Slider

Temporary finger

0
Close-Up Photography of Girl's Left Hand Wearing Bracelet
മെറിൻ..
അവൾ, ക്ലാരാമ്മയുടെ ചട്ടയും മുണ്ടും ഭംഗിയായി ഒതുക്കിവെയ്ക്കുകയായിരുന്നു.
ഉമ്മറത്തു നിന്നുള്ള നീട്ടിയുള്ള വിളി കേട്ട് അവളങ്ങോട്ടെക്ക് ചെന്നു.
നടുവിന് ഒരു കയ്യും താങ്ങി ക്ലാര വേച്ചുവേച്ച് ചാരുകസേരയിലേക്ക് ഇരുന്നു.
കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസത്തോടെ ചോദിച്ചു.
" എടിയേ..... നീയാ പട്ടികുഞ്ഞിന് വല്ലതും കൊടുത്തായിരുന്നോ? "
മെറിൻ.. മുറ്റത്തെക്ക്‌ നോക്കി.
പട്ടി കൂടിന് അരികെയുള്ള പിഞ്ഞാണത്തിൽ ആഹാരം ഇപ്പൊഴും ബാക്കിയുണ്ട്.
അമ്മച്ചിക്ക്‌ കണ്ണിന് തെളിമക്കുറവ് തന്നെ !!
അവൾ മെല്ലെ പറഞ്ഞു...
" ഉവ്വ് കൊടുത്തുല്ലോ "
മ്മ്...
കണ്ണടയൂരി, മേൽമുണ്ട് തുമ്പിൽ തുടച്ചുകൊണ്ട് ക്ലാര മൂളി.
പിന്നെ വിരലിൽ നോക്കി.
"വോട്ട് ചെയ്താ അമ്മച്ചിയേ... "
"നല്ല തിരക്കാണോ അവിടെ "?
മെറിന്റെ ചോദ്യം കേട്ട്.... ക്ലാര പാതിമാഞ്ഞുമഞ്ഞളിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കി.
"വ്വോ..... എന്നാടി "
"കറിയാച്ചന് ചെയ്യാനിരുന്ന വോട്ടാ...
ഇതിപ്പോ... ജോസിന്റെ പാർട്ടിക്ക്‌ ചെയ്തേച്ചുമം വരുന്നേ "!
മെറിൻ പകപ്പോടെ ക്ലാരയേ നോക്കി.
അവർ ചാരുകസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റു.
" എടിയേ.... ഓപ്പൺ വോട്ടായിരുന്നു "!"എനിക്ക് മേലല്ലോ... അതുകൊണ്ട് ജോസ് തന്നെ ചെയ്തു.... അവൻ അവന്റെ നേതാവിന് തന്നെ കുത്തിയത് ഞാൻ കണ്ടതാടി... "
മുഖമൊന്ന് ചുളുക്കി ക്ലാര അകത്തേക്ക് നടന്നു.
പിന്നെ ഉച്ചത്തിൽ പറഞ്ഞു.
" നമ്മുക്ക് ഉപകാരം ഇല്ലെങ്കിലും.. കറിയാച്ചൻ നമ്മുടെ സമുദായക്കാരനായിരുന്നു. "
"ഇനി പറഞ്ഞിട്ടെന്താ... ഒരു വോട്ട് പോയില്ലേ.... "!
"മ്മ്.... ഇനി അവൻ അടുത്ത പ്രാവശ്യം വോട്ട് പിടിക്കാൻ വരണപ്പോ പറയണം.. നേരത്തെ എന്നെയും കൂട്ടി അങ്ങട്ട് പോവ്വാാൻ...."!!!
വളഞ്ഞ നടുവിൽ കുളത്തിവലിച്ച വേദനയേ ഒരു കയ്യിൽ താങ്ങി പിടിച്ച്... അവർ കിടപ്പ്മുറിയിലേക്ക്‌ കയറി.
മെറിൻ,
ക്ലാര പറയുന്നത് കേട്ട് ചിരിച്ചു.
"എനിക്കും വോട്ട് ചെയ്യണം... "! രാവിലെ വോട്ട് ചെയ്യാൻ ഞാൻ കൂടെ വരട്ടെന്ന് ചോദിച്ചതാ... വിദേശത്ത് നിന്ന് മക്കൾ വിളിക്കുമെന്നും അപ്പൊ നീ ഇവിടെ നിന്നാൽ മതി... അമ്മച്ചി വയ്യായ്കയിൽ പുറത്ത് പോയിന്ന് പറയണ്ടന്നും പറഞ്ഞ് പോയതാ. പിന്നെ ഒരു ഓർമ്മപ്പെടുത്തലും. "നീ ഇവിടെ ജോലിക്ക്‌ നിൽക്കുന്നതാ "!

തന്റെ സ്വാതന്ത്ര്യത്തിന്റെ... അവകാശത്തിന്റെ ചൂണ്ടുവിരലിലേക്ക്‌ അവൾ സൂക്ഷിച്ചു നോക്കി.
മുറ്റത്തു നിന്ന് പട്ടികുഞ്ഞു വാലാട്ടി തൊടിയിലേക്കോടി... എങ്ങോട്ടോ നോക്കി കുരച്ചു.. അവൾ പട്ടികുഞ്ഞിനെ തന്നെ നോക്കി. അതിന്റെ വളഞ്ഞ വാലും. !!
പിന്നെ ഒരു ചിരിയോടെ അവൾ അകത്തേക്ക് നടന്നു. 
രചന.... : 
Deepa Palayadan. @ Nallezhuth FB group
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo