നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മെദ്ഹൻ.

Image may contain: Hussain Mk, closeup
നടുവിൽ പുകഞ്ഞ് കൊണ്ടിരിക്കുന്ന
മെദ്ഹനിലേക്ക്
ഊദിൻ കഷ്ണങ്ങൾ
നീക്കിവെയ്ക്കുകയാണ്
തടിയനായ സഹായി,
ആത്മീയാർത്ഥികളായ ആളുകൾ
ആനന്ദത്തിലേക്ക് പ്രവേശിക്കുമ്പോൾ
വിശപ്പിന്റെ ഉൾവിളികളാണ്
തടിയനിൽ നിന്നുയരുക,
ആദമിന്റെ കണ്ണുനീരിൽ കുരുത്ത
ഊദും ചന്ദനവും
ആത്മീയതയുടെ
അടയാളമാകാതിരിക്കുന്നതെങ്ങിനെ?
അണിയൊപ്പിച്ച് നിന്ന് അന്തരീക്ഷത്തെ
മന്ത്രധ്വനികളാൽ
ശബ്ദമുഖരിതമാക്കുമ്പോൾ
ശക്തിയായ വിശപ്പിനാൽ
വിറകൊള്ളാൻ തുടങ്ങിയിരുന്നു തടിയൻ,
നിന്നും ഇരുന്നും
ആടിയും പാടിയും
ആത്മീയ ദാഹികൾ നിർവൃതിയിലേക്കൂ -
ളിയിടുമ്പോൾ
തടിയൻ ആസ്വദിച്ചിരുന്നത്
ഊദിന്റെ ഗന്ധമായിരുന്നു.
അത് തന്റെ വേദനക്ക്
ഒരാശ്വാസവുമായിരുന്നു.
വയറ്റിലെ അസഹ്യമായ നീറ്റലും
വിശപ്പിന്റെ ആക്രമണവും
തന്റെ താളം തെറ്റിക്കുന്നുണ്ടെന്ന്
തടിയൻ മനസ്സിലാക്കി.
തടിയൻ എന്നാണ് പേര് എങ്കിലും
ശോഷിച്ചുപോയ തന്റെ
ശരീരത്തിന്റെ ഭാവിയെക്കുറിച്ച്
ബോധവാനാണ് മുഴുസമയവും.
ക്യാൻസർ കാർന്നുതിന്നുന്ന
തന്റെ ശരീരത്തിന്റെ ആന്തരാവയവങ്ങൾ
മരണമെന്ന ഉത്തരത്തിലേക്കാണ്
തന്നെ നയിക്കുന്നത്.
വേദനാസംഹാരി കഴിച്ച്
പ്രമേഹമാണെന്ന് ഭാര്യയെ
തെറ്റിദ്ധരിപ്പിച്ച്
തിരിഞ്ഞു കിടക്കുമ്പോൾ
ഉള്ളു തകരാറുണ്ട് എല്ലാ രാത്രികളിലും.
രോഗങ്ങൾ മരണത്തെയാണ്
ഓർമ്മിപ്പിക്കുന്നതെന്നറിയാവുന്ന തടിയൻ
ചികിത്സക്ക് വേണ്ട പണം
മക്കൾക്കായി നീക്കിവച്ചു.
നാളാൾ കൂടുന്നിടത്ത്
നാക്കിനെ ചുരുക്കി
നാട്ടാരുടെ മുമ്പിലും നന്നായി ചമഞ്ഞു.
വേദനയുടെ ദിനരാത്രങ്ങൾ
ക്ഷമയോടെ തള്ളിനീക്കുമ്പോഴും
ഉള്ളു പിടഞ്ഞിരുന്നത്
മക്കളെക്കുറിച്ചോർത്തായിരുന്നു.
വേദനയിലെ ക്ഷമ
ചെയ്തു കൂട്ടിയ പാപങ്ങൾക്കൊരു
പരിഹാരമാണെന്ന തിരിച്ചറിവാണ്,
തന്നെ തളരാതെ പിടിച്ചു നിർത്തുന്നത്.
മെദ്ഹനിലെ പുകച്ചുരുൾ
ഉയർന്നു പൊങ്ങവെ
ലൈറ്റണക്കപ്പെട്ടത്
വലിയൊരാശ്വാസമായിരുന്നു.
വയർ പൊത്തിപ്പിടിച്ച്
വിശപ്പിനേയും വേദനയേയും
ഒരു പോലെ ആശ്വസിപ്പിച്ചപ്പോൾ
മെദ് ഹനിലെ കനലുകൾ
തിളങ്ങാൻ തുടങ്ങിയിരുന്നു.
അവശേഷിക്കുന്ന
ഊദിൻ കഷ്ണങ്ങൾ കൂടി
മെദ് ഹനിൽ നിറയ്ക്കുമ്പോൾ
ഒരിറ്റു കണ്ണുനീർ തുള്ളി അതിൽ വീണുവോ?.
എല്ലാം കഴിഞ്ഞ് സദസ്സിൽ
വെളിച്ചം പരന്നപ്പോൾ
മുട്ടുകുത്തിക്കിടക്കുകയായിരുന്നു
തടിയൻ.
മുന്നിൽ എരിഞ്ഞടങ്ങിയ
ഊദിൻ കഷ്ണങ്ങളെപ്പോലെ
എരിഞ്ഞടങ്ങി, പ്രകാശം പരത്തി.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot