എന്റെ ഭാര്യയുടെ ദേഹം മുഴുവൻ വെളുത്ത പാണ്ടുണ്ടായിരുന്നു.ആളുകൾ അവജ്ഞയോടെ കണ്ടിരുന്നയാ വെളുത്തപാണ്ടുകൾ ഞാനവൾക്കലങ്കാരമായിട്ടാണ് കണ്ടത്.
കൊണ്ടുപോയ മനുഷ്യൻ വേണ്ട എന്നു പറഞ്ഞത് കൊണ്ടാവാം ചേച്ചിയുടെ സ്വർണമെല്ലാം ഊരിവെച്ചിട്ടാണവൾ പോയത്.
ചെക്കനും വീട്ടുകാരും പന്തലിൽ വന്നാകെ ബഹളം....
പെണ്ണ് കാരണം അവർക്കു മാനക്കെടുണ്ടായി,അതിനാൽ നഷ്ടപരിഹാരം വേണം എന്നൊക്കെ പറഞ്ഞു ചെക്കന്റെ അമ്മാവൻ അച്ഛനുമായി വല്യ തർക്കം നടത്തുന്നുണ്ട്.
ചേച്ചി ഇറങ്ങിപ്പോയി എന്നറിഞ്ഞപ്പോൾ പോയ അമ്മയുടെ ബോധം ഇതുവരെ തിരിച്ചു വീണിട്ടില്ല.
സംസാരത്തിനും തർക്കത്തിനുമൊടുവിൽ ചെക്കന്റെ അമ്മാവൻ ഒരു ബോംബിട്ടു. പെണ്ണിനൊരനിയത്തി ഉണ്ടല്ലോ തല്ക്കാലം മാനക്കേടൊഴിവാക്കാൻ അവളെ ചെറുക്കൻ കെട്ടട്ടെ അതല്ലേ നല്ലത്?
എന്റെ അച്ഛനും ബന്ധുക്കളും അവരുടെ തീരുമാനം അംഗീകരിച്ച മട്ടിൽ തലകുലുക്കി.അപ്പൊ എന്റെ സമ്മതത്തിനവിടെ പുല്ല് വില,എന്നോടെന്താ അഭിപ്രായം ചോദിക്കാത്തതെന്നു ഞാൻ മനസ്സിൽ ഓർത്തു.
പെണ്ണിനെ കെട്ടാൻ ഇഷ്ടമാണോ എന്നു ചെറുക്കനോട് ചോദിച്ചപ്പോൾ അയാൾക്കും സമ്മതം.എങ്ങനെ സമ്മതിക്കാതിരിക്കും? ചേച്ചിയെക്കാൾ സുന്ദരിയാണല്ലോ അനിയത്തി മാത്രല്ല 21വയസ്സ് പ്രായം എഞ്ചിനീയറിങ്ങിനു പഠിക്കേം ചെയ്യുന്നു, ചെറുക്കന് ഒന്നും നോക്കാതെ ഒരു എഞ്ചിനീയർ പെണ്ണ് ഫ്രീ.
ആഹാ അതാണപ്പോ എല്ലാരുടെയും മനസ്സിലിരിപ്പല്ലെ, ശരിയാക്കിത്തരാം.
അപ്പൊ ഇന്നത്തെ നേർച്ചക്കോഴി ഞാനാണ്, എന്നെ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചു കല്യാണം നടത്തി മാനക്കേടൊഴിവാക്കാനാണു എല്ലാവരും കച്ചകെട്ടി നിൽക്കുന്നത്.
സത്യം പറഞ്ഞാൽ ഇതിനൊക്കെ സമ്മതം മൂളിയ അച്ഛനെയും ബന്ധുക്കളെയും കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നിപ്പോയി .
അച്ഛനാണെങ്കിൽ എനിക്കീ വിവാഹത്തിന് സമ്മതമാണോ എന്നു പോലും ചോദിക്കാതെ വേഗം ചേച്ചിയുടെ സാരിയെടുത്തുടുത്തെന്നോട് പോയി റെഡിയാകാൻ പറഞ്ഞു...
"ക്ഷമിക്കണം അച്ഛാ എനിക്കീ വിവാഹത്തിന് സമ്മതമല്ല"....
അച്ഛൻ ഞെട്ടി!
മോളെ എന്റെ മാനമാണോ അതൊ നിന്റെ ഇഷ്ടമാണോ ഇപ്പൊ നിനക്ക് വലുത്? നിന്റെ നന്മക്കു വേണ്ടിയാണച്ചൻ പറയുന്നത്.ഇല്ലെങ്കി ഒളിച്ചോടി പോയ ചേച്ചി കാരണം നിനക്കൊരു നല്ല വിവാഹം പോലും വരില്ല. ഇവരാകുമ്പോ നല്ല തറവാട്ടുകാർ എല്ലാം അറിഞ്ഞു കൊണ്ട് നിന്നെ സ്വീകരിക്കും നീ ഇതങ്ങു സമ്മതിച്ചേക്കു..
ഇല്ലച്ചാ..എനിക്കിപ്പോ അച്ഛന്റെ മാനമല്ല എന്റെ ഇഷ്ടമാണ് വലുത്.
അച്ഛന്റെ മാനം സംരക്ഷിക്കാൻ ഇഷ്ടമല്ലാത്ത ഒരാളുടെ ഭാര്യയായി ജീവിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്.കെട്ടിത്തൂങ്ങും വിഷം കഴിച്ചു മരിക്കും എന്നൊക്കെയുള്ള ഭീഷണി അച്ഛൻ വെറുതെ എന്റെ നേരെ ഉയർത്തി സമയം കളയണ്ട ചേച്ചിയെ പോലെ ആ ഭീഷണിയിൽ ഞാൻ വീഴില്ല. ചേച്ചിയെ കിട്ടിയില്ലെങ്കിൽ അനിയത്തി എന്ന രീതി ദയവായി എന്റെ മേലാരും അടിച്ചേൽപ്പിക്കരുത്.
ശരിക്കും ഇതിനൊക്കെ ഉത്തരവാദി അച്ഛൻ തന്നെയാണ്.ചേച്ചിക്ക് ഒരാളെ ഇഷ്ടമാണെന്നവൾ ഈ വിവാഹമുറപ്പിക്കുന്നതിനു മുന്നേ തന്നെ അച്ഛനോട് പറഞ്ഞതല്ലെ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളായത് കൊണ്ടച്ഛനവളുടെ ഇഷ്ടത്തെ എതിർത്തു.
അച്ഛാ അയാൾക്ക് സമ്പത്തിനല്ലേ കുറവുണ്ടായിരുന്നുള്ളൂ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലേ?
വീട്ടുകാരെയും കൂട്ടി ചേച്ചിയെ മാന്യമായി പെണ്ണാലോചിച്ചു വന്ന ആ മനുഷ്യനെ അച്ഛൻ അപമാനിച്ചിറക്കി വിട്ടില്ലേ?.അച്ഛന് ചേച്ചിയുടെ സന്തോഷമല്ല മറിച്ചു പണവും സാമ്പത്തുമായിരുന്നു വലുത്. എന്നിട്ടിപ്പോ എന്ത് സംഭവിച്ചു അവൾ അവൾക്കിഷ്ടമുള്ള ആളുടെ കൂടെ ഇറങ്ങി പോയി.
ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ അച്ഛൻ തല കുനിച്ചു നിന്നു.
എന്താ കുട്ടി ഈ പറയുന്നത് നിന്റെ നന്മക്കു വേണ്ടിയല്ലേ നിന്റെ അച്ഛൻ പറയുന്നത്. നീ ഈ വിവാഹത്തിന് സമ്മതിചേക്കു, ഇപ്പൊ ഇഷ്ടമല്ലെങ്കിലും പിന്നീട് നീ പൊരുത്തപ്പെട്ടോളും.നിന്റെ ചേച്ചി കാരണം മാനക്കേടുണ്ടായത് എന്റെ മരുമകനാണ് അത് നീ ഓർക്കുക.
എങ്ങനെയെങ്കിലും ഈ കല്യാണം നടത്തിയാൽ മതി എന്ന തത്രപ്പാടിൽ ഓരോന്ന് വിളിച്ചു പറയുന്ന ചെറുക്കന്റെ അമ്മാവന്റെ നേരെ നോക്കി ഞാൻ പറഞ്ഞു...
അമ്മാവാ ചെറുക്കനൊരു നാണക്കേടുമില്ല, കാരണം ചെറുക്കൻ പെണ്ണ് കാണാൻ വന്നപ്പോ തന്നെ എന്റെ ചേച്ചി അയാളോട് പറഞ്ഞതാണ് അവൾക്ക് വേറെ ഒരാളുമായി ഇഷ്ടമുണ്ടെന്നു,അത് വകവെക്കാതെ എന്റെ അച്ഛൻ വാഗ്ദാനം ചെയ്ത സ്ത്രീധനം മനസ്സിൽ കണ്ട ശേഷം പെണ്ണിനെ എനിക്കിഷ്ടമായി എന്നു പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ നിങ്ങടെ മരുമോൻ എന്ന പോങ്ങനെന്ത് മാനക്കേടുണ്ടായെന്നാണ് നിങ്ങൾ പറയുന്നത്.
നിങ്ങടെ മരുമോൻ അറിഞ്ഞു കൊണ്ടാണ് ഇതൊക്കെ ഇവിടെ നടന്നത്.വേറെ ഒരാളെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണിനെ കെട്ടാൻ വന്ന നിങ്ങടെ മരുമോന് മാനം ഉണ്ടെന്നു മാത്രം നിങ്ങൾ പറയരുത്.ഇതൊക്കെ അയാൾ സ്വയം ഇരന്നു വാങ്ങിയതാണ്.
അയാളോടത്രയും പറഞ്ഞ ശേഷം ഞാൻ അച്ഛന്റെ നേരെ നോക്കി പറഞ്ഞു..
അച്ഛാ,അച്ചൻ പറഞ്ഞല്ലോ എന്റെ ചേച്ചി ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോയത് കൊണ്ട് അനിയത്തിയായ എനിക്ക് നല്ലൊരു വിവാഹബന്ധം വരില്ലെന്ന്,
വേണ്ട... അങ്ങനൊരു വിവാഹബന്ധം എനിക്ക് വേണ്ടച്ചാ..
ഏതെങ്കിലും ഒരുകാലത്തു പണത്തിനോടാർത്തി ഇല്ലാത്ത ഒരാൾ എന്നെ വിവാഹം കഴിക്കാൻ വരുന്നെങ്കിൽ അങ്ങനെ ഒരാളിനെ മതിയെനിക്ക്. അയാൾക്ക് ഗവൺമെന്റ് ജോലി വേണമെന്നോ വല്യ തറവാട്ടുകാരൻ ആവണമെന്നോ എനിക്ക് യാതൊരു നിർബന്ധവുമില്ല.മാന്യമായി കുടുംബം പുലർത്തുന്ന എന്നെ സ്നേഹിക്കാൻ മനസ്സ് കാണിക്കുന്ന ഒരുത്തനായാൽ മതി.
അച്ഛൻ ഇനിയെങ്കിലും മനസിലാക്കുക ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ലക്ഷ്യം എന്നത് കല്യാണമല്ല.കല്യാണം കഴിക്കാതെയും ഒരു പെണ്ണിന് ജീവിക്കാം.
അച്ഛന്റെ കൈയിൽ കുറെ പണം ഉണ്ടെങ്കിൽ അതുകൊണ്ടെന്നെ നല്ലോണം പഠിപ്പിക്കു അല്ലാതെ സ്വർണമായി അതൊക്കെ എന്റെ കഴുത്തിൽ കെട്ടിതൂക്കി ഇട്ടു വല്ല വീട്ടിലേക്കും പറഞ്ഞു വിട്ടാൽ ആ സ്വർണം കൊണ്ടെനിക്കെന്ത് പ്രയോചനം? അതെ സമയം എനിക്കിഷ്ടമുള്ള പോലെ അച്ഛനെന്നെ പഠിപ്പിച്ചാൽ അതുകൊണ്ടൊരു ജോലി നേടി ഞാൻ സ്വന്തം കാലിൽ നിൽക്കും.
വല്ലവരുടെയും വീടിന്റെ അടുക്കളയിൽ ഒതുങ്ങുന്നതല്ലച്ഛാ ഒരു പെണ്ണിന്റെ ജീവിതം. അവൾക്കും സ്വപ്നങ്ങളുണ്ട്.
അച്ഛൻ ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ തുടർന്നു...
പിന്നീട് ശരിയാവും എന്നു പറഞ്ഞു കൊണ്ടൊരുത്തന്റെ കൂടെ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടാൽ എന്റെ ജീവിതം ശരിയാകുമെന്ന് അച്ഛന് വല്ല ഉറപ്പുമുണ്ടോ?ഇല്ലല്ലോ? അപ്പോൾ കൂടുതലൊന്നും എനിക്ക് പറയാനില്ല ഇവർക്കെന്ത് നഷ്ടപരിഹാരം ആണെന്ന് വെച്ചാൽ അച്ഛൻ കൊടുത്തോളു..
എന്തായാലും ഉറപ്പില്ലാത്ത ഒരു ജീവിതം അറിയില്ലാത്ത ഏതോ ഒരുത്തന്റെ കൂടെ കഷ്ടപ്പെട്ട് ജീവിച്ചു തീർക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട് അത് കൊണ്ട് ഞാൻ പോകുന്നു.
ഇത്രയും പറഞ്ഞു കൊണ്ടു ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ "നോ "എന്നു പറയാനുള്ള ധൈര്യം ഞാൻ നേടിയെടുത്തിരുന്നു...
രചന:അച്ചു വിപിൻ
പ്ലാസ്റ്റിക് കുപ്പിയിൽ ഇട്ടു വെച്ചിരിക്കുന്ന മിച്ചറും,കായവറുത്തതും എത്ര തവണ എന്റെ പാവാടയുടെ പോക്കറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നറിയുമോ?പലഹാരങ്ങൾ വെച്ചടച്ചു വെച്ച സ്റ്റീൽ പാത്രങ്ങൾ തുറക്കുമ്പോൾ പുറത്ത് വരുന്നയാ ഗന്ധം ഹാ!! ഇപ്പഴും മൂക്കിന്റെ തുമ്പത്തുണ്ട്..
പണ്ടൊക്കെ എന്റെ അമ്മ വീട്ടിൽ തന്നെയാണ് പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്.വിറകടുപ്പ് കത്തിച്ചു ചീനചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുന്ന ചക്ക ഉപ്പേരിയൊക്കെ ആർത്തിയോടെ ചൂടാറും മുൻപ് ഒരുപാടു തവണ വാരി കഴിച്ചിട്ടുണ്ട്.അതൊക്കെ ഒരു കാലം.
കുഞ്ഞായിരിക്കുമ്പോൾ ഇടയ്ക്കു ഞാൻ അമ്മ വീട്ടിൽ നിക്കാൻ പോകുമായിരുന്നു.
അമ്മ വീട്ടിൽ നിക്കുന്നത് എനിക്ക് വല്യ ഇഷ്ടമാണ്. പ്രത്യേകിച്ചും അമ്മമ്മയുടെ കൂടെ നിക്കാനാണ് പ്രിയം.അവിടെ മാമന്റെ മക്കൾ തൊട്ടപ്പുറത്തെ വല്യമ്മയുടെ രണ്ടു പെണ്മക്കൾ എന്നിവരാണ് എനിക്ക് കളിക്കാൻ കൂട്ട്.
ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം പ്രാധാന്യം ഉള്ള വീടായിരുന്നു അത്. അമ്മമ്മ വക പല കൂട്ടം പലഹാരങ്ങളും കറികളും ഉപ്പേരികളും എന്നുമാ വീടിന്റെ അടുക്കളയിൽ കാണും..അടുക്കളയുടെ അടുപ്പിന്റെ മുകളിൽ കുടമ്പുളി ഒണക്കാൻ ഇട്ടിരിക്കുന്നത് കാണാൻ എനിക്ക് വല്യ ഇഷ്ടമായിരുന്നു.
അമ്മവീട്ടിൽ നിക്കുമ്പോൾ രാവിലെ എണീക്കണം, എണീറ്റു കഴിഞ്ഞു ഉപ്പും ഉമിക്കരിയും ഇട്ടു പല്ല് തേക്കും അതവിടെ നിർബന്ധം ആണ്..അത് കഴിഞ്ഞു അടുക്കളയുടെ തിണ്ണയിൽ വന്നിരിക്കും ഉടനെ തന്നെ ഒരു ഗ്ലാസ് ആട്ടിൻപാൽ ചെറു ചൂടോടെ കുടിക്കാൻ തരും അത് കുടിച്ചു കഴിഞ്ഞാൽ മുറ്റത്തൂടെ കുറച്ചു നേരം കളിച്ചു നടക്കും പിന്നെ കുളിക്കാനായി നേരെ പാടത്തിന്റെ അരികത്തുള്ള ഇരുവശത്തും കൈത വളർന്നു നില്കുന്ന തോട്ടിലേക്ക് കയ്യിൽ ഒരു മാർഗോ സോപ്പും വെളിച്ചെണ്ണക്കുപ്പിയും,ഒരു തോർത്തും തോളത്തിട്ടൊരോട്ടമാണ്.
ഏതാണ്ട് ഒരു ഒൻപതര വരെയൊക്കെ വിസ്തരിച്ചു താളിയൊക്കെ തേച്ച് ചാടിമറിഞ്ഞു ഞങ്ങൾ കുളിക്കും.കുളി കഴിഞീറനോടെയാണ് തിരിച്ചു വരിക ഇടാൻ ഉള്ള ഡ്രസ്സ് ഒന്നും തോട്ടിലേക്കു കൊണ്ടുപോകാറില്ല പിള്ളേരൊക്കെ ഇട്ടിരുന്ന പാവാട മുകളിലേക്ക് കയറ്റി വെച്ചാണ് കുളിക്കുന്നത്,അതുപോലെ പാവാട മുകളിലേക്കു കയറ്റി കെട്ടി വെച്ച ശേഷം തോളു മറച്ചു തോർത്തിട്ടു തിരിച്ചു പാട വരമ്പിലൂടെ നടന്നു വരും.ഞങ്ങളുടെ തറവാടിന് താഴെ വലിയൊരു പാടം ഉണ്ട് ആ പാടത്താണുട്ടൊ ഈ തോട്.
തിരിച്ചു കുളി കഴിഞ്ഞു വന്ന ശേഷം തലേ ദിവസം മുല്ലപ്പൂവും പട്ടത്തി കനകാംബരവും ഒക്കെ കോർത്തുവെച്ച മാല ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം ചേർന്നളന്നു മുറിച്ചു തലയിൽ ചൂടും. പിന്നെ കണ്ണാടി നോക്കി അന്നത്തെ കുട്ടിക്കൂറ പൌഡറും ഇട്ടു,നെറ്റിയിൽ ശിങ്കാറിന്റെ ചാന്തുപൊട്ടും ചന്ദനവും കുത്തിയ ശേഷം അല്പ്പം കണ്മഷിയും കണ്ണിൽ എഴുതിയാൽ അതോടെ അന്നത്തെ മേക്കപ്പ് തീർന്നു.
അത് കഴിഞ്ഞു നേരെ അടുക്കളയിലേക്കോടും അവിടെ ചെന്നു ഞങ്ങൾ എല്ലാരും നിലത്തിരിക്കും.. (എപ്പഴും ഒരുമിച്ചാണ് ഭക്ഷണം)അമ്മമ്മ പറമ്പിലെ വാഴയില പറിച്ചു അതിൽ വെച്ചു നല്ല ചൂട് ദോശയും ചമ്മന്തിയും കഴിക്കാൻ തരും കൂടെ വീട്ടിലെ പറമ്പിൽ ഉണ്ടായ കാപ്പി ഉണക്കി പൊടിച്ചിട്ട പാൽ കാപ്പിയും... ആ കാപ്പിക്ക് ഒരു പ്രത്യേക തരo സ്വാദാണ്.അത് ഞാൻ ആർത്തിയോടെ കുടിക്കുമായിരുന്നു.
രാവിലത്തെ തീറ്റ കഴിഞ്ഞാൽ പിന്നെ നേരെ അടുത്തുള്ള കുമാരിച്ചേച്ചിയുടെ വീട്ടിലേക്ക് ഞാനും മാമന്റെ മക്കളും ചേച്ചിമാരും കൂടെ പാമ്പും കോണിയും കളിക്കാൻ പോകും.കുമാരിച്ചേച്ചിക്കു ഒരു മോൻ ഉണ്ട് ആ ചേട്ടന് ചേച്ചിമാരുടെ പ്രായമാണ്.അവിടേക്കു തൊട്ടപ്പുറത്തുള്ള കുഞ്ഞമ്മ ചേച്ചിയുടെ മൂന്നാണ്മക്കളും കളിക്കാൻ വരും അതിൽ ഇളയ ചെറുക്കൻ എന്നേക്കാൾ ഇളയവൻ ആണ് അവനാണെങ്കി എന്നെപ്പോലെ തന്നെ കള്ളക്കളിയുടെ ഉസ്താതാണ്.കളിയുടെ ഇടയിൽ
ഞാനും അവനും ഇടികൂടും ഒടുവിൽ കുമാരി ചേച്ചി തിന്നാനായി വല്ല കപ്പ വറുത്തതൊ ചക്ക വറുത്തതോ ഒക്കെ കൊണ്ടുവരുമ്പോളാണ് ആ രംഗം ഒന്ന് ശാന്തമാകുക.
അന്നൊക്കെ കല്ലുകളി,തൊങ്കിതൊടൽ,ഒളിച്ചു കളി,കള്ളനും പോലീസും ഇതൊക്കെയാണ് ഞങ്ങൾ കളിക്കുക അതിൽ ആണ് പെണ്ണ് അങ്ങനെ വ്യത്യാസം ഒന്നും ഇല്ലാട്ടോ എല്ലാരും ഒരുമിച്ച് ആണ് കളിക്കുക.കളിയൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ചോറുണ്ണാൻ വേണ്ടി വീട്ടിലേക്കോടി ചെല്ലും.
മുറ്റത്തു നിന്നും കയ്യൊക്കെ കഴുകി അടുക്കളയിലെ ഇറയത്താണ് ഞങ്ങൾ പിള്ളേരെല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുക..
ഉച്ചക്ക് ഇലയിട്ടാണ് ഉണ്ണുന്നത്. അന്നൊക്കെ നമ്മടെ തറവാടിന്റെ താഴത്തെ പാടത്തെ നെല്ലുകുത്തിയ അരി അതായത് പുഴുക്കലരി ആണ് ഊണിനു വിളമ്പുക പിന്നെ കറിയായി ഉപ്പിലിട്ട മാങ്ങയും തേങ്ങയും കാന്താരിയും ഇട്ടരച്ച ഒരു "ചമ്മന്തി" തൊട്ടുകൂട്ടാൻ ഏതേലും ഒരു അച്ചാർ, ഒഴിച്ച് കൂട്ടാൻ "സാമ്പാറോ പുളിശേരിയോ" ഒക്കെ കാണും ട്ടൊ പിന്നെ പറമ്പിലെ അച്ചിങ്ങ,ചേന കപ്പങ്ങ,ഒക്കെ ഇട്ട ഒരു അവിയൽ എപ്പഴും ഉണ്ടാകും "കാട്ടവിയൽ" എന്നാണ് അതിനു പറയുക കൂടെ ഒരു "പപ്പടവും" ഇഞ്ചിയും കാന്താരിയും ചെറിയ ഉള്ളിയും ഉപ്പും ഇട്ടു ചതച്ച "മോരും" ആഹാ അന്തസ്...
ഇതൊക്കെ കൂട്ടിക്കുഴച്ചു തീറ്റ കഴിഞ്ഞാൽ ഞങ്ങൾക്ക് അമ്മായി ഓരൊ കുഞ്ഞ് കുഞ്ഞ് പണികൾ തരും ചേച്ചിമാരിൽ ഒരാൾ ഓലയുടെ ഈർക്കിലി ചീമ്പുക,ഞാൻ മുറ്റത്തെ പറമ്പിൽ ഉണങ്ങാൻ വെച്ച കൊപ്ര കാക്ക കൊത്താതെ കാവൽ ഇരിക്കുക,ഇളയ ചേച്ചിക്കു അമ്മായിയുടെ ഏറ്റവും ഇളയ മോനെ ഉറക്കുക അങ്ങനെ അങ്ങനെ കുഞ്ഞ് കുഞ്ഞ് പണികൾ തരും. ഇതൊക്കെ ചെയ്യുമ്പോൾ അമ്മായി കാണാതെ ഞാൻ അടുക്കളയിൽ നിന്നും കട്ടെടുത്ത നുറുക്കിന്റെയോ കായ വറുത്തതിന്റെയോ കഷ്ണങ്ങൾ എന്റെ വായിൽ കിടന്നു ഞെരിഞ്ഞമരുന്നുണ്ടാകും..
രാത്രി ആയാൽ അമ്മമ്മ വക കഞ്ഞിയും പയറും അച്ചാറും അടുപ്പിൽ ചുട്ട പപ്പടവും ആണ് പിള്ളേർക്ക് കഴിക്കാൻ ഉണ്ടാവുക, ആ ഭക്ഷണം ആർത്തി പിടിച്ചു കഴിച്ച പോലെയൊന്നും ഇന്ന് ഞാൻ കഴിക്കുന്നില്ല എന്നതാണ് സത്യം..
ഇപ്പോൾ എനിക്കെന്തെങ്കിലും കഴിക്കണമെങ്കിൽ ഞാൻ തന്നെ വെച്ചുണ്ടാക്കണം.പിള്ളേരെയും നോക്കി എങ്ങനെയെങ്കിലും അതുണ്ടാക്കി വരുമ്പഴേക്കും ആർത്തി പോയിട്ട് വിശപ്പെങ്കിലും ഉണ്ടായ മതിയാരുന്നു..ഇടയ്ക്കമ്മയെ ഓർക്കും അമ്മയുടെ അടുത്ത് പോയി നിന്നാൽ ഇഷ്ടമുള്ളതൊക്കെ മുന്നിൽ വച്ചു തരുമല്ലോ എന്നോർത്തു വിഷമിക്കും.. ഇവിടിപ്പോ എനിക്കാര സഹായം.ഒക്കെത്തിനും എന്റെ കൈകൾ തന്നെ ചെല്ലണം.
ഇടക്കൊക്കെ ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിക്കാൻ തോന്നുമ്പോൾ ഞാൻ അടുക്കളയിലേക്കോടും വിചാരിച്ച പലഹാരം ഉണ്ടാക്കി പാത്രത്തിലേക്കു കോരിയിട്ടൊരു പ്രകാരത്തിൽ അതിന്റെ ചൂടാറ്റിയ ശേഷം ആർത്തിയോടെ വായിലേക്ക് വക്കുമ്പോൾ "അമ്മേ" എന്നു വിളിച്ചു നാല് കുഞ്ഞിക്കയ്കൾ എന്റെ നേരെ നീളും..നിഷ്കളങ്കമായി കൈകൾ നീട്ടുന്ന ആ അമ്മവിളികൾക്ക് മുന്നിൽ തീരുകയാണെന്റെ ആർത്തി..
അച്ചു വിപിൻ

