Showing posts with label Shafi. Show all posts
Showing posts with label Shafi. Show all posts

സ്വപ്നം

Image may contain: 1 person, standing, sky, ocean, outdoor, water and nature

കോരിച്ചൊരിയുന്ന മഴയെ
സ്വപ്നം കാണണം
ഇടിമുഴക്കവും
മിന്നലും
അകമ്പടിയുള്ള
തുള്ളിക്കൊരു കുടം
നിറയുന്ന മഴ
കോൺക്രീറ്റ് കട്ടകൾ
പാകാൻ ബാക്കിയുള്ളിടങ്ങളിൽ
മഴത്തുള്ളികൾ
ഊർന്നിറങ്ങി മണ്ണിനെ
ചുംബിക്കണം
തന്നിലേക്കെത്തപ്പെട്ട
പുതുമഴയെ
സുഗന്ധപൂരിതമായി
സ്വീകരിക്കവേ ആ ഗന്ധം
ആസ്വദിക്കണം
വീണ്ടും സ്വപ്നങ്ങളിലേക്ക്
യാത്രയാവണം
സുന്ദരമായ അനുഭൂതിയിലേക്ക്
ആനയിക്കപ്പെടണം.
ശുദ്ധവായു
ശുദ്ധമായ ദാഹജലം
ശുദ്ധമായ ഭക്ഷണവുമെല്ലാം
ഞാനടക്കമുള്ള
പുതു തലമുറയുടെ
സ്വപ്നങ്ങളിലൂടെയെങ്കിലും
പ്രതിഫലിക്കട്ടെ
ഹാഷ് ടാഗുകൾ
കുത്തിയിട്ടാൽ
മരംമുളക്കില്ല
മഴ പെയ്യില്ല
നമുക്ക് സ്വപ്നംകണ്ടുകൊണ്ടിരിക്കാം
മഴപെയ്യുന്നതും
ജലമൊഴുകുന്നതും
സ്വർണ്ണനിറത്തിൽ
കൊയ്യാൻ പാകമായി നിൽക്കുന്ന
നെൽവയലുകളേയും
സ്വപ്നങ്ങൾ കണ്ട്
വിജയിച്ച
പൂർവികരുടെ
പുതു തലമുറ
സ്വപ്നം കണ്ട്
വിശപ്പടക്കേണ്ടി വരും
20/4/17 Mhd

നോവ്


ഇന്നീ ഇടവഴിയിൽ മഞ്ഞു പെയ്യുന്നുണ്ട്
കുഞ്ഞിളം കാറ്റുവീശുന്നുണ്ട്
ഇലപൊഴിയുന്നുണ്ട്
നിർ വികാരതയുടെ നിറച്ചാർത്തുകളിൽ
നിഴലിനെ കൂട്ടുപിടിച്ചു ഞാനീ ഒറ്റവരിപ്പാതയിൽ
തനിച്ചാണ്.
പെയ്തിറങ്ങിയ മഞ്ഞുതുള്ളി ഇലയെ തഴുകി
എന്നിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഞാനറിയുന്നു...
ഇരുൾവീണ ഒറ്റമുറിയിൽ നീ പൊഴിച്ച കണ്ണുനീരിന്റെ
നോവ്
കാലമൊരു ഇതൾ കൊഴിഞ്ഞ പൂവുപോലെ
എനിക്ക് മുന്നിൽ പുകമറ തീർക്കുമ്പോൾ
അറിയാതെയെങ്കിലും ഞാൻ തിരയാറുണ്ട്
നാം തീർത്ത സ്വപ്നങ്ങളുടെ പൊൻകിരണങ്ങൾ
നിശായാമങ്ങളിൽ ഒരു നേർത്ത വിങ്ങലായ്
ഇന്നും അവശേഷിക്കുന്നുണ്ട് നിന്നിലേക്കെത്താൻ
കഴിയാത്തതിന്റെ വിലാപം
എന്റെ അക്ഷരങ്ങളിലൂടെ ഒഴുകിയൊലിക്കുന്ന
ചോരത്തുള്ളികളത്രയും നിന്നിലേക്കെത്താൻ
കഴിയാതെ പോയ ഹൃദയത്തിനേറ്റ
മുറിപ്പാടുകളിൽ നിന്നാണ്
Mhd

താളപ്പിഴയുടെ അപശബ്ദം


എന്തിനോ വേണ്ടി കൊതിച്ച
ഹൃദയാന്തരങ്ങളിൽ
താളപ്പിഴയുടെ അപശബ്ദം
ഒരിടവേളക്ക് ശേഷം
വീണ്ടും ചില ഓർമപ്പെടുത്തലുകൾ
പേമാരി പോലെ പെയ്തിറങ്ങിയിരിക്കുന്നു
ഒരായുസ്സിന്റെ കാത്തിരിപ്പിലേക്ക്
നിലാ പക്ഷിയായ്‌ പറന്നിറങ്ങിയ
അനുരഞ്ജനത്തിന്റെ നേർസാക്ഷ്യമാണ് നീ
നീയെന്ന ഒറ്റവരി ദൃഢമായ വാക്കുകളിൽ
പകർത്തിയെഴുതിയപ്പോൾ ഗദ്യമായത് രൂപാന്തര
പ്പെടുന്നു
എഴുതപ്പെടുന്നതെന്റെ ചോരകൊണ്ടായതിനാൽ
കവിതയായത് പരിണമിക്കുന്നു
കാലമതിനെപ്പേറി യാത്രചെയ്യുമ്പോൾ
ചിലർക്കതാസ്വാദനത്തിന്റെ മധു പകരുന്നു
കാലമവസാനിക്കുന്നിടത്ത് എന്തിന് വേണ്ടിയായിരുന്നു
എന്ന ചോദ്യചിഹ്നം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു

By: 
Mhd Shafi PY

ആത്മാവ്


ഇന്നെലെകളിൽ നെയ്ത് തീർത്ത മോഹങ്ങൾ
അവയെ കൂട്ട് പിടിച്ച്
ഞാൻ കണ്ട സ്വപ്നങ്ങൾ
മോഹങ്ങളിലില്ലാത്ത...
നഷ്ടങ്ങളോ വിരഹങ്ങളോ ഇല്ലാത്ത
ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത
ആറടി മണ്ണിലേക്ക് യാത്രയായിരിക്കുന്നു
എവിടെയൊക്കെയോ കണ്ട് മറന്ന ചില മുഖങ്ങൾ
എന്റെ ശരീരത്തിന് ചുറ്റും വലം വെക്കുന്നു
ചിലർ വിരിഞ്ഞു കൊതി തീരാത്ത
പൂക്കളെ കൊണ്ടെനിക്ക് .....
ആദരം അറിയിക്കുന്നു
ചിലർ മുഖം പൊത്തി
കണ്ണീർ പൊഴിക്കുന്നു
എന്റെ ആത്മാവ് വിദൂരങ്ങളിൽ മേഘ പൊയ്കയിൽ
അവരെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്...
മോഹങ്ങൾ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ വിടപറഞ്ഞ
ജീവിതയാത്രയിൽ
ആത്മാവുള്ള ജീവനില്ലാത്ത എന്നെയോർത്താണ്....
നിങ്ങൾ വിലഭിച്ചതെങ്കിൽ
എനിക്ക് നിങ്ങൾ പ്രതീക്ഷകൾ തന്നിരുന്നെങ്കിൽ
പുതിയൊരു ജീവന് മുള പൊട്ടിയേനെ
ഇവിടെ ഞാൻ നിസ്സഹായനാണ്
വെള്ളാസോക്സിട്ട മുടിനാരുകൾ എന്നിലേക്ക്
വാർദ്ധക്യത്തിന്റെ രണ്ടാം ബാല്യം സമ്മാനിച്ചിരിക്കുന്നു
കൂടൊരുക്കി മനസ്സിന്റെ മായച്ചെപ്പിൽ
ഞാൻ ചേർത്തുവച്ച മോഹങ്ങളും
ദ്രവിച്ചു ചിതലരിച്ചിരിക്കുന്നു
മോഹങ്ങൾ നഷ്ടപ്പെട്ടവന്റെ
സ്വപ്നങ്ങൾ വാർന്നൊഴിഞ്ഞവന്റെ
വെറുമൊരു മാംസാപിണ്ഡത്തിൽ
കുടിയിരിക്കാൻ കഴിയാത്തതിനാലും
ആത്മാവ് ഇന്നെന്നെവിട്ട് പോയിരിക്കുന്നു
തോൽവികൾ ഏറ്റുവാങ്ങിയ
മോഹങ്ങളെ കുടിയൊഴിപ്പിച്ച
കാലത്തിന്റെ ഈ വികൃതിക്ക് എന്തിനാണ് .....ഈ
.......ആത്മാവ്
Mhd

നമുക്ക് കാത്തിരിക്കാം


എൻ്റെ ചിന്താ മണ്ഡലങ്ങൾ നീയെന്ന
ഒറ്റമര ചില്ലയിൽ പടർന്ന് പന്തലിച്ചിരിക്കുന്നു
ഇനിയാ തീഷ്ണമേറിയീ ഒളി കണ്ണിൽ
ഞാൻ നിന്നെ ചുറ്റി വരിയും
അട്ടഹാസങ്ങൾ നിലവിളികൾ നിസ്സഹായതയുടെ നെടുവീർപ്പുകൾ
നമുക്ക് ചുറ്റും വട്ടമിടുമ്പോൾ
ഒരായുസ്സിൻ്റെ കൂട്ടിവെപ്പുകൾ
ആ ലയന സാഫല്യത്തിൽ അലിഞ്ഞു ചേരും
എൻ്റെ മസ്തിഷ്‌ക്കം ആ മദോന്മത്തിയിൽ
ദിവ്യാനുരാഗത്തിൻ്റെ ഈണമീട്ടും
ഇളം കാറ്റിനോട് കിന്നാരം പറയുന്ന
മഴത്തുള്ളികൾ കണക്കെ
നീയെൻ്റെ വിരിമാറിലേക്ക് തുളച്ചു കയറും
നിഴൽ മാഞ്ഞ സന്ധ്യകളിൽ
ഒരു കീർത്തനം പോൽ ഞാൻ രാഗലയത്തിൽ ശ്രുതിമീട്ടും
ഒരു പകൽ പോയി രാത്രിയാവുമ്പോൾ
നിളയിലേക്ക് വിരൽ ചൂണ്ടി നമുക്ക് ചോദിക്കാം
എന്തിനീ കള്ളനോട്ടമെന്ന്
നമുക്ക് കാത്തിരിക്കാം ബന്ധനങ്ങളില്ലാത്ത
കല്പനകളില്ലാത്ത സ്നേഹ സാഗരത്തിലേക്കലിഞ്ഞീടുംവരെ
By: 
Mhd Shafi PY

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo