Slider

അപ്പുവേട്ടൻ

0
Image may contain: 1 person, standing, plant, tree, outdoor and nature
----------------------
ഇതൊരു കളിഭ്രാന്തന്റെ കഥയാണ്. കളി എന്ന് പറയുമ്പോൾ ക്രിക്കറ്റ്‌ കളി. ക്രിക്കറ്റ്‌ എന്ന് കേൾക്കുമ്പോൾ തന്നെ, എനിക്ക് ആദ്യം ഓർമ്മ വരുക അപ്പുവേട്ടനെയാണ്. എന്നാണ് അപ്പുവേട്ടനെ കണ്ടതെന്ന് കൃത്യമായി ഓർമ്മയില്ല.. ഒന്നറിയാം.. സച്ചിനും ഗാംഗുലിയും ഒക്കെ ക്രിക്കറ്റ് ലോകം കീഴടക്കിയിരുന്ന കാലത്തിനു ശേഷം.. സേവാഗും ഗംഭീറും യുവരാജുമൊക്കെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഭരിക്കുന്ന കാലഘട്ടം.. സ്വർണതലമുടിയുമായി അയാൾ ഒരു കാലഘട്ടത്തിന്റെ ആവേശമായി മാറുന്നതിനും മുൻപ് ഞാനും ആ ലോകത്തേയ്ക്ക് എടുത്തെറിയപ്പെട്ടു.
ക്രിക്കറ്റ് എന്ന സ്പോർട്സ് വെറും ഒരു കളിക്ക് പകരം ജീവവായുവും ആത്മാവുമൊക്കെ ആയിരുന്നൊരു കാലം. അന്നാണ് ഞാൻ അപ്പുവേട്ടനെ കാണുന്നത്. കളി കാണാൻ എവിടെയൊക്കെ പോയാലും അവിടെയെല്ലാം അപ്പുവേട്ടനുണ്ട്.. കൊയ്ത്തു കഴിഞ്ഞ സമയത്തു ചെത്തി മിനുക്കി ഒരുക്കിയെടുത്ത വാട്ടപ്പുള്ളിക്കാരുടെ പാടത്തു..സ്കൂൾ വിട്ടു വന്നാൽ വെട്ടിരത്തേൽകാരുടെ റബ്ബർ തോട്ടത്തിൽ.. ശനിയും ഞായറും ഹൈസ്‌കൂളിന്റെ പുൽ മൈതാനത്തു.. അങ്ങനെ നാട്ടിൽ എവിടെയൊക്കെ ക്രിക്കറ്റ് കളിയുണ്ടോ അവിടെയെല്ലാം അപ്പുവേട്ടനുമുണ്ട്..
ചിലപ്പോൾ അപ്പുവേട്ടന് പ്രായമാകുന്നില്ല എന്നെനിക്ക് തോന്നും.. ഞാൻ വളർന്നു ..നാട് വളർന്നു . .പുതിയ തലമുറ ഫുട്‍ബോളിനും വോളിബോളിനും പിന്നാലെ പോയി . ഒരു കൂട്ടം തല നരച്ചവർ രാത്രിയിൽ കൊഴുപ്പു കുറയ്ക്കാൻ ബാഡ്മിന്റൺ കളി തുടങ്ങി . അപ്പുവേട്ടന്റെ പ്രായക്കാരൊക്കെ ജോലിയും പ്രാരാബ്ദവുമൊക്കെയായി കടല് കടന്നപ്പോഴും.. ജോലി തിരക്കിൽ പെട്ടപ്പോഴും എവിടെയൊക്കെ പോയിട്ടും അവസാനം അപ്പുവേട്ടൻ ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചു വന്നു. അപ്പുവേട്ടൻ ക്രിക്കറ്റാണ് ജീവിതം എന്ന് മനസ്സിലായത് അപ്പോഴൊക്കെയാണ് .
ഇപ്പോൾ നിങ്ങൾ വിചാരിക്കും അപ്പുവേട്ടൻ ഭയങ്കര കളിക്കാരനാകുമെന്നു .. എന്നാൽ അങ്ങനെയല്ല. ആള് കളിക്കും.. അത്രേയുള്ളൂ ..എന്നാൽ കളിയോടുള്ള ആത്മാർഥത സഹകളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്.. മൈതാനത്തെ ആവേശം . ഇതൊക്കെ അപ്പുവേട്ടനെ കണ്ടു പഠിക്കണമെന്ന് എല്ലാവരും പറയും.ഇതൊക്കെ ഞാൻ കണ്ടതും പഠിച്ചതുമൊക്കെ അപ്പുവേട്ടനിൽ നിന്ന് തന്നെയാണ് .
മൈതാനത്തിന്റെ ഒരു മൂലയിൽ നിന്നും കളിയുടെ വലിയ ആവേശത്തിലേക്കു എന്നെ കൊണ്ടു പോയത് അപ്പുവേട്ടനാണ്..
" കളി ഒരു ഭ്രാന്താണ് ജിക്കുമോനെ... അതു അറിയണമെങ്കിൽ...നീയിവിടെ ഈ ഗ്രൗണ്ടിലേക്ക് ഇറങ്ങി വരണം.. ഈ ചുവന്ന തോലുള്ള പന്തിനും ബാറ്റിനുമൊക്കെ ഈ ലോകത്തു ഒരു മയക്കു മരുന്നിനും തരാൻ കഴിയാത്തൊരു ലഹരിയുണ്ട് ... അതു അറിയണമെങ്കിൽ നീ കളിക്കണം... " എന്നും പറഞ്ഞു ..കൈയ്യിൽ പിടിച്ചു ഗ്രൗണ്ടിലേക്കിറക്കിയപ്പോൾ അന്നേ തീരുമാനിച്ചു ..ഇനി ഈ ഗൗണ്ടിൽ നിന്നും കേറില്ലാന്നു .
ആ നാട്ടിൽ എവിടെ ടൂർണമെന്റ് നടന്നാലും അപ്പുവേട്ടന്റെ ടീമുണ്ടാകും.. കുറച്ച് പിള്ളേരെയും തട്ടിക്കൂട്ടി എല്ലായിടത്തും പോകും..ജയിച്ച ടൂർണമെന്റുകൾ വിരളമാണെങ്കിലും അപ്പുവേട്ടന്റെ ടീം കളിക്കാതെ ടൂർണമെന്റുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം . തടിയിൽ ചീകിയെടുത്ത ബാറ്റും രണ്ടു ടെന്നീസ് ബോളുമായി അപ്പുവേട്ടൻ പോകാത്ത ഒരു മൈതാനവുമില്ല ഞങ്ങളുടെ നാട്ടിൽ... അങ്ങേരു ശരിക്കും ഒരു ഭ്രാന്തനായിരുന്നു... ഒരു കളി ഭ്രാന്തൻ....
ഒരു രണ്ടാം കെട്ടു വേണമെന്ന് അപ്പുവേട്ടന് തോന്നി തുടങ്ങിയത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന് എന്ന മലയാളം സിനിമ കണ്ടതിനു ശേഷമാണ്.. കുറേനാൾ അധികം സംസാരിക്കാതെ മുങ്ങി നടന്നതിന് ശേഷം ഒരു ഞായറാഴ്ച വൈകുന്നേരം കളിയൊക്കെ കഴിഞ്ഞു വട്ടം കൂടിയിരുന്നു അന്നത്തെ കളിയെ ഒരു ഒപ്പേറഷൻ ടേബിളിൽ എന്ന പോലെ വെട്ടി കീറി വിശകലനം ചെയ്യുന്നതിന്റെ ഇടയ്ക്ക് വളരെ പെട്ടെന്നാണ് അപ്പുവേട്ടൻ ആ പ്രഖ്യാപനം നടത്തിയത്...
" ഞാൻ ഒരു കല്യാണം കഴിയ്ക്കാൻ തീരുമാനിച്ചു.... "
ശ്വാസം വിലങ്ങി ഞെട്ടിത്തരിച്ചു അപ്പുവേട്ടനെ നോക്കിയ ഞങ്ങളെ തീർത്തും അവഗണിച്ചു കൊണ്ടു അപ്പുവേട്ടൻ രണ്ടാമത്തെ പ്രഖ്യാപനം നടത്തി...
" എന്നാലും എന്റെ ഒന്നാമത്തെ ഭാര്യ.. ക്രിക്കറ്റ് തന്നെയാകും... നിവിൻ പോളിയെ പോലെ എനിക്കും എന്റെ മോനെ വലിയ ക്രിക്കറ്റ്‌ കളിക്കാരനാക്കണം..... "
ഒരറ്റത്തു നിന്നും തുടങ്ങിയ ചിരി ഒന്നടങ്ങാൻ ഏറെ സമയമെടുത്തു. ഒരുപക്ഷെ മകനെ ക്രിക്കറ്റ് കളിക്കാരനാക്കാൻ കല്യാണം കഴിക്കാൻ തീരുമാനിച്ച ആദ്യത്തെ വ്യക്തി ഞങ്ങളുടെ അപ്പുവേട്ടനാകും.. ഞങ്ങൾക്കതു ഒരു വലിയ തമാശ ആയിരുന്നെങ്കിലും അന്നേക്ക് മൂന്ന് മാസം തികയും മുൻപേ അപ്പുവേട്ടന്റെ കല്യാണം കഴിഞ്ഞു..
കല്യാണം കഴിഞ്ഞും അപ്പുവേട്ടൻ തന്റെ വാക്കു പാലിച്ചു . മുടങ്ങാതെ കളിക്കാൻ വന്നു ..ഞങ്ങൾ സന്തോഷിച്ചുവെങ്കിലും ആ സന്തോഷത്തിനു ആയുസ്സു കുറവായിരുന്നു . പതിയെ പതിയെ അപ്പുവേട്ടനിലും ചില മാറ്റങ്ങൾ വന്നു തുടങ്ങി . കളി കഴിഞ്ഞു വിയർപ്പാറും വരെ ഗ്രൗണ്ടിൽ ഇരിയ്ക്കാനോ അന്നത്തെ കളിയെ വിശകലനം ചെയ്യാനോ അപ്പുവേട്ടനെ കിട്ടാതെയായി . അപ്പുവേട്ടൻ ഇല്ലാതെ ഞങ്ങളുടെ നാട്ടിൽ ക്രിക്കറ്റ് ടൂർണമെന്റുകൾ നടന്നു . പണ്ടൊക്കെ കളിക്ക് ഇടയ്ക്കു പോകുന്നവരെ ചീത്ത പറഞ്ഞിരുന്ന അപ്പുവേട്ടൻ ഇടയ്ക്ക് മുങ്ങുവാനും തുടങ്ങി. അപ്പുവേട്ടൻ വേറെ ആരോ ആയി മാറും പോലെ ഞങ്ങൾക്ക് തോന്നി .
പഠനം കഴിഞ്ഞു പെട്ടെന്ന് തന്നെ ജോലി കിട്ടി ഞാൻ ദുബായ്ക്ക് പറന്നു. ഞങ്ങളുടെ കമ്പനിക്കു സ്വന്തമായി ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു ഏക ആശ്വാസം.. ഇഷ്ടമുണ്ടായിട്ടല്ല വീട്ടിലെ അവസ്ഥ അത്രയ്ക്ക് മോശമായത് കൊണ്ടു മാത്രമാണ് നാടും ഞങ്ങളുടെ മൈതാനങ്ങളും അപ്പുവേട്ടനെയും ഒക്കെ വിട്ടു ഞാൻ വിമാനം കയറിയത്... യാത്ര അയക്കാൻ നേരം അപ്പുവേട്ടൻ ഒന്നേ പറഞ്ഞുള്ളു...
" ജിക്കുമോനെ.... എവിടെ പോയാലും കളി വിടരുത്......പറ്റുന്നിടത്തോളം കാലം കളിക്കണം... വല്യ ആളാകണം... "
കെട്ടിപ്പിടിച്ചു... തോളത്തൊന്നു തട്ടി തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു...
മൂന്ന് വർഷങ്ങൾക്കു ശേഷമാണ് പിന്നെ ഞാൻ നാട്ടിൽ വരുന്നത്.. അപ്പോഴേക്കും അപ്പുവേട്ടൻ ആകെ മാറിയിരുന്നു. വല്ലപ്പോഴും അൽപ നേരം കളി കാണാൻ വരുന്ന വെറുമൊരു കാഴ്ചക്കാരനായി അപ്പുവേട്ടൻ മാറി. ഉള്ളിലെ ആവേശമൊക്കെ അടക്കി പിടിച്ചു കളി കാഴ്ചകളിൽ നെടുവീർപ്പെട്ടു പിന്നെ ഇടയ്ക്കു ധൃതിയിൽ തന്റെ സൈക്കിളിൽ കേറി മറയുന്ന അപ്പുവേട്ടൻ ഉള്ളിലെ വല്ലാത്ത നോവായി . രൂപമൊക്കെ മാറി ഉണങ്ങിയ അടക്കാമരം പോലൊരു കോലം.. ജീവിതം അത് എല്ലാവരെയും മാറ്റുന്നു .
"എന്താണ് അപ്പുവേട്ടാ.. കളിയൊക്കെ വിട്ടോ... "
ഒരു വൈകുന്നേരം അപ്രതീക്ഷിതമായി കണ്ടൊരു കാഴ്ചയിലായിരുന്നു ചോദ്യം..
" സമയമില്ലെടാ മോനെ... പിന്നെ... ഓരോ പ്രാരാബ്ദമൊക്കെ ആയില്ലേ .. എല്ലാം നടക്കണ്ടേ ..കളിച്ചു നടന്നാൽ അടുപ്പില് തീ പൊകയില്ലാ ..
അപ്പുവേട്ടന്റെ വാക്കുകൾ വിറച്ചു.
"പണിയൊക്കെ കഴിഞ്ഞു ഇച്ചിരി നേരം കിട്ടിയാൽ മോന്റെ കൂടെ ഇരിയ്ക്കും ..പിന്നെ വീട്ടിലുമുണ്ട് പിടിപ്പതു പണി ... "
ചിതറി വീഴുന്ന വാക്കുകളെ ചേർത്ത് വെയ്ക്കാൻ അപ്പുവേട്ടൻ കുറേ കഷ്ടപ്പെടും പോലെ..
" അപ്പുവേട്ടാ... കളിയ്ക്കാതെ ഇങ്ങളെങ്ങനെയാ "
എന്ന എന്റെ ചോദ്യത്തിന് ചേർത്ത് പിടിച്ചു കൈയിൽ പിടിച്ചൊന്നു അമർത്തി...
"അന്റെ കളിയൊക്കെ ഇപ്പോ എങ്ങനെ പോണു... "
ടീമിന്റെ ക്യാപ്റ്റനാ എന്ന് പറഞ്ഞപ്പോൾ ആ കണ്ണ് നിറഞ്ഞു.. അഭിമാനം ഉണ്ടെന്നു പറഞ്ഞു തോളത്തു തട്ടി..
"പോട്ടെടാ... റേഷൻ കട അടക്കും "
അപ്പുവേട്ടന്റെ സൈക്കിൾ ആഞ്ഞു ചവിട്ടി ...
അടുത്ത അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ ഓരോ ദിവസവും അപ്പുവേട്ടനെ കാണല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നടന്നത്... എന്നാലും കണ്ടു.. മൂന്ന് ചക്രമുള്ള ഒരു സ്‌കൂട്ടിയിൽ , ഞങ്ങളുടെ കവലയിലുള്ള ആൽത്തറയോട് ചേർന്ന് ലോട്ടറി വിൽക്കുന്ന അപ്പുവേട്ടനെ . ഒരു കാലിന്റെ മുട്ടിനു താഴേയ്ക്ക് മുറിച്ച മാറ്റപ്പെട്ട അപ്പുവേട്ടൻ .. ഒരു മരക്കാലുണ്ട്. അത് അടുത്ത് തന്നെ അഴിച്ചു വെച്ചിട്ടുണ്ട് ... എന്തോ ആണി കൊണ്ടതാണത്രെ.. ഷുഗർ കൂടി പഴുത്തു..വേറെ വഴിയില്ലാതെ വന്നപ്പോൾ മുറിച്ചു മാറ്റേണ്ടി വന്നു . ഇപ്പോൾ ഒരു മൂന്നു ചക്ര സ്‌കൂട്ടിയും ലോട്ടറി കച്ചവടവും ... ഓർമ്മകൾ പിന്നോട്ട് വലിച്ചിഴച്ചു . മുണ്ടു മടക്കി കുത്തി .കൈയ്യിൽ പന്തുമായി ഓടി വന്നു ക്രീസിനു ഒരടി പിന്നിൽ നിന്നും ചാടി ഉയർന്നു ബോൾ ചെയ്യുന്ന അപ്പുവേട്ടൻ . ക്രിക്കറ്റ് കളിയിൽ സിക്‌സും ഫോറിനും മാത്രമല്ല ഓരോ സിംഗിളിനും പ്രാധാന്യമുണ്ട് എന്നും പറഞ്ഞു സിംഗിളുകൾ എടുത്തു സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന അപ്പുവേട്ടൻ .. ഫീൽഡിൽ പന്തിനു പുറകെ പാഞ്ഞോടുന്ന അപ്പുവേട്ടൻ . കണ്ണ് രണ്ടും നിറഞ്ഞു വന്നു .
ഇപ്പോൾ എന്നും കൃത്യ സമയത്തു അപ്പുവേട്ടൻ കളി കാണാൻ വരും. ഇവിടത്തെ സ്കോർബോർഡ് ഇപ്പോൾ അപ്പുവേട്ടനാണ്... രണ്ടു ടീമിന്റെയും റൺസ്.. ഓവർ.. ബോളുകൾ എല്ലാം കൃത്യമായി ഓർത്തിരിക്കും അപ്പുവേട്ടൻ. അത് പണ്ടും അങ്ങനെയാ.ജീവിക്കുന്ന ഒരു കമ്പ്യൂട്ടർ . ഒരിക്കലും കള്ളത്തരം പറയില്ല.. തർക്കിക്കില്ല... കളിയിൽ ഒരു സത്യമുണ്ടെന്നാണ് അപ്പുവേട്ടന്റെ വാദം. ഇപ്പോൾ കളി കഴിഞ്ഞാലും ഏറെ വൈകിയേ അപ്പുവേട്ടൻ പോകൂ...
അന്ന് അവസാനം ഞാനും അപ്പുവേട്ടനും മാത്രമായൊരു വൈകുന്നേരം... അപ്പുവേട്ടൻ വെറുതെ ഒരു കൈയ്യിൽ ബാറ്റ് പിടിച്ചു ബോൾ തട്ടുകയാണ്.. ഇടയ്ക്കു ചാടി പോകുന്ന ബോൾ ഞാൻ എടുത്തു കൊടുക്കും..
വെറുതെ ചോദിച്ചു.. മ്മക്ക് അപ്പുവേട്ടന്റെ മോനെ വല്യ കളിക്കാരനാക്കണ്ടേ ന്ന്... അപ്പോൾ അപ്പുവേട്ടന്റെ മറുപടി പിന്നെയും നോവിച്ചു..
" വേണ്ടെടാ... അവൻ ഇഷ്ടമുള്ളത് ആകട്ടെ... നല്ല കാലം മുഴുവൻ കളിച്ചു നടന്നത് കൊണ്ട് ഞാൻ എന്നതാ ഒണ്ടാക്കിയെ ..ഒന്നുമില്ല ..അതുമല്ല ഒരു പന്തെറിഞ്ഞു കൊടുക്കാൻ പോലും എനിക്കാവില്ല.. അവനെയും കൊണ്ടു നടക്കാനും എന്നേം കൊണ്ടു പറ്റില്ല. ഇനിയിപ്പോ ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാനാണ് അവന്റെ യോഗമെങ്കിൽ... അവൻ ആവുക തന്നെ ചെയ്യും..അതിപ്പോൾ ആര് തടഞ്ഞാലും .. "
പിന്നെ ജിക്കുമോനെ.... നീ സമയം കിട്ടുമ്പോൾ ഒക്കെ കളിക്കണം... മ്മക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ ..അത് ഈ ലോകത്തു വേറെ എന്നാ ചെയ്താലും ..എന്നാ ഒണ്ടേലും കിട്ടത്തില്ലെടാ..
" ഈ ജീവിതമെന്നു പറയുന്നത് ഒരു വല്ലാത്ത സംഭവാ ... ചെല കാര്യങ്ങള് മ്മള് ഇപ്പോൾ സമയമില്ലെന്ന് പറഞ്ഞങ്ങടു മാറ്റി വെയ്ക്കും ..പിന്നെ കുറെ കഴിയുമ്പോൾ ..സമയം ഉണ്ടാകുമ്പോൾ മ്മക്കൊട്ടു അതൊന്നും ചെയ്യാൻ പറ്റുന്ന അവസ്ഥേലും ആയിരിക്കില്ല ..
ആഗ്രഹം ഉണ്ടേലും സമയം ഉണ്ടേലും കളിക്കാൻ പറ്റാത്ത ചില അവസ്ഥകളും ഉണ്ടാകും..."
അപ്പുവേട്ടന്റെ കണ്ണ് നിറഞ്ഞു.. ഒറ്റക്കാലിൽ പതുക്കെ തൊങ്കി തൊങ്കി.. സ്‌കൂട്ടിക്കു അടുത്തേയ്ക്കു നടന്നു.. പൊടി പറത്തി.. സ്‌കൂട്ടി എന്റെ മുന്നിലൂടെ ഇരുളിലേക്ക് മറഞ്ഞു.. ഇത്രമേൽ ക്രിക്കറ്റ്‌ നെ സ്നേഹിച്ച വേറൊരാളെ എനിക്കറിയില്ല.. അപ്പുവേട്ടൻ ഇനിയും കളിച്ചു കാണാൻ വല്ലാത്ത കൊതി തോന്നി ... അപ്പുവേട്ടന്റെ മോൻ വല്യ ക്രിക്കറ്റ് കളിക്കാരനാകും.... ഇത്രേം വല്യ ക്രിക്കറ്റ് കളി ഭ്രാന്തന്റെ മോൻ പിന്നെന്തു ആകാനാണ്..
ബാറ്റ് കവറിലേക്കു ഇട്ടു .തോളിൽ തൂക്കി മുന്നോട്ടു നടന്നു.. നാളെ ഞാനും മറ്റൊരു അപ്പുവേട്ടനാകുമോ എന്ന ഭയം ഉള്ളിൽ എവിടെയോ ഉടക്കി കിടന്നു
"അതെ ഈ ക്രിക്കറ്റ്‌ കളി ഒരു ഭ്രാന്താണ്. വല്ലാത്ത ലഹരിയുള്ളൊരു ഭ്രാന്ത്‌ .. അതു അറിയണമെങ്കിൽ...ഇവിടെ ഈ ഗ്രൗണ്ടിലേക്ക് ഇറങ്ങി വരണം."
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.
01-04-2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo