നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Last Part

അവസാന ഭാഗമാണ്‌.
ഈയവസരത്തിൽ പ്രിയ നിക്കർ ബോയ്സിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. അവന്മാരുടെ കൃത്യ സമയത്തുള്ള തന്ത്രപരമായ ഇടപെടലുകൾ കൊണ്ടാണ്‌ ഈ കഥയുടെ പല ഭാഗത്തും നേരിട്ട ബ്ലോക്കുകൾ അതി ജീവിക്കാനായത്. ഈ ആറെണ്ണത്തിൽ ഒരാൾ പ്രത്യേകിച്ചും. 
Swapna Alexis Arun V Sajeev Ramji Ram Joby George Mukkadan Rajeev Panicker Ganesh Gb
******************************************************************
അത്ര ദൂരത്തു നിന്നും ആജാനു ബാഹുവായ ആ മനുഷ്യനെ പ്രവീൺ തിരിച്ചറിഞ്ഞു.
പ്രവീൺ നോക്കി നില്ക്കെ ആ മനുഷ്യൻ ഇരു കൈകളും ഉയർത്തിപ്പിടിച്ച് താഴേക്കു കുതിച്ചു ചാടി.
ഒട്ടും ആലോചിക്കാനുണ്ടായിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ പ്രവീൺ തിരിഞ്ഞ് കരയെ ലക്ഷ്യമാക്കി നീന്താനാരംഭിച്ചു. ഐഗ്വോയുടെ കൂറ്റൻ ശരീരം വെള്ളത്തിൽ വന്നു പതിച്ച ശബ്ദം പുറകിൽ കേട്ടു.
ജീവിതത്തിൽ അവന് പരിചിതമായ ഏക വ്യായാമം. പ്രവീൺ ഒരു നല്ല നീന്തല്ക്കാരനായിരുന്നു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ അവൻ കരയിലെത്തി.
തിരിഞ്ഞു നോക്കിയതും, ഐഗ്വോ ജലോപരിതലത്തിൽ ഉയർന്നു വന്നതും ഒരുമിച്ചായിരുന്നു.
തല വെള്ളത്തിനു മുകളിലെത്തിയതും, പ്രവീണിനെ നോക്കി ഉറക്കെ അട്ടഹസിച്ച് ചിരിക്കാനാരംഭിച്ചു അയാൾ!
എത്ര ശ്രമിച്ചാലും, ആ ഭീകരന്റെ പിടിയിൽ നിന്ന് തനിക്ക് രക്ഷപ്പെടാനാവില്ല എന്ന് അവനു മനസ്സിലായി. ഓരോ കൈ കൊണ്ട് തുഴയുമ്പോഴും ഏതാനും മീറ്ററുകളാണ് അയാൾ നീങ്ങുന്നത്. നോക്കി നില്ക്കുന്ന സമയം കൊണ്ട് അവൻ പ്രവീണിനടുത്തെത്തി. അപ്പോഴേക്കും, കാലുകൾ തളർന്ന് പ്രവീൺ പുറകോട്ടു മലർന്നു വീണിരുന്നു.
തടാകത്തോട് ചേർന്ന് ഒരു കൂറ്റൻ പേരാൽ മരം നിന്നിരുന്നു. പെരുമ്പാമ്പുകളെപ്പോലെ പരസ്പരം ചുറ്റിപ്പിണഞ്ഞ അതിന്റെ വേരുകൾ തടാകത്തിലേക്കാഴ്ന്നു പോയിരിക്കുന്നു.
ആ വേരുകളിലൊന്നിൽ പിടിച്ചാണ് ഐഗ്വോ കരയിലേക്ക് കയറി വന്നത്.
പ്രവീണിന്റെ കിടപ്പു കണ്ട് അവൻ വീണ്ടും ആർത്തു ചിരിച്ചു. ഒപ്പം അവന്റെ ഭാഷയിൽ എന്തൊക്കെയോ പുലഭ്യം പറയുന്നുണ്ടായിരുന്നു.
അടുത്തെത്തിയതും ഐഗ്വോ കുനിഞ്ഞ് പ്രവീണിനരികിൽ ഇരുന്നു. പരിഹാസ ചിരി മാഞ്ഞിട്ടില്ല. “ ഉത്തരവാദിത്തമുള്ള ഒരു ഏജന്റ് ഇങ്ങനെ ഓടി രക്ഷപ്പെടുന്നത് ശരിയാണോ ?”
പ്രവീൺ ബദ്ധപ്പെട്ട് എഴുന്നേറ്റിരുന്നു. ശരീരമാസകലം ചോര പൊടിഞ്ഞിരിക്കുന്നു. അസഹ്യമായ വേദന മുഖത്ത് നിഴലിക്കുന്നുണ്ട്.
“പറയൂ ഏജന്റ് പ്രവീൺ!”
“I am not an agent!” പ്രവീണിന്റെ സ്വരം ചിലമ്പിച്ചു. “എല്ലാം തെറ്റിദ്ധാരണയാണ്. I don’t work for any Agency! പക്ഷേ ഒന്നും നിങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. എനിക്കറിയാം.”
“കമോൺ! എന്റെ ബുദ്ധിയെ പരീക്ഷിക്കരുത് പ്രവീൺ.എനിക്കറിയേണ്ടത് ഇത്ര മാത്രമേയുള്ളൂ. ആ ലാബിൽ വെച്ച് അവർ എന്തെങ്കിലും നിന്നെ ഏല്പ്പിച്ചിരുന്നോ ? ഒരു പക്ഷേ ആ ഫോർമുല ? അങ്ങനെയെന്തെങ്കിലും ?”
പ്രവീൺ നിക്ഷേധാർത്ഥത്തിൽ തലയാട്ടി.
“യൂ സീ പ്രവീൺ... ഞാനും ഒരു ട്രെയിൻഡ് ഏജന്റാണ്. ഈ വിദ്യ ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ഞാനും എന്റെ പാർട്ണറും ഒരുമിച്ച് ഇതുപോലെ ഓരോ മിഷനുകൾക്കു പോയി അവസാന ഘട്ടത്തിൽ തന്ത്രപ്രധാനമായ ഇൻഫർമേഷൻ എന്തെങ്കിലും കിട്ടിക്കഴിയുമ്പോൾ, ഞങ്ങളിലൊരാൾ എത്രയും പെട്ടെന്ന് സ്ഥലം വിടാൻ ശ്രമിക്കും. മറ്റേയാളെ സംഭവസ്ഥലത്തുപേക്ഷിക്കും. മിസ് ഡയറക്ഷൻ. സ്റ്റാൻഡേർഡ് പ്രൊസീജർ. എല്ലാവരുടേയും ശ്രദ്ധ ഇപ്പോൾ നതാലിയായിലായിരിക്കും. പക്ഷേ എനിക്കറിയാം സാധനം എവിടെയായിരിക്കുമെന്ന്. ”
പ്രവീൺ കണ്ണുകളിറുക്കി അടച്ചു.
അടുത്ത നിമിഷം, ഐഗ്വോ മുൻപോട്ടാഞ്ഞ് തന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് പ്രവീണിന്റെ ശരീരം മുഴുവൻ പരിശോധിക്കാനാരംഭിച്ചു.
മിനിട്ടുകൾ നീണ്ട ആ പരിശോധനക്കൊടുവിൽ നിരാശനായ ഐഗ്വോ നിവർന്നു നിന്നു.
പിന്നെ തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും അസാമാന്യ നീളമുള്ള ഒരു പിസ്റ്റൾ പുറത്തെടുത്തുകൊണ്ട് അയാൾ പ്രവീണിനോട് എഴുന്നേറ്റു നില്ക്കാൻ ആവശ്യപ്പെട്ടു.
“പ്രവീൺ! ഞാൻ കീഴടങ്ങുമെന്നാണ് നീ കരുതുന്നതെങ്കിൽ അതൊരു വ്യാമോഹം മാത്രമാണ്. ഡിപ്ലോമാറ്റിക്ക് പാസ്സ്പോർട്ടുള്ള ഒരു MSS ഏജന്റാണ് ഞാൻ. ചൈനീസ് ഇന്റലിജൻസ്. ഒന്നുകിൽ ഞാൻ എന്നെ ഏല്പ്പിച്ച ജോലി ഭംഗിയായി തീർത്ത് ആ ഫോർമുലയുമായി ഈ നാടു വിടും. അതിനു സാധിച്ചില്ലെങ്കിൽ, പിന്നെ എന്റെ അടുത്ത ലക്ഷ്യം...ഇൻഡ്യക്ക് ഒരിക്കലും ആ ഫോർമുല കിട്ടില്ല എന്നു ഉറപ്പു വരുത്തുകയാണ്. തീരുമാനം നിന്റെയാണ്. എവിടെയാണ് നീയതൊളിപ്പിച്ചിരിക്കുന്നത് ?” തോക്കിൻ കുഴലിൽ നിറഞ്ഞിരുന്ന വെള്ളം അയാൾ താഴേക്ക് ചെരിച്ചൊഴുക്കിക്കളഞ്ഞു.
പ്രവീണിന്റെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു. മാനസീക നില താറുമാറായി തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണം. പക്ഷേ ഐഗ്വോക്ക് അത് മനസ്സിലായില്ല.
“Where the fuck is it ??" അയാളുടെ അലർച്ച മലമടക്കുകളിൽ പ്രതിദ്ധ്വനിച്ചു.
”This is the maximum I can take..." പ്രവീൺ പിറുപിറുത്തു. “ Shoot me man! Get it over with!" തന്റെ കണ്ണിനു നേരേ ചൂണ്ടിപ്പിടിച്ചിരുന്ന ആ തോക്കിൻ കുഴലൊന്നും കാര്യമാക്കാതെ പ്രവീൺ എഴുന്നേറ്റു നിന്നു. "Im ready to die now...shoot me!"
”അതായത്... സ്വന്തം ജീവൻ കൊടുത്തും രാജ്യ രഹസ്യങ്ങൾ സൂക്ഷിക്കാനാണ് നിന്റെ തീരുമാനം. അല്ലേ ?“ അയാളുടെ മുഖത്ത് അവജ്ഞ നിറഞ്ഞു.
“Go fuck yourself!“ പ്രവീൺ ഐഗ്വോയെ തള്ളി മാറ്റി മുൻപോട്ടു നടക്കാനാരംഭിച്ചു. ഇനിയെന്തു വന്നാലും നേരിടാൻ തന്നെ തീരുമാനിച്ചെന്നവണ്ണം ആ ചെറുപ്പക്കാരൻ മുൻപോട്ട് ചുവടുകൾ വെച്ചു.
നേരേ തടാകത്തിലേക്കു തന്നെ തിരിച്ചിറങ്ങിയ അവൻ പതിയെ കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്ത് തന്റെ നെറുകയിലേക്കൊഴിച്ചു. പല പ്രാവശ്യം. പുറകിൽ ഒരു നിറ തോക്ക് തന്നെ ലക്ഷ്യമാക്കി ചൂണ്ടി നില്ക്കുന്നത് അവന്റെ തലച്ചോർ പൂർണ്ണമായും അവഗണിച്ചു കളഞ്ഞിരിക്കുന്നു. ഒരു മനുഷ്യനു താങ്ങാവുന്നതിന്റെ പരമാവധി.
പുറകിൽ ഐഗ്വോ അമ്പരന്നു നില്ക്കുന്നുണ്ടായിരുന്നു. അയാൾക്കൊന്നും മനസ്സിലായില്ല.
“പ്രവീൺ! ലാസ്റ്റ് ചാൻസ്!” അലറിക്കൊണ്ട് അയാൾ തന്റെ പിസ്റ്റൾ ‘കോക്ക്’ ചെയ്തു.
‘ഏജന്റ്’ പ്രവീൺ തിരിഞ്ഞു പോലും നോക്കിയില്ല.
ഐഗ്വോയും മുൻപോട്ട് നടന്ന് വെള്ളത്തിലേക്കിറങ്ങി.
“OK man! You made your choice!” അയാളുടെ ചൂണ്ടു വിരൽ ട്രിഗറിനെ തൊട്ടു.
അടുത്ത നിമിഷം!
ഒരു കൂറ്റൻ അമിട്ടു പൊട്ടി വിരിയുന്നതു പോലെ, ആ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ജല കണികകൾ ചിതറിത്തെറിക്കാനാരംഭിച്ചു! ഒപ്പം കാതടപ്പിക്കുന്ന ഒരു ഹുങ്കാര ശബ്ദവും!
ഞെട്ടി മുകളിലേക്കു നോക്കിയ പ്രവീൺ കണ്ടത് അവിശ്വസനീയമായ ഒരു കാഴ്ച്ചയായിരുന്നു.
ആ കൂറ്റൻ മഴവില്ലിനിടയിലൂടെ താഴേക്കിറങ്ങി വരുന്ന ഒരു ഹെലികോപ്റ്റർ!!
ആഞ്ഞടിക്കുന്ന കാറ്റിൽ ആ വെള്ളച്ചാട്ടത്തിന്റെ മദ്ധ്യഭാഗം കുഴിഞ്ഞു പോയിരുന്നു. കോപ്റ്ററിന്റെ ബ്ലേഡിനൊപ്പം വെള്ളത്തുള്ളികൾ മനോഹരമായൊരു ജലസ്തംഭം പോലെ ചുറ്റിത്തിരിയുന്നു.
സെക്കൻഡുകൾക്കുള്ളിൽ അത് പ്രവീണിന്റെ തലക്കു മുകളിലെത്തി.
“Indian Army - Tactical Assault Unit (TAU)" എന്നെഴുതിയിരുന്ന അതിന്റെ മുൻഭാഗം ഐഗ്വോയെ ലക്ഷ്യമാക്കി ഒന്നു താഴ്ന്നു.
ആദ്യത്തെ പകപ്പു വിട്ടു മാറിയതും, ഐഗ്വോ മുകളിലേക്കു ചൂണ്ടി തുടർച്ചയായി നിറയൊഴിക്കാനാരംഭിച്ചു. കോപ്റ്ററിന്റെ മുൻപിലെ വിൻഡ് ഷീൽഡ് തകർന്നു വീണതും, പുറകിലെ സീറ്റിൽ നിന്നും ‘കിൽ ഓർഡർ’ മുഴങ്ങി!
”SHOOT THAT CHINESE MOTHER FU-"
കമാൻഡർ വിശാൽ പൂർത്തിയാക്കിയില്ല, അപ്പോഴേക്കും കോപ്റ്ററിനടിയിലെ രണ്ട് യന്ത്രത്തോക്കുകൾ തീ തുപ്പിത്തുടങ്ങിയിരുന്നു. പ്രവീണിന്റെ ഇരു വശത്തും, വെള്ളത്തിൽ തുടർച്ചയായ ഒരു ‘ട്രെയിൽ’ സൃഷ്ടിച്ചുകൊണ്ട് പാഞ്ഞ നൂറു കണക്കിന് വെടിയുണ്ടകൾ ഐഗ്വോയിലേക്കെത്തിയപ്പോഴേക്കും ഒരു നേർ രേഖയിലായിക്കഴിഞ്ഞിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ അരിപ്പ പോലെ തുളഞ്ഞ് MSS ഏജന്റ് ഐഗ്വോ യിങ്ങ് ആ ജലാശയത്തിലേക്ക് മലർന്ന് വീണു.
വെടിയൊച്ച നിലച്ചപ്പോൾ ഇരു കാതുകളും പൊത്തി പ്രവീൺ മുട്ടുകുത്തി നില്ക്കുന്നുണ്ടായിരുന്നു.
തുടർന്ന് തടാകക്കരയിലെ ഒരു ചെറു മണൽ തിട്ടയിൽ ആ കോപ്റ്റർ ലാൻഡ് ചെയ്തതും, ഡോർ തുറന്ന് കമാൻഡർ വിശാൽ സത്യനാഥ് ഓടി പ്രവീണിനരികിലെത്തി.
“മിസ്റ്റർ പ്രവീൺ സത്യ ?”
മറുപടിയായി ഒന്നു തലകുലുക്കാൻ പോലും ശേഷിയുണ്ടായിരുന്നില്ല പ്രവീണിന്. വിശാൽ അവനെ താങ്ങി എഴുന്നേല്പ്പിച്ച് ആലിംഗനം ചെയ്തു.
“ഇത് ഇൻഡ്യൻ ആർമിയാണ്. You are safe now!”
പ്രവീൺ നിർവ്വികാരനായി നിന്നതേയുള്ളൂ.
വിശാൽ, പതിയെ അവനെ നടത്തിക്കൊണ്ട് കോപ്റ്ററിനരികിലെത്തി.
“ഏജന്റ് നതാലിയ എവിടെ പ്രവീൺ ?”
അടുത്ത നിമിഷം ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഒരു സ്ഫോടന ശബ്ദം മുഴങ്ങി!
ഞെട്ടിത്തിരിഞ്ഞു നോക്കിയ അവർ കണ്ടത് ആകാശം മുട്ടെ ഉയരത്തിൽ ദൂരെ ഒരു അഗ്നി സ്തംഭമാണ്. കൂറ്റൻ മരങ്ങൾ കട പുഴകി മുകളിലേക്കുയരുന്നതു കാണാമായിരുന്നു. സ്ഫോടനത്തിന്റെ ഷോക്ക് വേവ് അവരുടെ കാല്ക്കീഴിലൂടെ കടന്നു പോയി. തടാകത്തിൽ കൂറ്റൻ തിരകളുയർത്തിക്കൊണ്ട്.
“What the hell was that!!” വിശാലും കൂട്ടരും സ്തബ്ധരായി നില്ക്കുകയാണ്.
“നതാലിയ എവിടെ പ്രവീൺ ??” നടുക്കം വിട്ടു മാറിയതും വിശാൽ പ്രവീണിനെ തന്റെ നേരേ തിരിച്ചു നിർത്തി.
അവന്റെ മുഖം വിവർണ്ണമായിരുന്നു. വിശാലിന്റെ മുഖത്തേക്ക് അന്തം വിട്ട് നോക്കി നിന്ന അവന്റെ കണ്ണുകൾ പതിയെ മുകളിലേക്കുയർന്നു. പതിയെ മുഖത്തൊരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.
“ചോദിച്ചതു കേട്ടില്ലേ പ്രവീൺ?” വിശാലിന്റെ സ്വരം ഗൗരവമാർജ്ജിച്ചു.
മറുപടിയായി പ്രവീൺ മുകളിലേക്ക്... ആ വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിലേക്ക് വിരൽ ചൂണ്ടി.
തിരിഞ്ഞു നോക്കിയ വിശാലും കൂട്ടരും കണ്ട കാഴ്ച്ച...
ആ വെള്ളച്ചാട്ടത്തിനു മുകളിൽ... ഒരു പാറപ്പുറത്ത് ഇരു കൈകളും മുകളിലേക്ക് കൂപ്പിപ്പിടിച്ച് അവൾ…
സ്പെഷ്യൽ ഏജന്റ് നതാലിയ മിഷെലേന!
വിശാൽ അവളെ നോക്കി കൈ വീശിക്കാണിച്ചതും, അവൾ താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു.
തലക്കു മുകളിലൂടെ കൂട്ടിപ്പിടിച്ച കൈകളുമായി ഒരു ചാട്ടുളി പോലെ അവൾ ആ ജലാശയത്തിലേക്ക് ഊളിയിട്ട് അപ്രത്യക്ഷയായി.
ഏതാണ്ട് രണ്ടു മിനിറ്റുകൾക്കു ശേഷമാണ് ആ മണൽത്തിട്ടയോട് ചേർന്ന് അവൾ ഉയർന്നത്.
നിവർന്ന്, ഇരു കൈകൾ കൊണ്ടും തന്റെ മുടിപിന്നിലേക്ക് മാടിയൊതുക്കിക്കൊണ്ട്... സ്വതസിദ്ധമായ ആ കൊല്ലുന്ന പുഞ്ചിരിയോടെ അവൾ വിശാലിനെ സമീപിച്ചു.
ധരിച്ചിരുന്ന ടീ ഷർട്ട് നനഞ്ഞ് അവളുടെ ശരീരത്തോടൊട്ടിക്കിടന്നിരുന്നു. അറിയാതെ തന്റെ കണ്ണുകൾ അവളുടെ മാറിലേക്ക് നീണ്ടതും പ്രവീൺ തല കുനിച്ചു കളഞ്ഞു.
നതാലിയ ഉറക്കെ ചിരിച്ചു പോയി.
“Perfect underwear model. അല്ലേ പ്രവീൺ ?” അവന്റെ തലമുടിയിലൂടെ വിരലോടിച്ചപ്പോൾ അവളുടെ മുഖത്ത് സഹാനുഭൂതി നിഴലിച്ചിരുന്നു. “എല്ലാം കഴിഞ്ഞു പ്രവീൺ! ഇനിയൊന്നും പേടിക്കാനില്ല.”
വിശാൽ കോപ്റ്ററിൽ നിന്നും ഒരു ബ്ലാങ്കറ്റെടുത്ത് അവളെ പുതപ്പിച്ചു.
പെട്ടെന്നാണ് നതലിയയുടെ ഭാവം മാറിയത്. അവളുടെ ശ്രദ്ധ മുഴുവനും കോപ്റ്ററിനുള്ളിൽ കൈകാലുകൾ ബന്ധിക്കപ്പെട്ട്, ഒരു കറുത്ത തുണി കൊണ്ട് തല മൂടിയ നിലയിൽ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരനിലേക്കായി.
“അത്...” അവളുടെ ചുണ്ടുകൾ വിറച്ചു.
“ഗോകുൽ പണ്ഠിറ്റ്!” വിശാൽ മുൻപോട്ടാഞ്ഞ് അയാളുടെ തലയിലെ ആ കറുത്ത തുണി നീക്കം ചെയ്തു.
തിരിഞ്ഞ് നതാലിയായെ നോക്കിയ വിശാൽ ഒന്നു ഞെട്ടി. അതുവരെ കണ്ട മുഖഭാവമായിരുന്നില്ല അവൾക്കപ്പോൾ.
പല്ലുകൾ ഞെരിച്ചമർത്തിയപ്പോൾ അവളുടെ ശരീരമാകെ വിറ പൂണ്ടു.
“ഏജന്റ് നതാലിയ...” ഗോകുൽ പുഞ്ചിരിയോടെ അവളെ നോക്കി. “ഇന്നലെ ഞാൻ പറഞ്ഞിരുന്നില്ലേ നിനക്ക് പ്രതികാരം ചെയ്യണമെങ്കിൽ, ഞാൻ കാത്തിരിക്കുന്നുണ്ടാകുമെന്ന് ?”
“നതാലിയ.” വിശാൽ അവളുടെ കൈകൾ കടന്നെടുത്തു. “എനിക്കറിയാം നിങ്ങൾ തമ്മിൽ ഒരു പേഴ്സണൽ കണക്ക് തീർക്കാനുണ്ടെന്ന്. പക്ഷേ ... ക്ഷമിക്കണം. എനിക്കതിനനുവദിക്കാനാകില്ല. ഈ ഗൂഢാലോചന വെളിയിൽ കൊണ്ടു വരണമെങ്കിൽ... ഇതിനു പുറകിലുള്ളവരെയെല്ലാം നിയമത്തിനു മുൻപിലെത്തിക്കണമെങ്കിൽ... നമുക്ക് ഇവനെ വേണം നതാലിയ. ”
നിക്ഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അവൾ വിശാലിന്റെ അരയിലെ ഹോൾസ്റ്ററിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്തു.
“ഈ ഗൂഢാലോചന ഇവിടെ തീരുകയാണ് വിശാൽ. അല്പ്പം മുൻപ് കണ്ടില്ലേ ... ആ സ്ഫോടനത്തോടെ എല്ലാം തീർന്നു. 1500 കിലോ RDX... യാതോരു തെളിവുകളും അവശേഷിപ്പിക്കാതെ, നമ്മുടെ നാടിനുണ്ടായേക്കാമായിരുന്ന ഒരു വൻ നാണക്കേട് നമ്മൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിനു പുറകിലുണ്ടായിരുന്നവന്മാരാരും ഇനി ജീവിച്ചിരിപ്പില്ല. ഈ മിഷൻ ഇവിടെ ഈ നിമിഷം തീരുകയാണ്.“ അവൾ പിസ്റ്റൾ ചൂണ്ടി.
” ഇത് എന്റെ ആകാൻഷക്ക് വേണ്ടി...“
അടുത്ത നിമിഷം ഗോകുലിന്റെ ഇരു കണ്ണുകൾക്കും നടുവിലായി ഒരു ചുവന്ന പൊട്ട് പ്രത്യക്ഷപ്പെട്ടു.
ഹെലികോപ്റ്ററിന്റെ പങ്ക അതിന്റെ അവസാനത്തെ കറക്കം പൂർത്തിയാക്കി.
എല്ലാം നിശബ്ദമായി.
വിശാൽ ദീർഘനിശ്വാസത്തോടെ തന്റെ കൂടെയുണ്ടായിരുന്ന ഒരാളെ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
ഒരു നിമിഷം പോലും പാഴാക്കാതെ രണ്ട് ഏജന്റുമാർ കോപ്റ്ററിനുള്ളിലേക്ക് കയറി ഗോകുലിന്റെ ശരീരം വലിച്ച് ആ മണൽ തിട്ടയിലേക്കിട്ടു.
“മരണം ഉറപ്പാക്കണോ ?” വിശാൽ നതാലിയക്കു നേരേ തിരിഞ്ഞു.
“No! Just one bullet! ഒരേ ഒരു ബുള്ളറ്റിന്റെ ബാധ്യതയേ എനിക്കവനുമായിട്ടുള്ളൂ. നമുക്ക് പോകാം വിശാൽ!”
ആദ്യം പ്രവീണിനെ താങ്ങി കോപ്റ്ററിനുള്ളിലേക്കിരുത്തി പിന്നാലെ അവളും കയറി ഇരിപ്പുറപ്പിച്ചു. മുഖത്ത് വല്ലാത്തൊരു ശാന്തത നിറഞ്ഞിരുന്നു.
രണ്ടു മിനിറ്റുകളേ വേണ്ടി വന്നുള്ളൂ. ആ ഹെലികോപ്റ്റർ പറന്നുയർന്നു.
താഴെ - മിലിട്ടറി ടെന്റുകൾ നിന്നിരുന്നയിടം ഇപ്പോൾ ഒരു വലിയ അഗ്നികുണ്ഠമാണ്. ചുറ്റും നിന്നിരുന്ന മരങ്ങളെല്ലാം കൂറ്റൻ പന്തങ്ങൾ പോലെ നിന്നു കത്തുകയാണ്. പക്ഷേ നതാലിയ നോക്കിയത് അതൊന്നുമായിരുന്നില്ല...
ഒടുവിൽ ഏതാനും മിനിറ്റുകൾ നീണ്ട ആ നിരീക്ഷണപ്പറക്കലിനൊടുവിൽ മടക്ക യാത്രയാരംഭിച്ചതും, താഴെ വിശാലമായ ഒരു പുല്പ്പരപ്പ് അവരുടെ കണ്ണിൽ പെട്ടു.
അതിന്റെ ഒത്ത നടുവിലൂടെ രണ്ടു മനുഷ്യർ നടന്നു പോകുന്നുണ്ടായിരുന്നു.
ഭീമാകാരനായ ഒരു മനുഷ്യൻ, ശരീരമാസകലം വിവിധ ആയുധങ്ങൾ ധരിച്ചുകൊണ്ട് പുറകിൽ. തോളിൽ രണ്ട് കൂറ്റൻ ബസൂക്കകൾ ചേർത്തുപിടിച്ചിട്ടുണ്ട്. അയാൾക്കു മുൻപിലായി മറ്റൊരാളുമുണ്ട്...തളർന്നവശനായ മറ്റൊരു മനുഷ്യൻ. ഓരോ അടി വെക്കുമ്പോഴും വേച്ചു പോകുന്നു. ഇടക്കിടെ മുൻപിൽ ഓരോ തടസ്സങ്ങളിൽ ചെന്നിടിക്കുന്നുണ്ടയാൾ. അന്ധനാണെന്നു വ്യക്തം.
“Who the hell is that ?" കമാൻഡർ വിശാൽ അമ്പരന്നു പോയിരുന്നു. പുറകിൽ നടക്കുന്ന മനുഷ്യൻ വളരെ അപകടകാരിയാണെന്ന് കണ്ടാൽ തന്നെ അറിയാം. ആയുധസന്നദ്ധമായ ഒരു മിലിട്ടറി ഹെലികോപ്റ്റർ തലക്കു മുകളിൽ പറക്കുന്നുണ്ടായിട്ടും യാതൊരു കൂസലുമില്ല ആ മനുഷ്യന്.
”Never mind Vishal! അവരെ ശ്രദ്ധിക്കണ്ട.“ നതാലിയയുടെ ശബ്ദം ശാന്തമായിരുന്നു. ”ആ രണ്ടു മനുഷ്യരും അപകടകാരികളല്ല. വലിയൊരു കഥയാണത്. മറ്റൊരിക്കൽ പറഞ്ഞു തരാം. ഇപ്പോ നമുക്ക് പോകാം. എത്രയും പെട്ടെന്ന് ഈ നശിച്ച ദ്വീപിൽ നിന്ന് ഒന്നു ഒന്നു പുറത്തു കടക്കണം. ഏതാണീ സ്ഥലം ?“
“ബോംബേയിൽ തന്നെയാണ് നതാലിയാ. ഇത് എലിഫന്റാ ഐലൻഡ്സ്.“ വിശാൽ പൈലറ്റിനെ നോക്കി ചൂണ്ടുവിരൽ ചുഴറ്റിക്കാണിച്ചു.
കോപ്റ്റർ ഉയർന്ന് മല നിരകൾക്കപുറത്തേക്ക് മറയുന്നതിനു തൊട്ടു മുൻപ് സുജിത്ത് മുഖമുയർത്തി ഒന്നു നോക്കി. അവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു. പുഞ്ചിരിയോടെ ആ ഹെലികോപ്റ്റർ കണ്ണിൽ നിന്നു മറയുന്നതു വരെ അവൻ നോക്കി നിന്നു. അവന്റെ മാറിൽ... പോക്കറ്റിനോട് ചേർന്ന് ചെറിയൊരു സ്ട്രാപ്പിൽ ആ സിറിഞ്ച് ഭദ്രമായി കെട്ടി വെച്ചിരുന്നു. 30 വർഷങ്ങൾ നീണ്ട Project SS Turbo യുടെ ആകെ അവശേഷിക്കുന്ന ഫിസിക്കൽ സാമ്പിൾ!
ഡോ. രഘുചന്ദ്ര കൈകാലുകൾ പരതിക്കൊണ്ട് മുൻപോട്ടു തന്നെ നടന്നുകൊണ്ടിരുന്നു. മുൻപിലെ അത്യഗാധമായ കൊക്കയിലേക്ക് ഒന്നു പാളി നോക്കിയ ശേഷം സുജിത്ത് തിരിഞ്ഞു നടന്നു.
*********************************************************
RAW Headquarters – CGO Complex - New Delhi – Next Day 10.00 AM
*********************************************************
ഡപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജി സന്തുഷ്ടനായിരുന്നു. തന്റെ കസേര പുറകോട്ട് ചായ്ച്ച് തനിക്കു പ്രിയപ്പെട്ട കോൾഡ് കോഫി സിപ്പ് ചെയ്തുകൊണ്ട് അദ്ദേഹം എന്തൊക്കെയോ ആലോചിച്ച് സ്വയം പുഞ്ചിരിക്കുകയാണ്.
സമയം കൃത്യം 10 മണിയായതും, വാതിലിൽ ഒരു മുട്ടു കേട്ടു.
“കമിൻ നതാലിയ!” അദ്ദേഹം കസേര നേരെയാക്കി നിവർന്നിരുന്നു. മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടർന്നിരുന്നു.
മനോഹരമായൊരു പുഞ്ചിരിയോടെ അകത്തേക്ക് കടന്നു വന്ന നതാലിയ തന്റെ കയ്യിലിരുന്ന ചുവന്ന പൊളിത്തീൻ ഫയൽ മേശപ്പുറത്ത് വെച്ചു.
“മിഷൻ റിപ്പോർട്ട്, സർ!”
അദ്ദേഹം അതിലേക്കൊന്നു നോക്കുക കൂടി ചെയ്യാതെ അവൾക്കു നേരെ തന്റെ നിവർത്തിപ്പിടിച്ച വലതു കൈ നീട്ടി.
ഒരു നിമിഷം അദ്ദേഹത്തിന്റെ കണ്ണുകളിലേക്കൊന്ന് നോക്കി നിന്ന ശേഷമാണ് നതാലിയ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ആ ചെറിയ ബോക്സ് പുറത്തെടുത്തത്.
ബോക്സ് തുറന്ന് ആ യു എസ് ബി സുരക്ഷിതമാണെന്നുറപ്പു വരുത്തിയതിനു ശേഷം അദ്ദേഹം എഴുന്നേറ്റ് നതാലിയായുടെ മിഷൻ റിപ്പോർട്ട് ഫയൽ കയ്യിലെടുത്തു.
മേശയോട് ചേർന്നു തന്നെ ഒരു ഹെവി-ഡ്യൂട്ടി ഷ്രെഡർ മെഷീൻ ഉണ്ടായിരുന്നു. ആ ഫയൽ ഒന്നു തുറന്നു പോലും നോക്കാതെ അദ്ദേഹം ഷ്രെഡറിലേക്ക് തിരുകി സ്റ്റാർട്ട് ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ, തലേന്നു രാത്രി മുഴുവൻ അവൾ ഉറക്കമിളച്ചു തയ്യാറാക്കിയ ആ ഡീറ്റയിൽഡ് റിപ്പോർട്ട് ചെറിയ നുറുങ്ങ് കഷണങ്ങളാക്കി ആ മെഷീൻ പുറന്തള്ളി.
നതാലിയ അക്ഷോഭ്യയായി അവിടെ തന്നെ നിന്നതേയുള്ളൂ. അവൾ അതു പ്രതീക്ഷിച്ചിരുന്നതാണ്.
ആ രേഖകളെല്ലാം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്നുറപ്പുവരുത്തിയതിനു ശേഷം അദ്ദേഹം നതാലിയായുടെ മുഖത്തേക്കു നോക്കി. കണ്ണുകളിൽ സഹാനുഭൂതി നിഴലിച്ചിരുന്നു. നതാലിയായുടെ നെറ്റിയിലും, കൈത്തണ്ടയിലുമെല്ലാം പല വലുപ്പത്തിലുള്ള ബാൻഡേജുകൾ ഒട്ടിച്ചിരുന്നു. ശരീരം അനങ്ങുമ്പോൾ നല്ല വേദനയുണ്ടെന്ന് കാഴ്ച്ചയിൽ തന്നെ അറിയാം.
“Im sorry about your friend Natalia.” മന്ത്രിക്കുന്നതു പോലെയാണ് അദ്ദേഹമത് പറഞ്ഞത്. “ഒരല്പ്പം കൗതുകം കൂടിപ്പോയി ആ കുട്ടിക്ക്.”
നതാലിയ ദീർഘമായി ഒന്നു ശ്വസിച്ചു. “Im sorry about your friend too sir! ഡോ. ശങ്കർ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. അവസാന നിമിഷം വരെ അദ്ദേഹം ആത്മാർത്ഥത കൈവിട്ടില്ല.”
ഡയറക്ടർ ആലോചനയോടെ തലയാട്ടി. “സുജിത്ത് ?”
“മി. സുജിത്ത് എന്റെ മിഷന്റെ ഭാഗമായിരുന്നില്ലല്ലോ സർ. താങ്കൾ മറച്ചു വെച്ച അനേകം കാര്യങ്ങൾ പോലെ ഇതും...” ഒരു കൂർത്ത നോട്ടം സമ്മാനിച്ചുകൊണ്ടാണ് അവളതു പറഞ്ഞത്.
“അതു ശരിയാണ്. പക്ഷേ...Is he alive ?”
“Yes sir!”
“Ok Agent Natalia! Great job! ” അദ്ദേഹം ഹസ്തദാനത്തിനായി കൈ നീട്ടി. “ഇതോടെ ഈ വിഷയത്തിലുള്ള സകല സംസാരങ്ങളും തീരുകയാണ്. ഇനി നമ്മളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു മിഷൻ നടന്നിട്ടില്ല. മനസ്സിലായോ ?”
“Yes sir!”
തുടർന്ന് ഡ്രോയർ തുറന്ന് അദ്ദേഹം ഒരു പുതിയ ഫയൽ എടുത്ത് മേശപ്പുറത്തു വെച്ചു.
“അടുത്ത ഫ്ലൈറ്റിന് നീ കേരളത്തിലേക്ക് പുറപ്പെടുന്നു. ഒരു ചെറിയ മിഷൻ. വളരെ ലോ പ്രൊഫൈൽ. നിനക്ക് ഒരല്പ്പം സമാധാനമായ്ക്കോട്ടെ എന്നു കരുതിയാണ്. കേരളത്തിൽ, കൊച്ചിയിലെത്തിയാൽ നമ്മുടെ ഏജന്റ് ഡേവിഡ് ജോൺ നിന്നെ കോണ്ടാക്റ്റ് ചെയ്യും. FBI സ്പെഷ്യൽ റിക്വസ്റ്റ് ഉള്ള ഒരു കേസാണ്.”
“സർ...ഇന്നു തന്നെ ?”
“യെസ്! ഇപ്പോൾ തന്നെ വേണം. കേരളം വളരെ ബ്യൂട്ടിഫുള്ളാണ്. ദൈവത്തിന്റെ സ്വന്തം നാട്. നിനക്കവിടെ നല്ല കുറച്ചു ദിവസങ്ങൾ റെസ്റ്റ് കിട്ടും. ഞാനുറപ്പു തരുന്നു.വളരെ സിമ്പിൾ മിഷനാണ്. ‘സ്റ്റെല്ല’ എന്നൊരു കൊച്ച് അമേരിക്കൻ പെൺകുട്ടിയെ ബേബിസിറ്റ് ചെയ്താൽ മാത്രം മതി.”
“ആ യു. എസ്. ബി...അതിനി എങ്ങനെയാണ് താങ്കൾ പ്രോസസ് ചെയ്യാൻ പോകുന്നത് ?”
“ഏതു യു.എസ്.ബിയാണ് നതാലിയ ? എനിക്കു മനസ്സിലായില്ല.” ഡയറക്ടറുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
“ഒഫ്-കോഴ്സ് സർ!” നതാലിയ ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞു നടന്നു.
(The End)
ഈ കഥയുടെ ബാക്കി ‘മാൻ ഫ്രം ല്യൂസിയാന’ ഈ ഗ്രൂപ്പിൽ തന്നെയുണ്ട്. താല്പ്പര്യമുള്ളവർക്ക് ലിങ്ക് തരാം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot