Showing posts with label AjinRKrishna. Show all posts
Showing posts with label AjinRKrishna. Show all posts

സ്ത്രീ വിരുദ്ധത | Ajin R Krishna

 

Great Indian kitchen നെ കുറിച്ചു ദീർഘമായ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ -
കേരളത്തിലെ ആചാരങ്ങളിൽ ഏറ്റവും സ്ത്രീ വിരുദ്ധത നിറഞ്ഞ ആചാരമെന്താണെന്നു ചോദിച്ചാൽ "വിവാഹം" എന്നൊരു ഉത്തരം മാത്രമേയുള്ളു.
പെണ്ണ്കാണൽ എന്ന ചടങ്ങിൽ നിന്നും ഈ വിരുദ്ധത തുടങ്ങുന്നു. പെൺകുട്ടിയെ വിൽക്കാനുള്ള എന്തോ ഒരു ചരക്കായി പ്രദർശിപ്പിക്കാനുള്ള ചടങ്ങ്. പെണ്ണുകാണാൻ വന്ന ചെക്കനും വീട്ടുകാരും പെൺകുട്ടിയെ അടിമുടി നോക്കി മാർക്കിടുന്ന ഏർപ്പാട്. ഈ ചടങ്ങിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു തലം കൂടെയുണ്ട്, പെൺകുട്ടിയുടെ സാമ്പത്തിക സ്ഥിതിയൊക്കെ നോക്കി വിലയിരുത്താൻ കാരണവന്മാർക്ക് കിട്ടുന്ന ഒരു അവസരം കൂടിയാണിത്.
ഇത്രയും പുരോഗതി പ്രാപിച്ചു എന്നു വീമ്പു പറഞ്ഞിട്ടും ഈ പെണ്ണുകാണലിൽ നിന്നും ആണുകാണലിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്.
അതു കഴിഞ്ഞാൽ പിന്നെയൊരു ചടങ്ങു "മോതിരകല്യാണം" അഥവാ എൻഗേജ്മെന്റ്. അതും പെണ്കുട്ടിയുടെ വീട്ടിൽ വച്ചു തന്നെയാകും. ഇത്തവണ ചെറുക്കന്റെ വീട്ടുകാർ മാത്രമല്ല കുറച്ചു നാട്ടുകാർ കൂടെ വന്നു പെണ്കുട്ടിയ്ക്ക് മാർക്കിടൽ പരിപാടി നടത്തുന്നുണ്ടാകും.
അപ്പോഴും പെണ്കുട്ടിക്ക് താൻ ഇനി മുതൽ ജീവിക്കാൻ പോകുന്ന ഭർത്താവിന്റെ വീടോ പരിസരമോ കാണാനുള്ള അനുമതി അപ്പോഴുമില്ല.
പിന്നെ കല്യാണം. ആ ദിവസം കുറച്ചു കൂടെ പിന്തിരിപ്പൻ സ്ത്രീ വിരുദ്ധ ചടങ്ങുകൾ കാണാൻ കഴിയും.
"താലി കെട്ടൽ" , ഈ വാക്കിൽ തന്നെയില്ലേ എന്തോ ഒരു പ്രശ്നം?കെട്ടിയിടാൻ പെണ്ണെന്താ പശുവോ പട്ടിയോ ആണോ?
അതു കഴിഞ്ഞാൽ അഗ്നി സാക്ഷിയായി വലം വയ്ക്കൽ പരിപാടി അപ്പോഴും സ്ത്രീ മുന്നിൽ നടക്കില്ല, അല്ലേൽ നടത്തിക്കില്ല കാരണം എന്നും പുരുഷന്റെ പുറകെ നടക്കാൻ വിധിക്കപ്പെട്ടവൾ ആണല്ലോ?
മറ്റൊരു പരിപാടി പാലും പഴവും കഴിക്കലാണ്, അതും ചെറുക്കൻ കഴിച്ചതിന്റെ ബാക്കി, ഇതു നിങ്ങൾ പെൺകുട്ടികൾക്കെതിരെ മറ്റൊരു കൂരമ്പാണ്, ഇനി മുതൽ നിങ്ങൾ ഭർത്താവിനെ കാത്തിരുന്നു അവൻ തിന്നതിന്റെ ബാക്കി മാത്രം തിന്നാൻ വിധിക്കപ്പെട്ടവരായി മാറുന്നു.
കല്യാണം കഴിഞ്ഞു പെൺകുട്ടി സ്വന്തം വീടും വീട്ടുകാരെയും വിട്ടു വരാൻ തയ്യാറാകേണ്ടി വരുമ്പോൾ പുരുഷന് അവിടെയും പ്രിവിലേജ് ആണ്. ഏതെങ്കിലും ഭർത്താവ് ഭാര്യ വീട്ടിൽ നിൽക്കാൻ തയ്യാർ ആയാൽ പോലും നാട്ടുകാർ ഉടനെ പറയും " അച്ചി വീട്ടിൽ പോയി നിൽക്കുന്നു"
കല്യാണം കഴിഞ്ഞു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞാൽ പിന്നെ പെൺകുട്ടി നാട്ടിലുള്ള സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് കാണാം, എന്തിനാണെന്നോ ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങി സ്ഥാപന ജൻഗമ വസ്തുക്കൾ ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലേക്ക് മാറ്റാൻ.
ചിലർക്ക് അത്രയും നാൾ വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടു നടന്ന പേര് പോലും നഷ്ടമാകും.
നിങ്ങൾക്ക് പലപ്പോഴും നഷ്ടപ്പെടുന്ന പല പ്രിവിലേജ്കളും പുരുഷന്റെ നിലനിൽപ്പിനു വേണ്ടിയുള്ളത് മാത്രമാണ്. എങ്ങനെയാണ് നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ജീവിക്കാൻ പോകുന്ന വീടും നാടുമൊന്നും കാണാതെ ഒരു തീരുമാനമെടുക്കാൻ കഴിയുന്നത്. അതുകൊണ്ട് എന്റെ പെണ്ണുങ്ങളെ കല്യാണത്തിന് മുൻപ് ഒരിക്കലെങ്കിലും നിങ്ങൾ ഭർത്താവാകാൻ പോകുന്നവന്റെ വീട് കാണാൻ ശ്രമിക്കുക, ഒന്നോ രണ്ടോ മണിക്കൂർ എങ്കിലും അവനോടൊപ്പം സംസാരിച്ചിരിക്കാൻ ശ്രമിക്കുക... ഈ വിരുദ്ധതയുടെ ചങ്ങലകൾ പൊട്ടിക്കുക.
-അജിൻ ആർ കൃഷ്ണ
മാറ്റങ്ങൾ അനിവാര്യമാണോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക 🔥

Written by Ajin R Krishna

ബോധോദയം


 എനിക്ക് പരിചയമുള്ള പെൺകുട്ടികളോട് ആവർത്തിച്ചു ഞാൻ പറയുന്നൊരു കാര്യമുണ്ട് " ചെറുതെങ്കിലും ഒരു ജോലി ചെയ്തു സ്വന്തമായി കുറച്ചു പൈസയുണ്ടാക്കാൻ എപ്പോഴും ശ്രമിക്കുക".

പലപ്പോഴും നമ്മുടെ സ്ത്രീകൾക്ക് ബോധോദയമുണ്ടാകുന്നത് മുപ്പത്തഞ്ചു നാല്പതു വയസ്സൊക്കെയെത്തുമ്പോഴാണ്, ഒരു ജോലി ഉണ്ടായിരുന്നുവെന്നെങ്കിലെന്ന തോന്നൽ ഈ പ്രായത്തിൽ ഉണ്ടായാലും ചിലപ്പോൾ നേടിയെടുക്കാൻ ബുദ്ധിമുട്ടുകൾ ഏറെയുണ്ടാകും.

വിദ്യാഭ്യാസതിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരള സ്ത്രീകൾ പലപ്പോഴും ജോലി നേടിയെടുക്കുന്നതിൽ ആ വൈഭവം കാണിക്കുന്നില്ല അതിനൊരു പ്രധാന കാരണം നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ കൂടിയാണ്.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കാലത്തു തന്നെയവരെ കല്യാണം കഴിച്ചു വിടുകയും, പിന്നെ കുട്ടികൾ, ഭർത്താവിന്റെ കുടുംബം തുടങ്ങി ബന്ധങ്ങളിൽ തിരക്കിൽ പെട്ടു ജോലി നേടുകയെന്നത് അവർക്ക് വിദൂരമായ ഒരു സ്വപനം മാത്രമാകും. ചിലർ ഒരു ജോലി നേടിയെടുക്കാൻ ശ്രമിച്ചാൽ ഉടനെ സ്ഥിരം കേൾക്കുന്ന ഒരു ഡയലോഗ് കേൾക്കാം 'നീ ജോലിക്ക് പോയി ജീവിക്കേണ്ട ഗതി കേടൊന്നും ഈ വീട്ടിലില്ല"

എന്റെ പെണ്ണുങ്ങളെ ഗതികേട് കൊണ്ടല്ല നിങ്ങൾ സ്വന്തം കാലിൽ നിൽക്കണം എന്നു ഞാൻ പറയുന്നത്. ദാമ്പത്യ ജീവിതത്തിന്റെ ശൈവകാലം കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ തോന്നി തുടങ്ങും ഒരു ജോലിയുണ്ടായിരുന്നുവെങ്കിൽ കുടുംബത്തിലും സമൂഹത്തിലും കിട്ടുന്ന മതിപ്പിനെ കുറിച്ചു.

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പെണ്കുട്ടികൾക്ക് കറിവേപ്പിലയുടെ വില മാത്രമേ ലഭിക്കൂ. വീട്ടിലെ പാത്രങ്ങളോട് മല്ലിട്ട് തീർക്കാതെ ജീവിതത്തിൽ പുതിയ ലോകങ്ങളെ കീഴടക്കാൻ കൂടെ ശ്രമിക്കൂ...

നാളെ എന്തെന്നതു നമ്മുക്ക് അറിയാൻ കഴിയില്ലല്ലോ, ഒറ്റപ്പെട്ടു പോകുന്ന ഒരു സാഹചര്യത്തിൽ പോലും സ്വന്തമായി ജോലിയെന്നത് നിങ്ങൾക്ക് സഹായകമാകും, ആരുടെയും മുന്നിൽ കൈ നീട്ടാതെ നിങ്ങൾക്ക് നിങ്ങളായി ജീവിക്കാം.

വഴിയരികിൽ കാണുന്ന കുഞ്ഞ്‌ കമ്മൽ വാങ്ങാൻ പോലും ഭർത്താവിന്റെ സമ്മതം വാങ്ങി കൈ നീട്ടി നിൽക്കുന്നതിലും എത്രയോ അഭിമാനമാണ് സ്വന്തം അക്കൗണ്ടിൽ നിന്നും പൈസയെടുത്തു ജീവിക്കാൻ കഴിയുന്നത്.
ജീവിതത്തിൽ എത്രയോ തവണ ആഗ്രഹിക്കുന്ന പലതും നിങ്ങൾക്ക് വാങ്ങാൻ കഴിയാതെ പോകുന്നുണ്ട്?
വാങ്ങുന്ന അടിവസ്ത്രത്തിന്റെ കണക്ക് വരെ ബോധിപ്പിക്കേണ്ടി വരുന്നുണ്ട്?

ഭർത്താവിന് എത്ര വലിയ ജോലിയുണ്ടെന്നു പറഞ്ഞാലും, നിങ്ങളുടെ വ്യക്തിത്വം നിങ്ങൾ എന്ത് നേടിയെന്നതാണ്. കല്യാണം കഴിയുന്നതോട് കൂടി ഭർത്താവിന്റെ ഐഡൻറിറ്റിയുടെ നിഴലിൽ ഒളിക്കാതെ സ്വയം ഉയർന്നു നിൽക്കുക.

സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതു മുതൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും വില കിട്ടി തുടങ്ങുന്നത് തിരിച്ചറിയാം... എന്നും ഭർത്താവിന്റെ അഭിപ്രായങ്ങൾക്ക് "അതെ" എന്നു മാത്രം ഉത്തരം നൽകാൻ കഴിഞ്ഞിരുന്ന നിങ്ങൾക്ക് " അല്ല" എന്നു കൂടെ പറയാൻ കഴിയും.

അതുകൊണ്ടു എന്റെ പെണ്ണുങ്ങളെ നിങ്ങൾ കഴിവതും കല്യാണത്തിനു മുൻപ് സ്വയം പര്യപ്തത കൈവരിക്കാൻ ശ്രമിക്കുക, അതിനും കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ മുപതുകളുടെ തുടക്കത്തിനുള്ളിൽ ഒരു ജോലി നേടാൻ ശ്രമിക്കുക... ജീവിതത്തിൽ എന്നും അവഗണന മാത്രമായി ജീവിക്കുന്നതിലും എത്രയോ നല്ലതാണ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയുന്നത്.

നിങ്ങൾ പഠിപ്പിച്ചു വാങ്ങിച്ച സർട്ടിഫിക്കറ്റുകൾ അലമാരിക്കുള്ളിൽ സൂക്ഷിച്ചു വയ്ക്കാൻ മാത്രമുള്ളതല്ല, നിങ്ങളുടെ നിലനിൽപ്പിനായി നിങ്ങൾ അധ്വാനിച്ചു നേടിയവ കൂടിയാണെന്നത് എന്നും ഓർമയിലിരിക്കട്ടെ.

- അജിൻ ആർ കൃഷ്ണ

പഞ്ചാര

Image may contain: 1 person, selfie and closeup

Ajin R Krishna
സ്കൂളിലെത്തി ആദ്യ ദിവസം തന്നെ ക്ലാസ്സിലെ സുന്ദരി കുട്ടിയെ പഞ്ചാരയടിച്ചു ഒരു വിധം വളച്ചു എന്ന തരത്തിലെത്തിച്ചു, വൈകുന്നേരം പോകാൻ സമയത്തു അവൾ എന്റെ ഫോൺ നമ്പർ ചോദിച്ചതു എന്നിൽ കൗമാര കാമുകനെ ഉണർത്തി... ക്ലാസിലെ മറ്റ് വായ്‌നോക്കികളെ അസൂയ പെടുത്തി അവളെ വളച്ചു...
സ്ഥിരമായി രാത്രികളിൽ ഫോൺ വിളിയായി മണിക്കൂറുകൾ...
"മം"
'പിന്നെ"
"പറ"
ഈ മൂന്നു വാക്കുകൾ ഗുരുവരന്മാർ മുൻപേ കണ്ടെത്തി വച്ചതു കൊണ്ടു എത്ര സംസാരിച്ചാലും മതി വരില്ലെന്നായി....
പെട്ടെന്ന് ഒരു ദിവസമാണ് ചങ്കിൽ കുത്തിയ പോലെ വില്ലന്റെ വരവ്... അവളുമായി അവൻ ഒരുമിച്ചു കൈ പിടിച്ചു പോകുന്നത് കണ്ടെന്നൊക്കെ ഓരോരുത്തർ എന്നൊടു പറയുമ്പോഴൊക്കെ
"അയ്യട നിനക്കു അവളെ കിട്ടാത്ത അസൂയ അല്ലേടെ തെണ്ടി" എന്നു പറഞ്ഞു കൊഞ്ഞനം കുത്തി...
അനിയത്തി പ്രാവിലെ സുധിയെ മനസ്സിൽ ധ്യാനിച്ചു പാവപവിത്രമായാ പ്രണയം കൊടുമ്പിരികൊണ്ടു നടക്കുന്ന കാലം...
സ്കൂൾ യുവജനോത്സവത്തിന്റെ ദിവസം നമ്മുടെ വില്ലൻ എന്നെ കാണാൻ വരുന്നു... കളരി പരമ്പര ദൈവങ്ങളെ മനസിൽ ഓർത്തു ഓടാൻ റെഡി ആയി ഞാനും
" അളിയാ, നീ അവളുടെ പുറകെ നടക്കുന്നെ നിർത്തിയെക്കു ഞങ്ങൾ തമ്മിൽ ഇഷ്ടമാണ്" വില്ലൻ മയത്തിൽ കാര്യം അവതരിപ്പിച്ചു
"ആഹാ അതെങ്ങനെ ശരിയാകും ഞങ്ങൾ തമ്മിൽ താജ്മഹൽ വരെ കെട്ടാൻ കാരാർ ഒപ്പിട്ടിരിക്കാ അപ്പോഴാ അവന്റെ ഒരു പ്രേമം, ഒന്നു പോടാ ചെക്കാ" എന്നും പറഞ്ഞു നെഞ്ചു വിരിച്ചു നിന്നപ്പോൾ വില്ലൻ നെഞ്ചിൽ കത്തി കുത്തിയിറക്കിയ പോലെ ഒരു മെസ്സേജ് എടുത്തു കാണിച്ചു....
"Ummmmmaa"
ഇന്നലെ രാത്രി അവൾ എനിക്ക് അയച്ച അതേ മെസ്സേജ് ...
പ്രണയനൈരാശ്യത്തിന്റെ കൊടുമുടിയിൽ നിന്നും താഴെ ഇറങ്ങാൻ നേരെ ക്ലാസ്സിലേക്ക് പോയി എന്റെ "തേപ്പിന്റെ ഗഥ" ഇറക്കി വച്ചു....
" ഡാ, എന്നാലും അവൾക്ക് എന്നോട് എങ്ങനെ ഇതു ചെയാൻ തോന്നി"
'അളിയാ എന്തൊക്കെ പറഞ്ഞാലും അവൾക്ക് നിന്നോട് ആണ് കൂടുതൽ ഇഷ്ടം" ബൈജു പറഞ്ഞു
"എന്നിട്ടണോടാ അവൾ ഇങ്ങനെ"
നീ ഈ മെസ്സേജിലേക്ക് സൂക്ഷിച്ചു നോക്ക് എന്തോ കണ്ടെത്തിയ പോലെ അവൻ പറഞ്ഞു...
" എന്തു"
"അവൾ നിനക്കു അയച്ച ഉമ്മയിൽ ഒരു 'M' കൂടുതലുണ്ട്, അപ്പോൾ അവൾക്ക് നിന്നെയാണ് കൂടുതൽ ഇഷ്ടം"
നെഞ്ചു തകർന്നിരുന്ന ഞാൻ അവനെ മലയാളത്തിലെ സംസ്‌കൃത കാവ്യങ്ങൾ കൊണ്ട് ആറാട്ട് നടത്തി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo