
ഗിരി ബി വാരിയർ:::
"എന്റെ ദൈവമേ..ഞാൻ തോറ്റു, ആർക്ക് ഞാൻ വോട്ട് ചെയ്യും..."
കാണിക്കവഞ്ചിയിൽ ഒരു രൂപ കോയിൻ ഇട്ടു കണ്ണടച്ച് പ്രാർത്ഥിച്ചുനിന്ന രാജു തോളത്ത് ആരോ തട്ടിയെന്ന് തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. മുഷിഞ്ഞ ഒരു തോർത്ത്മുണ്ടു ചുറ്റി ഏതോ കുഴമ്പെടുത്ത് ശരീരമാസകലം തിരുമ്മിക്കൊണ്ട് ഒരാൾ.
"ആരാ? മനസ്സിലായില്ല.."
"അസ്സലായി, പുറത്ത് പേര് വായിച്ചില്ല്യേ, എന്റെ താമസസ്ഥലത്ത് വന്ന് എന്നെ വിളിക്ക്യാ, എന്നിട്ട് വന്നപ്പോ എന്നോട് ചോദിക്ക്യാ ആരാന്ന്..
"മാഷേ, ഇത് അമ്പലമാണ്... കുളക്കടവല്ല.. നിങ്ങൾക്ക് സ്ഥലം മാറി.. പുറത്തിറങ്ങി ആ ആൽത്തറ കഴിഞ്ഞ് ഇടത്തോട്ട് പോയാൽ അമ്പലക്കുളമാവും.."
"ന്റെ രാജൂ, ഇത് ഞാനാ... താൻ ഇശ്ശി നേരായിട്ട് 'ദൈവമേ ദൈവമേ' എന്ന് വിളിക്കുന്നത് കേട്ട് വന്നതാ.."
"ങേ...ന്റെ തേവരാണോ.. ക്ഷമിക്കണം മനസ്സിലായില്ല്യാ ട്ടോ.. ഇതെന്താ ഈ വേഷത്തിൽ..?"
"ഇതിലെന്താ കുഴപ്പം. കുളിക്കാൻ പോവ്വുമ്പോ ആരെങ്കിലും പാന്റും കോട്ടും ഒക്കെ ഇടാറുണ്ടോ?"
"ന്നാലും വേറെ നല്ല തോർത്തൊന്നും കിട്ടീല്ല്യേ... നാറീട്ട് നിൽക്കാൻ പറ്റിണില്ല്യ, പോരാത്തതിന് കൊഴമ്പിന്റെ നാറ്റോം "
"ഇതാപ്പോ നന്നായെ.. ഈ മുണ്ട് ഇവ്ടത്തെ ശാന്തിക്കാരന്റെയാ, എവ്ടെ തൊട്ടാലും അപ്പൊ അയാള് കൈയ്യ് ഇതിൽ തുടയ്ക്കും. ഇതീന്ന് ചളി അയാള്ടെ കൈയ്യിലേക്കാണ് വരണേന്ന് അയാളൊട്ട് അറിയണൂല്ല്യാ.... പിന്നെ ഈ കൊഴമ്പ്, ഇത് ഇന്നലെ ശങ്കരൻ വൈദ്യർ തൊഴാൻ വന്നപ്പോൾ മറന്നുവച്ച് പോയ ഊറ്റുകുഴമ്പാണ്. അതെടുത്ത് മേലൊക്കെ പുരട്ടി വിസ്തരിച്ച് ഒരു കുളിയാവാംന്ന് കരുതി.. "
"ശര്യാന്ന്യാ, ഊറ്റുകുഴമ്പ് വളരെ വിശേഷാന്ന് കേട്ടിട്ടുണ്ട്.. .. "
"അതൊക്കെ പോട്ടെ.. എന്താ ഇപ്പൊ തനിക്കൊരു പ്രശ്നം.."
"ന്റെ തേവരെ, ആകെ കൺഫ്യൂഷൻ ആയി.. വോട്ടു ചെയ്യാണോ, വേണെങ്കിൽ തന്നെ ആർക്കാ വോട്ട് ചെയ്യണ്ടേന്ന് ഒരു പിടീം കിട്ടണില്ല്യ.."
"..ന്താപ്പൊരു കൺഫ്യൂഷൻ.. ഇതിപ്പോ ആദ്യായിട്ടൊന്നും അല്ലല്ലോ.."
"അതല്ല, ഇവിടെ നിൽക്കണോരൊക്കെ വല്ല്യേ ആൾക്കാരാ.. അപ്പോൾ ആർക്ക് വോട്ട് ചെയ്യും.."
"ഇവിടെ വല്ല്യ പാർട്ടികളുടെ ആൾക്കാരല്ലേ നിൽക്കണത്, പിന്നെ സ്വതന്ത്രന്മാരായി മൂന്ന്-നാല് പേര് വേറേം. അവരൊക്കെ ഇവിടെ ചുറ്റുവട്ടത്തുള്ളോരൊക്കെ തന്ന്യാ..അതിപ്പോ പ്രാഞ്ചി ആയാലും , അബ്ദു ആയാലും, കുട്ടപ്പൻ ആയാലും.. ആർക്ക് വേണങ്കിലും വോട്ട് ചെയ്യലോ.. .."
"ഇത്പ്പോ രാജ്യം ഭരിക്കണ കാര്യല്ലേ.. അപ്പൊ നോക്കീം കണ്ടും ഒക്കെ വേണ്ടേ..അതാ ഒരു കൺഫ്യൂഷൻ.."
"ഒന്നും പറയണ്ട.. സ്ഥാനാർത്ഥികൾക്ക് തന്നെ കൺഫ്യൂഷനാണ്. അതുകൊണ്ട് അവർക്കൊക്കെ ഭക്തി മൂത്ത സമയാണ്. രണ്ടീസം മുൻപ് ഒരു കക്ഷി ഇതിലെ പോവ്വുമ്പോ നിന്ന് നല്ലോണം പ്രാർത്ഥിച്ചു, അങ്ങോരെ ജയിപ്പിക്കണംന്നല്ല, എതിർകക്ഷിയെ തോൽപിക്കണംന്ന്. അതാണ് ചിന്ത.. വേറൊരു പഹയൻ പുറത്തെ വഴിപാട് ബോർഡ് വായിച്ച് കൂടെണ്ടായിരുന്ന ശിങ്കിടിയോട് ചോദിക്കുണ്ടായിരുന്നു വോട്ട് കൂടുതൽ കിട്ടാൻ വല്ല അർച്ചനയും ഉണ്ടോ എന്ന്. അതുപോലെ "ഇരട്ടിമധുരം" നേദ്യം കഴിച്ചാൽ വോട്ട് ഇരട്ടി ആവുമോ എന്നെല്ലാം."
"പതുക്കെ പറയൂ, കമ്മിറ്റിക്കാര് കേട്ടാൽ വോട്ടാഞ്ജലിക്കും വോട്ടിരട്ടിമധുരത്തിനും ഒക്കെ ചീട്ടാക്കും. അത് പോട്ടെ, ആർക്ക് വോട്ടു ചെയ്യും? "
"ആര് ജയിച്ചാലും അവരെക്കൊണ്ട് ജോലി ചെയ്യിക്കേണ്ടത് ജനങ്ങളാണ്. അതിന് സ്‌കൂൾ അഡ്മിഷനും, കോളേജ് അഡ്മിഷനും, ജോലിക്കും വേണ്ടി ശുപാർശക്കും അല്ലെങ്കിൽ എന്തെങ്കിലും ഉദ്ഘാടനത്തിനും അല്ലാതെ ആരും ഇവരെ ഓർക്കാറില്ല. പിന്നെ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.. നാട്ടിലെ പൊതുവായ ഒരു പ്രശ്നത്തിന് എല്ലാവരും കൂടി നിൽക്കണം, അതിൽ അവരേയും പങ്കാളികൾ ആക്കണം. എന്നിട്ടും അയാൾ ഒന്നും ചെയ്തില്ലെങ്കിൽ അതിനുള്ള ഉത്തരം കൊടുക്കേണ്ടത് ഇത്തരം അവസരങ്ങളിലാണ്. "
"അല്ല, അയാൾക്ക് സ്വയം ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ..?"
"ഉത്തരവാദിത്വം അയാൾക്ക് മാത്രല്ല, എല്ലാ പൗരന്മാർക്കും ഉണ്ട്..ഒരാളെ വോട്ട് ചെയ്ത് ജയിപ്പിച്ച്, ഇനിയെല്ലാം അയാളുടെ ജോലി എന്നും പറഞ്ഞ് സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നാൽ പോരാ. സ്വന്തം വീടിനോടുള്ള കൂറും സ്നേഹവും നാടിനോടും രാജ്യത്തോടും വേണം. നിനക്ക് ചെയ്യാവുന്ന പലതും ചെയ്യാതെ, മറ്റുള്ളവരെ പഴിക്കുന്നത് ശരിയല്ല.."
"പക്ഷെ സർക്കാർ ഖജനാവയിൽ നിന്നും കൈയ്യിട്ട് വരുന്നതും കണ്ട് നോക്കി നിൽക്കണോ..?"
"ഇതാണ് പ്രശ്നം.. നിന്റെ മുൻപിൽ നിനക്കുവേണ്ടി ഒരു പാത്രത്തിൽ പഞ്ചാമൃതം വെച്ചിട്ടുണ്ടെന്ന് കരുതുക.. എഴുന്നേറ്റ് പോയി എടുക്കാനുള്ള മടി കാരണം നീ അത് മറ്റാരോടെങ്കിലും എടുത്ത് തരാൻ പറയുന്നു. അത് മുഴുവൻ നിനക്കെടുത്തു തന്നാൽ അയാൾ നല്ലവൻ. അഥവാ ആയാളും അതിൽനിന്ന് കുറച്ചെടുത്തിട്ടാണ് തന്നതെങ്കിൽ, നീ സ്വയം സമാധാനിപ്പിക്കും, ഒന്നും കിട്ടാത്തതിലും ഭേദമല്ലേ എന്തെങ്കിലും കിട്ടുന്നത്. എന്നാൽ, നീ ആരെങ്കിലും വന്ന് എടുത്ത് തരുന്നതും കാത്തിരിക്കുമ്പോൾ, ഒരാൾ വന്ന് അത് മുഴുവൻ എടുത്തുകൊണ്ടു പോവുന്നു, അപ്പോൾ നീ പറയും, അയാൾ കള്ളനാണ് എന്ന്. അയാൾ കള്ളനായത് നീ അലസനായത് കൊണ്ടാണ് എന്ന് നീ മറക്കുന്നു."
"അപ്പോൾ ഞാൻ ആർക്കാണ് വോട്ട് ചെയ്യേണ്ടത്?"
"അതിനുള്ള ഉത്തരം നിന്റെ ഉള്ളിലുണ്ട്.. ജയിച്ചാലും തോറ്റാലും കഴിഞ്ഞ തവണ നൽകിയ എത്ര വാഗ്ദാനങ്ങൾ അവർ നിറവേറ്റി എന്ന് നോക്കുക. എത്രമാത്രം അവർ ജനങ്ങളുമായി ഇടപഴകി, ഇതിനെല്ലാമുപരി, അവരുടെ വിദ്യാഭ്യാസ യോഗ്യത, കാര്യക്ഷമത, പരിചയസമ്പത്ത് ഇതെല്ലാം ശരിക്കും വിലയിരുത്തിയാൽ ഉത്തരം നിനക്ക് തന്നെ കിട്ടും. ഓരോ വോട്ടും വളരെ നിർണ്ണായകമാണ്"
""ശരി.. ഇതെല്ലം നോക്കി തന്നെ വോട്ട് ചെയ്യും.."
"അധികം സംസാരിച്ചു നിൽക്കണില്ല്യ, തലേല് എണ്ണ തേച്ച് കുറച്ച് നേരം നിന്നാൽ നീരളക്കം തുടങ്ങും. ഇപ്പോൾ സംശയം മാറീല്ല്യേ ഇനി വോട്ട് ചെയ്യാതിരിക്കരുത് ട്ടോ.." തോളത്ത് തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
'ഞാൻ വോട്ടു ചെയ്യും, തീർച്ചയായും.."
വീണ്ടും തുടർച്ചയായി തോളത്ത് തട്ടിയപ്പോൾ രാജു കണ്ണ് തുറന്നു.
"ഡാ, വോട്ടൊക്കെ പിന്നെ ചെയ്യാം, നീ വേഗം എഴുന്നേൽക്ക്, സമയം ആറരയായി."
കണ്ടതെല്ലാം സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിയാൽ കുറച്ചുസമയം എടുത്തു.
മുൻപിൽ അച്ഛൻ...
"മോനെ, എനിക്ക് പാലക്കാട്ട് വരെ ഒന്ന് പോകണം. നീ പോയി നമ്മുടെ ജോഷിയെ കണ്ട് എങ്ങിനെയെങ്കിലും കോർപറേഷനിൽ നിന്നും ഉപരിപഠനത്തിന്റെ സ്കോളർഷിപ്പിന് ആവശ്യമുള്ള രേഖകൾ ഒരുക്കണം. അവന് കുറച്ച് പിടിപാടൊക്കെ ഉണ്ട്, ചിലവുണ്ടാവും അത് സാരല്ല്യാ.."
"അത് വേണ്ട അച്ഛാ, ഞാൻ തന്നെ പോയി ചെയ്‌തോളാം, രണ്ടു തവണ നടന്നാലും കുഴപ്പല്ല്യാ. നമ്മൾ ഓരോ പൗരന്മാർക്കും ഉണ്ടല്ലോ കടമ.. നമ്മൾക്ക് വേണ്ടി ആരെങ്കിലും പഞ്ചാമൃതം വെച്ചാൽ മറ്റാരോടെങ്കിലും എടുത്തുതരാൻ പറഞ്ഞാൽ അവർ അതിൽ കൈയ്യിട്ടുനക്കില്ലേ. അപ്പോൾ നമ്മൾ തന്നെ പോയി എടുക്കുന്നതല്ലേ നല്ലത്..."
"പഞ്ചാമൃതോ? ..കടമയോ... " അച്ഛൻ പിറുപിറുത്തു.
രാജുവിന്റെ പഞ്ച് ഡയലോഗ് കേട്ട് കണ്ണുമിഴിച്ചു നിൽക്കുന്ന അച്ഛന്റെ മുൻപിലൂടെ ഒരു കയ്യിൽ ഉമിക്കരിയും, മറുകൈയിൽ തോർത്തും എടുത്ത് ഒരു ചെറുപുഞ്ചിരിയോടെ അവൻ അമ്പലക്കുളം ലക്ഷ്യമാക്കി നടന്നു.
*****
ഗിരി ബി വാരിയർ
05 ഏപ്രിൽ 2019
©️ copyright protected
05 ഏപ്രിൽ 2019
©️ copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക