"നീയെന്തു പറഞ്ഞാലും ശെരി ഈ കുഞ്ഞു നമുക്കു വേണ്ട..."
എനിക്കായി അവൾ വിളമ്പിവച്ച ഭക്ഷണം തട്ടിയെറിഞ്ഞു കൊണ്ടാണ് ഞാനതു പറഞ്ഞത്.
"എന്താ ഏട്ടാ ഇത്...എട്ടനെന്താ ഈ പറേണത്... എത്ര പേരാ ഒരു കുഞ്ഞിനു വേണ്ടി അമ്പലോം വഴിപാടുമൊക്കെയായി നടക്കുന്നേന്ന് അറിയാവോ.."
"നമ്മുടെ കല്യാണം കഴിഞ്ഞിട്ടധികോന്നും ആയില്ലല്ലോ... ഇനീം ഒരുപാട് സമയമുണ്ട്.. എന്തായാലും ഈ കുഞ്ഞു നമുക്ക് വേണ്ട... "
" ഇല്ല ഏട്ടനെന്തൊക്കെ പറഞ്ഞാലും ശരി... ഞാൻ സമ്മതിക്കില്ല... എനിക്കു വേണം എന്റെ കുഞ്ഞിനെ."
" നീ ഞാൻ പറയുന്നത് കേട്ടാൽ മതി... എനിക്കിപ്പൊ ഒരു അച്ഛനാവാൻ താൽപര്യമില്ല..."
"ഏട്ടനറിയാല്ലോ... എന്റെ വീട്ടുകാരെ വരെ വെറുപ്പിച്ചാ ഞാൻ ഏട്ടനോടൊപ്പം ഇറങ്ങി വന്നത്... അവരെന്നെ എന്നെന്നേക്കുമായി എന്നെ ഉപേക്ഷിച്ച മട്ടായിരുന്നു... ഇപ്പൊ ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോ എല്ലാ പിണക്കോം മറന്ന് പഴയ പോലായതും... എന്നിട്ടിപ്പൊ... "
" നിന്റെ വീട്ടുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്കു വേണ്ടാത്ത കുഞ്ഞിനെ ഞാൻ സ്വീകരിക്കണോ?... അല്ലെങ്കിലും ഇത്രയും നാൾ എവിടാരുന്നു നിന്റെ വീട്ടുകാർ..."
"ഏട്ടാ പ്ലീസ്...എന്റെ കുഞ്ഞിനെ താലോലിച്ചിട്ട് മരിക്കണോന്നാ വയ്യാത്തെ എന്റെ അച്ഛന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം... എട്ടനതിന് എതിരു നിൽക്കരുത്."
" നീ കൂടുതലൊന്നും പറയണ്ട നാളെ എന്നോടൊപ്പം ആശുപത്രിയിൽ വരണം... ഞാൻ തീരുമാനിച്ചു കഴിഞ്ഞു... "-അവൾ കെഞ്ചിപ്പറഞ്ഞെങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.
എന്റെ ശബ്ദമുയർന്നപ്പോൾ അമ്മയും മുറിയിലെത്തി. കാര്യമറിഞ്ഞ് അമ്മയും അവളോടൊപ്പം നിന്നു.
അമ്മയും എന്നോട് കുറെ പറഞ്ഞു നോക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല.
എന്തിനേറെ അമ്മയുടെ കയ്യിൽ നിന്നൊരെണ്ണം കരണത്തു വാങ്ങി. എന്നിട്ടും ഞാൻ കുലുങ്ങിയില്ല.
അന്നു ഞാനത്താഴം കഴിക്കാതെ കിടന്നു. അവളും കഴിച്ചില്ല. കട്ടിലിൽ വന്നു കിടന്നെങ്കിലും അവളൊന്നും സംസാരിച്ചില്ല.
അവൾക്കൊരു ശത്രു പോലെ ആയിരിക്കും ഞാനിപ്പൊ. അവളുടെ കുഞ്ഞിനെ കൊല്ലാൻ പോകുന്ന ഒരു ക്രൂരൻ.
അവളെ കുറ്റം പറയാനും കഴിയില്ല. ഒരു പെണ്ണിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കാര്യമാണല്ലോ ഒരു അമ്മയാവുക എന്നത്. അതിനു തടസം നിന്നാൽ ഏതു പെണ്ണാ സഹിക്കുക. അതും സ്വന്തം ഭർത്താവു തന്നെ.
പക്ഷെ ഒരു കുഞ്ഞിനു വേണ്ടി അവളെക്കാളേറെ ആഗ്രഹിച്ചത് ഞാനായിരുന്നു. കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ അവളേക്കാളേറെ വിഷമിച്ചതും ഞാനായിരുന്നു. നിറഞ്ഞ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിച്ചു.
എങ്കിലും ഉറങ്ങാനായില്ല.ഞാൻ എഴുന്നേറ്റ് ഉമ്മറത്തെ ചവിട്ടുപടിയിൽ പോയിരുന്നു. ഒരു സിഗററ്റ് കത്തിച്ചു.ആ എരിയുന്ന സിഗററ്റിനേക്കാൾ നീറുന്നുണ്ട് എന്റെ മനസ്സ്.
ഇന്ന് വൈകിട്ട് ആശുപത്രിയിൽ പോയി അവളുടെ സ്കാനിങ് റിപ്പോർട്ട് ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം എന്നോട്ടു പറഞ്ഞ വാക്കുകൾ എന്റെ ചങ്കിൽ തീ കോരിയിട്ടു കൊണ്ടിരുന്നു...
"ഈ ഡെലിവറി ഒഴിവാക്കുന്നതാ നല്ലത്... ഇതു നടന്നാലും കുഞ്ഞിനെ ജീവനോടെ കിട്ടുമെന്ന് ഉറപ്പു തരാനാകില്ല... അതു മാത്രമല്ല കുഞ്ഞിനെ ജീവനോടെ കിട്ടിയാലും അമ്മയുടെ ജീവൻ നഷ്ടപ്പെട്ടേക്കാം... നിങ്ങൾ വൈഫിനെ പറഞ്ഞു മനസ്സിലാക്കുക... "
എനിക്കുറപ്പാണ് ഇതു ഞാനവളോട് പറഞ്ഞാലും കുഞ്ഞിനോടുള്ള അതിയായ സ്നേഹം കൊണ്ട് അവളുടെ ജീവൻ കളഞ്ഞും അവളീ ഡെലിവറിക്ക് തയ്യാറാകുമെന്ന്...
അവൾക്ക് ഇപ്പൊ എന്നോട് വെറുക്കുപ്പായിരിക്കും എന്നറിയാം... അവൾക്ക് മാത്രമല്ല എന്റെ അമ്മയുൾപ്പടെ എല്ലാവർക്കും...വെറുത്തോട്ടെ....
എന്നാലും എന്നെ വിശ്വസിച്ചു വീട്ടുകാരെ വരെ ഉപേക്ഷിച്ചെന്നോടൊപ്പം വന്ന, ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന അവളെ അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടുകൊടുക്കാൻ എനിക്കാവില്ല...
P. Sudhi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക