Showing posts with label DeepaPadayalan. Show all posts
Showing posts with label DeepaPadayalan. Show all posts

ഉപ്പുപ്പാടങ്ങൾ (കഥ)

Salt, Field, Province, Vietnam, Work, Sunlight, Workers

രചന : Deepa palayadan.

വരികളായും... വരികൾ തെറ്റിയും.... അവർ നടന്നു വരുന്നു.

പാലത്തിനടിയിൽ നിർത്തിയിട്ട മിനി വാൻ വലിച്ചു തുറന്ന് ആരോ... ഒരു വലിയ ചെമ്പ് താഴേക്കിറക്കി.

നടന്നു വരുന്നവരുടെ കാലുകൾക്ക് വേഗതയില്ല !!!

അവരുടെ ശ്വാസങ്ങളിൽ കിതപ്പും... !!

നോട്ടങ്ങളിൽ ഭയവും ഇല്ല !

'ചേർന്ന് നിൽക്കാതെ'....

' അകലം പാലിച്ചു വരൂ'......

അടുത്തിട്ടും...... അകലം പാലിച്ചവർ നിന്നു...

ചെമ്പിന്റെ മൂടി മാറ്റിയപ്പോഴുള്ള സുഗന്ധം.... എന്നെപ്പോലെ അവിടെയുള്ളവരും ആവേശത്തോടെ നുണഞ്ഞു!!

മുഖത്തെ മാസ്ക് വലിച്ച് നേരെയാക്കി.. അവിടെ നിന്ന് ഒരു പ്ലേറ്റുമെടുത്ത്.. വരി യുടെ ഇടയിലൂടെ ഞാൻ കയറി..

പിന്നിൽ നിന്നവർ മുറുമുറുത്തില്ല....

എന്നെ നോക്കി കണ്ണുമിഴിച്ചില്ല....

എന്തിന്... അവരെന്നെ കണ്ടത് പോലുമില്ല...

നിസ്സംഗമായി ഏതോ ലോകത്താണവർ.. !!

നേരമിരുട്ടുന്നു....

ഞാൻ നോക്കി നിന്നു..

പാലത്തിന്റെ ഒരറ്റം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു.

ചെറിയ അനക്കങ്ങളിലും സിമന്റ് പാളികൾ ഇളകി വീഴുന്നതറിഞ്ഞ് ഇരുമ്പു കമ്പികൾ പേടിച്ചു വിറക്കുന്നു...!!!

എന്റെ വ്യക്തമായ ഓർമ്മകളിൽ......!

തൊട്ടടുത്ത ഇന്നലകളിൽ.....!

പണിതീർത്ത പാലം!!

ആരോ ചുമയ് ക്കുന്നത് കേട്ട് ഒന്നുകൂടെ ഇളക്കങ്ങളോടെ എന്നെ നോക്കി തലതാഴ്ത്തി.

ഒപ്പം ഞാനും!!!

നല്ല വസ്ത്രധാരി ആയതുകൊണ്ടാവാം എനിക്കി പരിഗണന...

വിളമ്പുകാരും... ഞാനുമൊഴിച്ചാൽ ബാക്കിയെല്ലാവരും മുഷിഞ്ഞ വസ്ത്ര ധാരികൾ....

അഴുക്കു പുരണ്ട കൈകൾ..

വിണ്ടുകീറിയ കാലുകൾ...

എവിടെനിന്നോ നുഴഞ്ഞുകയറി പരിഗണന പറ്റി ഞാനും പ്ലേറ്റ് നീട്ടിപ്പിടിച്ച് ഭക്ഷണം വാങ്ങി.

ഹാ........ കിച്ചടി

നല്ല ആഹാരത്തിന്റെ സുഗന്ധം...!

പോക്കറ്റിലെ സാനിറ്റയിസർ കൊണ്ട് കൈ വൃത്തിയാക്കിയശേഷം... കിച്ചടി വാരി ഞാൻ വായിൽ വെച്ചു.

ഹോ.......!

ചൂടു മാത്രമല്ല, ഈ സുഗന്ധത്തിന് ഇത്രയും അരുചി എവിടെ നിന്ന് വന്നു!!

തീരെ ഉപ്പില്ലാത്ത ഈ ഭക്ഷണം എനിക്ക് വേണ്ട..

വീട്ടിൽ ആയിരുന്നെങ്കിൽ ഈ പ്ലേറ്റ് തട്ടിനീക്കിയേനേ...

വരികൾ അപ്പോഴും അവസാനിച്ചില്ല..

ആളുകൾ അനുസരണയോടെ പാത്രങ്ങൾ നീട്ടി പിടിക്കുന്നു..

അമ്മമാർ... കുട്ടികൾ.... അങ്ങനെ അങ്ങനെ.. നീട്ടിപ്പിടിച്ച പാത്രങ്ങൾക്കൊപ്പം നടന്നുനീങ്ങുന്നു.

തെല്ലു മാറി പാലത്തിനടിയിലേക്ക് ഞാൻ നടന്നു..

ഏതുനിമിഷവും തകർന്നു വീഴാറായ ആ അസ്ഥികൂടം എന്നെ വിലക്കിയതും ഇല്ല !!

ആരും കാണാതെ തൂണുകൾ ക്കിടയിൽ എന്റെ പ്ലേറ്റ് സമർത്ഥമായി ഞാൻ എറിഞ്ഞു കളഞ്ഞു.

മഞ്ഞനിറത്തിലുള്ള വറ്റുകളും.. പയറുവർഗ്ഗ ങ്ങളും മണ്ണിൻ മേൽ ആരോ നനയിച്ച വിയർപ്പിന്റെ ചുവയോടെ അടങ്ങി കിടന്നു!!

വലിയ ശബ്ദത്തോടെ ആകാശ കടലിൽ ഒരു " കപ്പൽ"

നിറയെ സ്വപ്നങ്ങളുമായി.....

താഴേക്ക് നോക്കി.. നങ്കൂരമിടുന്നു.

എല്ലാ കണ്ണുകളും മുകളിലേക്ക് തന്നെ..
താഴേക്ക് നോക്കാൻ എനിക്കും കഴിഞ്ഞില്ല.

റോഡിനരികിലിരുന്ന് ആഹാരം കഴിക്കുന്നതിനിടയിലും പൊട്ടിയ വള്ളി ചെരുപ്പുകൾ... ദൂരേക്ക് മാറ്റാതെ കണ്ണി കൾ ചേർത്തുവെക്കാനായിരുന്നു പലരും ശ്രമിച്ചത്.

കിച്ചടി കൊണ്ടുവന്ന പാത്രത്തിൽ വിളമ്പുകാരൻ ചട്ടുകം കൊണ്ട് ശക്തമായി അടിച്ചു.

പിന്നെയാ വലിയ ചെമ്പിനെ ഇക്കിളിയിട്ട്.... കൊതിപ്പിച്ച് !
അവസാനം മാന്തി പറിച്ച്.... വരിയിലെ അവസാനയാൾക്കും അയാൾ ആഹാരം വിളമ്പി.

ആരോ കൊണ്ടുവന്ന പ്ലാസ്റ്റിക് കസേര കൈവശപ്പെടുത്തി പാലത്തിനടിയിൽ ഞാനുമിരുന്നു.

ചെറിയൊരു ഭയം കൈകളിലൂടെ തലയ്ക്കുമുകളിൽ പരതിനടന്നു..!!

ഭക്ഷണം കിട്ടിയവർ ആസ്വദിച്ചു കഴിക്കുന്നു...

കൈനിറയെ വാരി... വാ നിറയെ നിറച്ച്....

ഓരോ ചവയ്ക്കലിലും... ദിവസങ്ങളോളം പട്ടിണിയുടെ അണപ്പല്ലുകൾ കൂട്ടിയിടിക്കുന്നു.. !!

ഇപ്പോൾ ആരും ചെമ്പുപാത്രത്തിൽ നോക്കുന്നില്ല...

നോട്ടം...

അനന്തമായി നീണ്ടു കിടക്കുന്ന ആ കറുത്ത പാതയിലേക്ക്...

കണ്ണിൽ ഉരുകി ഒലിക്കുന്ന റോഡരികിലെ ടാർ വീപ്പകൾ..

എത്ര ദൂരം....

ആരും അവർ കഴിക്കുന്ന ആഹാര പാത്രത്തിലേക്ക് ശ്രദ്ധിക്കുന്നതേയില്ല...

ഇത്രയും രുചിയുള്ള ഭക്ഷണമായിരുന്നോ അത്?

തിരിഞ്ഞു നോക്കാൻ എനിക്ക് നല്ല ഭയമുണ്ട്..

എങ്കിലും മെല്ലെമെല്ലെ തല ചെരിച്ച് പാലത്തിന്റെ തൂണുകൾക്ക് ഇടയിലേക്ക് ഞാൻ നോക്കി.

വരിയിൽ അനുസരണയോടെ ഉറുമ്പും കൂട്ടങ്ങൾ....
അവ പണിപ്പെട്ട് ഓരോ വറ്റും വലിച്ച് കൊണ്ടു പോവുകയാണ്..
ഇടയ്ക്ക് വന്ന കിളിയും കൊക്കുകളിൽ ആഹാരമൊതുക്കി പറന്നുപോയി.

പിന്നെ ഞാൻ അങ്ങോട്ടു നോക്കിയില്ല..

മുന്നിലിരിക്കുന്ന പേക്കോലങ്ങൾ... ആസ്വദിച്ച് കൈ വിരലുകൾ നക്കി തുടയ്ക്കുകയാണ് .

ഉള്ളിലെവിടെയോ ചെറുതായി പോറിയതിൽ ചോരപൊടിയുന്ന പോലെ....

ഉപ്പില്ലാത്ത ഭക്ഷണമാണ് അതെന്ന് എനിക്ക് തോന്നിയതാണോ...

ഉള്ളിൽ കണ്ണീർ വറ്റിച്ചെടുത്ത ഉപ്പുപാടം തന്നെ ഉണ്ടാകു മ്പോൾ ഈ ആഹാരത്തിന് ഉപ്പു പോരെന്ന് അവരെങ്ങനേ അറിയാനാണ്.. !!

ഞാൻ എഴുന്നേറ്റു നടന്നു...
ഉപ്പുപാടങ്ങൾ ക്കിടയിലൂടെ....

ഇപ്പോൾ, എന്റെ കണ്ണിലും ഉപ്പുരസമുള്ള ഒരു ഉറവ പുറത്തേക്കൊഴുകാതെ.... ഘനീഭവിച്ചു നിൽക്കുന്നു...

ഒഴിഞ്ഞ ചെമ്പുപാത്രം മാത്രം എന്നെ നോക്കിയൊന്ന് പരിഹസിച്ചു.. വരികൾക്കിടയിൽ എന്റെ നുഴഞ്ഞുകയറ്റം കണ്ട ഏക സാക്ഷി...

രചന :Deepa palayadan..

വെളുത്ത പുസ്തകത്തിലെ അവ്യക്തമായ കറുത്ത രൂപം


================================
രചന :Deepa Palayadan.
ഇരുട്ടിൽ തുറന്നു പിടിച്ച കണ്ണുകളിൽ അലോസരത്തിന്റെ വെളിച്ചം വന്നു വീണപ്പോൾ ഞാൻ അസ്വസ്ഥയായി. പതുങ്ങിയിരുന്ന മുറിയിലെ കോണിൽ നിന്ന് എഴുന്നേറ്റ് നേരേ വാഷ്ബെയ്‌സിനടുത്തേക്ക് പോയി. മുഖം നന്നായി കഴുകി. പിന്നെ കണ്ണാടിയിലേക്ക് തന്നെ നോക്കി.
സീമന്തരേഖയിൽ നേരിയ ചുവപ്പ്. ദിവസങ്ങൾക്ക് മുൻപ് മഹി ചാർത്തി തന്ന സിന്ദുരത്തിന്റെ മങ്ങിയ ചുവപ്പ് !.തന്നിൽ നിന്നുള്ള അവന്റെ ഒളിച്ചോട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തൽ !.
പുറത്ത് കാളിങ്ബെൽ ഉച്ചത്തിൽ ശബ്‌ദിച്ചു.
"ആരാണ് ഇത്ര രാവിലെ..." ? ഞാൻ പുറത്തേക്ക് നോക്കി.
പാൽക്കാരനാണ്. "അയാൾ എന്താ ഇത്ര രാവിലെ വന്നത് "!
അടുക്കളയിൽ സിങ്കിൽ കഴുകാതേ കൂട്ടിയിട്ടിരിക്കുന്ന കുറെ പാത്രങ്ങൾ !
അവ എത്ര ദിവസമായി ഇങ്ങനെ ! അസഹ്യമായ ദുർഗന്ധം !.
അലമാരയുടെ താഴെ വച്ചിരിക്കുന്ന ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ഉമ്മറത്തേക്ക് നടന്നു.
വാതിൽ തുറന്നപ്പോഴെ അയാളുടെ മുഖത്ത് ഒരു പരിഹാസ ചിരി നിറഞ്ഞിരുന്നു. അത് എന്നെ അപമാനിതയാക്കി !.
അയ്യോ "ലിനി ചേച്ചി..... പാൽ തരാനല്ല. പാലിന്റെ പൈസ..... അത് പറഞ്ഞ് അയാൾ എന്നെ തന്നെ നോക്കി.
"ഇന്നൂടെ മാത്രം........നാളെ പൈസ തരാം. എന്റെ പരുങ്ങൽ അവസാനിക്കും മുന്നേ നീട്ടി പിടിച്ച സ്റ്റീൽ പാത്രത്തിലേക്ക് പാൽ പകർന്ന്. പാൽ പാത്രം ശക്തമായി വലിച്ചടച്ച് അയാൾ ചോദിച്ചു.
"ഇപ്പോൾ തനിച്ചാ.... ല്ലേ "?
ഞാൻ ഒന്നും പറഞ്ഞില്ല. പെട്ടെന്ന് അകത്തേക്ക് നടന്നു. നിറഞ്ഞു വന്ന സങ്കടം കണ്ണുകളിലൂടെ പുറത്തേക്ക് ഒഴുകി !.
മഹി എന്നെ ഉപേക്ഷിച്ചു കടന്നു കളയുമെന്ന് വിചാരിച്ചതേയല്ല. പ്രണയം, ഒളിച്ചോട്ടം...! ജീവിതം, എന്തൊക്കെയോ എന്നെ പഠിപ്പിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഒരു മടക്കം അസാധ്യമാണെന്ന ചിന്ത എന്നെ മുറിവേൽപ്പിക്കുന്നു.
മഹി... എങ്ങോട്ടാ പോയത് !
"ആരിൽ നിന്നും" "എന്നിൽ നിന്ന് "....എന്നിൽ നിന്നും മാത്രം !
എഴുതിയത് മുഴുവൻ അവളെക്കുറിച്ചായിരുന്നില്ലേ... മഹിയുടെ കാമുകി... അവൾ അത്രയ്ക്ക് സുന്ദരിയാണോ?
നാല് വർഷത്തിനിടയിൽ പലപ്പോഴും മഹിയിൽ നിന്ന് ഞാൻ അവളെ അറിഞ്ഞിട്ടുണ്ട്. ഓരോ നിമിഷവും അവളിലേക്കേത്താനുള്ള അവന്റെ ആഗ്രഹം എന്നെ അതിശയപ്പെടുത്തി. എന്നാലും എന്നെ തനിച്ചാക്കി പോകുമെന്ന് വിചാരിച്ചില്ല.
പലപ്പോഴും ഈ വീട് ഇല്ലായ്മകളുടെതായിരുന്നു. സാദാ സമയവും എഴുത്തും, വായനയും മാത്രമായ മഹി, ഉള്ള ജോലിയും നശിപ്പിച്ചു. അതോടെ എനിക്ക് അയാളോട് എതിർത്ത് സംസാരിക്കേണ്ടി വന്നു.
വിഷാദം നിറഞ്ഞ ഒരു ചിരിയല്ലാതേ അയാളിൽ നിന്നും മറുപടിയൊന്നും കിട്ടാറേയില്ല. അതാണ് വാസ്തവം.
വായിച്ചു തീർത്ത പുസ്തകങ്ങളും, എഴുതി വറ്റിച്ച പേനയും.....കണ്ടു മടുത്താവണം, അയാൾ പ്രാണനേ പോലെ കൊണ്ടുനടന്ന പേന എനിക്ക് സമ്മാനിച്ച്... കടന്നു കളഞ്ഞത് "എന്നിൽ നിന്നും കടന്നു കളഞ്ഞത് "!
"ഭീരൂ..വെറും ഭീരൂവാണ് നിങ്ങൾ "! ആ പേന നോക്കി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"അവൾ സുന്ദരിയായിരുന്നു ല്ലേ..? നിങ്ങളുടെ പ്രണയിനി "! മതിഭ്രമം ബാധിച്ച ഒരുവളെ പോലെ ഞാൻ എന്തൊക്കെയോ പറഞ്ഞു.
വീണ്ടും ഉമ്മറത്ത് ന്ന് ആരോ വിളിക്കുന്നു. ചെന്ന് നോക്കുമ്പോൾ ആരെയും കാണുന്നില്ല.
ഇന്നലെ രാത്രി കൂടി മഹിയെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഞാൻ. "അവനെ ആ ഇരുട്ടിൽ തനിച്ചാക്കാൻ എനിക്ക് വയ്യ "!
ചോദ്യങ്ങളുണ്ട്... ഒരുപാട്.. !
മഹി ക്ക് ഉത്തരങ്ങളില്ല. ഉണ്ടാവുന്നത് ആ ചിരി മാത്രം... അതെനിക്ക് എപ്പോഴെ കാണാം !.
നാഴികകൾ കടന്നു പോയി രാവിലെ തിളപ്പിച്ച്‌ വച്ച പാൽ പാടക്കെട്ടി മേശപ്പുറത്ത് തന്നെ ഉണ്ട്.
"നീ ഇതുവരെ ഒന്നും കഴിച്ചില്ലേ ലിനി "?
ആരോ ചോദിക്കും പോലെ... !
ഞാൻ പെട്ടെന്ന് എഴുന്നേറ്റു ജനലിന്റെ അരികിലേക്ക് പോയി.
"മഹി യാണോ"? പിന്നെയും ചോദിച്ചു..
"മഹിയാണോ "?
ഇല്ല.... മറുപടിയില്ല. അതേ അവിടെയാരുമില്ല.
തോന്നലുകൾ ! എന്റെ തോന്നലുകൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
നേരിയ നിരക്കത്തോടെ സമയം കടന്നു പോയി. അടുത്ത മുറിയിലെ വലിയ കസേര നിരക്കി ഞാൻ ഹാളിലേക്ക് കൊണ്ടു വന്നു. ഒപ്പം വീട് വിട്ട് വരുമ്പോൾ കൊണ്ടു വന്ന അമ്മയുടെ കുഞ്ഞു പൂക്കളുള്ള സാരിയും. ഒരിക്കൽ പോലും ഞാൻ അത് ഉടുത്തിട്ടില്ല. അമ്മയുടെ മണം ഇപ്പോഴും അതിൽ നിറഞ്ഞു നിൽക്കുന്നു. ഞാനത് ചേർത്ത് പിടിച്ചു. മാപ്പ് ചോദിക്കുന്നു.. എല്ലാത്തിനും.
"അത്രയ്ക്ക് ഞാൻ അവനെ സ്‌നേഹിച്ചു പോയി "! തനിയെ വിടാൻ വയ്യ ഒരിക്കലും. "എന്നോട് ക്ഷമിക്കൂ ".
മേശപ്പുറത്ത് വെച്ച മഹിയുടെ പേന ഞാൻ കയ്യിലെടുത്തു. പിന്നെയത് എന്റെ ഉടുപ്പിനോട് ചേർത്ത് കുത്തി. പതിയെ തലോടി. അവന്റെ കയ്യ് വിരൽ പോലെ... എനിക്ക് പ്രിയപ്പെട്ടത് !.
മഹിയുടെ പുസ്തകം. ഏറെ നാളത്തെ കഷ്ടപ്പാട്. മഹിയുടെ ചിന്തകൾ, വിരഹം, സ്‌നേഹം, എല്ലാം അതിലുണ്ട്. പുറം ചട്ടയിൽ കറുത്ത് മെലിഞ്ഞ അവ്യക്തമായ ഒരു രുപം!
പലവട്ടം വായിച്ച പുസ്തകമാണ്.
മഹിയുടെ പുസ്തകം "മരണം എന്റെ പ്രണയിനി "!
അവൻ അവളുടെയടുത്ത് എത്തിയിരിക്കുന്നു. കടുത്ത ഇരുട്ടിലേക്ക്.
അമ്മയുടെ സാരി കഴുത്തിലേക്ക് മുറുകുമ്പോൾ. . ഏതോ താരാട്ടിന്റെയും പ്രസവവേദനയുടെ നെരക്കങ്ങളും അങ്ങകലെ എനിക്ക് കേൾക്കാം.
കൺപീലികൾ നിയന്ത്രണമില്ലാതെ മറഞ്ഞു പോകുന്നു. എന്റെ കാഴ്ചകൾ മങ്ങുന്നു. എല്ലാ ജീവകോശങ്ങളും എന്നെ ശപിക്കുന്നു. കറുത്ത നീളൻ പുക പോലെ ഞാൻ ഉയരെ പറക്കുന്നു. പിന്നെ... പിന്നെ... ഏതോ ലോകത്ത്.
ലിനി......
മഹിയുടെ രൂപം പോലെ... അകലെ നിന്ന് എന്നെ വിളിക്കുന്നു. വഴികൾ ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതും. പക്ഷേ എനിക്ക് പോയേ മതിയാവു. നടന്നു... ഒത്തിരി ദൂരം.
മഹിയുടെ മുഖം ഞാൻ എന്റെ കയ്യ്കൾ കൊണ്ട് തൊട്ടു. അവൻ ചിരിക്കുന്നു. എല്ലാം അറിഞ്....ഒന്നുമറിയാത്ത പോലെ.
ഇവിടെ വിജനമാണ്. പൂക്കളില്ല, ജലമില്ല, മഴയോ, കാറ്റൊയില്ല. വലിയ പാറക്കെട്ടുകൾ . ഈ ലോകം എനിക്ക് വേണ്ട. നമ്മുക്ക് തിരിച്ചു പോകാം. ഞാൻ അവന്റെ കയ്യ് പിടിച്ചു വലിച്ചു.
ഭയം ! "മരണമായിരുന്നു എന്റെ ഭയം "..അത് ഞാൻ എന്നേ താണ്ടിയിരിക്കുന്നു. മഹി കൂസലില്ലാതെ പറഞ്ഞു.
"മഹി പ്രണയിച്ചത് ഈ ഏകാന്തതയേ ആയിരുന്നു".
ഞാൻ..... "ഞാൻ പ്രണയിച്ചത് നിങ്ങളെയും "!
അയാൾ മിണ്ടുന്നില്ല. ദൂരെ പാറി പറക്കുന്ന അവ്യക്തരൂപങ്ങളെ നോക്കി....കണ്ണുകൾ ചിരിക്കുന്നു.
കുറച്ചു നേരത്തെ മൗനത്തിന് ശേഷം അയാൾ പറഞ്ഞു.
"ലിനി... "
"നിനക്കറിയോ. നമ്മുക്കും ചിറക് മുളയ്ക്കും"!
സ്വയം മറന്നു പറക്കാൻ. അവിടെ തിരിച്ചറിവുകളില്ല. നീ എന്നെയോ.. ഞാൻ നിന്നെയോ തിരിച്ചറിയില്ല . എല്ലാം മറന്ന്.
അയാൾ കരയുന്നു. നിസ്സഹായമായി ഞാനും.
ഒരു വലിയ ഇടിനാദമോ... മിന്നൽ പിണരുകളോ നമ്മേ വേർപ്പെടുത്താo.അയാളുടെ വിറക്കുന്ന കൈയിൽ ഞാൻ മുറുകെ പിടിച്ചു. നടന്നകന്ന വഴികൾ മുഴുവൻ താഴിട്ട് പൂട്ടിയിരിക്കുന്നു.
എന്റെ ഉടുപ്പിൽ കുത്തിവെച്ച പേന.. ഞാൻ എന്റെ ഹൃദയത്തോട് ഒന്നൂടെ ചേർത്ത് പിടിച്ചു. മിന്നൽ പിണരുകൾക്കും, ഇടിനാദങ്ങൾക്കുമായി ഞങ്ങൾ കാത്തിരുന്നു.
പൊടുങ്ങനേ എനിക്കാണ് ആദ്യം ചിറകുകൾ മുളച്ചത്. എന്റെ ഓർമ്മകൾക്ക് മുകളിൽ അവന്റെ രൂപം അപ്രത്യക്ഷമാവുന്നു!. അവ്യക്തമായ എന്തോ ഒന്നായി ഞാൻ ഉയരെ.. ഉയരെ പറക്കുന്നു!.പിന്നീട് പലപ്പോഴും കയ്യിലുള്ള പേനയേ ചേർത്ത് പിടിച്ച്, അത് എന്താണെന്നറിയാതെ "ഞാൻ ആശങ്കപ്പെടുന്നു.
-------------------------------------------------------
ഡോക്ടർ ഹരി ശങ്കർ, ലിനി കുറിച്ച് വെച്ച പുസ്തകതാളുകൾ പതിയെ അടച്ചു. അയാൾ മഹിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
മഹി.., ഇതൊക്കെ വായിച്ചോ?
ഉവ്വ് ഡോക്ടർ. ഞാൻ വായിച്ചതാണ്.
അവൾ വല്ലാത്ത ഒരവസ്ഥയിലാണ്. ഇവിടെ ഇങ്ങനെ എത്ര കാലം...
ഒരു ഭ്രാന്താശുപത്രിയിൽ അവളെ......
ഇങ്ങനെ കാണാൻ വയ്യ ഡോക്ടർ. അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടു പോയിക്കോട്ടെ.
ലിനിയേ, മഹിക്ക് വീട്ടിലേക്ക് കൊണ്ടു പോകാം. ഇവിടെ കിടത്തേണ്ട ആവശ്യമില്ല.
ഞാൻ അവൾ എഴുതിയ കുറിപ്പുകൾ വായിച്ചതിൽ നിന്നും മനസ്സിലാക്കുന്നത്. നിങ്ങൾ മരിച്ചു പോയി എന്ന ബോധ്യമാണ് ആ കുട്ടിയേ അലട്ടുന്നത്.
മഹിയുടെ തല താഴ്ന്നു.
അങ്ങനെ ഒരു സാഹസം ഞാൻ കാണിച്ചിരുന്നു ഡോക്ടർ. ജോലി നഷ്ടമായപ്പോൾ, കൂടെ ഉണ്ടായിരുന്ന എഴുത്തും എന്നെ കയ്യ് വിട്ടെന്ന തോന്നലുകൾ. ഒരു ആത്മഹത്യാ ശ്രമം. രണ്ടാഴ്ച ബോധമില്ലാതെ ആശുപത്രിയിൽ.
പിന്നെ എല്ലാം മാറി, തിരിച്ചു വരുമ്പോഴെക്കും അവളുടെ മനോനിലയിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. ഒട്ടും സംസാരിക്കില്ല. ഏത് നേരവും എന്റെ പേന കയ്യിൽ എടുത്ത് എന്തെങ്കിലും എഴുതും.
ഞാൻ മുറിയിൽ തന്നെ ഉണ്ടെങ്കിലും, പെട്ടെന്ന് എഴുന്നേറ്റു പോയി ജനലിന്റെ അടുത്ത് ചെന്ന് മഹി ന്ന് ഉറക്കെ വിളിക്കും. പിന്നെ കരയും.
മഹിയുടെ പുസ്തകം.. "മരണം എന്റെ പ്രണയിനി "! ആ പുസ്തകത്തിൽ നിങ്ങളുടെ മരണത്തൊടുള്ള അടങ്ങാത്ത വർണ്ണനകൾ, പിന്നെ നിങ്ങളുടെ മരിക്കാനുള്ള ശ്രമവും.ഇതു രണ്ടും ആ കുട്ടിയേ ആഴത്തിൽ വേദനിപ്പിച്ചിരിക്കുന്നു.
അബദ്ധമാണ് ഡോക്ടർ.. ഞാൻ ചെയ്തത് ഈ ലോകത്തു ജീവിക്കുക എന്നത് മഹാഭാഗ്യം ഞാൻ അത് മനസ്സിലാക്കുന്നു.
ഇത് ഒരു തിരിച്ചറിവാണ് മഹി.....
നിങ്ങൾക്ക് ലിനിയേ വീട്ടിലേക്ക് കൊണ്ടു പോകാം. ആ കുട്ടിയേ മാറ്റിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും.
പെട്ടെന്ന് വേണമെന്ന് വാശിപിടിക്കരുത്.
അവൾ വരും. കാരണം അവൾ നിങ്ങളെ അത്രയ്ക്ക് സ്‌നേഹിക്കുന്നു. തനിക്കു മുളച്ച ചിറകുകൾ പിഴുതെറിഞ് തിരിച്ചറിവിന്റെ ലോകത്തേക്ക് പതിയെ പതിയെ... അവൾ തിരിച്ചു വരും. കാത്തിരിക്കൂ. ഓൾ ദി ബെസ്റ്റ്.
ആശുപത്രിയുടെ നീളൻ പടവുകൾ മഹിയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഭാവനയിൽ മുളച്ച തന്റെ ചിറകിനടിയിൽ അവളാ പേന ഒളിപ്പിച്ചു വെച്ചു. പിന്നെ, ഒന്നുമൊന്നും അറിയാതെ വിദൂരതയിലേക്ക് തുറിച്ചു നോക്കി.
രചന :Deepa palayadan.

Temporary finger

Close-Up Photography of Girl's Left Hand Wearing Bracelet
മെറിൻ..
അവൾ, ക്ലാരാമ്മയുടെ ചട്ടയും മുണ്ടും ഭംഗിയായി ഒതുക്കിവെയ്ക്കുകയായിരുന്നു.
ഉമ്മറത്തു നിന്നുള്ള നീട്ടിയുള്ള വിളി കേട്ട് അവളങ്ങോട്ടെക്ക് ചെന്നു.
നടുവിന് ഒരു കയ്യും താങ്ങി ക്ലാര വേച്ചുവേച്ച് ചാരുകസേരയിലേക്ക് ഇരുന്നു.
കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസത്തോടെ ചോദിച്ചു.
" എടിയേ..... നീയാ പട്ടികുഞ്ഞിന് വല്ലതും കൊടുത്തായിരുന്നോ? "
മെറിൻ.. മുറ്റത്തെക്ക്‌ നോക്കി.
പട്ടി കൂടിന് അരികെയുള്ള പിഞ്ഞാണത്തിൽ ആഹാരം ഇപ്പൊഴും ബാക്കിയുണ്ട്.
അമ്മച്ചിക്ക്‌ കണ്ണിന് തെളിമക്കുറവ് തന്നെ !!
അവൾ മെല്ലെ പറഞ്ഞു...
" ഉവ്വ് കൊടുത്തുല്ലോ "
മ്മ്...
കണ്ണടയൂരി, മേൽമുണ്ട് തുമ്പിൽ തുടച്ചുകൊണ്ട് ക്ലാര മൂളി.
പിന്നെ വിരലിൽ നോക്കി.
"വോട്ട് ചെയ്താ അമ്മച്ചിയേ... "
"നല്ല തിരക്കാണോ അവിടെ "?
മെറിന്റെ ചോദ്യം കേട്ട്.... ക്ലാര പാതിമാഞ്ഞുമഞ്ഞളിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കി.
"വ്വോ..... എന്നാടി "
"കറിയാച്ചന് ചെയ്യാനിരുന്ന വോട്ടാ...
ഇതിപ്പോ... ജോസിന്റെ പാർട്ടിക്ക്‌ ചെയ്തേച്ചുമം വരുന്നേ "!
മെറിൻ പകപ്പോടെ ക്ലാരയേ നോക്കി.
അവർ ചാരുകസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.
" എടിയേ.... ഓപ്പൺ വോട്ടായിരുന്നു "!"എനിക്ക് മേലല്ലോ... അതുകൊണ്ട് ജോസ് തന്നെ ചെയ്തു.... അവൻ അവന്റെ നേതാവിന് തന്നെ കുത്തിയത് ഞാൻ കണ്ടതാടി... "
മുഖമൊന്ന് ചുളുക്കി ക്ലാര അകത്തേക്ക് നടന്നു.
പിന്നെ ഉച്ചത്തിൽ പറഞ്ഞു.
" നമ്മുക്ക് ഉപകാരം ഇല്ലെങ്കിലും.. കറിയാച്ചൻ നമ്മുടെ സമുദായക്കാരനായിരുന്നു. "
"ഇനി പറഞ്ഞിട്ടെന്താ... ഒരു വോട്ട് പോയില്ലേ.... "!
"മ്മ്.... ഇനി അവൻ അടുത്ത പ്രാവശ്യം വോട്ട് പിടിക്കാൻ വരണപ്പോ പറയണം.. നേരത്തെ എന്നെയും കൂട്ടി അങ്ങട്ട് പോവ്വാാൻ...."!!!
വളഞ്ഞ നടുവിൽ കുളത്തിവലിച്ച വേദനയേ ഒരു കയ്യിൽ താങ്ങി പിടിച്ച്... അവർ കിടപ്പ്മുറിയിലേക്ക്‌ കയറി.
മെറിൻ,
ക്ലാര പറയുന്നത് കേട്ട് ചിരിച്ചു.
"എനിക്കും വോട്ട് ചെയ്യണം... "! രാവിലെ വോട്ട് ചെയ്യാൻ ഞാൻ കൂടെ വരട്ടെന്ന് ചോദിച്ചതാ... വിദേശത്ത് നിന്ന് മക്കൾ വിളിക്കുമെന്നും അപ്പൊ നീ ഇവിടെ നിന്നാൽ മതി... അമ്മച്ചി വയ്യായ്കയിൽ പുറത്ത് പോയിന്ന് പറയണ്ടന്നും പറഞ്ഞ് പോയതാ. പിന്നെ ഒരു ഓർമ്മപ്പെടുത്തലും. "നീ ഇവിടെ ജോലിക്ക്‌ നിൽക്കുന്നതാ "!

തന്റെ സ്വാതന്ത്ര്യത്തിന്റെ... അവകാശത്തിന്റെ ചൂണ്ടുവിരലിലേക്ക്‌ അവൾ സൂക്ഷിച്ചു നോക്കി.
മുറ്റത്തു നിന്ന് പട്ടികുഞ്ഞു വാലാട്ടി തൊടിയിലേക്കോടി... എങ്ങോട്ടോ നോക്കി കുരച്ചു.. അവൾ പട്ടികുഞ്ഞിനെ തന്നെ നോക്കി. അതിന്റെ വളഞ്ഞ വാലും. !!
പിന്നെ ഒരു ചിരിയോടെ അവൾ അകത്തേക്ക് നടന്നു. 
രചന.... : 
Deepa Palayadan. @ Nallezhuth FB group

"ഡിസംബറിലെ... തണുത്ത കാറ്റ് "!

Image may contain: 1 person, smiling, tree, sky and outdoor
=========================
രചന : Deepa Palayadan.
ഉത്തരങ്ങളില്ലാത്ത ഭാരിച്ച ചോദ്യങ്ങളും, ചിന്തകളുമായിട്ടാണ് ഞാൻ അയാളുടെ മുന്നിലേക്ക് ചെന്നത് !.
"സാറ് "മുകളിലുണ്ടെന്ന ജോലിക്കാരെന്റെ മറുപടിയോ... എന്റെ കാൽപാദങ്ങളുടെ ശബ്ദം കൊണ്ടോ.. ! ,ഞാൻ മുകളിലെത്തും മുന്നേ തന്നെ ടേബിളിൽ രണ്ടു ഗ്ലാസ്സിൽ നുരയുന്ന ലഹരി ഐസ് കഷ്ണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു. !
എന്നെ കണ്ടതും, മുക്കാൽ ഭാഗവും നരച്ച താടിരോമങ്ങൾ തലോടി അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നെ കെട്ടിപിടിച്ചു.
"കണ്ണൻ ചേട്ടന് സന്തോഷായി !... ഏറെ നാളുകൾക്ക് ശേഷം നീ വന്നൂ ല്ലോ "....
"നീ വാ..... ഇരിക്ക് "...
എന്റെ കൈയിൽ പിടിച്ച് അയാളും സോഫയിലേക്ക് ഇരുന്നു.
കണ്ണൻ ചേട്ടൻ !
കുട്ടിക്കാലം മുതൽ എനിക്കറിയാം ആ മനുഷ്യനേ.. സ്കൂൾ വെക്കേഷനായാൽ അമ്മാത്ത് ചിലവഴിച്ച സമയങ്ങളിൽ..., നല്ല ഓർമ്മകളിൽ എന്നും കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നു. പിന്നീട് ജോലിയായി.. ദില്ലിയിലേക്ക് വന്ന് അഞ്ചാറു മാസങ്ങൾക്ക് ശേഷാണ് കണ്ണൻ ചേട്ടൻ ഇവിടെ ഉണ്ടെന്നറിഞ്ഞത്. അന്നു മുതലേ നല്ല കൂട്ടാണ്. സ്വന്തം വീട് പോലെ....
ഇന്ദു !
കണ്ണൻ ചേട്ടന്റെ ഭാര്യ... ! അവർ മരിച്ചിട്ട് ഏകദേശം ഏഴു മാസത്തോളായി. ഹൃദയസംബന്ധമായ അസുഖം ആയിരുന്നു. അന്ന് വന്നു പോയതാണ് ഞാനീവീട്ടിൽ. പിന്നെ വരാൻ തോന്നിയില്ല. പാവം ചേട്ടൻ ആകെ മാറിപ്പോയിരിക്കുന്നു.
"അഭി... നാളെ യാ പോണെ... ല്ലേ "?
"നീ ഇവിടെ വരൂന്ന് എനിക്ക് തോന്നിയിരുന്നു". ഇന്ദു.. ..
അയാൾ പാതിയിൽ തന്റെ വാക്കുകളെ വലിച്ചെറിഞ്ഞു !!.
ഡിസംബറിലെ മരവിപ്പിക്കുന്ന തണുത്ത കാറ്റ് ജനലിൽ തട്ടി എന്റെ മുഖത്തേക്ക് വീശിയടിച്ചു. പക്ഷെ നിശബ്ദമായ ആ നിമിഷങ്ങൾ അതിനേക്കാൾ മരവിച്ചതായിരുന്നു!!.
മേശപ്പുറത്ത്‌ നിറച്ചു വെച്ച ഗ്ലാസ്സ് ചൂണ്ടി അയാൾ തുടരുന്നു." പ്ലീസ്.... ".
ഞാനാ ഗ്ലാസ്സ് കയ്യിലെടുത്തു. ചുണ്ടിൽ ചേർത്തു. ഇന്ദു വിന്റെ വിരൽ സ്പർശമേറ്റ ഗ്ലാസായാത് കൊണ്ടോ എന്തോ... അവളുടെ സാന്നി ദ്ധ്യo പോലെ...ഞാൻ വീണ്ടും ഗ്ലാസ്സ് മേശപ്പുറത്ത്‌ തന്നെ തിരികെ വെച്ചു.
അവൾ ഇപ്പൊഴും ഇവിടെയൊക്കെ ഉള്ളത് പോലെ... എന്റെ മനസ്സ് വായിച്ചപോലെ കണ്ണൻ ചേട്ടൻ തുടർന്നു. ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും അയാൾ മദ്യം നിറച്ചു. എന്റെ ഗ്ലാസിലെക്ക് നോക്കി പതിയെ ചിരിച്ചു.. "വേണ്ടേ കഴിക്കണ്ട ".ഞാനും വല്ലപ്പോഴും മാത്രം. ഈ തണുപ്പ് !.അയാൾ ഗ്ലാസിലുള്ളതു മുഴുവൻ വായിലേക്ക് ഒഴിച്ചു.
"എന്തെങ്കിലും പറയ്യ്.... ഡോ "
ഈ തണുത്ത കാറ്റിനെ മറയ്ക്കാൻ. ഇല്ലാതാക്കാൻ !!
ആഹ്... "അഭി നീ ഭക്ഷണം കഴിച്ചായിരുന്നോ "?.
ഇല്ലെങ്കിൽ....
ഉവ്വ് ചേട്ടാ. ഞാൻ കഴിച്ചു.
"നാളെ നീ പോയാൽ പിന്നെ"... വാക്കുകൾക്ക് പിന്നെയും മോഹഭംഗം !!!
ആ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു. ഇന്ദുവിന്റെ കുസൃതിയും, കളിചിരിയും ഇല്ലത്തവീട്.
"ചേട്ടൻ ഓഫിസിൽ ലീവ് പറഞ്ഞിരുന്നോ"?
മ്മ്.. പെട്ടെന്ന് അല്ലെങ്കിലും അവള് പോയെന്നു അംഗീകരിക്കാൻ വയ്യ ഡോ. കലപില കൂട്ടി കൂടെ കുറച്ചു നാളുകൾ കൂടി... ഉണ്ടായിരുന്നെങ്കിൽ !!.അവള് പോയപ്പോഴാ ഒക്കെ അറിയുന്നത്. എന്തിന് ഈ തണുത്ത കാറ്റ് പോലും ! ജനൽ പാളിയിലുടെ അപ്പോഴും കാറ്റ് അകത്തേക്ക് വീശി കൊണ്ടിരുന്നു.
അയാൾ മെല്ലെ അടുത്തുള്ള അലമാര വലിച്ചു തുറന്നു. ഒരു കെട്ട് കടലാസുകഷ്ണങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അവയിൽ ചിലതെടുത്ത്‌ എന്റെ നേരെ നീട്ടി.
ഇത്. "ഇതെന്താ "?
ആകാംക്ഷയോടെ ഞാൻ അവ ചേർത്ത് വെയ്ക്കാൻ ശ്രമിച്ചു . പലതും ചെറിയ കഷ്ണങ്ങളാക്കി കീറി മാറ്റിയിരിക്കുന്നു.
പ്രണയ ലേഖനങ്ങൾ... ലവ് ലെറ്റേഴ്സ് !.
ഒരു പതിനാറുകാരനെ പോലെ കണ്ണൻ ചേട്ടൻ കുണുങ്ങി ചിരിച്ചു.
ഒന്നും മനസിലാവാതെ ഞാൻ പിന്നെയും അവ നിവർത്തി നോക്കി.
"ഇന്ദു എഴുതിയതാണ് " താഴ്ന്ന ശബ്ദത്തിൽ കണ്ണൻ ചേട്ടൻ തുടർന്നു.
"അവൾ. അവൾ എഴുതിയതാണ് "!
"ആർക്കാന്നറിയോ "?. നിനക്ക് !!!"നിനക്ക് വേണ്ടി "!.
ഒന്നു പകപ്പോടെ ഞാൻ അയാളുടെ മുഖത്തെക്ക് നോക്കി. ശാന്തമാണ്. ഭാവവ്യത്യാസമില്ലാത്ത കണ്ണുകൾ. ചുണ്ടിൽ ഒരു ചിരി ഒളിച്ചു മറയുന്നു. അയാൾ തുടർന്നു.
"നിനക്ക്.... നിനക്കും അവളെഇഷ്ട്ടായിരുന്നി ല്ലേ "?
ഈ ചോദ്യം എന്നെ ഞെട്ടിച്ചു !.
സത്യം.. അതായിരുന്നോ?
ഇന്ദു. ആരായിരുന്നു അവർ?
അവരെ കാണാൻ വേണ്ടി... അവരോടു സംസാരിക്കാൻ വേണ്ടി മാത്രം ഈ വീട്ടിൽ ഞാൻ വന്നിരുന്നു. ഒരേ പ്രായത്തിൽ ഉള്ള കൂട്ടുകാരിയോടുള്ള ഇഷ്ടമോ, സ്‌നേഹമോ.
അതിനപ്പുറം. എന്താ. പ്രണയം.....
ഇല്ല. പ്രണയമില്ല. !!
എന്റെ പിറുപിറുക്കൽ കേട്ട് കണ്ണൻ ചേട്ടൻ ഉറക്കെ ചിരിച്ചു.
എടൊ ..." താൻ എന്തിനാ പരിഭ്രമിക്കുന്നത്. പ്രണയം ആർക് എപ്പോ വേണമെങ്കിലും ആരോടും തോന്നാവുന്ന ഒന്നല്ലേ? ചിലപ്പോൾ തോന്നലുകളും ആവാം" !! മിക്കവരും അത് മൂടിവെയ്ക്കും. അവളുടെ മനസ്സിൽ മുഴുവൻ സ്ന്ഹമാണ്. നിഷ്കളങ്കമായ ഒരു തരം ഭ്രാന്ത്. അയാൾ പിന്നെയും ഉറക്കെ ചിരിച്ചു.
"കണ്ണൻ ചേട്ടാ അഭിജിത്തിനോട് എനിക്ക് പ്രണയം തോന്നുന്നൂന്ന്.. ! അവളെന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ,അവളുടെ സ്‌നേഹത്തേ നിർവചിക്കുമ്പോൾ അരുതാത്ത ബന്ധങ്ങളിൽ അവൾ ഒരിക്കലും പോവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു"
പിന്നെയ്യ്
ഒരു കാര്യം അറിയോ ഇതിലെ സാഹിത്യമൊക്കെ എന്റെടുക്ക്ന്ന് കടം വാങ്ങിയതാ.... കേട്ടോ.....
എഴുതി വെയ്ക്കും പിന്നെ ഇത് പോലെ തുണ്ടം തുണ്ടമായി കീറി കളയും.
എന്റെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു.
"എന്തു മനുഷ്യനാണ് നിങ്ങൾ"???
അഭി ഇപ്പോൾ ചിന്തിക്കുന്നത് അതെല്ലേ?
ഞാൻ പതിയെ ജനലിനടുത്തെക്ക് നടന്നു. പുറത്ത് മഞ്ഞു മൂടിക്കിടക്കുന്നു. കണ്ണുകളിലെ നനവിൽ സൂചി മുനകുത്തിയാഴ്ത്തി കാറ്റ് പിന്നെയും വന്നു!!.
അഭി......
താൻ അപ്‌സെറ്റായോ?
അയാൾ എന്റെ തോളിൽ പിടിച്ചു കുലുക്കി.
കണ്ണൻ ചേട്ടാ....
അത്.
എനിക്കറിയാം. ഒരിപാടിഷ്ട്ടം.... തെറ്റായിട്ടുള്ളതല്ലാന്നും എനിക്കറിയാം.
ആ ശൂന്യത നിന്നെ തളർത്തും.
ചിന്തകളിൽ തെറ്റും, ശരിയും എവിടെ യാണ്. അത് തിരിച്ചവിലല്ലേ നമ്മുടെ ബാക്കി ജീവിതം. ഏതാണ്ട് ജീവിതം അവസാനിച്ചെന്ന തിരിച്ചറിവിൽ അവളോപ്പിച്ച ഓരോ കുസൃതിയും ഞാൻ ആഘോഷമാക്കും. "യഥാർത്ഥത്തിൽ അവൾക്ക് എന്നോട് ഒത്തിരി സ്‌നേഹം ഉണ്ടായിരുന്നു "അല്ലെ? ഡോ..
എന്റെ തല താഴ്ന്നിരുന്നു.
മേശപ്പുറത്തേ ഗ്ലാസിൽ വീണ്ടും ഐസ് കഷ്ണങ്ങൾ വീഴുന്ന ശബ്ദം.
മുൻപ് ഉപേക്ഷിച്ച എന്റെ ഗ്ലാസ്‌ ഞാൻ കയ്യിലെടുത്തു കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ അത് കുടിച്ചു. തണുപ്പിനെ കീറി മുറിക്കുന്ന പുകച്ചൽ കണ്ണുകളിൽ പിന്നെയും !.
ഒന്നുടെ ഒഴിക്കന്നോ? എന്ന ചോദ്യം കണ്ണൻ ചേട്ടൻ ചോദിച്ചില്ല. പകരം എന്റെ ഗ്ലാസ്സ് മേശപ്പുറത്ത് കമഴ്ത്തി വെച്ചു. മതി.. അഭി ഇനി വേണ്ട.
ഹാളിൽ ഒരു വശത്തു തൂക്കിയിട്ട ഇന്ദുവിന്റെ ചിത്രത്തെ ചൂണ്ടി അയാൾ ഉറക്കെ പറഞ്ഞു. ഈ കാറ്റിനൊപ്പം, തണുപ്പിനൊപ്പം, അവളുടെ ഓർമ്മകളും നീ ഇവിടെ ഉപേക്ഷിക്കില്ലേ !?
"എനിക്കായി മാത്രം "!
ഞാൻ തല ഉയർത്തി കണ്ണൻ ചേട്ടനേ നോക്കി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നിഷ്കളങ്കൻ.
നാട്ടിൽ എന്നെങ്കിലും വരുമ്പോൾ ഒന്ന് വന്ന് കാണാൻ. ഇനി എനിക്ക് ഒരു അനിയൻ കൂടി ഉണ്ട്.
നീ സന്തോഷായിരിക്കണം.
ഓർമ്മകളുടെ ഭാണ്ഡം നിനക്ക് ചേരില്ല.
ആ കണ്ണുകൾ നിറഞ്ഞോഴുക്കുന്നുണ്ടായിരുന്നു.
കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല.
ഞാൻ പതിയെ ഗോവണി പടികൾ ഇറങ്ങി. എന്റെ കാൽവെയ്പ്പിന്റ ശബ്ദം ഒഴിച്ചാൽ ആ വീട് നിശബ്ദമായിരുന്നു.
പുറത്തു നല്ലവണ്ണം മഞ്ഞു വീണു കഴിഞ്ഞു. യാത്ര പറഞ്ഞു കാർ മുന്നോട്ട് നീങ്ങി.
കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം. ഞാൻ വണ്ടി റോഡ് അരികിൽ ഒന്ന് ഒതുക്കി. പുറത്തെക്കിറങ്ങി. നല്ല ഇരുട്ട്. ഭയങ്കര തണുപ്പും. പക്ഷെ മനസ്സ് ശാന്തമാണ്. ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങൾ ആ ഇരുട്ടിലും തണുപ്പിലും അലിഞ്ഞു പോയിരിക്കുന്നു.
രചന :Deepa palayadan.

ജീവരേഖ



***********
"സുമേടതീ "....
രവിയേട്ടൻ വിളിച്ചിരുന്നോ?
അനിയന്റെ ഭാര്യ ലതയുടെതാണ് ചോദ്യം..
പാതിയഴിഞ്ഞു വീണ മുടിക്കെട്ടിലെ മുല്ല പൂക്കളിൽ നിന്നൊരെണ്ണമെടുത്തു, വാസന നോക്കി... ഞാനൊന്ന് ചിരിച്ചു!....
"വിളിയില്ല.. . കത്ത് വന്നു മിനിഞാന്ന്. "
"നീ.. കണ്ടതാണല്ലോ"...
ആ.... കണ്ടു... ന്നാലും വെറും കത്ത്.. ! അതും ഇന്നത്തെ കാലത്ത്... ഒന്ന് വിളിച്ചാ ന്ത.... മനു കുട്ടൻ ദിവസവും വിളിക്കുന്നുണ്ടല്ലോ.... ഈ രവിയേട്ടന്റെ കാര്യം !..
മ്മ്.. മനു എന്റെ മകനാണ്.. ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു.
അതിന്... ലത പാതി നിർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന ചിരിയോട്, ഞാൻ വീണ്ടും മുല്ല പൂവിനെ ചേർത്ത് പിടിച്ചു !.
ഒന്നും മനസിലാവാത്ത വണ്ണം പുരികങ്ങൾ വളച്ച് അവൾ ചോദിച്ചു.
കുറെ ദിവസായി ശ്രദ്ധിക്കുന്നു.. ഈ ചിരിയിൽ ഒരു പ്രണയമുണ്ടല്ലോ ഏട്ടത്തി.
ന്ത... പഴയ കാല ഓർമ്മകളിലെക്കാന്നോ?
അവളുടെ കണ്ടുപിടിത്തം കേട്ട് അഴിഞ്ഞു വീഴാറായ മുടിയിഴകൾ മുഴുവൻ സ്വാതന്ത്രമാക്കി, ഇടതു കയ്യികൊണ്ട് മുടിയിഴകൾ വിടർത്തിയിട്ടു.
ഈ വയ്യാത്ത കയ്യും വെച്ച് കത്ത് എഴുതാൻ പ്രയാസമില്ലേ.. എന്നിട്ടും രവിയേട്ടൻ എഴുതാൻ നിർബന്ധിക്കുന്നതാ... നിക്ക് മനസ്സിലാവാത്തെ.. !വീഡിയോ കാൾ ചെയ്താൽ പരസ്പരം കാണാം... കത്തിൽ എത്ര വെച്ചെന്നാ എഴുതുക. മ് അതിനു പറ്റിയ ഒരു ഭാര്യയും !.
ലത എന്റെ പാതി ജീവനറ്റ വലതു കയ്യിൽ വൈദ്യര് തന്ന തൈലം അമർത്തി തിരുമ്മി കൊണ്ട് പരിഭവപ്പെട്ടു.
ന്നാലും... നല്ല മാറ്റം ഉണ്ട്... അല്ലെ ഏടത്തി.. വൈദ്യരും പറഞ്ഞു ഇത്ര പെട്ടെന്ന് സുഖവുന്ന് വിചാരിച്ചില്ലാന്ന്. ഇനി കഷായം രണ്ടു നേരം മതീത്രെ...
അടുക്കളയിൽ ഔഷധ കൂട്ടിന്റെ എല്ലാം കയ്പ് രസവും ആദ്യം രുചിച്ച മൺ കലം എന്നെ തന്നെ നോക്കി.. എല്ലാ കയ്പ്പും ഈ മൺ കലത്തിൽ ആവാഹിച്ച് ഇവിടെ നിന്നും മടങ്ങണം!!
എടത്തി....
ഏത് ലോകത്താ ! മനസ്സ് രവിയേട്ടന്റെടുത്ത്‌ വരെ പോയോ...?
ഇല്ല കുട്ടീ ബാഗ്ളൂര്ന്ന് വരുമ്പോൾ ഒട്ടും അനങ്ങാത്ത എന്റെ ഈ കൈ......!ഞാനത് ചെറുതായി ഇളക്കി.
"അഹ്... അതാ പറഞ്ഞെ, ഈ കയ്യും വെച്ച് ഇങ്ങനെ എഴുതി കൂട്ടുമ്ബ നിക്കാ പേടി "! ശരിക്ക് ഏടത്തിയേ നോക്കിയില്ലാന്നു പറഞ്ഞ് എന്റെ കെട്ടിയോൻ... ഏടത്തിയുടെ അനിയൻ എന്നെ പഴി പറയും.
സന്ധ്യയാകാറായി ഈ മുടിയൊന്നു കെട്ടിയെ ലതേ...
മ് സുമേടതീടെ മുടി... നല്ല മുറ്റുള്ള മുടിയാട്ടോ .. പക്ഷേ കുറച്ചു നരച്ചു.
പിന്നെ നാല്പത്തിയാറുവയസ്സുള്ള, മെഡിസിനു പഠിക്കണ ഒരു മോനുള്ള എന്റെ മുടി നരക്കില്ലേ !.
ഓഹോ... അപ്പൊ മെഡിസിനു പഠിക്കുന്ന മകനുള്ള അമ്മ മാരുടെ മുടിയൊക്കെ നരയ്ക്കും ല്ലേ... ഏടത്തി.... അവളെന്നെ കളിയാക്കി.
പോടീ... !കയ്യ് ഉയർത്തി ഞാനവളെ തൊട്ടു.
സത്യത്തിൽ ഏടത്തി നാട്ടിലെക്ക് വന്നപ്പോ നിക്ക് നല്ല സങ്കടായിരുന്നു. ഏടത്തിടെ മനോബലം പിന്നെ മുത്തപ്പന്റെ അനുഗ്രഹവും ഒക്കെ ഭേദായി വരുന്നു.
ലതേ....
ഇതൊന്നും എന്റെ കഴിവല്ല കുട്ടി. നമുക്ക് ചുറ്റും ഉള്ളവരുടെ സാമിപ്യം, സ്‌നേഹം... അത് നമ്മളെ ശക്തരാക്കും.
ആഹാ.. അപ്പൊ ഞാനാ ശരിയാക്കിയേ അല്ലെ..ഏടത്തി !..
അവളുടെ കണ്ണുകളിൽ വിരിഞ്ഞ സന്തോഷം എനിക്ക് ആ സന്ധ്യയിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു.
ഞങ്ങളുടെ സംസാരത്തിനിടെ ഉമ്മറത്ത്ന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.
സന്ധ്യ വിളക്ക് കത്തിക്കൂ... കുട്ടി.
അച്ഛനെ അനുസരിച്ചവൾ തെക്കിനിയിലേക്ക് പോയി. പിന്നെ ചങ്ങലാട്ടയിൽ ദീപവുമായി നടു മുറ്റത്തെ മുല്ല വള്ളിയോട് ചേർന്ന ഗണപതി സ്ഥാനത്ത്‌ തിരി തെളിയിച്ചു.
#########################
നേരം ഇരുട്ടി അച്ഛനുള്ള പൊടിയരി കഞ്ഞി കൊടുത്തോ ലതേ..
ഉവ് ഏടത്തി. . ഇന്ന് നമുക്കും കഞ്ഞിയാട്ടോ.
സ്‌റ്റീലിന്റെ കുഴിഞ്ഞ പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി ഞങ്ങളിരുന്നു. ചുട്ടരച്ച തേങ്ങാ ചമ്മന്തി അമ്മയുടെ ഓർമ്മകളെ ഉണർത്തി. അമ്മ പോയിട്ട് അഞ്ചു വർഷം. അന്ന് മുതൽ ആരൊക്കെ ഉണ്ടെങ്കിലും അച്ഛൻ ഒറ്റപെട്ടപോലെയാണ്. ചികിത്സ ക്കായി നാട്ടിലെക്ക് വരുമ്പോൾ അച്ഛന്റെ മനസ്സ് വേദനിക്കൊന്നായിരുന്നു പേടി. പക്ഷേ ലത. അവളൊരു ദേവതയാണ്... ഇന്നി വീട്ടിന്റെ ഐശ്വര്യവും.
സുമ ചിറ്റ വാരിതന്നാ മതി ലതേടെ മടിന്ന് പിടഞ്ഞു ഗോപു മോൻ എന്റെ മടിയിൽ കയറിയിരുന്നു. എനിക്ക് ചമ്മന്തി വേണ്ട...... പഞ്ചസാര പൊടിച്ച്, നെയ് കുഴച്ച് വേണം.
അയ്യോ.. കഞ്ഞില് പഞ്ചസാര ഇടില്ലാല്ലോ.. കുട്ടാ.
ന്നാ, നിക്ക് ദോശ മതി. അവൻ നിന്നു ചിണുങ്ങി. ചിറ്റേ എനിക്ക് ദോശ വേണം.. !അവൻ വിടുന്ന മട്ടില്ല. ഫ്രിഡ്ജിൽ നിന്നും ദോശ മാവെടുത്ത് അവന് രണ്ടെണ്ണം ചുട്ടു കൊടുക്കാൻ ഞാൻ എഴുന്നേറ്റപ്പോഴേക്കും ലത എന്നെ വിലക്കി. ഗോപു കഞ്ഞി കുടിച്ചു കിടന്നാമതി... ട്ടാ. ന്നാ അപ്പുപ്പൻ വാരി തന്നാമതി ന്നും പറഞ്അവൻ ഓടി പോയി.
കഞ്ഞി കിണ്ണത്തിൽ സ്‌പൂണിട്ടിളക്കി പിന്നെയും ആലോചനയിലായിരുന്നു ഞാൻ.
"സുമേടത്തി.... "
മ് എന്താ...
"ഈ കുളവും, മച്ചും, നടുമുറ്റവും ഒക്കെ വിഷ്ണുവേട്ടന്റെ ഓർമ്മ പെടുത്തലുകളാവുന്നുണ്ടോ"?
ഇല്ല.. എന്താ നീ അങ്ങനെ ചോദിച്ചത്.
"അല്ല.... ഇടയ്ക്ക് വിരിയുന്ന ഈ ചിരി ! അർത്ഥമില്ലാത്ത ആലോചനകൾ !"
സത്യം പറയ്, എടത്തി.... ഇപ്പോഴും നിങ്ങൾ വിഷ്ണുവേട്ടനെ.... .. !!!
പൊട്ടി ചിരിച്ചു കൊണ്ട് പിഞ്ഞാണവുമായി പൈപ്പിനടുത്തെക്ക് ഞാൻ നടന്നു.
പാത്രങ്ങൾ കഴുകി.....പിന്നെയും നടു മുറ്റത്ത്‌ ഞങ്ങൾ വെറുതെയിരുന്നു. ലൈറ്റ് ഇല്ലാതെ തൂക്കു വിളക്കിന്റെ ശോഭ,.. .ആ രാത്രിയേ കൂടുതൽ വശ്യമാക്കിയ പോലെ !!!
"ഏട്ടത്തി പറഞ്ഞില്ല !!"
നിനക്ക് ഭ്രാന്താന്നോ കുട്ടീ.... !
ഓർമ്മ വെച്ച കാലം മുതൽ വിഷ്‌ണു വേട്ടനെ പ്രണയിച്ചിരുന്നു. പക്ഷേ അത് പത്തൊമ്പതാമതെ വയസ്സിൽ തീർന്നില്ലേ.... !
തീർന്നോ? അവളൊന്ന് സൂക്ക്ഷിച്ചു നോക്കി.
മ്മ്....... നക്ഷത്രങ്ങൾ തമ്മിൽ ചേരാത്ത ജാതകകാരിയെ വേണ്ടെന്നു അമ്മായി പറഞ്ഞപ്പോ... വിഷ്ണുവേട്ടൻ എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ അത് എന്റെ പ്രണയം ഇല്ലാതാക്കിയില്ലാട്ടോ.
ഇവിടുത്തെ അമ്മയാ പിന്നെ രവിയേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചത്... ല്ലേ?
മ്...പെങ്ങടെ മോനെ കൊണ്ട് തന്നെ എന്നെ കല്യാണം കഴിപ്പിക്കാനായിരുന്നു അച്ഛനിഷ്ടം. എനിക്കും വിഷ്ണുവേട്ടനെ ഇഷ്ടായിരുന്നു. പക്ഷേ അമ്മായിടെ പിൻവാങ്ങൽ... .. അതുകൊണ്ട് തന്നെ അമ്മയ്ക്ക് വാശിയായിരുന്നു.
ഏട്ടത്തി.. എത്ര സരസമായി കാര്യങ്ങൾ പറഞ്ഞു. ജീവിതത്തിലെ രണ്ടു പുരുഷൻ മാർ. ആരോടായിരുന്നു യഥാർത്ഥത്തിൽ പ്രണയം.
കെട്ടി വെച്ച മുടി ചുരുളുകൾ തനിയെ അഴിഞ്ഞു വീണു. പേരാലിൽ തൂങ്ങി കിടക്കുന്ന കരി നാഗങ്ങൾ പോലെ !!....നല്ല കാറ്റ് !
ഏട്ടത്തി....
പറയാം. രണ്ടു പേരും. എന്റെ വിരൽ തുമ്പിൽ പോലുതൊട്ട് അശുദ്ധിയാക്കാത്ത വിഷ്ണുവേട്ടൻ. എന്നെ പൂർണ്ണമായി ഉൾക്കൊണ്ട്‌ എനിക്ക് സ്വന്തമായിട്ടൊരിടം തന്ന് സ്‌നേഹിക്കുന്ന രവിയേട്ടൻ.
വിഷ്ണുവേട്ടൻ പോയിട്ട് മൂന്നു വർഷം അല്ലെ..
മ് ... റോഡ് ആക്‌സിഡന്റായിരുന്നു.
മരിക്കും മുൻപ് മൂന്നു പുസ്തകം എഴുതിട്ടുണ്ട്.
"എന്റെ മഞ്ചാടി കുരുവിന് "!
അതാ അവസാന പുസ്തകം. അത് ഏട്ടത്തിക്ക് വേണ്ടിയാന്നാ എല്ലാരും പറയുന്നേ.
ഇവിടെയിരിപ്പുണ്ട്. അലമാരയിൽ... ഞാൻ കൊണ്ട് വരട്ടെ....
വേണ്ട. എനിക്കയച്ചു തന്നു. പക്ഷേ ഞാൻ വായിച്ചില്ല. രവിയേട്ടൻ വായിച്ചു.
എന്താത്...ഒന്നുല്ല കുട്ടി. ദേ ഗോപു ഉറങ്ങി കൊണ്ടു മുറില് കിടത്തു. അവൾ ഗോപുനെയും കൊണ്ട് മുറിയിലേക്ക് നടന്നു.
ഞാൻ നേരേ അച്ഛന്റെ മുറിയിൽ പോയി. ഒച്ചയാക്കാതെ അലമാരയിൽ നിന്നും അമ്മയുടെ മുണ്ടും നേരിയതും എടുത്ത്‌ എന്റെ മുറിയിലെക്ക് നടന്നു.
ചിരട്ട കനലിട്ട തേപ്പു പെട്ടിയിൽ വള്ളിയില വെച്ചു തേച്ച മുണ്ടിന്റെ മണം. അമ്മ യുടെ മണം!ഇന്ന് അമ്മ ഉണ്ടായിരുന്നെങ്കിൽ !.
ചിന്തകൾക്ക് വിരാമം എന്ന പോലെ രവിയേട്ടന്റെ കത്തുകൾ മേശ പുറത്ത്. എന്റെ ചുണ്ടിൽ വീണ്ടും ഒരു ചിരി. പാതി ചത്ത ഈ കയ്യിനെ കത്തുകളെഴുതിച്...., ചികിത്സ നാട്ടിൽ മതിന്ന് പറഞ്ഞു നിർബന്ധിച്ച് പറിച്ചു മാറ്റി.....എന്റെ നല്ല ഓർമ്മകളെ തിരിച്ചു തരികയായിരുന്നു അദ്ദേഹം. എന്നെ കൂടുതൽ ജീവിപ്പിക്കാൻ കൊതിപ്പിക്കയാണ്.
ദൂരേ.... നിദ്ര ഭഗവതിയുടെ കാലൊച്ച. ഞാനെന്റെ താലിയേ മുറുകെ പിടിച്ചു. പാതി മാഞ്ഞ കുങ്കുമ പൊട്ടുമായി നിങ്ങടെ നെഞ്ചിൽ തല ചായ്ച്ച് വെച്ച് മരവിച്ച ഈ വിരലുകൾ കൊണ്ട്,ആ നെഞ്ചിൽ ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരയ്ക്കും.ന്റെ രവിയേട്ടന്റെ !. ചുണ്ടിൽ വിരിഞ്ഞ ചിരി പ്രണയാർദ്ര സ്വപ്‌നങ്ങളിലേക്ക്‌..... പതിയെ ഉറക്കത്തിലേക്ക്‌.... !
രചന :Deepa Palayadan.

ഞാനും എന്റെ മുതലാളിയും.

Image may contain: 1 person, selfie and closeup

ഞാനൊരു ഓട്ടോറിക്ക്ഷയാണെ.. ഒരു മഹാനടന്റെ ആരാധകനായ എന്റെ മുതലാളി എനിക്ക് സാഗർ ഏലിയാസ് ജാക്കി ന്ന് പേരിട്ടു... മുതലാളിന്റെ പേര് കുറച്ചു പരിഷ്‌കാര പേരാണ് സുമേഷ് !!....
ഇന്നലെ പെയ്ത മഴയിൽ ഞാൻ കുറെ നനഞ്ഞു. രാവിലെ തന്നെ സുമേഷ് അതൊക്കെ തുടച്ചു മാറ്റുകയാണ്..
"സുമേഷേ"....
അമ്മയുടെ വിളിയിൽ അവൻ കാത് കൊടുത്തതെയില്ല...
ഡാ "! നിന്നെയല്ലേ വിളിചേ....
മോനെ.. ഡാ.. നീ ടൗണിൽ പോയി വല്ല മീനോ.. ചിക്കനോ.. എന്തേലും വാങ്ങി വാ ഡാ... പ്രജിനയും, അവളുടെ ആളും ഇപ്പോത്തും.
പിന്നെ... എന്റെ പട്ടി പൊവ്വും... സുമേഷ് ഇത്തിരി ഉറപ്പിച്ച് തന്നെ പറഞ്ഞു.
അവളും, അവളുടെ ആളും... "ഹും "
ആളല്ല... അവന്റെ പേര് എരപ്പാളി കുറുക്കൻ ബിജുന്നാ..
"എരപ്പാളി കുറുക്കൻ ബിജുവോ"?...! അമ്മയ്ക്ക് അതിശയം.
അവന്റെ വീട്ടുപേര് നിരപ്പാളി ന്നല്ലേ...? അമ്മ വീണ്ടും ചോദിച്ചു.
ആഹ് അതൊക്കെ മാറി എല്ലാരും അവനെ ഇപ്പോഇങ്ങനെയാ വിളിക്ക്ന്നേ...
ആഹ് അത് പോട്ടെ.. നീ ടൗണിൽ പോയി വാടാ...
ഓട്ടോ സ്റ്റാർട്ട്‌ ആവുന്നില്ല... അവനങ്‌ തട്ടി വിട്ടു.
ങേ... എന്റെ മുന്നിൽ വെച്ച് എന്നെ കുറ്റം പറഞ്ഞ സാമ ദ്രോഹി ! അവന്റെ തലയിൽ ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും.. പാവം അവനന്റെ ചങ്ക് ആണ്. ഈ പറഞ്ഞ പ്രജിന... അവന്റെ പെങ്ങളാ.. രണ്ട്‌ വർഷം മുൻപ് ബിജുന്റെ കൂടെ ഒളിച്ചോടി പോയതാ. ഇത്രയും കാലം അച്ഛൻ വീട്ടിൽ കയറാൻ സമ്മതിച്ചില്ല.. പക്ഷേ ഇപ്പോൾ അച്ഛന് പേരകുട്ടിയെ കാണാൻ ആശ.
അധികം വൈകാതെ അമ്മാവന്റെ മകൻ അശോകൻ ചിക്കനും മറ്റ് സാധനങ്ങളുമായി ഒരു ബുള്ളറ്റിൽ അവിടെ എത്തി.
കണ്ടോ.. കുഞ്ഞാട്ടൻ സമയത്തു തന്നെ കാര്യങ്ങൾ നീക്കി.. അമ്മ പിറു പിറുത്തു കൊണ്ട് അകത്തേക്ക് പോയി.
അശോകൻ വന്ന ബുള്ളറ്റ് എന്റെ തൊട്ടരികിൽ തന്നെ നിർത്തിയിട്ടുണ്ട്.
ഞാനൊരു ഹായ് പറഞ്ഞെങ്കിലും... അവൾക്ക് വലിയ ഡിമാൻഡ് !!.. പിന്നെ ഞാൻ മിണ്ടാൻ പോയില്ല. ബുള്ളറ്റിന്റെരു ഗമ !!ഹും.. !
പ്രജിനയും ബിജുവും വൈകാതെ തന്നെ എത്തി. പരിഭവങ്ങളും.. ദേഷ്യവും എല്ലാം അവരെല്ലാരും പറഞ്ഞ്തീർത്തു.
സുമേഷ് അല്പ നേരം ജാഡയിട്ട് നിന്നു. പ്രജിന തന്നെ ബിജുവിനു സുമേഷിനെ പരിചയപെടുത്തി. അപ്പോഴാ.. ഞാൻ ശരിക്കും ബിജുനെ കാണുന്നത്.
മ് മോശം ഇല്ല.. ന്നാലും മുതലാളിന്റത്ര പോര.
അളിയൻന്മാർ തമ്മിൽ ഹസ്തദാനം ചെയ്തപ്പോൾ ഞാൻ സത്യത്തിൽ വിക്ലങ്ങ പുളകിതനായി പോയി.
കുറച്ചു സമയം മുൻപ് ഇവനെയല്ലേ മുതലാളി ഇരട്ട പേര് വിളിച്ചത്.
ന്റ മ്മോ... മുതലാളി ഒരു സംഭവം തന്നെ.
പ്രജിന സംസാരിക്കാൻ വരുമ്പോൾ മുതലാളി ഒഴിഞ്ഞുമാറും. പിന്നെ ആരും കാണാതെ പാളി നോക്കും അത് അവളുടെ കയ്യിലെ കുഞ്ഞിനെ യാ ണ് നോക്കുന്നതെന്ന് എനിക്കറിയാം. രാവിലെ അശോകനെ സാധനങ്ങൾ വാങ്ങാൻ ഏൽപ്പിച്ചതും ആ പഹയൻ തന്നെയാ. വലിയ ഗമ കാണിക്കുമെങ്കിലും ശുദ്ധ നാ. ന്റ മുതലാളി!.
വൈകുന്നേരം എന്നെയും കൂട്ടി സുമേഷ് പുറത്തേക്കു പോയി. ബ്യൂട്ടി ഷോപ്പിന്റെ അടുത്ത് നിർത്തിയപ്പോഴ് എനിക്ക് കാര്യം പിടി കിട്ടി. പാർക്കിങ് സ്ഥലത്ത്‌ ഒരു ബെൻസുo,പിന്നെ കുറെ വണ്ടികളും കാണാം. ഞാൻ അക്ഷമയോടെ മുതലാളിയെ കാത്തിരിക്കുമ്പോൾ അതാ.... കുടിച്ചോണ്ട് വരുന്ന ചില ഭർത്താക്കന്മാരെ പോലെ.. ! ഒരു ടിപ്പർ.. ന്റമ്മോ... ശര വേഗത്തിൽ അവൻ പാഞ്ഞു പോയി.
മുതലാളി കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയുമായി പുത്തേക്ക് വന്നു. പിന്നെയത് എന്റെ പോക്കറ്റിലേക്കിട്ടു.
സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടു നീങ്ങുമ്പോതാ... ആ ബെൻസ് എന്നെ നോക്കി കണ്ണിറുക്കുന്നു.
"പിന്നെ.... പോടീ... ഞാൻ നല്ല ബജാജ് തറവാട്ടിൽ പിറന്നതാ... അവളുടെ ഒരു കിന്നാരിപ്പ്.. ! എങ്കിലും ആ മിററിലൂടെ ഞാൻ അവളെ ഒന്നൂടി നോക്കി.
എന്റെ പോക്കറ്റിൽ കിടക്കുന്ന സഞ്ചിയിൽ പ്രജിനയുടെ കുട്ടിക്ക് വേണ്ടുന്ന കരിമഷിയും ബേബി പൌഡറും ഒക്കെയാണ്.അത് ആർക്കും അറിയില്ലന്നാ മുതലാളിയുടെ വിചാരം. പക്ഷേ എനിക്കറിയാം ന്റ മുതലാളീനെ... അത്രക്ക് മനസ്സിലാക്കിയിട്ടുണ്ടീ.. "സാഗർ ഏലിയാസ് ജാക്കി".
രചന
Deepa Palayadan.

മൗനം


Image may contain: 1 person, selfie and closeup
മലയുടെ മുകളിലെ ഒറ്റപ്പെട്ട ഒറ്റമുറി വീട് !!. മണ്ണെണ്ണ വിളക്കിന്റെ ശോഭയിൽ ചീവ്വീടുകൾ അസ്വസ്‌ഥമായിരുന്നു !!....
ഇറങ്കല്ലിലെ കോണിലിരുന്ന് ചിരുത തന്റെ ചുണ്ടുകൾ പൊട്ടിയ ഒരു കഷ്ണം കണ്ണാടിയിലൂടെ നോക്കുകയാണ്... !
"സ്വയം വരിഞ്ഞ് കെട്ടിവെച്ച... തന്റെ ചുണ്ടുകൾ "!!!
"ഇന്നേക്ക് നാല് കൂട്ടര് വന്നു ല്ലേ പെണ്ണേ...? "
മണിയനാണ്... ചിരുതയുടെ അച്ഛൻ.
മ്മ്.... ഇപ്രാവശ്യം എന്തൊക്കെയോ സൗജന്യങ്ങൾ കിട്ടൂന്ന് തോന്നണ്... സാറന്മാര് പറഞ്ഞ.. കേട്ടില്ലേ...?
ചിരുതക്ക് തികഞ്ഞ മൗനം മാത്രം !!
ഇന്നീ വീട്ടിൽ അവർ രണ്ടു പേരും മാത്രമേയുള്ളൂ.. അമ്മയും, അനുജനും വർഷങ്ങൾക്കു മുമ്പുള്ള ഉരുൾ പൊട്ടലിൽ മരിച്ചു. മണിയൻ അന്ധനുമാണ്. പട്ടിണിയാണ് പലപ്പോഴും... മലക്ക് താഴെയുള്ള വറീതിന്റെ പീടിക തിണ്ണയിൽ അവരെ യാചകരാക്കുന്നത്.
ഇത് പോലെ വോട്ട് ചോദിച്ചു വരുന്നവരല്ലാതെ വേറെ ആരാ ഈ മലകേറുവ്വ... നെടുവീർപ്പോടെ മണിയൻ തന്റെ അന്ധകാരത്തിൽ" ഒരു കഞ്ഞി കലം നിറയെ അരിമണികൾ പെറുക്കിയിട്ട"! സ്വപ്നവുമായി പായയിലേക്ക് കിടന്നു.
മണ്ണെണ്ണ വിളക്കിന്റെ മുഖത്ത്‌ വെട്ടം മങ്ങി തുടങ്ങിയിരുന്നു!.
ചാരുത തന്റെ കയ്യ് കൊണ്ട് വിളക്കിന്റെ തിരി താഴ്ത്തി... അപ്പോഴും അവൾക്ക് നിശബ്ദത മാത്രം കൂട്ട് !.
ദിവസങ്ങൾക്ക് ശേഷം,... മല കയറി ഒരു ജീപ്പ് വീണ്ടും അവരുടെ കുടിയിലെത്തി.കുറച്ച് പേർ അതിൽനിന്നെറങ്ങി മണിയനെയും, ചിരുതയെയും ജീപ്പിലേക്ക് ആനയിച്ചു.
നേരേ ജീപ്പ് ഒരു സ്കൂൾ മുറ്റത്താണ് അവരെ കൊണ്ടുചെന്നിറക്കിയത്. ക്യുവിന്റെ പിറകിൽ അവർ അനുസരണയോടെ നിന്നു.
ഒടുവിൽ അവരുടെ ഊഴവും വന്നു.
കൈവിരലിൽ മഷി പുരട്ടി.... !താൻ ജീവിച്ചിരിക്കുന്നൂവെന്ന... അടയാളവുമായി ചിരുത പുറത്തേക്കു വന്നു.
എവിടെ? തങ്ങളെ ഇവിടെക്കു കൊണ്ടു വന്നവർ..?
അവിടെ അവരാരും ഉണ്ടായിരുന്നില്ല... പകരം കുറച്ചു പേർ, നല്ല വസ്ത്രധാരികൾ... അവൾക്ക് മുന്നിലൂടെ കടന്നു പോയി.
"അവരുടെ കയ്യിൽ അറ്റം പൊട്ടിയ ഒരു സൂചിയും, പിന്നെ നൈലോണിന്റെ നൂലും "!!
അവർ അടുത്ത് വരുന്നതായി അവൾക്ക് തോന്നി.
ചിരുതയോടായി,... അവർ പറഞ്ഞു....
"നിങ്ങളുടെ ചുണ്ടിലെ ആ പഴയ നൂലുകൾ ദ്രവിച്ചു പോയിരിക്കുന്നു. "
ഇതാ നിങ്ങൾക്കായി ഈ പുതിയ നൂലുകൾ സമ്മാനിക്കുന്നു.
പിന്നീട് അവർ തന്നെ അവളുടെ ചുണ്ടുകൾ ഭംഗിയായി തുന്നിചേർത്തു. !!
കുറച്ചു നിമിഷതെ ചിന്തകൾക്ക് ശേഷം ചിരുത മണിയന്റെ കയ്യും പിടിച്ച് സ്കൂളിന്റെ പടികളിറങ്ങി....
ചിരുതയുടെ ചുണ്ടിൽ നിന്നും ആരും കാണാത്ത രക്തകണങ്ങ ൾ മണിയന്റെ കയ്യിലൂടെ ഒലിച്ച് താഴ്ന്നിറങ്ങി. !
അയാൾ അത് അറിഞ്ഞതെയില്ല.
പക്ഷേ... മണ്ണണ്ണ വിളക്കിന്റെ പ്രഭയിലും അന്ധകാരത്തിന്റെ അകകണ്ണിൽ അയാൾ കരുതി വെച്ച കഞ്ഞി കലത്തിൽ ഇനിയും അരിമണികൾ വീഴില്ലെന്ന സത്യം അയാൾ അറിയുന്നുണ്ടായിരുന്നു!!.
"ചിരുതക്ക് അപ്പോഴും നിശബ്ദത മാത്രം "!.
രചന
Deepa Palayadan.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo