയിക്കേണ്ടി വരുന്ന ഫാത്തിമ എന്ന നഴ്‌സിനെ ഉൾക്കൊണ്ട് അഭിനയിക്കാൻ ഒരു പരിധിവരെ റീമയ്ക്കായി. എങ്കിലും ചിലയിടങ്ങളിൽ ഹാസ്യത്തിന്റെ രുചി അല്പം വിഷമയമായ അമൃതായോ എന്നൊരു സംശയം ഇല്ലാതില്ല. തിരക്കുള്ള ബസിൽ ഇരിക്കാൻ സീറ്റ് കിട്ടുക, ജോലിഭാരത്തിൽ ഇളവ് ലഭിക്കുക, നീണ്ട ക്യുവിൽ പെട്ടന്ന് തീരുമാനം ഉണ്ടാകുക, സാമ്പത്തിക ബാധ്യതകൾക്ക് ചെറിയൊരാശ്വാസം (വീട്ടു വാടക ഇളവ്) ലഭിക്കുക മുതലായ ചെറിയ-വലിയ നേട്ടങ്ങൾ ഗർഭിണിയ്ക്ക് മാത്രം ലഭിക്കുന്നതാണ്. ഒരു ഗർഭിണിയിൽ സമൂഹം കാണുന്നത് അമ്മയെയാണ് എന്ന് ഫാത്തിമയിലൂടെ സംവിധായകൻ ചൂണ്ടി കാണിച്ചിരിക്കുന്നു. ഒരു സ്ത്രീ ഏറ്റവും ബഹുമാനവും,സ്നേഹവും,വാത്സല്യവും അനുഭവിക്കുന്നത് അവളുടെ കുഞ്ഞിന്റെ ഗർഭാവസ്ഥയിലാണ്. ജീവിക്കാൻ വേണ്ടി ഗർഭിണിയായി അഭിനയിച്ചു സഹതാപം നേടുന്ന കഥാപാത്രം അതേ നിഷ്കളങ്കതയോടെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയിൽ ഏറെക്കുറെ റീമ വിജയിച്ചിരിക്കുന്നു ..കാസർകോടൻ ഭാഷയുടെ തനിമ പ്രേക്ഷക അഭിരുചിയ്ക്കനുസരിച്ചു മാറ്റാത്തത് ഒരുപക്ഷേ അതേ തന്മയത്വം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടാകണം.
പതിനെട്ടാം വയസിൽ ആരാലോ പീഡിപ്പിക്കപ്പെട്ട സൈറ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ അവതരിപ്പിച്ചത് സനുഷയാണ്. ആ പീഡനത്തിലൂടെ അവൾ ഗർഭിണിയാണെന്ന് അറിയുന്നതോടെ കുഞ്ഞിനെ നശിപ്പിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുമ്പോഴും പ്രസവിക്കാൻ തീരുമാനിക്കുന്ന സൈറ ഒരു ഉത്തരമാണ്. സ്വന്തം കുഞ്ഞിന്റെ മുഖം തന്നെയാണ് അവളെ നശിപ്പിച്ചവനുള്ള ഏറ്റവും ശക്തമായ പ്രതികാരം എന്നവൾ തിരിച്ചറിഞ്ഞുവോ? കാർട്ടൂൺ കണ്ട് പൊട്ടിച്ചിരിക്കുകയും, ഗെയിം കളിച്ചു രസിക്കുകയും ചെയ്യുന്ന കുട്ടിത്തം മറാത്ത സൈറ എന്ന പെൺകുട്ടി മറ്റൊരു ശക്തയായ സ്ത്രീയാണ്. ചെറുപ്രായത്തിൽ ഒരു ഗർഭിണിയുടെ വേദനയുൾക്കൊണ്ട്, പ്രസവവേദന അതേ തീവ്രതയോടെ അഭിനയിച്ചു ഫലിപ്പിച്ച സനുഷ ,തന്റെ ഭാഗം ക്ലീയർ ചെയ്തു. അവസാനം ഡോക്ടർ സക്കറിയയ്ക്കും അയാളുടെ ഭാര്യ സൂസനും അവൾ പ്രസവിച്ച കുഞ്ഞിനെ നൽകിക്കൊണ്ട് അവൾ തുടർപഠനത്തിന് പോവുകയാണ്. യാത്ര പറയുന്നതിന് മുമ്പ്, പത്മരാജന്റെ ബുക്ക് ഡോക്ടർക്ക് സമ്മാനമായി നൽകുന്നതിലൂടെ, അവളുടെ കുഞ്ഞിന്റെ പിതൃത്വം വെളിവാക്കുന്നു.. സിനിമയിൽ പറയുന്നത് പോലെ, പിതാവിനാൽ, സഹോദരനാൽ, ഒക്കെ അനുനിമിഷം പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ശക്തമായ പ്രതീകമാണ് സൈറ. കാലമെത്ര കഴിഞ്ഞാലും പത്മരാജൻ എന്ന അതുല്യ പ്രതിഭയുടെ അവശേഷിപ്പുകൾ മലയാള സിനിമയിൽ കണ്ടുമുട്ടിക്കൊണ്ടിരിക്കും. പത്മരാജൻ കൊളുത്തിവെച്ച മാറ്റത്തിന്റെ വിളക്ക് കയ്യിൽ വെച്ചുകൊണ്ടാണ് ഇന്നും, മലയാളസിനിമയും യുവജനതയും സഞ്ചരിക്കുന്നത്.അതിനുള്ള തെളിവാണ് സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയും സൈറ എന്ന കഥാപാത്രവും..
അനുരാധ എന്ന പണക്കൊഴുപ്പുള്ള സ്ത്രീയെ പരിചയപ്പെടുത്തുമ്പോൾ സാന്ദ്രയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും വലിയൊരു സ്പേസ് ബാക്കിയാകുന്നു എന്ന വേദന പലപ്പോഴും തോന്നി. അവിഹിത ഗർഭത്തിന്റെ മതിൽക്കെട്ടിൽ ഭർത്താവിനും ജാരനുമിടയ്ക്ക് വീർപ്പുമുട്ടുന്ന അനുരാധയെ ഒരു സ്ത്രീയായി മാറ്റുകയാണ് അവിചാരിതമായി സംഭവിക്കുന്ന ഗർഭം. പക്ഷെ ആ കഥാപാത്രത്തെയായിരുന്നു റീമ അവതരിപ്പിച്ചതെങ്കിൽ എല്ലാം ചേരുംപടി ചേർക്കാൻ ഒരുപക്ഷേ കഴിയുമായിരുന്നു.. അനുരാധയുടെ കഥ അല്പം നാടകീയമായി എന്നതൊഴിച്ചാൽ ഏറെക്കുറെ എന്നെ തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണ് "സക്കറിയയുടെ ഗർഭിണികൾ"
N. B : ഒരു ഗർഭിണി ജനിക്കുമ്പോൾ, ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു.. ഒരു തുള്ളി മുലപ്പാലിൽ കൈമാറുന്നത് നൂറ്റാണ്ടുകൾ പിന്നിട്ട പിറവിയുടെ രഹസ്യമാണ്..അമ്മയുടെ മടിത്തട്ടിൽ പ്രകൃതിയുടെ നിർവൃതിയുണ്ട്. അതുകൊണ്ട് പൂജിക്കപ്പെട്ടില്ലങ്കിലും അപമാനിതയാവരുത് ഒരു സ്ത്രീയും..
അശ്വതി അരുൺ
17 sep 2018

ഭ്രാന്തന്റെ പശ്ചാത്താപം (ചെറുകഥ)

Image may contain: 2 people, people smiling, people standing and outdoor

ഇരുളിന്റെ കരിമ്പടങ്ങൾ വകഞ്ഞുമാറ്റി നേർത്ത സൂചിമുനകൾപോലെ സൂര്യന്റെ പ്രകാശം കണ്ണുകളെ നോവിച്ചു. ഉറക്കം നഷ്ടമായതിന്റെ വികാരവിക്ഷോഭങ്ങളോ, നിരാശയോ പ്രകടമാക്കാതെ തികച്ചും ശാന്തനായി, തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ച അയാളുടെ കണ്ണുകളോട് പിണങ്ങിയ നിദ്രാദേവതയെവിടെയോ മറഞ്ഞു..
ചെറിയ ശബ്ദതരംഗങ്ങളോടെ നഗരമുണരുകയാണ്.. അതിനോടൊപ്പം അയാളുമുണരാൻ ശ്രമിച്ചു..
നഗരത്തിന്റെ തിരക്കുകളിൽ നിന്നല്പം മാറി, പ്രധാന പാതയ്ക്കുമതിന് സമാന്തരമായി പരന്നു കിടന്ന കടലിനും ഒത്തനടുക്കായി നിന്നിരുന്ന ആ വലിയ ആലിന്റെ ചുവട്ടിലായിരുന്നു തലേന്ന് രാത്രി, അയാളുടെ വീട്ടിലെ, അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വടക്കേമുറി ഒരുക്കിയത്...
അയാൾ ഈ ലോകത്താകെ സ്നേഹിച്ചിരുന്നത് ആ മുറി മാത്രമായിരുന്നു.അവിടെ വെച്ചാണ് ഒരു പുരുഷനാണെന്ന് ആദ്യചുംബനത്താൽ കാമുകി അയാളെ അറിയിച്ചത്.. അവിടെ വെച്ചായിരുന്നു കരിഞ്ഞുണങ്ങാൻ വേണ്ടി മാത്രം വിരിഞ്ഞ സ്വപ്നങ്ങളെ അയാൾ തിരിച്ചറിഞ്ഞത്.. അവിടെ വെച്ചുതന്നെയാണ് വിജയിച്ചുവെന്നു ലോകം വാഴ്ത്തിയ ചവിട്ടുപടികളുടെ ആഘോഷവും ആന്മസംതൃപ്തിയും അയാൾ നുകർന്നിരുന്നത്...എല്ലാത്തിലുമുപരി വഞ്ചിക്കപ്പെട്ടതിലും അപമാനിക്കപ്പെട്ടതിലും മനംനൊന്ത്, ഒരു പ്രതികാരമെന്നോണം വീടും നാടുമുപേക്ഷിക്കാൻ തീരുമാനിച്ചതും അവിടെ വെച്ചാണ്... തീരുമാനങ്ങളുടെ മൂകസാക്ഷിയായി നിലകൊണ്ട ആ മുറി വെറും കല്ലും മണ്ണും തടിയും മാത്രമല്ല.. സങ്കടങ്ങളും പരിഭവങ്ങളും പ്രതീക്ഷകളും തൊട്ടറിഞ്ഞ , അയാളുടെ സ്പന്ദങ്ങൾ ഏറ്റെടുത്ത് ജീവൻ വച്ച ഏതോ അചലവസ്തു കൂടിയായിരുന്നു....
കടൽത്തീരമാകെ വിതറികിടന്ന പൊടിമണ്ണ് പുലരിയുടെ ശാന്തതയിൽ ആലസ്യത്തിലമർന്ന കടലിന്റെ കിന്നാരങ്ങൾക്ക് ചെവിയോർത്തിരുന്നു..
കണ്ണുകൾ പതുക്കെ തുറന്ന്, പ്രഭാതത്തിന്റെ ശാന്തത ആസ്വദിച്ച അയാളുടെ ആസ്വാദനത്തിന്റെ താളം തൊട്ടപ്പുറത്ത് നടന്ന ദാരുണമായ കൊലപാതകത്തിന്റെ ഭീകരതയിലേക്ക് തെന്നിമാറി.. പൊടിമണ്ണിന്റെയിളക്കം അയാളെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചുവെന്നതാകും ശരി..
പൊഴിഞ്ഞുകിടന്ന പഴുത്തയിലകളിലൊന്നിന്റെ അടിയിൽ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന പഴുതാര അയാളുടെ ശ്രദ്ധ മനപൂർവ്വം ക്ഷണിക്കുകയായിരുന്നു... അതിനെ തിരഞ്ഞു നടന്ന ഓന്തിനെ കബളിപ്പിക്കാൻ,പാതിമുറിഞ്ഞ ശരീരവുമായി പഴുതാരക്കു കഴിഞ്ഞതിലയാളും സന്തോഷിച്ചു..പഴുതാര സരസ്വതി ദേവിയുടെ വാഹനമാണെന്നും അതിനെ വേദനിപ്പിക്കരുതെന്നും കുട്ടിക്കാലത്തിന്റെ അറിവില്ലായ്മകളിലെവിടെയോ മുത്തശ്ശി മന്ത്രിക്കുന്നത് വർഷങ്ങൾക്കിപ്പുറമുപ്പുകാറ്റിനൊപ്പം കാതിൽ തഴുകി... എന്നാൽ അല്പനേരത്തിനു ശേഷം പഴുതാരയുടെയൊളിത്താവളം കണ്ടെത്തിയ ഓന്ത്, ആ ജീവിയെ നിഷ്കരുണം അകത്താക്കി..പാതിശരീരവുമായി അഭയം തിരഞ്ഞ വാഹനത്തെ രക്ഷിക്കാൻ കഴിയാതിരുന്ന സരസ്വതിദേവിയുടെ ബലഹീനതയോർത്ത് അയാൾ ഉറക്കെ ചിരിച്ചു... ഉച്ചത്തിൽ ചിരിക്കുന്നത് കേട്ട് ഓന്ത് ക്ഷണനേരത്തിൽ ഓടിയൊളിച്ചു
താൽക്കാലികമായ സന്തോഷങ്ങൾ എന്നുമയാളുടെ ജീവിതത്തിൽ എത്തിനോക്കി കടന്നുപോകാറുള്ളതിനാൽ, കണ്മുമ്പിൽ നടന്ന കൊലപാതകത്തെ പ്രതി പ്രത്യേകിച്ചൊന്നുമയാളെ അലോസരപ്പെടുത്തിയില്ല....
പണ്ട് അയാളൊരു മനുഷ്യനായി ജീവിച്ച ബാല്യകാലത്തിന്റെ നേർത്ത വിസ്മയങ്ങളിലൊന്നിൽ പഴുതാരയെ കണ്ടു തൊഴുതു നിന്നതും ഒളിഞ്ഞു നിന്നു കണ്ട അച്ഛന്റെ കൗതുകം വത്സല്യമായി പുണർന്നതുമായ ഓർമ്മകൾ, ഇഷ്ടമില്ലാതിരുന്നിട്ടുകൂടി തികട്ടിവരുന്ന ദഹനക്കേടായി അയാൾക്കനുഭവപ്പെട്ടു....
അച്ഛൻ... പാതി ജീവൻനൽകിയതിന്റെ കടപ്പാടിന്റെയല്ലാതെ, നിഷ്കളങ്കമായി അയാൾ സ്നേഹിച്ചിരുന്ന സത്യമായിരുന്നു.. അച്ഛൻ മാത്രമല്ല, അമ്മയും.ഓർമ്മകളിൽ സുഗന്ധം തോന്നിയ നാൾവഴികൾ അതുമാത്രമായിരുന്നു... നാലുവയസ്സിന്റെ കുറുമ്പുകളിലെവിടെയോ നഷ്ടമായ അവ്യക്തയമായ രൂപത്തിനുമപ്പുറം സ്നേഹം വിതറിയ നന്മകൾ ആയിരുന്നു അയാൾക്ക് അച്ഛനെന്നത്...
കീറിപറിഞ്ഞതും അഴുക്കുപുരണ്ടതും വളർന്ന് ജടകെട്ടിയ മുടിയിഴകളും കയ്യിൽ കരുതിയ നനഞ്ഞ ചാക്കിനുമപ്പുറം അയാളെ ദർശിക്കാൻ അതുവഴി കടന്നുപോയ ആർക്കും സാധിച്ചിരുന്നില്ലയെന്നതിൽ കൂടുതൽ വർണ്ണനകൾ അയാൾ അർഹിക്കുന്നില്ല....
ശരീരത്തിലടിഞ്ഞു കൂടിയ ദുർമേദസ്സുകൾ നൽകിയ വിരൂപമായ വീർത്ത ശരീരങ്ങളുടെ ഭാരം കുറയ്ക്കാൻ നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും പ്രഭാതസവാരിക്കിറങ്ങിയ കുറച്ചു പണകൊഴുപ്പുകളായ നഗരവാസികളും , ഉദയം തിരഞ്ഞെത്തിയ വിനോദസഞ്ചാരികളെയും ഒഴിച്ചാൽ കടപ്പുറം ഏറെക്കുറെ വിജനമായിരുന്നു..
വർഷങ്ങൾ കണ്ടു പഴകിച്ച കാഴ്‌ചകളിൽ, വ്യത്യസ്തത തിരയുന്ന മനുഷ്യരിൽ നിന്നും അയാളെ വേർപെടുത്തിയത്, പഴമകളിൽ പുതുമ തിരഞ്ഞിരുന്ന അയാളുടെ കണ്ണുകളും ഹൃദയവുമായിരുന്നു..
പുലരിയുടെ ശാന്തത അയാളുടെയുള്ളിലെ അഗ്നിപർവ്വതത്തെ തണുപ്പിച്ചില്ല.. വർഷങ്ങൾ താണ്ടി, വിടാതെ പിന്തുടർന്ന ഓർമ്മകളുടെ നിഴൽചിത്രങ്ങൾ എന്നത്തേയും പോലെ അസ്വാഭാവികത നിറച്ച പെരുമാറ്റങ്ങളാൽ, വ്യത്യസ്തനായ മനുഷ്യനായി ആ കടപ്പുറത്ത് ചുറ്റിത്തിരിയാൻ അയാളെ പ്രേരിപ്പിച്ചു... അസാധാരണമായതെല്ലാം ഭ്രാന്തിന്റെ ലക്ഷണമെങ്കിൽ ആയാളും ഭ്രാന്തനാണ്..
ഭ്രാന്തന്മാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം അയാളെ ഭ്രാന്തനായി ജീവിക്കാൻ പ്രേരിപ്പിച്ചു പോന്നു..
കടമകളും കടപ്പാടുകളും തീർക്കുന്ന അസ്വസ്ഥതയുടെ കണ്ണികൾ അറുത്തുമാറ്റേണ്ടതാണ്...
അടക്കപ്പെടാനാകാത്ത വിധം അരക്കെട്ടിലെ വീര്യം ബലം വെക്കുമ്പോൾ, പെണ്ണുടലിനെ തേടുന്ന പുരുഷൻ പിതാവായും, തന്നിലേക്കിറങ്ങിയ രേതസ്സിനെ ഉള്ളിലെ രക്തത്തിൽ ബന്ധിപ്പിച്ചു , ബീജത്തെ ഭ്രൂണമായും, ഭ്രൂണത്തെ ജീവനായും രൂപാന്തരണത്തിന് വിധേയമാക്കുന്ന സ്ത്രീയെ മാതാവായും കാണുന്ന അലിഖിത നിയമങ്ങളിലാണോ കടപ്പാടിന്റെ നിർവചനം???
പത്തുമാസം ചുമന്നതിന്റെയും വളർച്ചയുടെ പടവുകളിൽ ആശങ്കയുടെ കനലുകൾ കത്തിച്ചതിന്റെയും പ്രത്യുപകാരമാണോ കടമകൾ?
ഇന്ന് അയാളെ സംബന്ധിച്ച്, ആഗ്രഹപൂർത്തീകരണത്തിനു പരസ്പരം ഉടലുകൾ തേടിയവരാണ് ജന്മം നൽകിയ സ്ത്രീയും പുരുഷനും...
സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഉത്തരം കണ്ടെത്തുന്നത് സ്വാഭാവികമായ അയാളുടെ ദിനചര്യകളിൽ പെടുന്നതാണ്..അതല്പം ഉറക്കെയാകുന്നതിനാൽ എല്ലാവരുടെയും ശ്രദ്ധ ഒരുമാത്ര അയാളിലേക്ക് തിരിക്കപ്പെടുകയും ഭ്രാന്തനെന്ന ധാരണയിൽ,എല്ലാവരും അയാളെ കടന്നുപോകുകയും ചെയ്തിരുന്നു...
നിർവചനങ്ങൾ തേടാതെ സ്വയം വഴികൾ കണ്ടെത്തുകയെന്നത് അയാളുടെ മാത്രം പ്രത്യയശാസ്ത്രമായിരുന്നു. അതിനാലാണ്, വളരെയെളുപ്പത്തിൽ, പിൻവിളികളുടെയോ, പരമ്പര്യത്തിന്റെയോ ,സ്നേഹത്തിന്റെയോ കരുതലിന്റെയോ നൊമ്പരശീലുകൾക്ക് കാതോർക്കാതെ ഒരു സുപ്രഭാതത്തിൽ എല്ലാമുപേക്ഷിച്ചിറങ്ങി പുറപ്പെടാൻ എളുപ്പത്തിൽ സാധിച്ചത്....
ഓർമ്മകൾ ചിക്കിചികഞ്ഞെടുക്കുമ്പോൾ അയാൾ വീണ്ടുമൊരഞ്ചുവയസ്സുകാരനിലേക്ക് മടങ്ങി...
അച്ഛന്റെ സ്നേഹം പകരം നൽകാൻ, അമ്മയുടെ വൈധവ്യം വീണ്ടും സിന്ദൂരച്ചുവപ്പിൽ മായച്ചുകളയാൻ വളർത്തച്ഛനെന്ന പേരിലൊരാൾ വരുന്നത് രോഷത്തോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് അയാളുടെ പോരായ്മയാണ്.. പിന്നെയും അമ്മയുടെ രക്തത്തിൽ കലർന്ന ജീവന്റെ തുടിപ്പുകൾ സഹോദരനായി കാണാതെ, ശത്രുവായി കണ്ടതയാളുടെ രണ്ടാമത്തെ പോരായ്മ....
പൊടിമണ്ണിൽ കാൽപാദങ്ങളാഴത്തിൽ താഴ്ത്തി, വർഷങ്ങളായി നടന്നു പഴകിച്ചയാ കടൽത്തീരത്തു കൂടി അയാൾ നടന്നു.. പഴകിദ്രവിച്ച കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാനും അന്നത്തെയാകാശം തിരയാനും തുടങ്ങവേ, ഒരു പെൺകുട്ടിയുടെ ശബ്ദം അയാളെയാകർഷിച്ചു. അണകെട്ടിനിർത്തിയിരുന്ന ജലം സ്വന്തന്ത്ര്യം ലഭിക്കുമ്പോൾ കാണിക്കുന്ന ഭ്രാന്തമായവേശം പോലെ, അയാളുടെയുള്ളിലെ മണിച്ചിത്രത്താഴിട്ട പൂട്ടുകളിലുറങ്ങിയിരുന്ന ഓർമ്മകൾ, പൂട്ടുകൾ പൊട്ടിച്ചെറിയപ്പെടുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്തു....
"കടലിന്റെ ആഴമെത്രയാ??"
"കടലമ്മയുടെ വീടെവിടെയാ??"
"നമ്മുടെ വീടിന്റെയടുതെന്താ കടൽ കാണാത്തത്"
ആ പെൺകുട്ടിയുടെ സംശയങ്ങളിൽ ഉത്തരം നല്കാനാകാതെ വിഷമിച്ച വൃദ്ധന്റെ കണ്ണുകളിൽ പടർന്ന വാത്സല്യത്തിന്റെ തിളക്കം ഉപ്പുകാറ്റിൽ ലയിച്ചു ചേർന്നു പതുക്കെ അയാളിലേക്കും പകരുകയായിരുന്നു.. അതേ വാത്സല്യത്തിന്റെ തിരയിളക്കം,അയാളുടെ വരണ്ട കണ്ണുകളിൽ ജലാംശം നിറച്ചുവെന്നു തോന്നുന്നു..
മൂന്നുവയസിന്റെ കൗതുകകാഴ്ച്ചകളുമായി പലരും അയാളെ കടന്നുപോയിട്ടുണ്ടെങ്കിലും ഈ കുട്ടി മാത്രം.....
എന്തുകൊണ്ടോ, അയാൾക്കുള്ളിൽ അസ്വസ്ഥതയുടെ നൂലിഴകൾ കൂടുകൂട്ടാൻ തുടങ്ങി... ആ പെൺകുട്ടിയുടെ കൊഞ്ചലുകൾ ഉണർത്തിവിട്ട അയാളിലെ പിതാവിനെ വീണ്ടും ചങ്ങലകണ്ണികളിൽ ബന്ധിക്കാൻ ശ്രമിച്ചുവെങ്കിലും തോൽവി സമ്മതിക്കേണ്ടി വന്നു...
"കടലിന്റെ ആഴം പാതാളത്തോളം താഴെ"
അയാൾ പോലുമറിയാതെ ഉത്തരങ്ങൾ ഉതിർന്നു വീഴുമ്പോൾ ഒരു നിയോഗം പൂർത്തിയാക്കുകയായിരുന്നു അവിടെയാ കുട്ടിയും അവളുടെ ചോദ്യങ്ങളും..
തിരഞ്ഞ ഉത്തരം കിട്ടിയ സന്തോഷത്തോടെ വിടർന്ന കണ്ണുകൾ അല്പം കൂടി വിടർത്തി അവൾ നോക്കി...
"അപ്പൊ കടലമ്മയുടെ വീട്?"
"പവിഴപ്പുറ്റിന്റെ നടുക്ക്......"
ഉത്തരങ്ങൾ തിരയുന്ന ബാല്യത്തിനപ്പുറം അയാൾ തേടി നടന്നതെന്തോ ലഭിച്ച അനുഭവം.അല്ലെങ്കിലും ഹൃദയകവാടങ്ങൾ പെട്ടന്ന് തുറക്കാനുള്ള കഴിവ് കിലുക്കാംപെട്ടി പോലെ കൊഞ്ചുന്ന പെൺകുട്ടികൾക്കാണ്...ആൺകുട്ടികളെക്കാൾ വേഗത്തിൽ അവരത് പൂ൪ത്തിയാക്കുന്നു......
അയാളുടെ ഭീകരമായ രൂപത്തിലൊട്ടും നീരസം തോന്നാതെ ആ കുട്ടി അയാളോട് സംസാരിച്ചു...
പിന്നെയും അർത്ഥമില്ലാത്ത, ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ.. അയാളുടെ ഉത്തരങ്ങൾ ചിരിച്ചുകൊണ്ട് ശരിവെച്ച മുത്തച്ഛന്റെ മുഖഭാവം അവളുടെ വിശ്വാസ്യത നേടിയെടുക്കാൻ എളുപ്പമാക്കി...
അയാളുടെയുള്ളിലെ കുറ്റബോധത്തിന്റെ അവശേഷിപ്പിച്ച കനലുകൾ തീർത്ത നേരിപ്പൊടിനുള്ളിലേക്ക് വലിച്ചെറിയപ്പെട്ടത് സ്വന്തം ജീവിതത്തിനും സ്വപ്നത്തിനുമൊപ്പം മറ്റെന്തോ വിലപിടിപ്പുള്ളതും ആയിരുന്നു....ആ തിരിച്ചറിവ് ഒരു സർപ്പദംശനം പോലെ അയാളെ ഞെട്ടിച്ചു..
ചുറ്റുമുള്ള മനുഷ്യരുടെ ചെയ്തികളിലോ മുഖങ്ങളിലോ അയാളുടെ ദൃഷ്ടി പതിഞ്ഞിരുന്നില്ല. എന്നാൽ മുത്തച്ഛന്റെ വിരലിൽ തൂങ്ങി,കടത്തിരകൾക്കിടയിലൂടെ നനഞ്ഞ കാലുകളമർത്തി തിരയോട് കൂട്ടുകൂടിയ ആ മൂന്നുവയസ്സുകാരിയിലേക്ക് കുഴിയൻ കണ്ണുകൾ തേടിയതിന്റെ പൊരുളെത്ര തടഞ്ഞിട്ടും തിരഞ്ഞിട്ടും മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചില്ല
അവളുടെ കുഞ്ഞുമിഴികളിൽ ഉടക്കിയ അയാളുടെ കണ്ണുകൾ സുന്ദരമായതിൽ നിന്നും പിൻവാങ്ങാൻ മടിച്ചു നിൽക്കവേ, കയ്യിൽ കരുതിയ കടലപൊതി, മുത്തച്ഛന്റെ പിടിവിടുവിച്ചു ,ചെറു പുഞ്ചിരിയോടെ അയാൾക്ക് കൊടുക്കാൻ ഓടിവന്ന അവളുടെ നിഷ്കളങ്കത അയാളെ അമ്പരപ്പിച്ചു.....
അയാളുടെ അബോധമനസ്സിലെവിടെയോ, പിത്രുവാത്സല്യത്തെ തേടിയിറങ്ങി, കാതങ്ങൾ പിന്നിട്ടൊരു പിഞ്ചുപെൺകുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കാതുകളിലുയർന്നു കേട്ടു.. എവിടെയോ ഒരു കുട്ടി അയാളുടെ പാരമ്പര്യത്തിന്റെ ജീനുകൾ വഹിക്കുന്നതായൊരു തോന്നൽ ശക്തിപ്പെട്ടുവരവേ തളർന്നയഹങ്കാരം കൂടൊഴിയുന്നതും അയാൾക്കറിയാൻ കഴിഞ്ഞു...
എന്തുകൊണ്ടാണെന്നറിയില്ല, ആ കുട്ടിയുടെ കൊഞ്ചലുകളിലൂടെ വിസ്‌മൃതിയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ, അയാളുടെയോർമ്മകൾ തിടുക്കം കാട്ടി...പലതും പാതിവഴിയിലുപേക്ഷിച്ചു നടന്നുപോരുമ്പോൾ, അവശേഷിക്കുന്ന ഗന്ധത്തിന്റെ മറപറ്റി പിന്തുടർന്നുപദ്രവിക്കാൻ ഓർമ്മകൾക്ക് മത്സരമാണ്..അയാളൊർത്തു...
എന്തുകൊണ്ടോ ആ കുട്ടിയും മുത്തച്ഛനും ദൃഷ്ടിയിൽ നിന്നും മറഞ്ഞതിനു ശേഷവും ഭൂതകാലത്തിന്റെ നേർത്ത ശീലുകൾക്കിടയിൽ നിന്നും ഏതോ യോനിഗുഹയുടെ ഇരുണ്ടയറകളിലെവിടെയോ പറ്റിച്ചേരാൻ വെമ്പൽ കൊണ്ടൊഴുകിയ രേതസ്സിന്റെ സ്പന്ദനം അയാളെ അസ്വസ്ഥനാക്കി....
അയാളുടേതായ ചിന്തകൾ മാത്രം കൂച്ചുവിലങ്ങിട്ട ഏതോ ദുരൂഹതയുടെയുള്ളിലായിരുന്നു അയാൾ ജീവിച്ചിരുന്നത്.. സ്വന്തം തീരുമാനങ്ങളുടെ മാത്രം തൊഴിലാളിയായി മാറിയ അയാൾ വളരെ വേഗത്തിൽ വെറുപ്പുകൾ മാത്രം വാരികൂട്ടികൊണ്ടിരുന്നു.. അമ്മാവന്റെ മോളെ സ്നേഹിച്ചതും, അവളിൽ ആശ്രയം തിരഞ്ഞതും ജോലിയോ വരുമാനമോയില്ലാതെ അവളെ കൂടെകൂട്ടാൻ തീരുമാനിച്ചതും ഭ്രാന്തൻ ചിന്തകളായി എല്ലാവരും കണ്ടതയാളുടെ തെറ്റല്ല എന്നതായിരുന്നു അയാളുടെ തീരുമാനങ്ങൾ പഠിപ്പിച്ചത്....
കടമയുടെയും കടപ്പാടിന്റെയും പൊരുളറിഞ്ഞ സഹോദരൻ അയാളെക്കാൾ മുമ്പേ വളർന്നു. ഒരിക്കലും ദുർമുഖം കാട്ടാതെ കരുണയോടെ മാത്രം സ്നേഹിച്ച അച്ഛൻ, അയാൾക്ക് അമ്മയുടെ ഭർത്താവും, കൂടെപിറപ്പിന്റെ അച്ഛനുമായി മാത്രം കണ്ടുകൊണ്ട് കാഴ്ചകളെ ചുരുക്കി....
എവിടെയൊക്കെയോ താളം പിഴക്കുകയാണ്..അല്ല.. പിഴച്ചിരിക്കുന്നു... വർഷങ്ങളുടെ അഴുക്കും പൊടിയും വികൃതമാക്കിയ അയാൾക്ക് സമീപം യാതൊരു ഭയമോ അറപ്പോ വെറുപ്പോയില്ലാതെ ഓടിവന്ന ആ കൊച്ചുപെൺകുട്ടി നൽകിയത് വെറുമൊരു കടലപ്പൊതിയല്ല.. ഇതുവരെ തോന്നാതിരുന്ന ഒരു തിരിച്ചറിവാണ്..
സ്വയം കണ്ടെത്തിയ നോവുകളായിരുന്നു അയാളുടെ ചിന്തകളെ നയിച്ചിരുന്നത്. കാണുന്നതിലെല്ലാം വൈരൂപ്യവും വേദനയും ഇഷ്ടകേടുകളും മാത്രം തിരഞ്ഞെടുപ്പ് നടത്തിയത് ബോധപൂർവ്വം ആണെന്ന് അയാളിപ്പോ തിരിച്ചറിയുന്നു..
ജീവിതത്തിലെ ഉയർച്ചകളെല്ലാം സ്വയം കീഴടക്കി വിജയിച്ചു നിന്ന അനിയനെ വെറുത്തതും സ്വയം സൃഷ്ടിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്... അവനോടുള്ള വെറുപ്പ് തന്നിലേക്ക് ഉൾവലിയാനുള്ള പുകമറയായിരുന്നുവെന്നും അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു...
സ്വയം പരിശോധിക്കുമ്പോൾ, സ്നേഹിച്ച പെണ്ണിനെ, അവളെ പോറ്റാൻ കഴിയുന്ന കരങ്ങളിൽ ഏൽപ്പിക്കാൻ തീരുമാനിച്ച അവളുടെ പിതാവിന്റെ, അയാളുടെ അമ്മാവന്റെ തീരുമാനത്തെ വൈരാഗ്യത്തിന്റെ കണ്ണുകളോടെ നോക്കിയത് വിസ്‌മൃതിയുടെ ആഴങ്ങളിൽ തോറ്റുപോയവന്റെ ജാള്യതയുറപ്പിക്കാനുള്ള ശ്രമം മാത്രമായിരുന്നു.
അവളെ പോറ്റാൻ അമ്മാവൻ കണ്ടെത്തിയ ബലിഷ്ഠമായ കരങ്ങൾ സ്വന്തം കൂടെപിറപ്പിന്റെയാണെന്ന് അറിഞ്ഞപ്പോൾ, ഊട്ടിയുറപ്പിച്ച പകയുടെ മരകുറ്റികൾ,അയാളുടെ ഹൃദയ കവാടത്തിൽ വലിയൊരു മുറിവ് അവശേഷിപ്പിച്ചു....
മനപൂർവ്വം കവർന്നെടുത്ത, അവളുടെ ചാരിത്ര്യം കൊണ്ടായിരുന്നു ആ മുറിവിൽ മരുന്ന് പുരട്ടി ,ആശ്വാസത്തിന്റെ സുഗന്ധം നുണഞ്ഞത്.. അയാളുടെ ഉച്ഛിഷ്ടമായി മാത്രം കാമുകിയെ കണ്ടതും വികലമായ മനസ്സിനെ ഭ്രാന്തിന്റെ മേമ്പൊടി ചേർത്ത് സ്വന്തം മനസാക്ഷിയെ വിശ്വസിപ്പിച്ചതും അയാളാണ്..അനിയന്ത്രിതമായ വികരമായിരുന്നില്ല, അവളെക്കുറിച്ചുപോലും, ചിന്തിക്കാതെ പകയുടെയും, ഒറ്റയ്ക്കായി എന്നു സ്വയം വിശ്വസിപ്പിച്ചു ചെയ്തുകൂട്ടിയ വൈരാഗ്യത്തിന്റെയും അഗ്നിയെ ആളികത്തിച്ചു പകരം വീട്ടുകയായിരുന്നു.... അവിടെ അയാൾ മാത്രമായിരുന്നു ശരി....
താണ്ടിയ വഴികളിലൊരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ലാത്ത അയാളുടെ അനിയനോട് അയാൾ വീണ്ടും ദിശതെറ്റി ആഞ്ഞടിച്ച കനൽകാറ്റായിരിക്കുന്നു. ഈ ക്രൂരതയുൾകൊള്ളാനും ക്ഷമിക്കാനും അയാളെ സ്നേഹിച്ചിരുന്ന സഹോദരനും കാമുകിക്കും കഴിയുമോയെന്നതും അയാളുടെ ആകുലതകളിൽ പറ്റിപ്പിടിച്ചു...
കവർന്നെടുത്ത ചാരിത്യത്തെയും കൊണ്ട് അന്നുരാത്രി തന്നെ വീടുവിട്ടിറങ്ങിയപ്പോൾ ഒരുപക്ഷേ അയാൾ ഉപേക്ഷിച്ചിട്ട ജീവന്റെ സ്പന്ദനമാകും മൂന്നുവയസ്സുകാരിയുടെ കൗതുകകണ്ണിലൂടെ പിൻവിളിയായത്..
എല്ലാവരും,കൂട്ടത്തിൽ ഭ്രാന്തനെന്ന് മുദ്രകുത്തിയ അയാൾക്ക് ആ കൊച്ചുകുട്ടിയുടെ മനസ്സിൽ ചാർത്തിയ അയാളുടെ ചിത്രം പച്ചയായ മനുഷ്യന്റെയെന്ന തിരിച്ചറിവിൽ പുതിയൊരു പ്രകാശം, ഇരുട്ടുമൂടിയ അയാളുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയായിരുന്നു...
അന്നത്തെ പകൽ മുഴുവൻ ഭൂതകാലത്തിന്റെ അവശേഷിപ്പുകളിൽ പൊടിയും ചാരവും തിരക്കിയുള്ള യാത്രയിലായിരുന്നു അയാൾ.. പെട്ടന്നൊരു ഭൂമികുലുക്കമോ കൊടുങ്കാറ്റോ കൊണ്ടു തൂത്തെറിയപ്പെടാവുന്ന ജീവിതത്തിൽ അവശേഷിപ്പുകളുടെ ഭാണ്ഡകെട്ടുകളിൽ അയാൾ തിരഞ്ഞതും അയാളുടെ മാത്രം മിച്ചങ്ങളായിരുന്നു...
അങ്ങിനെയെങ്കിൽ,തീർച്ചയായും ഇതേ പ്രായത്തിൽ ഒരു കുഞ്ഞുജീവൻ അയാളുടെ പിൻഗാമിയായി ...ചിന്തകൾ കാടുകയറവേ തെറ്റുകളോരോന്നായി ചോദ്യങ്ങളുന്നയിക്കാൻ തുടങ്ങിയിരിക്കുന്നു..ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ...
ഒരു തിരിച്ചുപോക്ക് അനിവാര്യമോ?? വെറുമൊരു മാപ്പുപറിച്ചിലിൽ തീരുമോ..സ്വയം കണ്ടെത്തുന്നയുത്തരങ്ങളെക്കാൾ മറ്റുള്ളവരുടെ ചോദ്യത്തിന്റെ പൊരുളുകൾ അയാളിൽ ആദ്യമായി പൊട്ടിവിരിഞ്ഞു..
വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ നിൽക്കുന്ന അന്വേഷണം സ്നേഹസാമിപ്യങ്ങൾക്കാണെന്നും അയാൾ തിരിച്ചറിയുകയായിരുന്നു... തിരിച്ചറിവുകളുടെ വഴിത്താരകളിലെങ്ങും പിൻവിളിപോലെ അയാളെ അലട്ടിയത് മൂന്നുവയസിന്റെ കൊഞ്ചലുകളും പ്രീയപ്പെട്ട മറ്റെന്തൊക്കെയൊ ആയിരിക്കുന്നു...
ഒരുപാട് ആശങ്കകൾക്കൊടുവിൽ, തീരുമാനം മടങ്ങിപോക്കിലെത്തി നിൽക്കുമ്പോൾ പരിവർത്തനങ്ങൾക്ക് വിധേയമാക്കപ്പെടുന്ന മനസാക്ഷിക്കുമുമ്പിൽ അയാൾ തോൽവി സമ്മതിച്ചു..
അതുവരെയുള്ള നാണയശേഖരങ്ങൾ എണ്ണി തിട്ടപ്പെടുത്തി യാത്രക്കാവശ്യമായ മുന്നൊരുക്കങ്ങൾ സ്വപ്നം കണ്ടുകൊണ്ട് ,അയാളുറങ്ങി....വർഷങ്ങൾക്ക് ശേഷം അയാളിൽ സ്വപ്നങ്ങൾ കൂടുവെച്ചു..മോഹങ്ങളും.. വളർച്ചയുടെ പടവുകളിൽ ആശങ്കയുടെ കനലുകൾ എരിക്കുന്നവനോടുള്ള കടപ്പാടല്ല പിതൃത്വം.... ഉള്ളിലെ രക്തത്തോട് കലർന്ന രേതസ്സിനെ ജീവനായി പരിവർത്തനം ചെയ്യുന്നതുമല്ല മാതൃത്വം..സ്വയം കണ്ടെത്തിയ നിർവചനങ്ങൾക്കുമപ്പുറം ബന്ധങ്ങൾ തീർക്കുന്നയാഴങ്ങളിൽ പുതിയ ജീവിതം തിരയുകയാണ് അയാളിപ്പോൾ... ചെയ്ത തെറ്റുകൾക്ക് മാപ്പില്ല.. എങ്കിലും സ്വയം തിരുത്താൻ ഒരവസരം ...
അയാളുടെ ജീവിതം നിറം വെക്കട്ടെ.. അയാൾ മടങ്ങി പോകട്ടെ.. കാത്തിരിക്കുന്നവരിൽ വാത്സല്യം തിരയുന്ന കുഞ്ഞുകണ്ണുകളുണ്ടാകട്ടെ..., കാത്തിരിപ്പിൽ നീക്കിവെച്ച സ്നേഹം കനലുകളായി അയാളിലെ പാപങ്ങൾ തുടച്ചു നീക്കട്ടെ...പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തമില്ലെങ്കിൽ ക്ഷമിക്കാൻ എല്ലാവരും തയ്യാറാകട്ടെ...
(അവസാനിച്ചു)
അശ്വതി അരുൺ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo