
നർമ്മം | ഗിരി ബി വാരിയർ
"ഹലോ.. സ്നേഹലത ജ്യോതിഷാലയം ആണോ..
"അതെ..സ്നേഹലതാ ജ്യോതിഷാലയം.. നൂറ് വർഷത്തെ സേവനപാരമ്പര്യം...എന്താ വേണ്ടേ.."
"പണിക്കരെ കിട്ടുമോ..??"
"ഇല്ല്യ. ഇത് തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ കാൾ സെന്റർ ആണ്. പണിക്കരെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുക്കണം”
"അപ്പോയ്ന്റ്മെന്റ് എങ്ങിനെ എടുക്കും ?"
"നൂറു രൂപ അപ്പോയ്ന്റ്മെന്റ് സർവീസ് ചാർജ് ഈടാക്കും. അതിന് നിങ്ങൾക്ക് GST നമ്പർ ഉണ്ടെങ്കിൽ ഇൻപുട്ട് ക്രെഡിറ്റ് എടുക്കാം..."
"ഓക്കേ, എന്താണ് പ്രോസസ്സ് ."
"നിങ്ങൾ ആദ്യം ഞങ്ങളുടെ വെബ്‌സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യണം, നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് ഒക്കെ അതിൽ ഫീഡ് ചെയ്യണം..അപ്പോൾ നിങ്ങൾക്ക് ഒരു UIN (യൂസർ ഐഡന്റിഫിക്കേഷൻ നമ്പർ) കിട്ടും. എന്നിട്ട് തിരിച്ച് വിളിക്കൂ. എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ."
"ഇന്ന് പണിക്കരുടെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ .. ഒന്ന് നോക്കിപ്പറയാമോ..."
".. നിങ്ങൾ ഓൺലൈൻ രജിസ്റ്റർ ചെയ്ത് അപ്പോയ്ന്റ്മെന്റ് ഫീ കൊടുത്താൽ നിങ്ങൾക്ക് ഒരു ടെക്സ്റ്റ് / വാട്സാപ്പ് മെസ്സേജ് വരും..അതിൽ ഓഫീസിന്റെ അഡ്രസ്സ് , ഗൂഗിൾ ലൊക്കേഷൻ മാപ്, അവിടുത്തെ ആ സമയത്തെ കാലാവസ്ഥ ഒക്കെ ഉണ്ടാവും."
"അപ്പോൾ എല്ലാ സ്ഥലത്തും ഒരേ പണിക്കർ??"
"ഇല്ല്യ.. ഹെഡ്ക്വാർട്ടറിൽ മാത്രമെ മെയിൻ പണിക്കർ കാണൂ, ബാക്കി എല്ലാം ഫ്രാഞ്ചൈസി ആണ്.."
"പിന്നെ ...ഹലോ..."
"സോറി സാർ, നിങ്ങൾക്ക് സംസാരിക്കാൻ അനുവദിച്ച സൗജന്യ പരിധി കഴിഞ്ഞു. ഇനി രജിസ്റ്റർ ചെയ്തശേഷം UIN നമ്പർ പറഞ്ഞാൽ കൂടുതൽ സംസാരിക്കാം, ഒരു മിനിട്ടിന് പത്തു രൂപ വെച്ച് നിങ്ങളുടെ ബാങ്കിൽ നിന്നും കട്ട് ആവും. കാൾ കഴിഞ്ഞാൽ നിങ്ങൾക്ക് GST ബില്ല് രേജിസ്റെർഡ് ഈമെയിലിൽ വരും.. മറ്റെന്തെങ്കിലും അറിയാനുണ്ടോ സാർ.."
"അപ്പൊ പണിക്കരെ നേരിൽ പോയി കാണാൻ പറ്റില്ലേ..?
"കാലത്ത് മൂന്ന് മണിക്ക് പോയി കസേര പിടിക്കാം, പക്ഷെ ചായയ്ക്കും അതിന്റെ പരിണിതഫലമായി ഉണ്ടാവുന്ന പ്രഷർ തീർക്കാൻ കക്കൂസ് ഉപയോഗിക്കാനും പൈസ കൊടുക്കണം.. അതും പണിക്കർക്ക് മൂഡുണ്ടെങ്കിൽ മാത്രമേ കാണാൻ പറ്റൂ.."
"എന്നാൽ ഞാൻ UIN എടുത്തിട്ട് വിളിക്കാം.. "
"താങ്ക്യൂ ഫോർ കാളിങ് സ്നേഹലതാ ജ്യോതിഷാലയം.. നൂറ് വർഷത്തെ സേവനപാരമ്പര്യം.."
****
"ഹലോ.. സ്നേഹലത ജ്യോതിഷാലയം ആണോ..
"അതെ..സ്നേഹലതാ ജ്യോതിഷാലയം.. നൂറ് വർഷത്തെ സേവനപാരമ്പര്യം...എന്താ വേണ്ടേ.. UIN നമ്പർ പറയു.."
"OK023456323"
"മിസ്റ്റർ ഭാസ്കരൻ താട്ടാൻ.."
"ഹലോ..താട്ടാൻ അല്ല, തട്ടാൻ... ഗോൾഡ്‌സ്മിത്...ഗോൾഡ്‌സ്മിത്..."
"എന്ത് ഫിഷെങ്കിലും ആവട്ടെ, സാറിനെന്താ അറിയണ്ടേ.."
"ചാർജ് അറിയണം.."
"ജാതകം നോക്കാൻ. കവിടി നിരത്താതെ .. 500 രൂപ, കവിടി നിരത്തി 750 രൂപ പ്ലസ് GST. നിങ്ങൾക്ക് GST നമ്പർ ഉണ്ടെങ്കിൽ ഇൻപുട്ട് ക്രെഡിറ്റ് എടുക്കാം..."
"എനിക്ക് പൂട്ടും കടലേം ഒന്നും വേണ്ട.. ക്യാഷ് കൊടുക്കാമോ.."
"paytm ചെയ്താൽ മതി. ക്യാഷ് എടുക്കില്ല.."
"പിന്നെ ജാതകം എഴുതാൻ ആണെങ്കിൽ..?"
"കമ്പ്യൂട്ടർ ജാതകം ആണെങ്കിൽ കൺസൾട്ടേഷൻ ഫീ 500 രൂപ പ്ലസ് ജാതകം പ്രീപറേഷൻ ചാർജ് - 3250 രൂപ, പ്ലസ് GST. നിങ്ങൾക്ക് GST നമ്പർ ഉണ്ടെങ്കിൽ ഇൻപുട്ട് ക്രെഡിറ്റ് എടുക്കാം..."
"ദേ പിന്നേം, പുട്ട്.. ജാതകം എഴുതിയതാണെങ്കിൽ...?"
"ഹാൻഡ് റൈറ്റിംഗ് സ്റ്റൈൽ ജാതകം എഴുതികിട്ടും..അതിന് പ്രത്യേകം ചാർജ്ജ് ഇല്ല.."
"ജാതകം പഴയ കാലത്തെ പോലെ കൈയെഴുത്ത് കോപ്പി വേണമെങ്കിൽ..?
"അത് ഭയങ്കര പണിക്കൂലി ആവും. മുപ്പതിനായിരത്തോളം ആവും പിന്നെ സമയവും. മൂന്നോ നാലോ മാസം കുറഞ്ഞത് പിടിക്കും. ഇപ്പോൾ വല്ല്യ വല്ല്യ എഴുത്തുകാർ അടക്കം മൊബൈലിലും, കംപ്യൂട്ടറിലും ആണ് എഴുതാറുള്ളത്, മലയാളം പേപ്പറിൽ എഴുതാൻ അറിയുന്നവർ വളരെ ചുരുക്കം ആണ്. പണ്ട് ആധാരം എഴുതുന്നവർ ഉണ്ടായിരുന്നു, അവരും ഇപ്പോൾ കമ്പ്യൂട്ടറിൽ ആക്കി.."
"അപ്പോൾ..എന്ത് ചെയ്യും.."
"മലയോര ഗ്രാമങ്ങളിൽ ചിലയിടത്ത് ഇപ്പോഴും ഇന്റർനെറ്റും മൊബൈലും ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട്.. അവിടെ മലയാളം പേപ്പറിൽ എഴുതാൻ അറിയുന്നവർ കാണും.. അങ്ങിനെ എഴുതാൻ അറിയുന്നവരെ കിട്ടാനാണ് ബുദ്ധിമുട്ട്. അതാണ് ഇത്രയും ചാർജ്.. പ്ലസ് GST ....."
"ഇൻപുട്ട് ക്രെഡിറ്റ് അല്ലെ...പറയണ്ട.."
"ഒക്കെ മാഡം.. താങ്ക്യൂ.. ഞാൻ നേരിട്ട് പോയി പണിക്കരെ കണ്ട് തീരുമാനിക്കാം."
"ഒക്കെ സാർ. ഞാൻ സാറിന്റെ UIN നമ്പർ ഒന്നുകൂടി ആവർത്തിക്കാം..50 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവും.. UIN നമ്പർ OK023456323"
"നമ്പർ ശരിയാണ്.. പിന്നെ അറിയാൻ വേണ്ടി ചോദിക്കുകയാണ്.. ഇത്രയും വലിയ UIN നമ്പർ ഇതുവരെ രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണം ആവും അല്ലെ.."
"അതിൽ അവസാനത്തെ രണ്ട് നമ്പർ മാത്രം.. ബാക്കി ഒക്കെ ഒരു ഗുമ്മ് കിട്ടാൻ ഇട്ടിട്ടുള്ളതാ..താങ്ക്യൂ ഫോർ കാളിങ് സ്നേഹലതാ ജ്യോതിഷാലയം.. നൂറ് വർഷത്തെ സേവനപാരമ്പര്യം.."
"താങ്ക്യൂ.."
"സാർ.. ഫോൺ കട്ട് ചെയ്യരുത്. ഒരു സർവ്വേ ഉണ്ട്..ഒന്ന് ഏറ്റവും നല്ലത്, അഞ്ച് ഏറ്റവും മോശം . സാറേ, ഒന്ന് കൊടുക്കണേ ...താങ്ക്യൂ സാർ. സാറിന്റെ മക്കളുടെ ജാതകം നോക്കാനാണോ സാർ..."
'അല്ല.. പണിക്കരുടെ മകൾ സ്നേഹലതയെ പെണ്ണ് ചോദിക്കാനാ.. തൊട്ടടുത്ത വീടാ, ഞങ്ങൾ സ്നേഹത്തിലാണ്. പക്ഷെ നേരെ പോയാൽ പണിക്കർ കാണാൻ സമ്മതിക്കില്ല, അതുകൊണ്ടാ.."
"ഓക്കേ. ഓൾ ദി ബെസ്ററ് സാർ."
****

ഗിരി ബി വാരിയർ
27 ഏപ്രിൽ 2019
©️copyright protected

ഗിരി ബി വാരിയർ
27 ഏപ്രിൽ 2019
©️copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക