നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിള്ളേര് പിള്ളേച്ചനെ കാണിച്ച കണി.

Image may contain: 1 person
കാലം പഴയത് തന്നെ….ഞാനും, പുരക്കലെ സതീശനും, വായിനോക്കി ബിജുവും, കിഴക്കേലെ സുമേഷുമൊക്കെ ഒരു തൊഴിലുമില്ലാതെ തേരാ പാരാ അലഞ്ഞ് നടക്കുന്ന അതേ കാലം!. പുതുവർഷത്തിന്റെ അന്ന് കർഷകശ്രീയുടെ കുളം കലക്കിയതിന്റെ കേടുപാടുകളൊക്കെ പതിയെ തീർന്നു വരുന്നു... അങ്ങനെ ഇരിക്കെ ഒരു ദിനം ഞാൻ മുറ്റത്തിറങ്ങി നോക്കുമ്പോൾ... “കണിച്ചു കുളങ്ങരയുള്ള നടേശൻ ചേട്ടന്റെ “ ആഗ്രഹം പോലെ വീട്ടുമുറ്റത്തുണ്ടായിരുന്നന്ന ഒരു ജാതിക്കും, രണ്ട് തെങ്ങിനും ഇടയിലായ് നിന്നിരുന്ന ഒരു കണിക്കൊന്ന... പച്ച നിറത്തിൽ നിന്നും “മഞ്ഞ അപെക്സ് അൾട്ടിമയും “പൂശി ദാ പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു!.
ഐശ്വര്യത്തിന്റെയും, സമ്പത് സമൃദ്ധിയുടേയും പ്രതീകമായ ഒരു വിഷുക്കാലം കൂടി വന്നെത്തിയെന്ന് ആ കാഴ്ച എന്നെ വിളിച്ചറിയിച്ചു…എന്നാൽ അപ്പോഴത്തെ എന്റെ സാമ്പത്തികാവസ്ഥ സകല ഐശ്വര്യവും പോയി വസന്ത പിടിച്ച ഗിരിരാജ കോഴിയെപ്പോലെ ആയിരുന്നു!. പഠിക്കുന്ന കാലത്ത് ട്രൈ സ്ക്വയർനെ... ഫുൾ സ്ക്വയറാക്കാൻ വേറെ പീസ് വെച്ച് വെൽഡ് ചെയ്യണമെന്ന് വരെ പറഞ്ഞ്, വീട്ടിൽ നിന്നും കാശ് വാങ്ങിയ ഞാൻ... പുതിയ ഐഡിയാകളൊന്നും പിതൃസമക്ഷത്ത് വിലപ്പോകാതെ നിരാശനായി കഴിഞ്ഞിരുന്ന കാലം കൂടി ആയിരുന്നു അത്!. ഓരോ വട്ടവും... വ്യത്യസ്തവും, നൂതനവുമായ ആശയങ്ങളുമായി ഞാൻ അച്ഛന്റെ മുന്നിൽ ചെന്ന് നിന്നെങ്കിലും... നട്ടപ്പാതിരാക്ക് അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ട് നിരോധിച്ച ശേഷം മോദി ജി നടത്തിയ പ്രസംഗം പോലെ “ മേരീ പ്യാരി വീട്ട് വാസി തുമ്ഹാരാ യെ ഐഡിയ ഇനി മുതൽ ഈ ഘർ മേം ചൽതാ നഹീ…” എന്ന് പറഞ്ഞ് അച്ഛൻ അതൊക്കെ നിഷ്ഫലമാക്കിക്കളഞ്ഞു!. കൂട്ടുകാരുടെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല… ചുരുക്കിപ്പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ ഊര് തെണ്ടിയുടെ കീശയിലെ ഓട്ടക്കാലണ പോലും ഈ നാലു തെണ്ടികളുടേയും കൈവശമില്ലാത്ത അവസ്ഥയായിരുന്നു അന്ന്!.
പുട്ടടിയുടെ കാര്യത്തിലും,സിനിമാ കാണുന്ന കാര്യത്തിലും സമാന ചിന്താഗതിക്കാരായ ഞങ്ങൾ... ഈ ദുരവസ്ഥയിൽ നിന്നും എങ്ങനെയെങ്കിലും കരകയറാനുള്ള മാർഗ്ഗം കൂലങ്കഷമായി ചിന്തിച്ചുകൊണ്ടേയിരുന്നു ... ആട്, മാഞ്ചിയം, തേക്ക്, കടലാവണക്ക് തുടങ്ങി ഒട്ടുമിക്ക പരിപാടികളും ഞങ്ങൾ ആസൂത്രണം ചെയ്തുവെങ്കിലും ഇതിനൊക്കെയുള്ള “മൂലധനം“ കൈവശമില്ലാത്തതിനാൽ അതെല്ലാം ഞങ്ങൾ ഒരു മൂലക്കുവെക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഇരിക്കെയാണ് വിഷു വരുന്നത്... അന്ന് വൈകുന്നേരത്തെ ഞങ്ങളുടെ വട്ടമേശ സമ്മേളനത്തിൽ ... കുളക്കരയിലിരിക്കുന്ന കൊറ്റിയെപ്പോലെ കുന്തം കാലിലിരുന്ന് ചിന്തിച്ച സതീശൻ... തന്റെ മുഖത്തെ ഊശാൻ താടി ഉഴിഞ്ഞ് ഗൗരവ ഭാവം വിടാതെ ഞങ്ങളോടായി ഇങ്ങനെ അരുളി ചെയ്തു…
"അർജ്ജുനൻ മഹാഭാരത യുദ്ധം ജയിച്ചത് ഭഗവാൻ കൃഷ്ണനെ തന്റെ തേരിലേറ്റിയാണ്... അതു പോലെ നമ്മൾ കാശുണ്ടാക്കാനായി ഭഗവാൻ കൃഷ്ണനെ ഉരുളിയിൽ കയറ്റുന്നു. “
മറ്റ് മൂന്ന് കണ്ഠനാളങ്ങളിൽ നിന്നും ഒരുമിച്ചുയർന്ന “ങേ…? “എന്ന ചോദ്യത്തിന് മറുപടിയായി ഭഗവാൻ കൃഷ്ണനെ ഉരുളിയിൽ നിർത്തി വിഷുവിന്റെ അന്ന് വെളുപ്പിന് കണി ഒരുക്കി വീടുകൾ തോറും കയറി കൈ നീട്ടം വാങ്ങുന്ന സുവർണ്ണ പദ്ധതിയെ കുറിച്ച് അവൻ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. അത് കേട്ടപ്പോൾ സംഭവം കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി... കാരണം “പണി തുച്ഛം, ഗുണം മെച്ചം !.”
അങ്ങനെ ആ വിഷു ദിവസം വെളുപ്പിന് ഉരുളിയിലൊരുക്കിയ വിഷുക്കാഴ്ചകളും ചുമന്ന് ഞങ്ങൾ നാട്ടിലെ വീടുകൾ തോറും കയറാൻ തുടങ്ങി.... കണി കാണിക്കലിലെ പ്രധാന ഇനങ്ങൾ വിട്ടുകാരെ ഉണർത്താനായ് പൊട്ടിക്കുന്ന ഓലപ്പടക്കവും, അതിന് പിന്നാലെ അതിലും കർണ്ണ കഠോരമായി ഞങ്ങളുയർത്തുന്ന , " കണികാണും നേരം" എന്നാരംഭിക്കുന്ന ഗാനശകലവുമായിരുന്നു...
ഒന്ന് രണ്ട് വീടുകൾ കയറി പരിപാടിയങ്ങനെ ഗംഭീരമായി പുരോഗമിക്കവെ... ഞങ്ങളുടെ കൂടെ പുതുതായി ഒരാൾ കൂടി കൂട്ടു ചേർന്നു ! ക്ഷണിക്കപ്പെടാതെ ഞങ്ങളോടൊപ്പം ചേർന്ന ആ അതിഥി നാട്ടിലൊക്കെ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന... “ ക്ലിയോ പാട്ര " എന്ന് വിളിപ്പേരുള്ള ഒരു ശ്വാനസുന്ദരി ആയിരുന്നു... !. ഞങ്ങൾ സംഘാംഗങ്ങളുടെ… കല്ലെറിയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കനത്ത പ്രതിഷേധങ്ങളെ വകവെക്കാതെ അവളും ഞങ്ങൾക്ക് പിന്നാലെ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങി.
അങ്ങനെ ഞങ്ങൾ നാട്ടിലെ റിട്ടയേർഡ് എസ് ഐ കുട്ടൻ പിള്ള സാറിന്റെ വീട്ടിലും കണിയുമായി എത്തി... അയൽ വക്കത്തെ വീട്ടിൽ നിന്ന് ഞങ്ങൾ കാറിയ...സോറി പാടിയ കണികാണും നേരം കേട്ട് … പിള്ളയദ്ദേഹത്തിന്റെ വീട്ടിലെ ലൈറ്റുകൾ അപ്പോഴേക്കും തെളിഞ്ഞിരുന്നു...എങ്കിലും അവിടെ എത്തിയ ഞങ്ങൾ പതിവ് രീതിയിൽ തന്നെ കണി പൂമുഖത്ത് വെച്ച്, മറഞ്ഞ് നിന്ന് പടക്കം തീകൊളുത്തി മുറ്റത്തേക്കിട്ടു ... എന്നിട്ട് സംഗീത പരിപാടി ആരംഭിച്ചു. എന്നാൽ ഞങ്ങളുടെ നിർഭാഗ്യം കൊണ്ട് പടക്കം മുറ്റത്ത് കിടന്ന് '’ശൂ….. ശിർ …. “എന്നൊക്കെ ശബ്ദമുണ്ടാക്കിയതല്ലാതെ പൊട്ടുന്ന ലക്ഷണമൊന്നും കാട്ടിയില്ല !.
പിന്നീടുള്ള കുറെ സെക്കൻഡുകൾ “ ടോം ആൻഡ് ജെറി കാർട്ടൂണിലേത് “ പോലെ ആയിരുന്നു കാര്യങ്ങൾ..
കത്തിച്ചിട്ട പടക്കത്തിന്റെ തിളക്കത്തിലും, അത് പുറപ്പെടുവിച്ച " ശൂ…. " എന്ന ശബ്ദത്തിലും ആകൃഷ്ടയായ ക്ലിയോപാട്ര ഓടി അതിനടുത്തേക്കെത്തി... എന്നിട്ട് അവളുടെ മുൻ കാലുകൾ കൊണ്ട് പടക്കത്തിൽ അമർത്തിപ്പിടിച്ച് അതിലേക്ക് നോക്കി നിൽപ്പായി !. ഈ സമയത്ത് പിള്ളയദ്ദേഹം, ഭാര്യാ പുത്രി സമേതം പരസ്പരം കണ്ണ് പൊത്തിക്കൊണ്ട്... തമ്മിൽ ഘടിപ്പിച്ച തീവണ്ടി ബോഗികൾ പോലെ വാതിൽ തുറന്ന് കണി കാണാനായി അകത്ത് നിന്നും പൂമുഖത്തേക്കെത്തി. ആ സമയത്ത് അതുവരെ പൊട്ടാതെ “ശൂ… “ എന്ന് ചീറ്റിക്കൊണ്ട് കിടന്ന ആ പടക്കം “ഠോ........” എന്ന കനത്ത ശബ്ദത്തോടെ പൊട്ടിത്തെറിച്ചു...അതിന്റെ ആഘാതത്തിൽ നമ്മുടെ ക്ലീയോ “കീയ്യോ…”എന്ന് മോങ്ങിക്കൊണ്ട് പൂമുഖത്തിരുന്ന കണിയും തട്ടിമറിച്ച് ആ തീവണ്ടിക്കിടയിലൂടെ തുറന്ന വാതിലും കടന്ന് വീടിന്റെ അകത്തേക്ക് ഓടിക്കയറി എന്തൊക്കെയോ തട്ടിമറിച്ചു...! ഈ കോലാഹലങ്ങളൊക്കെക്കേട്ട് പരിഭ്രമിച്ച് പോയ പിള്ളയദ്ദേഹത്തിന്റെ ഭാര്യയും, മകളും ക്ലിയോ പുറപ്പെടുവിച്ച '’കീയോയെക്കാളും “ ഉച്ചത്തിൽ “അയ്യോ... “ എന്നലറി വിളിച്ച്കൊണ്ട് പൂമുഖത്ത് നിന്നും മുറ്റത്തേക്കെടുത്ത് ചാടി… പക്ഷെ ആ ചാട്ടത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ മകൾക്ക് മാത്രമെ കഴിഞ്ഞുള്ളൂ... ക്ലിയോ മറിച്ചിട്ട വിളക്കിൽ നിന്നും പടർന്ന എണ്ണയിൽ തെന്നി ചാട്ടം പിഴച്ച ‘മിസ്സിസ്സ് പിള്ള’ ചക്ക വീഴും പോലെ "പൊത്തോയെന്ന് " കണി ഉരുളിയിലേക്ക് മുഖമടിച്ച് വീണു….ഭാര്യയെ രക്ഷിക്കാനായി അവരെ പിടിച്ച 'മിഷ്ടർ പിള്ളയും ' നില തെറ്റി ഭാര്യയുടെ മുകളിലായും വീണു ... കുറച്ച് നേരം അവിടെക്കിടന്ന് ഉരുണ്ട് പിരണ്ട അവർ ആ ഉരുളിയിൽ നിന്നും പൊന്തി വന്നപ്പോൾ... പിള്ളയുടെ വായിൽ കടിച്ച് പിടിച്ച നിലയിൽ കണിവെച്ചിരുന്ന തേങ്ങാമുറിയും, ഭാര്യയുടെ തിരുനെറ്റിയിൽ കണിക്കണ്ണാടി പൊട്ടിയ വകയിൽ വന്നു ചേർന്ന നല്ലൊരു മുറിവും ഉണ്ടായിരുന്നു…! അവിടെ നിന്നും എഴുന്നേറ്റ പിള്ളയദ്ദേഹം ഈ ഉരുളലിനിടയിൽ അഴിഞ്ഞ് പോയ ഉടുമുണ്ട് നിലത്ത് നിന്നും എടുത്ത് മുറുക്കി ഉടുത്തു. എന്നിട്ട് രാവിലെ റേഡിയോയിൽ നിന്നും കേൾക്കുന്ന സുഭാഷിതം പോലെ എന്തോ ചില സൂക്തങ്ങൾ... കണിയും കൊണ്ട് വന്ന, ഞങ്ങളുടെ പിതാക്കന്മാരെ അനുസ്മരിച്ച് ഉച്ചത്തിൽ പറഞ്ഞു...
പിന്നെ അവിടെ നടന്നത് “തോമസ് കുട്ടീ വിട്ടോടാ... “ എന്നും പറഞ്ഞ് ഞങ്ങൾ ഓടിയ ഓട്ടമായിരുന്നു… ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയില്ലെങ്കിലും അന്നത്തെ ആ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് ഞങ്ങൾ മറി കടന്നിരുന്നു !. പിന്നീട് കണിക്കൊന്ന പൂത്ത് നിൽക്കുന്നത് കാണുമ്പോളെല്ലാം ഉരുളിയിൽ നിന്നും തേങ്ങാ മുറിയും കടിച്ച് പിടിച്ച് ഉയർന്ന് വരുന്ന പിള്ളയദ്ദേഹത്തിന്റെ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ... അങ്ങനെ ആ കൊല്ലത്തെ വിഷു... ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായ് ഇന്നും പൂക്കാത്ത കൊന്ന പോലെ പച്ചപിടിച്ചങ്ങനെ നിൽക്കുന്നു !.
“ഐശ്വര്യ പൂർണ്ണമായ മറ്റൊരു വിഷുക്കാലം കൂടി ഇതാ വരവായ് ...എല്ലാ വായനക്കാർക്കും എന്റെ സ്നേഹം നിറഞ്ഞ, വിഷു ആശംസകൾ.”
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot