നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതിപ്പോ ലാഭായീലോ...

Image may contain: 1 person, eyeglasses
വിവാഹത്തിന്റെ ആദ്യനാളുകളിൽ ഞാൻ തിരുവനന്തപുരത്തും ഭാര്യ പാലക്കാടും ആയിരുന്നു ജോലി ചെയ്തിരുന്നത്. പരസ്പരം കാണുക എന്നത് ഒരു വലിയ ടാസ്ക് ആയിരുന്നു. മിക്കവാറും രാത്രി ആയിരുന്നു എന്റെ ഡ്യൂട്ടി. വളരെ സൗഹൃദമുണ്ടായിരുന്ന എന്റെ സീനിയർ സഹപ്രവർത്തകൻ എന്റെ സാഹചര്യം പരിപൂർണ്ണമായി മനസ്സിലാക്കുകയും എന്റെ ഓഫിന്റെ തലേദിവസം എനിക്ക് പകൽ ഷിഫ്റ്റ് അനുവദിക്കുകയും ചെയ്തിരുന്നു.
അങ്ങനെ പകൽ ഷിഫ്റ്റ് കഴിഞ്ഞ് തിരുവനന്തപുരം കെഎസ്ആർടിസി സ്റ്റാൻഡിന് പുറത്ത് കോയമ്പത്തൂർക്ക് പോകുവാനായി നിർത്തിയിട്ടിട്ടുണ്ടാകാറുള്ള പ്രൈവറ്റ് പുഷ്ബാക്ക് ബസുകളിൽ ഒരു സീറ്റ് തരപ്പെടുത്തി രാത്രി രണ്ടുമണിയോടെ വാളയാർ ചെക്ക് പോസ്റ്റിനടുത്ത് ഞങ്ങളുടെ ക്വാർട്ടേഴ്സിന് മുൻപിൽ ഇറങ്ങുകയായിരുന്നു പതിവ്.
ഓഫ് ദിവസത്തിനുശേഷം പിറ്റേദിവസം വൈകിട്ട് ജോലിയിൽ കയറേണ്ടതു കൊണ്ട് അതിരാവിലെ ഞാൻ വാളയാർ ചെക്ക് പോസ്റ്റ് ഗേറ്റിനടുത്ത് പോയി നിൽക്കും. എല്ലാ ആഴ്ചയും പതിവായി കാണുന്നതുകൊണ്ട് ചെക്പോസ്റ്റിലെ മിക്കവാറും ജീവനക്കാരുമായി നല്ല പരിചയം അക്കാലത്ത് ഉണ്ടാക്കിയിരുന്നു. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും മറ്റും വരുന്ന ട്രാവൽസുകാരുടെ പുഷ്ബാക്ക്‌/എക്സിക്യൂട്ടീവ്/വോൾവോ ബസ്സുകൾ ഈ സുഹൃത്തുക്കൾ കൈകാണിച്ച് നിർത്തി തരുമായിരുന്നു. അങ്ങനെ അതിൽ കയറി എറണാകുളം വരെ വന്ന്, അവിടെനിന്ന് കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്ത് വന്ന്, രാത്രി ജോലിക്കായി ഓഫീസിൽ കയറുകയായിരുന്നു പതിവ്.
ബസ് കാത്തുനിൽക്കുന്നതിനിടെ യാദൃശ്ചികമായി കെഎസ്ആർടിസി ബസുകൾ ഏതെങ്കിലും വന്നാൽ അതിലും ഇതുപോലെതന്നെ കയറാറുണ്ടായിരുന്നു.
ഇത്തരത്തിൽ ട്രാവൽസുകൾ കൈകാണിച്ച് അതിൽ കയറി യാത്ര ചെയ്യുമ്പോൾ അതിലെ ജീവനക്കാർ നമ്മളെ ചെക്പോസ്റ്റ് ജീവനക്കാരായി തെറ്റിദ്ധരിക്കുക പതിവായിരുന്നു. മിക്കവാറും ബസ്സുകളിൽ ഇഷ്ടംപോലെ അനധികൃത സാധനങ്ങൾ ഉണ്ടാകാറുള്ള ഒരു കാലഘട്ടമായിരുന്നു അത്. ബസ്സിൽ കയറുന്ന ചെക്പോസ്റ്റ് ജീവനക്കാർ അഥവാ ഏതെങ്കിലും തരത്തിൽ ബസ്സ് ചെക്ക് ചെയ്യുവാൻ ഇടയായി അതിൽനിന്നും അനധികൃത സാധനങ്ങൾ കണ്ടെത്തുകയാണെങ്കിൽ പിന്നീട് അതിനു പുറകെ നടക്കേണ്ടി വരുമെന്നതിനാൽ മിക്ക ബസ്സുകാരും ചെക്പോസ്റ്റ് ജീവനക്കാർ കയറുകയാണെങ്കിൽ അവരിൽനിന്ന് പൈസ വാങ്ങാൻ ശ്രമിക്കാറുണ്ടായിരുന്നില്ല.
ഞാൻ അറിഞ്ഞു കൊണ്ടല്ലെങ്കിലും എന്നെ ചെക്പോസ്റ്റ് ജീവനക്കാരനായി കണക്കാക്കുന്നത് നിമിത്തം എന്റെ കയ്യിൽ നിന്നും അവർ പൈസ വാങ്ങാതായി. നിർബന്ധിച്ചു കൊടുത്താൽ പോലും വാങ്ങുകയില്ല എന്ന അവസ്ഥയും ഉണ്ടായി. അങ്ങനെ പോകപ്പോകെ ഞാൻ പൈസ കൊടുക്കാൻ തീരെ ശ്രമിക്കാതെയും ആയി. ബസ് ജീവനക്കാർ പലരും അന്യഭാഷക്കാർ ആയതുകൊണ്ട് കൂടുതൽ അവരോട് സംസാരിക്കാനും ഞാൻ ശ്രമിക്കാറുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ചെക്പോസ്റ്റിൽ പതിവിലധികം നേരം ബസ്സ് വെയിറ്റ് ചെയ്ത് നിൽക്കണ്ട ഒരു സാഹചര്യമുണ്ടായി.. ഈ സമയം കൊണ്ട് അവിടെ ഉണ്ടായിരുന്ന ജീവനക്കാരനുമായി കുറെ അധികം നേരം എന്തൊക്കെയോ വിശേഷങ്ങൾ സംസാരിച്ച ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ബസ്സ് വരാൻ വൈകുന്തോറും ഞങ്ങളുടെ സംസാരം തുടർന്നുകൊണ്ടേയിരുന്നു.. ഇതിനിടെ, ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ഒരു മൾട്ടി ആക്സിൽ വോൾവോ ബസ് നല്ല സ്പീഡിൽ അതുവഴി വന്നു. പതിവുപോലെ ഇദ്ദേഹം എനിക്കുവേണ്ടി ബസ് കൈകാട്ടി നിർത്തിച്ചു. അല്പം വൈകി പോകുന്നതായിരുന്ന കൊണ്ടായിരിക്കണം നിർത്താൻ അവർക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല.
ഈ വിവരങ്ങൾ ഒന്നും ശ്രദ്ധിക്കാതെ, നിർത്തിയ ബസ്സിൽ ഞാൻ കയറി. ഡ്രൈവറും ക്ലീനറും ഇരിക്കുന്ന ക്യാബിനിലൂടെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു, ആദ്യം കണ്ട ഒഴിഞ്ഞ സീറ്റിൽ തന്നെ ഞാൻ ഇരിപ്പ് ആരംഭിച്ചു. നാലഞ്ചു മിനിട്ടിനുശേഷം, എറണാകുളത്ത് എപ്പോൾ എത്തും എന്ന് ഒന്ന് ചോദിച്ചു കളയാം എന്ന ധാരണയിൽ ബസ്സിൽ നിന്നും ഡ്രൈവർ ക്യാബിനിലേക്കുള്ള ഒരു കിളി വാതിൽ അല്പം തുറന്നു.
അകത്ത് ഡ്രൈവറും ക്ലീനറും തമ്മിൽ വാഗ്വാദം നടക്കുകയാണ്. ഞാൻ കാതോർത്തു. ഞാനാണ് വിഷയം. ക്ലീനർ ഡ്രൈവറോട് നല്ല മലയാളത്തിൽ കയർക്കുകയാണ്... അവരുടെ സംസാരം ഏതാണ്ട് ഇപ്രകാരമായിരുന്നു.
ഇന്ന് ഒരുത്തൻ കേറി! നാളെ മൂന്നാലുപേർ കേറിയാലോ? - ക്ലീനർ.
എല്ലാവരെയും കേറ്റെണ്ടി വരും - ഡ്രൈവർ.
ഇതിനൊക്കെ മ്മള് സമാധാനം പറയേണ്ടിവരും...
പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ...
ചേട്ടൻ ഒന്ന് സമ്മതിച്ചാൽ ഇക്കാര്യം ഞാൻ സെറ്റ് ആക്കാം...
ഞാനായിട്ട് സമ്മതിക്കില്ല നെന്‍റെ സ്വന്തം ഇഷ്ടപ്രകാരം എന്താന്നു വെച്ചാൽ ആയിക്കോ...
എന്നാ ഞാൻ പൈസ ചോദിക്കട്ടെ?
നീ ആദ്യം അയാൾ ചെക്പോസ്റ്റ് സ്റ്റാഫ് ആണോ എന്ന് കണ്ടുപിടിക്ക്‌..
അതെങ്ങനെ പറ്റും ?
പുള്ളി സ്റ്റാഫ് ആണെങ്കി എന്തെങ്കിലും കാർഡ് കാണില്ലേ? അത് ചോദിച്ചാൽ മതി
കാർഡ് ഇല്ലെങ്കി?
കാർഡ് ഇല്ലെങ്കി പൈസ വാങ്ങണം...
എന്നാ ചോദിക്കട്ടെ?
ഉം..
ആ അവസാനത്തെ ' ഉം' വലിയ ഞെട്ടലോടെയാണ് ഞാൻ കേട്ടത്.
എ സി ബസ് ആയിരുന്നിട്ടും ഞാൻ നന്നായി വിയർത്തു.. കുളിച്ച് കുറിയും തൊട്ട് സുന്ദര കുട്ടപ്പൻ ആയി അതിരാവിലെ ബസ്സിൽ കയറി ഇരിക്കുന്ന ഞാൻ കള്ളത്തരം കാണിച്ചതിന്റെ പേരിൽ നല്ല ഇടി കൊള്ളാൻ പോവുകയാണ്.. ഇടി തരുന്നതിനിടയിൽ മുൻപ് എപ്പോഴെങ്കിലും ഇതേ ബസിൽ കയറിയത് പരാമർശിക്കപ്പെട്ട്‌, മുൻകാല പ്രാബല്യത്തിൽ തല്ല് കിട്ടുന്നതും ഞാൻ ഇതിനിടെ വിഷ്വലൈസ് ചെയ്തു..
ഇവിടെ ഇറങ്ങിക്കൊള്ളാം ഞാൻ എന്നു പറയാൻ എന്റെ മനസ്സ് വല്ലാതെ തുടിച്ചു. പക്ഷേ ഇനി എവിടെയും നിർത്താൻ സാധ്യതയില്ല എനിക്ക് തന്നെ അറിയാമായിരുന്നു. അതുകൊണ്ട് വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ച്, ഒരു ജാതി, വിയറ്റ്നാം കോളനിയിൽ റാവുത്തരിന്റെ മുന്നിൽ പെട്ട ഇന്നസെന്റിന്റെ മുഖഭാവത്തോടെ ഞാൻ ഇരുന്നു കൊടുത്തു.
ഇതിനിടെ ക്യാബിൻ വാതിൽ തുറന്നു ക്ലീനർ അകത്തെത്തി. വളരെ വിനയാന്വിതനായി എന്നോട് ചോദിച്ചു.
സാർ എവിടേക്കാ?
ബാഹുബലി സിനിമയിൽ പെരുമ്പറ കൊട്ടുന്നത് പോലെ പിടയുന്ന നെഞ്ചുമായി ഞാൻ മറുപടി പറഞ്ഞു.. കൊച്ചി.
സർ ചെക്പോസ്റ്റിൽ നിന്നല്ലേ കയറിയത്?
അതെ.
ചെക്ക്പോസ്റ്റിലെ ഐഡി... നമുക്ക് ഒന്ന് കാണാൻ പറ്റുമോ?
ക്ലീനർ നേരിട്ട് കാര്യത്തിലേക്കു കടന്നു.
വിയർത്തുകുളിച്ച ഞാൻ, കയ്യിൽ കാണില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ജീൻസിന്റെ ബാക്ക് പോക്കറ്റിൽ നിന്നും പേഴ്സ് പുറത്തെടുത്ത് എന്തിനോ വേണ്ടി പരതൽ തുടങ്ങി.
എടുത്തു വച്ചാൽ മതി ഞാൻ വന്നു നോക്കി കൊള്ളാം എന്നുപറഞ്ഞ് ക്ലീനർ തിരികെ കാബിനിലേക്ക് പോകാൻ ശ്രമിച്ചു..
പോലീസുകാർ ചെക്കിങ്ങിനു പിടിച്ചു കഴിയുമ്പോൾ മലയാളികൾ പതിവായി പറയുന്നതുപോലെ, ഇതിനകത്ത് ഉണ്ടായതാണല്ലോ എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത കാർഡിനായി തപ്പൽ തുടരുന്നതിനിടെ എന്റെ ശ്രദ്ധ ഒരു വിശിഷ്ട വസ്തുവിൽ ഉടക്കി.
പാൻ കാർഡ്!
ഒന്നുരണ്ട് ആഴ്ച മുമ്പ് പാൻ കാർഡ്, ടാക്സ് കൊടുക്കുന്ന ആളുകൾക്ക് ഭയങ്കര പാരയായി വരാൻ പോകുന്ന ഒരു സംവിധാനം ആണെന്നും ഇനി മുതൽ നമ്മളുടെ എല്ലാ ചലനങ്ങളും നിയന്ത്രിക്കാൻ ശക്തിയുള്ളതാണെന്നും, ഓഫീസിൽ ആ വിഷയത്തിൽ ഒരു വിവരവുമില്ലാതെ തർക്കിക്കുകയും, ഇത് എടുത്തില്ലെങ്കിൽ തല പോകും എന്ന് പേടിച്ച് ആരും അറിയാതെ അപേക്ഷിക്കുകയും ചെയ്ത് കഴിഞ്ഞ ദിവസം പോസ്റ്റിൽ വന്നത്, പേഴ്സിൽ സൂക്ഷിച്ചിരിക്കുകയാണ്..
ആളുകൾ ഇതെന്താണ് എന്ന് അറിഞ്ഞു പോലും തുടങ്ങിയിട്ടില്ലാത്തതിനാൽ ഇങ്ങനെയൊരു സാധനം ആരും കണ്ടിട്ട് തന്നെയില്ല.
ഞാൻ പാൻ കാർഡ് പേഴ്സിൽ നിന്ന് പതുക്കെ പുറത്തെടുത്തു. ക്ലീനറിന് നേരെ നീട്ടി.
ക്ലീനർ, കാർഡ് തിരിച്ചും മറിച്ചും നോക്കി.
മുകളിൽ അതാ പ്രിന്റ് ചെയ്തിരിക്കുന്നു..
ഇൻകംടാക്സ് ഡിപ്പാർട്ടുമെന്റ് എന്ന് ഇംഗ്ലീഷിലും ആയ്‌കർ വിഭാഗ് എന്ന് ഹിന്ദിയിലും...
താഴെ വലിയ അക്ഷരത്തിൽ എന്റെ പേരും ഫോട്ടോയും....
ആൾ ഭയഭക്തി ബഹുമാനത്തോടെ എനിക്ക് കാർഡ് തിരികെ തന്നു...
പിന്നെ പേടിച്ച് പിച്ചും പേയും പറയാൻ ആരംഭിച്ചു...
ക്ഷമിക്കണം സാർ.. ഞങ്ങളിങ്ങനെ വെറുതെ..
ഞങ്ങളില്ല സർ..
എന്താ സർ ഞങ്ങളിങ്ങനെ...
നടുക്കേക്ക്‌ ഇരിക്കാരുന്നില്ലെ...എസി കൂടുതൽ കിട്ടും..
വെള്ളം പൊതപ്പ്‌ എന്തെങ്കിലും വേണോ സർ...
പോട്ടെ സർ...
പിന്നെ, ആമ തല വലിക്കും പോലെ കാബിനകത്തേക്ക്‌ ഊർന്നിറങ്ങി...
എന്തായാലും അന്നത്തോടെ കാബിനിൽ നിന്ന് തന്നെ പൈസ കൊടുത്ത ശേഷമേ ഞാൻ അകത്ത് കയറുമായിരുന്നുള്ളു.. പാൻ കാർഡ് ഇപ്പൊ കോമൺ ആവുകയും ചെയ്തല്ലോ...

Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot