നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാവം ക്രൂരൻ

Image may contain: 2 people, closeup

ശാന്തിഗിരി ആയുർവ്വേദ കോളേജിലെ വ്യാഴാഴ്ചകൾക്ക് വെളുത്ത നിറമായിരുന്നു.
ഭാവിയിലെ ആയുർവ്വേദ ഭിഷഗ്വരത്തികൾ സാരിയുടുക്കണമെന്നത് കോളേജിലെ നിയമമായിരുന്നു .
വ്യാഴാഴ്ചകളിൽ വെള്ള നിറം വേണമെന്നതും ......
ഫസ്റ്റ് ഇയർ ക്ലാസുകൾ അവസാനിക്കാറായിരുന്നു . പാലക്കാടൻ കാലാവസ്ഥയും ആയുർവ്വേദ കോളേജിലെ അല്പം വ്യത്യസ്തമായ അന്തരീക്ഷവും ഒക്കെ
പരിചിതമായിക്കഴിഞ്ഞിരുന്നു.
രാവിലെ എട്ടു മണിക്ക് തുടങ്ങി രണ്ട് മണിക്ക് അവസാനിക്കുന്ന ക്ലാസുകൾ ....
പാലക്കാടൻ ചൂടും ടൗണിലെ ഹോസ്റ്റലിൽ താമസിക്കുന്ന ആൺകുട്ടികളുടെ യാത്രാ സൗകര്യവും ഒക്കെ കണക്കിലെടുത്തായിരുന്നു ആ സമയ ക്രമീകരണം .
വ്യാഴാഴ്ചകളിൽ പന്ത്രണ്ട് മുതൽ രണ്ട് മണി വരെ അനാട്ടമി ലാബാണ് .
ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാംപുകൾ പോലെ .....
ഇദി അമീന്റെ തടവറ പോലെ ....
ഭീകരമായ ഒന്ന് ....
സത്യസന്ധമായി പറയട്ടെ ഞങ്ങളെല്ലാവരും ആ രണ്ട് മണിക്കൂറുകളെ ഭീകരമായി ഭയന്നിരുന്നു.
അനാട്ടമിയുടെ HOD ആയ സുചിത്ത് സാറിനെ ഹിറ്റ്ലറിനോട് ഉപമിക്കാനുള്ള ധൈര്യം പക്ഷേ ആർക്കും ഉണ്ടായിരുന്നില്ല.
സുചിത്ത് സാർ - വെളുത്ത് മെലിഞ്ഞ സുന്ദരൻ ,ചെറുപ്പക്കാരൻ ,തൃശൂർ ഗഡി , സർവ്വോപരി അവിവാഹിതൻ [ അന്ന് ]..
ലാബിൽ സാറൊരിക്കലും ഇരിക്കാൻ അനുവദിച്ചിരുന്നില്ല .നിന്നു കൊണ്ട് ക്ലാസുകൾ കേൾക്കുകയും ലക്ചർ നോട്ട് എഴുതിയെടുക്കുകയും വേണമായിരുന്നു. [അതെന്തിനായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല.]
ഗ്ലാസ് ജാറുകളിലെ ഫോർമാലിനിൽ കിടക്കുന്ന മനുഷ്യാവയവങ്ങളെക്കുറിച്ചും ഷെൽഫുകളിൽ നിരന്നിരിക്കുന്ന എല്ലുകളെക്കുറിച്ചും നിന്നുകൊണ്ടുതന്നെ നോട്ടെഴുതിയതൊന്നും അത്ര നന്നായിട്ടായിരുന്നില്ല.
മുന്നിൽ സാറ് നിൽക്കുമ്പോൾ ഞങ്ങളെ ബാധിച്ചിരുന്ന ഒരു പ്രത്യേകതരം വിറയൽ ഞങ്ങളെ വല്ലാതെ ഉപദ്രവിച്ചിരുന്നു .... ശരിക്കും .
ഡിസക്ഷൻ ടേബിളിൽ ഞങ്ങളെ കാത്തു കിടക്കുന്ന കഡാവറിന് ഞങ്ങളുടെ ആയിരമിരട്ടി വിലയുണ്ട് ഞങ്ങളെ ഓരോ ക്ലാസിലും ഓർമ്മിപ്പിക്കാൻ സാറൊരിക്കലും മറന്നിരുന്നില്ല.
സുന്ദരനും യുവകോമളനുമായ ഈ തൃശൂർ ഗഡിയെ ആരും നോട്ടമിടാതിരുന്നത് ചുമ്മാ കടുവക്കൂട്ടിൽ തലയിട്ട് കൊള്ളാവുന്നൊരു ജീവിതം വെറുതെ പാഴാക്കുന്നതെന്തിന് എന്ന് ഭയന്നിട്ടാണെന്ന് പാലക്കാടൻ കാറ്റ് ചുമ്മാ പറഞ്ഞു നടന്നിരുന്നത്രെ ....
ലാബിൽ കുറ്റവാളികളെ നിരത്തി നിർത്തി ഏമാൻ ചോദ്യം ചോദിക്കും ....
തലേ ദിവസം രാത്രി ഉറക്കമൊഴിച്ചിരുന്ന് പച്ചവെള്ളം പോലെ പഠിച്ചതൊക്കെ സാറിന്റെ മുഖത്തോട്ട് നോക്കുന്ന മാത്രയിൽ ആവിയായി പോകുന്ന പ്രതിഭാസം അവിടെ പതിവായിരുന്നു ...
പാവം ഡോക്ടർ കുഞ്ഞുങ്ങളെ യാതൊരു മനസാക്ഷിയുമില്ലാതെ അടിച്ചലക്കി മുറുക്കിപ്പിഴിഞ്ഞ് വലിച്ചു കീറി തേച്ചൊട്ടിച്ച് വിടുന്ന കലാപരിപാടി പുറകെ .....
ഹൊ .... ഓർക്കാൻ വയ്യ ...
പക്ഷേ , ഈ ഞാൻ ...... ആ കാര്യത്തിൽ ഒരു സംഭവമായിരുന്നു .
എന്റെ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നവരോട് സാർ ചോദ്യം ചോദിക്കും ...
ഞാൻ നാരോ എസ്കേപ്പ് .....
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കൊടും വാർത്ത ഹോസ്റ്റൽ റൂമുകളിൽ ഒഴുകി നടന്നു .....
സുചിത്ത് സാറല്ലെങ്കിലും സുന്ദരി പെൺപിള്ളേരോട് മാത്രേ ചോദ്യം ചോദിക്കൂ ....
[ ചുമ്മാ ..... പാവം മനുവിനേം രഞ്ചിത്തിനേം ഒക്കെ അലക്കി വെളുപ്പിക്കുന്ന ദൃശ്യങ്ങൾ എന്റെ ഓർമ്മയിലുണ്ട്]
അടയ്ക്കാ പോലെയിരിക്കുന്ന എന്റെ സൗന്ദര്യത്തെക്കുറിച്ച് തീരെ മതിപ്പില്ലാതെ റൂം നമ്പർ 38 ൽ സുന്ദരികൾ പിരിവിട്ട് വാങ്ങി വച്ച കണ്ണാടിക്ക് മുന്നിൽ തേങ്ങലോടെ നിന്ന് വട്ടം കറങ്ങുന്ന പരിപാടി ഞാൻ അന്നവസാനിപ്പിച്ചു .
പിന്നെയൊരിക്കലും ഞാൻ രാത്രികളെ പകലാക്കി സാറിനെ പേടിച്ച് ഒരു ബോണിനേം ഓർഗനേം പഠിച്ചിട്ടില്ല ....
സാറെന്നോട് ചോദിച്ചിട്ടുമില്ല. ...
ഇടയ്ക്കിടെയുള്ള റഫ് റക്കോർഡ് വലിച്ചെറിയൽ പോലുള്ള കലാപരിപാടികൾ ഒഴിച്ചാൽ ശാന്തമായ അനാട്ടമി ദിനങ്ങൾ ....
ഡിഡക്ഷൻ ടേബിളിൽ വന്ന പുതിയ കഡാവർ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടയാളാണെന്ന് കണ്ടു പിടിച്ച എന്റെ കൂട്ടുകാരിയെയും , ഡിസക്ട് ചെയ്തെടുത്ത മനുഷ്യന്റെ കരളിനെ നോക്കി മനംപിരട്ടുന്ന ഫോർമാലിൻ ഗന്ധത്തിന് നടുവിൽ നിന്ന് ലിവർ ഫ്രൈയെക്കുറിച്ചോർത്ത് കൊതിപറഞ്ഞ ലീല ജോസിനെയും എനിക്ക് മറക്കാനാവില്ല.
മെയിൽ ജനിറ്റാലിയയുടെ ചിത്രം റഫ് റക്കോർഡിൽ വരച്ച് സാറിന്റെ അടുത്തെത്തിയ ദിവസം ... വിറയൽ കൊണ്ട് പല്ല് കൂട്ടിയിടിക്കുന്ന ശബ്ദത്തിന് അകമ്പടിയായി ഹൃദയം ഡും ഡും എന്ന് മുഴങ്ങിക്കൊണ്ടിരുന്നു .[ സാറിനെ കാണുമ്പോഴേ അങ്ങനെയാ ...ലബ് ഡബ് ഒക്കെ ഹൃദയം മറന്നു പോകും ... പിന്നെ ഡും ഡും ഡും ]
മുന്നിൽ നിന്ന ആൺകുട്ടിയുടെ റെക്കോഡിലെ തെറ്റുകൾ സാർ ശാന്തനായി പറഞ്ഞു കൊടുത്തു .
തൊട്ടു പുറകിൽ നിന്നത് എന്റെ റൂം മേറ്റ് ആയിരുന്നു.
കഷ്ടകാലം റഫ് റക്കോർഡിൽ അതേ തെറ്റിന്റെ രൂപത്തിൽ .....
ആകെപ്പാടെ ഇത്തിരിയുള്ള കണ്ണുകൾ തുറുപ്പിച്ച് സാറൊരു ചോദ്യം .....
" നീയിത് അവന്റെ നോക്കിയാണോ വരച്ചത് ?"
ഡിപ്പാർട്ട്മെൻറിലുണ്ടായിരുന്ന മറ്റ് അദ്ധ്യാപകരും സകല പേടിയും മറന്ന് പിള്ളേരും പൊട്ടിച്ചിരിച്ചപ്പോഴാണ് സാറിന് അമളി മനസ്സിലായത് ...
"അയ്യോ ഞാനതല്ല
ഉദ്ദേശിച്ചത് "
എന്നൊക്കെ സാറ് പറഞ്ഞെങ്കിലും അത്രയ്ക്ക് ചമ്മിയ മുഖത്തോടെ അതിന് മുൻപും പിൻപും സാറിനെ കണ്ടിട്ടില്ല.
അങ്ങനെ വെള്ളരിപ്രാവ് കണക്കെ വെള്ള സാരിയുടുത്ത് വെള്ള കോട്ടിട്ട് അനാട്ടമി ലാബിലെത്തിയ ഒരു വ്യാഴാഴ്ച ....
ക്രമം തെറ്റിയും അതിഭീകര വേദന സമ്മാനിച്ചും കടന്നു വരുന്ന ചുവന്ന ദിനങ്ങളെ ഞാൻ അങ്ങേയറ്റം ഭയന്നിരുന്ന കാലഘട്ടം ...
ലാബ് തുടങ്ങിയപ്പോഴേ എനിക്ക് അസ്വസ്ഥതകൾ തുടങ്ങിയിരുന്നു .
കാലുകൾ കഴച്ചിട്ട് നിക്കാൻ വയ്യാത്ത അവസ്ഥ ...
കഠിനമായ വയറുവേദന ...
സാറ് പഠിപ്പിച്ചതെന്നും ഞാൻ കേട്ടില്ല ...
സംഗതി കൈവിട്ടു പോകുമെന്ന ഭയം എന്നെ കാർന്ന് തിന്നു തുടങ്ങിയിരുന്നു ....
വെള്ള സാരിയെ ഞാൻ വല്ലാതെ ഭയന്നു .
വിക്കി വിക്കി സാറിനോട് ചോദിച്ചു ...
" ഞാൻ റൂമിൽ
പൊയ്ക്കോട്ടെ "
സാറിന്റെ കണ്ണുകൾ വെളിയിലേക്ക് വന്നു ...
"വാട്ട് യൂ തിങ്ക് എബൗട്ട് യുവർ സെൽഫ് ???"
ഞാൻ തറഞ്ഞ് നിന്നു .
ശബ്ദത്തെ പുറപ്പെടുവിക്കുന്ന സംവിധാനമൊക്കെ ആ അലർച്ചകേട്ട് കാശിക്കോ മറ്റോ പോയിക്കഴിഞ്ഞിരുന്നു ....
"ഇതെന്താ ചന്തയോ തോന്നുമ്പോ കേറി വരാനും ഇറങ്ങിപ്പോകാനും "
നാലഞ്ച് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന ആ സംഘത്തിന്റെ മുന്നിൽ നിന്ന് കാര്യം തുറന്ന് പറയാനുള്ള ചങ്കൂറ്റം അന്ന് 'പാവം' എനിക്കുണ്ടായിരുന്നില്ല .
ചുമ്മാ ഒരു മര്യാദയുമില്ലാതെ എന്റെ കണ്ണ് നിറഞ്ഞങ്ങൊഴുകി..
പിന്നെ സാറ് പറഞ്ഞതൊന്നും ശരിക്കെനിക്ക് ഓർമ്മയില്ല.
മിനിമം ഒരു പതിനഞ്ച് മിനിട്ട് സാറെന്നെ ചീത്ത പറഞ്ഞു ...
കാര്യം തുറന്ന് പറയാതെ അവിടെ നിന്ന് ഞാൻ പുറത്തിറങ്ങുന്നത് സാറിന് കാണണമത്രെ .....
സങ്കടം തിങ്ങിനിറഞ്ഞു ....
ഞാനത്രമേൽ നിസഹായ ആയിരുന്നു ....
വെള്ള സാരിയും വെള്ളക്കോട്ടും മാത്രമേ എന്റെ ചിന്തകളിൽ ഉണ്ടായിരുന്നുള്ളു ....
അത്ര ചെറുതല്ലാത്ത ശബ്ദത്തിൽ ഞാനൊരൊറ്റ കരച്ചിൽ വച്ചു കൊടുത്തു...
"ഗറ്റൗട്ട് ഫ്രം ഹിയർ "
പക്ഷേ ,ആ അലർച്ച ഏതോ മാലാഖയുടെ മധുര സംഗീതമായാണ് എനിക്ക് തോന്നിയത് .
ഒറ്റച്ചാട്ടത്തിന് ഞാൻ വെളിയിലിറങ്ങി ,ക്യാംപസിൽ തന്നെയുള്ള ഹോസ്റ്റൽ റൂമിലേക്കോടി ...
അതിൽപ്പിന്നെ കുറെക്കാലത്തേക്ക് സാറിനെ കാണുമ്പോഴൊക്കെ രണ്ട് ദംഷ്ട്രകൾ പുറത്ത് ചാടി വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു .....
പക്ഷേ ഇന്ന് ,
ഹൃദയത്തിൽ ഏറ്റവും മിഴിവോടെ നിൽക്കുന്ന അദ്ധ്യാപകരുടെ മുഖങ്ങളിൽ ഒന്ന് പ്രിയപ്പെട്ട സുചിത്ത് സാറിന്റെയാണ് .....
സാർ ഞങ്ങളെ ഒരു പാട് സ്നേഹിച്ചിരുന്നു ....
ഞങ്ങളും ....
ഇപ്പോൾ ചിരിക്കാൻ തോന്നുന്ന ഈ മുഹൂർത്തങ്ങളൊക്കെ ഞങ്ങൾ വിറച്ചുകൊണ്ട് നേരിട്ടവയാണ്.... ഇതിലൊന്നെങ്കിലും സാർ ഓർക്കുന്നുണ്ടാവുമോ ആവോ ???
Dr. ശാലിനി ck

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot