നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാൽക്കാരിപ്പെണ്ണ്

Image may contain: 1 person, close-up
ആമിയും കൊച്ചും വന്നിട്ടുണ്ട് വരുമ്പോൾ കൊച്ചിന് പാല് വാങ്ങിയിട്ട് വരണേ
അമ്മ അച്ഛനെ വിളിച്ച് പറഞ്ഞു
ഇവിടെ അടുത്തൊരു മിൽമ ബൂത്ത് തുറന്നിട്ടുണ്ട്, ഞാൻ വരുമ്പോൾ കൊണ്ടു വരാം, ഫോൺ കട്ടായി
പറയമ്മേ എന്തുണ്ട് നാട്ടിലെ വിശേഷം
എന്ത് വിശേഷം ഞാനാകെ അമ്പലത്തിൽ പോകാൻ മാത്രമാണ് പുറത്തിറങ്ങുന്നത് ,പിന്നെ നിന്റെ കഥയെഴുത്ത് കാരണം അയൽക്കാരും മിണ്ടാതായി
ഭാവന ചേർത്തെഴുതുന്ന കഥകളിൽ ആരുടെയെങ്കിലും ജീവിതത്തോട് സാമ്യം തോന്നുന്നത് തികച്ചും യാദൃശ്ചികം
നിനക്കിതൊക്കെ പറഞ്ഞ് കെട്ട്യോന്റെ വീട്ടിലേക്ക് പോയാൽ മതി, ഞങ്ങളാണ് അനുഭവിക്കുന്നത്
ജോലിത്തിരക്ക് കാരണം ഒന്നിനും സമയം കിട്ടുന്നില്ല അത് കൊണ്ട് സ്കൂള് തുറക്കും മുമ്പ് രണ്ടാഴ്ച അമ്മയുടെ കൂടെ നിൽക്കാനാണ് വന്നത് .വിശേഷങ്ങൾ സാവധാനം പറഞ്ഞാൽ മതി,ഞാനിവിടത്തന്നെ കാണും
കഥയെഴുതാനൊക്കെ നിനക്ക് സമയം കിട്ടുന്നുണ്ടല്ലോ, ഈ കൊച്ചിന്റെ കോലം നോക്കിയേ ക്ഷീണിച്ച് അവശതയായി
അയ്യോ ഇത് കൊച്ചല്ല ബാഹുബലിയാണെന്നാണ് അവൻ പറയുന്നത്, ഞാൻ രാജമാത ശിവകാമി ദേവിയും, ബാഹുബലിയുടെ വികൃതി കൂടിയിട്ടാണ് ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്
അപ്പാപ്പന്റെ പൊന്ന് മോനിങ്ങെത്തിയോ
അച്ഛൻ എത്തിയ പാടേ ചോദിച്ചു
കട്ടപ്പാ ഞാനും രാജമാത ശിവകാമിയും എത്ര നേരമായി വന്നിട്ട്
ഇവനെന്താടി ഇങ്ങനെ
കഴിഞ്ഞ ദിവസം ടിവിയിൽ ബാഹുബലി കണ്ടതിൽ പിന്നെ ഇങ്ങനെയാണ്, ഞാനും അത് മുതലാക്കി
മോനേ ബാഹൂ, എന്ന് വിളിച്ച് രാജമാത ശിവകാമി ദേവിയുടെ അന്തിമ കട്ടിള എന്ന് പറഞ്ഞാൽ ഈ വികൃതിക്കുട്ടി എന്തും അനുസരിക്കും
അമ്മയുടെ വട്ട് കൊച്ചിനും കിട്ടിയെന്ന് എന്റെ അമ്മ കൗണ്ടറടിച്ചു
ബാഹുബലിയുടെ വീര പരാക്രമങ്ങൾ കേട്ട് കല്യാണം ഉറപ്പിച്ചതിൽ പിന്നെ രാവും പകലും മാറി വരുന്നതറിയാത്ത എന്റെ പൊന്നാങ്ങളചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി മാളത്തിൽ നിന്ന് പുറത്തിറങ്ങി
എടീ അളിയൻ വന്നില്ലേ
കാലകേയന് ലീവ് കിട്ടിയില്ല
ബാഹു മറുപടി പറഞ്ഞു
നല്ല മോൻ......
അവൻ വീണ്ടും അവന്റെ ജീവവായു ചെവിയിൽ തിരുകി മാളത്തിൽ കയറി
പാലെവിടെ
പാല് കിട്ടിയില്ല, അവനോട് ടൂ വീലർ എടുത്തിട്ട് പോയി പാല് വാങ്ങിയിട്ട് വരാൻ പറയൂ
കുറച്ച് കഴിഞ്ഞപ്പോൾ അനിയൻ പാലുമായി വന്നു
ഇവിടെ അടുത്തൊരു മിൽമാ ബൂത്ത് തുടങ്ങിയിട്ടുണ്ട് അച്ഛൻ അവിടെ ചോദിച്ചില്ലേ
ഞാനും അവിടെയാ പോയത്, ചിലപ്പോൾ ഇപ്പോൾ വന്നതാവും
പിറ്റേ ദിവസവും അച്ഛൻ പാലു വാങ്ങാൻ പോയി
പാലുണ്ടോ
ഇവിടെ പാലുമില്ല തൈരുമില്ല
അപ്പോഴാണ് അച്ഛൻ കടക്കാരിയുടെ മുഖം ശ്രദ്ധിക്കുന്നത്
അച്ഛൻ നോക്കി നിൽക്കേ പിന്നീട് വന്നവർക്കെല്ലാം പാല് കൊടുത്തു
ഇന്നും പാല് കിട്ടിയില്ലേ
അമ്മ ചോദിച്ചു
എനിക്ക് അവിടെ നിന്ന് പാല് കിട്ടുമെന്ന് തോന്നുന്നില്ല
അതെന്താ
എനിക്ക് ആകാംഷയായി
അതൊരു വലിയ കഥയാണ്, അത് ഞാൻ പിന്നെപ്പറയാം, അല്ലെങ്കിൽ അതും കഥയായി ഞാൻ വായിക്കേണ്ടി വരും
അച്ഛൻ അമ്മയോട് പറഞ്ഞു
അവളും കൊച്ചും ഉറങ്ങി, നിങ്ങള് പാലിന്റെ കഥ പറ
രാത്രിയായപ്പോൾ അമ്മ അച്ഛനോട് പറഞ്ഞു
എനിക്ക് ഇരുപത്തിമൂന്ന് വയസ്സുള്ളേപ്പോൾ പെട്ടെന്നൊരു ദിവസം ഉറക്കമുണർന്നപ്പോൾ ഭയങ്കര രാജ്യസ്നേഹം ,പട്ടാളക്കാരൻ ആകണമെന്ന മോഹം തലയിൽ കയറി. പിറ്റേന്ന് മുതൽ വെളുപ്പിന് എഴുന്നേറ്റ് ഓടാനും ചാടാനുമെല്ലാം പോയി.
നമ്മുടെ സർക്കാരാശുപത്രിക്കടുത്തുള്ള പാലം നീ കണ്ടിട്ടില്ലേ, അതിനടിയിലായി ഒരു ഒറ്റപ്പെട്ടവീടുണ്ട്, സ്വപ്നാലയം. എപ്പോഴും അടഞ്ഞ് കിടക്കുന്ന വീടായത് കാരണം കൂട്ടുകാരെല്ലാം പ്രേതാലയം എന്നാണ് വിളിച്ചിരുന്നത്, ആരും അത് വഴി നടക്കാറില്ല.
പട്ടാളക്കാരൻ ആവാൻ പോകുന്നത് കൊണ്ട് ധൈര്യമുണ്ടാവാൻ ഞാൻ എല്ലാ ദിവസവും ആ വഴിയാണ് നടക്കാൻ പോയിരുന്നത്. ഒരു ദിവസം രാവിലെ സുന്ദരിയായ ഒരു പെൺകുട്ടി അവിടുത്തെ മുറ്റമടിക്കുന്നു ,നല്ല കരിനീലക്കണ്ണുള്ള, ചുരുണ്ട മുടിയുള്ള, മൂക്കിന് താഴെചെമ്പൻ രോമമുള്ള ഒരു സുന്ദരിക്കുട്ടി.
ഓഹോ നിങ്ങൾക്കവളുടെ മൂക്കിന് താഴെയുള്ള രോമത്തിന്റെ കളർ വരെ ഓർമ്മയുണ്ട് ഞാൻ ഇന്നലെ എലിയെ പിടിക്കണ പശവാങ്ങിവരാൻ പറഞ്ഞിട്ട് അത് ഓർത്തില്ല
ഞാനോരോടാണ് ദൈവമേ കഥ പറയുന്നത്, ഇതിലും ഭേദം എന്റെ മോളായിരുന്നു
ഉം ബാക്കി പറ
ഇനി കഥ പറയുന്നതിനിടയിൽ കയറി സംസാരിച്ചാൽ ആ പശവാങ്ങി നിന്റെ വായിലൊഴിക്കും
ഇല്ല പറ
പിന്നെ ആ റൂട്ടിലുള്ള നടത്തം പതിവാക്കി.ഓടുന്നതിനിടയിൽ എന്നും ഞങ്ങൾ തമ്മിലൊരു പുഞ്ചിരി കൈമാറും. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. തളന്ന് കിടക്കുന്നഅമ്മയും, അവരുടെ മകളും മാത്രം താമസിക്കുന്ന വീടാണതെന്നും ,ഏതോ അകന്ന ബന്ധത്തിലെ അമ്മാവനാണ് അവരുടെ വീട്ടുകാര്യങ്ങൾ നോക്കുന്നതെന്നും ഞാൻ കൂട്ടുകാരോടും നാട്ടുകാരോടും ചോദിച്ച് മനസ്സിലാക്കി .
ഒരു ദിവസം രാവിലെ ആ വീടിന്റെ മുന്നിൽ വെച്ച് എന്റെ വള്ളിച്ചെരുപ്പിന്റെ വാറ് പൊട്ടി
അത് ശരിയാക്കിയിടാൻ ശ്രമിക്കുന്നതിനിടയിൽ അവൾ എന്റെ അടുത്തുവന്നു
എന്തിനാ എല്ലാ ദിവസവും ഇങ്ങനെ ഓടുന്നത്
ദേശം കാക്കുന്ന പട്ടാളക്കാരനാവാൻ
ചേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കുമോ
കാര്യം പറയൂ, എന്റെയുള്ളിൽ പഞ്ചാരിമേളം കൊട്ടി
ഞാനിന്നേ വരെ ഒരു സിനിമ കണ്ടിട്ടില്ല, ഈ സിനിമ എന്താണെന്നറിയാൻ ഒരു മോഹം, പക്ഷെ ഒരു പെണ്ണ് ഒറ്റക്കെങ്ങനെ സിനിമക്ക് പോകും.രാജ്യം കാക്കാൻ പോകുന്ന പട്ടാളക്കാരനെ വിശ്വാസിക്കാമെന്ന് എന്റെ മനസ്സ് പറഞ്ഞു
ഒരു പരിചയവും ബന്ധവുമില്ലാത്ത എന്നോട് ഈ മോഹം പറയണമെങ്കിൽ അവൾക്ക് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ, സിനിമയോടുള്ള മോഹം കൊണ്ടല്ലേ ഉള്ളിൽ ഭയമുണ്ടെങ്കിലും
ഞാൻ സമ്മതം മൂളി
എങ്കിൽ നമുക്ക് ഉച്ചക്കുള്ള ഷോക്ക് പോകാം, ആ സമയം അമ്മയുടെ കാര്യങ്ങളെല്ലാം നോക്കി അമ്മയോട് സമ്മതവും വാങ്ങി, ഞാൻ സിനിമാകൊട്ടകയിൽ എത്താം
ശരി എന്നാൽ നമുക്കവിടെ വെച്ച് കാണാം
രാവിലത്തെ നടത്തം മതിയാക്കി വീട്ടിലെത്തിയപ്പോൾ അകത്ത് നിന്ന് അമ്മയുടെ നിലവിളി
മോനെ അമ്മക്ക് ഭയങ്കര നെഞ്ച് വേദന, ഞാനിപ്പ ചത്ത് പോകും എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ട് പോ
വെറും വയറ്റിൽ ചക്കക്കുരു പുഴുങ്ങിയത് തിന്നിട്ട് വന്ന നെഞ്ച് വേദനയായിരുന്നെങ്കിലും അമ്മയുടെ ഭാവപ്രകടനം കണ്ട് ആശുപത്രിയിൽ രണ്ട് ദിവസം കിടത്തി.ഇതിനിടയിൽ സിനിമയുടെ കാര്യവും സിനിമ കൊട്ടകയിൽ എന്നെ വിശ്വസിച്ച് വന്ന പെൺകുട്ടിയുടെ കാര്യവും മറന്ന് പോയി
അവൾ അന്ന് വന്നോ എന്നെ കാത്തിരുന്നോ സിനിമ കണ്ടോ എന്നൊന്നും എനിക്കറിയില്ല
പിന്നീടൊരിക്കലും സ്വപ്നാലയത്തിന്റെ വാതിൽ ഞാൻ തുറന്ന് കണ്ടില്ല
പിന്നെ ആരോ പറയുന്നത് കേട്ടു അവളുടെ അമ്മ മരിച്ചെന്നും അമ്മാവന്റെ മകനായ പട്ടാളക്കാരനെക്കെട്ടി അവൾ ഡെറാഡൂണിലേക്ക് പോയെന്നും .കാലിൽ ചുരുണ്ട് കിടക്കുന്ന ഈ വെരിക്കോസ് വെയിൻ എന്റെ പട്ടാള മോഹത്തിന് വില്ലനായവതരിച്ചപ്പോൾ ഞാൻ വെളുപ്പിനുള്ള നടത്തവും നിർത്തി .ഇപ്പോൾ ആ മിൽമ ബൂത്ത് നടത്തുന്നത് അവളാണ് സ്വപ്നാലയത്തിലെ പെൺകുട്ടി. അവൾ എന്നെ ദൂരെ നിന്ന് കാണുമ്പോഴെമുഖം വീർപ്പിച്ചിരിക്കും. ഇപ്പോൾ നാട്ട് കാര് വരെ ചോദിക്കാൻ തുടങ്ങി എന്താ എനിക്ക് മാത്രം പാല് തരാത്തതെന്ന് .
അന്ന് സിനിമക്ക് പോയിരുന്നെങ്കിൽ നിങ്ങൾ അവളെ കെട്ടിയേനെ അല്ലേ
ഓരോ അരി മണിയിലും എഴുതിയിട്ടുണ്ട് അത് ആരാണ് കഴിക്കേണ്ടതെന്ന് ,എനിക്ക് പണ്ടേ റേഷനരിയുടെ ചോറാണ് ഇഷ്ടം
അയ്യടാ കെടന്നൊറങ്ങാൻ നോക്ക്, നേരം ഒരു പാടായി
ആരോടും പറയരുതെന്ന് പറഞ്ഞ് അച്ഛൻ പറഞ്ഞ കഥ പിറ്റേന്ന് രാവിലെ തന്നെ അമ്മ വള്ളി പുള്ളി വിടാതെ എന്നോട് പറഞ്ഞു.
ഇനി മുതൽ ഞാൻ പാല് വാങ്ങിയിട്ട് വരാമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ
ആ സ്ത്രീയെ കാണുക സംസാരിക്കുക
ചേച്ചീ ഒരു കവറ് പാല്
മോളെ ഇത് വരെ ഇവിടെ കണ്ടിട്ടില്ലല്ലോ
പാല് തരുന്നതിനിടയിൽ അവർ ചോദിച്ചു
എങ്ങനെ കാണാനാ നാല് കൊല്ലം മുമ്പ് എന്നെ നാട് കടത്തി
എന്താ
കെട്ടിച്ച് വിട്ടെന്ന്
അധികം നാളായോ ഇവിടെ കട തുടങ്ങിയിട്ട്
ഇല്ല, ഭർത്താവ് പട്ടാളത്തിലായിരുന്നു, ഞങ്ങൾ നാട്ടിൽ വന്നിട്ട് അഞ്ച് കൊല്ലമായി .കഴിഞ്ഞവർഷം അദ്ദേഹം ഒരു നെഞ്ച് വേദന വന്ന് മരിച്ചു
അവരുടെ നിറം മങ്ങിയ കണ്ണുകൾ ഈറനണിഞ്ഞു
മക്കളൊക്കെ
ഒറ്റപ്പെടുത്തണം എന്ന് കരുതി ഭൂമിയിലേക്ക് വിടുന്നവർക്ക് ദൈവം മക്കളെ കൊടുക്കുമോ
പാല് വാങ്ങിത്തിരിച്ചിറങ്ങുന്നതിനിടയിൽ ഞാൻ ഓർത്തു, ഈ പ്രായത്തിൽ ഇത്ര സുന്ദരി ആയിരുന്നെങ്കിൽ നല്ല പ്രായത്തിൽ എന്തായിരുന്നിരിക്കും
ഓരോ ദിവസവും പാല് വാങ്ങുന്നതിന്റെ കൂടെ ഞങ്ങളുടെ സൗഹൃദവും വളർന്നു
ഒരു ദിവസം ഞാൻ ഒരു പെട്ടി ലഡുവുമായി ചെന്നിട്ട് പറഞ്ഞു
എനിക്ക് ഗവൺമെന്റ് ജോലി കിട്ടി
ആഹാ എന്നിട്ട് ചെലവ് ഈ ലഡുവിലൊതുക്കിയോ
എന്നാൽ പറ എന്ത് വേണം, ഞാൻ രണ്ട് ദിവസം കൂടിയേ കാണൂ എന്റെ പരോള് തീരാറായി
എനിക്കൊന്നും വേണ്ട നാട്ടിൽ വരുമ്പോൾ ഇടക്ക് എന്നെ വന്നൊന്ന് കണ്ടാൽ മതി
അതൊക്കെ വരാം, ചെലവ് വേണ്ടേ, നമുക്കൊരു സിനിമക്ക് പോയാലോ
അത് വേണ്ട
പണ്ടെനിക്ക് സിനിമ കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു ,കല്യാണം കഴിഞ്ഞിട്ട് പോലും ആ മോഹം സാധിച്ചില്ല ഇനി ഈ ജന്മത്തിൽ അത് വേണ്ട
അടുത്ത ജന്മമെന്നൊക്കെ നമ്മുടെ മോഹമാണ്, അതു കൊണ്ട് ഒരു മോഹവും ബാക്കി വെക്കരുത്, മോഹങ്ങൾ ബാക്കി വച്ച് അങ്ങോട്ട് ചെന്നാൽ ഉടയതമ്പുരാൻ ചോദിക്കും നിനക്ക് ഞാൻ അവസരം തന്നതല്ലേയെന്ന് .ഞാൻ ഉച്ചക്ക് രണ്ടരക്ക് വരാം, ആ സമയത്ത് എന്റെ ബാഹുബലി ഉറങ്ങുന്ന സമയമാണ്
ശരി
അച്ഛാ നമ്മുടെ തൊട്ടടുത്തുള്ള തീയറ്റർ മൾട്ടിപ്ലക്സ് ആക്കിയല്ലേ
ആ നീ ഇതുവരെ അവിടെ പോയിട്ടില്ലല്ലേ
ഇല്ല, എനിക്കൊരു സിനിമക്ക് പോണം
വൈകുന്നേരം അവൻ ജോലി കഴിഞ്ഞ് വന്നിട്ട് പോ
ഈ ബാഹു ഉച്ചക്ക് കിടന്നുറങ്ങും അപ്പോൾ പോകാം, അവനെയും കൊണ്ട് പോയാൽ സിനിമ കാണിക്കില്ല, ആറ് മണിക്ക് തിരിച്ച് വരാല്ലോ
എന്നാൽ പോയിട്ട് വാ ഞങ്ങൾ കൊച്ചിനെ നോക്കിക്കൊള്ളാം
രണ്ടരയായപ്പോൾ ഞാൻ കടയിലേക്ക് പോയി
അവർ സിനിമക്ക് പോകാൻ റെഡിയായി സുന്ദരിയായി നിൽക്കുന്നുണ്ടായിരുന്നു
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു
മോളേ എന്റെ മനസ്സ് നിറഞ്ഞു
എന്റെയും,എനിക്കൊരു കാര്യം പറയാനുണ്ട്
നീയാരണന്നല്ലേ, മൂന്ന് കൊല്ലം മുമ്പ് കിട്ടിയ ജോലിക്ക് ഇന്നലെ ലഡുവായി വന്നപ്പോഴേ ഞാൻ ഈ കാന്താരിയെപ്പറ്റി അന്വേഷിച്ചു, അച്ഛന് വേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വന്നതല്ലേ നടക്കട്ടെ എന്ന് ഞാനും കരുതി
ആരും എന്റെ അച്ഛനെ നോക്കി മുഖം കറുപ്പിക്കുന്നത് എനിക്കിഷ്ടമല്ല
ഇനി എന്റെ അച്ഛന് പാല് കൊടുക്കുമല്ലോ
അവർ പുഞ്ചിരിച്ചു
വീട്ടിലെത്തിയപ്പോൾ ഞാൻ എല്ലാ കാര്യവും അമ്മയോട് ഖറഞ്ഞു
ഈ കഥയെങ്ങാനും നീ എഴുതിയാൽ ശിവകാമി ദേവിയെ കട്ടപ്പ ,ഈ മഹിഷ്മതിയിൽ നിന്ന് പുറത്താക്കുമെന്ന് താക്കീത് നൽകി
നാളെ മുതൽ എന്റെ ബാഹുബലി സ്കൂളിൽ പോയ് തുടങ്ങുകയാണ്, വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്
യുദ്ധം തുടങ്ങട്ടെ
ഹതപ്രവേര.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot