Showing posts with label Sidheek Velikoth. Show all posts
Showing posts with label Sidheek Velikoth. Show all posts

പോയ വസന്തം ( കഥ )

Image may contain: 1 person, closeup

ആ വീട്ടിൽ ആർക്കും മിണ്ടാട്ടമില്ല എല്ലാവർക്കും ഒരു തരം മൂകതയും മരവിപ്പും ബാധിച്ചിരിക്കുന്നു
വിനു എന്ന് വിളിക്കുന്ന വിനോദിന്റെ കല്യാണം കഴിഞ്ഞതെയുള്ളൂ
ആർഭാടത്തോടെ കുടുംബക്കാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശിർവാദത്തോടെ നടന്ന വിവാഹം
സന്തുഷ്ട കുടുംബമായിരുന്ന ആ വീട്ടിൽ ദുഖത്തിന്റെ കാർമേഘം പരത്തി കുടുംബത്തിലാകെ ശോകമൂകമാക്കിയിരിക്കുന്നത് വിനോദിന്റെ പിടിവാശിയും തെറ്റായ ചിന്താഗതിയുമാണ്
അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഇഷ്ടമല്ലായിരുന്നിട്ടും വിവാഹത്തിന് വിനു സമ്മതിക്കുകയായിരുന്നു
ആദ്യരാത്രി ഏതൊരാളുടെയും സ്വപ്ന സാഫല്യത്തിന്റെ തുടക്കം , ഒരുപാട് പറയാനും ഒരുപാട് കേൾക്കാനും ഒരുപാടൊരുപാട് അറിയാനും വേണ്ടിയുള്ള മനസ്സിന്റെ തേട്ടം നിറഞ്ഞു നിൽക്കുന്ന നേരം
പക്ഷെ എല്ലാം തകർത്തെറിയുന്ന രീതിയിൽ വിനു കല്യാണപ്പെണ്ണിന്റെ താൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിന്റെ മുഖത്ത് പോലും നോക്കാൻ തയ്യാറാവാതെ മുഖം തിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ രമ്യയ്ക്ക് ആദ്യം എന്തൊ പന്തികേടു തോന്നി , പിന്നെ മടിച്ചു മടിച്ചാണെങ്കിലും തന്നോട് ഇങ്ങനെ പെരുമാറാനുള്ള കാരണമെന്തെന്നറിയാത്തത് കൊണ്ട് ചോദിച്ചു വിനയേട്ടാ ഇതെന്തു പറ്റി ?
അതിനുള്ള ഉത്തരം ഒന്നും പറയാതെയുള്ള മൗനമായിരുന്നു , അല്പനേരം കഴിഞ്ഞ് വിനു രമ്യയോട് പറഞ്ഞു പറയാനുള്ളതൊക്കെ പിന്നീട്‌ വിശദമാക്കാം രമ്യ ഉറങ്ങിക്കോളൂ ..
പിറ്റെ ദിവസവും ഏതാണ്ട് അതുപോലെ തന്നെ വിനു ബെഡ് റൂമിൽ ആവർത്തിച്ചപ്പോൾ രമ്യക്ക് സഹിക്കാൻ കഴിഞ്ഞില്ല അവൾ പറഞ്ഞു
.
ഇന്നലെ എല്ലാം വിശദമായി പറയാം എന്ന് പറഞ്ഞ് ഇന്ന് രാവിലെ തൊട്ട് ഈ നിമിഷം വരെ എന്താണ് കാര്യമെന്ന് പറയുകയൊ , എന്നോട് ഒരു ഭാര്യയോട് കാണിക്കേണ്ട സ്നേഹ വായ്പുകളൊ , എന്തിനേറെ ഇഷ്ടത്തോടെയുള്ള ഒരു നോട്ടം പോലും കാണിക്കാതെ ഒഴിഞ്ഞു മാറുന്നതിന്റെ കാരണം എനിക്ക് ഇപ്പോൾ അറിയണം
അവളുടെ ചോദ്യങ്ങൾക്ക് വിനു വിശദമായി തന്നെ മറുപടി പറഞ്ഞു
ഞാൻ നിന്നോട് പറയാൻ കരുതിയത് തന്നെയാണ് ഒന്നും എനിക്ക് മറച്ചു വെയ്ക്കാനില്ല അതിനൊട്ടും സാധിക്കുകയും ഇല്ല ആഗ്രഹിക്കുന്നുമില്ല
കാര്യം എന്തെന്നാൽ എനിക്ക് ഇഷ്ടമില്ലാതെ നടന്ന വിവാഹമാണ് നമ്മൾ തമ്മിൽ നടന്നത് എന്റെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിക്കൊണ്ട് ഞാൻ നിന്നോട് ചെയ്ത ഒരു തെറ്റ് എന്ന് പറയാം ,
അതിൽ നിരപരാധിയായ നീ പെട്ടു പോയി എന്നതിൽ എനിക്ക് വിഷമമുണ്ട് എന്റെ ആഗ്രഹങ്ങൾക്കൊത്തൊരു പെണ്ണ് ,
ഞാൻ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നൊരു മുഖം , അത് അവളുടേതാണ് നാട്ടുകാരിയും കൂടെ ഒന്നിച്ചു പഠിച്ച കളിക്കൂട്ടുകാരിയും ആയ രേവതിയെന്ന എന്റെ രേവു
എന്റെ ഇഷ്ടവും മോഹവും എല്ലാമെല്ലാം അവൾ മാത്രമാണ് കാമുകിയായി പ്രണയിനിയായി ഭാര്യയായി വേറൊരു പെണ്ണിന്റെ മുഖം സങ്കല്പിക്കാൻ പോലുമാകാത്ത വിധം അവൾ എന്നിൽ നിറഞ്ഞു നിൽക്കുന്നു ‌‌‌ ഇപ്പോഴും
രണ്ടു വർഷം മുമ്പ് അവൾ പോയി എന്നെന്നേക്കുമായി അവൾ ഈ ലോകത്ത് നിന്ന് പോയി , ഞങ്ങളുടെ വിവാഹം നടക്കാനിരിക്കെ ആയിരുന്നു ആ ദാരുണമായ സംഭവം നടന്നത് ഒരു ആക്സിഡന്റ്
അപകടം നടന്ന രണ്ടാം ദിവസം അവൾ മരിച്ചു അന്നത്തെ ദിവസം തൊട്ട് എന്റെ മോഹങ്ങളും അതോടൊപ്പം മരിച്ചു
വിനു ഒന്നൊന്നായി രമ്യയോട് വിവരിച്ചു , ഇനി ഒരു വിവാഹമൊ , ബന്ധങ്ങളൊ ഒന്നും വേണ്ടെന്നു വെച്ച് അവളുടെ ഓർമ്മകളെ കൂടെ കൂട്ടി ഏകാന്തനായി കഴിയുകയായിരുന്നു
അമ്മയ്ക്ക് തീരെ വയ്യാത്ത അവസ്ഥയിൽ നീ ഇങ്ങനെ കഴിയുകയാണെങ്കിൽ അത് നിന്റെ അമ്മയോട് ചെയ്യുന്ന മഹാപാപം ആകുമെന്ന് അച്ഛൻ പറഞ്ഞ് നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഒടുവിൽ സമ്മതിച്ചു നടത്തിയതാണ് നീയുമായുള്ള വിവാഹം
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്ത് പറയണമെന്ന് അറിയാതെ സ്തംഭിച്ചു പോയ രമ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
പതിയെ അവൾ പറഞ്ഞു നിങ്ങളുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഇടയിൽ വെറുതെ നഷ്ടപ്പെടുത്താൻ കിട്ടിയ ജീവിതം അതാണ് ഞാൻ അല്ലെ ?
ഇനി ഞാൻ എന്തിന് വേണ്ടി ആർക്ക് വേണ്ടി ജീവിക്കും ? ഇതൊക്കെ അറിഞ്ഞാൽ എന്റെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും ?
നിങ്ങളുടെ അച്ഛനും അമ്മയും പോലെ എനിക്കും ഇല്ലെ അച്ഛൻ അമ്മ സഹോദരങ്ങൾ അങ്ങനെ എല്ലാമെല്ലാം , എന്റെയും അവരുടെയും സ്വപ്നങ്ങളെയാണ് നിങ്ങൾ തകർത്തത് , ജീവിതമാണ് തകർന്നു പോകുന്നത്
അതുകൊണ്ട് ഇനി ഞാനെന്ത് ചെയ്യണം നിങ്ങൾ തന്നെ പറയൂ ,
എന്നും ഇതേപോലെ ഈ വീട്ടിൽ വെറും പേരിന് മാത്രം ഒരു ഭാര്യയെന്ന പദവിയും വഹിച്ച് ഇങ്ങനെ ... ജീവിത കാലം മുഴുവനും കഴിയണമെന്നാണൊ നിങ്ങൾ പറയുന്നത് ?
അവളുടെ ചോദ്യങ്ങൾ ഇടിമുഴക്കം പോലെ ആ വീടിനെ പ്രകമ്പനം കൊള്ളിക്കും വിധം ഉച്ചത്തിലായിരുന്നു അതോടെയാണ് ആ വീട് ശോകമൂകമായത്
പതിയെ പതിയെ അവളുടെ സ്വരം താഴ്ന്നു കരഞ്ഞു കൊണ്ട് പതുക്കെ രമ്യ വിനുവിനോടായി പറഞ്ഞു
ഏതായാലും ഇങ്ങനെയൊക്കെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു
നിങ്ങൾ മിന്നു ചാർത്തിയ പെണ്ണാണ് ഞാൻ ,
സ്നേഹത്തോടെ നല്ലൊരു ഭാര്യയായി കുടുംബിനിയായി എന്നെന്നും ഒരുമിച്ച് കഴിയണമെന്ന ആഗ്രഹത്തോടെ ഈ വീട്ടിൽ വലത് കാല് വെച്ച് കയറി വന്നവൾ
ഇത് പറയുന്ന ഈ നിമിഷവും അതിനൊരു മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല മനസ്സിൽ കരുതിയ പോലെ നടക്കണമെന്ന് തന്നെയാണ് ഇപ്പോഴും എന്റെ ആഗ്രഹവും പ്രാർത്ഥനയും
അതിനാൽ നിങ്ങൾക്ക് ഇപ്പോൾ എന്നോടുള്ള മനോഭാവവും കാഴ്ച്ചപ്പാടുകളും എന്നെങ്കിലും ഒരു നാൾ മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു ,
ആ പ്രതീക്ഷയോടെ അതിനെത്ര നാളുകൾ വേണ്ടി വന്നാലും ഞാൻ കാത്തിരിക്കാം ,
നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തോടെ ഈ വീട്ടിൽ വന്നവൾ അതുകൊണ്ട് അവരുടെ മരുമകളായി ഈ വീട്ടിൽ കഴിഞ്ഞു കൊള്ളാം
തനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും തന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയാൻ അവൾ ശ്രമിച്ചതും
അവളുടെ സ്വഭാവവും പെരുമാറ്റവും വിനോദിന്റെ മനസ്സിൽ മാറ്റങ്ങൾക്ക് തിരി തെളിയിച്ചു ,
മെല്ലെ മെല്ലെ വിനോദിന്റെ മനസ്സിൽ അവളോട് ഇഷ്ടം തോന്നി തുടങ്ങി , നഷ്ടപ്പെട്ടെന്ന് കരുതിയ വസന്തം തിരിച്ച് കിട്ടിയത് പോലെ തോന്നി
ഒരു ദിവസം വയ്യാതെ കിടക്കുന്ന തന്റെ അമ്മയെ സ്വന്തം പെറ്റമ്മയെ പോലെ പരിചരിക്കുന്ന രമ്യയെ കണ്ടതോടു കൂടി വിനുവിന്റെ മനസ്സ് ഇടറി , കണ്ണ് നിറഞ്ഞു
അമ്മയുടെ വിരിപ്പ് നേരെയാക്കി ഇടുന്ന അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് അവൻ അവളോട് മാപ്പിരന്നു , പൊറുക്കണമെന്ന് യാചിച്ചു
അവളുടെ നെറുകയിൽ നിർത്താതെ ചുംബനങ്ങൾ നൽകി , നെഞ്ചോടു ചേർത്തു പിടിച്ചു ,
എന്നിട്ട് പറഞ്ഞു ഒരു പക്ഷെ നീ പിണങ്ങി പോവുകയും പിന്നീട് ഒരിക്കലും വിവാഹമൊന്നും കഴിക്കാതെ കഴിയുകയൊ എന്നെങ്കിലും ഒരിക്കൽ ഞാൻ വേറൊരു വിവാഹം കഴിക്കുകയൊ ചെയ്യുകയാണെങ്കിൽ ഞാൻ എത്രമാത്രം നിർഭാഗ്യവാൻ ആയേനെ
ഭർത്താവിന്റെ ചെറിയ ചെറിയ തെറ്റുകളും പോരായ്മകളും സ്വഭാവവും നല്ലൊരു ഭാര്യയ്ക്ക് മനസ്സു വെച്ചാൽ മാറ്റിയെടുക്കാനാകുമെന്ന് നീ തെളിയിച്ചു
അത് കേട്ട മാത്രയിൽ അവൾ വിനോദിന്റെ നെഞ്ചിൽ ഒന്നു കൂടി ചാഞ്ഞ് മുഖം അമർത്തി .
സിദ്ദീഖ്‌ വേലിക്കോത്ത്

പിശുക്കൻ ( കഥ )

പിശുക്കൻ ( കഥ )
***********
കൊട്ടാര സമാനമായ വീടിന്റെ സൈഡിൽ ഡ്രൈവർക്കും വീട്ടു ജോലിക്കാരനും താമസിക്കാൻ വേണ്ടി പണിത ചെറിയ ഷെഡ്ഡിലെ ഡ്രൈവറുടെ കട്ടിലിൽ ഒറ്റക്ക് ചെറുതായി നനഞ്ഞ കണ്ണുകളുമായി അയാൾ ഇരുന്നു
ആ വീട്ടിൽ വിരുന്നിന് വന്നവർ തിരിച്ച് പോകുന്നതും കാത്തിരിക്കുകയായിരുന്നു അയാൾ ,
ആ വലിയ വീടിന്റെയും ഒട്ടേറെ സ്വത്തുക്കളുടെയും ശരിയായ ഉടമസ്ഥൻ താനാണ് എന്നിട്ടും താൻ എന്തുകൊണ്ട് വീടിന്റെ വെളിയിൽ പുറന്തള്ളപ്പെട്ടു എന്ന ചിന്ത അയാളിൽ നിറഞ്ഞു കവിയുന്നു
ഖാലിദാജിയെന്നാണ് അയാളെ അടുത്തറിയുന്നവർ വിളിക്കുന്നത് പക്ഷെ ഖാലിദാജിയെ കൂടുതലായി അറിയാത്ത ദൂരെ നിന്ന് നോക്കുന്ന നാട്ടുകാർക്കെല്ലാം പിശുക്കൻ ഖാലിദാജിയാണ്
നാട്ടുകാർ എന്തും പറയട്ടെ പക്ഷെ തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും മരുമക്കൾക്കും താൻ പഴഞ്ചനും പിശുക്കനുമായതെങ്ങിനെ
അവിടെ തനിയെ ഇരിക്കുന്ന നേരത്ത് അയാളുടെ ചിന്ത മുഴുവൻ അതായിരുന്നു
അതും ഇക്കാണുന്ന വീടും സ്ഥലവും എണ്ണമറ്റ സ്വത്തുക്കളും അവർക്കായി സമ്പാദിച്ച അവർക്കായി കരുതി വെച്ച താൻ എന്തുകൊണ്ട് ഇങ്ങനെ കേൾക്കേണ്ടവനായി
ഓർമ്മകളിൽ ആദ്യമായി തന്നെ പിശുക്കൻ ഖാലിദാജി എന്ന് വിളിച്ചത് പള്ളി കമ്മറ്റിക്കാർ ആയിരുന്നു അതിന് കാരണമൊ പള്ളി അനാവശ്യമായി മോഡി പിടിപ്പിക്കാൻ താൻ അഞ്ചിന്റെ പൈസ തരില്ലാന്ന് അവരോട് മുഖത്ത് നോക്കി പറഞ്ഞു
അതിനു ശേഷം വീണ്ടും അവർ നാട്ടിൽ നന്നായി നടന്ന് പോകുന്ന സർക്കാർ സ്കൂൾ ഉള്ളപ്പോൾ തന്നെ വേറൊരു മാനേജ്മെന്റ് സ്ഥാപനമായി പുതിയ ഒരു സ്കൂൾ തുടങ്ങാനെന്ന് പറഞ്ഞ് പിരിവിന് വന്നപ്പോൾ അതുപോലെ തന്നെ പറഞ്ഞു അന്നാണ് ഇയാളോട് നമ്മൾ കാശ് ചോദിക്കണ്ട അയാൾ തരില്ല അയാൾ പിശുക്കനാ എന്ന വിളി കേട്ടത് പിന്നീട് നാട്ടുകാർ ആ വിളി ഏറ്റെടുക്കുകയായിരുന്നു
നാട്ടുകാരെ ഒരു നിലക്കും സഹായിക്കാത്ത ആളാണൊ താൻ ? കമ്മറ്റിക്കാർ ശ്രദ്ധ കൊടുക്കാത്ത സഹായം വേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായിച്ചിട്ടുണ്ട് വേറെയും പല നല്ല കാര്യങ്ങൾക്കും സഹായിച്ചിട്ടുണ്ട് അതൊക്കെ തനിക്കും പടച്ചോനും അറിയാം അതുകൊണ്ട് നാട്ടുകാരുടെ വിളിപ്പേര് കാര്യമാക്കുന്നില്ല
സ്വന്തം മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അങ്ങനെ കേൾക്കാൻ മാത്രം താൻ എന്ത് പിശുക്കത്തരമാണ് അവരോട് കാട്ടിയത് .. ?
കുടുംബത്തിൽ നിന്ന് ആദ്യമായി തന്നെ വെറുതെയല്ല ആളുകൾ വാപ്പാനെ പിശുക്കൻ ഖാലിദെന്നും പിശുക്കൻ ഹാജിയെന്നുമെല്ലാം വിളിക്കുന്നത് എന്ന് പറഞ്ഞത് തന്റെ രണ്ടാമത്തെ മകൻ ഷിഹാബ് ആയിരുന്നു
അതിനുള്ള കാരണമൊ വീട്ടിൽ നല്ലൊരു കാറും ബൈക്കും ഉള്ളപ്പോൾ വേറൊരു കാറ് ഇപ്പോൾ വാങ്ങണ്ട എന്ന് പറഞ്ഞതായിരുന്നു വല്ലപ്പോഴും അത്യാവശ്യത്തിന് മാത്രം കാറിൽ പോകുന്ന തന്റെ കാർ അധികവും അവൻ തന്നെയാണ് കൂടുതലും എടുത്ത് കറങ്ങാറുള്ളത് കൂടാതെ ബൈക്കും ഉണ്ട് എന്നിട്ടും അത് പറഞ്ഞതിന് താൻ പിശുക്കനായി ,
പേരക്കുട്ടികൾക്ക് അവർ കുഞ്ഞുന്നാളിലെ താൻ പിശുക്കൻ തന്നെ ..‌ നാട്ടുകാരുടെ വിളി കേട്ടൊ മറ്റൊ തുടങ്ങിയ വിളി
വെള്ളം പാഴാക്കി കളയുന്നത് കാണുമ്പോൾ അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ പിശുക്കൻ ഉപ്പാപ്പ എന്ന് വിളിക്കും
വെറുതെ മുറിയിൽ ലൈറ്റ് ഇട്ട് വെച്ച് കണ്ടാൽ അങ്ങനെ വെക്കരുത് എന്ന് പറയുന്നതും താനൊരു പിശുക്കനാ അതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നാണ് പാവം കുട്ട്യോൾടെ ധാരണ
മൂത്ത മകൻ റിയാസിന്റെ കല്യാണ വേളയിലാണ് ആദ്യമായി താൻ ആ വിളിപ്പേരിൽ അപമാനിതനായതും അതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടതും
കല്യാണം കെങ്കേമമായി തന്നെ നടത്താൻ താനും പറഞ്ഞതാ പക്ഷെ അവന് അത് പോര ബുഫെ സൽക്കാരം തന്നെ വേണം അതും ആയിരങ്ങൾ വന്ന് തിന്നാലും തിന്ന് തീർക്കാൻ പറ്റാത്തത്ര പലതരം ഐറ്റംസ് കൊണ്ട് വേണമെന്ന് വാശി
മോനെ നമുക്ക് അങ്ങനെയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ അവനും അവന്റെ അനുജനും ചേർന്ന് ഒരേ സ്വരത്തിൽ പറഞ്ഞു വാപ്പ ഇതിൽ ഇടപെടേണ്ട എന്തെങ്കിലും കുറവ് വരുത്തിയാൽ ആൾക്കാർ പറയും
പിശുക്കൻ ഖാലിദിന്റെ മകന്റെ നിക്കാഹാണ് നടക്കുന്നത് എന്ന പേര് വരാതിരിക്കാനും കൂടിയാണ് ഈ പറയുന്നത് എന്നു കൂടി അവർ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല
ഇന്ന് വീട്ടിൽ വിരുന്നു കാര് വന്നിരിക്കയാണ് അവർ ഉള്ള നേരത്ത് പഴമക്കാരനായ് തോന്നുന്ന വിധത്തിൽ നിങ്ങൾ പെരുമാറരുത് ,
അതിനു കഴിയില്ലെങ്കിൽ വന്നവർ തിരിച്ച് പോകും വരെ പുറത്ത് എവിടെയെങ്കിലും പോയി പിന്നെ വന്നാൽ മതി , നിങ്ങൾ ഉണ്ടാകുന്ന സമയം കൊച്ചുങ്ങൾ അവരുടെ മുന്നിൽ പിശുക്കൻ ഉപ്പാപ്പ എന്ന് വിളിക്കാതിരിക്കുകയും ചെയ്യുമല്ലൊ എന്നു കൂടി പറഞ്ഞു കേട്ടപ്പോൾ തന്റേ സമ്പത്ത് മാത്രമല്ല സമ്പാദ്യമായ് കരുതിയ കുടുംബവും നഷ്ടമായ പോലെ അയാൾക്ക് തോന്നി
വിരുന്നിന് വന്നവർ തിരികെ പോയെന്ന് അറിഞ്ഞിട്ടും ആ ചെറിയ ഷെഡ്ഡിൽ നിന്ന് തിരിച്ച് തന്റെ കൊട്ടാര സമാനമായ വീട്ടിലേക്ക് മടങ്ങാൻ അയാൾക്ക് തോന്നിയില്ല
പണ്ട് ഒന്നുമില്ലാത്ത അവസ്ഥയിൽ ഇതുപോലെ ചെറിയ ഓടിട്ട വീട്ടിൽ ജനിച്ചു വളർന്നു വന്നവനാണ് , ചോര നീരാക്കി വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് സമ്പാദിച്ചതാണ് ഈ കാണുന്നതൊക്കെയും
അദ്ധ്വാനത്തിന്റെ വില അറൊയുന്നവർ ആയ ഏതൊരാൾക്കും ഏതു കാര്യത്തിനായാലും പാഴ്ചിലവും ആർഭാടവും ഇഷ്ടപ്പെടില്ല അതെ താനും പറഞ്ഞുള്ളൂ അതെ ചെയ്തുള്ളൂ തനിക്ക് ഇവിടെ കിടന്നാലും ഉറക്കം വരും
അയാൾ മെല്ലെ അവിടെ ഡ്രൈവർ കിടക്കുന്നതിന്ന് താഴെ പായ വിരിച്ച് തല ചായ്ച്ച് കിടന്നു അപ്പോൾ അയാൾക്ക് തോന്നി തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല താൻ പിശുക്കനല്ല തന്റെ പ്രധാന സമ്പാദ്യം ഇത്രയും നാൾ എങ്ങനെ ചിലവഴിച്ചുവൊ അതാണ് ശരി അതുകൊണ്ടാണ് ഇത്തിരിയെങ്കിലും സമാധാനം തനിക്ക് ഇപ്പോൾ ഇവിടെ തല ചായ്ക്കുമ്പോൾ കിട്ടുന്നതെന്നും .
സിദ്ദീഖ് വേലിക്കോത്ത്

തിടുക്കം

Image may contain: 1 person, closeup

തുടക്കവും അറിവില്ല
ഒടുക്കവും അറിവില്ല
തിടുക്കത്തിനൊ ഒട്ടും കുറവുമില്ല
കാണാൻ തിടുക്കം
അറിയാൻ തിടുക്കം
വളരാൻ തിടുക്കം
വളരുമ്പോൾ ഓരോന്നും
നേടാൻ തിടുക്കം
തിടുക്കത്തിലെല്ലാം നേടാൻ
ഓടുന്ന നേരത്തൊരു ദിനം
ഒടുങ്ങുന്നു മർത്യന്റെ തിടുക്കമെല്ലാം
ഒടുവിൽ തിടുക്കത്തിൽ എടുത്തോളൂ
എന്ന് ചൊല്ലും വരേയ്ക്കും
തിടുക്കം തീരാത്ത
ജന്മങ്ങളായ് മനുഷ്യൻ .
സിദ്ദീഖ്‌ വേലിക്കോത്ത്

ജീവന്റെ വില ( കഥ )

ജീവന്റെ വില ( കഥ )
*************
പത്തറുപത് വയസ്സിനടുത്ത് പ്രായമായ കൃഷിക്കാരനും പാവപ്പെട്ടവനുമായ അയാൾ കാർഷിക വായ്പ ലഭിക്കാനായി പലവട്ടം പലപല ബാങ്കുകളിൽ കയറിയിറങ്ങി ഒരുപാട് തവണ ശ്രമിച്ചിട്ട് അയാൾക്ക് വായ്പയായി രണ്ട് ലക്ഷം രൂപ കിട്ടി , അതുകൊണ്ട് അയാൾ വാഴക്കൃഷി ചെയ്യാൻ തീരുമാനിച്ചു നട്ടു വളർത്തി വാഴത്തൈകൾ കുലച്ച് വരാറായ നേരത്ത് ശക്തമായ കാറ്റു വന്ന് കൃഷിയെല്ലാം നശിച്ചു
ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക ജീവിതോപാധിയായിരുന്ന കൃഷി നാശം അയാളെ വല്ലാതെ നോവിച്ചു
പഞ്ചായത്ത് ആപ്പീസിലും വില്ലേജ് ആപ്പീസിലും ബാങ്കിലുമെല്ലാം തനിക്ക് വന്ന നഷ്ടം അയാൾ ബോധിപ്പിച്ചെങ്കിലും ആരും അത് ചെവി കൊണ്ടില്ല മക്കളുടെ പഠിപ്പും മറ്റു ജീവിത ചിലവുകളും ഏറെ ബുദ്ധിമുട്ടിയാണ് മുമ്പെ കണ്ടെത്തിയിരുന്നത് ഇപ്പോൾ അതിന്റെ കൂടെ ബാങ്കിലെ കട ബാധ്യതയും തീർക്കാൻ നോക്കണം പലിശയടക്കം ഇപ്പോൾ തന്നെ രണ്ടര ലക്ഷത്തിൽ അധികമായി എങ്ങനെ ഇതെല്ലാം കൊടുത്തു തീർക്കും ? വീടും പറമ്പും വില്പന നടത്തിയാൽ കടം വീട്ടാനല്ലാതെ മറ്റൊരു വീട് വെക്കാൻ തികയുമില്ല മക്കളിൽ രണ്ടു പേർ അടുത്ത വർഷം ഡിഗ്രി പൂർത്തിയാക്കാൻ നിൽക്കുന്നവർ , ജീവിതം വഴി മുട്ടിപ്പോയ അവസ്ഥ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അയാൾ ഇതിനെല്ലാം പരിഹാരമായി സ്വയം സ്വന്തം ജീവനൊടുക്കൻ തീരുമാനിച്ചു
അങ്ങനെ അയാൾ ഒരു ദിവസം ആത്മഹത്യ ചെയ്യാൻ വേണ്ട കയർ ഒരുക്കി അന്നേ ദിവസം ഭാര്യക്കും മക്കൾക്കും നല്ല ഭക്ഷണം വാങ്ങി കൊടുക്കാമെന്നും കരുതി വീട്ടുകാരോട് ഇന്ന് ഞാൻ ഹോട്ടലിൽ നിന്ന് വാങ്ങി കൊണ്ടു വരും അത് നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാമെന്ന് പറഞ്ഞു
ഹോട്ടലിൽ നിന്ന് പൊതിഞ്ഞ് കൊണ്ടു വന്ന ഭക്ഷണം കാര്യം അറിയാതെ അവരെല്ലാവരും സന്തോഷത്തോടെ കഴിക്കാൻ തുടങ്ങി അതു കണ്ട് അപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു , കഴിച്ചു കൊണ്ടിരിക്കെ ഇളയ കുട്ടി ഭക്ഷണം പൊതിഞ്ഞ പത്രക്കടലാസ് എടുത്ത് വെറുതെ അതിലുള്ള ഓരോന്നും ഉറക്കെ വായിച്ചു കൊണ്ടിരുന്നു അക്കൂട്ടത്തിൽ ഒരു വാർത്ത ഇങ്ങനെ ആയിരുന്നു വൃക്ക മാറ്റി വെക്കൽ ചികിത്സയിൽ കഴിയുന്ന പ്രമുഖ വ്യവസായിക്ക് അയാൾക്ക് ചേരുന്ന വൃക്ക തേടുന്നു നൽകുന്ന ആൾക്ക് അഞ്ച് ലക്ഷം രൂപ നൽകുന്നതാണ് എന്നായിരുന്നു ആ വാർത്ത
മകൾ വെറുതെ വായിച്ച ആ വാർത്ത കേട്ട് അയാൾ ഞെട്ടിത്തരിച്ചു അതോടെ അയാൾക്ക് ബോധോദയം വന്നു താൻ എടുത്ത തീരുമാനം എത്രമാത്രം വിഡ്ഡിത്തരമാണെന്ന് അയാൾക്ക് തോന്നി ഒരുഭാഗത്ത് താൻ ജീവനൊടുക്കാൻ തീരുമാനിക്കുമ്പോൾ മറ്റൊരാളല്ല ഒരുപാട് പേർ ജീവൻ നില നിർത്താൻ പാടു പെടുന്നു തന്റെ ഒരു വൃക്ക ആർക്കെങ്കിലും കൊടുത്താൽ തന്റെ കട ബാധ്യത തീരുകയും ചെയ്യും വേറൊരാളുടെ ജീവൻ രക്ഷിക്കാനും കഴിയും എന്ന് അയാൾ മനസ്സിലാക്കി ആത്മഹത്യ ചെയ്യാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനും സന്തോഷത്തോടെ കഴിയാനും തീരുമാനിച്ച് ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് പിന്മാറി .
സിദ്ദീഖ് വേലിക്കോത്ത്

അന്ധത

Image may contain: 1 person, closeup

" ഇതൊരു കഥയല്ല ഇതിന്റെ അവസാന ഭാഗം ഒഴികെ ബാക്കിയെല്ലാം നടന്ന സംഭവമാണ് തികച്ചും ഒറ്റപ്പെട്ട സംഭവമാണെങ്കിലും ജാതി മത ഭേദമന്യേ ഇങ്ങനെ നടക്കുന്നു കമന്റ് ബോക്സ് നോക്കുക അത് വേറൊന്ന് "
അന്ധത
********
തന്റെ മകളുടെ കല്യാണത്തിന് ക്ഷണിക്കാനാണ് അയാൾ അയാളുടെ അകന്ന ബന്ധുവായ ആളുടെ വീട്ടിലേക്ക് പോയത് , വീടിന്റെ വാതിലുകൾ അടഞ്ഞ് കിടക്കുന്നത് കണ്ട് അയാൾ കാളിങ്ങ് ബെല്ലടിച്ചു നോക്കി പക്ഷെ ആരും വാതിൽ തുറന്നില്ല അടുക്കള ഭാഗത്ത് പോയി കൊട്ടി വിളിച്ചു എന്നിട്ടും വാതിലുകൾ തുറന്നില്ല
ഇത്തിരി തുറന്നു വെച്ച ജനാല കണ്ട് അതിലൂടെ അകത്ത് നോക്കിയ അയാൾക്ക് ചെറിയ ദുർഗ്ഗന്ധം ശ്വസിക്കാൻ ഇടയായി ഒപ്പം ആളനക്കം കേൾക്കാനും
ആ വീട്ടിനു ചുറ്റും താമസിക്കുന്ന അയൽക്കാരോട് വിവരം തിരക്കി അപ്പോൾ അവർ പറഞ്ഞു ഇവിടെ താമസിക്കുന്നവരിൽ ആരെയും രണ്ട് മൂന്നു മാസമായി പുറത്ത് അധികമൊന്നും കാണാറില്ല
സംശയം തോന്നിയ അയാൾ ഉടൻ പോലീസിനെ വിവരം അറിയിച്ചു പോലീസും നാട്ടുകാരുമെത്തി വീടിന്റെ അടഞ്ഞ് കിടന്ന വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്
മാസങ്ങൾ പഴകി ദ്രവിച്ച മൃത ശരീരം ആ മൃതദേഹം കിടത്തിയിരിക്കുന്ന കട്ടിലിന്റെ അരികിൽ ക്ഷീണിച്ച് അവശരായ രണ്ട് പേർ
അവരോട് കാര്യം തിരക്കി
ഇത്രയും നാളായിട്ട് മരിച്ചു ദ്രവിച്ചുകൊണ്ടിരിക്കുന്ന ഇയാളുടെ ഭൗതിക ശരീരം മറവ് ചെയ്യാതെ നിങ്ങൾ മയ്യിത്തിനെയും നോക്കി അരികിൽ കാവലിരിക്കുകയായിരുന്നൊ ?
അത് ഞങ്ങളുടെ ശൈഖ് പറഞ്ഞിരുന്നു പേടിക്കേണ്ട ആള് ശരിക്കും മരിച്ചിട്ടില്ല ഇപ്പോൾ അങ്ങനെ തോന്നിയാലും പിന്നീട് ജീവൻ വെക്കും നിങ്ങൾ നോക്കി കാത്തിരിക്കൂ എന്ന് ഞങ്ങളുടെ ശൈഖ് വലിയ ദിവ്യ ശക്തിയുള്ള ആളാ പറഞ്ഞാൽ പറഞ്ഞത് പോലെ നടക്കും ഒട്ടേറെ അത്ഭുതങ്ങൾ കിട്ടിയിട്ടുണ്ട്
ഏതാ നിങ്ങളുടെ ശൈഖ് , അയാൾ ഇപ്പോൾ എവിടെയുണ്ട് ... ?
ശൈഖ് ഇന്ന സ്ഥലത്ത് കാണുന്ന ആ വലിയൊരു കൊട്ടാരം പോലൊരു വീടില്ലെ അവിടെ കാണും
പോലീസ്‌ ആ വ്യാജസിദ്ധൻ താമസിക്കുന്ന ഇടത്തേക്ക് അയാളെയും തേടി പോയി അപ്പോൾ അവിടെയും വലിയൊരു ആൾക്കൂട്ടം കണ്ടു
അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു ഇന്ന് അല്പം മുമ്പ് ഞങ്ങളുടെ ശൈഖ് ദൂരെ യാത്ര കഴിഞ്ഞു വരുന്ന വഴി ഒരു ആക്സിഡെന്റ് ഉണ്ടായി അതിൽ ഞങ്ങളുടെ ശൈഖ് മരണപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത് അതിനാൽ ആ പുണ്യ ശരീരം കാണാനാ ഞങ്ങൾ എല്ലാവരും വിതുമ്പുന്ന മനസ്സുമായ് കാത്തിരിക്കുന്നത്
അവരുടെ വാക്കുകൾ കേട്ട ആ പോലീസ് ഓഫീസർ അന്ധത ബാധിച്ച ഗുരു ശിഷ്യന്മാരോട് എന്ത് പറയണമെന്ന് അറിയാതെ അവരെ ഓർത്ത് ലജ്ജയോടെ മുഖം താഴ്ത്തി .
സിദ്ദീഖ്‌ വേലിക്കോത്ത്

രക്ത രക്ഷസ്സ് ( കഥ )

Image may contain: 1 person, closeup

കലാനിലയം അവതരിപ്പിച്ച വളരെ പ്രശസ്തമായ നാടകം " രക്ത രക്ഷസ് " കണ്ടു മടങ്ങുകയായിരുന്നു വിജയനും കുടുബവും നാടകം കാണാൻ വിജയൻ നിർബന്ധിച്ച് അവരെ കൂട്ടിക്കൊണ്ട് പോയതാണ് ആദ്യമൊന്നും അവർക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല കാരണം വർഷങ്ങൾ പഴക്കമുള്ള നാടകമല്ലെ കൂടാതെ ഇന്നത്തെ കാലത്ത് നാടകത്തിനോടൊന്നും ആർക്കും പഴയ പോലെ കാണാൻ ആൾക്കാർ ഏതു നാടകത്തിനായാലും ഉണ്ടാകാറുമില്ല അതും ഒരു കാരണമായി അവർ പറഞ്ഞു
പക്ഷെ വിജയന് അങ്ങനെയല്ല കുഞ്ഞുന്നാളിൽ അച്ഛൻ രാഘവനിൽ നിന്ന് പകർന്ന് കിട്ടിയതാണ് ഈ നാടകക്കമ്പം , അച്ഛന്റെ കൈ പിടിച്ച് ആദ്യമായി പോയിക്കണ്ട നാടകം അതാണ് രക്ത രക്ഷസ്സ്
അന്ന് നാടകം കളിക്കുന്ന സ്ഥലത്ത് കിലോമീറ്ററുകളോളം നടന്നാണ് പോവുക വഴിയാണെങ്കിൽ ഇന്നത്തെ പോലെ അത്ര സൗകര്യവും ഇല്ല
നാടകം കണ്ട് തിരിച്ച് വരുന്നവർ പേടിച്ചു കൊണ്ടായിരിക്കും നടക്കുന്നത് ഏതെങ്കിലും ഒന്നൊ രണ്ടൊ പേരുടെ കൈയ്യിൽ മാത്രമായിരിക്കും നല്ല ടോർച്ച് ലൈറ്റുകൾ ഉണ്ടാവുക , ചിലർ തേങ്ങോല കൊണ്ട് ചൂട്ട് കത്തിച്ച് കഥ പറഞ്ഞു നടക്കും അങ്ങനെയുള്ള പഴയ ഓർമ്മകൾ പങ്കു വെച്ചാണ് വിജയൻ വീണ്ടും രക്ത രക്ഷസ്സ് കാണാൻ അവരെയും കൂട്ടി പോയത്
രാത്രി നേരത്തെ ഭഷണമെല്ലാം കഴിച്ച് ഓട്ടോയിലാണ് പോയത് ഓട്ടോയിൽ കയറാൻ ഒരുങ്ങവെ പേടിയൊന്നും ഇല്ലല്ലൊ മോളെ ? വിജയൻ വീണ്ടും തന്റെ മകളായ മിനി മോളോട് ചോദിച്ചു അവൾ ഇല്ലച്ഛാ ഞാൻ അന്നൊരു പ്രേതകഥ പറയുന്ന സിനിമ ടീവീല് വന്നപ്പൊ കണ്ടിരുന്നു എന്ന് മറുപടിയും പറഞ്ഞു
വിജയന് മൂന്ന് മക്കളാണുള്ളത് രണ്ണാണും ഇളയ കുട്ടിയായ മിനിയും , മിനിക്ക് ഏഴ് വയസ്സ് പ്രായം അച്ഛന്റെയൊപ്പം നാടകം കാണാൻ അവൾക്കു മാത്രമെ ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടായുള്ളൂ ...
നാടകം കഴിഞ്ഞു മടങ്ങാൻ നേരം അവരെ കൊണ്ടിറക്കിയ വാടക പിടിച്ചു വന്ന ഓട്ടൊ കാണാനില്ല , വിജയൻ അവിടെ റോഡരികിൽ പാർക്ക് ചെയ്ത ഭാഗത്ത് എല്ലായിടത്തും തിരഞ്ഞു അവിടെ എങ്ങും ഇല്ല ..‌ !!
ഇനിയെന്തു ചെയ്യും ? നാടകം കാണാൻ വന്നവർ ഒന്നൊന്നായി മടങ്ങിക്കഴിഞ്ഞു മറ്റൊരു വണ്ടി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള സ്ഥലവും അല്ല , വിജയനും മൂത്ത മകൻ രാഹുലും കൂടി വേറൊരു വണ്ടി കിട്ടാനുള്ള വഴി തേടി ഇത്തിരി ദൂരെയുള്ള ഭാഗത്തേക്ക് നടന്നു
ആ സമയത്ത് ഭാര്യയെയും മിനി മോളെയും രണ്ടാമത്തെ കുട്ടി രാഗേഷിനെയും ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞാണ് പോയത്
ഓട്ടോക്കാരന്റെ നമ്പർ നിന്റെ അച്ഛന് വാങ്ങി വെക്കാത്തതാ ഇതിനെല്ലാം കാരണം മകൻ രാഗേഷിനോടായ് രാഗിണി പറഞ്ഞു
അത് കേട്ടപ്പോൾ രാഗേഷ് പറഞ്ഞു അത് അമ്മേ അച്ഛന്റെ ധാരണ കണ്ടു പരിചയമുള്ള ആളല്ലെ അതുകൊണ്ട് പറഞ്ഞത് പോലെ കാത്തിരിക്കുമെന്നാ അയാൾ ചതിക്കുമെന്ന് അച്ഛന് അറിയൊ ?
എല്ലാവരും പോയിക്കഴിഞ്ഞു വണ്ടി അന്വേഷിച്ചു പോയ വിജയനെയും രാഹുലിനെയും കാണുന്നുമില്ല , അതുവരെ നാടകം കണ്ടിട്ട് പേടിക്കാതെ പിടിച്ചു നിന്ന മിനിക്കുട്ടിയുടെ ഉള്ളിൽ ചുറ്റും പേടിപ്പെടുത്തുന്ന എന്തൊക്കെയൊ നടക്കുന്നതായി തോന്നാൻ തുടങ്ങി
കാറ്റിന്റെ ഇലയനക്കങ്ങളിൽ അവൾ കാതോർത്തു ....ഇത് അതു തന്നെ രക്ത രക്ഷസ്സ് വരുമ്പോഴുള്ള അതേ ശബ്ദം , ദൂരെ റോഡിലൂടെ പോകുന്ന ലോറിയുടെ ഹോറൺ അവൾക്ക് രാക്ഷസന്റെ അട്ടഹാസമായി തോന്നി ... പെടുന്നനെയായിരുന്നു ഉറക്കെയുള്ള ആ വിളി അമ്മേ ... പെട്ടെന്നായതിനാൽ രാഗിണിയും രാഗേഷും ആദ്യം പകച്ചു പോയി
എന്താ മോളെ , എന്താ ഉണ്ടായെ , പേടിച്ചതാണൊ ?
മോള് പേടിക്കാതെ അവരിപ്പൊ വരും വന്നയുടൻ വീട്ടിലോട്ട് പോകാല്ലൊ പിന്നെന്തിനാ പേടിക്കുന്നെ ..
അപ്പോഴേക്കും വിജയനും രാഹുലും വേറെ വണ്ടി റെഡിയാക്കി തിരിച്ച് വന്നു , വാ ...
വേഗം വണ്ടിയിൽ കയറൂ... എന്ന് പറഞ്ഞ് വിജയൻ വണ്ടിയിൽ നിന്ന് ഇറങ്ങാതെ തന്നെ അവരെ അകത്തേക്ക് വിളിച്ചു അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി
എങ്കിലും ആ നേരത്തും മിനിക്കുട്ടി എന്തൊക്കെയൊ പിച്ചും പേയും പറയുന്നത് അവർ കേട്ടു
വീട്ടിലെത്തിയ ഉടൻ അവർ അവളെ സമാധാനിപ്പിച്ചു ബാക്കിയുണ്ടായിരുന്ന കഞ്ഞിയും വെള്ളവുമെല്ലാം കുടിക്കാൻ കൊടുത്ത് കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ പോലെ ആയി
രാത്രി വളരെ വൈകി ഇനി ഉറങ്ങാമെന്ന് കരുതി ലൈറ്റെല്ലാം ഓഫാക്കി അവർ കിടക്കാൻ ഒരുങ്ങി ഇരുൾ നിറഞ്ഞ നേരത്ത് അതാ വീണ്ടും ഒരു ശബ്ദം അടുക്കളയിൽ നിന്നായിരുന്നു അത് പാത്രമൊ പാത്രത്തിന്റെ മൂടിയൊ ആയിരുന്നു അത്
പക്ഷെ അതിൽ മിനിക്കുട്ടിക്ക് പ്രേതത്തിന്റെ സ്വരമായാണ് തോന്നിയത് ആദ്യത്തെ പോലെ ഉറക്കെ അല്ലെങ്കിലും അല്പം ശബ്ദം താഴ്ത്തി ഇടറിയ സ്വരത്തിൽ പിന്നെയും അമ്മേ ... എന്ന് വിളിച്ചു അതു കേട്ടതും വിജയനും രാഗിണിയും ഒരേ സ്വരത്തിൽ എന്താ മോളെയെന്ന് തിരിച്ച് ചോദിച്ചു
അപ്പോൾ മിനിക്കുട്ടി വിങ്ങിക്കൊണ്ട് പറഞ്ഞു ആ രാക്ഷസൻ ഇവിടെയുണ്ട് അല്ലെ ... ഞാൻ അടുക്കളയിൽ നിന്ന് അയാളുടെ ശബ്ദം കേട്ടു രക്ത രക്ഷസ്സ് അതിപ്പൊ നമ്മുടെ മുറിയിൽ വരും , അമ്മേ ... വാതിലടക്കമ്മെ വാതിലടക്ക്
അതും കൂടി ആയപ്പോൾ രാഗിണി ജയേട്ടാ ... നമ്മുടെ മോള് ദേ നോക്കിയെ ജയേട്ടാ .‌‌.. ഈശ്വരാ ... ഞാനിത് എങ്ങനെ സഹിക്കും രാഗിണി പൊട്ടിക്കരയാൻ തുടങ്ങി വിജയൻ അതൊന്നും കേൾക്കാൻ നിൽക്കാതെ ഒന്നൂല്ല മോളെ എന്ന് പറഞ്ഞ് മുറിയിലെ ലൈറ്റ് ഓണാക്കി അവളുടെ തലയിൽ തലോടിക്കൊണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു
അപ്പോഴും മിനിക്കുട്ടി പലതും പിറുപിറുക്കുയുണ്ടായി , എല്ലാം കൊണ്ടും എന്ത് ചെയ്യണമെന്ന് അറിയാതെ നേരം പുലരും വരെ അവർ പരസ്പരം നനഞ്ഞ മിഴികളുമായ് മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നേരം വെളുപ്പിച്ചു ...
പേടിയും ഉറക്കമൊഴിഞ്ഞ ക്ഷീണവും എല്ലാം ആയപ്പോഴേക്കും മിനിക്കുട്ടി തളർന്നുറങ്ങി മകൾ ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ വിജയൻ രാഗിണിയോടായ് പറഞ്ഞു നീ അതും ഇതും പറഞ്ഞ് വെപ്രാളപ്പെട്ട് വിഷമിക്കാതെ , ഇപ്പോൾ അവൾ ഉറങ്ങി ‌‌‌... നന്നായി ഉറങ്ങട്ടെ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് എല്ലാം ശരിയാകും നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല
എന്തെങ്കിലും എന്റെ മോൾക്ക് പറ്റിയാൽ എനിക്കത് താങ്ങാനാവില്ല ജയേട്ടാ ... അല്ലേലും നിങ്ങളാ എല്ലാറ്റിനും കാരണം , നിങ്ങളോട് നാടകം കാണാൻ വരുന്നില്ലാന്ന് പറഞ്ഞതല്ലെ എന്നിട്ടും നിർബന്ധിച്ച് കൂട്ടി പോയി എന്നിട്ടൊ എന്നേം മക്കളെയും ആ നട്ടപ്പാതിരാക്ക് വണ്ടി കാണുന്നില്ല എന്ന് പറഞ്ഞ് അവിടെ നിർത്തി അതാ കാരണം ... രാഗിണി പറഞ്ഞു
നിർത്തുന്നുണ്ടൊ നീ ... ഞാൻ അറിഞ്ഞു കൊണ്ട് നിങ്ങളെ അവിടെ നിർത്തിയതാണൊ ?
നേരം പുലർന്നിട്ടും നടന്നതൊന്നും അറിയാതെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു രാഹുലും രാഗേഷും ഇരുവരും വഴക്ക് കൂടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്
എന്താ .... എന്താ ഉണ്ടായെ ? അവർ മറുപടിയൊന്നും പറഞ്ഞില്ല രണ്ടു പേരും മൗനം പൂണ്ടു , അല്പ നേരം കഴിഞ്ഞ് വിജയൻ രാഗിണിയോടായ് പതുക്കെ പറഞ്ഞു ഒച്ച വെച്ചും കരഞ്ഞും ഇതൊന്നും ഇനിയാരെയും അറിയിക്കേണ്ട ന്റെ മോള് ഉറങ്ങി എണീക്കുമ്പോഴേക്ക് എല്ലാം ശരിയാകും നീ നോക്കിക്കൊ
വിജയന്റെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം അതിനാൽ മിനി മോൾ ഉറങ്ങുന്നതും നോക്കി രണ്ടാളും അവളുടെ അരികിൽ നിന്ന് മാറാതെ ഇരുന്നു അപ്പോഴാണ് മിനിക്കുട്ടി പതിവില്ലാതെ ഉറക്കിൽ മ്ം ... മ്ം.‌‌‌.. എന്ന് അസ്വസ്ഥമായി മൂളുന്നത് ശ്രദ്ധയിൽ പെട്ടത് അപ്പോൾ വിജയന് മനസ്സിലായി മകളെ ഭയം നന്നാനന്നായി ബാധിച്ചിട്ടുണ്ടെന്ന് എങ്കിലും പതറാതെ മിനി മോൾ ഉറങ്ങി എണീക്കുന്നത് വരെ കാത്തിരുന്നു
മൂന്നു നാല് മണിക്കൂർ കഴിഞ്ഞു മിനുക്കുട്ടി ഉണർന്നു , ഉണർന്നു കഴിഞ്ഞ അവൾ വീണ്ടും സാധാരണ പോലെയായി കണ്ടത് വിജയനും രാഗിണിക്കും തെല്ലൊന്നുമല്ല ആശ്വാസം പകർന്നത് പക്ഷെ അത് അല്പ നേരം മാത്രമേ അങ്ങനെ കണ്ടുള്ളൂ
പിന്നീട് അങ്ങോട്ട് മിനിക്കുട്ടി മുതിർന്നവരെ പോലെ സംസാരിക്കാൻ തുടങ്ങി , നാടകത്തിലെ ഡയലോഗുകൾ കാണാപാഠം പടിച്ച് അതിലേക്കാൾ ഉയർന്ന ശബ്ദത്തിൽ ഉരുവിടുന്നു
ഇടയ്ക്കിടെ അമ്മയെയും അച്ഛനെയും പോലും തിരിച്ചറിയാത്ത വിധം പെരുമാറുന്നു
ഏട്ടൻ രാഹുലിനെ നോക്കി നീയാണല്ലെ രാക്ഷസൻ എന്ന് പറഞ്ഞ് അട്ടഹസിക്കുന്നു
വിടില്ല ..... നിന്നെ ഞാൻ വിടില്ല എന്ന് പറഞ്ഞു ആക്രോശിക്കുന്നു
എല്ലാം കണ്ട് ആ വീട് ശോക മൂകമായ് മാറി , ഇനി തന്റെ മോളെ പഴയ നിലയിൽ കൊണ്ടു വരാൻ ആകുമൊ എന്ന് ചിന്തിച്ച വിജയൻ നിറ കണ്ണുകളോടെ മിനി മോളെ വാരിപ്പുണർന്ന് കൈയ്യിലെടുത്ത് നെറ്റിയിൽ ചുംബനം നൽകി
ആരോടും ഒന്നും പറയാൻ നിൽക്കാതെ
വിജയൻ മിനി മോളെയും കൂട്ടി വേഗം ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി
കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഭാഗ്യം കൊണ്ട് ഇപ്പോൾ നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഇടയ്ക്കിടെ നോർമൽ ആവുന്നത് പ്രതീക്ഷക്ക് വക നൽകുന്നു മൂന്ന് ദിവസം ഞാൻ തരുന്ന ഗുളികയും മരുന്നും കൊടുത്തു നോക്കുക
കുറച്ചു ദിവസം വരെ മോളെ പതിവിലും കൂടുതൽ ശ്രദ്ധയോടെ നോക്കണം , ഭയപ്പെടുത്തുന്നത് കാണാനൊ വലിയ ശബ്ദം കേൾക്കാനൊ ഇടവരരുത്
പേടിക്കാനൊന്നുമില്ല മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ വരണം വേറെ ഗുളിക തരാം ആവശ്യം വന്നെങ്കിൽ ഇവിടെ കിടത്തി ചികിത്സിക്കേണ്ടി വരും
അങ്ങനെ മിനി മോളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി ആ സമയത്ത് രാഗിണി തന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലെ ദൈവമേ ... എന്ന പ്രാർത്ഥനയിലായിരുന്നു
ഭാഗ്യത്തിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മിനിക്കുട്ടി സാധാരണ നിലയിലായി
അതിനു ശേഷം വിജയൻ ബന്ധുക്കളോടും കൂട്ടുകാരോടുമായ് ശക്തമായി പറയും പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഭയപ്പെടുത്തുന്ന ഹൊറർ സിനിമകളും നാടകങ്ങളുമൊന്നും കാണിക്കരുതെന്ന് .
സിദ്ദീഖ് വേലിക്കോത്ത്

നല്ലവൻ ( കഥ )


നല്ലവൻ ( കഥ )
**********
കോരിച്ചൊരിയുന്ന മഴയത്ത് ഓട്ടോയിൽ വീട്ടു മുറ്റത്ത് വന്നിറങ്ങുന്ന രാഘവന്റെ കൂടെ മുമ്പെങ്ങും ആ പരിസരത്ത് എങ്ങും കണ്ടു പരിചയമില്ലാത്തൊരു പെണ്ണും ഒരു കുട്ടിയെയും കണ്ടപ്പോൾ രാഘവന്റെ അമ്മാവൻ കണ്ണേട്ടന്റെ ഇളയ മകൻ വിജയന് കൗതുകം നിറഞ്ഞൊരു സംശയം , ആരായിരിക്കും ആ സ്ത്രീയും ആൺ കുട്ടിയും ?
ഏട്ടാ ഇതാരൊക്കെയാ ? മുമ്പെങ്ങും കണ്ടു പരിചയമില്ലല്ലൊ എന്നൊക്കെ ചോദിക്കാൻ വിജയന് തോന്നിയെങ്കിലും ഒന്നും ചോദിച്ചില്ല
കാരണം താൻ ദേവുയേട്ടീ എന്ന് വിളിക്കുന്ന ഏട്ടന്റെ ഭാര്യ മരിച്ചിട്ട് ദിവസങ്ങൾ മാത്രെ കഴിഞ്ഞുള്ളൂ ആ വിഷമവും പേറി ശരിക്ക് ഉണ്ണാതെ ഉറങ്ങാതെ നടക്കുവായിരുന്നു ഏട്ടൻ ഇന്നലെ വരെ ,
ഞാൻ ഒരിടത്ത് പോയി നാളെ രാവിലെ തിരിച്ച് വരും അതുവരെ നീ ഈ വീട്ടിൽ
നിൽക്കണം എന്ന് പറഞ്ഞേല്പിച്ച് പോയതാ
ചിലപ്പോൾ അച്ഛന് അറിയാമായിരിക്കും അവർ ആരാണെന്ന് വീട്ടിൽ ചെന്ന് അച്ഛനോട് ചോദിക്കാം എന്ന് വിജയൻ കരുതി
ഏട്ടാ ഞാൻ വീട്ടിൽ പോയി പിന്നെ വരാം എന്ന് പറഞ്ഞു വിജയൻ അവിടെ നിന്ന് ഇറങ്ങി
വീട്ടിൽ പോയി കാര്യം പറഞ്ഞ് മടങ്ങുമ്പോഴേക്കും രാഘവേട്ടന്റെ അയൽക്കാരും അകന്ന ബന്ധത്തിൽ പെട്ടവരും നാട്ടുകാരിൽ പലരും അറിഞ്ഞു
ദേവൂട്ടി മരിച്ചിട്ട് ഇന്നേക്ക് പതിനേഴാം ദിനം ആവുന്നേയുള്ളൂ അടിയന്തിരം കഴിഞ്ഞ പിറ്റേദിവസം തന്നെ രാഘവൻ എവിടെന്നോ വേറൊരു പെണ്ണിനെയും നാലഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയെയും കൂട്ടി കൂടെ പാർപ്പിക്കാൻ കൊണ്ടുവന്നിരിക്കുന്നു ,
ഈ രാഘവന് എന്ത് പറ്റി ? രാഘവന് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു ? അറിഞ്ഞവർ അറിഞ്ഞവർ പറയാൻ തുടങ്ങി ,
എന്ത് നല്ല സ്നേഹം നിറഞ്ഞ കുടുംബമായിരുന്നു
ഒരു ചെറിയ പിണക്കം പോലും ദേവൂട്ടിയും രാഘവനും തമ്മിൽ ഇതുവരെ ഉണ്ടായതായി കേട്ടറിവ് പോലുമില്ല
വിജയൻ പറഞ്ഞത് കൂടാതെ നാട്ടുകാരുടെ മുന വെച്ചുള്ള ചോദ്യങ്ങൾ കൂടി കേട്ടപ്പോൾ കണ്ണേട്ടനും സംശയം ഇരട്ടിച്ചു എന്താ ഉണ്ടായത് എന്നറിയാൻ രാഘവന്റെ വീട്ടിലേക്ക് തിരിച്ചു
ഇത്രക്കാരനായിരുന്നു എന്ന് ഞങ്ങളാരും കരുതിയില്ല നീ ആള് കൊള്ളാമല്ലൊ ? ഇവർ നിന്റെ ആരാടാ ? മുമ്പൊരിക്കൽ പോലും നീ ഈ വീട്ടീന്നും നാട്ടീന്നും പുറത്തെവിടെയെങ്കിൽ പോയി താമസിച്ചതായിട്ട് ഞങ്ങൾക്കൊന്നും അറിവില്ല പിന്നെ എവിടെന്ന് കിട്ടി നിനക്കിവറ്റകളെ ?
രാഘവന്റെ അമ്മാവന്റെതായിരുന്നു ചോദ്യങ്ങൾ മുഴുവനും
അമ്മാവൻ കരുതുന്ന പോലൊന്നുമല്ല കാര്യങ്ങള് അതൊക്കെ ഞാൻ പിന്നീട് പറയാം അമ്മാവാ ,
നിങ്ങളെയൊന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല നിങ്ങൾടെ ആരുടേം പെങ്ങളേയൊ ഭാര്യയെയൊ ഒന്നും അല്ലല്ലൊ ഞാനിവിടെ കൊണ്ടാക്കിയെ... എല്ലാരും ഒന്ന് പോയ് തന്നാ മതി , രാഘവൻ അവിടെ കൂടിയ നാട്ടുകാരോട് പറഞ്ഞു
എല്ലാവരും പോയെന്ന് ഉറപ്പായപ്പോൾ രാഘവൻ ഉണ്ടായതെന്തെന്ന് സംഭവങ്ങൾ അമ്മാവനോട് വിവരിച്ചു , അമ്മാവന് എന്നെ അറിയില്ലെ ഞാനങ്ങനെ അരുതാത്തതും വേണ്ടാത്തതും ചെയ്യൊ അതും എന്റെ ദേവൂനെ മറന്ന് കൊണ്ട്
ഞാനിവളെ താലി കെട്ടുകയൊ കല്യാണം കഴിക്കയൊ അവളുടെ കൂടെ ഒന്നിച്ചു കഴിയുകയോ ചെയ്തിട്ടില്ല ,
പിന്നെ ഇവൾ ആരാ ഇവളുമായി നിനക്കെന്താ ബന്ധം .. ? അമ്മാവൻ തിരിച്ച് ചോദിച്ചു
അമ്മാവന് ഓർമ്മയില്ലേ ദേവൂന് അസുഖം കൂടിയപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി കാണിച്ചതും അവിടെ പത്തിരുപത് ദിവസം അവിടെ കിടത്തി ചികിത്സിക്കേണ്ടി വന്നതും അന്ന് ദേവൂന് ഞാൻ ആശുപത്രിക്ക് വെളിയിൽ പോകുന്ന നേരത്തൊക്കെ കൂട്ടിനിരു‌ന്ന ആളാ ഇവള് ,
എന്റെ ദേവു വേദന കൊണ്ട് പിടയും നേരത്ത് സഹായിച്ചവൾ , ഇവൾക്കും മോനും ആരുമില്ലമ്മാവാ ഇവരുടെ കാര്യങ്ങളൊക്കെ എന്നേക്കാൾ നന്നായി ദേവൂനറിയായിരുന്നു
അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ കഴിയായിരുന്നു ഇവർ , ഭർത്താവുണ്ടായിരുന്നു അയാൾക്കും എന്റെ ദേവൂനുണ്ടായ അതേ അസുഖമായിരുന്നു
അന്ന് അയാളും ഉണ്ടായിരുന്നു ആസ്പത്രിയിൽ
മൂന്ന് കൊല്ലം മുൻപ് അയാൾ മരിച്ചു , അതിൽ പിന്നെ ബിന്ദുവും മകനും തീർത്തും ഒറ്റപ്പെട്ടു ,
അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ ഒരു ചെറുപ്പക്കാരിക്ക് എങ്ങനെയാ ഭയപ്പാടില്ലാണ്ട് കഴിയാനാവും എന്നുള്ള ചിന്ത ന്റെ ദേവു എന്നെ ഇടക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു
ഒടുവിൽ ന്റെ ദേവു എന്നോട് അവസാനമായി പറഞ്ഞ വാക്കുകളിൽ ഒന്ന് ഇവരുടെ കാര്യമായിരുന്നു
എനിക്കെന്തേലും ആയാൽ ഏട്ടൻ എന്റെ ആഗ്രഹമെന്നോണം കരുതി അവരെ ഇവിടെ
ഇ വീട്ടിൽ കൊണ്ടുവന്ന് നല്ല നിലയിൽ നോക്കണം
പറ്റുമെങ്കിൽ ഒരുമിച്ചുള്ള ഒരു ജീവിതം തന്നെ അവൾക്ക് കൊടുക്കണം എന്നായിരുന്നു
ഒരുമിച്ചുള്ള ജീവിതമൊന്നും ആശിച്ചല്ലമ്മാവാ ഞാനിവരെ ഇവിടെ കൊണ്ട് വന്നാക്കിയത് അതൊട്ടും ആഗ്രഹിക്കുന്നുമില്ല
കഴിയാവുന്നിടത്തോളം അവരെ സംരക്ഷിക്കുക എന്ന ആഗ്രഹമേയുള്ളൂ
കാര്യങ്ങൾ അറിഞ്ഞ അമ്മാവൻ രാഘവനോട് പറഞ്ഞു ,
ഒരു നല്ല കാര്യം തന്നെയാ നീ ഇപ്പോൾ ചെയ്തത് പക്ഷെ ഒരു വീട്ടിൽ താലി കെട്ടാതെ ഒരു പെൺകുട്ടിയെ കൂടെ താമസിപ്പിക്കുക എന്നത് മറ്റ് പല പ്രശ്നങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കും ,
ഇനിയിപ്പൊ .. നമ്മുടെ ദേവൂട്ടി പോയി നിനക്ക് ഇവരല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ വേറൊരു തുണ വേണ്ടി വരും
ദേവൂട്ടി പറഞ്ഞ പോലെ ഒരുമിച്ചുള്ള ഒരു ജീവിതം
തന്നെയാ നല്ലത് അത് ഇനി അധികം വൈകിക്കാനൊന്നും നിക്കണ്ടാ ..
ഇത്രയും പറഞ്ഞ് അമ്മാവൻ അവിടെന്ന് ഇറങ്ങുമ്പോൾ അയാളുടെ മനസ്സിൽ അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു ഞാനെന്റെ കുട്ടിയെ വെറുതെ തെറ്റിദ്ധരിച്ചു
ന്റെ രാഘവൻ നല്ലവനാ നല്ലവൻ .
സിദ്ദീഖ് വേലിക്കോത്ത് .

ബാധ (കഥ )


ബാധ (കഥ )
*****
 വടക്കേപുറത്തെ അബൂക്കാക്ക് എന്തോ ദേഹത്ത് കൂടീന്നാ പറയുന്നെ നീ അറിഞ്ഞില്ലെ റിയാസെ ?
എപ്പൊ ഏയ് അത് ആരെങ്കിലും ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാകും , ഞാനിന്ന് രാവിലെയും അബൂക്കാനെ കണ്ടിരുന്നല്ലൊ പത്ത് പതിനഞ്ച് മിനിറ്റോളം വർത്താനോം പറഞ്ഞിന് ഒരു കുഴപ്പോല്ല നീയൊക്കെ ചേർന്ന് വെർതെ ആ പാവം അബൂക്കാനെ കുഴപ്പത്തിൽ ആക്കാണ്ട്ണ്ടായാ മതി ,
റിയാസിന്റെ വാക്ക് വിശ്വസിക്കാതെ സുബൈർ പറഞ്ഞു .
അല്ലടാ ശരിക്കും എന്തോ കൂടീൻന്ന് എല്ലാരും പറയുന്നുണ്ട് നീ വേണോങ്കി വിശ്വസിച്ചാ മതി ,
അത് കേട്ടപ്പോഴും സുബൈറിന്് അബൂക്കാനെ കുറിച്ച് അങ്ങനെയൊന്നും വിശ്വാസം വരുന്നില്ല
തന്റെ വീടിന്റെ വലിയ ദൂരത്തൊന്നുമല്ലല്ലൊ അബൂക്കാന്റെ പുര രാത്രി ഇന്ന് പുരക്ക് പോയിറ്റെന്നെ ശരിക്കും വിശേഷോല്ലാം അറിയാല്ലൊ , സുബൈർ ആത്മഗതം പറഞ്ഞു
രാത്രി നമസ്കാരം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകുന്നു ആ നേരത്താണ് സുബൈർ അത് ശ്രദ്ധിച്ചത് അബൂക്ക പള്ളിയിൽ നിസ്കരിക്കുന്നു
ഇത് എന്താ സംഭവം അബൂക്ക തന്നെയാണൊ ഇത് ???
ഇക്ക അങ്ങനെ നിസ്കരിക്കാനൊന്നും വരാറില്ലല്ലൊ , എല്ലാവരും പോയിക്കഴിഞ്ഞിട്ടും
അബൂക്ക നമസ്കാരം നിർത്തുന്ന മട്ടില്ല തുടർന്നുകൊണ്ടേയിരിക്കുന്നു എന്നത് കൂടി ആയപ്പോൾ സുബൈറിനും സംശയമായി
ഇത് നേരത്തെ റിയാസ് പറഞ്ഞത് പോലെ എന്തോ ദേഹത്ത് കൂടിയേന്നെ ,
കുറച്ചു നേരം
വരെ സുബൈർ അബൂക്കാനെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു പള്ളിയിൽ നിന്ന് മടങ്ങാനൊരുങ്ങവെ പിറകിൽ നിന്നൊരു വിളി
സുബൈറേ .‌‌‌.. തിരിഞ്ഞ് നോക്കുമ്പോൾ അബൂക്ക ,
നീയെന്തേ സുബൈറെ ഇന്ന് ഇശാ നിസ്കരിക്കാൻ വൈകിയൊ ?
അത് .‌. അത് ഞാൻ ങ്ങ് ഹാ കുറച്ച് വൈകി ചെറിയൊരു ഭയത്തോടെ സുബൈർ വിക്കി വിക്കി മറുപടി പറഞ്ഞു
ഇക്കാക്ക് സുഖം തന്നെ അല്ലെ ?
അതേടാ , ഇപ്പോഴാ ശരിക്കും ഒരു സുഖം എന്തെന്ന് ഞാൻ അറിയുന്നത് ..
ഇക്കാന്റെ ആ മറുപടിയും കൂടി കേട്ടപ്പോൾ സുബൈർ ഉറപ്പിച്ചു ഇത് ഏതോ ജിന്ന് കൂടിയത് തന്നെ ,
സാധാരണ ഇ ബാധ കൂടിയവരും ചെറിയ മാനസീക അസ്വസ്ഥത ഉള്ളവരുമാണ് കൂടുതൽ ഭക്തി കാണിക്കാറുള്ളത് ഇവ രണ്ടിലേതെങ്കിലും ഒന്ന് സംഭവിച്ചിട്ടുണ്ട് അതാ ഇങ്ങനെ
പിറ്റേന്ന് നേരം പുലർച്ചെ തന്നെ കാദർക്കാന്റെ ഹോട്ടലിൽ ചായ കുടിക്കാൻ പതിവ് പോലെ ആൾക്കാർ ഒത്തു കൂടി അപ്പോഴും സംസാരം അബൂക്കാനെ കുറിച്ച് തന്നെ ഓരോരാൾ ഓരോ അനുഭവം പറയാൻ തുടങ്ങി ,
അബൂക്കാന്റെ കാരണവർ മരിച്ച് മറമാടിയ കബർ സിയാറത്തിന്ന് ( സന്ദർശനം ) മിഞ്ഞാന്ന് മഗ്രിബിന്റെ ശേഷം പോയേല്പിന്ന്യാ ഇക്കാക്ക് ഇ മാറ്റം ... ഇപ്പൊ ഏത് നേരവും നിസ്കാരത്തോട് നിസ്കാരം തന്നെ പള്ളീന്ന് ഇറങ്ങ്ന്നില്ലാലു
അന്ന് വൈകീട്ട് തൊട്ടടുത്തുള്ള നാട്ടിൽ ഒരു മരണം നടന്നു ആ പ്രദേശത്ത് ആരെങ്കിലും മരണപ്പെട്ടാൽ കബറടക്കം ചെയ്യൽ ഇവിടെയാണ്
അവിടെ അതിനു സൗകര്യമില്ലാത്തതാണതിനു കാരണം
അവർക്ക് മയ്യത്ത് കട്ടിൽ ( ശവ മഞ്ജം ) പോലും ഇവിടെ നിന്നാണ് എടുക്കുക ഇവിടെയാണെങ്കിൽ പള്ളി വരാന്തയിൽ ഒന്ന് രണ്ടെണ്ണം സൂക്ഷിച്ച് വെയ്ക്കും , പള്ളി കമ്മിറ്റിയിൽ നിന്ന് അനുവാദം ചോദിച്ചാൽ മതി ഏത് സമയത്തും എടുക്കാം
സന്ധ്യക്ക് ശേഷം മരിച്ചതിനാൽ അന്നാട്ടുകാരിൽ രണ്ടു പേർ രാത്രി ഒരു പന്ത്രണ്ട് മണിക്ക് ശേഷം കട്ടിൽ എടുക്കാൻ പള്ളി വരാന്തയിൽ വന്നു
ഇരുട്ട് മൂടിയ നേരമായതിനാൽ അവർ കൈയ്യിലുള്ള ടോർച്ചടിച്ച് നോക്കിയപ്പോൾ അവിടെ രണ്ട് കട്ടിലുണ്ട് അതിലൊന്ന് അവർ എടുത്ത് പൊക്കാൻ നോക്കി പൊങ്ങുന്നില്ല
വീണ്ടും
ഒന്നൂടെ ശ്രമിച്ചപ്പോൾ അതാ കേൾക്കുന്നു ഒരു അശരീരി...
ഇതിൽ ആളുണ്ട് നിങ്ങൾ മറ്റേത് എടുത്തോളൂ...
അത് കേൾക്കേണ്ട താമസം ഇത്തിരി പൊക്കിപ്പിടിച്ച മയ്യത്ത് കട്ടിൽ നിലത്തിട്ട് അവർ പേടിച്ച് നിലവിളിച്ചുകൊണ്ട് ഓടി ..
പിന്നീട് ഉണ്ടായ കാര്യമെല്ലാം അവർ പള്ളി കമ്മിറ്റിക്കാരോട് പറഞ്ഞപ്പോൾ കമ്മിറ്റിക്കാർ അവരോട് പറഞ്ഞു
അത് നിങ്ങൾ കരുതുന്ന പോലെ അശരീരിയും പ്രേതോം , ജിന്നും , ശൈതാനുമൊന്നുമല്ല പേടിക്കണ്ട ... അത് ഇവിടെ അടുത്ത് താമസിക്കുന്ന ഒരാളുണ്ട് പേര് അബുബക്കർ , അബൂക്കാന്നാണ് വിളിപ്പേര് ,
അബൂക്ക മുമ്പൊന്നും തീരെ നമസ്കരിക്കയൊ നോമ്പെടുക്കയൊ ചെയ്യാറില്ലായിരുന്നു ഈയിടെ അവരുടെ കാരണവർ മരിച്ചു , അബൂക്കാനെ വളരെ സ്നേഹത്തോടെ നോക്കി വളർത്തിയതും
 വേണ്ടുന്ന സഹായം ചെയ്തു കൊടുത്തതും എല്ലാം ആ കാരണവർ ആയിരുന്നു
നമസ്കാരത്തിലും മറ്റും വളരെ ക്രിത്യ നിഷ്ഠ പുലർത്തുന്ന ആളായ കാരണവരുടെ മരണം അബൂക്കാനെ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചു
അബൂക്കാനോട് എന്നും നീ നമസ്കരിക്കണം
അതിൽ മുടക്കമൊന്നും കാട്ടരുത് , പള്ളിയുമായി
ബന്ധം വേണം , മരിച്ചു പോകേണ്ടതാണ് അതോർമ്മ വേണം എന്നൊക്കെ അവർ മരിക്കും
മുൻപ് പറഞ്ഞിരുന്നു ,
പിന്നീട് അബൂക്ക നമസ്കാരം തുടങ്ങി പള്ളിയുമായി അടുത്തു , അതിന്റെ ഒരു ഭാഗമാണ് രാത്രി നിങ്ങൾക്കുണ്ടായ അനുഭവം തന്റെ പ്രിയപ്പെട്ട കാരണവർ മരിച്ച് കിടന്ന അതേ കട്ടിലിൽ കാരണവർ മരിച്ച് കിടന്ന പോലെ കിടന്നു നോക്കിയതാണ് മൂപ്പർ ,
അപ്പോഴാണ് നിങ്ങൾ കട്ടിലെടുത്ത് പൊക്കാൻ നോക്കിയത്
ഇതാ ആളിവിടെയുണ്ട് എന്ന് പറഞ്ഞ് അവർക്ക് മുന്നിൽ അബൂക്കാനെ കാണിച്ച് കൊടുത്തു അപ്പോൾ അബൂക്ക ചിരിക്കുന്നുണ്ടായിരുന്നു
ഒരു ചെറു ചമ്മലുള്ള ചിരി
അബൂക്കാക്ക് ഒരു ജിന്നും ബാധിച്ചിട്ടില്ല ഒരു ശൈതാനും കൂടീട്ടുമില്ല.. തീരെ നിസ്കരിക്കാത്ത ഓൻ , പള്ളീലോട്ട് കേറാത്ത ഓൻ പള്ളീൽ പോവാനും നിസ്കരിക്കാനും തുടങ്ങി , അത് കുറച്ച് അധികം ഭക്തി കൂടിപ്പോയ്റ്റുണ്ടാവും എന്നല്ലാതെ ,
അതിന് അബൂനെ എല്ലാവരും ചേർന്ന് ബാധ കൂടിയോനാക്കി ഇക്കാലത്ത് ഒരാൾ നന്നാവാനും നാട്ടുകാർ വിടൂല്ലാന്നെച്ചാൽ എന്താ ചെയ്യാ ...
അബൂക്കാന്റെ ഉറ്റ ചങ്ങാതിയായ ഹൈദർക്ക അവരോട് പറഞ്ഞു ,അത് കേട്ട് അവരെല്ലാവരും
ചിരിച്ചു
ബാധ ശരിക്കും കൂടിയത് അബൂക്കാക്ക് അല്ല , നാട്ടിലെ പരദൂഷണക്കാർക്കെന്ന് ഓർത്തു കൊണ്ട് .
സിദ്ദീഖ് വേലിക്കോത്ത്

മണിയറ ( കഥ )

Image may contain: 1 person

 റസിയാക്ക് വയസ്സ് പതിനെട്ട് കഴിഞ്ഞു അവളുടെ നേരെ മൂത്ത സഹോദരി ആമിനാനെ നിക്കാഹ് കഴിപ്പിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല ,
ഇപ്പോഴത്തെ കാലത്ത് കാണാൻ കുറച്ചൊക്കെ മൊഞ്ചുള്ള പെണ്ണാണെങ്കിൽ മുമ്പുണ്ടായത്ര സ്ത്രീധനമൊന്നും ആരും ചോദിച്ചു വാങ്ങുന്നില്ല
പണവും പണ്ടവുമൊന്നും കൊടുത്തില്ലെങ്കിലും കല്യാണ ചിലവ് പോലും തന്നെ കൊണ്ട് താങ്ങാനുള്ള കെല്പില്ല ഇപ്പോൾ , പുതിയാപ്ലക്ക് വേണ്ട മണിയറ ഒരുക്കാൻ തന്നെ വേണം രണ്ട് ലക്ഷത്തിലധികം പിന്നെങ്ങിനാ ..
ഇസ്മയിൽ ഇക്കാക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല
ഇസ്മയിൽ ഇക്ക തന്റെ അവസ്ഥ ഭാര്യയുമായ് പങ്കുവെക്കുന്നത് തൊട്ടപ്പുറത്ത് നിന്ന് റസിയ കേൾക്കുന്നുണ്ടായിരുന്നു
അവൾക്ക് അത് കേൾക്കുമ്പോൾ ഒരേസമയം മനസ്സിൽ സങ്കടവും തന്റെ നിക്കാഹിന് ഉപ്പ ഒരുക്കം കൂട്ടുന്നതിന്റെ ആദ്യ ലക്ഷണം കണ്ടതിന്റെ സന്തോഷമാണൊ എന്ന് ഉറപ്പില്ലാത്തൊരു വികാരവും ഉണ്ടായി
അവളുടെ ചിന്തയിൽ കല്യാണ രാവും മണിയറയും പുതുമാരനൊപ്പം ചേർന്നുള്ള ആദ്യ രാവും നിറയാൻ തുടങ്ങി , പിന്നെ പിന്നെ കുടുംബത്തിലെ സാമ്പത്തികമായുള്ള ഉപ്പാന്റെ കഷ്ടപ്പാടുകളും ചിന്തയിൽ കയറി വന്നു
എന്നാലും അധികം വൈകാതെ തനിക്കും തന്റെ മാരനും ഒന്നിച്ചു കഴിയാൻ വലിയ ആർഭാടമൊന്നും ഇല്ലെങ്കിലും സുന്ദരമായ ഒരു മണിയറ അടുത്ത് തന്നെ ഒരുങ്ങുമെന്ന് അവൾ വിശ്വസിച്ചു
ഈ വീട്ടിൽ ഇനിയൊരു അറ പണിയാൻ സ്ഥലമില്ല ഇത്താതാക്ക് കൊടുത്ത അറ ഇനി അവർ സ്വന്തമായി വേറെ വീട് വെച്ച് മാറുന്നത് വരെ ഇവിടെ തുടരും അതാണ് പതിവും നാട്ടു നടപ്പും
ആ സമയത്താണ് ഷഫീഖ് പെണ്ണ് അന്വേഷിച്ചു നടക്കുന്നത്
രണ്ട് മാസത്തെ അവധി തീരാറായി ഇനി തിരിച്ച് പോകാൻ ഒരാഴ്ച ബാക്കിയില്ല , ഒന്നൊന്നര മാസത്തിനിടയിൽ മൂന്നോളം പെണ്ണ് കാണലിന് പോയി ഒന്നിനെയും മനസ്സിന് പിടിച്ചില്ല ഇനി ഇപ്രാവശ്യം വേറൊരു പെണ്ണു കാണലില്ല ഒന്നൊ രണ്ടൊ വർഷം കഴിഞ്ഞു അടുത്ത തവണ നാട്ടിൽ വന്നിട്ട് നോക്കാം എന്ന് കരുതി ഷഫീഖ് ദുബായിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു
അങ്ങനെ തിരിച്ച് പോകാൻ രണ്ട് ദിവസം ബാക്കിയുള്ള നേരത്താണ് ഷഫീഖിന്റെ കണ്ണിൽ സുന്ദരിയായ ഒരു പെണ്ണും കൂടെ തന്റെ ഉപ്പയുടെ പ്രായമുള്ള ഒരാളും തന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടത് ,
ബൈക്കിൽ പുറത്തേക്ക് പോകാൻ നിന്ന അവൻ അവർ ആരായിരിക്കും എന്നറിയാൻ അവർക്ക് പിന്നാലെ വീട്ടിനുള്ളിൽ കയറി
ഷഫീഖിന്റെ ബാപ്പ മൊയ്തു ഹാജിയുടെ കൂട്ടുകാരൻ ഇസ്മയിൽ ഇക്കയും മകളുമായിരുന്നു അവർ ... മകൾക്ക് പല്ല് വേദനയായതിനാൽ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാൻ വന്ന കൂട്ടത്തിൽ മൊയ്തു ഹാജിയെ കണ്ട് മടങ്ങാമെന്ന് കരുതി വന്നതായിരുന്നു
അയാൾ മൊയ്തു ഹാജിയോട് വർത്തമാനം പറയുന്നതിനിടയിൽ അത് ശ്രദ്ധിക്കാതെ അടുക്കള ഭാഗത്ത് തന്റെ ഉമ്മയുടെയും അനിയത്തി റസിയയുടെയും അടുത്തുള്ള ഇസ്മയിൽ ഇക്കാന്റെ മകളെ നോക്കുകയായിരുന്നു അവൻ
നല്ല വെളുത്ത നിറമൊന്നും അല്ലെങ്കിലും കറുപ്പൊ ഇരു നിറമൊ ആയിരുന്നില്ല അവൾക്ക് പക്ഷെ ആരെയും ആകർഷിക്കുന്ന ചന്തമുളള പെണ്ണ് , ഉമ്മയോട് ഉപ്പാന്റെ അടുത്ത് അവളെ ആലോചിക്കാൻ പറഞ്ഞാലൊ എന്ന് ഷഫീഖിന് തോന്നി അവർ തിരിച്ച് പോയപ്പോൾ അവർ ആരാണെന്നും അവളെ കണ്ട മാത്രയിൽ ഇഷ്ടം തോന്നിയെന്നും അവൻ ഉമ്മയോട് പറഞ്ഞു
കാര്യം ഷഫീഖിന്റെ ഉമ്മ മൊയ്തു ഹാജിയുടെ അടുത്ത് സൂചിപ്പിച്ചു , മൊയ്തു ഹാജിയുടെ കുടുംബ വീടിന്റെ അടുത്ത് തന്നെയാണ് ഇസ്മയിൽ ഇക്കാന്റെ വീടും ഉണ്ടായത് ചെറുപ്പത്തിൽ പത്ത് പതിനാല് വയസ്സ് വരെ അവിടെ തന്നെയായിരുന്നു പിന്നീട് ചെറുപുഴയിലേക്ക് മാറി പോയതാ .. സാമ്പത്തികമായി നമ്മളെക്കാൾ വളരെ പിന്നിലാ ഇസ്മയിലിന്റെ സ്ഥിതി , ആ പെണ്ണിന്റെ താഴെ ഇനിയും രണ്ടു പെൺകുട്ടികൾ കൂടി വളരുന്നുണ്ട് ഇവൾക്ക് നേരെ മൂത്ത ഒരു പെണ്ണിന്റെ നിക്കാഹ് കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞില്ല നാല് പെണ്ണും രണ്ടു ആണും ആൺകുട്ടികൾ ഏറ്റവും ഇളയവരാ
അതുകൊണ്ട് നമുക്ക് ഈ ബന്ധം വേണോടാ ? തന്നെയുമല്ല അവരിപ്പോൾ ഈ ഒരവസ്ഥയിൽ ഒരു കല്യാണത്തിന് ഒരുങ്ങുമെന്ന് തോന്നുന്നുമില്ല ...
ഉപ്പാ .. അവർക്ക് പെണ്ണിനെ നമ്മുടെ പുരയിൽ സമ്മതമാണെങ്കിൽ ആ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലൊ
അതുകേട്ട മാത്രയിൽ ഷഫീഖിന്റെ ഉമ്മയും പെങ്ങളും ഒരുമിച്ച് പറഞ്ഞു ആ പെണ്ണിനെ നിനക്ക് അത്രയ്ക്ക് ഇഷ്ടായ മട്ടാണല്ലൊ
ഏതായാലും ചെക്കന് പെണ്ണിനെ നന്നായി പിടിച്ച സ്ഥിതിക്ക് നിങ്ങൾ ഇന്ന് തന്നെ അവരുടെ വീട്ടിൽ പോയി കാര്യങ്ങളെല്ലാം സംസാരിച്ച് അവരുടെ തീരുമാനം എന്താണെന്ന് അറിഞ്ഞു വാ , ഷഫീഖിന്റെ ഉമ്മ മൊയ്തു ഹാജിയോട് പറഞ്ഞു
അങ്ങനെ അന്ന് വൈകുന്നേരം തന്നെ ഹാജി അവരുടെ വീട്ടിൽ പോയി ഇസ്മയിൽ ഇക്കയോട് കാര്യങ്ങൾ വിശദീകരിച്ചു
അതു കേട്ടപ്പോൾ ഇസ്മയിൽ ഇക്കാക്കും സന്തോഷം തോന്നി നല്ലൊരു ബന്ധം അതിനെ എതിർക്കേണ്ട കാര്യമൊന്നുമില്ല താനും ഇസ്മയിൽ ഇക്കാക്ക് തോന്നി
എനിക്ക് സമ്മതമൊക്കെയാണ് പക്ഷെ പെണ്ണിനെ പുതിയാപ്ലന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി അവിടെ നിർത്തുന്ന കാര്യായോണ്ട് മോളോടും കൂടി ചോദിച്ചിട്ട് അവൾക്കും സമ്മതമാണെങ്കിൽ മാത്രമേ ഒരു ഉറപ്പു തരാൻ പറ്റൂ
ആയ്കോട്ടെ നിങ്ങൾ ശരിക്കും ആലോചിച്ച് നാളെ മറുപടി തന്നാൽ മതി .. എന്നാ ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞ് മൊയ്തു ഹാജി അവിടന്ന് ഇറങ്ങി
ഹാജി പോയ ഉടനെ ഇസ്മയിൽ ഇക്ക ഭാര്യയോടും കുടുബക്കാരോടും മൊയ്തു ഹാജി വന്ന കാര്യം പറഞ്ഞു അവരെല്ലാം കേട്ടപ്പോൾ നല്ലത് പറഞ്ഞു പക്ഷേ പെണ്ണിന് മാത്രം സമ്മതമായില്ല അവൾക്ക് ചെക്കനെയൊ കുടുബക്കാരെയൊ ഇഷ്ടപ്പെടായ്കയല്ല നല്ല ബന്ധമൊക്കെ തന്നെ എന്നാലും അവിടെ പുതിയാപ്ലന്റെ വീട്ടിൽ പോയി സ്ഥിരമായി നിൽക്കുന്ന കാര്യത്തിനോട് യോജിക്കാൻ പറ്റൂല്ലാന്ന് റസിയ തുറന്നു പറഞ്ഞു
കാരണം കണ്ണൂർ ജില്ലയിലെ മുസ്ലിം കുടുംബത്തിലെ ഒരു പെണ്ണും ഭർത്താവിന്റെ വീട്ടിൽ പോയി സ്ഥിരമായി നിൽക്കലില്ല കല്യാണം കഴിഞ്ഞു ഇടയ്ക്കിടെ കുറച്ചു ദിവസം പോയി നിൽക്കും ഉടനെ അവരവരുടെ പുരക്കേക്ക് മടങ്ങും അതാണ് പതിവ്
സ്വന്തം പുരയിൽ വളരെ നന്നായി അലങ്കരിച്ചു മുന്തിയ തരം തടികൾ കൊണ്ട് ഉണ്ടാക്കിയ കട്ടിലും , അലമാരയും , സോഫാ സെറ്റും
ഏ സി യും ഉള്ള മണിയറ ഒരുക്കി സന്തോഷത്തോടെ കഴിയാൻ സാധിക്കുന്ന പോലെ ഭർത്താവിന്റെ വീട്ടിൽ കഴിയാൻ സാധിക്കില്ല
വീട്ടിൽ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കല്യാണക്കാര്യം സ്വപ്നം കാണുമ്പോഴൊക്കെ അവൾ ഇങ്ങനെയൊരു മണിയറയും ആ മുറിയിലെ സുരക്ഷിതത്വവും സുഖവും സന്തോഷവും ഏറെ മോഹിച്ചിരുന്നു
കൂടാതെ അവൾ മറ്റു ജില്ലയിലെ പെൺകുട്ടികളിൽ പലർക്കും ഭർത്താവിന്റെ വീട്ടിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളുടെ കഥകൾ കേട്ടിട്ടുണ്ട് അമ്മായി അമ്മ പോരും പീഡനങ്ങളും അതെല്ലാം കൊണ്ട് തനിക്ക് സമ്മതമല്ലെന്ന് അവൾ തറപ്പിച്ചു പറഞ്ഞു
റസിയാക്ക് അവിടെ പോയി നിൽക്കാൻ സമ്മതമില്ലെന്ന് അറിഞ്ഞ കുടുബക്കാരെല്ലാം അവളോട് കയർത്തു .. നീ എന്ത് കണ്ടിട്ടാ പെണ്ണേ ഇങ്ങനൊക്കെ പറയുന്നെ ഇവിടെ ഈ ഒരു അറ ഒരുക്കിയതിന്റെ ചിലവും ബുദ്ധിമുട്ടും നിനക്ക് അറിയില്ലെ ? വേറൊരു മണിയറ ഒരുക്കാൻ ഇവിടെ സ്ഥലവും ഇല്ല
ഈ അറ വിട്ടു തരാൻ നിന്റെ ഏട്ടത്തി സമ്മതിക്കൊ അവളെ മാപ്ലന്റെ പുരക്കാണെങ്കിൽ ഒഴിവുള്ള അറയുമില്ല , അവിടെ നിനക്ക് ഒരു കുറവും ഉണ്ടാകില്ല എന്റെ കളിക്കൂട്ടുകരന്റെ മകനാ അവർ നിന്നെ നല്ലോണം നോക്കും , ഇസ്മയിൽ ഇക്ക പറഞ്ഞു
എല്ലാവരും അതു തന്നെ പറഞ്ഞപ്പോൾ റസിയാന്റെ മനസ്സ് മാറി പോയി നിന്നോളാം എന്ന് അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു
അതറിഞ്ഞ ഇസ്മയിൽ ഇക്ക അത്യധികം സന്തോഷത്തോടെ കല്യാണത്തിനും മകളെ ഭർത്താവിന്റെ വീട്ടിൽ കഴിയാനും സമ്മതമാണെന്ന് അറിയിക്കാൻ ഷഫീഖിന്റെ വീട്ടിലേക്ക് തിരിച്ചു .
സിദ്ദീഖ്‌ വേലിക്കോത്ത്

അറിയാത്ത ജീവിതം ( കഥ )


അറിയാത്ത ജീവിതം ( കഥ )
********************
ആ വലിയ വീട്ടിൽ മൂന്ന് ദിവസം പഴക്കമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്നും ദുർഗ്ഗന്ധം വമിക്കുന്ന മൃതദേഹത്തിൽ ഉറുമ്പരിക്കുന്നതായും വാർത്ത
ആരായിരുന്നു ആ സ്ത്രി ? പത്ര വാർത്ത ഇങ്ങനെ മലയോര കർഷകനായ തോമ്മാച്ചായന്റെ ഭാര്യ ഏലിയാമ്മ എന്നവരാണ് മരണപ്പെട്ട സ്ത്രീ
സന്തോഷം നിറഞ്ഞ കുടുംബ ജീവിതമായിരുന്നു
തോമ്മാച്ചായന്
തോമ്മാച്ചായന് മൂന്ന് മക്കൾ രണ്ട് ആണും ഒരു പെണ്ണും , മൂന്ന് മക്കളോടും അമിതമായ വാത്സല്യമായിരുന്നു അച്ചായന് അവർ എന്ത് ആശ്യപ്പെടുന്നുവൊ അത് തോമ്മാച്ചന് കഴിയാവുന്നതാണെങ്കിൽ അതെല്ലാം വാങ്ങിച്ചു കൊടുക്കും , അവരോടുള്ള സ്നേഹം കാണുമ്പോൾ ഭാര്യ ഏലിയാമ്മ പറയും
" ദേ നിങ്ങളെന്തോന്നാ ഇ പിള്ളേരോട് കാട്ടുന്നത്
വില കൂടിയതായാൽ പോലും വാങ്ങിച്ച് കൊടുത്ത് നിങ്ങളാ പിള്ളാരെ വഷളാക്കുന്നത്
അത് പറയുന്നത് കേൾക്കുമ്പോൾ അച്ചായൻ പറയും , എടി ഏലിയാമ്മെ എനിക്കാണെങ്കിൽ
എന്റെ അപ്പനും അമ്മയും ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല , പട്ടിണിയും പരിവട്ടവുമായി വളർന്നവനാ ഞാൻ എനിക്കുണ്ടായ കഷ്ടപ്പാടുകൾ നമ്മടെ മക്കളും അനുഭവിക്കണമെന്നാണൊ നീ പറയുന്നെ ?
തിന്നാനും കുടിക്കാനും ഉടുക്കാനും മാത്രമാണെങ്കിൽ ഞാനീ ഉണ്ടാക്കി വെച്ചതെല്ലാം പിന്നെ ആർക്ക് വേണ്ടിയാ
അച്ചായന് മക്കളോട് ഒറ്റ നിർബന്ധം മാത്രം പഠിക്കുക നന്നായി പഠിക്കുക പഠിച്ച് നല്ല നിലയിൽ എത്തുക
അതിൽ വിട്ടു വീഴ്ച ഇല്ല , മക്കൾ മൂന്നാളും ആ കാര്യത്തിൽ മിടുക്കരും ആയിരുന്നു ,
മൂന്നാളും പഠിച്ച് വളർന്ന് വലുതായി മൂത്തയാൾ എബിക്കുഞ്ഞ് എം ബി എ യും , സിസിലി മോളും
ലാലു മോനും ഡോക്ടർമാരുമായി പക്ഷെ ജോലിയുടെ കാര്യം വന്നപ്പോൾ മൂന്നാൾക്കും
നാട്ടിൽ വേണ്ട എബിക്ക് നോർവെയിൽ പോകണം ലാലുവിന് അമേരിക്കയിലും
സിസിലിക്ക് നാട്ടിൽ തന്നെ നിന്നാൽ മതിയെന്നുണ്ടായിരുന്നു അവൾക്ക് മെഡിസിന്
പഠിക്കുന്ന നേരത്ത് തന്നെ പല ഡോക്ടർമാരിൽ നിന്നും വിവാഹാലോചനകൾ വന്നെങ്കിലും പഠിത്തം കഴിഞ്ഞ് മതി എന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നു അവസാനം എബിയുടെ ഫ്രെണ്ടിന് അവളെ ഇഷ്ടമാണെന്ന് എബിക്കുഞ്ഞ് പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു
നോർവെയിൽ ഉള്ള എബിക്കുഞ്ഞിന്റെ ഫ്രെണ്ടിന് അവളെ കെട്ടിച്ച് കൊടുത്തു അതിൽ പിന്നെ അവളും ഭർത്താവിന്റെ ഒപ്പം അങ്ങോട്ടു പോയി
എസ്‌ എസ്‌ എൽസി ഡിസ്റ്റിങ്ങ്ഷനോടെ പാസായതും ഇന്ന കോളേജിൽ ഇന്ന ഡിഗ്രിക്കാ ചേർന്നതെന്നും എല്ലാം നാലാൾ കൂടുന്നിടത്തൊക്കെ അച്ചായൻ അഭിമാനത്തോടെ പറയുമായിരുന്നു
എബിക്ക് ബാംഗ്ലൂരിൽ തന്നെ നല്ലൊരു കമ്പനിയിൽ ജോലി ശരിയായി എങ്കിലും ഒരു വർഷം തുകയും മുമ്പെ അവിടന്ന് മാറി
നോർവെയിൽ തന്റൊരു ഫ്രെണ്ട് ഉണ്ട് അവിടെ പോകാനാ ഇഷ്ടം എന്ന് പറഞ്ഞ് നോർവെയിലേക്ക് പോയതാണ്
അപ്പോഴും തോമ്മാച്ചായൻ
തന്റെ ബന്ധുക്കളോടും
അയൽക്കാരോടും അഭിമാനത്തോടെ
പറഞ്ഞു താൻ കഷ്ടപ്പെട്ടാലും ബുദ്ധിമുട്ടിയാലും
എന്താ മക്കൾ നല്ല നിലയിൽ എത്തിയല്ലൊ
മോൻ എബിക്കുഞ്ഞ് അങ്ങ് നോർവെയിൽ നല്ല നിലയിലാ സിസിലി മോളും കെട്ട്യോന്റെ കൂടെ തന്നെ വല്യ ഹോസ്പിറ്റലിൽ ശരിയാവൂന്നാ പറയയുന്നെ , ലാലു അമേരിക്കയിലും
ഒരു ദിവസം തോമ്മാച്ചായൻ ഏലിയാമ്മയെയും കൂട്ടി ജീപ്പിൽ പള്ളിയിൽ കുർബാന കൂടാൻ പോയി , മടങ്ങുന്ന നേരത്ത് എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ചു ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ നിന്ന് തോമ്മാച്ചായൻ തെറിച്ചു വീണു കാര്യമായ പരിക്കൊന്നും പറ്റിയില്ലെങ്കിലും കാൽ മുട്ടിനും
നടുവിനും ക്ഷതമേറ്റു അതോടെ അച്ചായൻ ശാരീരികമായും മാനസികമായും തളർന്നു
ഭാഗ്യത്തിന് ഏലിയാമ്മേട്ടത്തിക്ക് ഒന്നും പറ്റിയില്ലായിരുന്നു എങ്കിലും ഇച്ചായന് പഴയത് പോലെ വയ്യാത്തത് അവർക്കും വിഷമമുണ്ടാക്കി
അമേരിക്കയിലായിരുന്ന ലാലു കേട്ടറിഞ്ഞ ഉടൻ വന്ന് അപ്പച്ചനെയും അമ്മച്ചിയെയും കണ്ട് വേഗം തിരിച്ച് പോയി
എബിയോടും സിസിലിയോടും വിവരം അറിയിച്ചെങ്കിലും അവർക്ക് ഇപ്പോൾ നാട്ടിൽ വരാനൊക്കുകേല എന്ന് പറഞ്ഞു , അമ്മച്ചിക്ക് ബുദ്ധിമുട്ടായെങ്കിൽ ഒരു ഹോം നഴ്സിനെ നിർത്താൻ മേലായിരുന്നൊ വേറെ പണിക്കും ആരെയെങ്കിലും വച്ചോളു കാശിന് എന്താവശ്യം വന്നാലും പറയാൻ മടിക്കണ്ട എന്നെല്ലാം പറഞ്ഞ് അവർ ഒഴിഞ്ഞു മാറി
പിന്നീട് വീട്ടിൽ തങ്ങൾക്ക് താണും തണലുമായി തീരേണ്ട മക്കളെ സഹായത്തിന് കിട്ടാത്തത് തോമ്മാച്ചായനോട് ഏലിയാമ്മ സങ്കടത്തോടെ പറയും
ഇതാ ഞാനെന്നും നിങ്ങളോട് പറഞ്ഞത് നമുക്ക്‌ അത്യാവശ്യം ജീവിച്ച് പോകാനുള്ളതൊക്കെ ഉണ്ടാക്കി വെച്ചു പിന്നെന്തിനാ ഇവിടം വിട്ട് മക്കളുടെ ഇഷ്ടം നോർവെ ആണേൽ നോർവെ അമേരിക്കയാണേൽ അമേരിക്ക എന്ന് നോക്കി പോകാൻ സമ്മതിച്ചെ ഇതിപ്പൊ കണ്ടില്ലെ
അന്നാദ്യമായി തോമ്മാച്ചായൻ ഏലിയാമ്മേട്ടത്തി പറഞ്ഞത് ശരി വെച്ചു , ശരിയാ നീ പറഞ്ഞതെല്ലാം നമുക്ക് ഇവിടെ എല്ലാ സൗകര്യവും ഉണ്ടായിട്ടും അവരെ പുറത്തേക്ക് വിട്ടത് വേണ്ടായിരുന്നു അന്ന് പോകണ്ട ഇവിടെ വല്ല ക്ലിനിക്കൊ ബിസ്നസ്സൊ മറ്റും ചെയ്തു കൂടാൻ നിർബന്ധിച്ച് പറഞ്ഞാൽ അവർ കേൾക്കുമായിരുന്നു
ഒരു വർഷം കഴിഞ്ഞു തോമ്മാച്ചായൻ മരിച്ചു
ആ സമയത്ത് എബിയും ലാലുവും സിസിലിയോട് നീ പോകണം എന്ന് നിർബന്ധിച്ചതിനാലാണ് ചടങ്ങുകളൊക്കെ കഴിഞ്ഞാണെങ്കിലും സിസിലി എത്തിയത് സിസിലിക്ക് അമ്മച്ചിയെ സഹായിച്ച് നാട്ടിൽ നിൽക്കാൻ ആഗ്രഹം പറഞ്ഞെങ്കിലും
ഭർത്താവ് സമ്മതിച്ചില്ല
ഞാനെന്തു ചെയ്യാനാ അമ്മച്ചി അങ്ങേര് വിടണ്ടായൊ എന്ന് പറഞ്ഞ് പിന്നീട് മടങ്ങിപ്പോയി
അതോടെ ഏലിയാമ്മേട്ടത്തി ശരിക്കും ഒറ്റപ്പെട്ടു
അസ്വസ്ഥമായ മനസ്സ് ആരോടും ഒന്നും മിണ്ടാൻ കൂട്ടാക്കാതെ ഒരു തരം ചെറിയ മാനസിക വിഭ്രാന്തി പിടിപെട്ട ആളെ പോലെ പെരുമാറാൻ തുടങ്ങി
വീട്ടിൽ പണിക്കായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിരുന്നു പക്ഷെ അവർ ആ വീട്ടിൽ തങ്ങാറില്ല .. ' ഇവിടെ ഞാൻ ഒറ്റക്കല്ലെ ഉള്ളു ഇവിടുള്ള പണിയൊക്കെ ഞാൻ തന്നെ ചെയ്തോളാം , എന്ന് പറഞ്ഞ് അവരോട് ഇനി മുതൽ വരണ്ടാ എന്ന് ഏലിയാമ്മേട്ടത്തി തന്നെയാ പറഞ്ഞത്
പിന്നെ ഇവർ ഇവരുടെ പ്രശ്നങ്ങളൊന്നും പുറത്ത് ആരോടും പറയാറില്ല ആദ്യമൊക്കെ തോമ്മാച്ചായൻ മക്കളുടെ പഠിക്കാനുള്ള താല്പര്യവും പിന്നീട് അവരെല്ലാം അമേരിക്കയിലും
നോർവെയിലുമെല്ലാം വളരെ നന്നായി കഴിയുന്നു എന്നെല്ലാം ആവേശത്തോടെ പറയുമായിരുന്നു
പക്ഷെ ഇതുപോലെ ഉള്ള പ്രയാസങ്ങളൊന്നും പറഞ്ഞില്ല അതുകൊണ്ട് അയൽക്കാരൊ മറ്റുള്ളവരൊ ആരും ഒന്നും അറിഞ്ഞുമില്ല
അടഞ്ഞ് കിടക്കുന്ന വീട്ടിൽ നിന്ന് ദുർഗ്ഗന്ധം വമിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിച്ച അയൽക്കാരാണ് അകത്ത് മരിച്ചു കിടക്കുന്ന ഏലിയാമ്മേട്ടത്തിയെ കണ്ടത് .
( കുറച്ചു നാൾ മുമ്പ് ഒരു സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ചതായി വാർത്ത വന്നിരുന്നു ഇത് അവരുടെ കഥ അല്ല പക്ഷെ ആ വാർത്ത ഇതെഴുതാൻ പ്രേരണയായിട്ടുണ്ട് )
സിദ്ദീഖ്‌ വേലിക്കോത്ത്

പൊങ്ങച്ചം


പൊങ്ങച്ചം
***********
നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനും പൊങ്ങച്ചക്കാരനുമാണ് അന്ത്രു ഹാജി , എന്തെന്ത് ഏതേത് കാര്യം അന്ത്രു ഹാജി ചെയ്യുന്നുവൊ അതൊക്കെ നാലാള് അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ
അന്ത്രു ഹാജി അയാളുടെ വീട്ടു മുറ്റത്ത് നിന്ന് ആരോടെങ്കിലും വർത്താനം പറയുന്ന നേരത്താണെങ്കിൽ കൂടെ ഉള്ളവർ കേട്ടോട്ടെ എന്ന് കരുതി ഉറക്കെ വീട്ടിലെ മകളോട് വിളിച്ചു ചോദിക്കും " മോളെ താഹിറാ കോഴിക്കറിയും ബീഫ് വരട്ടിയതും റെഡിയായോ " എന്ന് അതുപോലെ ഹാജി പലപ്പോഴായി വീട്ടിലുണ്ടാക്കിയ വിഭവങ്ങൾ ഓരോന്നും കൂടെ ഇരിക്കുന്ന ഹാജിയുടെ കൂട്ടുകാർക്ക് മുന്നിൽ പറയാറുണ്ട്
എന്റെ മോള് താഹിറ രാത്രിയിൽ ഉണ്ടാക്കി പ്ലേറ്റിൽ അട്ടിയായി കൊണ്ടുവരും ചപ്പാത്തീം പത്തിരിയും , വൈകുന്നേരം വാങ്ങിയ ചെമ്പല്ലി കറിയും , എനിക്കാണെങ്കിൽ ഒരു നാലഞ്ച് പത്തിരി മതി , അതൊരു ഒൻപത് ഒൻപതരക്ക് തിന്ന് കഴിഞ്ഞ് പിന്നെ ഉറങ്ങാൻ പോകുന്ന സമയം ഒരു തൊലി കറുത്ത നേന്ത്രപ്പഴവും ഒരു ഗ്ലാസ്സ് പാലും , അതും കഴിച്ച് കിടന്നാൽ പിന്നെ രാവിലെ വരെ എനിക്കൊന്നും വേണ്ട , എന്നൊക്കെയാണ് ഹാജി സ്ഥിരമായി പറയാറുള്ളത്
അന്ത്രു ഹാജിക്ക് നാല് മക്കക്കുണ്ട് അതിൽ മൂന്നാളുടെയും കല്യാണം നല്ല ആർഭാടത്തോടെ നേരത്തെ കഴിഞ്ഞു , ഇനിയുള്ളത് ഇളയ മകൾ താഹിറയാണ് , അവളുടെ നിക്കാഹ് നടത്തണം നല്ല ആർഭാടത്തോടെ നാലാൾ അറിയെ നാട്ടുകാർ മൊത്തം പറയണം അന്ത്രു ഹാജിന്റെ മോളെ കല്യാണം പോലൊരു കല്യാണം നമ്മുടെ നാട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല , പുതിയാപ്ലക്ക് കൊടുക്കുന്ന വണ്ടി ഏതു വേണം , എന്തെല്ലാം ഭക്ഷണം ഒരുക്കണം അങ്ങനെയങ്ങനെ എല്ലാം നാട്ടുകാർ അന്ത്രു ഹാജിനെ വാനോളം പൊക്കി പറയണം എന്നെല്ലാം ഹാജി തീരുമാനിച്ചു
അങ്ങനെ താഹിറാന്റെ നിക്കാഹ് ഹാജി ഉദ്ദേശിച്ചത് പോലെ നടത്തി
കല്യാണ വീട്ടിലെ പന്തലു മുതൽ വിവിധ തരത്തിലുള്ള ബിരിയാണിയും ഗ്രില്ല്ഡ് ചിക്കനും പൊറോട്ടയും കുബ്ബൂസും ചപ്പാത്തിയും മട്ടൻ കറി വേറെയും അങ്ങനെ പലതരത്തിൽ ഉള്ള വിഭവങ്ങൾ ഒരുക്കി , കല്യണ പന്തലിന്റെ നടുവിൽ മരുമോന്ന് കൊടുക്കുന്ന വില പിടിപ്പുള്ള കാറ് വെച്ചു , തലേ ദിവസം രാത്രി മുതൽ കല്യാണ ദിവസം വൈകുന്നേരം വരെ പാട്ടു പാടാൻ പാട്ടുകാരെ ഏർപ്പെടുത്തി നാട്ടിൽ അന്നുവരെ കാണാത്ത രീതിയിൽ ഹാജിയുടെ മകളുടെ കല്യാണം നടന്നു
നാട്ടുകാർ മൊത്തം ഹാജി ഉദ്ദേശിച്ചത് പോലെ പറയാൻ തുടങ്ങി " അന്ത്രു ഹാജിന്റെ മോൾടെ കല്യാണമാ കല്യാണം എന്തൊക്കെ ആയിരുന്നു ഏതാ തിന്നണ്ടതെന്ന് സംശയിച്ചു പോകുന്ന തരത്തിലല്ലെ മുന്നിൽ തിന്നാൻ കൊണ്ടു വരുന്നത് , പുതിയാപ്ലക്ക് കൊടുത്ത വണ്ടി ഓഡി കാറ് അതുപോലൊന്നും ഇവിടെ ആർക്കാ കൊടുക്കാനായത് , പേരു കേട്ട പാട്ടുകാരെയല്ലെ പാടാൻ കൊണ്ടു വന്നത് എന്നൊക്കെ ആൾക്കാർ പറയാൻ തുടങ്ങി അതൊക്കെ ഹാജി കേട്ട് സന്തോഷിച്ച് സ്വയം ഉന്മാദം കൊണ്ടു , അതിൽ പിന്നെ ഹാജിയുടെ പൊങ്ങച്ചം പറയൽ കുറച്ചു കൂടി വന്നു
ഹാജിയുടെ മകളുടെ കല്യാണം കഴിഞ്ഞു ഒരു മൂന്നു മാസം കഴിഞ്ഞില്ല അതിനിടയിൽ നാട്ടിൽ വേറൊരു കല്യാണം നടക്കാൻ പോകുന്നു , അന്ത്രു ഹാജിയുടേക്കാൾ സമ്പന്നനും സാമൂഹിക പ്രവർത്തകനും പരോപകാരിയും ആയ സുലൈമാൻ ഇക്കയുടെ ഏക മകൻ ഫിറോസിന്റെ കല്യാണം , സുലൈമാൻ ഇക്കയും ഹജ്ജ് ചെയ്ത ആളാണ് എങ്കിലും ഇക്കാക്ക് ആരും ഹാജി , ഹാജി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് ഇക്കയെ സുലൈമാൻ ഹാജിയെന്ന് ആരും വിളിക്കാത്തത് , ഇക്കയും തീരുമാനിച്ചു തന്റെ ഏക മകന്റെ കല്യാണം നല്ല നിലയിൽ നടത്താൻ , നാട്ടുകാരെ മുഴുവൻ വിളിക്കണം കൂടാതെ അറിയപ്പെടുന്ന ആളായതിനാൽ തൊട്ടടുത്ത നാട്ടുകാരെയും വിളിക്കണമെന്നും ഫിറോസിന്റെ കല്യാണത്തിനൊപ്പം അഞ്ച് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ നിക്കാഹും നടത്തണം എന്നൊക്കെ
അങ്ങനെ സുലൈമാൻ ഇക്കയുടെ മകന്റെ കല്യാണം കഴിഞ്ഞു നാട്ടുകാർ മൊത്തം പങ്കെടുത്തു അടുത്തടുത്തുള്ള പ്രദേശത്തെ ആൾക്കാരും കൂടിയപ്പോൾ അതൊരു വലിയ സംഭവമായി മാറി , അത് കൂടാതെ അഞ്ച് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ നിക്കാഹിന് വേണ്ടുന്ന ആഭരണങ്ങളും ചരിപ്പും സാരിയും എല്ലാം ഇക്കയുടെ വക നൽകിയതൊക്കെ ആയപ്പോഴേക്കും നാട്ടുകാരുടെ സംസാരം പിന്നെ അതായി
നാട്ടുകാർ പറയാൻ തുടങ്ങി സുലൈമാൻ ഇക്കയുടെ മോന്റെ കല്യാണമാണ് കല്യാണം , അന്ത്രു ഹാജിന്റെ കല്യാണമൊക്കെ എന്ത് , ഹാജിന്റെ മോളെ കല്യാണത്തിന് ചിലവായതിനേക്കാൾ സുലൈമാൻ ഇക്കാക്ക് ചിലവായിക്കാണും , ആരാ ഇ കാലത്ത് പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത് എന്നെല്ലാം ആൾക്കാർ പറയാൻ തുടങ്ങി അതൊക്കെ ഹാജിയുടെ ചെവിലും എത്തി ,
അതുവരെ തന്നെ പുകഴ്ത്തി പറയുന്നത് കേട്ടു കൊണ്ടിരുന്ന ഹാജിക്ക് സുലൈമാൻ ഇക്കയെ കുറിച്ച് പറയുന്നത് കേൾക്കുന്നത് അസഹ്യമുളവാക്കി , ഹാജി തന്റെ വീടിന്റെ ഉമ്മറത്ത് ചാരു കസേരയിൽ ചാരിയിരുന്ന് നെടു വീർപ്പിട്ടു കൊണ്ട് സ്വയം പറഞ്ഞു ,
അല്ലേലും ഇ നാട്ടുകാർ ഒക്കെ കണക്കാ ഇതുവരെ അന്ത്രു ഹാജി അന്ത്രു ഹാജി എന്ന് പറഞ്ഞ് നടന്നവരാ ഇപ്പോൾ സുലൈമാൻ സുലൈമാൻ എന്ന് പറഞ്ഞ് നടക്കുന്നെ ഒരുമാതിരി " അപ്പപ്പോൾ കാണുന്നോരെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം .
സിദ്ദീഖ്‌ വേലിക്കോത്ത്

പടച്ചോന്റെ അനുഗ്രഹം ( കഥ )


പടച്ചോന്റെ അനുഗ്രഹം ( കഥ )
***********************
എടാ നിനക്ക് എന്നെ പോലെ അല്ല വളർന്ന് വരുന്നത് നാല് പെൺകുട്ടികളാ , അതില് മൂത്തോളെ കെട്ടിക്കാനായ പ്രായവും ആകാറായി
എനിക്കാണെങ്കിൽ പെണ്ണ് ഒന്നെ ഉള്ളു , ഓളെ ഉള്ളേല്ലാം വിറ്റും പെറുക്കിയും ഒരു വിധം നല്ല നിലയിൽ തന്നെ പറഞ്ഞയച്ചു ബാക്കി മൂന്നും ആണാ
അനുജന്റെ ഭാര്യ നാലാമതും പ്രസവിച്ചത് പെണ്ണാണെന്ന് അറിഞ്ഞ് കാണാൻ വന്ന് കുട്ടിയെയും കണ്ട് കഴിഞ്ഞ് അനിയൻ അഹമ്മദിനോടായ് അയാൾ പറയുകയായിരുന്നു
സ്നേഹവും എന്നാൽ തെല്ലൊരു അഹങ്കാരവും ചേർത്ത് അഹമ്മദ്ക്കാനോട് അയാളുടെ ജേഷ്ടൻ പറയുമ്പോൾ അഹമ്മദ് തന്റെ ഇക്കയോട് പറയും ആൺകുട്ടിയാണേലും പെൺകുട്ടി ആയാലും അതൊക്കെ പടച്ചോന്റെ അനുഗ്രഹമാ , ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് എട്ടും പത്തും കൊല്ലം കാത്തിരുന്നിട്ടും ചിലർക്ക് ഒരു കുഞ്ഞിക്കാല്
കാണാനുള്ള ഭാഗ്യമില്ലാതെ വിഷമിക്കുന്നു അങ്ങനെയുള്ളോർക്ക് ആണൊ പെണ്ണൊ ഏതായാലും ഒന്നിനെയെങ്കിലും കിട്ടിയാൽ മതീന്നാവും ചിന്ത , അഹമ്മദ് മറുപടി പറഞ്ഞു
നിനക്കാണെങ്കിൽ മൂത്തതിനെ കെട്ടിച്ച് വിടാനുള്ള കാശെങ്കിലും ഉണ്ടോടാ , വെറും തിന്നാനും കുടിക്കാനും ഉള്ളത് കൊടുത്താ മതിയൊ , സഹായിക്കാനാണേൽ എന്റെ അവസ്ഥ നിനക്കറിയാല്ലൊ പിന്നെ ആകെ ഒരു സമാധാനം ഇനിയെനിക്ക് മൂന്ന് ആണ്മക്കളാണല്ലൊ എന്നാണ്
ഇക്ക അത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞ് തിരിച്ച് പോയി
പ്രസവിച്ച് കിടക്കുന്ന അഹമ്മദിന്റെ ഭാര്യക്ക് അത് കേട്ടപ്പോൾ സങ്കടമായി അപ്പോഴും അഹമ്മദ്‌ ഭാര്യയെ സമാധാനിപ്പിച്ചു , നീ അതൊന്നും കേട്ട് വിഷമിക്കണ്ട എല്ലാം പടച്ചോന്റെ വിധി പോലെ നടക്കും
നാലഞ്ച് വർഷം കഴിഞ്ഞു , അപ്പോഴേക്കും കെട്ട് പ്രായമായി പുര നിറഞ്ഞ് നിൽക്കുന്ന പെണ്ണായി മൂത്തവൾ റാബിയ മാറി , അതിന് താഴെയുള്ളവൾ പത്താം ക്ലാസ്സിലും , എങ്ങനെയാ മോളെ നിക്കാഹ് നടത്തുക എന്ന വിഷമത്തിൽ കഴിയവെ ഒരിക്കൽ റാബിയയെ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാക്കി അന്ന് തൊട്ടടുത്ത മുറിയിൽ ഒരു രോഗിയെ കാണാൻ വന്ന നൗഫൽ യാദൃശ്ചികമായി അഹമ്മദിനെ പരിചയപ്പെട്ടു അവിടെ റാബിയയെ കാണാൻ ഇടയായ നൗഫലിന് അവളെ കണ്ട മാത്രയിൽ ഇഷ്ടമാവുകയും ശേഷം അഹമ്മദിനോട് റാബിയയെ തനിക്ക് നിക്കാഹ് ചെയ്തു തരണമെന്ന് പറയുകയും ചെയ്തു
നൗഫൽ വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ആളാണ് സിറ്റിയിലെ ഏറ്റവും വലിയ ഫർണിച്ചർ ഷോപ്പിന്റെ ഉടമയായ സൂപ്പി ഹാജിയുടെ ഏക മകൻ , നൗഫലിന്റെ കല്യാണം നേരത്തെ കഴിഞ്ഞതാ മൂന്ന് വർഷം മുമ്പ് ഒരു ആക്സിഡെന്റിൽ പെട്ട് ആ പെൺകുട്ടി മരിച്ചു അതിൽ പിന്നെ വേറൊരു കല്യാണത്തിന് ശ്രമിച്ചിരുന്നില്ല
ഒന്നും വേണ്ട പൊന്നൊ പണമൊ ഒന്നും , എനിക്ക് റാബിയയെ മതിയെന്ന് നൗഫൽ തന്റെ ആഗ്രഹം പറഞ്ഞപ്പോൾ അഹമ്മദിന് സന്തോഷമായി
അങ്ങനെ റാബിയാന്റെ നിക്കാഹ് നല്ല നിലയിൽ നടന്നു , വലിയ കുടുംബത്തിൽ പെട്ട ഒരാൾ റാബിയയെ നിക്കാഹ് കഴിച്ചതിന്ന് ശേഷം റാബിയാന്റെ അനുജത്തിക്കും നല്ലൊരു ബന്ധം ഒത്തുവന്നു , അതിന്നും നൗഫൽ വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുകയായിരുന്നു
അതേസമയം അഹമ്മദിന്റെ ഇക്കയുടെ ആൺകുട്ടികളും വളർന്ന് വലുതായി പക്ഷെ അയാളുടെ പ്രതീക്ഷക്ക് വിപരീതമായി ആണെന്ന് മാത്രം ,
മൂത്ത പുത്രൻ ഒരു താന്തോന്നിയായി കള്ളും കഞ്ചാവുമായി നടക്കുന്നു രണ്ടാമത്തെ ആൾ നല്ല വിദ്യാഭ്യാസമൊക്കെ നേടിയെങ്കിലും കാര്യമായി ജോലിക്കൊന്നും ശ്രമിക്കാതെ അലസനായി നടക്കുന്നു , മൂത്തോൻ ഏതായാലും ഇങ്ങനെയായി നിനക്ക് അത്യാവശ്യം പഠിപ്പൊക്കെ ഇല്ലെ കിട്ടുന്ന ഏത് പണി ആണേലും എടുത്തൂടെ എന്ന് അയാൾ പറഞ്ഞാൽ , ഇവിടെ ഇപ്പോൾ ആരെ കെട്ടിക്കാനാ ഉള്ളെ എന്ന് തിരിച്ച് പറയും
കുറച്ച് നാളുകൾക്ക് ശേഷം അഹമ്മദിന്റെ ഇക്കാക്ക് തീരെ വയ്യാതായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അയാളുടെ മക്കളെ കൊണ്ട് സാധിച്ചില്ല , ആദ്യം കെട്ടിച്ച് വിട്ട മകൾ വന്ന് ഉപ്പാനെ വന്ന് കാണും അവൾക്ക് ആവുന്നത് ചെയ്ത് കൊടുത്ത് തിരിച്ച് പോകും
തന്റെ ഇക്കാന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ അഹമ്മദും ഭാര്യയും ഒരു മകളുമാണ് വയ്യാണ്ട് രോഗ കിടക്കയിൽ കഴിയുന്ന നേരത്തും അയാളുടെ എന്ത് സഹായത്തിനും കൂടെ ഉണ്ടായത്
ഇടക്കിടെ തന്നെ പരിപാലിക്കുന്ന അഹമ്മദിനോട് അയാൾ പറയും ആൺ മക്കൾ എനിക്ക് മൂന്നെണ്ണം ഉണ്ടായിട്ടും ഒരെണ്ണത്തിനെ കൊണ്ടും
ഉപകാരപ്പെട്ടില്ലല്ലൊ ന്റെ അഹമദേന്ന്
അപ്പോഴൊക്കെ അഹമ്മദ് തന്റെ ഇക്കയോട് പറയും മക്കൾ ആണെന്നൊ പെണ്ണെന്നൊ അല്ല പ്രശ്നം എന്റെ മരുമക്കൾ രണ്ടാളും ആണുങ്ങളല്ലെ അപ്പോൾ അതല്ല പ്രശ്നം പെണ്മക്കൾ എല്ലാം ശാപവുമല്ല
ഉമ്മാക്കും ഉപ്പാക്കും ഉപകരിക്കുന്നവരാവണം അല്ലെങ്കിൽ ആൺമക്കൾ ആയാലും പെൺ മക്കൾ ആയാലും അവരെ കൊണ്ട് ഒരു ഗുണവുമില്ല കാര്യവുമില്ല , മക്കൾ ആണൊ പെണ്ണൊ ഏതായാലും അത് പടച്ചോന്റെ അനുഗ്രഹമാ
അത് എന്റെ പെണ്മക്കളുടെ കാര്യത്തിൽ ശരിക്കും " പടച്ചോന്റെ അനുഗ്രഹം " തന്നെ .
സിദ്ദീഖ്‌ വേലിക്കോത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo