നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 2

ആ കാഴ്ച്ച കണ്ട് അവൾ വീണ്ടും അലറിവിളിച്ചു!
ടോർച്ചടിച്ച് അവൾ വാതിലിന് നേർക്ക് അലറിവിളിച്ചുകൊണ്ട് ഓടി.
"തുറക്ക് പ്ളീസ് വാതിൽ തുറക്ക്..ആരെങ്കിലും വാതിൽ ഒന്ന് തുറക്കണേ പ്ളീസ്..ഹെൽപ്! രക്ഷിക്കൂ പ്ളീസ്! പ്ളീസ് ഹെൽപ് മി!"അവൾ കരഞ്ഞുകൊണ്ട് വാതിലിൽ തുരുതുരെ മുട്ടി  വിളിച്ചുകൂവി.അവളുടെ ശരീരം ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു!
"എന്തിനാ എന്നെയിവിടെ കൊണ്ടിട്ടിരിക്കുന്നത്?നിങ്ങൾക്ക് ആള് മാറിയതാവാം..പ്ളീസ് എന്നെ തുറന്നുവിട് പ്ളീസ്.." അവൾ കരഞ്ഞുപറഞ്ഞിട്ടും ആരും ആ വഴി വന്നില്ല.ഇതിനിടയ്ക്ക് ടോർച്ച് അവളുടെ കൈയിൽ നിന്നും താഴെ വീണ്  ഓഫ് ആയി.മുറിയിൽ ആകെ ഉണ്ടായിരുന്ന വെളിച്ചം അണഞ്ഞു! തിരികെ മുറിക്കകത്തേക്ക്  പോവാൻ അവൾക്ക് ഭയം തോന്നി.താൻ ലോകത്ത് ഏറ്റവും ഭയക്കുന്ന ജീവിയാണ് ആ കണ്ണാടിക്കൂട്ടിൽ കിടക്കുന്നത് ! ഭയം അവളുടെ മനസ്സിനെ കീഴടക്കി.അവൾ വാതിലിനരികിൽ തന്നെ ചുരുണ്ടുകൂടി ഇരുന്നു.കണ്ണുകളടച്ചാൽ ആ സാധനം കണ്ണാടിച്ചില്ലും  പൊട്ടിച്ച് തന്റെ നേർക്ക് ഇഴഞ്ഞുവന്നേക്കുമോ എന്ന ഭയം കൊണ്ട് അവൾ ഒരു പോള  കണ്ണടച്ചില്ല.
തന്നെ ഇവിടേക്ക് കൊണ്ടുവന്നവർ അത്ര ചില്ലറക്കാരല്ല എന്നവൾക്ക് മനസ്സിലായി.കരുതിക്കൂട്ടി ആണ് അവർ എല്ലാം ചെയ്തിരിക്കുന്നത് .പക്ഷെ എന്തിനുവേണ്ടി..? അവൾക്ക് ഉത്തരം കിട്ടിയില്ല..
വെളുപ്പിനെ വരെ അവൾ ഒരുവിധം ഉറങ്ങാതെ പിടിച്ചുനിന്നു.പക്ഷെ ഇടയ്ക്കെപ്പഴോ അവൾ ഒന്ന് മയങ്ങിപ്പോയി..ഒരു പെരുമ്പാമ്പ് തന്റെ നേർക്ക് വായും പൊളിച്ച് വരുന്ന ഭീകര സ്വപ്നം കണ്ടാണ് അവൾ ഞെട്ടി എഴുന്നേറ്റത്..മുറിയിൽ ചെറിയ വെളിച്ചമുണ്ടായിരുന്നു.മുറിയുടെ മുകളിലായി വെന്റിലേഷന്റെ രണ്ടു മൂന്ന് ഹോൾ ഉണ്ട് .അത് വഴി അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ്   മുറിയിൽ. അവൾ ആ മുറി മുഴുവനായൊന്ന് നോക്കി.പെരുമ്പാമ്പിനെ ഇട്ടിരിക്കുന്ന ആ ഗ്ലാസ് ടാങ്കും ഒരു കൂജയും ഗ്ലാസും  ഒഴിച്ചാൽ ആ മുറിയിൽ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു..

ഗ്ലാസ് ടാങ്ക് ഇരിക്കുന്ന ഭാഗത്തേക്ക് അവൾ നോക്കിയതേ ഇല്ല! ഇന്നലത്തെ വെപ്രാളത്തിനിടയ്ക്ക് താഴെ വീണ ടോർച്ച് കൈയിൽ കിട്ടി.അവൾ അത് ജനലിന്റെ സൈഡിൽ വെച്ച് വേഗം ബാത്റൂമിലേക്ക് നടന്നു.ആ ബാത്റൂമിന്റെ  അവസ്ഥ കണ്ട് അവൾക്ക് ഓക്കാനിക്കാൻ  വന്നു.അത്രയ്ക്കും വൃത്തിഹീനമായിരുന്നു അതിനകം! അവിടെ ഒരു ബക്കറ്റും മഗും ഉണ്ടായിരുന്നു.വേറെ നിവർത്തിയില്ലാത്തത്കൊണ്ട് അവൾ അതിനകത്ത് കയറി തന്റെ പ്രാഥമിക കാര്യങ്ങൾ കഴിച്ചു.തിരികെ മുറിയിലെത്തിയപ്പോൾ അവിടെ നിലത്ത് ഒരു ബ്രഡിന്റെ കവറും രണ്ട് പഴവും ഒരു വാട്ടർ ബോട്ടിലും ഉണ്ടായിരുന്നു.

അത് എങ്ങനെ അവിടെ വന്നുവെന്ന് അവൾക്ക് മനസ്സിലായില്ല. ആരെങ്കിലും വാതിൽ തുറന്ന് വന്നതാകുമോ?അപ്പോഴാണ് മുറിയുടെ വാതിലിൽ തന്നെ ഉള്ള ഒരു ചെറിയ  കിളിവാതിൽ  അവൾ ശ്രദ്ധിച്ചത്. അത് ഇപ്പൊ അടച്ചിട്ടിരിക്കുകയാണ്. അത് പുറത്തുള്ളവർക്ക് തന്നെ നിരീക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വെളിയിൽ  നിന്ന് മാത്രമേ അത് തുറക്കാൻ പറ്റുള്ളുവെന്നും   അവൾക്ക് മനസ്സിലായി.ആഹാരം കഴിക്കണോ വേണ്ടയോ എന്നവൾ സംശയിച്ച് നിന്നു.പക്ഷെ നല്ല വിശപ്പുള്ളതുകൊണ്ടും ഇനി അടുത്ത ആഹാരം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലാത്തത്കൊണ്ടും വെറുതെ വാശിപിടിച്ചിട്ട്  കാര്യമില്ലെന്ന് അറിയാവുന്നത്കൊണ്ടും  അവൾ പെട്ടെന്ന് തന്നെ ബ്രെഡും പഴവും ആർത്തിയോടെ വാരിവലിച്ച് കഴിച്ചു.ഇടയ്ക്ക് വെള്ളവും കുടിച്ചു.വൈകിട്ടത്തേക്ക് കുറച്ച് ബ്രഡ്  മാറ്റിവെച്ചു.
താൻ  കിഡ്നാപ് ചെയ്യപെടുന്നതിനു മുൻപുള്ള ദിവസം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. മെക്സിക്കോയിൽ ഒരു റിസോർട്ടിൽ റിസെപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു താൻ . കോട്ടേജിൽ  പുതിയ താമസക്കാർ വന്നിട്ടുണ്ടെന്നും അവർക്ക് തന്നെ പരിചയപ്പെടണമെന്നും പറഞ്ഞതനുസരിച്ച് താൻ അവരുടെ മുറിയിലേക്ക് ചെന്നു.
പക്ഷെ റൂമിൽ ആരെയും കണ്ടില്ല.തിരികെ പോവാൻ തുടങ്ങിയതും ആരോ പിറകിൽ നിന്നും തന്റെ വായ് പൊത്തിപ്പിടിച്ചു! പിന്നീട് കഴുത്തിലേക്ക് എന്തോ കുത്തിയിറക്കി അതോടെ തന്റെ ബോധവും നഷ്ട്ടപ്പെട്ടു..എത്ര സമയം താൻ ബോധമില്ലാതെ മയങ്ങിക്കിടന്നുവെന്ന് അവൾക്ക് അറിയില്ല.ഇവിടെ ഈ മുറിയിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.ഇതേതാണ് സ്ഥലമെന്നും മനസ്സിലാവുന്നില്ല.
സമയം പൊയ്ക്കൊണ്ടിരുന്നു.വെയിലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അവൾ സമയം ഊഹിച്ചു.കണ്ണാടിക്കൂട്ടിൽ കിടക്കുന്ന സാധനത്തെ അവൾ  ഇടയ്ക്കിടെ  ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.അത് അവിടെ അങ്ങനെ തന്നെ കിടപ്പുണ്ട്.
അവൾ വാതിലിന് നേർക്ക് നടന്നു.
"ഞാൻ പറയുന്നത് അവിടെ  ആരെങ്കിലും കേൾക്കുന്നുണ്ടോ?നിങ്ങൾക്ക് ആള് മാറിയതാവാം.എന്നെ എന്തിനാ ഇവിടെ പിടിച്ചുകൊണ്ടിട്ടിരിക്കുന്നത്?ആരെങ്കിലും ഒന്നിവിടേക്ക് വരുമോ?പ്ളീസ് ഹെല്പ് മീ..!പ്ളീസ്..പ്ളീസ്.."അവളുടെ അപേക്ഷ കരച്ചിലിലേക്ക് വഴിമാറി. മുറിയിൽ ഇരുട്ട് വീഴുന്നതിന് മുൻപ് ബാക്കി ഉണ്ടായിരുന്ന ബ്രഡും കഴിച്ചുതീർത്തു. രണ്ടാം ദിവസം  വാതിൽ തുറന്ന് ആരും വന്നില്ല. അന്നവൾ പട്ടിണി  ആയിരുന്നു.തുറക്കില്ലെന്നറിഞ്ഞിട്ടും ജനലിന്റെ കുറ്റി  മാറ്റാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.വാതിലിനരികിൽ ചെന്ന് രക്ഷിക്കണമേയെന്ന് കരഞ്ഞപേക്ഷിച്ചു.ടോർച്ച് കൈയിൽ പിടിച്ച് അവൾ വാതിലിൽ ചാരി ഇരുന്ന് ഇടയ്ക്ക് മയങ്ങിയും സ്വപ്നം കണ്ട് ഞെട്ടി ഉണർന്നും ശബ്ദമില്ലാതെ കരഞ്ഞും നേരം വെളുപ്പിച്ചു.
മൂന്നാം ദിവസം അവൾ ബാത്‌റൂമിൽ  കയറുന്ന സമയത്ത് ആരോ വാതിൽ  തുറക്കുന്ന ശബ്ദം കേട്ടു.അവൾ അങ്ങോട്ട് നോക്കിയതും ആരോ അകത്തേക്ക് ഒരു ബ്രഡിന്റെ കവറും പഴവും വെള്ളവും എറിയുന്നത് കണ്ടു.അവൾ അങ്ങോട്ടേക്ക് ഓടി ചെന്നു.വെളിയിൽ നിൽക്കുന്ന ആൾ അപ്പോഴേക്കും ആ വാതിൽ   അടച്ചു കഴിഞ്ഞിരുന്നു!
"പോവല്ലേ..പ്ളീസ് എനിക്ക് പറയാനുള്ളതൊന്ന് കേൾക്കു..പൈസയ്ക്ക് വേണ്ടിയാണോ നിങ്ങൾ എന്നെ ഇവിടെ അടച്ചിട്ടിരിക്കുന്നത്?അങ്ങനെ ആണെങ്കിൽ നിങ്ങൾക്ക് തെറ്റി.എന്റെ കൈയിൽ ഒന്നുമില്ല.നിങ്ങൾ ഉദ്ദേശിക്കുന്നത്പോലെ ഞാൻ ഒരു പണക്കാരിയല്ല..എന്റെ കൈയിൽ ചില്ലിക്കാശില്ല.ദയവ് ചെയ്ത് നിങ്ങൾ ആരെങ്കിലും എന്നോടൊന്ന് സംസാരിക്കാൻ വരു.നിങ്ങൾക്കാള് മാറിയതാവാം..ഞാൻ പറയുന്നതാരെങ്കിലും കേൾക്കുന്നുണ്ടോ?" അവൾ അലറിവിളിച്ചു.
മറുപടി ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ അവൾ വീണ്ടും അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.
പിറ്റേന്ന് ആ വാതിൽ   വീണ്ടും തുറന്നപ്പോൾ അവൾ മുറിയിൽ  ഭിത്തിയിൽ ചാരി ഇരിപ്പുണ്ടായിരുന്നു.ഇന്നലെ വന്ന അതെ ആൾ തന്നെ ആയിരുന്നു ഇന്നും ആഹാരവുമായി വന്നത്.ഇന്നലെ  കൊണ്ടിട്ട  ബ്രഡും പഴവും വെള്ളവും അതേപോലെ അവിടെ തന്നെ ഇരിക്കുന്നത് അയാൾ കണ്ടു..അവൾ അതൊന്നും തൊട്ടുനോക്കിയിട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി.അയാൾ പെട്ടെന്ന് വാതിൽ അടച്ചു.അയാൾ പോയിക്കാണുമെന്നാണ് അവൾ വിചാരിച്ചത്.പക്ഷെ കുറച്ച് കഴിഞ്ഞ് അയാൾ ആ കിളിവാതിൽ തുറന്ന് അവളെ നോക്കി.അവൾ ആഹാരമൊന്നും തൊട്ടുനോക്കാതെ ഭിത്തിയിൽ ചാരി അതെ പടി ഇരിക്കുകയായിരുന്നു.അയാൾ ഫോൺ വിളിച്ച് ആരോടോ എന്തോ സംസാരിക്കുന്നത് അവൾ കണ്ടു.എന്താണ് സംസാരിക്കുന്നതെന്നോ ഏത് ഭാഷയാണെന്നോ ഒന്നും അവൾക്ക് കേൾക്കാൻ പറ്റിയില്ല.ആ കിളിവാതിലിൽ  കൂടി അയാളുടെ മുഖം മാത്രമാണ് കാണാൻ കഴിഞ്ഞത്. അയാളുടെ പിറകിൽ ആകാശമല്ലാതെ വേറൊന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല.താൻ ഏതോ കെട്ടിടത്തിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിലാണെന്ന്  അവൾക്ക് മനസ്സിലായി.അയാളുടെ  മുഖം കണ്ടിട്ട് ഒരു മലയാളിയെ  പോലെ ഉണ്ട്.അയാൾ ആ കിളിവാതിലിനടുത്തേക്ക്  വന്ന് അവളെ ഒന്ന് നോക്കി.
ഒന്നും മിണ്ടാതെ കിളിവാതിൽ   അടയ്ക്കാൻ തുടങ്ങിയതും അവൾ എഴുന്നേറ്റ്  ഓടി അയാളുടെ അടുത്തേക്ക് ചെന്നു.പക്ഷെ അപ്പോഴേക്കും അയാൾ അത് അടച്ച് നടന്ന് നീങ്ങിയിരുന്നു!
അവൾ ശക്തിയായി വാതിലിൽ ആഞ്ഞടിച്ചു.കൈ വേദനിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.അവൾ ഒന്നും മിണ്ടാതെ തിരികെ പഴയ സ്ഥാനത്ത്  ചെന്നിരുന്നു.കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ച് കരഞ്ഞു.
അഞ്ചാം  ദിവസം അയാൾ കിളിവാതിൽ  തുറന്നപ്പോൾ അവൾ തറയിൽ തളർന്ന് കിടക്കുകയായിരുന്നു.ഇന്നലെയും മിനിങ്ങാനും കൊണ്ടിട്ട ബ്രഡിന്റെ കവറുകളും വെള്ളത്തിന്റെ ബോട്ടിലും അതെ പോലെ തന്നെ അവിടെ കിടപ്പുണ്ട്.അവൾ നിരാഹാര സമരം ആരംഭിച്ചുവെന്ന് അയാൾക്ക് മനസ്സിലായി.അയാൾ ആ കിളിവാതിലിനടുത്തേക്ക്  തന്റെ മുഖം അടുപ്പിച്ചു.
അയാൾ വന്നത് അവൾ അറിഞ്ഞിരുന്നു.
"നിരാഹാര സമരം ആണോ?"അയാൾ ചോദിച്ചതുകേട്ട് അവൾ കിടന്നുകൊണ്ട് തന്നെ മുഖം ഉയർത്തി  അയാളെ നോക്കി.
"ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.ഭക്ഷണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും നിന്റെ  ഇഷ്ടം.പക്ഷെ ആഹാരം കഴിക്കാതിരുന്നാൽ പട്ടിണി കിടന്ന് ചാകുമെന്നല്ലാതെ ഇവിടുന്ന് രക്ഷപെടാമെന്ന് നീ  മോഹിക്കണ്ട."അയാൾ അവളെ പുച്ഛത്തോടെ നോക്കി.
"ഇതിലും ഭേദം മരണമാണ്..എന്നെ ഒന്ന് കൊന്നുതരാമോ?" അവൾ നിറകണ്ണുകളോടെ അയാളെ നോക്കി.
"നിന്നെ  ഇവിടെ കൊണ്ടുവന്നതിന് പിന്നിൽ ഞങ്ങൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ട്.അതെന്താണെന്ന് താമസിയാതെ നിനക്ക്  മനസ്സിലാവും.അത് വരെ കാത്തിരുന്നേ  പറ്റു..പിന്നെ കൂട്ടിന് ഇവനും ഉണ്ടല്ലോ.."അയാൾ മുറിക്കകത്തിരിക്കുന്ന കണ്ണാടിച്ചില്ലിനകത്തേക്ക് നോക്കി അവളെ കളിയാക്കി.അവൾ അയാളെ തന്നെ നോക്കി കിടന്നു..
"എന്റെ മുഖം ഓർത്തുവെയ്ക്കുവാണോ ?പിന്നീട് പോലീസിൽ പിടിച്ചുകൊടുക്കാൻ?എങ്കിൽ എന്റെ പേരും ഞാൻ പറഞ്ഞ് തന്നേക്കാം..എബി "അയാൾ അവളെ പരിഹസിച്ചു.അവൾ പതിയെ എഴുന്നേറ്റു.
"ഇപ്പൊ നിങ്ങൾ പറഞ്ഞല്ലോ..ഞങ്ങൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ടെന്ന്.ആരാ ഈ 'ഞങ്ങൾ'?..നിങ്ങളുടെ കൂടെ വേറെ ആരൊക്കെയോ ഉണ്ട്..പറയ്.. ഇതേതാ സ്ഥലം? എന്നെ എന്തിനാ ഇവിടെ പൂട്ടി ഇട്ടിരിക്കുന്നത്?എന്താ നിങ്ങളുടെ ഉദ്ദേശം?കാശാണോ?എന്റെ വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തി കോടികൾ തട്ടി എടുക്കാമെന്ന ആഗ്രഹം വല്ലതുമുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി! ഞാൻ കാൽകാശിന് ഗതിയില്ലാത്ത ഒരു അനാഥ ആണ്.എനിക്ക് സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരുമില്ല. ഞാൻ ഇവിടെ കിടന്ന് ചത്താലും ആരും അന്വേഷിച്ച് വരില്ല."അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
"കിടന്ന് ചിലയ്ക്കാതെ മരിയാദയ്ക്ക് ആഹാരം എടുത്ത് കഴിച്ചോ കൊച്ചെ .ഇല്ലെങ്കിൽ ഇനി ആഹാരം കൊണ്ടുവരുന്നത്  ഞാൻ നിർത്തും.പിന്നെ നീ മുഴുപട്ടിണിയാവും."എബി  ആ കിളിവാതിൽ  അടയ്ക്കാൻ തുടങ്ങി.അവൾ ഓടി അയാളുടെ  അടുത്തേക്ക് ചെന്നു.
"പ്ളീസ് എന്നെ ഒന്ന് തുറന്ന് വിട്..എന്നെ ഇങ്ങനെ ഇട്ട് ദ്രോഹിക്കാൻ ഞാൻ എന്ത് പാപം ചെയ്തു?"അവൾ കണ്ണീരോടെ അയാളെ നോക്കി.
"പാപം ഒന്നും ചെയ്തിട്ടില്ല എന്ന് അത്രയ്ക്ക് ഉറപ്പുണ്ടോ?"എബി  അവളോട് ചോദിച്ചു.അവൾ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
അവൾക്കെന്തെങ്കിലും ചോദിക്കാൻ പറ്റും  മുൻപേ ആ കിളിവാതിൽ  അടച്ച് അയാൾ സ്ഥലം വിട്ടു.അവൾ കണ്ണീരോടെ തിരികെ വന്ന് തറയിൽ കിടന്നു.അവൾ ഏങ്ങലടിക്കുന്ന ശബ്ദം ആ മുറിയിൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി.
ആറാം  ദിവസം ആയപ്പോഴേക്ക് ഭക്ഷണവും വെള്ളവും കുടിക്കാതെ അവൾ തീർത്തും അവശ ആയിരുന്നു.പതിവ് സമയത്ത് എബി  ഭക്ഷണവുമായി വന്ന് വാതിൽ   തുറന്നു.അവൾ പട്ടിണിയാണെന്ന് കണ്ടതും അയാൾ തന്റെ ഫോണിൽ നിന്നും ആരെയോ വിളിച്ച് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിച്ചു.
എബി  വന്നതും പോയതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു. പ്രതിഷേധം കാണിച്ചിട്ടും കാര്യമില്ലെന്നറിയാമെങ്കിലും ഈ അവസ്ഥയിലും നല്ലത് പട്ടിണികിടന്ന് മരിക്കുന്നതാണെന്ന് അവൾക്ക് തോന്നി.സമയം ഇഴഞ്ഞ് നീങ്ങി.രാത്രി ആയപ്പോൾ ആരോ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു! അവൾ ഭയന്ന് വിറച്ചു!എബി  ഇനി തന്നെ ഉപദ്രവിക്കാനോ മറ്റോ വരുന്നതാവുമോ എന്നവൾ ഭയപ്പെട്ടു.അവളുടെ കൈയിൽ ടോർച്ച് അല്ലാതെ മറ്റ് ആയുധങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.മുറിയുടെ വാതിൽ തുറന്നതും ഇരുട്ടിൽ എന്തോ ഒന്ന്   തന്റെ  നേർക്ക് തെറിച്ച് വീഴുന്നത് അവൾ അറിഞ്ഞു!

തുടരും.......
Click here to Real all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot