Slider

നിമിഷത്തിന്റെ വില

0
Image may contain: Giri B Warrier, closeup and outdoor
(ഗിരി ബി. വാരിയർ)
*****
മുത്തശ്ശിയുടെ
തൊണ്ണൂറ്റിയഞ്ചാം
പിറന്നാളായിരുന്നു...
മക്കളും മരുമക്കളും
കൊച്ചുമക്കളും
അവരുടെ മക്കളും
ബന്ധുക്കളും
മുത്തശ്ശിയുടെ ചുറ്റും
വട്ടമിരിക്കുകയായിരുന്നു.
മുത്തശ്ശി ഓർമ്മയിൽ
നിന്നും തന്റെ കുട്ടിക്കാലം
ചികഞ്ഞെടുക്കുകയായിരുന്നു.
ജീവിതത്തിലെ
വിലമതിക്കാനാവാത്ത
"ആ നിമിഷം" എന്തായിരുന്നുവെന്ന്
വട്ടമിട്ടിരുന്ന എല്ലാവരോടുമായി
മുത്തശ്ശി ചോദിച്ചു.
പ്രതീക്ഷിക്കാതെ
പിറന്നാൾ സമ്മാനം കിട്ടിയതും,
നല്ല മാർക്ക് കിട്ടിയപ്പോൾ
ടീച്ചർ പുകഴ്ത്തിയതും,
ആദ്യമായ് പ്രണയമുണ്ടായതും,
കഴുത്തിൽ താലി വീണ നിമിഷവും,
മകൾ ആദ്യമായ് അമ്മേയെന്ന്
വിളിച്ച നിമിഷവും
ജോലിക്കുള്ള നിയമനക്കത്ത്
കിട്ടിയ നിമിഷവും
പുതിയ പണിയുടെ
ടെണ്ടർ കിട്ടിയെന്നറിഞ്ഞ
നിമിഷവും.
അങ്ങിനെ പലരും
അവരവരുടെ ജീവിതത്തിലെ
വിലമതിക്കാനാവാത്ത
അനേകം നിമിഷങ്ങളിൽ
ചിലത് പങ്കുവെച്ചു.
അവസാനം മുത്തശ്ശി പറഞ്ഞു...
പതിനെട്ടാം വയസ്സിൽ
ഇഷ്ടപ്പെട്ടയാളെ
കിട്ടാതിരുന്നപ്പോൾ
നൈരാശ്യം മൂത്തു്
ജീവിതമവസാനിപ്പിക്കാൻ
തോന്നിയ സമയത്ത്,
മനസ്സിൽ ചില മുഖങ്ങൾ
മിന്നിമറഞ്ഞ നിമിഷം...
എന്റെ വിയോഗത്തിൽ
ദുഖിക്കുന്ന അമ്മയുടെ,
കൂടപ്പിറപ്പുകളുടെ,
കൂട്ടുകാരുടെ...
അവരെയെല്ലാമോർത്ത്
പിന്മാറിയ
ആ ക്ഷണമായിരുന്നു
എന്റെ ജീവിതത്തിലെ
ഏറ്റവും അമൂല്യ നിമിഷം..
പല തലമുറകളായി,
പല സന്ദർഭങ്ങളിലായി,
നമ്മൾ ഓരോരുത്തർക്കും
വിലയേറിയ നിമിഷമുണ്ടാക്കിയ
അന്നത്തെ ആ ക്ഷണനേരം..
അതായിരുന്നത്രെ
മുത്തശ്ശിയുടെ
ജീവിതത്തിലെ ഏറ്റവും
പ്രിയപ്പെട്ട നിമിഷം!
അടികുറിപ്പ്: സ്വയം ജീവിതം അവസാനിപ്പിക്കൽ ഒന്നിനും ഒരു അവസാനമല്ല, അങ്ങിനെ ദുഷിച്ചചിന്ത വരുന്ന ആ ഒരു നിമിഷത്തെ അതിജീവിക്കുന്നതാണ് യഥാർത്ഥജീവിതം.
Giri B Warrier
10 ഏപ്രിൽ 2019
© copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo