Showing posts with label AnamikaAami. Show all posts
Showing posts with label AnamikaAami. Show all posts

എന്റെ പ്രണയിനിക്കായ്



എന്റെ മോളെയൊന്ന് പ്രേമിക്കാമോ
ഞാൻ ചുറ്റും നോക്കി, വേറെയാരുമില്ല എന്നോട് തന്നെയാണ് ചോദ്യം
ഒന്നും തോന്നരുത്, മോൻ പ്രേമിച്ച പെൺകുട്ടികളുടെയൊക്കെ വിവാഹം പെട്ടെന്ന് നടക്കുന്നുണ്ടെന്ന് ചായക്കടയിൽ ഒരു വാർത്ത കേട്ടു. അന്വേഷിച്ചപ്പോൾ നാട്ടിലെത്തിയിട്ടുണ്ടെന്നുമറിഞ്ഞു. എത്ര നല്ല ആലോചന വന്നാലും അതെല്ലാം മുടങ്ങിപ്പോകുന്നു. അതാ ഞാൻ വന്നത്.
ഇത്രയും പറഞ്ഞ് എനിക്ക് ബാക്കിയുണ്ടായിരുന്ന മനസ്സമാധാനവുമായി ആ നരവീണ മനുഷ്യൻ ക്ഷേത്രത്തിനകത്തേക്ക് കയറിപ്പോയി
അച്ഛന്റെ പ്രായമായിപ്പോയി അല്ലേൽ ഇതിനുള്ള മറുപടി ശരിക്ക് കൊടുക്കാമായിരുന്നു. ഹാ ആ മനുഷ്യനോട് ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം സംഗതി സത്യമല്ലേ.... പക്ഷെ പ്രണയിക്കാൻ വേണ്ടി ആരെയും പ്രണയിച്ചിട്ടില്ല.
എന്റെ കണ്ണിലെ പ്രണയത്തിന് ആദ്യ പ്രണയനി തന്ന സമ്മാനമായിരുന്നു പ്രവാസം.
ചേട്ടൻ ഗൾഫിൽ പോയാൽ എന്റെ അച്ഛൻ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ പ്രാണപ്രേയസിക്ക് വേണ്ടി മണലാരണ്യത്തിലേക്ക് കുതിച്ച് ചാടിയവനാണ് ഞാൻ. അവിടുത്തെ ചൂട് കാറ്റ് അവളുടെ ചുടുനിശ്വാസമാണെന്ന് കരുതി തള്ളി നീക്കിയ ദിനങ്ങൾ. അവസാനം നാട്ടിലെത്തിയപ്പോൾ ചേട്ടൻ ഗൾഫിൽ മുടി വെട്ടിയാലും നാട്ടിൽ വെട്ടിയാലും ബാർബർ തന്നെയല്ലേ എന്ന് പറഞ്ഞ് എന്നെ അവൾ തഴഞ്ഞു. ഒരു മാസം തികയും മുമ്പേ മറ്റൊരുത്തന്റെ ഭാര്യയുമായി.ഹാ എന്തായാലും അവൾ നല്ലവണ്ണം ജീവിക്കട്ടെ
നാട്ടിൽ നല്ല നാടൻ തല കിട്ടുമ്പോൾ ഒരു പെണ്ണിന് വേണ്ടി അറബിത്തല തേടി പോയവൻ എന്ന പരിഹാസം സഹിക്കാനാവാതെ വീണ്ടും പറന്നു. പിന്നീടൊരു പോരാട്ടമായിരുന്നു. സിനിമയിലെപ്പോലെ കോടീശ്വരനൊന്നുമായില്ലേലും രണ്ട് ബ്യൂട്ടി പാർലറുകൾ തുറന്നു. പിന്നീടുള്ള അവധിക്ക് പണക്കാരനായി വരുന്നവന്റെ ഭൂതകാലം ചികഞ്ഞ് നോവിക്കാതിരിക്കാൻ മാന്യരായ നാട്ടുകാർ പ്രത്യേകം ശ്രദ്ധിച്ചു.
അരയാൽത്തറയിൽ എന്റെ ഗൾഫ് കഥകൾ കേൾക്കാൻ ഇത്തവണ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിലും കുറച്ച് ദിവസമായി ബസ്‌ സ്റ്റോപ്പിൽ നിന്ന് എന്നെ കൊത്തിവലിക്കുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ നാട്ടുകാരിയല്ലെന്നും കോളേജിൽ പോകാൻ സൗകര്യത്തിന് ബന്ധുവിന്റെ വീട്ടിൽ നിന്ന് പഠിക്കുകയാണെന്നും എത്ര കിട്ടിയാലും പഠിക്കാത്ത എന്നിലെ പ്രേമ രോഗി അന്വേഷിച്ചറിഞ്ഞു.
ആൽത്തറയിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട ഒരു ദിവസം അവൾ എന്റെയടുക്കലേക്ക് വന്നു.
എന്റെ സങ്കൽപത്തിലെ പുരുഷന് ചേട്ടന്റെ രൂപമാണെന്ന് അവൾ തുറന്നടിച്ച് പറഞ്ഞപ്പോൾ ഞാൻ പതറിപ്പോയി. ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ദിവ്യപ്രണയത്തിന് അതൊന്നുമൊരു പ്രശ്നമേ അല്ലായിരുന്നു. ലീവ് കഴിഞ്ഞ് പോയെങ്കിലും ഞങ്ങളുടെ പ്രണയം ബദാമിന്റെയും അണ്ടിപ്പരിപ്പിന്റെയും കുങ്കുമപ്പൂവിനെയും രൂപത്തിൽ നാട്ടിലേക്കൊഴുകി.
അവൾക്ക് ഫോൺ അയച്ച് കൊടുത്ത് പതിനാറാം നാൾ എന്റെ പതിനാറിനുള്ള അരി അടുപ്പത്തിട്ട് കൊണ്ട് അവൾ പറഞ്ഞു
ചേട്ടൻ ബ്യൂട്ടിഷനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഫേഷ്യൽ ചെയ്യുന്ന ആളാണെന്നാണ്. മുടിവെട്ടുന്ന ബാർബർ ആണെന്നറിഞ്ഞില്ല. വ്യത്യസ്ഥനാമൊരു ബാർബറെ സത്യത്തിൽ ഞാൻ തിരിച്ചറിഞ്ഞില്ലെന്ന് പാടി കൂട്ടുകാരികൾ എന്നെ കളിയാക്കുന്നു. എനിക്കിനി വയ്യെന്ന് പറഞ്ഞ അവൾ അധികം താമസിയാതെ ഞാൻ അയച്ച് കൊടുത്ത ഫോണുമായി പുതിയ മേച്ചിൽപുറങ്ങൾ തേടിയിറങ്ങി.ഇതറിഞ്ഞ അവളുടെ വീട്ടുകാർ പഠിപ്പ് നിർത്തി അവളെ കെട്ടിച്ചയച്ചു.
ജോലിക്കാര്യം പറഞ്ഞ് അധിക്ഷേപിച്ചാണ് പ്രണയം തകർന്നതെന്നറിഞ്ഞ എന്റെ അമ്മ അടുത്തവരവിന് ഡോക്ടറേറ്റ് എടുക്കാൻ പഠിക്കുന്നവളെത്തന്നെ എനിക്ക് വേണ്ടി കണ്ട് വച്ചു. എത്രയൊക്കെ പെണ്ണിനെ വെറുത്താലും ചില ഹോർമോണുകൾ എന്നെ ചതിച്ചത് കാരണം ഒറ്റ നോട്ടത്തിൽ തന്നെ പെണ്ണിനെ എനിക്കിഷ്ടായി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. പണത്തിന് മീതെ പറക്കുന്ന പരുന്തായി അവളുടെ അച്ഛനും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അച്ഛനിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാനുള്ള മാർഗ്ഗമായി മകളും ഈ ബന്ധത്തെ കണ്ടതോടെ കല്യാണത്തലേന്ന് അവൾ ഡോക്ടറേറ്റ് എടുത്ത ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
അടുത്ത ജന്മത്തിൽ ചേട്ടന് വേണ്ടി പത്താം ക്ലാസ് തോറ്റ ഒരു പെണ്ണായി പുനർജനിക്കും, എന്നെ ശപിക്കരുതെന്ന് അവൾ എഴുതി വച്ച കത്ത് വായിച്ച് ബോധം പോയ എന്നെയും ഡോക്ടർ ഏറ്റെടുത്തു.
..............................................................
ഇത്രയും പെണ്ണുങ്ങളെ നല്ല രീതിയിൽ കെട്ടിച്ചയച്ച എന്നോട് ആ മനുഷ്യൻ മോളെ പ്രേമിക്കാമോ എന്ന് ചോദിച്ചതിലെന്താ തെറ്റ്
എടാ മഹീ നീ ഇത് ഏത് ലോകത്താ, ഞാനെത്ര നേരമായി വന്നിട്ടെന്നറിയാമോ
ഞാൻ ഗതകാല സ്മരണകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു സഹോ
ടാ ദേ ആ അമ്പലത്തിൽ നിന്നിറങ്ങി വരുന്ന കിളവൻ അയാളുടെ മകളെ പ്രേമിക്കാമോ എന്ന് എന്നോട് ചോദിച്ചു
ആഹാ എന്ത് നല്ല പ്രാക്ടിക്കലായ അപ്പൻ, ക്ഷേത്രത്തിൽ കയറി മംഗല്യസൂക്തപുഷ്പാഞ്ജലികഴിപ്പിക്കുന്നതിന് പകരം നിന്റെയടുത്ത് വന്ന് കാര്യം പറഞ്ഞല്ലേ, ഫുദ്ധിമാൻ
എടാ ഉണ്ണീ ഞാനിതൊരു വെല്ലുവിളിയായാണ് എടുക്കുന്നത് ഇനി ഞാനവളെ മാത്രമേ കെട്ടൂ
നീ ഇതെന്തറിഞ്ഞിട്ടാ അവൾക്ക് മറ്റേ രോഗമുണ്ട് എന്ത് രോഗം
ആണുങ്ങളെ കണ്ടാൽ ഓക്കാനം വരും, ഫെമിനിസ്റ്റാ
ഓഹോ അപ്പോൾ അവൾ അപ്പനു മുമ്പേ ഭൂജാതയായവളാണല്ലേ. ഇനി ഞാൻ അവളെ കെട്ടി അവൾ ഇരട്ടപെറ്റ് കിടക്കുന്നത് കണ്ടിട്ടേ തിരിച്ച് പോകൂ
....................................................
മുടി പൊക്കിട്ടിവച്ച് നടന്ന് വരുന്നത് കണ്ടാൽ അവൾ പെരുന്തച്ചന്റെ സന്തതി ആണെന്ന് തോന്നു. ബ്രോക്കർ നാണു ചേട്ടൻ കഴിഞ്ഞാൽ ഇത്തരത്തിലൊരു കാലൻ കുടയും മുഖത്തിന് ചേരാത്ത കണ്ണടയും ഇവൾ മാത്രമേ ഉപയോഗിക്കൂ. ഫെമിനിസ്റ്റാണെങ്കിൽ ഇവൾക്ക് പെണ്ണിനെ പോലെ നടന്നൂടേ ആണിനെ അനുകരിക്കാൻ ശ്രമിക്കുന്നതെന്തിനാ
ഞാൻ അവളുടെ അടുത്തേക്ക് നടന്നു
എടാ മഹീ വെളുപ്പംകാലത്ത് വെളിവില്ലാതെ ഓടുന്ന മാവേലി എക്സ്പ്രസിലാ നീ തല വെക്കാൻ പോകുന്നത്. ഇഷ്ടമാണെന്ന് നാളെ പറഞ്ഞാൽ പോരേ
കൊച്ചേ എനിക്ക് നിന്നെ ഇഷ്ടമാണ് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്, ഗൾഫിൽ മുടി വെട്ടാണ് ജോലി
എന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നെ. തല വെട്ടൊന്നുമല്ല മുടി വെട്ടാണ്, നിനക്ക് എന്നെയും എന്റെ ജോലിയും ഇഷ്ടമാകുന്നത് വരെ ഞാൻ പുറകേ നടക്കും അത് നിന്റെ അച്ഛനോടുള്ള എന്റെ വാശിയാണ്
അതേ മനുഷ്യാ എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട് പക്ഷെ
പെൺകുട്ടികളെ തടഞ്ഞ് നിർത്തി അസഭ്യം പറയുന്നത് ശരിയാണോ
ആഹാ സഭ്യമേതാ അസഭ്യമേതാ എന്നറിയാത്ത കുട്ടിയാണോ ഇത്ര വലിയ കുടയും പിടിച്ച് മുടി പാരച്ചൂട്ട് പോലെ പൊക്കി വച്ച് നടക്കുന്നത്.
അവൾക്കിഷ്ടമല്ലെങ്കിലും പിന്നീടുള്ള കൂടിക്കാഴ്ച അവൾ അറിഞ്ഞും അറിയാതെയും പതിവാക്കി.വാശിപ്പുറത്ത് തുടങ്ങിയതാണെങ്കിലും ഞാൻ പതിയെ ഒരു പ്രേമ രോഗിയായി മാറിയത് പതിയെ തിരിച്ചറിഞ്ഞു.
എന്നെ കാണാത്ത ദിവസങ്ങളിൽ അവൾ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ ഈ എക്സ്പ്രസ് എന്റ ട്രാക്കിലൂടെ ചലിച്ച് തുടങ്ങിയെന്ന് മനസ്സിലാക്കി. എങ്കിലും ഇഷ്ടം തുറന്ന് പറയും വരെ ഞാൻ അവളുടെ നിഴലായ് കൂടെ നടന്നു.
ഒരു ദിവസം ബസ്സിൽ കണ്ണ് കാണാത്ത ഒരാൾ ബസ്സ് ബ്രേക്കിട്ടപ്പോർ അവളുടെ ദേഹത്ത് അറിയാതെ തട്ടി. അവളിലെ ഫെമിനിസ്റ്റ് ചാടി എണീറ്റ് അയാളുടെ കരണത്ത് ആഞ്ഞടിച്ചു. സത്യമറിയാതെ പ്രതികരിച്ച അവളുടെ കവിളിൽ എന്റെ കൈ പതിച്ചു. അവൾ കരഞ്ഞ് കൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങുന്നത് കണ്ട് ഞാനുമിറങ്ങി. എന്റെ പെണ്ണ് തെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ തല്ലിപ്പോയി നീ എന്നോട് ക്ഷമിക്ക്
അവൾ പൊട്ടിക്കരഞ്ഞന്റ തോളിലേക്ക് ചാഞ്ഞു. ഇത്രേ ഒള്ളോ എന്റെ ഫെമിനിസ്റ്റ് കുട്ടി, ആണിന്റെ കൈ ടെ ചൂടും നെഞ്ചിലെ സ്നേഹവും അനുഭവിച്ചറിഞ്ഞ ഒരു പെണ്ണും ഫെമിനിസ്റ്റാവൂല്ല.
അവൾ കണ്ണീർ തുടച്ച് എന്നെ നോക്കിച്ചിരിച്ചു.
ഞാനവളുടെ പെരുന്തച്ചൻമുടിയുടെ കെട്ടഴിച്ചിട്ട് മുടിയിൽ തലോടിയിട്ട് പറഞ്ഞു ഇനി ഈ മുടി പുറത്ത് വെട്ടണ്ടാട്ടോ
............................................................
എന്തായാലും നാട്ടിലെ തലകളെല്ലാം ബംഗാളികൾ ബുക്ക് ചെയ്ത സ്ഥിതിക്ക് ഇനി നാട്ടിൽ നിന്നിട്ട് കാര്യമില്ല, പ്രവാസത്തിന്റെ ഒറ്റപ്പെടലിലേക്ക് ഒരു കൂട്ടായി അച്ഛന്റെ ഈ ഫെമിനിസ്റ്റ് മോളെ താലികെട്ടി കൊണ്ടു പൊക്കോട്ടേ
സ്വന്തം മകളെ പ്രേമിക്കാൻ പറഞ്ഞ ലോകത്തെ ഒരേ ഒരു അച്ഛനോട് അനുഗ്രഹം വാങ്ങി നാളെ ഞങ്ങൾ പറക്കുകയാണ് ഹണിമൂൺ ആഘോഷിക്കാൻ....
ജീവിതം ചിലപ്പോൾ അങ്ങനെയാണ് പ്രതീക്ഷിച്ച സമയത്ത് തട്ടിത്തെറിപ്പിച്ചാലും അപ്രതീക്ഷിതമായ സമയത്ത് അതിലും വില പിടിച്ച സൗഭാഗ്യം കൊണ്ട് വന്ന് തരും. ഓരോ അരി മണിയിലും എഴുതിയിട്ടുണ്ടല്ലോ അതിന്റെ അവകാശിയുടെ പേര് പക്ഷെ ആ അരിച്ചാക്ക് അവളുടെ അച്ഛൻ തന്നെ തലയ്ക്ക് ചുമന്ന് കൊണ്ട് തരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല

By Anamika AAmi

ആനന്ദ ഭവനം



Anamika AAmi
ബാലേട്ടാ എന്റെ വയറ്റിലൊന്ന് ചെവി വെച്ചേ,കേട്ടോ
എന്ത്, നല്ല ഗുളു ഗുളു ശബ്ദം എന്താ നീ കഴിച്ചേ
പോ മനുഷ്യാ,അച്ഛാ എന്നൊരു വിളികേട്ടോ
സത്യമാണോ
ഉം
...........................................................
ഏട്ടാ കുഞ്ഞിന് ഐസ്ക്രീം കഴിക്കാൻ തോന്നുന്നു. വേഗം കൊണ്ടു വാ
ഇതാ ഐസ്ക്രീം, എനിക്കറിയായിരുന്നു നീ ഇത് ചോദിക്കുമെന്ന് അതുകൊണ്ട് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ ഫാമിലി പാക്ക് തന്നെ വാങ്ങിച്ചു.
ഏട്ടാ എനിക്ക് ചക്ക കഴിക്കാൻ തോന്നുന്നു, പ്ലാവിൽ കയറി ഒരു ചക്ക ഇട്
നീ ഈ ഗർഭം മുതലെടുക്കുകയാണേല്ലേ
നിങ്ങൾ അവന് ഐസ്ക്രീം വേണമെന്ന് പറഞ്ഞപ്പോൾ വാങ്ങിക്കൊടുത്തു. എന്റെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ നടത്തുന്നില്ലല്ലേ. ഇപ്പോഴെ അവനോടാ സ്നേഹം എന്നെ വേണ്ട
ഒന്ന് പോ പെണ്ണെ,ചക്കയെങ്കിൽ ചക്ക,വേറെ എന്തെങ്കിലും വേണോ എന്റെ മുത്തിന്.
ഇപ്പോൾ ചക്ക മാത്രം മതി, പ്ലാവിൽ നിന്ന് അത് മാത്രമല്ലേ കിട്ടൂ.
...............................................................
ദേ മനുഷ്യ നിങ്ങളോടൊരു നൂറ് തവണ പറഞ്ഞിട്ടുണ്ട് മുറ്റത്ത് നിന്ന് മൂത്രമൊഴിക്കരുതെന്ന്. മുറ്റം മുഴുവൻ എന്തൊരു നാറ്റമാ.എനിക്കറപ്പാണ് ഈ നാറ്റം.
ഇനി പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ മുത്രമണമൊക്കെ സഹിക്കേണ്ടതല്ലേ. ഇത് ഇപ്പൊഴെ ശീലമാക്കിക്കോ
കുഞ്ഞുണ്ടായാലും എന്റെ വൃത്തിക്കൊന്നും ഒരു കുറവും വരില്ല.
......................................................
അങ്ങനെ ഗർഭാലസ്യത്തിന്റെയും കാത്തിരിപ്പിന്റേയും നാളുകൾക്ക് അന്ത്യം കുറിച്ച് അവൻ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.
ആയിരംപുർണ്ണചന്ദ്രൻ മാരുടെ തേജസ്സാണ് ഈ മുഖത്ത്, അതെങ്ങനെയാ ഞങ്ങളുടെ ആങ്ങളയെ വാർത്ത് വെച്ചിരിക്കയാണല്ലോ.
ബാലേട്ടന്റെ പെങ്ങൻമാരെല്ലാം പറഞ്ഞു. എന്റെ ആഗ്രഹം പോലെ തന്നെ നമ്മുടെ മോൻ ബാലേട്ടനെ പോലെയാ.
സന്ധ്യേ നമുക്കിവനെ ഒരു ഡോക്ടറാക്കണം
ബാലേട്ടാ നമുക്ക് ഇവന് ആനന്ദ് എന്ന് പേരിടാം.
ആനന്ദ് ബാല എന്നിടാം
ഏട്ടാ എങ്കിൽ സന്ധ്യയുടെ, എസ് കൂട്ടി ഇട്ടാൽ ആനന്ദ് എസ് ബാല എന്നാക്കാം.
അപ്പോൾ അവൻ ഡോക്ടറാകുമ്പോൾ എല്ലാവരും എസ്‌ ബി സാർ എന്ന് വിളിക്കും.
ഹോ നിന്റെയൊരു ബുദ്ധി.
അതേ, എന്റെ ബുദ്ധി കിട്ടിയാൽ മാത്രമേ ഡോക്ടറാക്കാൻ പറ്റൂ.
..................................................................
നീയെന്തടാ മുത്തേ ചിരിക്കാത്തെ. അച്ഛനെപ്പോലെ ഗൗരവക്കാരനാണോ.
ഏട്ടാ ഈ നാലര മാസത്തിലും ഇവന്റെ കഴുത്ത് ഉറയ്ക്കാത്തതെന്താ. നമുക്കൊന്ന് ഡോക്ടറെ കണ്ടാലോ.
അവന് ഒരു കുഴപ്പവുമില്ല. എന്നാലും നിന്റെ സംശയം തീരട്ടെ.
ജനിതക ടെസ്റ്റുകളുടെ റിസൾട്ട് അനസരിച്ച് കുഞ്ഞിന് ഡൗൺസിൻട്രോം ആണ്. സാധാരണ ഇത് ഗർഭകാല സ്കാനിങ്ങിൽ അറിയേണ്ടതായിരുന്നു
ഞങ്ങൾ എവിടെ കൊണ്ട് പോയും ചികിൽസിക്കാൻ തയ്യാറാണ് ഡോക്ടർ.
ഇത്തരത്തിൽ ബുദ്ധിവൈകല്ല്യമുള്ള കുഞ്ഞിന് നല്ല പരിചരണമാണ് ആവശ്യം. എവിടെ കൊണ്ട് പോയി ചികിൽസിച്ചാലും ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിനപ്പുറത്ത് ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞപ്പോൾ പൊട്ടിക്കരയാൻ പോലും പറ്റാതെ നിർജ്ജീവമായ അവസ്ഥയിൽ ഞാനും ഏട്ടനും ഇരുന്നു.
നിങ്ങളിങ്ങനെ തളരരുത്. ഇത് പോലെ ഒരുപാട് കഞ്ഞുങ്ങളുണ്ട്. മാതാപിതാക്കളാണ് അവരുടെ അശ്രയം. നമ്മൾ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയാണ് ശ്രദ്ധിക്കേണ്ടത്, അവരെ അവരുടെ ബുദ്ധി വളർച്ചയ്ക്കനുസരിച്ച് സ്വയം പര്യാപ്തനാക്കാനാണ് ശ്രമിക്കേണ്ടത്
.....................................................................
ഒരു ആൺ കൊച്ചുണ്ടായപ്പോൾ എന്തായിരുന്നു പെണ്ണിന്റെ അഹങ്കാരം ഇപ്പോ എന്തായി ഇനി നമ്മുടെ പെൺകുട്ടികൾക്ക് ഈ അസുഖമുള്ള കുട്ടി കാരണം നല്ലൊരു വീട്ടിൽ നിന്ന് ഒരു ചെക്കനെ കിട്ടുമോ എന്നാ എന്റെ പേടി.
ചേച്ചി നമുക്കൊരു ജോൽസ്യനെ കൊണ്ട് പ്രശ്നം വച്ച് നോക്കിയാലോ. ഇനി വല്ല ദൈവ കോപമാണോന്നറിയാലോ.
നാത്തൂൻമാരുടെ അടുക്കളയിലെ അടക്കം പറച്ചിലുകൾ എന്റെ നെഞ്ചിൽ തീ കോരിയിട്ടു.
മനസ്സിന്റെ നെരിപ്പോട് കത്തിയെരിയുമ്പോൾ ഗർഭപാത്രം പോലും ചോര തുപ്പി പുറത്ത് കടന്നു.രണ്ടാമതൊരു കുഞ്ഞിനെപ്പോലും സമ്മാനിക്കാതെയാണ് വേദനകളെല്ലാം മുഴുയുടെ രൂപത്തിൽ ഗർഭപാത്രത്തെ തട്ടിയെടുത്തു.
ഞങ്ങളുടെ മൂത്രം മണക്കുന്ന മുറിയും കുഞ്ഞുസിന്റെ വീൽച്ചെയറും, ഞങ്ങൾക്ക് മാത്രം മനസിലാകുന്ന അവന്റെ ഇണക്കങ്ങളും പിണക്കങ്ങളും ആയിരുന്നു ഈ കഴിഞ്ഞ പതിനെട്ട് വർഷവും ഞങ്ങളുടെ ലോകം.
പല തവണ പനിയും അതിന് കൂട്ടായെത്തുന്ന അപസ്മാരവും അവനെ തളർത്തിക്കളയാൻ ശ്രമിക്കുമ്പോഴും ഞങ്ങൾ അവനെ തിരിച്ച് പിടിക്കും.
ഇത്തവണ എന്തോ മനസ്സ് പിടക്കുന്നു. ധൈര്യം ചോർന്ന് പോകുന്നു
.......................................................................
ഡോക്ടർ,നിങ്ങൾക്ക് ഇത് വെറും ബുദ്ധിമാന്ദ്യമുള്ള കുട്ടിയായിരിക്കും. പക്ഷെ ഇവൻ ഞങ്ങളുടെ ജീവനാണ്. ഞങ്ങളുടെ മകനാണ്. ഇത്രയും പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
മാഡം, ഞാൻ പറഞ്ഞുവന്നത് ഈ ആശുപത്രിയിൽ ചില പരിമിതികൾ ഉണ്ട്. ഞങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്തു. നിങ്ങൾക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ വീട്ടിലേയ്ക്ക് മടക്കണ്ട വേറെ ഏതെങ്കിലും സുപ്പർ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിലേക്ക് മാറ്റു.
എന്തിനാണ് ഞാൻ എല്ലാവരോടും ഇങ്ങനെയൊക്കെ ദേഷ്യത്തിൽ സംസാരിക്കുന്നത്. കുഞ്ഞൂസ് ആശുപത്രിയിൽ ആയതിൽ പിന്നെ ആരോടാ എന്താ പറയേണ്ടതെന്ന അറിവ് നഷ്ടമായിരിക്കുന്നു.മറ്റുള്ളവരെല്ലാം ഞങ്ങൾക്കൊരു ബാധ്യത ആയാണ് ഈ മകനെ കാണുന്നത്. പക്ഷെ അമ്മേ എന്നൊരു വിളി കേൾക്കാൻ ഭാഗ്യമില്ലാത്തവളാണ് ഞാൻ. പക്ഷേ കുഞ്ഞൂസേ എന്ന വിളി കേൾക്കുമ്പോൾ നിഷ്ക്കളങ്കമായി അവൻ ഞങ്ങളെ കെട്ടി പിടിക്കുമായിരുന്നു. അവനെക്കൊണ്ട് അതേ സാധിക്കുമായിരുന്നുള്ളു,അതിൽ ഞങ്ങളുടെ വിഷമങ്ങൾ ഇല്ലാതാകും.
സന്ധ്യേ നീ എന്തോർത്ത് കൊണ്ട് ഇരിക്കുവാ. വാ നമുക്ക് വേറെ വല്ല ആശുപത്രിയിലേയ്ക്കും കൊണ്ട് പോകാം. അബുലൻസ് ഇപ്പോൾ വരും.
ശരി ബാലേട്ടാ, നമ്മളിനി ആർക്ക് വേണ്ടിയാ ഈ സ്വത്തൊക്കെ കാത്ത് വെച്ചേക്കുന്നെ. എന്ത് വില കൊടുത്തും മോനെ തിരിച്ചു പിടിക്കണം.
അത് കേട്ടപാടെ ബാലേട്ടന്റെ പെങ്ങൻമാരുടെ മുഖമെല്ലാം ദേഷ്യത്തോടെ ചുമന്നു തുടുത്തു.
കുഞ്ഞൂസിന്റെ മരണം കാത്ത് നിൽക്കുന്ന കഴുകൻമാരെ പോലെ അവർ ആശുപത്രിക്ക് ചുറ്റുo വട്ടമിട്ട് പറന്നു.
ആലപ്പുഴയിൽ നിന്ന് എറണാകുളത്തെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ആബുലൻസ് ചീറിപ്പാഞ്ഞു.
.........................................................
കുഞ്ഞിന്റെ നില കുടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലുമില്ലാതാകുന്നു.
ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ , ഏട്ടാ അവനെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത്.രക്ഷപ്പെടുമെന്ന് ഒരു ഉറപ്പും ഡോക്ടർമാർ പറയുന്നില്ല. അവരോട് വെന്റിലേറ്റർ ഊരാൻ പറ ബാലേട്ടാ. വേദന ഇല്ലാത്ത ലോകത്തേക്ക് അവൻ പൊക്കോട്ടെ.
കുഞ്ഞൂസേ ഈ അമ്മയ്ക്ക് മാപ്പ് താ. ഇനി ഇത് മാത്രമേ നിനക്ക് വേണ്ടി ചെയ്യാനാവൂ.
………………..............................................
എപ്പോഴാ അടക്കുന്നത് ബാലാ
നാളെ മതി
ഇന്ന് രാത്രിതന്നെ വെച്ചൂടേ.
വേണ്ട ഏട്ടാ നാളെ മതി. നമുക്ക് ഒരു രാത്രി കൂടി അവന്റെ കൂടെ കഴിഞ്ഞൂടെ.
നോക്ക് എട്ടാ എന്തൊരു ശാന്തതയാണ് കുഞ്ഞുവിന്റെ മുഖത്ത്.
എട്ടാ ഹാളിൽ നിന്നെത്ത് നമ്മുടെ മുറിയിൽ കൊണ്ടുപോയി വെക്കാം.
ഇനി നമുക്ക് ഇവനെ കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റില്ല.
ഇത്രയും വർഷത്തെ സ്നേഹവും വൽസല്യവുമല്ലൊം ഒരു പുകച്ചുരുളുകളായ് മാറുന്നത് നോക്കി നിൽക്കാൻ സാധിക്കാതെ ഞാൻ കുഴഞ്ഞ് വീണു.
എല്ലാവരും പോയി. ഞാനും ബാലേട്ടനും മാത്രമായി കുഞ്ഞുസില്ലാതെ മുറിയിൽ വല്ലാത്തൊരു ശൂന്യത.
അവൻ നേരത്തേ പോയത് നന്നായി സന്ധ്യേ, നമ്മുടെ കാലം കഴിഞ്ഞാൽ അവൻ എല്ലാവർക്കും ഒരു ബാധ്യതയായേനേ......
ഇനി ആർക്ക് വേണ്ടി ജീവിക്കണം.ലക്ഷ്യമില്ലാതെ മാസങ്ങളോളം മനസ്സ് അലഞ്ഞ് നടന്നു.
സന്ധ്യേ നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ. നമ്മുടെ മോനെ പോലെ വൈകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഉപേക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. നമുക്ക് അങ്ങനെ ഒരു കുഞ്ഞിനെ ദത്തെടുക്കാം. ആനന്ദും അവന്റെ മുറിയുമെന്ന അവരുടെ പരിമിതമായ ലോകം വിശാലമായപ്പോൾ ജീവതത്തിലേയ്ക്ക് പുതുവെളിച്ചം കടന്നു വന്നു.
ഇന്ന് ബാലന്റെയും സന്ധ്യയുടെയും ആനന്ദ ഭവനം ഇത് പോലുള്ള ഒരുപാട് കുഞ്ഞുങ്ങളുടെ അശ്രയമാണ്.
ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ, പരിചരിക്കുന്നതിലും പുണ്യം ഒരു ദേവാലയത്തിനും നൽകാനാവില്ല.അതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഭൂമിയിലെ ദൈവങ്ങൾ. ഇങ്ങനെയുള്ള ബാല്യങ്ങളെ തെരുവിലേക്ക് വലിച്ചെറിയാതെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ഓരോ അമ്മയ്ക്കും സാധിക്കട്ടെ.......

പുനർജനി



By Anamika AAmi
എടാ അനൂപേ, ഇവിടെയെന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്
എന്താ വേസ്റ്റ് എടുക്കാൻ ആള് വന്നില്ലേ കുഞ്ഞേച്ചീ
ഒന്ന് പോടാ നീയിങ്ങനെ തമാശയും പറഞ്ഞ് അറബീനേം കെട്ടിപ്പിടിച്ചിരുന്നോ, ഇവിടെയെന്തൊക്കെയാ നടക്കുന്നതെന്നറിയോ, നിന്റെ ഭാര്യയുടെ അമ്മ ഇടക്കിടെ വരും എന്തോ ഒരു പൊതി അവൾക്ക് കൈമാറും പിന്നെ വാതിലടച്ചിട്ട് എന്തൊക്കെയോ സംസാരമാണ്
അവരമ്മയും മകളുമല്ലേ അതിനെന്താ കുഞ്ഞേച്ചീ
അറിയാത്ത പുള്ള ചൊറിയുമ്പോളറിയും ഞാൻ ഫോൺ വെക്കുവാ
........................................................
അമ്മേ ഇവിടെ പലർക്കും സംശയമുണ്ട്. നാത്തൂൻമാരെല്ലാം അർത്ഥംവച്ച് സംസാരിക്കുന്നു
മോളേ ഇത് മുടക്കിയാൽ പഴയത് പോലെ എങ്ങാനും സംഭവിച്ചാൽ
ഞാൻ അന്നേ പറഞ്ഞതല്ലേ കല്യാണത്തിന് മുമ്പേ എല്ലാം അവരോട് തുറന്ന് പറയണമെന്ന്
അങ്ങനെ തുറന്ന് പറയേണ്ട കാര്യം ഒന്നുമില്ലല്ലോ, ഇപ്പോൾ മൂന്നാല് കൊല്ലമായി വരുന്നുമില്ല
അനുവേട്ടനോട് അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് തന്നെ, പക്ഷെ അനുവേട്ടൻ ഇന്നേ വരെ എന്നോട് അതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല
മോള് അങ്ങോട്ട് അതേപ്പറ്റി ചോദിക്കരുത് അവനത് പ്രത്യേകം പറഞ്ഞിട്ടുണ്ട്
അമ്മയുടെ ഈ വെപ്രാളം കാണുമ്പോൾ അനുവേട്ടനോടും ഇതൊക്കെ മറച്ച് വച്ചാ കല്യാണം നടത്തിയതെന്ന് തോന്നും
സംഗതി സത്യമായതിനാൽ മകൾക്ക് മറുപടി നൽകാനാവാതെ ആ അമ്മ വീട്ടിലേക്ക് പോയി
...........................................................
ടാ അനൂപേ നീ അടുത്ത ഫ്ലൈറ്റിന് നാട്ടിലേക്ക് വരണം
എന്താ വല്യേച്ചി ഇങ്ങനെ, കൊച്ച് കുട്ടികളെപ്പോലെ ഞാൻ ലീവ് കഴിഞ്ഞ് പോന്നതല്ലേ ഒള്ളൂ
നിന്റെ ഈ വല്യേച്ചി മരിച്ചാൽ നിനക്ക് ലീവ് കിട്ടുമോ
അതിനിപ്പോൾ എന്താ ഉണ്ടായേ
നീ വേഗം വാ വന്നിട്ട് പറയാം പ്രശ്നം ഗുരുതരമാണ്
ഞാൻ ഒന്ന് അശ്വതിയെ വിളിക്കട്ടെ അവളുമായി എന്തേലും പ്രശ്നമണോ
അമ്മ മരിച്ചതിൽ പിന്നെ നിന്നെ വളർത്തി വലുതാക്കിയത് നിന്റെ ഈ പെങ്ങൻമാരാ എന്നിട്ടിപ്പോ ലീവ് എടുക്കണമെങ്കിൽ അവന് അവളോട് ചോദിക്കണം, കല്യാണം കഴിഞ്ഞപ്പോൾ നീ ആളാകെ മാറിപ്പോയി
കഴിഞ്ഞ തവണ രണ്ട് മാസത്തെ ലീവിന് വന്നിട്ട് ഒന്നര മാസവും പെണ്ണ് കാണൽ, അവസാനം നിങ്ങൾക്ക് മൂന്ന് പേർക്കും ബോധിച്ച പെണ്ണിനെയും കെട്ടി പോന്നിട്ട് ഒരു മാസം ആവുന്നതേയുള്ളൂ അതിന് മുമ്പ് ഇങ്ങനെയൊക്കെ പറഞ്ഞാലോ
അത് കൊണ്ട് തന്നെയാ വേഗം വരാൻ പറഞ്ഞത് പ്രശ്നം വഷളാക്കരുത് എത്തുന്നത് വരെ അവളെ വിളിക്കുകയും വേണ്ട
...................................................
ഹായ് അനുവേട്ടൻ, എന്താ ഒരു മുന്നറിയിപ്പുമില്ലാതെ
ഓ എനിക്ക് സർപ്രൈസ് തരാനണല്ലേ........
എന്താ അച്ചൂ ഇവിടെ പ്രശ്നം
എന്ത് പ്രശ്നം
അവൾക്കൊരു പ്രശ്നവുമില്ല നഷ്ടവുമില്ല ലാഭം മാത്രമല്ലേ ഒള്ളൂ, ഞങ്ങൾക്കാണ് പ്രശ്നം
വല്ല്യേച്ചി എന്താ പറഞ്ഞ് വരുന്നേ
ആരുടെ വല്യേച്ചി, ഞങ്ങളെ നീയും നിന്റെ വീട്ടുകാരും കൂടി ചതിച്ചില്ലേ, അപസ്മാരമുള്ള പെണ്ണിനെ ഞങ്ങളുടെ ചെക്കന്റെ തലയിൽ എല്ലാവരും കൂടി കെട്ടിവെച്ചില്ലേ
അപസ്മാരമോ
അതേടാ ഇടയ്ക്കിടെ ചുഴലി വന്ന് വീഴുന്ന പെണ്ണാ ഇവള് ,നമ്മൾ ഇനിയും വൈകിയിട്ടില്ല ഈ തെറ്റ് തിരുത്താൻ
അച്ഛൻ അനുവേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്
അപ്പോൾ ആ ചതിയൻ നിന്നെയും ചതിച്ചു. അയാൾ വരുന്നുണ്ട് നീ ഇവിടുത്തെ പൊറുതി മതിയാക്കി പൊക്കോ
ചേച്ചീ ഇതൊക്കെചികിത്സിച്ചാൽ മാറുന്നതല്ലേ
പറ്റില്ല അനൂ, ഇവിടെ ഒരു രോഗം മാത്രമല്ല പ്രശ്നം വലിയ ചതി അല്ലേ ചെയ്തത്,ഇനി നീ ഞങ്ങളെ ധിക്കരിച്ച് ഇവളെ സ്വീകരിച്ചാൽ എന്റെ ശവം നീ കാണും
പറ്റില്ല അനൂ നമുക്കീ ബന്ധം വേണ്ട, നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ അതിനും ഈ രോഗം വരാൻ സാധ്യത ഉണ്ട്, കുഞ്ഞേച്ചിക്കറിയാം എന്റെ മോൻ ഞങ്ങൾ പറയുന്നത് കേൾക്കുമെന്ന്
..........................................
നല്ല കുടുംബത്തിലെ ചെക്കനെ കണ്ടപ്പോൾ മതി മറന്നു പോയല്ലേ ചതിയാ
വല്ല്യേച്ചിയുടെ നിയന്ത്രണം വിട്ടു
മോനേ അനൂ ചതിച്ചതൊന്നുമല്ല, ഇപ്പോൾ ഒരു പാട് നാളായിട്ട് അവൾക്ക് ഈ അസുഖം വന്നിട്ടില്ല ഒരച്ഛന്റെ സ്വാർത്ഥതയായി കണ്ട് ക്ഷമിച്ചൂടേ.....
ചില നേരത്തെ മൗനത്തിന് വാക്കുകളേക്കാൾ ഹ്യദയത്തെ കീറി മുറിക്കാൻ കഴിവുണ്ടെന്ന് അനുവേട്ടൻ തെളിയിച്ചു.
അച്ഛന്റെ കണ്ണീരും അനുവേട്ടന്റെ നിർവികാരതയും എന്നെ ആകെ തളർത്തിക്കളഞ്ഞു. കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്.
മിസ്റ്റർ അനൂപ് ,പേടിക്കാനൊന്നുമില്ല അശ്വതി ഗർഭിണിയാന്ന്
പെങ്ങൻമാരെ ഇതേവരെ ധിക്കരിക്കാത്ത അനുവേട്ടൻ യാതൊരു ഭാവവ്യത്യാസവും കൂടാതെ ഈ വാർത്ത സ്വീകരിച്ചു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ മുറിക്ക് പുറത്തേക്ക് പോയി.
സ്വന്തം മകൾക്ക് ഒരു ജീവിതം കിട്ടാനായി അച്ഛൻ കാണിച്ച സ്വാർത്ഥതയെ ചതി എന്ന് മുദ്രകുത്തുന്നവർ പോട്ടെ.ഈ പുതു ജീവനെപ്പോലും കാണാതെ തിരിഞ്ഞ് നടന്നവർ അകലട്ടെ. ഇനി ഞാൻ അനുവേട്ടന് വേണ്ടി കണ്ണീരൊഴുക്കില്ല, കരഞ്ഞാൽ അതൊരു തോൽവി ആയിപ്പോകും.
......................::...............
വലത് കൈ നഷ്ടപ്പെട്ട ഇവന് ഇനി ആര് പെണ്ണ് കൊടുക്കാനാ
വല്യേച്ചി കണ്ണീർ തുടച്ച് കൊണ്ട് അനൂപിന് കഞ്ഞി കൊടുക്കുന്നതിനിടയിൽ പറഞ്ഞു
എന്നാലും എന്റെ മോനേ ഇത്രയും എക്‌സ്പീരിയൻസ് ഉള്ള നിന്റെ കൈ എങ്ങനാടാ കട്ടിങ്ങ് മെഷീന്റെ ഉള്ളിൽ പോകുന്നത്
അതെല്ലാം വിധിയാണ് കൊച്ചേച്ചീ
നമുക്ക് അച്ചുവിനെപ്പോയി വിളിച്ചാലോ, ഇവനെങ്ങനെയാ ഈ അവസ്ഥയിൽ ഒറ്റക്ക്.അനൂപേ എന്താ നിന്റെ അഭിപ്രായം
എനിക്ക് അന്നും ഇന്നും നിങ്ങളുടെ അഭിപ്രായമല്ലേ എന്റെ അഭിപ്രായം. കുഞ്ഞേച്ചീ അവൾ വരുമോ
വരും, അവൾക്ക് നീ എന്ന് വച്ചാ ജീവനാ പോരാത്തതിന് നമ്മുടെ ചോരയും അവളുടെ വയറ്റിൽ വളരുന്നില്ലേ
ഓഹോ അതൊക്കെ എന്റെ മൂന്ന് പെങ്ങൻമാർക്കും ഓർമയുണ്ടോ
മകളുടെ ജീവിതത്തിന് മുമ്പിൽ അവളുടെ അച്ഛൻ സ്വാർത്ഥനായത് പോലെ നിന്റെ കാര്യത്തിൽ ഞങ്ങളും സ്വാർത്ഥത കാട്ടി, അതിന് മാപ്പ് പറഞ്ഞ് അശ്വതിയെ കൂട്ടിക്കൊണ്ട് വരാൻ പോകുവാ
.......................................................
ഞാൻ നിന്നെ ഉപേക്ഷിക്കാനൊരുങ്ങിയിട്ട് പോലും നിനക്കെങ്ങനെയാണച്ചൂ തിരികെ വരാൻ കഴിഞ്ഞത്, എന്നെ ഇത്രയും സ്നേഹിക്കാൻ കഴിയുന്നത്
പെണ്ണുങ്ങൾ അങ്ങനെയാണ് അനുവേട്ടാ താലികെട്ടിയ പുരുഷൻ എന്ത് തെറ്റ് ചെയ്താലും അവർ ക്ഷമിക്കും, ഏട്ടൻ കണ്ടിട്ടില്ലേ, ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നറിഞ്ഞാൽ പോലും അത് സ്വന്തം കഴിവ് കേട് കൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞ് ഒന്നിച്ച് ജീവിക്കുന്ന സ്ത്രീകൾ വരെ നമ്മുടെ നാട്ടിലുണ്ട്,
അങ്ങനെയൊക്കെചിന്തിക്കാൻ പെണ്ണിന് മാത്രമേ പറ്റൂ, അത്രയൊന്നുമില്ലല്ലോ നമ്മുടെ കാര്യം
ശരിയാ ,സ്ത്രീകൾ പൊട്ടിക്കരഞ്ഞ് ദു:ഖിക്കുമ്പോൾ
മൗനത്തെക്കൂട്ടുപ്പിടിച്ച് ഉള്ള് വെന്തുരുകുന്നവരാണ് പുരുഷൻമാർ. സ്വന്തം പെങ്ങൻമാർ ഭാര്യയെ സ്നേഹിക്കാനായി വലം കൈ ഉപേക്ഷിച്ച ആണിനെപ്പറ്റി കേട്ടിട്ടുണ്ടോ
അനുവേട്ടാ........
നീ എന്തിനാ കരയുന്നത്, എന്റെ പെണ്ണ് വലം കൈ ആയി കൂടെയുള്ളപ്പോൾ എനിക്കെന്തിനാ വലം കൈ..............

ഒരു വെജിറ്റേറിയൻ പ്രണയകഥ




നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം, ഒന്നുമില്ലേലും ഞാൻ നിന്നേക്കാൾ മൂന്നോണം കൂടുതൽ ഉണ്ടതല്ലെ.
ഓണമുണ്ടാൽ ബുദ്ധിയുണ്ടാകുമെന്ന് ചേട്ടനോടാരാ പറഞ്ഞേ.
അതല്ല ഇവിടുത്തെ വിഷയം , ദേവൂ നീ ഈ കോളേജിൽ വന്ന കാലം തൊട്ട് നിന്നെ എന്റെ ഇഷ്ടം അറിയിച്ചതാ. ഒരു മറുപടിയും തന്നിട്ടില്ല. ഈ വർഷം എന്റെ ഈ കോളേജിലെ അവസാനത്തെ ഓണമാണ്. ഇഷ്ടമല്ലെങ്കിൽ അല്ലെന്ന് പറ.
അല്ല
അങ്ങനെ പറയരുത്.
ഞാൻ പോണു. ശ്രീയേട്ടൻ എന്റെ സീനിയർ ആണെന്ന എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് ഇനി എന്നെ ശല്ല്യം ചെയ്യരുത്.
നീ എന്തിനാ ഇവളുടെ പുറകെ ഇങ്ങനെ നടക്കുന്നത്. ലോകത്ത് വേറേ പെണ്ണുങ്ങളില്ലാത്ത പോലെ.
എനിക്കവളേക്കാൾ ഇഷ്ടം അവളുടെ കവിതകളെയാ.
എന്റെ പൊന്നളിയ ഈ എഴുതുന്നവർക്കൊക്കെ പാറി പറക്കുന്ന മനസ്സാ നീ അവളെ വിട്ടേക്ക്.
ഞാൻ കെട്ടുന്നുവെങ്കിൽ ഇവളെയേ കെട്ടൂ
നാളെ നമ്മുടെ ഈ കോളേജിലെ അവസാന ഓണം സെലിബെറേഷൻ ആണ്. ഇനി ഇതൊക്കെ ഒരോർമ്മ മാത്രമാകും.
………………….................................
എടി അനു നീ നാളെ സെറ്റും മുണ്ടും ഉടുക്കുന്നില്ലേ
ഇല്ല ദേവൂ,അവൻ സമ്മതിക്കില്ല
അവൻ നിന്നെ കെട്ടിയിട്ടൊന്നുമില്ലല്ലോ പിന്നെന്താ. ഇതാണ് ഞാൻ കോളേജിലെ ഒരുത്തനേം പ്രേമിക്കാത്തെ സ്വാതന്ത്ര്യം പോകും. പ്രേമം ദു:ഖമാണുണ്ണി സൗഹൃദമല്ലോ സുഖപ്രദം.
അളിയാ എന്റെ ദേവുനെ നോക്കിയെ എന്തൊരു ഭംഗിയാ, ഈ പെണ്ണുങ്ങൾക്ക് എപ്പോഴും സെറ്റ് സാരിയൊക്കെ ഉടുത്ത് നടന്നൂടെ
ആദ്യമായിട്ടാ ഈ മൊതലിനെ ഞാനൊന്ന് മനുഷ്യ കോലത്തിൽ കാണുന്നത്. കഴിഞ്ഞ തവണ ഓണത്തിന് അവള് ജീൻസും ടോപ്പുമിട്ട് വന്നു.
എടാ ശ്രീക്കുട്ടാ ഇത് നിന്നെ കാണിക്കാൻ വേണ്ടി തന്നെയാ അവൾ ഇങ്ങനെ വന്നത്.
ദേവൂ സുന്ദരിയായിട്ടുണ്ടെട്ടോ.
താങ്ക്സ് ,മലയാളി മങ്ക മത്സരത്തിൽ പങ്കെടുക്കാനാ ഞാൻ സാധനം ചുറ്റിയത്.
വടം വലി മത്സരത്തിനിടയിലും ശ്രീയേട്ടന്റെ കണ്ണുകൾ എന്നെയായിരുന്നു വലിച്ചുകൊണ്ടിരുന്നത്.
രാവിലെ മുതൽ പൂക്കള മൽസരവും വടംവലിയും കായിക മത്സരങ്ങളുമെല്ലാം കഴിഞ്ഞ് വൈകുന്നേരം മലയാളി മങ്ക മത്സരമായപ്പോഴേക്കും ആകെ കോലം കെട്ടു. മങ്കമാരെല്ലാം ഒന്നൂ കൂടി പുട്ടിയും ലിപ്സ്റ്റിക്കും അടിച്ച് സ്റ്റേജിൽ കയറി. ഫുഡ് കമ്മറ്റിയിൽ അകപ്പെട്ടുപോയ ഞാൻ മോര് കറി പുരണ്ട സെറ്റും മുണ്ടും താങ്ങി പിടിച്ച് സ്റ്റേജിൽ കയറി.
ചോദ്യുത്തര റൗണ്ടിൽ ഭാവി വരനെപ്പറ്റി ഒറ്റവാക്കിൽ പറയാൻ പറഞ്ഞപ്പോൾ പതറിപ്പോയി.
മണ്ണിന്റെ മണമുള്ള മലയാളി ചെക്കൻ എന്ന് മറുപടി പറഞ്ഞു ഇറങ്ങി.
എന്റെ ദേവൂ നിന്നെക്കെട്ടാൻ ഇനിഞാൻ കിളയ്ക്കാൻ പേണോ.....
ശ്രീയേട്ടാ ഞാൻ ഒരു കൃഷിക്കാരനെയേ കെട്ടൂ വിഷം തിന്നു മടുത്തു.
………………………...............................
അങ്ങനെ ആ ഓണവും ഒരോർമ്മയായ് മാറി. ശ്രീയേട്ടൻ പഠനം കഴിഞ്ഞ് കോളേജ് വിട്ടിറങ്ങിയപ്പോഴാണ് ഒറ്റപ്പെടൽ ശരിക്കറിഞ്ഞത്. ശ്രിയേട്ടന്റെ ഒരു വിവരവുമില്ല. എന്നെ മറന്ന് കാണുമോ. ഓർക്കാൻ ഞാൻ ഇഷ്ടമാണെന്നൊന്നും പറഞ്ഞില്ലല്ലോ.
അങ്ങനെ രണ്ട് വർഷം കഴിഞ്ഞ് ഞാനും കോളേജിന്റെ പടിയിറങ്ങി.
വീണ്ടും ഒരോണക്കാലം വന്നെത്തി. പൂവിളിയും ഊഞ്ഞാലുമെല്ലാം ടീവിയിൽ മാത്രമായി നിറം മങ്ങിയ ഒരോണക്കാലം.
പൂക്കളം ഇടാൻ മുറ്റത്തേക്ക് ചെന്നപ്പോൾ മുറ്റത്തിന്റെ മൂലയിൽ ഒരു കൊട്ട പച്ചക്കറി
ഇതാര് വെച്ചതാണാവോ
അങ്ങനെ വീട്ടിൽ കുലങ്കശമായ ചർച്ച നടക്കുന്നതിനിടെ മുറ്റത്തൊരു കാർ വന്ന് നിന്നു. ദേവൂനെപെണ്ണ് കാണാൻ വന്നവരാണോ. പക്ഷെബ്രോക്കറെ കാണാനില്ലല്ലോ.
ശ്രിയേട്ടൻ
അച്ഛനും അമ്മയും ഉണ്ട് കൂടേ
എനിക്ക് ദേവൂട്ടിയെ ഇഷ്ടമാ ഞങ്ങൾ അച്ഛന്റെ ഈ മോളെ കല്ല്യാണം കഴിച്ചു തരുമോ എന്നറിയാൻ വന്നതാ.
മോനെന്ത് ചെയ്യുന്നു
ഞാനൊരു സർക്കാരുദ്യോഗസ്ഥനാ…
ഈ നടക്കുന്നത് വിശ്വസിക്കാനാവാതെ അന്തം വിട്ട് നിന്ന എന്റെ കയ്യിൽ ഒരു കുട്ടപച്ചക്കറി വെച്ച് തന്ന് എന്നോട് പറഞ്ഞു.
ഈ മണ്ണിന്റെ മണമുള്ള മലയാളി ചെക്കൻ കൃഷി ചെയ്തുണ്ടാക്കിയതാ. വെളുപ്പിനും ഞാൻ തന്നെയാ മുറ്റത്ത് പച്ചക്കറി വച്ചത് .
സർക്കാർ ജോലിക്കാരൻ ഏത് കടയിൽ നിന്നാ ഇതൊക്കെ വാങ്ങിയത്
ഇതൊക്കെ ഞാൻ കൃഷി ചെയ്തുണ്ടാക്കിയതാ പെണ്ണേ, കോളേജ് വിട്ട കാലം മുതൽ ഞാൻ കൃഷി ചെയ്യാൻ തുടങ്ങി. അതിനിടയിൽ പഠിച്ചൊരു ജോലിയും വാങ്ങി.
ഇനി ഞാൻ കെട്ടുന്നതിൽ ഭവതിക്ക് വിരോധമുണ്ടോ
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഇത്തവണത്തെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങാൻ ഈ ഉത്രാടത്തിന് നീയുമുണ്ടാവണം എന്റെ കൂടെ.
ആദ്യമൊക്കെ എന്റെ പെണ്ണിന് വേണ്ടിയാ കൃഷി ചെയ്യാൻ തുടങ്ങിയത്. പിന്നെ എനിക്ക് മനസ്സിലായി മണ്ണിനെ സ്നേഹിച്ചാൽ മണ്ണും സ്നേഹിക്കുമെന്ന്. ഇന ഓണത്തിന് എന്റെ പെണ്ണ് വിഷമില്ലാത്ത സദ്യ കഴിച്ചാൽ മതി.....

Anamika AAmi

വിധവാ ചരിതം




കെട്ട്യോൻ ചത്തിട്ട് ആറ് മാസം പോലും ആയിട്ടില്ല അവളുടെ ഒരുങ്ങിക്കെട്ടിയുള്ള നടപ്പ് കണ്ടോ രമേ
ഞാനും കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു പെണ്ണിന്റെ ഒരു ഇളക്കം,ആ കൊച്ചിന്റെ കാര്യം ഓർക്കുമ്പോഴാ കഷ്ടം
ഇന്ദൂ, നീ ഇതൊക്കെ കേട്ടിട്ട് എന്താ ഒന്നും പ്രതികരിക്കാത്തത്
എന്തിന് മായേ, ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കണ്ടേ, ഇവരൊക്കെ അല്ലേ എന്റെ ഊർജ്ജം
എടീ രമേ, കാലം പോയോരു പോക്കേ, രാവിലെ തന്നെ ഒരു വണ്ടി വന്ന് കൊണ്ട് പോകുന്നത് കാണാം, പിന്നെ പാതിരാക്കെങ്ങാനും കൊണ്ട് വന്ന് ഇറക്കിവിടുന്നതും കാണാം, ഇതെന്ത് ജോലി
ചേച്ചീ അവര് കമ്പ്യൂട്ടർ പാർക്കിലല്ലേ ജോലി ചെയ്യുന്നത്, കമ്പ്യൂട്ടറിനെ പാട്ട് പാടി ഉറക്കാനായിരിക്കും പാതിരാ വരെ ജോലി
ബസ്സ് വന്നത് നന്നായി ഇന്ദൂ എന്റെ നാവ് തിരച്ച് വന്നതാ
മായേ, അവർക്ക് എന്നോടാണ് കലിപ്പ് അതാണ് അവരീ പെയ്ത്പെറക്കുന്നത്
എന്ത് കലിപ്പ്
അവരുടെ മനസ്സിൽ ഒരു വിധവാ സങ്കൽപം ഉണ്ട്, കരഞ്ഞ് കലങ്ങിയ കണ്ണുകളും വച്ച് പിടിപ്പിച്ച ചിരിയുമായി നിറം മങ്ങിയ സാരി ഉടുത്ത് നടന്നാൽ അവർക്ക് എന്നെ ആശ്വസിപ്പിക്കാനൊരു അവസരം കിട്ടും, അത് നടക്കാത്തതാണ് പ്രധാന പ്രശ്നം.
എന്നാലും എന്റെ ഇന്ദൂ നീ പഴയ പോലെ തിരിച്ചു വന്നല്ലോ അത് തന്നെ വലിയ കാര്യം
ജീവിച്ചിരുന്നപ്പോൾ കണ്ണേട്ടൻ എന്റെ കണ്ണുകൾ നനയാൻ അനുവദിച്ചിട്ടില്ല ഇപ്പോൾ ഞാനങ്ങനെ ചെയ്താൽ അദ്ദേഹത്തോട് ചെയ്യുന്ന ചതിയാവും.പിന്നെ ഒരുങ്ങി നടക്കുമ്പോൾ എപ്പോഴും കണ്ണേട്ടൻ കൂടെ ഉള്ളത് പോലെ തോന്നും .കണ്ണേട്ടൻ ഭയങ്കര സൗന്ദര്യാരാധകനായിരുന്നു.
...................................................................
ഇന്ദു മാഡത്തിനെ രാജീവ് സാർ വിളിക്കുന്നു
ഗുഡ് മോണിങ്ങ് സാർ
ഗുഡ് മോണിങ്ങ് ,ഇന്ദു പണ്ടത്തേക്കാൾ സുന്ദരി ആയല്ലോ. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്. തന്റെ മൂക്കിൻ തുമ്പത്തെ മറുകിനൊരു കാന്തശകതിയുണ്ട് കേട്ടോ
സോറി സാർ മറുകാണ് സാറിന്റെ പ്രശ്നമെങ്കിൽ ഞാൻ അത് എങ്ങനെയെങ്കിലും മാറ്റാം. ഇനി ഓഫീസ് കാര്യങ്ങൾ പറയാനല്ലാതെ എന്നെ ഈ കാബിനിലേക്ക് വിളിച്ചാൽ ഞാൻ ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്യും
ആണുങ്ങളെ കാണിക്കാനല്ലാതെ പിന്നെ
താനെന്തിനാ ഇങ്ങനെ ഒരുങ്ങിക്കെട്ടി നടക്കുന്നത്
വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് സംസ്കാരം ഉണ്ടാവണമെന്നില്ല. ഒരു പെണ്ണ് ഒരുങ്ങി നടന്നാൽ വശീകരണം എന്നല്ല അർത്ഥം അതവളുടെ ആത്മവിശ്വാസം ആണ്
എന്താ ഇന്ദൂ രാജീവ് സാർ വിളിപ്പിച്ചത്
ഒന്നുമില്ല മനോജ് സാറേ വിധവകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചതാണ്
.....................................................
അമ്മേ നമ്മളെത്ര നാളായി ഒരു സിനിമക്ക് പോയിട്ട്
നാളെപ്പോകാം പൊന്നൂസേ
നീ കൊച്ചിന് വെറുതെ ആശ കൊടുക്കല്ലേ
നാളെ ഞായറാഴ്ചയല്ലേ നാളെപ്പോകാം, എന്റെ മോന് ഒരിക്കലും അച്ഛനില്ലാത്തതിന്റെ ഒരു കുറവും തോന്നരുത്
ഇന്ദു ,നാളെ സുശീല ചേച്ചിയുടെ മോളെ പ്രസവം കഴിഞ്ഞ് കൂട്ടിക്കൊണ്ട് പോകുവാ രാവിലെ നമുക്കവിടെ വരെ ഒന്ന് പോണം
ശരിയമ്മേ കിടക്കട്ടെ
നീ അവനോട് കിന്നാരം പറഞ്ഞിരിക്കാതെ വേഗം കിടന്ന് ഉറങ്ങിക്കോണം
ഇന്ദു ചിരിച്ച് കൊണ്ട് കണ്ണന്റെ ഫോട്ടോയെടുത്തു
കണ്ണേട്ടാ നാളെ ഞാൻ മോനേം കൊണ്ട് ഒരു സിനിമക്ക് പോകോട്ടോ
എന്താ മുഖത്തൊരു വിഷമം
രാവിലെ ഓഫീസിൽ രാജീവ് അങ്ങനെ പറഞ്ഞിട്ടാണോ, വിട്ട്കള കണ്ണേട്ടാ, ഏട്ടൻ തന്ന കടലോളം സ്നേഹം ഈ നെഞ്ചിലുള്ളപ്പോൾ ആർക്കും എന്നെ തളർത്താനാവില്ല. എന്നാലും നല്ല ചതിയാണ് ചെയ്തത്. എന്റെ പുക കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞ് നടന്ന ആളാണ്, ഞാനന്ന് പറഞ്ഞതല്ലേ ആശുപത്രിയിൽ പോകാമെന്ന് ഗ്യാസാണ് മാറിക്കോളും എന്ന് പറഞ്ഞ് കിടന്നിട്ട് എന്നെ പറ്റിച്ച് കടന്ന് കളഞ്ഞില്ലേ. ഓ നോക്കണ്ട ഞാൻ നിർത്തി എന്നേം മോനേം കെട്ടിപ്പിടിച്ചേക്കണേ, ഞാൻ ഉറങ്ങാൻ പോകുവാ
..................................................................
നമ്മൾ വൈകിയോ അമ്മേ
ഞാൻ പറഞ്ഞതല്ലേ ഇന്ദൂ കുറച്ച് നേരത്തേ ഒരുങ്ങാൻ
കുഞ്ഞുമായി പോകാനിറങ്ങിയപ്പോൾ വിധവയാണല്ലോ മുന്നിൽ ശ്ശെ ...
ചെറുപ്പത്തിലേ അച്ഛൻ മരിച്ച് പോയിട്ട് അമ്മ വളർത്തി വലുതാക്കിയ മകൾ തന്നെ ഇങ്ങനെ പറയണം. ഞങ്ങൾ ഇറങ്ങുവാ സുശീലേ
അമ്മ എന്തിനാ അവരോട് അങ്ങനെ പറഞ്ഞത് എനിക്ക് വിഷമമൊന്നും ആയില്ല
കണ്ണൻ ചെറുപ്പത്തിലേ എടുത്തോണ്ട് നടന്ന കുട്ടിയാ അവൾ, എന്നിട്ടാണ് ....അമ്മയുടെ തൊണ്ടയിടറി
........................................................
അമ്മേ ഇനി ഒരാഴ്ച ഞാൻ ലീവാണ്, അടുത്തയാഴ്ച അവന്റെ കല്യാണമല്ലേ നമുക്ക് എന്റെ വീട്ടിലേക്ക് നാളെ പോയാലോ
മോളും കൊച്ചും നാളെത്തന്നെ പൊക്കോ മോൾടെ ആകെയുള്ളആങ്ങളയുടെ കല്യാണമല്ലേ. അമ്മ കല്യാണ ദിവസം വരാൻ നോക്കാം, എനിക്ക് അത്ര ദൂരം യാത്ര ബുദ്ധിമുട്ടല്ലേ
എന്നിട്ട് വേണം കണ്ണേട്ടൻ എന്നെ വഴക്ക് പറയാൻ ഞാൻ അമ്മയെ ഒറ്റക്കാക്കി പോകൂല്ലാ. ഞാൻ കല്യാണ തലേന്ന് പൊക്കോളാം
......................................................
കെട്ടിമേളം മുഴങ്ങട്ടെ താലി എടുത്ത് ചെറുക്കന്റെ കയ്യിലേക്ക് കൊടുക്കൂ
ചെക്കന്റെ പെങ്ങൾ എവിടെ പെണ്ണിന്റെ മുടിയൊന്ന് പൊക്കിക്കൊടുത്ത് താലി മുറുക്കി ഇടൂ
ഇന്ദൂ, വിധവകൾ ഇത്തരം കാര്യങ്ങൾ ചെയ്ത്കൂട
കൊച്ചച്ചന്റെ മകൾ പോട്ടേ അവളും വകയിൽ അവന്റെ പെങ്ങളല്ലേ...
ലോകം മുഴുവൻ തള്ളിപ്പറഞ്ഞാലും സ്വന്തം അമ്മ കൂടെയുണ്ടാകുമെന്ന വിശ്വാസം തെറ്റിച്ച് കൊണ്ടാണ് അമ്മ ഇങ്ങനെ പറഞ്ഞത്
ക്ഷമിക്കണം അമ്മേ കണ്ണേട്ടൻ മരിച്ചപ്പോൾ അമ്മയുടെ മകളും ഇവന്റെ പെങ്ങളും നിങ്ങൾക്കൊക്കെ മരിച്ച് പോയെന്ന് ഞാൻ അറിഞ്ഞില്ല, ഒരു കാര്യം അമ്മ മറക്കരുത് ഉപ്പോളം വരില്ല ഉപ്പിലിട്ടത്
വിധവകളുടെ മനസ്സിനെ പച്ചക്ക് കത്തിച്ച് ഇന്നും സതി ആഘോഷിക്കുന്ന ഒരു പറ്റം ജനങ്ങൾക്കിടയിലൂടെ അവൾ മകനേയും ചേർത്ത് പിടിച്ച് തളരാത്ത കാലടികളുമായി മുന്നോട്ട് നടന്നു.
സഹതാപത്തേക്കാൾ വലുതാണ് ഒരു ചെറുപുഞ്ചിരി.....

കുപ്പിവളകൾ


ആൺകുട്ടികൾ മുടി നീട്ടി വളർത്തിയാലെന്താ ആകാശം ഇടിഞ്ഞ് വീഴോ
പലരും പലതും കാണിക്കുന്നുണ്ടാവും അത് കണ്ട് എന്റെ മോൻ തുള്ളാൻ നിൽക്കണ്ട, പോയിരുന്ന് പഠിക്കാൻ നോക്കടാ ചെക്കാ, അവന്റെയൊരു മുടി
നമ്മൾ പഠിപ്പിക്കുന്ന സ്കൂളിലേക്ക് നമ്മുടെ മോൻ മുടിയും വളർത്തിക്കൊണ്ട് കയറി വന്നാൽ മറ്റ് കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുഖത്ത് എങ്ങനെ നോക്കും, അല്ലേലും ഈ മുടി വളർത്തുന്ന ആണുങ്ങളൊക്കെ കഞ്ചാവാണ്
എന്താ ബിജുവേട്ടൻ ഒന്നും മിണ്ടാത്തത്
എന്റെ രമേ നീ ഒരു ടീച്ചറല്ലേ ഇങ്ങനെ ആളുകളെപ്പറ്റി മുൻവിധി പാടുണ്ടോ
ഒരു പ്ലസ്ടു വിദ്യാർത്ഥി മുടി വളർത്തി സ്കൂളിൽ വരേണ്ട കാര്യമില്ല, പക്ഷേ മുടിയുള്ള എല്ലാവരും കഞ്ചാവാണെന്നൊന്നും പറയരുത്
ഓ ഇപ്പോൾ ഞാൻ പറഞ്ഞതാണ് കുറ്റം, ദേ നോക്ക്
രണ്ട് ഫ്രീക്കൻമാർ, അവരുടെ കോലം കണ്ടില്ലേ കുളിക്കേം ഇല്ല നനക്കേം ഇല്ല
രമ റോഡിലേക്ക് ചുണ്ടിക്കാട്ടി പറഞ്ഞു
ഞാൻ ഈയിടയായി ഇവൻമാരെ ഈ റൂട്ടിൽ കാണുന്നു, ഇനി വല്ല കഞ്ചാവും വിൽക്കാൻ പോകുന്നവരാണോ ബിജുവേട്ടാ
എന്റെ പൊന്ന് സദാചാരക്കാരീ,നിന്നെക്കാൾ മുമ്പ് ഈ നാട്ടിലെ ചില പകൽ മാന്യൻമാർ പോലീസിലറിയിച്ച് ഈ പിള്ളേരെ പൊക്കിയതാ, ഇനി നീ ആയിട്ട് ഒന്നും ചെയ്യണ്ട
ഇപ്പ ഞാൻ പറഞ്ഞതെന്തായി
എന്താവാൻ, ഈ റൂട്ടിൽ ഒരു മെഡിക്കൽ കോളേജ് ഉള്ളത് ഭവതിക്ക് അറിയാമോ
എന്താ, അവർക്ക് കഞ്ചാവടിച്ച് കാൻസർ ആയോ
അവർക്കല്ല നിന്റെയൊക്കെ മനസ്സിലാണ് കാൻസർ
ആ കുട്ടികൾ കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകാനാണ് പോകുന്നത്
നമ്മളെന്തിനാ മറ്റ് കുട്ടികളുടെ കാര്യം നോക്കുന്നത്,ഏട്ടാ നമ്മുടെ മോന് ഈയിടെയായി കുറച്ച് ഫാഷൻ കൂടുതലാ
രമ മുടിയിൽ നിന്ന് വിഷയം മാറ്റി
എന്ത് ഫാഷൻ
അവൻ കഴിഞ്ഞ ദിവസം കണ്ണെഴുതി ക്ലാസ്സിൽ വന്നിരിക്കുന്നു, എനിക്കാകെ നാണക്കേടായി
എന്തിന്, ഇപ്പോൾ ആൺകുട്ടികൾ കണ്ണെഴുതുന്നത് ഒരു ഫാഷനാ, പിന്നെ കണ്ണെഴുതുന്നത് കണ്ണിനും നല്ലതാ
ബിജുവേട്ടൻ അവനെ ഇങ്ങനെ എല്ലാക്കാര്യത്തിലും സപ്പോർട്ട് ചെയ്തോ അവസാനം ദു:ഖിക്കേണ്ടി വരരുത്
നമ്മുടെ മക്കളെ നമ്മൾ സപ്പോർട്ട് ചെയ്തില്ലേൽ വേറെ ആര് സപ്പോർട്ട് ചെയ്യും
.......................................................
പ്രവീൺ ചേട്ടാ, അമ്മ ഇന്ന് സ്കൂളിൽ നിന്ന് വന്നത് നല്ല ദേഷ്യത്തില്ലാ, ചേട്ടൻ ട്യൂഷൻ കഴിഞ്ഞ് വരട്ടേ എന്നൊക്കെ പറയുന്നത് കേട്ടു വല്ല കുഴപ്പവും ഉണ്ടാക്കിയോ
അനിയത്തിയാണ് വീട്ടിലുള്ള ഏക ആശ്രയം, അച്ഛനും അമ്മയും വീട്ടിലും സ്കൂളിലും കണിശക്കാരായ അദ്ധ്യാപകർ മാത്രമാണ്.
ഞാൻ വിറയ്ക്കുന്ന കാലുകളുമായി മുറിയിലേക്ക് കയറി, അമ്മ മുറി പരിശോധനയിലാണ്, എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി
എന്നെക്കണ്ടതും അമ്മ രൂക്ഷമായി ഒന്ന് നോക്കി
ആർക്ക് കൊടുക്കാനാടാ നീ ഇന്ന് സേതുക്കാന്റെ കടയിൽപ്പോയി കുപ്പിവളയും പൊട്ടും വാങ്ങിയത്, ഞങ്ങളൊക്കെ ഈ നാട്ടിൽ തന്നെ താമസിക്കുന്നവരാടാ, ഇതൊന്നും അറിയില്ലെന്ന് കരുതിയോ എന്ന ചോദ്യത്തോടൊപ്പം അടിയും എന്റെ കരണത്ത് വീണു
സത്യം പറഞ്ഞോ അല്ലേൽ ഇനിയും അടി കിട്ടും
അടുത്ത അടി വീഴും മുമ്പേ അച്ഛൻ ദൈവദൂതനായെത്തി, ഞാൻ തലകുനിച്ചിരുന്നു
ഏട്ടാ അവന്റെയുള്ളിൽ ഏതോ ഒരു പെൺകൊച്ചുണ്ട്, അവന്റെ മുറിയിൽ നിന്ന് എനിക്ക് കുപ്പിവളകളും കണ്മഷിയും നെയിൽ പോളിഷുമെല്ലാം കിട്ടി
നീ അവനെ തല്ലണ്ടായിരുന്നു, ഈ പ്രായത്തിൽ ഒരു കൊച്ചു പ്രണയം തോന്നുന്നത് സ്വാഭാവികം, ഇനി സ്റ്റഡി ലീവ് തുടങ്ങാൻ അധികം ദിവസമൊന്നുമില്ലല്ലോ അപ്പോൾ അവനും എല്ലാവരേയും പോലെ ഈ പ്രണയം മയിൽപ്പീലി പോലെ പുസ്തകത്തിൽ അടച്ച് വക്കും, പിന്നെ ഇതൊക്കെ വയസ്സാം കാലത്ത് ഒരു മഴ കാണുമ്പോൾ ഓർക്കാനുള്ള സുന്ദര നിമിഷങ്ങളാവും
നിങ്ങളുടെ ഒരു സാഹിത്യം, എന്റെ മനസ്സമാധാനം പോയി ഒരു പെൺകൊച്ച് കൂടെ വളർന്ന് വരുന്നുണ്ട്, അവന്റെ ബുക്കിനടിയിൽ നിന്ന് വനിതയുടെ കവർ പേജിലുള്ള സുന്ദരിമാരുടെ ഫോട്ടോ കിട്ടി
അത്രയൊള്ളോ അവന്റെയീ പ്രായത്തിൽ എന്റെ കയ്യി ലുണ്ടായിരുന്ന ബുക്ക് വരെ വേറെ ലെവലായിരുന്നു എന്നിട്ട് ഞാൻ വഴിപിഴച്ച് പോയോ
........................................................
പഠിപ്പിന്റെ ഗുണം കൊണ്ട് എൻട്രൻസ് കിട്ടാത്ത സ്ഥിതിക്ക് നമുക്ക് ഇവനെ ബാംഗ്ലൂരിൽ നഴ്സിങ്ങിന് വിടാം
ഈ പട്ടാള ക്യാമ്പിൽ നിന്ന് ഒരു മോചനം കിട്ടാൻ വേണ്ടി ഞാനും ആഗ്രഹിച്ചെങ്കിലും അനിയത്തിയെ പിരിയുന്ന കാര്യം ഓർത്തപ്പോൾ സങ്കടം തോന്നി, എങ്കിലും ബാംഗ്ലൂർക്ക് ട്രെയിൻ കയറി
ഹോസ്റ്റലിലെ റാഗിങ്ങ് ഭയന്ന് ഞങ്ങൾ എല്ലാ മലയാളികളും കൂടി പുറത്ത് ഒരു വീടെടുത്തു.കോളേജും ഹോസ്റ്റലും വൈകുന്നേരം വീട്ടിലേക്കുള്ള ഫോൺ വിളിയും മാത്രമായി ജീവിതം ഒതുങ്ങി
ഒരു ദിവസം ഒരു മഴയുള്ള സന്ധ്യാസമയത്ത് ഞാൻ ആദ്യമായി അവളെക്കണ്ടു, പരിചയപ്പെട്ടു, പിന്നീട് ആ കാണൽ പതിവാക്കി
..............................................
ബിജുവേട്ടാ പ്രവി, ഇന്ന് വിളിച്ചില്ലല്ലോ
അവന് വല്ല പരീക്ഷയുമാവും
രണ്ട് ദിവസം ആയി അവൻ വിളിച്ചിട്ട് നമുക്ക് കോളേജിലേക്കൊന്ന് വിളിച്ചാലോ
രമ ടീച്ചറേ അവൻ കൂട്ടുകാരുടെയൊപ്പം വല്ല ടൂറും പോയിക്കാണും, നമ്മൾ വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ച് വിളിക്കാത്തതാവും
എടോ താൻ വിഷമിക്കാതിരിക്ക് അവനെ വിളിച്ചിട്ട് കിട്ടിയില്ലേൽ അവന്റെ കൂട്ടുകാരനെ വിളിക്കാം
ഹലോ രാഹുൽ അല്ലേ ഞാൻ പ്രവീണിന്റെ അച്ഛനാ അവനൊന്ന് ഫോൺ കൊടുക്കുമോ
അവൻ നാട്ടിലേക്ക് പോയിട്ട് രണ്ട് ദിവസമായല്ലോ വീട്ടിൽ എത്തിയില്ലേ
താൻ വിഷമിക്കണ്ട ഞാൻ ഇപ്പോൾ തന്നെ ബാംഗ്ലൂർക്ക് പോവാം
നമുക്ക് പോലീസിൽ പരാതി കൊടുക്കാം കോളേജ് പ്രിൻസിപ്പൽ പറഞ്ഞു
അങ്കിൾ എനിക്കൊരു സംശയമുണ്ട്
പറയൂ രാഹുൽ
ചിലപ്പോൾ അത് വെറും സംശയം മാത്രമാവും, എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോകാം
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഇടുങ്ങിയ വഴികളിലൂടെ ബൈക്ക് മുന്നോട്ട് പോയി, എല്ലാ വീടിനും ഒരേ മുഖം, മുറ്റത്ത് കോലം വരച്ചിട്ടുള്ള ഒരു വീടിന്റെ കോളിങ്ങ് ബെൽ അമർത്തി ,ഒറ്റ നോട്ടത്തിൽ വശ്യസുന്ദരി എന്ന് തോന്നിപ്പിക്കുന്ന ഒരു യുവതി വന്ന് വാതിൽ തുറന്നു.സൂക്ഷിച്ച് നോക്കിയപ്പോൾ ആ സൗന്ദര്യത്തിൽ എന്തൊക്കെയോ കൃതൃമത്വം .
പ്രവീൺ ഉണ്ടോ
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി
പണ്ടൊരിക്കൽ ബീച്ചിൽ വച്ച് പ്രവീണിന്റെയൊപ്പം ഞാൻ ഇവരെ പരിചയപ്പെട്ടിട്ടുണ്ട് , അന്ന് പറഞ്ഞ ഒരു ഊഹം വെച്ചാണ് ഇവിടേക്ക് അങ്കിളിനേയും കൂട്ടി വന്നത്. രാഹുൽ പറഞ്ഞു
പറഞ്ഞ് തീരും മുമ്പേ കുപ്പിവളകളുടെ കിലുക്കം, കൊലുസ്സിന്റെ പൊട്ടിച്ചിരിക്കുന്ന ശബ്ദo മുറിയിലെ നിശബ്ദതയെ കീറി മുറിച്ചു, കാച്ചിയ എണ്ണയുടെ ഗന്ധം മൂക്കിലേക്ക് തുളച്ച് കയറി, അകത്തേക്ക് കയറിപ്പോയ സ്ത്രീയുടെ അനിയത്തി എന്ന് തോന്നിപ്പിക്കും വിധം അപ്സരസ്സിനെപ്പോലെ ഒരു പെൺകുട്ടി മുൻപിൽ വന്നു. രാഹുൽ കണ്ണെടുക്കാതെ വാ തുറന്നിരുന്നു
അച്ഛാ, ഞാൻ പ്രവീണാണ്, എന്നെ അന്വേഷിച്ച് ഇവിടെ വരേണ്ടിയിരുന്നില്ല
മോനേ പ്രവീ, നിനക്കെന്താടാ പറ്റിയത്, ആരാ നിന്നെയിവിടെ എത്തിച്ചത്, എന്തൊരു കോലമാടാ ഇത്, വാ നമുക്ക് വീട്ടിൽ പോകാം
ശബ്ദം പുറത്ത് വരാതെ തരിച്ചിരുന്ന അയാൾ സമനില വീണ്ടെടുത്ത് ഇടറിയ സ്വരത്തിൽ പറഞ്ഞു
ഇല്ലച്ഛാ, ഞാൻ ആഗ്രഹിച്ച ഒരു ജീവിതം ഇതാണ്.എന്റെ ശരീരം മാത്രമായിരുന്നു പുരുഷന്റെത് മനസ്സ് മുഴുവൻ സ്ത്രീയുടേതാണ്. കുപ്പിവളകളും കരിമഷിയും കുങ്കുമവും എല്ലാം ചെറുപ്പം മുതലേ ഞാൻ മനസ്സിലൊളിപ്പിച്ച ആഗ്രഹങ്ങളായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ അമ്മയുടെ സാരിയും അനിയത്തിയുടെ ഉടുപ്പുമെല്ലാം എന്റെ ആഗ്രഹങ്ങൾക്ക് നിറങ്ങളേകി. എനിക്ക് എന്നെ അറിയാൻ ഈ നിൽക്കുന്ന ചാരുലത എന്ന ശരത് വേണ്ടി വന്നു. ഇനി എന്റെ മനസ്സിൽ നിന്ന് ഒളിച്ചോടാൻ വയ്യ, അച്ഛൻ എന്നെ അന്വേഷിച്ചിവിടെ വരരുത്.
മോനേ നിന്റെ ആഗ്രഹം ഇതാണെങ്കിൽ ഇങ്ങനെ ജീവിച്ചോ, അമ്മയോട് ഒരു വാക്ക് വന്ന് പറഞ്ഞിട്ട്....
വേണ്ടച്ഛാ ഇപ്പോൾഅതിനുള്ള ധൈര്യം എനിക്കില്ല, നിങ്ങൾക്ക് ഒരിക്കലും എന്നെ ഇങ്ങനെ സ്വീകരിക്കാനാവില്ല, നിങ്ങൾ സ്വീകരിച്ചാലും സമൂഹം അംഗീകരിക്കില്ല.ഞാൻ വരും അമ്മ ആഗ്രഹിച്ചത് പോലെ ഒരു മിടുക്കനായല്ലെങ്കിലും പഠിച്ച് നല്ലൊരു ജോലി വാങ്ങി മിടുക്കിയായി. ശാരീരികമായും എല്ലാത്തരത്തിലും എന്നിലെ സ്ത്രീയെ പൂർണ്ണതയിലെത്തിക്കാൻ മെഡിക്കൽ സയൻസ് വളർന്നിട്ടുണ്ട്, ഞാൻ വരും പൂർണ്ണയായ ഒരു സ്ത്രീയായി....
മോനേ പ്രവീ അച്ഛനിറങ്ങുവാ
പ്രകൃതീ നിനക്കൊരു ഫോൺ ...
അകത്ത് നിന്ന് ചാരു വിളിച്ചു
അച്ഛന്റെ കണ്ണിലേക്ക് നോക്കാതെ പ്രകൃതി എന്ന പ്രവീൺ അകത്തേക്ക് പോയി.
.....................................
പിന്നീടങ്ങോട്ടുള്ള ജീവിതം സഹനത്തിന്റെയും പരിഹാസത്തിന്റെയും മാത്രമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയപ്പോഴാണ് മനസ്സിലായത് എന്നെപ്പോലെ ഒരാൾക്ക് ജോലി എന്നത് ഒരു സ്വപ്നം മാത്രമാണെന്ന്. ജോലിക്ക് കയറിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നാട്ടിലെ മാലാഖയ്ക്ക് മതിപ്പ് കിട്ടണമെങ്കിൽ പരലോകംപൂകണമെന്ന്. പക്ഷെ എന്നിലെ സ്ത്രീയുടെ ഊർജ്ജം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ എന്നെ സഹായിച്ചു. സിവിൽ സർവ്വീസ് എന്ന മോഹം എന്നെ കൊണ്ടെത്തിച്ചത് ഇൻഡ്യൻ റവന്യൂ സർവ്വീസിലാണ്.
ഞാനിന്ന് എന്റെ ഔദ്യോഗിക വാഹനത്തിൽ നാട്ടിലേക്കുള്ള യാത്രയിലാണ്.ഈ യാത്രയ്ക്ക്
ഒരുപാട് ലക്ഷ്യങ്ങളുണ്ട്. നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവൾക്കുള്ള സമ്മാനപ്പൊതിയുമായി അഭിമാനത്തോടെ എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിൽക്കണം, സ്ത്രീക്കും പുരുഷനും മാത്രമല്ല ഈ ലോകത്തിൽ ജീവിക്കാൻ അവകാശമെന്ന് സമൂഹത്തോട് ഉറക്കെ പറയണം, എല്ലാവരും മനുഷ്യരാണ് നെഞ്ചിൽ ചൂടും ചോരയും ഉള്ള മനുഷ്യർ. എന്നിലെ സ്ത്രീയെ തിരിച്ചറിഞ്ഞ എന്റെ പ്രിയതമന്റെ കൈയ്യും പിടിച്ച് ഞാനാ കല്യാണ പന്തലിലേക്ക് നടന്ന് കയറി.......

by Anamika Ami

ആദ്യരാത്രി സങ്കൽപം


മുഖത്താകെ കരിപുരണ്ട് തുളുമ്പാൻ നിന്നിരുന്ന ആകാശം പോലും ആ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞു
ഇന്നെന്റെ കാമുകന്റെ കല്യാണമാണ്
മഴയുടെ ഇരമ്പലിൽ എന്റെ നെഞ്ചിന്റെ തേങ്ങൽ ആരും കേൾക്കാതിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു. രാത്രിയാവുംതോറും എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഇന്നവന്റെ ആദ്യരാത്രിയാണ്.വെറും മൂന്ന് മാസത്തെ പ്രണയമായിരുന്നെങ്കിൽപ്പോലും ഞങ്ങളൊന്നിച്ച് സ്വപ്നം കണ്ട ആദ്യരാത്രി .ഞങ്ങളുടെ ആദ്യരാത്രിയിൽ മഴ പെയ്യണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു, എന്നിട്ട് സിനിമയിലെപ്പോലെ സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവെച്ച്, നെറ്റിയിൽ ചുവന്ന പൊട്ടും കാലിൽ കിലുങ്ങുന്ന കൊലുസുമിട്ട് കൈയ്യിൽ ഒരു പാൽഗ്ലാസ്സുമായി മുറിയിൽ വരണമെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു.
എന്റെ കണ്ണുകൾ എന്നെ ചതിക്കുന്നു, വായാടിപ്പെണ്ണുങ്ങൾ കരയാൻ പാടില്ല, ഞാൻ മുകളിലേക്കുള്ള പടവുകൾ കയറി ബാൽക്കണിയിൽപ്പോയി മഴ നോക്കിയിരുന്നു.
എനിക്കവന്റെ കണ്ണുകളോടായിരുന്നു പ്രണയം. ചെമ്പൻ കണ്ണുള്ള കട്ടി മീശയുള്ള സുന്ദര പുരുഷൻ.
പ്രണയം അസ്ഥിക്ക് പിടിക്കുമെന്നുറപ്പായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. എടീ എന്ന് വിളിച്ചാൽ എന്താടാ എന്ന് ചോദിക്കുന്ന പ്രകൃതമുള്ള എനിക്ക് പ്രണയമെന്ന് അമ്മ ആദ്യം വിശ്വസിച്ചില്ലെങ്കിലും കാമുകനെപ്പറ്റി അന്വേഷിച്ചതും അവന്റെ സ്വഭാവദൂഷ്യത്തിന്റെ നീണ്ട ലിസ്റ്റ് തന്നതും പെട്ടെന്നായിരുന്നു.പ്രണയം തലയ്ക്ക് പിടിച്ചാൽ വീട്ടുകാരുടെ വാക്കുകൾ പാഷാണമാകുമല്ലോ. പക്ഷെ എന്റെ കൂട്ടുകാരിയുടെ കാമുകൻ പറഞ്ഞ ആദ്യരാത്രിയിലും മഴയും കൊലുസും ചുവന്ന പൊട്ടും സെറ്റും മുണ്ടും എല്ലാം ഉണ്ടെന്നറിഞ്ഞപ്പോൾ മനസ്സിലാക്കി ഞാൻ അവന് പലരിൽ ഒരാൾ മാത്രമായിരുന്നു എന്ന് .
ചതിയനായിരുന്നെങ്കിലും എന്റെ ആദ്യാനുരാഗം ആയിരുന്നില്ലേ അവൻ, അവന്റെ ആദ്യ രാത്രിയെപ്പറ്റി ആലോചിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല.
നെഞ്ചിന്റെ വിങ്ങൽ അകറ്റാൻ കവിത എഴുതിയാലോ, ഞാൻ ആദ്യമായി തൂലികയെടുത്തു
മഴയെ നോക്കി കഷ്ടപ്പെട്ട് എഴുതി
മഴ അന്നും ഇന്നുമെൻ നഷ്ടസ്വപ്നത്തിന്റെ
നനവുള്ളൊരോർമയാം കൂട്ടുകാരി
പിന്നെ വരിയൊന്നും വരുന്നില്ല, കവിത നമുക്ക് പറ്റുന്ന പണിയല്ല, വല്ല ആണായിരുന്നെങ്കിൽ താടി വളർത്താമായിരുന്നു. ഒന്ന് കറൻറ് പോയിരുന്നെങ്കിൽ കൊതുക് കടിച്ചെങ്കിലും അവന്റെ ആദ്യ രാത്രി കുളമായേനെ എന്ന് ഓർത്ത് കെഎസ്ഇബി ക്കാരെ പ്രാകി .കല്യാണത്തിന് മഴ പെയ്യാൻ വേണ്ടി ചിരവനാക്കിൽ നിന്ന് തേങ്ങാപ്പീര വാരിത്തിന്ന് എനിക്ക് ബാക്കിയായത് വിരശല്യം മാത്രം, അവന് മഴയുള്ള ആദ്യ രാത്രി .എന്റെ നെടുവീർപ്പ് കേട്ട് അമ്മ മുകളിലേക്ക് വന്നു
കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഈ അമ്മ കൊണ്ട് വന്ന് തരും
അമ്മേ എനിക്ക് വെളുത്ത ചെക്കൻമാരെ പേടിയാ, കറുത്തിട്ട് ,ഒരു തേപ്പ് കിട്ടിയ ചെക്കനെ മതി.
എന്റെ ആഗ്രഹം പോലെ ഒരു പുരുഷ മാലാഖ വന്നെത്തി. മെയിൽ നഴ്സ് ആയതിന്റെ പേരിൽ പ്രണയിച്ചവൾ തേച്ചിട്ട് പോയവൻ.സ്വന്തം ഭർത്താവിനെ ബ്രദറേ എന്ന് വിളിക്കാമെന്ന സന്തോഷത്തിൽ ഞങ്ങളുടെ കല്യാണം മംഗളകരമായി നടന്നു. മഴ മാത്രം പെയ്തില്ല. ആദ്യരാത്രിയിൽ സെറ്റും മുണ്ടും പൂവും കൊലുസും പോയിട്ട് ഒരു ഗ്ലാസ്സ് പാല് പോലും കിട്ടിയില്ല. പെങ്ങളില്ലാത്തവനെ കെട്ടുന്നതിന്റെ നഷ്ടം ഞാൻ മനസ്സിലാക്കി.
ആർഭാടങ്ങളൊന്നുമില്ലാതെ ആദ്യരാത്രി കടന്നു പോയി. മധുവിധുവിന്റെ മധുരം മാറുംമുമ്പേ ഗർഭിണിയായതോടെ മഴക്കാലത്തെ ആദ്യരാത്രി ഒരു നടക്കാത്ത സ്വപ്നം മാത്രമായി .
വർഷങ്ങൾ കടന്ന് പോയി പല മാറ്റങ്ങളും സംഭവിച്ചു, പൂർവ്വ കാമുകൻ ഭാര്യയെ തൊഴിലുറപ്പിന് വിട്ട് അംബാനി കനിഞ്ഞ് തന്ന ഇൻറർനെറ്റിൽ ഹൈടെക് വല വീശൽ നടത്തുന്നു. ആരും വീളിക്കാതെ ജൂൺ മാസത്തിൽ മഴ കടന്ന് വരുന്നു. മെട്രോ ട്രെയിൻ സ്വകാര്യ അഹങ്കാരമായി കൊച്ചിക്കാരുടെ തലയ്ക്ക് മീതെ ചീറിപ്പാഞ്ഞോടുന്നു.
ഒരു കാര്യത്തിൽ മാത്രം മാറ്റം വന്നില്ല മഴ കാണുമ്പോൾ എന്റെ മനസ്സ് മയിലിനെപ്പോലെ നടക്കാതെ പോയ ആർഭാടപൂർണ്ണമായ ആദ്യരാത്രിയെ ഓർത്ത് പീലി വിടർത്തും.
മഴ നോക്കിയുള്ള എന്റെ നെടുവീർപ്പ് കാണുമ്പോൾ ഏട്ടൻ പറയും
ഒരു ദിവസം നിന്റെ ആശയങ്ങ് തീർത്ത് തരാം, ചുവന്ന പൊട്ടും സെറ്റുമുണ്ടും പാൽഗ്ലാസും പിന്നെന്തൊക്കെയാ
പിന്നേ അപ്പൂസ് ,മുറിയിൽ കൂടെ കിടക്കുമ്പോഴല്ലേ ആദ്യ രാത്രി ഒന്ന് പോ മനുഷ്യാ
പുറത്ത് നല്ല മഴ, ഒരവസരം കിട്ടിയിരുന്നെങ്കിൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാമായിരുന്നു മുട്ടപൊരിച്ച് കൊണ്ടിരുന്ന എന്നെ നോക്കി ഏട്ടൻ പറഞ്ഞു
അമ്മേ അപ്പൂസിന് ഇന്ന് അപ്പൂപ്പന്റേം അമ്മൂമ്മ ടേം കൂടെ കിടന്നാൽ മതി, അമ്മാമ്മയ്ക്ക് നല്ല കഥയറിയാം
വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും പാല്
നിന്റെ അമ്മയ്ക്ക് കഥ എഴുതാൻ മാത്രമേ അറിയൂ പറയാൻ അറിയില്ല മോൻ അവിടെപ്പോയ് കിടന്നോട്ടോ
അപ്പോളെങ്ങനാ നമ്മളാ ആദ്യരാത്രി റീ ക്രിയേറ്റ് ചെയ്യുവല്ലേ, ഈ മഴ തോരും മുമ്പ് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്തോ. ഇനിയെങ്ങാനും ആഗ്രഹങ്ങളൊടുങ്ങാതെ ഈ മൊതലെങ്ങാനും ചത്ത് പോയാൽ കിലുങ്ങുന്ന കൊലുസുമായി പ്രേതമായിട്ടും സ്വസ്ഥത തരില്ല
ഓ അങ്ങനാണേൽ വേണ്ട
ടീ പെണ്ണേ ഇനി ഇത് പോലൊരു അവസരം കിട്ടൂല്ല നീ പിണങ്ങാതെ പോയി പാല് തിളപ്പിക്ക്
ആർക്കാ മോളേ ഈ രാത്രി പാല്
അത് അത് ചേട്ടന് മസിലുണ്ടാകാൻ പ്രോട്ടീൻ പൗഡർ കലക്കാൻ ആണമ്മേ
അവനോട് ഈ എൻഡോസൾഫാൻ കഴിക്കൽ നിർത്താൻ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് പിന്നേം തുടങ്ങിയോ അവന്റെയൊരു മസില്
രാത്രി പതിനൊന്ന് മണി. വീട്ടിലെ പൂച്ചക്കുഞ്ഞ് വരെ ഉറങ്ങി. പുറത്ത് മഴ തകർത്ത് ചെയ്യുകയാണ്, എന്റെ ആഗ്രഹ സഫലീകരണത്തിനായി ഏട്ടൻ ഉറക്കം വന്നിട്ടും കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ അമ്മയുടെ അലമാര തുറന്ന് സെറ്റും മുണ്ടെടുത്ത് ഉടുത്തു, വാലിട്ട് കണ്ണെഴുതി നെറ്റിയിൽ ചുമന്ന പൊട്ടും കുറിയും വരച്ചു, മുറ്റത്തിറങ്ങി മുല്ലച്ചെടിയിൽ ആകെയുണ്ടായിരുന്ന ഒരു പൂവെടുത്ത് തലയിൽ വച്ച് കാലിൽ കൊലുസണിഞ്ഞ് പാൽഗ്ലാസ്സുമായി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു.ഏട്ടൻ പഴയ സിനിമയിലെ നായകനെപ്പോലെ ജനലരികിൽ മഴ നോക്കി നിന്നു. എന്റെ കയ്യിൽ നിന്ന് പാൽഗ്ലാസ് വാങ്ങി മേശയിൽ വെച്ചു. ഞങ്ങൾ ചേർന്നിരുന്നു.എന്റെ താടിയിൽ പിടിച്ച് മുഖം പയ്യെ ഒന്ന് ഉയർത്തിയതും പെട്ടെന്ന് ഒരു ഇടിവെട്ട് കറൻറ് പോയി
അയ്യോ ഏട്ടാ അപ്പൂസിന് ഇടിവെട്ട് പേടിയാ ഏട്ടന്റെ കൈ തട്ടിമാറ്റി അപ്പുറത്തെ മുറിയിലേക്ക് ഓടി മോനെയെടുത്തു.മാതൃത്വം ഉണർന്നപ്പോൾ എന്റെ സിനിമാ സ്റ്റൈൽ കോസ്റ്റ്യൂമിന്റെ കാര്യം ഞാൻ മറന്ന് പോയി. അമ്മ ഒന്നും ചോദിച്ചുമില്ല ഞാനൊന്നും പറഞ്ഞുമില്ല മോനുമായി മുറിയിൽക്കയറി വാതിലടച്ചപ്പോൾ പുരുഷമാലാഖ കളിയാക്കി ചിരിച്ച് കൊണ്ട് ചോദിച്ചു
ആദ്യരാത്രി കുളമായാലും ബാക്കിയുള്ള ഡേയും നൈറ്റും നീ ഹാപ്പി അല്ലേടി പെണ്ണേ
പിന്നല്ലാതെ, എനിക്ക് വളരെ സന്തോഷമുണ്ടേട്ടാ ,ഈ വട്ടിനൊക്കെ കൂട്ട് നിൽക്കുന്ന കണവനെ കിട്ടിയതിൽ , അച്ഛനയും അമ്മയും ഇതൊക്കെ മറക്കും വരെ ഒരാഴ്ച വീട്ടിൽപ്പോയി നിന്നാലോ
അയ്യടാ ഈ മഴക്കാലം കഴിയും വരെ ഞാനെങ്ങോട്ടും വിടില്ല, ഈ നാടക വേഷമൊക്കെ അഴിച്ച് മാറ്റി ഒരു സാധാരണ വേഷമിട്ട് വന്ന് കിടന്നുറങ്ങാൻ നോക്കടീ
മരംഭൂതമേ
പ്രണയം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതരുത് ,വിവാഹ ശേഷമുള്ള പ്രണയം സുന്ദരവും മക്കൾക്ക് നൽകാവുന്ന സമ്പാദ്യവുമാണ്
അനാമിക ആമി

പാൽക്കാരിപ്പെണ്ണ്

Image may contain: 1 person, close-up
ആമിയും കൊച്ചും വന്നിട്ടുണ്ട് വരുമ്പോൾ കൊച്ചിന് പാല് വാങ്ങിയിട്ട് വരണേ
അമ്മ അച്ഛനെ വിളിച്ച് പറഞ്ഞു
ഇവിടെ അടുത്തൊരു മിൽമ ബൂത്ത് തുറന്നിട്ടുണ്ട്, ഞാൻ വരുമ്പോൾ കൊണ്ടു വരാം, ഫോൺ കട്ടായി
പറയമ്മേ എന്തുണ്ട് നാട്ടിലെ വിശേഷം
എന്ത് വിശേഷം ഞാനാകെ അമ്പലത്തിൽ പോകാൻ മാത്രമാണ് പുറത്തിറങ്ങുന്നത് ,പിന്നെ നിന്റെ കഥയെഴുത്ത് കാരണം അയൽക്കാരും മിണ്ടാതായി
ഭാവന ചേർത്തെഴുതുന്ന കഥകളിൽ ആരുടെയെങ്കിലും ജീവിതത്തോട് സാമ്യം തോന്നുന്നത് തികച്ചും യാദൃശ്ചികം
നിനക്കിതൊക്കെ പറഞ്ഞ് കെട്ട്യോന്റെ വീട്ടിലേക്ക് പോയാൽ മതി, ഞങ്ങളാണ് അനുഭവിക്കുന്നത്
ജോലിത്തിരക്ക് കാരണം ഒന്നിനും സമയം കിട്ടുന്നില്ല അത് കൊണ്ട് സ്കൂള് തുറക്കും മുമ്പ് രണ്ടാഴ്ച അമ്മയുടെ കൂടെ നിൽക്കാനാണ് വന്നത് .വിശേഷങ്ങൾ സാവധാനം പറഞ്ഞാൽ മതി,ഞാനിവിടത്തന്നെ കാണും
കഥയെഴുതാനൊക്കെ നിനക്ക് സമയം കിട്ടുന്നുണ്ടല്ലോ, ഈ കൊച്ചിന്റെ കോലം നോക്കിയേ ക്ഷീണിച്ച് അവശതയായി
അയ്യോ ഇത് കൊച്ചല്ല ബാഹുബലിയാണെന്നാണ് അവൻ പറയുന്നത്, ഞാൻ രാജമാത ശിവകാമി ദേവിയും, ബാഹുബലിയുടെ വികൃതി കൂടിയിട്ടാണ് ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്
അപ്പാപ്പന്റെ പൊന്ന് മോനിങ്ങെത്തിയോ
അച്ഛൻ എത്തിയ പാടേ ചോദിച്ചു
കട്ടപ്പാ ഞാനും രാജമാത ശിവകാമിയും എത്ര നേരമായി വന്നിട്ട്
ഇവനെന്താടി ഇങ്ങനെ
കഴിഞ്ഞ ദിവസം ടിവിയിൽ ബാഹുബലി കണ്ടതിൽ പിന്നെ ഇങ്ങനെയാണ്, ഞാനും അത് മുതലാക്കി
മോനേ ബാഹൂ, എന്ന് വിളിച്ച് രാജമാത ശിവകാമി ദേവിയുടെ അന്തിമ കട്ടിള എന്ന് പറഞ്ഞാൽ ഈ വികൃതിക്കുട്ടി എന്തും അനുസരിക്കും
അമ്മയുടെ വട്ട് കൊച്ചിനും കിട്ടിയെന്ന് എന്റെ അമ്മ കൗണ്ടറടിച്ചു
ബാഹുബലിയുടെ വീര പരാക്രമങ്ങൾ കേട്ട് കല്യാണം ഉറപ്പിച്ചതിൽ പിന്നെ രാവും പകലും മാറി വരുന്നതറിയാത്ത എന്റെ പൊന്നാങ്ങളചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി മാളത്തിൽ നിന്ന് പുറത്തിറങ്ങി
എടീ അളിയൻ വന്നില്ലേ
കാലകേയന് ലീവ് കിട്ടിയില്ല
ബാഹു മറുപടി പറഞ്ഞു
നല്ല മോൻ......
അവൻ വീണ്ടും അവന്റെ ജീവവായു ചെവിയിൽ തിരുകി മാളത്തിൽ കയറി
പാലെവിടെ
പാല് കിട്ടിയില്ല, അവനോട് ടൂ വീലർ എടുത്തിട്ട് പോയി പാല് വാങ്ങിയിട്ട് വരാൻ പറയൂ
കുറച്ച് കഴിഞ്ഞപ്പോൾ അനിയൻ പാലുമായി വന്നു
ഇവിടെ അടുത്തൊരു മിൽമാ ബൂത്ത് തുടങ്ങിയിട്ടുണ്ട് അച്ഛൻ അവിടെ ചോദിച്ചില്ലേ
ഞാനും അവിടെയാ പോയത്, ചിലപ്പോൾ ഇപ്പോൾ വന്നതാവും
പിറ്റേ ദിവസവും അച്ഛൻ പാലു വാങ്ങാൻ പോയി
പാലുണ്ടോ
ഇവിടെ പാലുമില്ല തൈരുമില്ല
അപ്പോഴാണ് അച്ഛൻ കടക്കാരിയുടെ മുഖം ശ്രദ്ധിക്കുന്നത്
അച്ഛൻ നോക്കി നിൽക്കേ പിന്നീട് വന്നവർക്കെല്ലാം പാല് കൊടുത്തു
ഇന്നും പാല് കിട്ടിയില്ലേ
അമ്മ ചോദിച്ചു
എനിക്ക് അവിടെ നിന്ന് പാല് കിട്ടുമെന്ന് തോന്നുന്നില്ല
അതെന്താ
എനിക്ക് ആകാംഷയായി
അതൊരു വലിയ കഥയാണ്, അത് ഞാൻ പിന്നെപ്പറയാം, അല്ലെങ്കിൽ അതും കഥയായി ഞാൻ വായിക്കേണ്ടി വരും
അച്ഛൻ അമ്മയോട് പറഞ്ഞു
അവളും കൊച്ചും ഉറങ്ങി, നിങ്ങള് പാലിന്റെ കഥ പറ
രാത്രിയായപ്പോൾ അമ്മ അച്ഛനോട് പറഞ്ഞു
എനിക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളേപ്പോൾ പെട്ടെന്നൊരു ദിവസം ഉറക്കമുണർന്നപ്പോൾ ഭയങ്കര രാജ്യസ്നേഹം ,പട്ടാളക്കാരൻ ആകണമെന്ന മോഹം തലയിൽ കയറി. പിറ്റേന്ന് മുതൽ വെളുപ്പിന് എഴുന്നേറ്റ് ഓടാനും ചാടാനുമെല്ലാം പോയി.
നമ്മുടെ സർക്കാരാശുപത്രിക്കടുത്തുള്ള പാലം നീ കണ്ടിട്ടില്ലേ, അതിനടിയിലായി ഒരു ഒറ്റപ്പെട്ടവീടുണ്ട്, സ്വപ്നാലയം. എപ്പോഴും അടഞ്ഞ് കിടക്കുന്ന വീടായത് കാരണം കൂട്ടുകാരെല്ലാം പ്രേതാലയം എന്നാണ് വിളിച്ചിരുന്നത്, ആരും അത് വഴി നടക്കാറില്ല.
പട്ടാളക്കാരൻ ആവാൻ പോകുന്നത് കൊണ്ട് ധൈര്യമുണ്ടാവാൻ ഞാൻ എല്ലാ ദിവസവും ആ വഴിയാണ് നടക്കാൻ പോയിരുന്നത്. ഒരു ദിവസം രാവിലെ സുന്ദരിയായ ഒരു പെൺകുട്ടി അവിടുത്തെ മുറ്റമടിക്കുന്നു ,നല്ല കരിനീലക്കണ്ണുള്ള, ചുരുണ്ട മുടിയുള്ള, മൂക്കിന് താഴെചെമ്പൻ രോമമുള്ള ഒരു സുന്ദരിക്കുട്ടി.
ഓഹോ നിങ്ങൾക്കവളുടെ മൂക്കിന് താഴെയുള്ള രോമത്തിന്റെ കളർ വരെ ഓർമ്മയുണ്ട് ഞാൻ ഇന്നലെ എലിയെ പിടിക്കണ പശവാങ്ങിവരാൻ പറഞ്ഞിട്ട് അത് ഓർത്തില്ല
ഞാനോരോടാണ് ദൈവമേ കഥ പറയുന്നത്, ഇതിലും ഭേദം എന്റെ മോളായിരുന്നു
ഉം ബാക്കി പറ
ഇനി കഥ പറയുന്നതിനിടയിൽ കയറി സംസാരിച്ചാൽ ആ പശവാങ്ങി നിന്റെ വായിലൊഴിക്കും
ഇല്ല പറ
പിന്നെ ആ റൂട്ടിലുള്ള നടത്തം പതിവാക്കി.ഓടുന്നതിനിടയിൽ എന്നും ഞങ്ങൾ തമ്മിലൊരു പുഞ്ചിരി കൈമാറും. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. തളന്ന് കിടക്കുന്നഅമ്മയും, അവരുടെ മകളും മാത്രം താമസിക്കുന്ന വീടാണതെന്നും ,ഏതോ അകന്ന ബന്ധത്തിലെ അമ്മാവനാണ് അവരുടെ വീട്ടുകാര്യങ്ങൾ നോക്കുന്നതെന്നും ഞാൻ കൂട്ടുകാരോടും നാട്ടുകാരോടും ചോദിച്ച് മനസ്സിലാക്കി .
ഒരു ദിവസം രാവിലെ ആ വീടിന്റെ മുന്നിൽ വെച്ച് എന്റെ വള്ളിച്ചെരുപ്പിന്റെ വാറ് പൊട്ടി
അത് ശരിയാക്കിയിടാൻ ശ്രമിക്കുന്നതിനിടയിൽ അവൾ എന്റെ അടുത്തുവന്നു
എന്തിനാ എല്ലാ ദിവസവും ഇങ്ങനെ ഓടുന്നത്
ദേശം കാക്കുന്ന പട്ടാളക്കാരനാവാൻ
ചേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കുമോ
കാര്യം പറയൂ, എന്റെയുള്ളിൽ പഞ്ചാരിമേളം കൊട്ടി
ഞാനിന്നേ വരെ ഒരു സിനിമ കണ്ടിട്ടില്ല, ഈ സിനിമ എന്താണെന്നറിയാൻ ഒരു മോഹം, പക്ഷെ ഒരു പെണ്ണ് ഒറ്റക്കെങ്ങനെ സിനിമക്ക് പോകും.രാജ്യം കാക്കാൻ പോകുന്ന പട്ടാളക്കാരനെ വിശ്വാസിക്കാമെന്ന് എന്റെ മനസ്സ് പറഞ്ഞു
ഒരു പരിചയവും ബന്ധവുമില്ലാത്ത എന്നോട് ഈ മോഹം പറയണമെങ്കിൽ അവൾക്ക് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ, സിനിമയോടുള്ള മോഹം കൊണ്ടല്ലേ ഉള്ളിൽ ഭയമുണ്ടെങ്കിലും
ഞാൻ സമ്മതം മൂളി
എങ്കിൽ നമുക്ക് ഉച്ചക്കുള്ള ഷോക്ക് പോകാം, ആ സമയം അമ്മയുടെ കാര്യങ്ങളെല്ലാം നോക്കി അമ്മയോട് സമ്മതവും വാങ്ങി, ഞാൻ സിനിമാകൊട്ടകയിൽ എത്താം
ശരി എന്നാൽ നമുക്കവിടെ വെച്ച് കാണാം
രാവിലത്തെ നടത്തം മതിയാക്കി വീട്ടിലെത്തിയപ്പോൾ അകത്ത് നിന്ന് അമ്മയുടെ നിലവിളി
മോനെ അമ്മക്ക് ഭയങ്കര നെഞ്ച് വേദന, ഞാനിപ്പ ചത്ത് പോകും എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ട് പോ
വെറും വയറ്റിൽ ചക്കക്കുരു പുഴുങ്ങിയത് തിന്നിട്ട് വന്ന നെഞ്ച് വേദനയായിരുന്നെങ്കിലും അമ്മയുടെ ഭാവപ്രകടനം കണ്ട് ആശുപത്രിയിൽ രണ്ട് ദിവസം കിടത്തി.ഇതിനിടയിൽ സിനിമയുടെ കാര്യവും സിനിമ കൊട്ടകയിൽ എന്നെ വിശ്വസിച്ച് വന്ന പെൺകുട്ടിയുടെ കാര്യവും മറന്ന് പോയി
അവൾ അന്ന് വന്നോ എന്നെ കാത്തിരുന്നോ സിനിമ കണ്ടോ എന്നൊന്നും എനിക്കറിയില്ല
പിന്നീടൊരിക്കലും സ്വപ്നാലയത്തിന്റെ വാതിൽ ഞാൻ തുറന്ന് കണ്ടില്ല
പിന്നെ ആരോ പറയുന്നത് കേട്ടു അവളുടെ അമ്മ മരിച്ചെന്നും അമ്മാവന്റെ മകനായ പട്ടാളക്കാരനെക്കെട്ടി അവൾ ഡെറാഡൂണിലേക്ക് പോയെന്നും .കാലിൽ ചുരുണ്ട് കിടക്കുന്ന ഈ വെരിക്കോസ് വെയിൻ എന്റെ പട്ടാള മോഹത്തിന് വില്ലനായവതരിച്ചപ്പോൾ ഞാൻ വെളുപ്പിനുള്ള നടത്തവും നിർത്തി .ഇപ്പോൾ ആ മിൽമ ബൂത്ത് നടത്തുന്നത് അവളാണ് സ്വപ്നാലയത്തിലെ പെൺകുട്ടി. അവൾ എന്നെ ദൂരെ നിന്ന് കാണുമ്പോഴെമുഖം വീർപ്പിച്ചിരിക്കും. ഇപ്പോൾ നാട്ട് കാര് വരെ ചോദിക്കാൻ തുടങ്ങി എന്താ എനിക്ക് മാത്രം പാല് തരാത്തതെന്ന് .
അന്ന് സിനിമക്ക് പോയിരുന്നെങ്കിൽ നിങ്ങൾ അവളെ കെട്ടിയേനെ അല്ലേ
ഓരോ അരി മണിയിലും എഴുതിയിട്ടുണ്ട് അത് ആരാണ് കഴിക്കേണ്ടതെന്ന് ,എനിക്ക് പണ്ടേ റേഷനരിയുടെ ചോറാണ് ഇഷ്ടം
അയ്യടാ കെടന്നൊറങ്ങാൻ നോക്ക്, നേരം ഒരു പാടായി
ആരോടും പറയരുതെന്ന് പറഞ്ഞ് അച്ഛൻ പറഞ്ഞ കഥ പിറ്റേന്ന് രാവിലെ തന്നെ അമ്മ വള്ളി പുള്ളി വിടാതെ എന്നോട് പറഞ്ഞു.
ഇനി മുതൽ ഞാൻ പാല് വാങ്ങിയിട്ട് വരാമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ
ആ സ്ത്രീയെ കാണുക സംസാരിക്കുക
ചേച്ചീ ഒരു കവറ് പാല്
മോളെ ഇത് വരെ ഇവിടെ കണ്ടിട്ടില്ലല്ലോ
പാല് തരുന്നതിനിടയിൽ അവർ ചോദിച്ചു
എങ്ങനെ കാണാനാ നാല് കൊല്ലം മുമ്പ് എന്നെ നാട് കടത്തി
എന്താ
കെട്ടിച്ച് വിട്ടെന്ന്
അധികം നാളായോ ഇവിടെ കട തുടങ്ങിയിട്ട്
ഇല്ല, ഭർത്താവ് പട്ടാളത്തിലായിരുന്നു, ഞങ്ങൾ നാട്ടിൽ വന്നിട്ട് അഞ്ച് കൊല്ലമായി .കഴിഞ്ഞവർഷം അദ്ദേഹം ഒരു നെഞ്ച് വേദന വന്ന് മരിച്ചു
അവരുടെ നിറം മങ്ങിയ കണ്ണുകൾ ഈറനണിഞ്ഞു
മക്കളൊക്കെ
ഒറ്റപ്പെടുത്തണം എന്ന് കരുതി ഭൂമിയിലേക്ക് വിടുന്നവർക്ക് ദൈവം മക്കളെ കൊടുക്കുമോ
പാല് വാങ്ങിത്തിരിച്ചിറങ്ങുന്നതിനിടയിൽ ഞാൻ ഓർത്തു, ഈ പ്രായത്തിൽ ഇത്ര സുന്ദരി ആയിരുന്നെങ്കിൽ നല്ല പ്രായത്തിൽ എന്തായിരുന്നിരിക്കും
ഓരോ ദിവസവും പാല് വാങ്ങുന്നതിന്റെ കൂടെ ഞങ്ങളുടെ സൗഹൃദവും വളർന്നു
ഒരു ദിവസം ഞാൻ ഒരു പെട്ടി ലഡുവുമായി ചെന്നിട്ട് പറഞ്ഞു
എനിക്ക് ഗവൺമെന്റ് ജോലി കിട്ടി
ആഹാ എന്നിട്ട് ചെലവ് ഈ ലഡുവിലൊതുക്കിയോ
എന്നാൽ പറ എന്ത് വേണം, ഞാൻ രണ്ട് ദിവസം കൂടിയേ കാണൂ എന്റെ പരോള് തീരാറായി
എനിക്കൊന്നും വേണ്ട നാട്ടിൽ വരുമ്പോൾ ഇടക്ക് എന്നെ വന്നൊന്ന് കണ്ടാൽ മതി
അതൊക്കെ വരാം, ചെലവ് വേണ്ടേ, നമുക്കൊരു സിനിമക്ക് പോയാലോ
അത് വേണ്ട
പണ്ടെനിക്ക് സിനിമ കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു ,കല്യാണം കഴിഞ്ഞിട്ട് പോലും ആ മോഹം സാധിച്ചില്ല ഇനി ഈ ജന്മത്തിൽ അത് വേണ്ട
അടുത്ത ജന്മമെന്നൊക്കെ നമ്മുടെ മോഹമാണ്, അതു കൊണ്ട് ഒരു മോഹവും ബാക്കി വെക്കരുത്, മോഹങ്ങൾ ബാക്കി വച്ച് അങ്ങോട്ട് ചെന്നാൽ ഉടയതമ്പുരാൻ ചോദിക്കും നിനക്ക് ഞാൻ അവസരം തന്നതല്ലേയെന്ന് .ഞാൻ ഉച്ചക്ക് രണ്ടരക്ക് വരാം, ആ സമയത്ത് എന്റെ ബാഹുബലി ഉറങ്ങുന്ന സമയമാണ്
ശരി
അച്ഛാ നമ്മുടെ തൊട്ടടുത്തുള്ള തീയറ്റർ മൾട്ടിപ്ലക്സ് ആക്കിയല്ലേ
ആ നീ ഇതുവരെ അവിടെ പോയിട്ടില്ലല്ലേ
ഇല്ല, എനിക്കൊരു സിനിമക്ക് പോണം
വൈകുന്നേരം അവൻ ജോലി കഴിഞ്ഞ് വന്നിട്ട് പോ
ഈ ബാഹു ഉച്ചക്ക് കിടന്നുറങ്ങും അപ്പോൾ പോകാം, അവനെയും കൊണ്ട് പോയാൽ സിനിമ കാണിക്കില്ല, ആറ് മണിക്ക് തിരിച്ച് വരാല്ലോ
എന്നാൽ പോയിട്ട് വാ ഞങ്ങൾ കൊച്ചിനെ നോക്കിക്കൊള്ളാം
രണ്ടരയായപ്പോൾ ഞാൻ കടയിലേക്ക് പോയി
അവർ സിനിമക്ക് പോകാൻ റെഡിയായി സുന്ദരിയായി നിൽക്കുന്നുണ്ടായിരുന്നു
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു
മോളേ എന്റെ മനസ്സ് നിറഞ്ഞു
എന്റെയും,എനിക്കൊരു കാര്യം പറയാനുണ്ട്
നീയാരണന്നല്ലേ, മൂന്ന് കൊല്ലം മുമ്പ് കിട്ടിയ ജോലിക്ക് ഇന്നലെ ലഡുവായി വന്നപ്പോഴേ ഞാൻ ഈ കാന്താരിയെപ്പറ്റി അന്വേഷിച്ചു, അച്ഛന് വേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വന്നതല്ലേ നടക്കട്ടെ എന്ന് ഞാനും കരുതി
ആരും എന്റെ അച്ഛനെ നോക്കി മുഖം കറുപ്പിക്കുന്നത് എനിക്കിഷ്ടമല്ല
ഇനി എന്റെ അച്ഛന് പാല് കൊടുക്കുമല്ലോ
അവർ പുഞ്ചിരിച്ചു
വീട്ടിലെത്തിയപ്പോൾ ഞാൻ എല്ലാ കാര്യവും അമ്മയോട് ഖറഞ്ഞു
ഈ കഥയെങ്ങാനും നീ എഴുതിയാൽ ശിവകാമി ദേവിയെ കട്ടപ്പ ,ഈ മഹിഷ്മതിയിൽ നിന്ന് പുറത്താക്കുമെന്ന് താക്കീത് നൽകി
നാളെ മുതൽ എന്റെ ബാഹുബലി സ്കൂളിൽ പോയ് തുടങ്ങുകയാണ്, വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്
യുദ്ധം തുടങ്ങട്ടെ
ഹതപ്രവേര.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo