നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശംഖ് പറഞ്ഞത്.



കുറച്ചു വർഷങ്ങൾ പുറകിലോട്ട് വെറുതെ ഒന്ന് നടന്ന്, ഇതുപോലൊരു വർഷകാലം സമ്മാനിച്ച ഓർമ്മകൾ ചികഞ്ഞപ്പോഴാണ് കടലിന്റെ തീരത്തുനിന്നും ഒരു ശംഖ് കിട്ടിയത്. തിരകൾ തഴുകിക്കഴിഞ്ഞ ആർക്കും വേണ്ടാത്ത- ജീവനറ്റ ശംഖ്......
കുത്തിയൊലിക്കുന്ന കരമനയാറ് ഞങ്ങളെയെല്ലാം ചിലപ്പോൾ അതിശയിപ്പിച്ചും ചിലപ്പോൾ രസിപ്പിച്ചും ഞങ്ങൾക്കെല്ലാം(ഫ്രണ്ട്സിന്) അടിച്ചു പൊളിക്കാൻ കൈനിറയെ ഒരുപാട് കാശും തന്നിരുന്ന ഒരു സുന്ദരമായ കാലഘട്ടം..
(സീൻ ഒന്ന്)
അന്നത്തെ ആ ദിവസം.. വെള്ളമല്പം കൂടുതൽ ഉയർന്നിട്ടുണ്ട്.... ഒരു കോള് ഒത്തുവരാൻകാത്ത് കരയിൽ കൂട്ടംകൂടി നിൽക്കുകയാണ് ഞങ്ങളെല്ലാം.. ഇനി എന്താണ് ഞങ്ങളുടെ കോളെന്ന് മനസ്സിലായോ.. ഇല്ലാ ല്ലേ..?
വെള്ളം ഉയർന്നാൽ ഒഴുകിവരുന്ന തടിയോ മരമോ..താഴ്ന്നാൽ മണൽ അതുമല്ലെങ്കിൽ
മണലിനായ് കുഴിക്കുന്നിടത്തുനിന്നും കിട്ടുന്ന വിറക്..അതൊക്കെയങ്ങു വിൽക്കുക.. എന്താല്ലേ..! അതൊക്കെയൊരു കാലം
അങ്ങനെ ഞങ്ങളെല്ലാം വട്ടംകൂടി നിൽക്കുന്നിടത്തേക്ക് അതാ ഒരു സൈക്കിൾ പാഞ്ഞു വരുന്നു... വെള്ളം കയറിയിറങ്ങിയപ്പോൾ അടിഞ്ഞ ചെളിയിലൂടെയാണ് വരവ്.....ആ സൈക്ലിംഗിന് വല്ലാത്ത ബാലൻസ് തന്നെ വേണം...!
അവിടത്തെ പോസ്റ്റ്മാനായിരുന്നു അത്.. ഞങ്ങൾ ആരാധനയോടെ അയാളെ ഉറ്റുനോക്കി..
എന്തിനായിരിക്കും ഈ വരവ്...? ഇനി ഞങ്ങൾക്കാർക്കെങ്കിലും ആരെങ്കിലും ഒരു ലൗ ലെറ്റർ..! ഏയ്‌ ,സാധ്യത തീരെയില്ല..
ഞങ്ങളുടെ സ്വാഭാവമനുസരിച്ചു അങ്ങനെയൊരു കാര്യം ഒരിക്കലും ഉണ്ടാവാൻ പോണതുമില്ല.. എന്നാലും ഞങ്ങൾ ആ വീരപുരുഷനെ ആരാധനയോടെ നോക്കി..
അയാൾ കയ്യിലിരിക്കുന്ന ഇൻലെന്റ്കവറുകൾ അങ്ങോട്ടുമിങ്ങോട്ടും മറിയ്ക്കുന്നുണ്ട്........'ഇതിനൊരൊടുക്കമില്ലേ..?' ഞങ്ങൾ മനസ്സിൽ പറഞ്ഞു. അവസാനം അയാൾ ഒരെണ്ണം എടുത്തുമാറ്റി. ബാക്കിയുള്ളവ സൈക്കിളിന്റെ സൈഡ് ബോക്സിലേക്ക് തള്ളിവച്ചു..
അടുത്തായി അഡ്രസ്ഡ് വായിക്കുന്ന കർത്തവ്യമാണ്...കണ്ണാടി വച്ചിട്ടും കാണാൻ പറ്റാത്തതു കൊണ്ടോ അതോ ഇഗ്ലീഷിൽ എഴുതിയിരിക്കുന്നത് വായിക്കാൻ അറിയാത്തത്കൊണ്ടോ.. എന്താണെന്നറിയില്ല.
ആ ലെറ്റർ ഞങ്ങളുടെ നേർക്ക് നീട്ടി..
എന്നിട്ട് ഒരു ഡയലോഗും... 'ഈ അഡ്രസ്സ് അറിയാമോന്ന് നോക്കിക്കേ പിള്ളേരെ... ഈയിടെയായി കണ്ണ് തീരെ പിടിക്കുന്നില്ല'
ഞങ്ങളങ്ങനെ വട്ടം കൂടി വായിക്കാൻ ശ്രമിച്ചു വിജയിച്ചു വിജയീശ്രീലാളിതരായി നിൽക്കുമ്പോഴാണ്, ( നിങ്ങൾ അറിയിണ്ടാ ട്ടൊ..അഡ്രസ്സ് കേട്ടപ്പോഴേ എന്റെ വായിൽ വെള്ളമൂറി..) മാന്യനും സൽസ്വഭാവിയുമായ പോസ്റ്റുമാന്റെ അടുത്ത ചോദ്യം 'അപ്പോൾ ഈ കടവ് കടന്ന് ഒരു നാലു കിലോമീറ്ററെങ്കിലും നടന്നാലേ വീടെത്തൂ ല്ലേ..?
'ഞങ്ങൾ കോറസ്സായി പറഞ്ഞു "അതേല്ലോ"
അടുത്ത രംഗം കൂടുതൽ കടുത്തതായിരുന്നു..നമ്മുടെ പോസ്റ്മാൻ ആ ലെറ്ററങ്ങു പൊട്ടിച്ചു.അതുകഴിഞ്ഞു ഞങ്ങൾ കേൾക്കെ ഉറക്കെ വായിക്കാൻ തുടങ്ങി..
അതിങ്ങനെയാണ് പ്രിയരേ..'പ്രിയപ്പെട്ട അച്ഛൻ അറിയുന്നതിന്, ഞാനിവിടെ സുഖമായിരിക്കുന്നു.
അച്ഛൻ കൊടുത്തുവിട്ട നാരങ്ങാ അച്ചാർ തീർന്നിട്ടില്ല. ഇനിയും ഒരുമാസത്തോളം ഉണ്ടാവുമെന്ന് തോന്നുന്നു.അടുത്തവട്ടം അയക്കുമ്പോൾ നെല്ലിക്ക മതിയാട്ടോ.. ആ പഴയ നെല്ലിക്ക അച്ചാറിന്റെ സ്വാദോർത്തു വായിൽ ഇപ്പോഴും വെള്ളമൂറുന്നുണ്ടച്ചാ...അച്ഛനവിടെ സുഖമാണെന്നു വിശ്വസിക്കുന്നു..
നിറുത്തട്ടെ എന്ന് അച്ഛന്റെ സ്വന്തം മീനാക്ഷി...
അടുത്ത ഭാഗമായിരുന്നു മരണമാസ്സ്.. നമ്മുടെ പോസ്റ്മാൻ ആ ലെറ്റർ കീറി കരമനയാറ്റിന്റെ
അലറിവന്നൊരു ചുഴിയിലേക്കെറിഞ്ഞു.. പിന്നെയൊരു പഞ്ച് ഡയലോഗും.'അവിടെയും സുഖം ഇവിടെയും സുഖം പിന്നെ ആർക്കാ സൂക്കേട്.....''ഇതുംകൊണ്ടീ ആറ്നീന്തി അക്കരെക്കേറി നാല് കിലോമീറ്റർ നടന്ന് അവിടെ കൊണ്ട് കൊടുക്കാൻ എനിക്കോ...?...
(സീൻ രണ്ട്)
കാലം കുറച്ചങ്ങോട്ട് ഇഴഞ്ഞു നീങ്ങി, വല്ലവിധേനയും എനിക്ക് കല്ല്യാണപ്രായമെത്തിയെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞങ്ങ് കടന്നുപോയി.. ഏതിനോ എന്തിനോ വീട്ടുകാരും ഉഷാറായി മുന്നോട്ട്‌ വന്നു....
ഇവനെക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം അങ്ങനെയെങ്കിലും ഇവൻ നന്നായാലോ..
അതായിരിക്കുമോ അവരുടെ ഉദ്ദേശ്യം...? ഏയ്‌.....
എന്തായാലും ഞാൻ അങ്കത്തിനിറങ്ങിയ തച്ചോളി ഒതേനനെപ്പോലെ കച്ചകെട്ടി പടക്കളത്തിലേക്ക് ചാടിയിറങ്ങി... പിന്നെയെല്ലാം പെട്ടെന്നായിരുന്നു..കല്യാണമങ്ങു ഉറപ്പിച്ചു ...ങേ.. അപ്പൊ നിങ്ങളു ചോദിക്കും പെണ്ണാരാണന്നല്ലേ..?
മീനാക്ഷി- അതെ പഴയ നെല്ലിക്ക അച്ചാർ...
പിന്നെയല്ലേ ഒടുക്കത്തെ സീൻ. കണിയാൻ $@$% റാസ്ക്കൽ തച്ചോളി ചന്തുവിനെപ്പോലെ എന്നെ ചതിയിലേക്ക് തള്ളിയിട്ട് മുങ്ങി.....
കല്യാണത്തീയതി കുറിച്ചത് ഒരുവർഷം കഴിഞ്ഞുള്ള ഒരു ഡേറ്റ്, അപ്പോഴേ തീയതിയുള്ളൂ പോലും..ഹോ..! ആലോചിച്ചപ്പോൾ അയാളെ തല്ലി കൊല്ലാനുള്ള കലിപ്പ്...
തൽക്കാലം ലെറ്റർ അയക്കുക തന്നെ ശരണം.. അല്ലാതെ രക്ഷയില്ലല്ലോ....?
അങ്ങനെ ഒരു രാവിൽ മീനാക്ഷിയുടെ ഓർമ്മ എന്നിൽ ആദ്യത്തെ കവിത വിരിയിച്ചു....തുടർന്ന് ഞാൻ അവൾക്ക് കവിതകൾ എഴുതുവാൻ തുടങ്ങി..ഇടയ്ക്കിടയ്ക്ക് ഞാൻ അയക്കുന്ന കവിതകൾ മീനാക്ഷിക്കു കിട്ടുന്നില്ല..അവളുടെ പരാതി..! അടങ്ങിയിരിക്കാൻ പറ്റുമോ എനിക്ക്..? വിടൂല കണ്ടുപിടിച്ചിട്ടേ അടങ്ങൂ..അതേ കൂട്ടരേ കണ്ടുപിടിച്ചേ അടങ്ങൂ... വീണ്ടും തച്ചോളി ഒതേനൻ ശരീരത്തിൽ ചാടിക്കയറി...
വീണ്ടുമൊരു കുളിസീൻ- ഞങ്ങൾ ഫ്രണ്ട്‌സ് ആറിൽ കുളിച്ചു കൊണ്ട് നിൽക്കുന്നു..ഒരു സൈക്കിളിന്റെ ബെല്ലടിയൊച്ചയും.ഒപ്പം രണ്ടു വരി കവിതയും.....എവിടെ നിന്നോ കേൾക്കുന്നു....
"എന്റെ പൂക്കാത്ത അരിമുല്ലതൻ ചോട്ടിലായ്
എന്തിനാ പുഞ്ചിരി വിത്തുകൾ പാകിയിട്ടു..
എന്റെ കായ്ക്കാത്ത മൂവാണ്ടൻ മാവിന്റെ തുഞ്ചത്തായ്
എന്തിനാ ചുവന്ന കമ്മലുകൾ തൂക്കിയിട്ടു.."
ങേ...! എവിടെയോ കേട്ട പോലെ,വീണ്ടും ചൊല്ലുന്നു അതെ അതേവരികൾ.. നോക്കിയപ്പോൾ പോസ്റ്മാൻ കരയിൽ നിന്നു ചിരിക്കുന്നു...
അരയിലെ തോർത്തുപോലും നോക്കാതെ ഞാൻ ചാടി കരയിൽക്കയറി.......!
'എന്താ ബാലൻസ്' ആ ചെളിയിൽക്കൂടി ടയറിന്റെ ഒരു വരമാത്രംബാക്കിയാക്കി കക്ഷി മുങ്ങി.....!! ആരോ പിന്നിൽ നിന്ന് വിളിച്ചു.....കേൾക്കുന്നില്ലല്ലോ....?
(സീൻ മൂന്ന്)
കഴിഞ്ഞദിവസം മരണവിവരമറിഞ്ഞാണ് ബദ്ധപ്പെട്ടു ഞാനാ വീട്ടുമുറ്റത്തെത്തിയത്..
ആളുകൾ അവിടവിടെ കൂട്ടംകൂടി നിൽക്കുന്നുണ്ട്...കൂട്ടം കൂടി നിൽക്കുന്നവർ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്.
'മകൻ വിദേശത്തായതിനാൽ വരാൻ വൈകും വന്നാലേ ബോഡി എടുക്കാൻ പറ്റൂ'....ബന്ധുക്കളാരോ ഇടയ്ക്ക് അവിടേക്കു വന്നു പറഞ്ഞു...
തൽക്കാലം ഫ്രീസറിലങ്ങനെ നീണ്ടു നിവർന്ന് കിടപ്പാണ് 'ആശാൻ...' ആളെ മനസ്സിലായില്ലേ..? നമ്മുടെ പോസ്റ്റുമാൻ..
ആ മുഖത്തെ മായാത്ത ചിരി എന്നിൽ വല്ലാത്ത കൗതുകമുണർത്തി..
ഒരു കൈകൊണ്ട് ഫ്രീസറിന്റെ ഗ്ലാസ്സ് പതുക്കെയുയർത്തി പുറത്തേക്ക് ചാടി അടുത്ത് ചാരിവച്ചിരിക്കുന്ന സൈക്കിളുമെടുത്തു എന്നെ വെട്ടിച്ചു പായാൻ ഒരു പ്ലാൻ... ഹഹഹ..അത് വേണ്ട.. തൽക്കാലം ഞാനേ കേട്ടുള്ളൂ അത്....അതേ, ഞാൻമാത്രമേ കേട്ടുള്ളൂ....
ഞാനാരാ മോൻ,ഞാൻ വിടുമോ..? അങ്ങനെയങ്ങു മുങ്ങാൻ വിടുമോ..? ഇയാളെ കാത്തല്ലേ ഇത്രയുംനാൾ ഞാനീ യമലോകത്തു വെയ്റ്റ് ചെയ്തത്...! പിന്നല്ലാ
'ഹ എന്തിനാന്ന് ചോദിക്ക് കൂട്ടരേ....'
ആ അങ്ങനെ... ഇനിപ്പറയാം എന്തിനാന്നോ..?
'എന്റെയാ രണ്ടുവരി കവിത മോഷ്ടിച്ചതിന്...'
ആ കവിത കേട്ടല്ലേ ഞാനന്ന് ആറിന്റെ കരയിലേക്ക് ഓടിക്കയറിയത്..? അങ്ങനെയല്ലേ ഞാനാ ചെളിയിൽ കാൽതെറ്റി വീണത്.....?
ശംഖ് പറഞ്ഞു നിറുത്തി.....
Shajith...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot