നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിരിക്കുന്ന മുസാണ്ടപ്പൂവുകൾ

Image may contain: 3 people, people standing and child

ബെത് സദാ മെന്റൽ ഹെൽത്ത് കെയർ എന്ന് കറുത്ത നിറത്തിലായി വടിവൊത്ത ഇംഗ്ലീഷിൽ ആലേഖനം ചെയ്തിട്ടുള്ള ഹോസ്പിറ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് കയറി ചെല്ലുമ്പോൾ 321ാം നമ്പർ മുറിയുടെ വാതിൽക്കൽ, എന്നെയും കാത്ത് നിൽക്കുകയാണ് മഞ്ചു സിസ്റ്റർ. വെളുത്ത് തടിച്ച രൂപം.
'' Dr. മാക്സൺ....അവരിപ്പോൾ മെഡിക്കേഷന് പോയിരിക്കുവാ. ഹാഫാനവർ കഴിഞ്ഞാലേ റൂമിലേക്ക് വരുള്ളൂ. പിന്നേ...ആ പേഷ്യന്റൊരു പ്രത്യേക ടൈപ്പാ. അവരില്ലാത്തപ്പോ ഈ റൂമിൽ ആരും കയറുന്നതവർക്കിഷ്ടല്ല. അറിഞ്ഞാൽ വല്ലാതെ വയലന്റാവും.''
ഗോൾഡൻ ഫ്രെയിം ഇട്ട വലിയ വട്ടക്കണ്ണടയ്ക്ക് മുകളിലൂടെ നോക്കി അവർ പറഞ്ഞു.
മഞ്ചുസിസ്റ്ററിന് എന്റെ വരവ് തീരെ പിടിച്ചില്ല എന്നത് ഈ ഡീറ്റെയിലിങ്ങിൽ നിന്ന് തന്നെ വ്യക്തം.
'' ഇറ്റ്സ് ഒകെ സിസ്റ്റർ, ഐ വിൽ മാനേജ് ഇറ്റ്. യു കാൻ ഗോ നൗ. താങ്ക്യൂ. ''
'ഒകെ ഡോക്ടർ '. ഈർഷ്യ ഭാവത്തോടെ ഡോർ കീ കയ്യിൽ ഏല്പിച്ച് അവർ നടന്നുപോയി.
ആക്രമണ സ്വഭാവം പ്രകടിപ്പിക്കാത്തവരും, പതിയെ നോർമൽ സ്റ്റേജിലേക്ക് തിരികെ വരുന്നവരും, ഹോസ്പിറ്റൽ എംഡിയ്ക്ക് ഏറെ വേണ്ടപ്പെട്ടവരും ആയ രോഗികൾ ആയിരുന്നു രണ്ടാം നിലയിലുള്ള റൂമുകളിൽ അധികവും. മിസ്സിസ് ആഷ്മി അമൽ എന്ന നെയിം കാർഡിന് മുകളിൽ 321 എന്ന് എഴുതിയ ഡോർ തുറന്നതും അകത്താകെ ജാസ്മിൻ ഫ്ലേവർ എയർഫ്രഷ്നറിന്റെ ഗന്ധമായിരുന്നു. മുറിയിൽ നടുവിലായി സാമാന്യം വലുപ്പമുള്ള ഒരു കട്ടിൽ. അതിനരികിലായി ഒരു കൊച്ചു മേശ. വെള്ളം നിറച്ച കുപ്പിയും , ഗ്ലാസും, മരുന്നുകളും എല്ലാം ഭംഗിയായി അതിന് മുകളിൽ അടുക്കി വച്ചിരിക്കുന്നു . ചുമരിനോട് ചേർന്നുള്ള കബേർഡ് അടഞ്ഞുകിടന്നിരുന്നു. കട്ടിലിന് അഭിമുഖമായുള്ള മതിലിലെ എൽ ഇ ഡി ടിവിയും, എയർകണ്ടീഷനറും, മൂലയ്ക്കായി വച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറും എല്ലാം വിഐപി പരിഗണന വിളിച്ചോതുന്നവയായിരുന്നു. ഇടതു വശത്തായി ഡോർമെട്രിയോട് ചേർന്നൊരു ടോയ്ലറ്റും. മെന്റൽ ഹോസ്പിറ്റൽ റൂമിന്റേതായ യാതൊരു ചട്ടങ്ങളുമില്ലാത്ത ആ മുറിയുടെ ചുമരുകൾക്ക് വെളുത്ത നിറമായിരുന്നു.
നീലനിറമുള്ള കിടക്കവിരിയിട്ട കട്ടിലിന് വലത് വശത്തായി പാതിതുറന്ന ഗ്ലാസ് വിൻഡോ. ഇരുവശങ്ങളിലേക്കും ഞൊറിഞ്ഞു വച്ച ജനൽ കർട്ടനുകൾക്കും നീലനിറം തന്നെയായിരുന്നു. സ്ലൈഡിങ് ഡോറുകളുള്ള ആ ജനാലയിലൂടെയുള്ള പുറം കാഴ്ചയിൽ വാടാമല്ലിയും, അരളിപ്പൂക്കളും നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടം. അതിനപ്പുറം ഇരുട്ട് തിങ്ങിയ യൂക്കാലി മരങ്ങളും, ദൂരെയായി പച്ചപ്പാർന്ന മൊട്ടക്കുന്നുകളെ മറച്ച് പുകമഞ്ഞ് നിറഞ്ഞ ആകാശവും എല്ലാം ചേർന്ന മനോഹരമായ ഒരു പെയിന്റിങ്ങ് പോലെ . ആ ജനാലയ്ക്കരികിലായി മറ്റൊരു കുഞ്ഞുമേശയും ഉണ്ട്. മേശപ്പുറത്ത് കുറേ പുസ്തകങ്ങൾ അടുക്കി വച്ചിരുന്നു.
സീനിയർ ഡോക്ടർ രാമമൂർത്തിയുടെ വാക്കുകളാണ് അപ്പോൾ മനസ്സിലേക്കോടിയെത്തിയത്.
'' സ്കീസോഫ്രീനിയ എ കൈൻഡ് ഓഫ് വിഷ്വൽ ഹാലൂസിനേഷൻ....
സീ...ഇറ്റ്സ് എ പോസീറ്റീവ് സൈൻ നാ?...റീഡീങ് ബുക്സ് ആന്റ് റൈറ്റിങ് സംതിങ്ങ് എന്ന് പറയുമ്പോൾ പ്രതീക്ഷയ്ക്ക് വകയുണ്ടല്ലോ.''
അതെ. അതൊരു നല്ല അടയാളമാണ്. വിഷ്വൽ ഹാലൂസിനേഷന്റെ മായാലോകത്ത് നിന്ന് അവൾ സ്വയം തിരികെ എത്താൻ ശ്രമിക്കുക എന്നത്. പക്ഷെ ഇന്നലെ ആദ്യമായി അവളെ കണ്ടപ്പോൾ സംശയം ദ്യോതിപ്പിക്കുന്ന എന്തോ ഒന്ന് അവളുടെ കണ്ണുകളിൽ ജ്വലിക്കുന്നുണ്ടെന്ന് തോന്നി
കട്ടിലിൽ ചാരിയിരിക്കുന്ന തീർത്തും ദുർബ്ബലയായ ഒരു സ്ത്രീരൂപം. ചിരി മറന്ന ചുണ്ടുകൾ, നീളൻ മൂക്ക്, ആഴത്തിലേക്കിറങ്ങി നിലകൊള്ളുന്ന കണ്ണുകൾ. ഇന്നലെ ഡോ.രാമമൂർത്തിയ്ക്കൊപ്പം ഈ റൂമിൽ വന്നപ്പോൾ ഇത്രയും ശോഷിച്ചൊരു ശരീരം പ്രതീക്ഷിച്ചിരുന്നില്ല. അമലിനോടൊപ്പമുള്ള വിവാഹ ഫോട്ടോകളിൽ അവൾ കുറച്ച് കൂടി ഊർജ്ജസ്വലയായിരുന്നു
''മിസിസ് ആഷ്മി, നിങ്ങളെ ചികിത്സിക്കാൻ, സ്പെഷ്യൽ പെർമിഷൻ വാങ്ങി അമൽ അയച്ച സൈക്കോതെറാപ്പിസ്റ്റ് ആണ് ഡോക്ടർ മാക്സൺ, കൂടാതെ ഡോ.അമലും ഡോ. മാക്സണും കുറേ കാലം ദില്ലിയിൽ ഒന്നിച്ചായിരുന്നു'' ഡോ.രാമമൂർത്തിയുടെ പരിചയപ്പെടുത്തലിൽ അവൾക്കുണ്ടായ ഭാവപ്പകർച്ച, കണ്ണുകളിലെ അമ്പരപ്പ്, നിമിഷനേരം കൊണ്ട് മാറിയകന്ന ശാന്തഭാവം. അമലിന്റെ പേര് കേട്ടതും ഭയവും വെറുപ്പും കലർന്ന സമ്മിശ്ര ഭാവത്തിൽ, തല ചലിപ്പിക്കുകയും, ജനലിന് പുറത്തേക്ക് നോക്കി, ദൂരേക്ക് കൈ ചൂണ്ടി എന്തോ പിറുപിറുക്കുന്നുമുണ്ടായിരുന്നു. എന്തൊക്കെയോ അവ്യക്തതകൾ ഒളിഞ്ഞിരിക്കുന്നത് പോലെ.
സ്കീസോഫ്രീനിക് പേഷ്യന്റിനെ ആദ്യമായല്ല ചികിത്സിക്കുന്നത്, അത് വളരെ സങ്കീർണ്ണമായ രോഗാവസ്ഥയാണ്. സ്കീസോഫ്രീനിയയ്ക്ക് ആയിരം മുഖങ്ങളുണ്ട്. തനിയെ സംസാരിക്കുകയും ആളുകളുമായി ഇടപഴകാൻ വിമൂഖത കാണിക്കുകയും മറ്റും ചെയ്യും. ചിലർ വല്ലാതെ വയലന്റാവും. എങ്കിലും എന്തോ ഒരസ്വാഭാവികത അവളിൽ കാണാനാവുന്നുണ്ടായിരുന്നു.
''മുറിയിൽ ആരെങ്കിലും വരുന്നതോ, പുസ്തകങ്ങളിൽ തൊടുന്നതോ അവർക്കിഷ്ടമല്ല. അപ്പോൾ അവർ വയലന്റാവും'' ഇന്നലെ മുതൽ മഞ്ചു സിസ്റ്റർ പലതവണയായി ഓർമ്മിപ്പിക്കുന്ന ഒന്ന്.
മേശമേലിരിക്കുന്ന പുസ്തകങ്ങളെല്ലാം തന്നെ വളരെ വൃത്തിയായി അടുക്കി വച്ചിരുന്നു. നെരൂദയും മാധവിക്കുട്ടിയും അരുന്ധതിറായും, ചേതൻ ഭഗതും എല്ലാം വരിവരിയായി അച്ചടക്കത്തോടെ ഇരിക്കുന്ന കൂട്ടത്തിൽ ദി ക്വയറ്റ് റൂം എ ജേർണി ഔട്ട് ഓഫ് ദി ടോർമെൻറ് ഓഫ് മാഡ്നെസ്സ് എന്ന പുസ്തകവും. സ്ക്കിസോഫ്രീനിയ എന്ന മായാലോകത്ത് നിന്നും രക്ഷപ്പെട്ടു വന്ന ഒരു പെൺകുട്ടിയുടെ കഥ പണ്ടെങ്ങോ വായിച്ചത് ഓർമ്മ വന്നു. അതിനരികിലായി , പേന ഇടയിൽ വച്ച് മടക്കി വച്ച ഒരു നോട്ബുക്കും. ആ നോട്ബുക്കിന് പുറത്ത്
'വെളുത്ത മുസാണ്ടകൾ' എന്ന് കറുത്തനിറത്തിൽ കടുപ്പിച്ച് എഴുതിയിരുന്നു. പേനയടയാളം വെച്ച പേജിൽ പകുതിയാക്കി എഴുതി നിർത്തിയ വരികൾ
..........
' ആ വെളുത്ത ചുവരുകൾക്ക് ഇന്ന് വിഷാദ ഭാവമാണ്. സൂര്യന്റെ നരച്ച വെയിലുകളാൽ വാടിയ മുസാണ്ടകൾ, കരയുന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണിന്ന് ചുമരിൽ തീർത്തത്. ആരുടെയോ വരവിന്റെ അപ്രീതിയെന്നോണം അവ നിശ്ചലമായി വാടിത്തളർന്നിരുന്നു.'
........
യാന്ത്രികമായാണ് ആ ബുക്കിന്റെ ആദ്യതാളുകളിലേക്ക് പിന്നീടെന്റെ വിരലുകൾ ചലിച്ചത്.
.............
'അടയ്ക്കാൻ മറന്ന ജനൽപാളികളിലൂടെ വെയിൽചില്ലകളിൽ തട്ടിയെത്തിയ പുലരിയിലാണ് തണുത്ത കാറ്റിലിളകി ചിരിക്കുന്ന വെളുത്ത മുസാണ്ടകളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അവയുടെ നനുത്ത ചിരി, മുറിയിൽ പല നിഴൽചിത്രങ്ങൾ തീർത്തതും അപ്പോഴാണ്. വെളുത്ത ചുമരിൽ തീർത്ത നിറമില്ലാത്ത ചിത്രങ്ങൾ. ആ ചിത്രങ്ങൾ കഥ പറയുന്നുണ്ടായിരുന്നു. ഏകാന്തതയെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥ. അമ്മയില്ലാക്കരങ്ങൾ പോലും അച്ഛനാൽ സംരക്ഷിക്കപ്പെട്ട കൊച്ചു കുട്ടിയുടെ കഥ. ഒരിക്കൽ മുസാണ്ടകൾ വരച്ചത് ചിത്രശലഭങ്ങളുടെ പുറകെ പായുന്ന കൊച്ചുകുട്ടിയുടെ ചിത്രമായിരുന്നു. പിന്നൊരിക്കൽ ചിലങ്കയണിഞ്ഞ പാദങ്ങളായിരുന്നു ആ നിഴൽചിത്രങ്ങളിൽ കണ്ടത്. ഇളം കാറ്റിൽ ഇളകിതുള്ളുമ്പോൾ അവ കിലുകിലെ ചിരിക്കുന്ന കൗമാരക്കാരിയുടെ ചിത്രമാണ് വരച്ചത്. വസന്തത്താൽ തീർത്ത താലിച്ചരടും പട്ടുടയാടകളുമായിരുന്നു ഒരിക്കൽ അവ വരച്ചത്. ഇളംതെന്നലിന്റെ കുളിർകാറ്റ് എപ്പോഴും ആ വെളുത്ത മുസാണ്ടകൾക്ക് ചുറ്റും വലയം ചെയ്തിരുന്നു. കാറ്റിന്റെ കാമുകിയെപ്പോലെ അവളെന്നും ഇളകി ചിരിച്ച് എനിക്കന്യമായ ചിരി തിരികെ നൽകാനായി വീണ്ടും വീണ്ടും നിഴൽചിത്രങ്ങൾ തീർത്തുകൊണ്ടിരുന്നു.'
..............
ഇനിയും ആ വരികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങണമെന്നുണ്ടെങ്കിലും വാതിലിന്റെ മറവിൽ നിരീക്ഷണനോട്ടവുമായി എനിക്ക് പിന്നിലുള്ള കണ്ണുകളെ ഞാൻ അറിയുന്നുണ്ട്. ആരും മുറിയിൽ കയറരുതെന്ന് വാശിപിടിക്കുന്ന വിശ്വസ്തയായ 'കാവൽ മാലാഖ'.
'വെളുത്ത മുസാണ്ടകളെ' മടക്കി ഷർട്ടിനകത്തൊളിപ്പിച്ച് തിരിഞ്ഞതും വാതിൽ പടിയിൽ മറഞ്ഞ്നിന്നിരുന്ന രൂപം വേഗത്തിൽ അവിടെ നിന്നും നടന്നകലുന്നു.
അവിടെ നിന്ന് തിരികെ എന്റെ റൂമിലേക്ക് നടക്കുമ്പോൾ അമലിന്റെ വാക്കുകളെ വീണ്ടും വിശകലനം ചെയ്യുകയായിരുന്നു മനസ്സപ്പോൾ.
''എനിക്ക് ഡൗട്ടുണ്ട് മാക്. അവൾ എന്തോ മറച്ചു വയ്ക്കുന്നുണ്ട്. ഒരിക്കൽ ഞാൻ അവളെ വിസിറ്റ് ചെയ്തപ്പോൾ ഏതോ 'അവനെ' പ്പറ്റി പറഞ്ഞു. 'അവൻ വരും' എന്നോ മറ്റോ. മെയ് ബി ഹേർ ലവർ. ചിലപ്പോ മാരേജിന് മുൻപുള്ള വല്ല അഫയറും ആവും. ചോദിച്ചപ്പോ അങ്ങനൊന്നില്ലെന്നാ അവൾ പറഞ്ഞിരുന്നത്. സത്യമറിയാന്ന് വച്ചാ ആരോടാ അന്വേഷിക്കുക? അവൾക്കാകെ ഉണ്ടായിരുന്നത് അച്ഛനാ. അങ്ങേരാണേൽ ഇവളുടെ സൂയിസൈഡ് അറ്റംറ്റ് അറിഞ്ഞ ഷോക്കിൽ......''
ജീവനാഡികൾ കത്രികയാൽ വരഞ്ഞ് ചോരയൊഴുകുന്ന ഇടത് കൈത്തണ്ടയുമായി കടലോരത്തേക്ക് ഓടിയടുക്കാൻ ശ്രമിച്ച അവളെ വട്ടം പിടിച്ച് തടയാൻ ശ്രമിക്കുന്ന അമലിനെയും, അവന്റെ പിടി വിടുവിക്കാൻ ആവാതെ, ചോരയൊലിക്കുന്ന കരങ്ങളാൽ തലമുടി സ്വയം വലിച്ച് പറിച്ച്, വലിയ വായിൽ നിലവിളിച്ച്, എനിക്ക് പോണം എന്നലറിക്കരഞ്ഞ് ഒടുവിൽ ബോധരഹിതയായി അവന്റെ കരങ്ങളിലേക്ക് തന്നെ വീഴുന്ന ആഷ്മിയേയും മനക്കണ്ണിൽ ഞാൻ വരച്ചെടുത്തു.
വെളുത്ത മുസാണ്ടകൾ തീർത്ത നിഴൽചിത്രങ്ങൾ എനിക്ക് വേണ്ടി കാത്ത്നിൽക്കുന്നു എന്നതിനാൽ ഞാൻ ഒ പി റൂമിൽ കയറി ഡോർ ലോക് ചെയ്തു.
***********************************
അവിടവിടെയായി നീലതുണ്ടു നിറഞ്ഞ ആകാശത്തിൽ മഞ്ഞുമേഘങ്ങൾ മുകിലോളങ്ങൾ പോലെ തോന്നിച്ചു. വെയിൽ ചില്ലകൾ പുക മൂടിയ മഞ്ഞുമേഘങ്ങളെ മെല്ലെ വകഞ്ഞു മാറ്റുന്നുമുണ്ടായിരുന്നു.
അരളിയും, വാടാമല്ലിയും നിറയെ പൂത്തുനിൽക്കുന്ന തോട്ടത്തിൽ നിന്ന് കൊണ്ട് ദൂരെ മലനിരകളെയും നോക്കി നിൽക്കുന്ന ആഷ്മിയെ ശ്രദ്ധിച്ചാണ് ഞാൻ അവളുടെ അടുത്തേക്ക് നടന്നത്. ഇളം വയലറ്റ് നിറത്തിലുള്ള, പേഷ്യന്റ് യൂണിഫോമായ പാന്റിനും കുർത്തയ്ക്കും മേലെ ചാര നിറത്തിലുള്ള ഷാൾ മൂടിപ്പുതച്ചാണവൾ നിൽക്കുന്നത്. താഴെ ഇറക്കത്തിലായി ഇടത് ഭാഗത്തായുള്ള 'ബെത് സദാ മെന്റൽ ഹെൽത് കെയർ വാർഡ് നമ്പർ 12' എന്ന് വലിയ അക്ഷരത്തിൽ എഴുതിയ രോഗികളുടെ വാർഡിലേക്കും നോട്ടം എത്തുന്നുണ്ട്. അക്രമാസക്തരായ രോഗികളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളാണ് അവ. അവിടെ നിന്നും ആരുടെയൊക്കെയോ അട്ടഹാസം കേൾക്കാം. പെട്ടെന്ന് തിരിഞ്ഞ് പുറകിൽ കാണുന്ന തന്റെ മുറിയുടെ ജനാലയ്ക്ക് നേരെയായി അവളുടെ നോട്ടം.
''ഹലോ മിസിസ് ആഷ്മി''
അപ്രതീക്ഷിതമായതിനാലാവാം എന്റെ വിളിയിൽ അവൾ ഞെട്ടിയത്.
ഇന്നലെ കണ്ട അതേ അമ്പരപ്പോടെ എന്നിൽ നിന്ന് നോട്ടം താഴേക്ക്
തിരിച്ച് എന്തോ തിരയുന്നത് പോലെ അവൾ കൃഷ്ണമണികൾ ചലിപ്പിച്ചുകൊണ്ടിരുന്നു.
''ഹലോ ഡോക്ടർ '' ഒരു ദീർഘനിശ്വാസത്തിന് ശേഷം സമചിത്തത വീണ്ടെടുത്ത പോലെ അവൾ മറുപടി പറഞ്ഞു.ആദ്യത്തെ അമ്പരപ്പ് ആ മുഖത്ത് നിന്ന് മാഞ്ഞ് പോയിരുന്നു.
''എന്താ ഇവിടെ തനിച്ച് നിൽക്കുന്നത്?''
എനിക്കറിയാം എന്റെ ചോദ്യങ്ങളെ മറികടക്കാനുള്ള ഉത്തരങ്ങളുമായാണ് അവളുടെ നിൽപ് എന്നത്. മറ്റൊരു പേഷ്യന്റ്നൊപ്പം ദൂരെ മാറിനിന്ന് വലിയ വട്ടകണ്ണടയ്ക്ക് മുകളിലൂടെയുള്ള നോട്ടം അതിനവളെ സജ്ജമാക്കിയിട്ടുണ്ടാവുമെന്നുമറിയാം.
''ഒന്നൂല്ല. ഈ വെള്ള മുസാണ്ടകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവയുടെ ചിരി നല്ല രസമാണ്''
താഴെ പച്ചപ്പുല്ലു മാത്രമുള്ള ശൂന്യമായ ജനലോരത്തേക്ക് ചൂണ്ടിയുള്ള അവളുടെ മറുപടിയിൽ ചിരിക്കാതിരിക്കാനായില്ല.
''യു ആർ എ ബെസ്റ്റ് ആക്ടർ ആഷ്മി. രോഗം അഭിനയിക്കുക എന്നത് അത്ര ഈസിയല്ല എന്നിട്ടും യു ഡിഡ് വെൽ. അത് പിന്നെ പഴയ കലാതിലകത്തിന് ഇതൊക്കെ സിംപിൾ അല്ലേ ല്ലേ?''
രഹസ്യങ്ങളുടെ ചുരുളഴിച്ചെടുത്ത കുറ്റാന്വേഷകന്റെ സന്തോഷമായിരുന്നു അന്നേരം എനിക്ക്. അവളുടെ കണ്ണുകളിൽ വിരിയുന്ന ഭീതിയുടെ പൂക്കളെ ഞൊടിയിട കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.
'' യു ലൈക് ദിസ് റൂം...ദിസ് ക്വയറ്റ് റൂം അല്ലേ മിസിസ് ആഷ്മി അമൽ?.. വെളുത്ത ചുമരിൽ ഇല്ലാത്ത മുസാണ്ടകൾ പറഞ്ഞ കഥ '' തുറന്നിട്ട ജനാലയ്ക്ക് നേരെ അവളുടെ മുറി ചൂണ്ടിയുള്ള എന്റെ ചോദ്യത്തിൽ അവിടേക്ക് നോക്കാനാവാതെ തല താഴ്ത്തിയാണ് അവൾ നിൽക്കുന്നത്
''അവിടെയുണ്ട് ആ മുസാണ്ടകൾ.''
അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾക്ക് മേലേ ഭയത്തിന്റെ വിയർപ്പുകണങ്ങൾ പൊടിഞ്ഞുതുടങ്ങി.
'' ഇനി എന്റെ മുന്നിൽ നിങ്ങൾക്കഭിനയിക്കാനാവില്ല. ബട് ഇറ്റ് സ് എ ബ്രില്ലിയന്റ് വർക്. നിങ്ങൾ നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ് ട്ടോ. എ ഫന്റാസ്റ്റിക് സ്ക്രിപ്റ്റിങ് ഓഫ് ഓൺ ലൈഫ്. വെളുത്ത മുസാണ്ടകളും നിഴൽചിത്രങ്ങളും ഒക്കെ ചേർന്ന സൂപ്പർ സ്റ്റോറി''
'' നിങ്ങൾ....എന്റെ....എന്റെ പുസ്തകങ്ങൾ....അതെന്റെയാണ്. അത് വായിക്കരുതായിരുന്നു. അതാരും വായിക്കണ്ട. അതാരും വായിക്കുന്നതെനിക്കിഷ്ടമല്ല..എന്തിനാണ് നിങ്ങൾ?.... '' തകർന്നു വീഴുന്ന ചീട്ട്കൊട്ടാരത്തിൽ നിന്നും ഓരോന്നായി പെറുക്കിയെടുക്കാൻ വൃഥാ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ അവൾ കരഞ്ഞ്തുടങ്ങിയപ്പോൾ മുസാണ്ടകൾ വരച്ചെടുത്ത, വളരെയധികം സ്ട്രൈക്ക് ചെയ്ത ചിത്രങ്ങളിലായിരുന്നു എന്റെ മനസ്സപ്പോൾ.....
' ഒരിക്കൽ മുസാണ്ടകൾ വരച്ച ചിത്രങ്ങൾ കണ്ട് ഞാൻ എന്നത്തേയും പോലെ നിശബ്ദമായി കരഞ്ഞു. സ്റ്റെത് കൊണ്ട് ഹൃദയതാളം അളക്കുന്ന ബലിഷ്ഠമായ കരങ്ങളും, പുരികക്കൊടികൾ വളച്ച് വച്ച് സംശയമുനയുള്ള നോട്ടങ്ങളെയ്യുന്ന രണ്ട് കണ്ണുകളുമായിരുന്നു അത്. ഷൂസിട്ട കാലുകളാൽ ഞെരിഞ്ഞമരുന്ന വളയിട്ട കൈകളുടെ ചിത്രം വരച്ച അന്ന് ഞാൻ ഭയത്താൽ കണ്ണുകൾ ഇറുക്കി അടയ്ക്കുകയാണ് ചെയ്തത്. ..'
മുസാണ്ടപ്പൂവുകളാൽ തീർത്ത നിഴൽചിത്രങ്ങൾക്കിടയിൽ നിന്ന് പുറത്ത് വരാൻ ആഗ്രഹിക്കാത്ത അവളുടെ കണ്ണുനീരിൽ എല്ലാ ഏറ്റുപറച്ചിലുകളും അടങ്ങിയിരുന്നു.
അവൾക്കരികിലേക്ക് ചെന്ന് കയ്യിൽ കരുതിയിരുന്ന നോട്ബുക്ക് അവളെ തിരികെ ഏല്പിക്കുമ്പോൾ എനിക്ക് അവളോട് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ.
''ആ വെളുത്ത മുസാണ്ടകൾക്കിനിയും ഒരുപാട് പറയാനുണ്ട്. മണികിലുക്കി ചിരിക്കുന്ന പെൺകുട്ടിയുടെ കഥ. അവളെ തേടിയെത്തുന്ന അംഗീകാരങ്ങളുടെ കഥ''
ഒരു പുഞ്ചിരിയോടെ 'വെളുത്തമുസാണ്ടകൾ' എന്നെഴുതിയ ആ നോട്ബുക്ക് അവളെ തിരിച്ചേൽപിച്ചപ്പോൾ . അവിശ്വസനീയമാം വിധം എന്നെ നോക്കിക്കൊണ്ടവൾ കൈ കൂപ്പി നിന്നു. 'മുസാണ്ടകളെ ' നെഞ്ചോട് ചേർത്ത് പിടിച്ച് മണ്ണിൽ മുട്ടുകുത്തിയിരുന്ന് അവൾ പൊട്ടിക്കരഞ്ഞു. മഞ്ചു സിസ്റ്റർ അവളുടെ അടുത്തേക്ക് ഓടിയടുക്കുന്നത് കണ്ടുകൊണ്ട് ഞാനവിടെ നിന്ന് തിരികെ നടന്നു.
എനിക്കറിയാം സ്വയം മെനഞ്ഞെടുത്തൊരു കഥയുമായി വേണം എനിക്കിനി അമലിനെ കാണാൻ. കഥകൾ മെനയുന്ന മറ്റൊരു മുസാണ്ടച്ചെടി എന്നിൽ അപ്പോളേക്കും തളിർത്തിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരാൾ കൂടി രോഗികളുടെ ലിസ്റ്റിൽ കടന്നുകൂടിയതിന്റെ ആശങ്കയുമായിട്ടാണ് ഞാൻ ഡോ.രാമമൂർത്തിയോട് യാത്ര പറഞ്ഞിറങ്ങിയത്.
(അവസാനിച്ചു )
ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot