Slider

വിഷുപ്പടക്കങ്ങൾ

0
Image may contain: 1 person, smiling, closeup
വിഷു, വിഷുപ്പടക്കം, വിഷുക്കണി,വിഷുക്കൈനീട്ടം,
വിഷുക്കോടി, വിഷുക്കഞ്ഞി, വിഷുപ്പുഴുക്ക്, വിഷുക്കോടി, വിഷുസദ്യ. ഇതിനെ പറ്റിയെല്ലാം ഇന്നലത്തേയും ഇന്നത്തേയും രണ്ടു വരി വീതം എഴുതിയാൽ രണ്ടു കാലഘട്ടങ്ങളിലെ വിഷുവായി.
ആദ്യം വിഷുവിനെ പറ്റി പറയാം. ഞാൻ ആയിട്ട് പുതിയത് എന്തു പറയാനാണ് അത് പിന്നെ എല്ലാവർക്കും അറിയാം. എന്നാൽ പിന്നെ വിഷുപ്പക്ഷിയെ പറ്റി പറയാമെന്ന് വച്ചാൽ അതിനെ കണ്ടിട്ടുമില്ല. വിഷു പക്ഷിയുടെ പാട്ട് കേട്ടിട്ടുമില്ല.
എന്നാൽ എല്ലാവർക്കും ഇഷ്ടമുള്ള വിഷുപ്പടക്കത്തെ പറ്റി പറയാം. തറവാടിൻ്റെ പടിഞ്ഞാറു ഭാഗത്ത് നിൽക്കുന്ന വലിയ ആഞ്ഞിലിമരത്തിൻ്റെ താഴെ വീണു കിടക്കുന്ന നല്ല ആഞ്ഞിലിത്തിരികൾ മഴയ്ക്കു മുമ്പ് ശേഖരിച്ച് വയ്ക്കുന്നതാണ് ഒന്നാം ഘട്ടം.
പടക്കം കത്തിയ്ക്കാൻ ഏറ്റവും അനുയോജ്യമാണ്
ആഞ്ഞിലിത്തിരികൾ. കൈയ്യും പൊള്ളില്ല, മറ്റൊരു പ്രത്യേകത പെട്ടെന്ന് കത്തിതീരാതെ കൂടുതൽ നേരം കത്തിനിൽക്കുന്നതാണ്. ഇടതു കൈയ്യിൽ കത്തിച്ചു പിടിച്ച ആഞ്ഞിലിത്തിരിയും വലതുക്കൈയ്യിൽ ഓലപ്പടക്കവും കൊണ്ടുള്ള നിൽപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്, അത് എന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു. ഞങ്ങളുടെ അടുത്തുള്ള പൂനിലം (ശ്രീഭൂതനിലം)ഗ്രാമത്തിലെ
കുടിൽ വ്യവസായമാണ് പടക്കനിർമ്മാണം. ഓലപ്പടക്കം,വാണപ്പടക്കം, മാലപ്പടക്കം, ഏറുപടക്കം എന്നിവ അവിടെ നിന്നാണ് വാങ്ങുന്നത്. പിന്നെ ശിവകാശി പടക്കങ്ങൾ ആയ
കമ്പിത്തിരി, ലാത്തിരി പൂത്തിരി, ചക്രം, പാമ്പു ഗുളിക, മത്താപ്പ്, പൊട്ടാസ്
അങ്ങിനെ എത്ര സംഗതികൾ.
ഇപ്പോൾ അതെല്ലാം മാറി കൂടുതൽ ചൈനീസ് പടക്കങ്ങൾ ആണ്. നയൻതാര മുതൽ സണ്ണി ലിയോൺ വരേയുള്ള പല ഐറ്റംസ്. ശബ്ദം കുറഞ്ഞതും വർണ്ണ വൈവിധ്യമുള്ളതുമായ അടിപൊളി ചൈനീസ് പടക്കങ്ങൾ. റസ്സൂൽ പൂക്കുറ്റിയെ വെല്ലുന്ന മ്യൂസിക്കൽ പൂക്കുറ്റി, സംഗീത അകമ്പടിയോടെ വർണ്ണങ്ങൾ പെയ്തൊഴിയുന്ന മ്യൂസിക്കൽ പൂക്കുറ്റി. പത്തു നിറത്തിൽ പൂക്കൾ വിരിയുന്ന
മത്താപ്പ് കിറ്റുകൾ. ആകാശത്തിൽ ഉയർന്നുപൊങ്ങി ആകാശപുഷങ്ങളായി വിരിയുന്ന ഏരിയൽ ഷോട്ടുകൾ എന്ന ഷോട്ട്. പോളിമർ ബോൾസുള്ള ചക്രങ്ങൾ, ഗുണ്ടുകൾ അങ്ങിനെ പുതുയുഗത്തിൻ്റെ
പടക്കങ്ങൾ.
പിന്നെ വിഷുക്കണി, അതിൻ്റെ കൊന്നപ്പൂവ് മാത്രം
ഒപ്പിച്ചു കൊടുക്കുന്ന കാര്യം
മാത്രമേ നമ്മുടെ പരിധിയിൽ പണ്ട് വരാറുള്ളു. വെളുപ്പിനെ അമ്മ വിളിച്ചുണർത്തുമ്പോൾ എഴുന്നേറ്റ് കണ്ണടച്ച് വന്ന് കണി കാണുക എന്നത് മാത്രം.
ഗൾഫിൽ എല്ലാം കണിക്കൊന്നയും മറ്റുപ്പൂക്കളും എല്ലാം ഉൾപ്പെടുന്ന കണിക്കിറ്റ് വരേ ആയപ്പോൾ കൊന്നപ്പൂവ്വ് പറിക്കാൻ നടന്ന കാലവും ഓർമ്മയായി.
കണി കണ്ടു കഴിയുമ്പോഴേയ്ക്കും അച്ചാച്ചൻ വിഷു കൈനീട്ടം നൽകാൻ തയ്യാറായി ഇരിക്കാറുള്ളതിനാൽ എല്ലാ വർഷവും ആദ്യ വിഷുക്കൈനീട്ടം ആ തൃക്കൈ കൊണ്ടുള്ളതായിരുന്നു.
ആ ഓർമ്മ നിലനിർത്താൻ നാട്ടിൽ ട്യൂഷൻ സെൻ്ററിൽ പഠിപ്പിച്ചിരുന്ന സമയം അനിയൻ ചെറുക്കന് അമ്പതു രൂപ കൈന്നീട്ടം കൊടുത്തപ്പോൾ അവൻ പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു പോയി. ചേട്ടാ സന്തോഷമായി എന്നാണ് പറഞ്ഞതെന്ന് തെറ്റിദ്ധരിയ്ക്കണ്ട, വല്ല്യച്ഛൻ അഞ്ഞൂറു രൂപയാണ് തന്നത് എന്നാണവൻ മൊഴിഞ്ഞത്.
മോനേ വല്യച്ഛന് അഞ്ചക്ക ശമ്പളം കിട്ടുമ്പോൾ തനിക്ക് കിട്ടുന്നത് മൂന്നക്ക ശമ്പളമാണെന്ന് പറഞ്ഞവിടെ നിന്ന് തലയൂരി.
വിഷുക്കൈനീട്ടത്തിൻ്റെ കാര്യത്തിൽ പിന്നെയും രസകരമായ ഒരു കാര്യവും കൂടി. ഒമാനിലും നേരത്തെ ട്യൂഷനെടുത്തിരുന്നു.
വിഷുവിൻ്റെ സമയത്ത് പഠിപ്പിച്ചിരുന്ന രണ്ടു മലയാളികുട്ടികൾക്ക് വിഷു കൈനീട്ടം കൊടുത്തു. അവർക്ക് വിഷു എന്താണെന്ന് അറിയാത്തതിനാൽ കൈനീട്ടം വാങ്ങാൻ മടി. പിന്നെ അന്നത്തെ ക്ലാസ്സ് മുഴുവനും വിഷുവിനെ പറ്റിയായിരുന്നു എന്നു മാത്രം.
ക്ലാസ്സു കഴിഞ്ഞ് പോരുന്ന സമയം കൂട്ടികളുടെ പപ്പ തന്ന
കൈനീട്ടം കൂട്ടുകാർക്ക് സമർപ്പിച്ചപ്പോൾ മഴ കാത്തിരുന്ന വേഴാമ്പലുകൾക്ക് മരുഭൂമിയിൽ മഴ കണിയായ് പെയ്തിറങ്ങിയ പോലെ അവരുടെ കണ്ണും മനസ്സും നിറഞ്ഞു.
വിഷുവിന് എനിക്ക് ഏറ്റവും ഇഷ്ടം സ്വാദിഷടമായ വിഷുക്കഞ്ഞിയാണ്. വിഷുവിന് പല സ്ഥലത്തും വ്യത്യസ്ഥമായാണ് വിഷുക്കഞ്ഞി ഉണ്ടാക്കുന്നത്.
മധുരം ചേർത്ത്, പയറു ചേർത്ത് അങ്ങിനെ പലവിധം.
പക്ഷെ ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുള്ള വിഷുക്കഞ്ഞി, വീട്ടിൽ തന്നേ പച്ചനെല്ല് കുത്തിയെടുത്ത് ഉണക്കലരിയെടുക്കുക. രണ്ട് തേങ്ങ ചുരണ്ടിയെടുത്ത് ഒന്നാം പാലും (തലപ്പാൽ) രണ്ടാംപാലും തയ്യാറാക്കി വയ്ക്കുക. കഴുകി വൃത്തിയാക്കിയെടുത്ത അരി രണ്ടാം പാലിൽ വേവിച്ചെടുക്കുക. അരി വെന്തതിനു ശേഷം അതിലേയ്ക്ക് അല്പം ജീരകവും, പൊടിച്ച ചുക്കും ചേർത്തിളക്കി തലപ്പാലും ചേർത്ത് തിളപ്പിച്ചിട്ട് ആവശ്യത്തിന് ഉപ്പും ചേർത്താൽ സ്വാദിഷ്ടമായ വിഷുക്കഞ്ഞി റെഡി. ഇതു തന്നെ അല്പം കൂടെ കുറുകിയതിന് ശേഷം എണ്ണ പുരട്ടിയ വട്ടത്തിലുള്ള പാത്രത്തിലൊഴിച്ച് തണുപ്പിച്ച്
വിഷുക്കട്ടയും ഉണ്ടാക്കാം. അച്ചാമ്മയുടെ സ്നേഹവും ചേർത്തുണ്ടാക്കിയ
വിഷുക്കഞ്ഞിയും, കാച്ചിയ പപ്പടവും, വിഷുപ്പുഴുക്കും. ഹാ എന്താ അതിൻ്റെ ഒരു സ്വാദ്.
പറഞ്ഞറിയിക്കാനും എഴുതി ഫലിപ്പിക്കാനുമാവില്ല.
രാവിലെ വിഷുക്കഞ്ഞി ഉണ്ടാക്കാം എന്ന് ഇന്നലെ ഓർത്തു. ഉണക്കലരിയെല്ലാം കിട്ടും പക്ഷെ ഉണ്ടാക്കിയിട്ട് ഒറ്റയ്ക്ക് കുടിക്കുന്ന കാര്യം
ഓർത്തപ്പോൾ ചിന്തയെ പരണത്തു വച്ചു. വല്ല ബിരിയാണി എല്ലാം ഉണ്ടാക്കിയാൽ കൂടെ ഇരുന്ന് കഴിയ്ക്കാൻ ആളെ കിട്ടും. കൂട്ടുകാരോട് കഞ്ഞിയാണെന്ന് പറഞ്ഞാൽ
അവർ നമ്മളെ പറ്റി പറയും
എന്തു കഞ്ഞിയാടാ നീ.
ഇനി വല്ല ബംഗ്ലാളികളേയും വിളിക്കാം എന്നു വച്ചാൽ
അവർക്കും നമ്മുടെ വിഷു,
ബിഷു തന്നേയാണ് അമ്പലത്തിൽ പോക്കും, നമ്മുടെ രീതിയിലെ പുഴുക്ക് എല്ലാം ഉണ്ടാക്കി അവരും ബിഷു ആഘോഷിക്കുന്നു.
ഇനി ഇപ്പോൾ കൂട്ടുകാരനും കുടുംബവും വിഷു സദ്യ ഉണ്ണാൻ വിളിച്ചിട്ടുണ്ട്. അങ്ങിനെ ഈ വർഷത്തെ വിഷുവും ഗംഭീരമായി.

PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo