Slider

ചില പാതിരാക്കോഴികൾ

0
Selective-photography of Rooster
(Repost)
അവൻ്റെ പേര് ചന്ദ്രപ്പൻ.
 പക്ഷേ ഫേസൂക്കിൽ ഏകാന്തതയുടെ തടവുകാരൻ എന്നാക്കി മാറ്റി
കാരണം ചന്ദ്രപ്പൻ എന്ന പേരിനൊരു ഗുമ്മില്ല ,അതായത് എടുപ്പില്ല
മമ്മൂട്ടി ,മോഹൻലാൽ എന്ന പോലെ കേൾക്കുബോൾ ഒരു തലയെടുപ്പ് വേണം
അച്ഛനും, അമ്മയും ഇട്ട ഒരു പേര്
ചന്ദ്രപ്പൻ
ത്ഫൂ !
എന്നും എല്ലാവരും ഒത്തു ചേരുന്ന ആ കലുങ്കിൽ അവൻ നേരത്തെ എത്തിയിരുന്നു
മുപ്പത്തിരണ്ട് വയസ്സായി ഒരു പെണ്ണിനെ കെട്ടാനുള്ള മോഹവും പേറി നടക്കുന്നു
പക്ഷേ ഒന്നും ഒത്തു വന്നില്ല
പക്ഷേ ഇന്നലെ പച്ച ടോർച്ചും തെളിച്ചു പെണ്ണൊരുത്തി
വന്നു കൊത്തിയിരിക്കുന്നു
അവളുടെ പേര് കൗസല്യ എന്നായിരുന്നു
പക്ഷേ ഫേസൂക്കിൽ അവൾ ഐശ്വര്യ ഐശൂ എന്ന നാമം സ്വീകരിച്ചു
ഐശ്വര്യ റായിയുടെ ഫോട്ടോയും വെച്ചു
പാവം ചന്ദ്രപ്പൻ
അനുരാഗ ധൃതഗപുളകിതനായി
ആദ്യ ദിവസം തന്നെ ജാതകം പോലും ചോദിച്ചു
അവൾ മറുപടി മ്മ് മ്മ്ൽ ഒതുക്കി
ഉദ്ദേശിച്ച മറുപടി കിട്ടാത്തതിൻ്റെ നിരാശയിൽ
പച്ച ലൈറ്റണച്ച് അവൻ വെറുതെ കിടന്നു
എങ്ങനെ ആ മനസ്സിൽ ഇടം നേടും എന്ന്
തല പുകഞ്ഞാലോചിച്ചു
അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ വന്നത്
ഒത്തു വന്ന ഐഡിയയും
ഓർത്തു ഊറിച്ചിരിച്ചവൻ
അന്ന് സുഖമായി ഉറങ്ങി
രാവിലെ ഇത്തിരി ചുണ്ണാമ്പും, മഞ്ഞൾ പൊടിയും
ചേർത്ത് കുഴച്ചു
മുറിച്ചെടുത്ത വെള്ള തുണിയുടെ
നടുവിൽ ചേർത്തു പിടിപ്പിച്ചു
അത് കാലിൽ ചുറ്റിക്കെട്ടി ഒരു കിടിലൻ ഫോട്ടോ എടുത്തു
അവളുടെ ഇൻബോക്സിലേയ്ക്ക്
തൊടുത്തു വിട്ടു
കൃത്യമായി പറഞ്ഞാൽ അതേറ്റു
എന്തു പറ്റി ?
വീണതാണോ?
വേദന കൂടുതലാണോ ?
ആഴത്തിൽ മുറിഞ്ഞോ ?
അങ്ങനെ തുരുതുരെ മെസ്സേജുകൾ
പറന്നെത്തി
പക്ഷേ മറുപടി കൊടുത്തില്ല
അല്പം ഡിമൻഡ് എനിക്കുമുണ്ടേ
നേരം പുലർന്ന പാടെ അവൻ മറുപടി കൊടുത്തു
കൂലിപ്പണിക്കാർക്ക് ഇതൊക്കെ സ്ഥിരമാണ്
കുടുംബം പോറ്റാനുള്ള കഷ്ടപ്പാടാണ്
കൂടെ കണ്ണീർ തുളുമ്പുന്ന ഒരു സ്റ്റിക്കറും
പിന്നെ ദിവസവും കാലിൻ്റെ
വേദനയും, മറ്റും പറഞ്ഞു പറഞ്ഞു
മെസ്സജിലൂടെ അവരങ്ങടുത്തു
അങ്ങനെ പ്രണയം തുളുമ്പുന്ന
വരികൾ പെയ്തൊഴുകി
തമ്മിൽ കാണാനുള്ള വെമ്പലിൽ
ഒരു ദിവസം തീരുമാനിച്ചു
മേലേ കാവിലെ ഉത്സവത്തിന് കാണാമെന്ന് ഉറപ്പിച്ചു
അങ്ങനെ കുളിച്ചൊരുങ്ങി രണ്ടു പേരും
രണ്ട് വീട്ടിൽ നിന്ന് ഇറങ്ങി
കാവിൻ്റെ നടയിൽ
മുൻപിൽ ആദ്യമെത്തിയത്
ഏകാന്തതയുടെ തടവുകാരനാണ്
കാത്തിരിപ്പിന് വിരാമമിട്ട്
കൗസല്യ മന്ദം മന്ദം നടന്നെത്തി
അടയാളമായ മഞ്ഞ ഷർട്ടും വെള്ള മുണ്ടും
കണ്ടു പിടിച്ചു
അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു അവൻറെ മുൻപിൽ മലയാള തനിമ നിറഞ്ഞ നാടൻ പെൺകുട്ടിയായി അവൾ നിന്നു
ഒറ്റ നോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞു
റേഷൻ കട കണാരേട്ടൻ്റെ മൂത്ത മകൾ
കൗസല്യ
ചൊവ്വാ ദോഷത്തിൻ്റെ പേരിൽ വിവാഹം മുടങ്ങി നിന്നവൾ
അവളും തിരിച്ചറിഞ്ഞു ചന്ദ്രപ്പൻ
പെങ്ങന്മാർക്ക് വേണ്ടി ജീവിതം
നീക്കി വെച്ച് ഒടുക്കം അല്പം വൈകിപ്പോയപ്പോൾ പെണ്ണ് കിട്ടാതെ
നാട്ടുകാരുടെ പരിഹാസത്തിന് ഇരയായി
എന്നും തല കുനിച്ചു നിൽക്കേണ്ടി വന്നവൻ
ഇനി തോൽവിയില്ല
അവനാദ്യം തുടക്കമിട്ടു
ഐശൂ !അല്ല കൗസൂ
നീ വാ എൻ്റെ വീട്ടിലേയ്ക്ക്
നമുക്ക് ഒരുമിച്ച് ജീവിക്കാം.
ചൊവ്വയുടെ പേരിൽ മുടങ്ങി കിടന്ന
മാംഗല്യം അവിടെ സഫലമായി
മകൻറെ കൂടെ വരുന്ന മരുമകളെ കണ്ട്
ആദ്യമൊന്ന് അന്ധാളിച്ചു എൻകിലും
നിലവിളക്കുമായ് സ്വീകരിക്കാൻ സരസ്വതി അമ്മ പടിവാതിലിൽ എത്തി.
വലതു കാൽ വെച്ച് കയറിയ മരുമകളെ
നോക്കി അവർ നെടുവീർപ്പിട്ടു
ചന്ദ്രപ്പൻ്റെ ചിന്ത മറ്റൊന്നായിരുന്നു
അകത്തെ മുറിയിലെ കസേരയിൽ ചാരിയിരുന്നവനോർത്തു
ഇരുപത്താറാമത്തെ വയസ്സിൽ
കിഴക്കേ വീട്ടിലെ വിലാസിനിക്ക് കൊടുക്കാൻ എഴുതി വെച്ച
ലവ് ലെറ്റർ
അമ്മയെടുത്തു അടുപ്പിലിട്ടു
പിന്നൊരു ഡയലോഗും
"എൻ്റെ കൊക്കിന് ജീവനുണ്ടെൻകിൽ നീ ഒരുത്തിയേയും ഈ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ട് വരില്ല"
ഇപ്പോൾ അമ്മയുടെ കൊക്ക് ചത്തോ ആവോ
പിന്നിൽ കൊലുസിൻ്റെ താളം
കൗസൂ! അവൻ പതിയെ പ്രണയത്തിന്റെ ആർദ്ര ഭാവത്തിൽ വിളിച്ചു
ചന്ദ്രേട്ടാ ഇതാ ചായ
നാണത്തോടെ അവൾ നീട്ടിയ ചായ വാങ്ങി മേശമേൽ വെച്ച് അവൻ കണ്ണുകളടച്ചു കിടന്നു
മനസ്സിൽ അവൻ കണക്ക് കൂട്ടി ആദ്യത്തെ കുഞ്ഞിന്
ഗുമ്മും,എടുപ്പും ഉള്ള ഒരു പേര് വേണം ................
പല കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ കല്യാണവും, കുടുംബ ജീവിതവും ഒരുപാട് നീട്ടി വയ്ക്കുന്നവർ
ചിന്തിക്കുക ഒരു കൗസുവും,ചന്ദ്രപ്പനും
അല്ല അവരുടേതിന് സമാനമായ ജീവിത സാഹചര്യമായി കഴിയുന്ന ഒത്തിരി പേരുണ്ട്.
നിങ്ങളുടെ വിധി നിങ്ങൾ തന്നെ തീരുമാനിക്കുന്നതാണ്
നല്ലൊരു ജീവിതം കിട്ടിയില്ല എന്നോർത്ത് ദു:ഖിക്കാൻ ഇടവരാതിരിക്കട്ടെ ആർക്കും
....................
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo