നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ഥലം : ദുബായ്

Image may contain: Muhammad Ali Ch, smiling, on stage
"ഹെലോ"
, "യെസ്" , "ഹെലോ" ,
മകൻ പഠിക്കുന്ന സ്ക്കൂളിൽ നിന്നുമാണ്, മൊബൈൽ ഫോണിലേക്ക് സ്ത്രീ ശബ്ദം
"ഗുഡ് മോർണിംഗ് സാർ" , "ഹായ് വെരി ഗുഡ് മോർണിംഗ്" കാസിം, ഓഫീസ് ജോലിക്കിടെ ഊർജ്ജസ്വലനായി തന്നെ മറുപടി നൽകി.
"മുഹമ്മദ് ഹിഷാമിന്റെ ഫാതറാ ണോ ? , സ്ക്കൂൾ ഫീസിന് വേണ്ടിയുള്ള കാൾ ആകുമോ ? കാസിം ആലോചിച്ചു, നിമിഷങ്ങൾക്കുള്ളിൽ ഓർമ്മ വന്നു , കഴിഞ്ഞ ദിവസമല്ലേ മൂത്ത മക്നറെയടുത്ത് അവസാന ക്വർട്ടറിന്റെ ഫീസ് ചെക്ക് കൊടുത്തയച്ചത്, അതാവാൻ വഴിയില്ല..
കാസിം മറുപടി പറഞ്ഞു , " അതെ ", സ്ത്രീ ശബ്ദം തുടർന്നു "മോന് കണ്ണിന് എന്തെങ്കിലും അസുഖമുണ്ടായിരുന്നോ , കണ്ണിൽ നിന്നും കുടുകുടാ വെള്ളം ഇറ്റി വീണുകൊണ്ടിരിക്കുന്നു",
"നിങ്ങളാരാണ് സംസാരിക്കുന്നത് ? " കാസിം ചോദിച്ചു
"ഞാൻ ഇവിടുത്തെ നഴ്‌സാ .. പേര് ആലീസ്",
"ആഹ് അത് സാരമാക്കേണ്ട, അവന് മുൻപേ കണ്ണിന് അലർജിയുള്ളതാ , ഇപ്പോ തണുപ്പ് കാലാവസ്ഥയായതിനാൽ കുറച്ചധികമായതാവും, ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കണ്ടിരുന്നുമില്ല" - കാസിം പറഞ്ഞു.
"അപ്പൊ മരുന്നൊന്നും ഒഴിക്കാറില്ല്യോ ? " ഭാഷാ ശൈലിയിലൂടെ കോട്ടയം ഭാഗത്തെവിടെയോ ആവും നഴ്‌സിന്റെ സ്ഥലം എന്ന് ഊഹിച്ചു.
രാവിലത്തെ തിരക്ക് പിടിച്ച സമയത്ത് നമുക്ക് ഓർമ്മ കിട്ടില്ല, അവന് വയസ്സ് 13 ആയി, അവൻ സ്വന്തമായി ഇതൊക്കെ ചെയ്യേണ്ടതല്ലേ മാഡം , നമുക്ക് വേറെയും മക്കളുണ്ട്, ഇവന്റെ ഇളയതും , മൂത്തതും, മൂന്നു പേരും, സ്ക്കൂളിലേക്ക് ഒരുമിച്ച് രാവിലെ 6 : 30 ആകുമ്പോഴേക്കും ബസ് സ്റ്റോപ്പിലെത്തണം, രാവിലെ വീട്ടിൽ നിന്നും എന്തെങ്കിലും കഴിക്കാൻ, പിന്നെ സ്ക്കൂൾ ബ്രെക്ഫാസ്റ് ബ്രേക്കിന് കഴിക്കാനെന്തെങ്കിലും, പിന്നെ ഉച്ച ബ്രെക്കിന് എന്തെങ്കിലും ടിഫിനുകൾ മൂന്നു പേർക്കും ഒരുക്കണം, ഇതിനിടയിൽ മരുന്ന് കഴിപ്പിക്കാനും മറ്റും ഓർമ്മയും കിട്ടിയെന്ന് വരില്ല, പലപ്പോളും കുട്ടികൾ ടിഫിൻ വീട്ടിൽ തന്നെ മറന്ന് വെച്ചിട്ടുമുണ്ടാകും , അതും തിരക്കിനിടയിൽ, എന്റെയോ വൈഫിന്റെയോ ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ പിന്നെ അവർ ഒന്നും കഴിക്കാതെയുമാകും, നമുക്ക് സങ്കടവുമാകും," കാസിം തന്റെ വീട്ടിലെ സ്‌കൂൾ ദിവസങ്ങളിലെ സാധാരണ പ്രഭാത കാര്യങ്ങൾ വിശദീകരിച്ചു..
"ഹയ്യോ , സാർ ഇത്രയൊക്കെ കുട്ടികളെക്കുറിച്ച് സംസാരിക്കുന്നുവോ , അത്ഭുതമാണ് കേട്ടോ സാറേ, ചില പാരന്റിനെ വിളിച്ചാൽ അവർ പറയും എല്ലാം ഭാര്യയോട് സംസാരിക്കൂ , എനിക്കൊന്നുമറിയില്ല, കൂടാതെ ഞാൻ തിരക്കിലുമാണ്, എന്നിട്ട് ഭാര്യയുടെ നമ്പർ പോലും തരില്ല, അതും ഞങ്ങൾ തപ്പിപിടിച്ചോണം , എന്നാ കഷ്ടമാണെന്നറിയോ സാർ", ആലീസും തന്റെ ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കാൻ ഒട്ടും മടി കാട്ടിയില്ല. അവർ തുടർന്നു "സാറിനോട് സംസാരിക്കുമ്പോൾ കാര്യങ്ങൾ എത്ര എളുപ്പമാകുന്നെന്നറിയാമോ, സാർ വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നയാളാണല്ലേ ? , ങ്‌ഹും , ഈ പ്രായത്തിലുള്ള കൊച്ചുങ്ങളോടൊന്നും ഓരോന്നും എപ്പോളും പറഞ്ഞു കൊണ്ടുക്കേണ്ടതില്ല, മരുന്നൊക്കെ അവർ സ്വയം എടുത്ത് കൈകാര്യം ചെയ്യേണ്ട പ്രായമാ... ഹിശാം കേൾക്കെ തന്നെയാണ് നഴ്‌സിന്റെ സംസാരം"
'ങ്ഹേ , ഇത്തവണ കാസിം ശരിക്കും അഭിമാനത്തോടെയൊന്ന് ഞെട്ടി - എന്നെക്കൊണ്ട് വയ്യ , കാസിം സ്വയം തന്റെ തന്നെ തോളിൽ തട്ടി , താൻ പറഞ്ഞതെല്ലാം സത്യമാണ്, ഈ നഴ്സ് എന്നെക്കുറിച്ച് മനസ്സിലാക്കിയതും സത്യമാണ്, എന്നാൽ താൻ ചെയ്യുന്നതെല്ലാം തന്റെ ഉത്തരവാദിത്തങ്ങളാണെന്ന് മാത്രമാണ് കരുതിയിരുന്നത്. നാളിന്ന് വരെ ശബാന ഒരിക്കലും തന്നെ അഭിനന്ദിച്ചതായി കാസിമിനറിയില്ല , മാത്രമല്ല എന്നും പരാതിക്കെട്ടുകൾ മാത്രമാണ് അവൾ മുൻപിൽ വെക്കുക, എന്നാലും ഓഫീസ് ജോലിക്കിടയിലും ശബാന വീട്ടുകാര്യം കഴിയുന്നത്ര നന്നായി നോക്കാറുണ്ട്, അതിന് അവരെ കാസിം അഭിനന്ദിക്കാറുമുണ്ട്. എല്ലാം മനസ്സിലാക്കി, മുന്നിൽ വരുന്ന പരാതികൾ പരിഹരിക്കാൻ നോക്കുന്നതല്ലാതെ താൻ പരാതികളൊന്നും മുൻപിൽ വെക്കാറുമില്ല കാസിം ഓർത്തു.
"കുട്ടികൾ ടി വി കാണലും , കമ്പ്യൂട്ടർ , മൊബൈൽ ഫോൺ ഉപയോഗവുമെല്ലാം വേണ്ടുവോളും ഉണ്ടാവും അല്യോ ?, അതല്ലേ ഈ അലർജിയും, കണ്ണട വെക്കേണ്ടതുമൊക്കെ വേണ്ടി വരുന്നത് എന്നാ ചെയ്യും അല്യോ ? , സാറതൊക്കെയൊന്ന് കർശനമായി നിയന്ത്രിക്കുന്നത് നല്ലതാ കേട്ടോ സ്വന്തം കുട്ടികളെപ്പോലെ കരുതി പറയുവാ ", ആലീസിന്റെ ഉപദേശം.
"അതെ, സാധിക്കുന്നത്ര നിയന്ത്രിക്കുന്നുണ്ട്, എന്നാലും അവന്മാർ എങ്ങനെയെങ്കിലും ഇതൊക്കെ ചെയ്യും, വാശിപിടിച്ചും, ദേഷ്യം പിടിച്ചും, കാര്യം നേടും, പിന്നെ വീട്ടിലൊരു സമാധാനവും ഉണ്ടാവൂല, ഞാൻ ചെലപ്പോ എല്ലാറ്റിന്റെയും കണക്ഷൻ കട്ട് ചെയ്തു വെക്കും, പക്ഷെ പഠിക്കാനെന്നും പറഞ്ഞ് വീണ്ടും കൊടുക്കേണ്ടി വരും " കാസിം പറഞ്ഞു.
"സാറ് കേട്ടോ, എനിക്ക് മൂന്ന് പെൺമക്കളാ , മൂത്തവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പഠിക്കാനുള്ള ആവശ്യത്തിനല്ലാതെ ഞാൻ വീട്ടിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്യാറില്ല, പെൺമക്കളായിട്ട് പോലും ഞാനങ്ങിനെയാ ചെയ്യുന്നേ, സാറിനാണെങ്കിൽ മൂന്നാണ്മക്കളും, അപ്പൊ എനിക്ക് മനസ്സിലാകും, സാറിനറിയോ, എന്റെ സുഹൃത്തുക്കളൊക്കെ , ഈ സാധനങ്ങളുടെയെല്ലാം കേബിളുകൾ സ്വന്തം ബാഗിലിട്ട് കൊണ്ടാ ജോലിക്ക് പോകുന്നെ, എന്നാ ചെയ്യാനാ, ഒരു രക്ഷയുമില്ലാത്ത കാലമാ.. സാറും അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്യുന്നത് നല്ലതാ, തുടക്കത്തിൽ കുട്ടികൾ വലിയ ബഹളമൊക്കെയുണ്ടാക്കും, അത് കാര്യമാക്കരുത്, അവർ വലുതായാൽ നമ്മളെ അഭിനന്ദിക്കും, ബഹുമാനിക്കും ഇങ്ങനെയൊക്കെ നിയന്ത്രിച്ച് അവരെ രക്ഷപ്പെടുത്തിയതിന്" നഴ്സ് നിർത്തി, കാസിം ആലോചിച്ചു, ശരിയല്ലേ അവർ പറഞ്ഞത്, താനും കുറെ അടവൊക്കെ നോക്കിയിട്ടും പൂർണ്ണമായും കുട്ടികളെ ഇതിൽ നിന്നും മുക്തമാക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് തന്നെ നഴ്സ് ഉപദേശിച്ച പോലെ നിയന്ത്രണ പദ്ധതി നടപ്പാക്കാനാരംഭിക്കാം .
ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തിയ കാസിം, എല്ലാ കണക്ഷനുകളും വിച്ഛേദിച്ച്, കേബിൾ തന്റെ കസ്റ്റഡിയിൽ വെച്ചു , മൂത്ത മകനെ കാര്യം പറഞ്ഞു മനസ്സിലാക്കി തന്റെ പക്ഷത്തേക്ക് 'ചായ്ച്ചു'. വൈകിട്ട് കാസിം വീട്ടിലെത്തുമ്പോൾ വീട്ടിൽ പതിവില്ലാത്ത സമാധാനം, ടി വി യുടെ ശബ്ദമില്ല, മക്കളിലേതെങ്കിലുമൊന്ന് കംപ്യൂട്ടറിന്റെ മുന്നിലാവും സാധാരണ കാണാറ് , ഇന്നതില്ല, മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല, മൂന്നു മക്കളും തമ്മിൽ അവരവരുടെ ഊഴത്തിന് വേണ്ടി അടിപിടിയില്ല !ആകെ സമാധാനം. !!
"ഇന്ന് നല്ല സമാധാനമുണ്ടല്ലോ ഇവിടെ കയറി വരുമ്പോൾ, എല്ലാം എടുത്ത് വെച്ചോണ്ടായിരിക്കും, ഇനി ഇത് തുടർന്ന് കൊണ്ട് പോണം, ശബാനയോട് കാസിം പറഞ്ഞു ", ശബാന മറുപടി പറഞ്ഞു "നിങ്ങള് പറഞ്ഞത് ശരിയാ, ഇങ്ങനെ ചെയ്തത് കൊണ്ട് , ഇന്ന് മക്കളെ എന്റടുത്ത് തന്നെ കിട്ടുകയും ചെയ്തു, നേർക്ക് നേരെ ഭക്ഷണം വിളമ്പിക്കൊടുക്കാനും കഴിപ്പിക്കാനും സാധിച്ചു, അല്ലെങ്കിൽ എന്നും അടിപിടി തന്നെയാ എനിക്ക് പണി, ഓഫിസിൽ നിന്നും വന്നാൽ ഒരു സമാധാനവും കിട്ടാറില്ല. ഇനി ഇത് തന്നെ നമുക്ക് ചെയ്യണം എന്നും",
നഴ്സ് ആലീസുമായുള്ള ആ യാദൃശ്‌ചിക സംഭാഷണം തന്റെ കുടുംബ പാശ്ചാത്തലത്തിൽ വരുത്തിയ മാറ്റത്തിന് അവർക്ക് കാസിം മനസ്സിൽ നന്ദി പറഞ്ഞു , ഇനി കർക്കശമായ ചിട്ട തുടരാമെന്ന് തീരുമാനത്തോടെ , നഴ്സ് മകന്റെ ശാരീരിക ശുശ്രൂഷ മാത്രമല്ല, തന്റെ വീട്ടിലൊരു 'ഫാമിലി തെറാപ്പിയും' ചെയ്ത പോലെ .. ..
- മുഹമ്മദ് അലി മാങ്കടവ്
വെറുതെയൊരു കുറിപ്പാണ് കേട്ടോ, ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക, പിൻവലിക്കാം..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot