നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവമകള്‍

Image may contain: 1 person, smiling

"ഏഴ് മണിക്കൂര്‍ എടുത്തു ഞാന്‍ എന്റെ മകളെ പ്രസവിക്കാന്‍. സര്‍വ്വ വേദനയും സഹിച്ച് ഞാന്‍ അവളെ പുറത്ത് കൊണ്ട് വന്നപ്പോള്‍ ലോകം കീഴ്‌ അടക്കിയ സന്തോഷമായിരുന്നു എന്റെ ഉള്ളില്‍. എന്റെ മൂത്ത മകന്‍ മാധവിനെ ഞാന്‍ പ്രസവിക്കുമ്പോള്‍ എനിക്ക് ഇത്ര കണ്ട് വേദന അനുഭവിചിരുന്നോ എന്ന് അറിയില്ല. കുഞ്ഞ് പുറത്ത് വന്നു എങ്കിലും അവളുടെ കരച്ചില്‍ ഞാന്‍ കേട്ടില്ല.
" കുഞ്ഞ് എന്താ കരയാതെ ഇരിക്കുന്നേ?" അടുത്ത് നിന്ന നേഴ്സിനോട് ഞാന്‍ ചോദിച്ചു.
" ഒന്നും ഇല്ല കുട്ടി ഞങ്ങള്‍ നോക്കട്ടെ" അവര്‍ മറുപടി പറഞ്ഞു.
കുറച്ച് നേരത്തേ അവരുടെ പരിശ്രമങ്ങള്‍ക്ക് ശേഷം അവള്‍ ഒരു എലികുഞ്ഞിന്റെ ഉച്ചയില്‍ കരഞ്ഞു. അത് കേട്ടപ്പോള്‍ മാത്രമാണ്
എന്റെ ഹൃദയം കുളിര്‍ന്നത്.
" കാന്താരി" എന്ന് ഞാന്‍ അവളെ മനസ്സില്‍ വിളിച്ചു. ആയിരം അസ്ഥി നുറുങ്ങുന്ന വേദനയിലും അമ്മയ്ക്ക് ആശ്വാസം കുഞ്ഞിന്റെ
സ്വരം തന്നെയാണ്. ഇടയ്ക്ക് എപ്പോഴോ എന്നെ അവര്‍ റൂമിലേക്ക്‌ മാറ്റി. ഒരു വീല്‍ ചെയറില്‍ ഇരുന്ന് ഞാന്‍ റൂമിലേക്ക്‌ പോകുമ്പോള്‍ കുഞ്ഞ് എന്റെ ഒപ്പം ഉണ്ടായിരുന്നില്ല. കടും പച്ച നിറമുള്ള മുറിയില്‍ അവളെ കാത്ത് കിടന്നു. തൊട്ട്
അടുത്തുള്ള കട്ടിലില്‍ എന്റെ അമ്മയും ഉണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് മയങ്ങി. പിന്നീട് ഏതോ നിമിഷം കണ്ണ് തുറന്നപ്പോള്‍ അവള്‍ എന്റെ അരികില്‍ ഉണ്ടായിരുന്നു അവളെ നോക്കി ഇരുന്നു കൊണ്ട് എന്റെ മകനും.
" കുഞ്ഞി ഉറക്കമാണ് അമ്മേ" കണ്ണ് തുറന്ന എന്നോട് മാധവ് പറഞ്ഞു.
ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു. ഗര്‍ഭ അവസ്ഥയില്‍ എന്നെ ഏറ്റുവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ മകനാണ്. അവന്
ലഭിക്കുന്ന എന്തും " കുഞ്ഞി" എന്ന് അവന്‍ വിളിക്കുന്ന അനിയത്തിക്ക് വേണ്ടി മാറ്റി വച്ചിരുന്നു. എന്റെ വീര്‍ത്ത വയര്‍ കണ്ട്
സ്വയം അവന്‍ മാറി കിടന്നു. എത്ര അടുത്ത് കിടക്കാന്‍ വിളിച്ചാലും അവന്‍ പറയും
" ഞാന്‍ ചവിട്ടും അമ്മേ ...." അഞ്ചു വയസ്സില്‍ പക്വത വന്ന മകന്റെ മറുപടി എന്നെ സന്തോഷവതിയാക്കി.
മൂന്ന് ദിവസം ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇടയ്ക്ക് മോളെ ചെക്ക്‌ അപ്പ് എന്ന് പറഞ്ഞ് അവര്‍ കൊണ്ട് പോകുമായിരുന്നു.എന്റെ പ്രസവ സമയം എന്റെ ഭര്‍ത്താവ് ഗിരിധര്‍ എറണാകുളത്ത് ജോലിയുമായി ബന്ധപ്പെട്ട് പോയിരുന്നു. മകള്‍ ജനിച്ച് രണ്ടാം ദിവസമാണ് അദ്ദേഹം വന്നത്. വീണ്ടും ഒരു മകനെ വരവ് ഏല്‍ക്കാന്‍ ആയിരുന്നു അദ്ദേഹം ഇരുന്നത് പക്ഷേ മകള്‍ എന്ന വാര്‍ത്ത‍ " കേശവ് " എന്ന് പേര് പോലും കരുതി വച്ചിരുന്ന അദ്ദേഹത്തെ തളര്‍ത്തി. മൂന്നാം ദിവസം ഡിസ്ചാര്‍ജ് വാങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു അവരെ നേരില്‍ ചെന്ന് കാണാന്‍. മെല്ലെ നടന്ന് ഞാനും എനിക്ക് ഒപ്പം നടന്ന് ഗിരിയേട്ടനും ഡോക്ടറുടെ
മുറിയില്‍ എത്തി. തെളിച്ചമുള്ള ചിരിയോടെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. പിന്നീട് മാറി മാറി ഞങ്ങളെ നോക്കി.
" സരിക ഇന്ന് പോകുകയാണ് അല്ലേ....അറിയാമല്ലോ റസ്റ്റ്‌ എടുക്കണം" ഡോക്ടര്‍ സംസാരിച്ചു തുടങ്ങി.
എന്റെ ഹൃദയമിടിപ്പ് കൂടി. ഞാന്‍ അവരെ തന്നെ നോക്കി ഇരുന്നു.
" നിങ്ങളെ രണ്ടുപേരെയും കാണണം എന്ന് പറഞ്ഞ് വിളിപ്പിച്ചത് മറ്റ് ഒന്നിനും അല്ല ഒരു പ്രധാന സംഭവം പറയാനാണ്....നിങ്ങളുടെ കുഞ്ഞിന് സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയാണ്‌ ....ഇനിയുള്ള അവളുടെ വളര്‍ച്ചയില്‍ നിങ്ങളുടെ സ്പെഷ്യല്‍ കെയര്‍ അവള്‍ക്ക് വേണം എന്നാണ് ഞാന്‍ പറയാന്‍ വന്നത്....അവള്‍ വൈകിയേ സംസാരിക്കു..നോട്ടം ഉറയ്ക്കുന്നത് പോലും പതുക്കേ
ആയിരിക്കും..."
ഡോക്ടര്‍ ഇങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ അത് പറയുമ്പോഴും എന്റെ ഹൃദയത്തില്‍ വീണ മിന്നല്‍ പിണര്‍
കാരണം എനിക്ക് ബാക്കി ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ഇരുട്ട് നിറഞ്ഞ മനസ്സുകള്‍ കൊണ്ട് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ആരോടും കുഞ്ഞിന് ഈ അവസ്ഥയാണ് എന്ന് ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ ഭര്‍ത്താവിന്റെ അമ്മ അത് അറിഞ്ഞു. ചൊവ്വ ദോഷകാരിക്ക് ജനിച്ച ബുദ്ധിമാന്ദ്യം ബാധിച്ച കുഞ്ഞിനെ അവര്‍ വെറുത്തു.
"കുടുംബത്തില്‍ നാഗശാപവും കൊണ്ടാണ് ഈ കുഞ്ഞ് പിറന്നത് കല്‍പ്പിച്ചത്...ഇതിനെ ഒഴിവാക്കണം അല്ലാത്ത പക്ഷം കുടുംബം
മുടിയും "
ഏതോ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കല്‍പ്പിച്ചത് മുതല്‍ എന്റെ സമാധാനം അവര്‍ ഇല്ലാതെയാക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ പോലും ആരും മുറിയിലേക്ക് വരാതെയായി. അവളുടെ മൂത്ര തുണികള്‍ എല്ലാം മുറിയുടെ മൂലയില്‍ കുമിഞ്ഞു
കൂടി. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാനും പതിനാല് ദിവസം പ്രായമുള്ള കുഞ്ഞും. എന്നോട് കാണിക്കുന്ന കടുത്ത അവഗണന ഒരിക്കല്‍ ഞാന്‍ ചോദ്യം ചെയ്തു അതിന് എനിക്ക് ഗിരിയേട്ടനില്‍ നിന്ന് ലഭിച്ച മറുപടി ഇന്നും എന്റെ
ഓര്‍മകളില്‍ ഉണ്ട്
" എന്നെ കൊണ്ട് സാധിക്കില്ല ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു കുഞ്ഞിനെ നോക്കാന്‍..അതിനെ വളര്‍ത്താന്‍....എന്നെ കൊണ്ട് കഴിയില്ല...
എന്ത് ചെലവ് വരും എന്ന് നിനക്ക് അറിയമോ...അതിന്റെ കരച്ചില്‍ പോലും എന്നെ പേടിപ്പെടുത്തുന്നു..അച്ഛനാണ് അതിനെ
കൊണ്ട് ദോഷം നിനക്ക് അറിയാമോ..മാധവിന്റെ പഠന ചിലവ് തന്നെ കൂടി വരുകയാണ് അതിന് ഇടയില്‍ ഇതും നീ എഴുതിയ ടെസ്റ്റുകള്‍ ഒന്നുമായില്ല അപ്പോള്‍ ഞാന്‍ തന്നെ എല്ലാത്തിനും പണം ഇറക്കണം ..എന്നെ കൊണ്ട് വയ്യ ഈ ഭാരം
ചുമക്കാന്‍ ...എന്റെ ഭാര്യയായി തുടരണം എങ്കില്‍ നീ ഞാന്‍ പറയുന്നത് കേള്‍ക്കണം ..ഇതിനെ കളയണം.."
പൂച്ച കുഞ്ഞിനെ കൊണ്ട് കളയാന്‍ പറയുന്ന ലാഘവത്തോടെ അദ്ദേഹം അത് പറഞ്ഞു . കടുത്ത മാനസ്സിക സംഘര്‍ഷം കാരണം എന്റെ മുലകളില്‍ പാല് പോലും ഊറാതെ വന്നു. പാല് കുടിക്കാന്‍ പരാജയപ്പെട്ട് എന്റെ മകള്‍ കരഞ്ഞപ്പോള്‍ അമ്മായിയമ്മ വിളിച്ച് പറഞ്ഞു
"അതിന്റെ വായില്‍ ഒരു തുണി തിരുകി വയ്ക്ക്"
ഒടുവില്‍ അവള്‍ക്ക് ഇരുപത് ദിവസം ഉള്ള ഒരു രാത്രി എന്റെ മകനെയും കൂട്ടി ഞാന്‍ ആ വീടിന്റെ പടി ഇറങ്ങി. ഇനിയും ചിലപ്പോള്‍ അവിടെ നിന്നാല്‍ ഞാന്‍ ഒരു ഭ്രാന്തിയാകും എന്ന് എന്റെ മനസ്സ് പറഞ്ഞു. ഇട്ടിരുന്ന നൈറ്റിയില്‍ ഒരു പിഞ്ചു കുഞ്ഞിനെ ഒരു കൈയില്‍ പിടിച്ച് മകനെ മറ്റ് ഒരു കൈയിലും കരുതി ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. കതക് തുറന്ന് മകളെയും കൊച്ച് മക്കളെയും കണ്ടപ്പോള്‍ എന്റെ അമ്മ ശെരിക്കും പേടിച്ചു എന്നതാണ് സത്യം. രണ്ടാം പ്രസവം കഴിഞ്ഞ് ആദ്യമായി ഞാന്‍ ഉറങ്ങിയ
രാത്രി എന്റെ വീടായിരുന്നു. അമ്മയുടെ മടിയില്‍ കിടന്ന് വേണ്ടുവോളം കരഞ്ഞു. എന്റെ കരച്ചില്‍ കണ്ട് മകനും. അപ്പോഴും എന്റെ അച്ഛന്റെ മടിയില്‍ അവള്‍ സുഖമായി ഉറങ്ങി.
അടുത്ത പകല്‍ മുതല്‍ പരിക്ഷണം തുടങ്ങിയത്. മകനെ ആവിശ്യപ്പെട്ടു കൊണ്ട് ഗിരിയേട്ടന്‍ വന്നത്. എന്ത് തന്നെ ആയാലും അച്ഛന് ഒപ്പം പോകില്ല എന്ന് അവനും പറഞ്ഞു. ചൊവ്വ ദോഷത്തിന്റെ പേരില്‍ ഇനി മകളെ അവിടേക്ക് തിരിച്ച് വിടില്ല
എന്ന് എന്റെ അച്ഛനും ഉറപ്പിച്ചു. അത്ര കണ്ട് അവര്‍ക്ക് അവസ്ഥ മനസ്സിലായി. ഒരു ജോലി ഇല്ലാതെ രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തണം എന്ന ചിന്ത എന്റെ ഉറക്കത്തെ കാര്‍ന്ന് തിന്ന് തുടങ്ങി. എന്നും ഈശ്വരന്‍ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി.എഴുതിയ ടെസ്റ്റുകള്‍ ഒന്നും കിട്ടിയില്ല എന്ന അവസ്ഥയില്‍ നിന്ന് അവളെ ഗര്‍ഭിണി ആയിരിക്കെ ഞാന്‍ എഴുതിയ ടെസ്റ്റില്‍
എനിക്ക് ജോലി ലഭിച്ചു.
പുല്ല് വളരുന്നത് പോലെയാണ് പെണ്‍കുട്ടികള്‍ വളരുന്നത് എന്ന് പറയുന്നത് ശെരിയാണ്‌. എന്റെ മകള്‍ അങ്ങനെയാണ് വളര്‍ന്നത്.
അവള്‍ക്ക് മകന്‍ പ്രാസം ഒപ്പിച്ച് തന്നെ പേര് ഇട്ടു " മാധവി" . പക്ഷേ അവളുടെ വളര്‍ച്ചയില്‍ ഏറ്റുവും കൂടുതല്‍ മാറ്റം വന്നത് എനിക്കാണ്. ഏകദേശം രണ്ട് വയസ്സ് എടുത്തു അവള്‍ എന്നെ അമ്മ എന്ന് വിളിക്കാന്‍. " മ്മ" എന്നാണ് അഞ്ചു വയസ്സ് വരെ
വിളിച്ചിരുന്നത്. സാധാരണ കുഞ്ഞങ്ങളെ പോലെ അല്ല ഒരുപാട് തവണ സ്നേഹത്തോടെ പറയണം ഒരു കാര്യം മനസ്സിലാക്കാന്‍.ആദ്യം എല്ലാം എന്നില്‍ ദേഷ്യമായിരുന്നു. പക്ഷേ എന്റെ മകനും അച്ഛനും അമ്മയും കാണിച്ച ക്ഷമ എന്നെ അത്ഭുതപ്പെടുത്തി.
അവള്‍ എത്ര തന്നെ അവളുടെ ചേട്ടനെ ഉപദ്രവിച്ചാലും അവന്‍ തിരിച്ച് ഒന്നും ചെയ്യില്ല. കാക്കയേയും പൂച്ചയെയും കാട്ടി അവള്‍ക്ക് ആഹാരം കൊടുക്കുന്നത് അവനാണ്. അഞ്ചു വയസ്സ് ആയിട്ടും അവള്‍ ചിലപ്പോള്‍ മല മൂത്ര വിസര്‍ജനം നടത്തുന്നത് ഇരിക്കുന്ന സ്ഥലത്ത് തന്നെയാണ്. അത് പോലും മടി ഇല്ലാതെ അവന്‍ വൃത്തിയാക്കി. അവളെ കുളിപ്പിച്ചു.
ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങളെ കൂട്ടി ഒരാളുടെ വീട്ടില്‍ പോയി. " ധ്വനി " എന്ന വീടിന് മുന്നില്‍ കാര്‍ നിന്നപ്പോള്‍ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. എന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീ.
" വരൂ ..അകത്തേക്ക് വരൂ" അവര്‍ ഞങ്ങളെ ക്ഷണിച്ചു.
ചുറ്റും പച്ചപ്പ്‌ നിറഞ്ഞ വീട്ടിലേക്ക് കയറിയപ്പോള്‍ എന്റെ ഉള്ളം കുളിര്‍ത്തു. അമ്മയും അച്ഛനും അവരോട് ചിര പരിചതര്‍ എന്ന രീതിയില്‍ സംസാരിച്ചു. എന്റെ മകളെ അവര്‍ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. അവള്‍ അവരുമായി പെട്ടന്ന് കൂട്ടായി.അങ്ങനെ പുറമേ ഉള്ള ആരും അവളോട്‌ സ്നേഹം കാണിച്ചിട്ടില്ല. അങ്ങനെ കാണിക്കുന്നവര്‍ സിംബതിയാണ് അവളില്‍ ചൊരിയുന്നത്.
ഞങ്ങള്‍ക്ക് പോലും ഒരുപാട് കെഞ്ചിയാല്‍ മാത്രം ലഭിക്കുന്ന ഉമ്മ അവര്‍ക്ക് അവള്‍ അറിഞ്ഞു നല്‍കി. അവരാണ് രമീല. സ്പെഷ്യല്‍ സ്കൂള്‍ നടത്തുന്നു. അവിടെയാണ് പിന്നീട് അവള്‍ പഠിച്ചത്. സ്വന്തമായി എന്റെ മകള്‍ എല്ലാം ചെയ്യാന്‍
പഠിച്ചത് അവിടെ നിന്നാണ്. ആദ്യമായി അവള്‍ അക്ഷരം കുറിച്ചത് പോലും ഒരു ആഘോഷമായി ഞാന്‍ മാറ്റി. അമ്മയുടെ സഹായം ഇല്ലാതെ അവള്‍ വാരി കഴിക്കാന്‍ തുടങ്ങി, ആരെയും കൂട്ടാതെ ബാത്‌റൂമില്‍ തനിയെ പോകാന്‍ തുടങ്ങി.
അവളിലെ വാശികള്‍ മാറി വാക്കുകള്‍ തെളിഞ്ഞു.
എന്റെ മകള്‍ ആദ്യമായി തീണ്ടാരി ആയപ്പോള്‍ മകന്‍ മാത്രമാണ് അവളുടെ അടുത്ത് ഉണ്ടായിരുന്നത്. ഒരു പക്ഷേ അവള്‍ക്ക് അത് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ വിട്ടു പോയ അധ്യായായം ആണ് അത്. അവളുടെ പാവാടയിലെ പപ്പട വട്ടത്തില്‍ കണ്ട
ചോര പാട് അവന് എന്താണ് എന്ന് മനസ്സിലായി. എന്റെ അലമാരയില്‍ നിന്നും സാനിട്ടറി നാപ്കിന്‍ എടുത്ത് അവള്‍ക്ക് അത് ഉപയോഗിക്കുന്ന രീതി പോലും അവന്‍ കാണിച്ച്‌ കൊടുത്തു. ശേഷം ഒരു കല്യാണത്തിന് നിന്ന എന്നെയും വിളിച്ചു വരുത്തി.
അവന്റെ സ്കൂളില്‍ നടത്തിയ ഒരു ബോധവല്‍ക്കരണ പരുപാടിയില്‍ നിന്നാണ് അവന്‍ ഇത് പഠിച്ചത്.
ഇന്ന് എന്റെ മക്കള്‍ എന്റെ അഭിമാനമാണ്. മകന്‍ പഠിച്ചു വലിയ ഡിഗ്രിക്കാരനായി അവന്റെ അനുജത്തിയെ സ്നേഹിക്കുന്ന ചേട്ടനായി.
രമീല ടീച്ചറുടെ സ്കൂളില്‍ അവനും ചെന്നു സഹായത്തിന്. മാധവി ഇപ്പോള്‍ ഡിഗ്രി ചെയുന്നു. അതെ അവള്‍ പഠിച്ചു. ശാപം
കിട്ടിയ പെണ്ണായി ഒരു ഇരുട്ട് മുറിയില്‍ ഇടാതെ എന്റെ ഇടം വലം ചേര്‍ത്ത് നിര്‍ത്തി ഞാന്‍ അവളെ പഠിപ്പിച്ചു. എനിക്ക് ഉറപ്പാണ്‌ ആകാശത്തിനും അപ്പുറം എന്ത് ഉണ്ട് എങ്കിലും എന്റെ മകള്‍ക്ക് അതിനെ കൈ എത്തിയെടുക്കാന്‍ സാധിക്കും.
ആദ്യമായി അവളെ കണ്ട് പിരിഞ്ഞപ്പോള്‍ രമീല ടീച്ചര്‍ എന്നോട് പറഞ്ഞിരുന്നു. " നീ പ്രസവിച്ചത് ഈശ്വരന്റെ സ്വന്തം മാലാഖയെയാണ്..
നീ നിന്റെ ദുഖവും സന്തോഷവും അവളുടെ കാതില്‍ പറയു അത് ഈശ്വരന്‍ നേരിട്ട് കേള്‍ക്കും......"
ഞാന്‍ എന്റെ സന്തോഷം മാത്രം ഈശ്വരനില്‍ പങ്ക് വച്ചപ്പോള്‍ എന്റെ മകന്‍ അവന്റെ ദുഖവും സങ്കടവും എല്ലാം അവളില്‍ . അതെ എനിക്ക് ചുറ്റും ഇരിക്കുന്ന നിങ്ങള്‍ ഓരോത്തരും മാലാഖ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ആണ്. അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ കരയരുത് കരുത്തു കാട്ടി ചിരിച്ച് കൊണ്ട് മുന്നോട്ട് പോകണം എങ്കില്‍ അവര്‍ നമുക്ക് ഒപ്പം വരും. "
സദസ്സിനു മുന്നില്‍ കൈ കൂപ്പി സരിക വേദിയില്‍ നിന്ന് ഇറങ്ങി. നിര്‍ത്താതെ അപ്പോഴും അവര്‍ക്ക് വേണ്ടി ഘരഘോഷം കേള്‍ക്കാമായിരുന്നു.
രമീല ടീച്ചറുടെ സ്പെഷ്യല്‍ സ്കൂളിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു. നിറഞ്ഞ കണ്ണുകളും ചിരിച്ച ചുണ്ടുമായി അവര്‍ നേരെ നടന്നത്
മാധവിയുടെ അടുത്തേക്കാണ്‌. മകളെ കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്
" എങ്ങനെയുണ്ട് കൊള്ളാമോ?" സരിക ചോദിച്ചു
" ഇറ്റ്‌ വാസ് സൂപ്പര്‍ അമ്മ" മാധവി മറുപടി പറഞ്ഞു.
അഭിമാന ചിരി ചിരിച്ച് സരിക മകളെ നോക്കി. അവള്‍ക്ക് അരികില്‍ ഇരുന്ന് അനിയത്തിയെ തന്നെ ഉറ്റു നോക്കുന്ന ചേട്ടന്റെ കണ്ണിലും ഉണ്ടായിരുന്നു ആയിരം മലകള്‍ കീഴടക്കിയ സന്തോഷം.

Written By: Adhya Thulasi @ Nallezhuth FB Group 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot