Slider

പ്രതീക്ഷകളുടെ തോഴി

0
Image may contain: 1 person, indoor
ഈറൻസന്ധ്യേ,
നീ പ്രതീക്ഷകളുടെ തോഴി
നിന്‍റെ പ്രമാണങ്ങളെന്നും വിരഹം.
പ്രഭാതത്തിന്‍റെയിളംചൂടും
മദ്ധ്യാഹ്നസൂര്യന്‍റെ തീനാളവും
പ്രദോഷത്തിന്‍റെ കുങ്കുമച്ചോപ്പി-
ലേക്കാവാഹിച്ച് രാഗലോലയായി
നീയുണർന്നപ്പോളെതിരേല്ക്കാൻ
നറുമണം ചൊരിയുന്ന പുഷ്പങ്ങളും
പൊൻപുലരിയുടെ ആദ്യകിരണങ്ങളും
പ്രഭാതകീർത്തനങ്ങളുമില്ലെന്ന്
നീയെന്തിനു പരിതപിക്കുന്നു?
ദളങ്ങൾകൊഴിഞ്ഞ് ഇടറിവീഴുന്ന
പുഷ്പങ്ങൾക്കന്ത്യകാഴ്ച്ചയും
സന്ധ്യാപുഷ്പങ്ങൾക്കാദ്യകാഴ്ച്ച -
യുമാകും നിന്നുയർത്തെഴുന്നേല്പ്.
ദീപാരാധനയും മന്ത്രധ്വനികളും
പള്ളിമണികളും ബാങ്കുവിളികളും
വരവിനെ പ്രകീർത്തിക്കുമ്പോൾ
നിന്‍റെ മിഴിനീർ വീണുറക്ക-
മുണർന്ന സന്ധ്യാപുഷ്പങ്ങൾ വിടർന്നു
സൗരഭ്യംപടർത്തി യാത്രാമംഗളങ്ങൾ നേരും.

ചേക്കേറാൻ ചില്ലകൾ തേടിയെത്തും
കിളികളുടെയും ദേശാടനപ്പക്ഷികളുടെയും
ചിലപ്പുകളാലും തീറ്റ തേടി പറക്കുന്ന
കടവവ്വാലുകളുടെ ചിറകടിയൊച്ചകളാലും
നിനക്ക് സന്ധ്യാവന്ദനം നല്കുമ്പോൾ
വഴിവിളക്കുകൾ ഇരുവലം നിന്ന്
നിന്നെ സ്വീകരിക്കാനായ് മിഴിതുറക്കും.
നിന്‍റെ യാത്രയുടെ നാന്ദി കുറിക്കുവാൻ
ഇരതേടി മാളത്തിൽനിന്നും
പുറത്തിറങ്ങുന്ന കുറുനരികളും,
വയറുനിറയാത്തെ തെരുവുനായ്ക്കളും
മാനംനോക്കി ഓരിയിടുമ്പോൾ
ചുണ്ടിൽ ചായംതേച്ച് മുല്ലപ്പൂ ചൂടിയ
നിശാചരിണികളും, അവരെ തേടിയെത്തുന്ന
സദാചാര സംരക്ഷകരെന്നു ഭാവിക്കുന്ന
മുഖംമറച്ച പകൽ മാന്യൻമാരേയുംനോക്കി
പുച്ഛിച്ചു ചിരിച്ചു കൊണ്ട് നീ
മേഘപാളിക്കൾക്കിടയിലൂടെ വാനിലലിഞ്ഞ്
രാത്രിയുടെ ആദ്യയാമങ്ങളിൽ പടരുന്നതുംകണ്ട്
മാനത്ത് ചന്ദ്രൻ പുഞ്ചിരിപൊഴിക്കും
ബെന്നി.ടി.ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo