നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുനർവിചിന്തനം - കഥോദയം കഥാമത്സരം - 1

Image may contain: 1 person, smiling, selfie and closeup

നാനൂറ് വർഷമായി ഞാനിവിടേയ്ക്ക് വന്നിട്ട് ..!!!
ഞാനയാളെ അത്ഭുതത്തോടെ നോക്കി.
ഇയാളെന്താ ചിരഞ്ജീവിയോ?
സത്യത്തിൽ അയാളെത്തന്നെ നോക്കി നിൽക്കുമ്പോൾ അയാൾ പറഞ്ഞതിലും വാസ്തവമുണ്ടെന്ന് തോന്നിപ്പോയി. ഒരു ആദിമ മനുഷ്യന്റെ രൂപം. നീണ്ട് കൂർത്ത ചെവി,
സാമാന്യം വലുപ്പമുള്ള മൂക്ക്, ഉന്തിയ പല്ലുകൾ, ബലിഷ്ടമായ കൈകാലുകൾ, എന്തിനേറെ ചുരുണ്ടു കയറിയ തലമുടി.ഇയാളേതോ അന്യഗ്രഹ ജീവിതന്നെ.
എന്റെ കൈയ്യിലെ റെക്കോർഡ് ബുക്ക് ഞാൻ മുറുകെ പിടിച്ചു. ചുറ്റിലും നോക്കി. മനുവിനെ അവിടെയെങ്ങും കാണാനില്ല.
ഇവനിതെവിടെപ്പോയി. മാഡം !!. അയാളുടെ ശബ്ദത്തിന്റെ ഗാഭീര്യം എന്നിലെ ഭയത്തിനെ ഉണർത്താൻ പോന്നതായിരുന്നു.
അയാൾ ഗുഹാചിത്രവിവരണം തുടങ്ങിക്കഴിഞ്ഞു. ഞാനൊരുപാട് മുകളിലാണ്. അവിടേക്ക് കയറിയെത്താൻ ചെങ്കുത്തായ പാറയിൽ ഘടിപ്പിച്ച ഏണികളുണ്ടായിരുന്നു.
ഞാൻ പേഴ്സ് തുറന്ന് കൈയിലെ ഗൈഡിന്റെ പേരെഴുതിയ പാസ്സ് നോക്കി.
"സാമുവൽ ഡിസൂസ "
അയാളുടെ പേര് അറിയാതെ മന്ത്രിച്ചു പോയി.
ഗൈഡ് വേണം എന്ന് പീറ്ററിനോട് പറഞ്ഞിരുന്നു. അവനാ അവിടുത്തെ ബുക്കിങ്ങ് രീതിയെക്കുറിച്ച് പറഞ്ഞത്.
ചുറ്റിലും കെട്ടിയ കമ്പിവേലിയിൽ പിടിച്ച് താഴേക്ക് നോക്കി. ഇത്രയും ദൂരം ഞാനെങ്ങനെ കയറി എത്തി എന്നത് അത്ഭുതമായിരുന്നു.
"where there is a will there is a way"
കവാടത്തിലെ വാചകം ഓർമ്മ വന്നു. സത്യമാണത്. മനസ്സുണ്ടെങ്കിൽ സാധിക്കാത്തതായി ഒന്നും ഇല്ല.
മനു എത്തണം. അയാളുടെ കൂടെ തനിയേ അകത്തേക്ക് കയറാനുള്ള ധൈര്യം ഇല്ല തന്നെ.
താഴേക്ക് നോക്കി മനു കയറി വരുന്നുണ്ട് അവനെ കണ്ടപ്പോൾ സമാധാനമായി. പണ്ട് അച്ഛനോടൊപ്പം മ്യൂസിയം കാണാൻ പോയ കാര്യം ഓർമ്മിച്ചു.മനു കയറി വന്ന ഉടനെ ദേഷ്യത്തോടെ എന്നെ നോക്കി. ഞങ്ങൾ ഗുഹയ്ക്കുള്ളിലേക്ക് കടന്നു .ഗുഹാനിവാസികൾ ഉപയോഗിച്ചിരുന്ന നിത്യോപയോഗ വസ്തുക്കളുടെ ചിത്രം കൊത്തുപണിയാൽ അവർ അവിടെ ആലേഖനം ചെയ്തു വെച്ചിരുന്നു. അയാൾ അതിനെക്കുറിച്ച് വിവരണം തുടങ്ങിയിരുന്നു. പാത്രങ്ങളും ,കലവും ,കൊടിലും എല്ലാം അയാൾ കാണിച്ചു തന്നു.ഓരോ വസ്തുക്കൾക്കും അവയുടേതായ ജീവൻ ഉണ്ടായിരുന്നു.
അറിയാതെ എന്നിലൊരു ഭയം അരിച്ചിറങ്ങാൻ തുടങ്ങി. ഞാനയാളെത്തന്നെ നോക്കി .. ഗുഹയ്ക്കുള്ളിലും പുറത്തും മഞ്ഞുമൂടാൻ തുടങ്ങിയിരിക്കുന്നു.. അയാൾ ഒരു രാക്ഷസനാണന്ന് എനിക്ക് തോന്നി. മുത്തശ്ശി പറഞ്ഞ രാക്ഷസകഥകളിലെ രൂപം ഏതാണ്ടിതു പോലെ തന്നെ. മഞ്ഞുമൂടിയത് കാരണം പുറത്തേക്കുള്ള വഴി വ്യക്തമല്ല. മനുവിനെ കാണാനും പറ്റുന്നില്ല. എങ്കിലും ഏകദേശ രൂപം വെച്ച് ഓടി. അയാളുടെ ശബ്ദം മഞ്ഞിനെ വകഞ്ഞു മാറ്റി കാതിലേക്ക് തുളച്ചു കയറി .പുറത്തെത്തിയെങ്കിലും ഇറങ്ങാനുള്ള വഴി മഞ്ഞുമൂടിയത് കാരണം വ്യക്തമല്ല.
മനുവിനെ വിളിച്ച് ഉറക്കെ കരഞ്ഞു. ശബ്ദം എവിടെയോ തട്ടി പുറത്തേക്ക് വരുന്നില്ല. ആരോ പുറകിൽ നിന്നും തള്ളി. ഭാരമില്ലാതെ പറന്നു നടക്കുകയാണ്.എന്തിലോ പിടുത്തം കിട്ടി. അനായാസേന ഊർന്ന് താഴെ എത്തിയിരിക്കുന്നു. ഊർന്നിറങ്ങിയ ഇടം മുഴുവൻ പൂവിനാൽ അലംങ്കരിച്ചിരുന്നു. മുകളിലേക്ക് ആകാശത്തോളം നീളുന്ന വള്ളി പടർപ്പും. കവാടം ഇരുന്നിടത്തേക്ക് നോക്കി .
മറ്റൊരു സ്ഥലത്തേക്ക് എത്തിപ്പെട്ടതു പോലെ തോന്നി.
അയാൾ മനുവിനെ അപായപ്പെടുത്തിക്കാണുമോ?
കവാടത്തിലെ ബുക്കിങ്ങ് ഏറിയയുടെ അടുത്തേക്കോടി .അവിടെയൊക്കെ വിജനമായിരുന്നു.
ഞാൻ നിൽക്കുന്നത് വലിയൊരു കൊടുമുടിക്ക് കീഴെയാണ് എന്നു തോന്നി. മുന്നേ കണ്ടതൊന്നും അവിടെയില്ല. അപാരമായ അന്ധകാരത്തിലേക്ക് നോക്കി ഞാൻ നിലവിളിച്ചു.
കവാടത്തിലുള്ള ബോർഡും അവിടെയില്ല. എന്റെ റെക്കോർഡ് ബുക്ക് നഷ്ടമായിരിക്കുന്നു. വാസുദേവൻ സാർ .. എന്റെ തീസീസ് ... ഞാനുറക്കെ കരഞ്ഞു. ബോധം നഷ്ടമാവുന്നതു പോലെ തോന്നി. പേശികൾ അയഞ്ഞു തുടങ്ങി. മരണത്തെ മുന്നിൽ കണ്ട പോലെ .ശക്തിയായി ശ്വാസം വലിച്ചു. ബോധം നഷ്ടമായതോ അതോ ഗാഢനിദ്രയിലേക്ക് പോയതോ അറിയില്ല കണ്ണു തുറക്കുമ്പോൾ റെക്കോർഡ് ബുക്കിൽ തല വെച്ച് കിടക്കുകയായിരുന്നു.
ഇപ്പോ കണ്ടത് സ്വപ്നമായിരുന്നോ?? എന്തുകൊണ്ട് ഇത്തരമൊരു സ്വപ്നം.
ഈയിടെ ആയി യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മനസ്സിലേക്ക് വരുന്നത്.
ഒരാഴ്ച്ചയായി രാത്രിയും പകലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും എന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തെക്കുറിച്ചായിരുന്നു ചിന്ത. ഒരുപക്ഷേ അതായിരിക്കാം.
അമ്മ എടുത്തു വെച്ച കോഫി തണുത്തു പോയെങ്കിലും വലിച്ചു കുടിച്ചു.
മേശപ്പുറത്ത് എഴുതിയ പേപ്പർക്കൂട്ടം ചിതറിക്കിടപ്പുണ്ട്. പേജ് നമ്പർ നോക്കി അടുക്കി വെച്ചു. എന്തോ വഴിതിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.ചുമരിലെ ക്ലോക്കിൽ സമയം നോക്കി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. മെയിലിനാണ് ചെന്നൈയിലേക്ക് പോവേണ്ടത്. അവിടെ നിന്നും മുബൈയിലേക്ക്.കാലത്ത് റുസാരിയോവെ വിളിക്കണം. തന്റെ വിചിത്രസ്വപ്നത്തെക്കുറിച്ച് പറയണം.
രാവിലെ ഉറക്കമുണർന്ന് കിച്ചണിലോട്ട് ചെന്നു.
അമ്മേ മനുവെവിടെ?
"അവൻ സച്ചിൻ ടെണ്ടുൽക്കർ ആവാൻ പോയതാ വൈഷ്ണവീ
. രാവിലെ ക്രിക്കറ്റ് കളി. അതു കഴിഞ്ഞ് കവലയിലേക്ക്. ഉച്ചക്ക് ഊണിന് നേരാവുമ്പം കയറി വന്നോളും.. "
അമ്മയ്ക്ക് അവനെ ഓർത്ത് ആധികയറാൻ തുടങ്ങിയിരിക്കുന്നു.
എഞ്ചിനീയറിങ്ങ് എന്ന സമസ്യയിൽപ്പെട്ട് നാലുവർഷം പുസ്തകപ്പുഴു ആയതല്ലേ? അവനും ഇത്തിരി വിശ്രമിക്കട്ടെയമ്മേ.. പറഞ്ഞു നോക്കി. അവനൊരു ജോലിയിൽ കയറും വരെ അമ്മയിത് തുടരും .പിന്നെ അവന്റെ കഷ്ടപാടിനെക്കുറിച്ചാവും അടുത്തത്.
സ്വപ്നത്തെക്കുറിച്ച് പറയാൻ പോയില്ല. പുതിയ വ്യാഖ്യാനങ്ങളൊക്കെ നടത്തിക്കളയും. എല്ലാ അമ്മമാരും ഇങ്ങനൊക്കെത്തന്നെയാവും.
നീയവനെ കൂടെ കൊണ്ടു പോവണം. അവന് ബോധം വരണ്ട സമയം കഴിഞ്ഞിരിക്കണ്. അമ്മ നിർത്തുന്ന ലക്ഷണം ഇല്ല.
"എടി മോളേ നിനക്ക് കണ്ണിമാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയും ഉണ്ട്. "
വൈഷ്ണവീ നീ കേൾക്കുന്നുണ്ടോ.
"സായിപ്പ് ചെക്കന്റെ കൂടെ അധികം കൂടണ്ട." ആധിയോടെ അമ്മ എന്നെ നോക്കി.
ഇനി അതായിപ്പോ. ഈ അമ്മേടെ ഒരു കാര്യം റൊസാരിയോവെക്കുറിച്ച് പറഞ്ഞ എന്നെ പറഞ്ഞാൽ മതി.
അമ്മേ ഒരാള് ചീത്തയാവണമെങ്കിൽ അയാളും കൂടെ തീരുമാനിക്കണം. റുസാരിയോവ് നല്ലവനാണ് ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന ആളാണ് എന്ന് തോന്നിയാൽ ചിലപ്പോ കെട്ടീന്ന് വരും.
"എന്റെ കൃഷ്ണാ എന്റെ കുട്ടീനെ കാത്തോളണേ."
അമ്മ നെടുവീർപ്പിട്ടു.
അമ്മയുടെ ഉള്ളിൽ ആശങ്ക പടരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
അച്ഛൻ പോയതിൽ പിന്നെ ഒറ്റയ്ക്ക് കഷ്ടപ്പെടാൻ തുടങ്ങിയതാണ് പാവം. എല്ലാഭാരവും ഏറ്റെടുത്ത് വിശ്രമിക്കാൻ അവസരം കൊടുക്കണം എന്നുണ്ട്.
കഴിഞ്ഞു പോയത്
നിസ്സാരമെന്നും വരാനിരിക്കുന്നത് അതീവനിസ്സാരമെന്നും ചിന്തിക്കുക .ആ തിരിച്ചറിവിൽ വേണം ജീവിക്കാൻ .അമിത പ്രതീക്ഷകളാണ് എല്ലാറ്റിനും വിലങ്ങുതടി. വാസുദേവൻ സാർ പറഞ്ഞത് ഓർത്തു. അങ്ങനെ നോക്കിയാൽ ജീവിതം തന്നെ വ്യർത്ഥമല്ലേ?
അമ്മേ മനുവിനോട് റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ പറയണം .എനിക്ക് ഇനിയും ജോലിയുണ്ട്. ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു.
.
മനസ്സിലെന്തോ അസ്വസ്ഥത കൂടുകൂട്ടാൻ തുടങ്ങിയിരിക്കുന്നു. രാത്രി കണ്ട സ്വപ്നമാണോ? അറിയില്ല - .അമ്പുവേട്ടന്റെ മില്ലിൽ നിന്ന് മസാലക്കൂട്ടുകളുടെ ഗന്ധം കാറ്റിൽ പറന്ന് വരുന്നുണ്ട്.
പണ്ട് മനുവും ഞാനും മില്ലിന്റെ പരിസരത്തൂടെ ഐഷയുടെ വീട്ടിലേക്കോടും.ഐഷയുടെ വീട്ടുമുറ്റത്ത് ചാമ്പക്കാമരമുണ്ട്. തിരിച്ചു വരുമ്പോ അമ്പുവേട്ടനും കൊടുക്കും. വല്യ സന്തോഷാവും മൂപ്പർക്ക് . ഇന്നലെ പോയായിരുന്നു. വൈശൂട്ടിയേ അമ്പൂട്ടിയെ ഒക്കെ മറന്നോ നീയ്യ്. കൈയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് വെച്ചു കൊടുത്തു
വല്യ സന്തോഷായി.
ജാനുവേടത്തിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു. കുട്ട്യോളാവാത്തതിന്റെ മരുന്ന് കഴിച്ചതാ അവളെ തളർത്തിയത് എന്ന് പതിവുപോലെ പറഞ്ഞു. അമ്മിണീം പോയി വൈശൂട്ട്യേ. ഈ ചിങ്ങത്തില് ഒരാണ്ടായി. അമ്മിണി പശൂന്റെ പാല് കുറേ കുടിച്ചതാണ്. കഷ്ടപ്പെടാൻ മാത്രം ജനിച്ചവർ. പഠനം നടത്താനാണെങ്കിൽ എന്റെയീ നാട്ടിൽ തന്നെയുണ്ട് ഒരുപാട് പേർ.
IIT യിലെ വാസുദേവൻ സാറിന്റെ കീഴിൽ റിസേർച്ച് ചെയ്യാൻ പറ്റും എന്ന് ജന്മത്തിൽ കരുതിയില്ല. മൂന്നു മാസം ലേസർ ലാബിൽ വർക്ക് ചെയ്തിരുന്നു. അവിടെയുള്ള അരുൺ വഴി ഒത്തുവന്നതാണ്. എൻവയോൺമെന്റൽ സയൻസിൽ പിജി കഴിഞ്ഞതുകൊണ്ട് Phd ക്ക് എൻറോൾ ചെയ്തു.
ഞാനും റഷ്യയിൽ നിന്നുള്ള റൊസാരിയോവും ആണ് ഫുൾ ടൈം റിസേർച്ചിന് ജോയിൻ ചെയ്തത്.
IIT വിദ്യാർത്ഥികളിലെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സെമിനാറിന്റെ ഭാഗമായുള്ള പഠന ക്യാമ്പാണ്.
മുബൈ ധാരാവി സ്ട്രീറ്റിൽ നിന്നുള്ള രവിയെയാണ് ബാക്ക് ഗ്രൗണ്ട് സ്റ്റഡി ക്കായി തെരെഞ്ഞെടുത്തത്. ചുറ്റുപാടുകൾ ഒരാളുടെ വ്യക്തിത്വത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതായിരുന്നു വിഷയം.
ഞാൻ റൊസാരിയോവെ ഫോണിൽ വിളിച്ചോണ്ടിരിക്കുമ്പോഴാണ് മനു വന്നത്.
അപ്പുറത്ത് ആരാ ചേച്ചീ? -
റൊസാരിയോ - നോക്കീം കണ്ടുമൊക്കെ വേണം അവന്റെ കണ്ണിൽ ചിരിയുടെ നിലാവ് ഉദിച്ചു നിൽക്കണപോലെ തോന്നി. അങ്ങേയറ്റം കൃത്രിമമായിരുന്നെങ്കിലും ഞാൻ ദേഷ്യത്തോടെ അവനെ പുറത്താക്കി.
സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു മനുവിനോട് യാത്ര പറഞ്ഞു ട്രെയിനിലേക്ക് കയറി. പാലക്കാട് കഴിഞ്ഞാൽ കാഴ്ച്ചകളൊന്നും ഇല്ല. കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന വിജനതയാണ്. അവിടവിടെ ചെറിയ വെളിച്ചം കണ്ടാലായി.
വിരസമായ യാത്രയായി തോന്നി. കംപാർട്ട്മെന്റ് മുഴുവൻ തിങ്ങിനിറഞ്ഞ് ജനക്കൂട്ടം .
ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തുമ്പോൾ ഏഴ്മണിയായി. മൂന്ന് മണിക്കാണ് ഫ്ലൈറ്റ്.
IIT യിൽ എത്തി റൊസാരിയോവെ വിളിച്ചു. റൊസാരിയോവ് രവിയെ ദാരാവിയിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തിയിരുന്നു.
**
എയർപോർട്ടിൽ നിന്നും ഞങ്ങൾ ധാരാവിയിലേക്ക് പുറപ്പെട്ടു.
റെയിൽവേ ബ്രിഡ്ജിന് കീഴെ വൃത്തിഹീനമായ റോഡ്. വിയർപ്പിന്റേയും മദ്യത്തിന്റേയും മൂത്രത്തിന്റേയും മണം പേറിയ കാറ്റ് ഇടക്കിടെ അതിലെ കടന്നു പോവുന്നുണ്ടായിരുന്നു.ഇത്രയും പരിഷ്കൃതമായ നഗരത്തിന്റെ മറ്റൊരു മുഖം.
നരച്ച കെട്ടിടങ്ങൾ ഇരുവശത്തും. മേൽക്കൂരകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ ആസ്ബസ്സ്റ്റോസ് ഷീറ്റും, ആകാശം കാണുന്നിടം മറച്ചുകൊണ്ട് സിമന്റ് കട്ടകൾ കൊണ്ട് താങ്ങി നിർത്തിയ ചളി പിടിച്ച ടാർപോളിൻ ഷീറ്റുകളും. നിർത്തിയിട്ട തീവണ്ടി പോലെ നീണ്ടു കിടക്കുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. വെയിസ്റ്റുകൂനകളും, പോർട്ടറിയും ,ഇറച്ചി കടകളും പിന്നിട്ട് "ആരോസിൻ റീസൈക്കിൾസ് " എന്ന കടയുടെ മുൻപിലെത്തിയപ്പോൾ അവൻ നടത്തം നിർത്തി.
ഞാൻ റോഡിലേക്ക് നോക്കി ടാറിളകി പൊടിക്കാറ്റ് വരുന്നുണ്ട് ഇടക്കിടെ . റോഡിനിരുവശവും ടെമ്പോ ട്രക്കുകളും കോഴി വണ്ടികളും ലോറിയും നിർത്തിയിട്ടിരിക്കുന്നു.
മേം സാബ് ഖരീദിയേനാ സിർഫ് ദസ് റുപ്പയാ
മേം സാബ് .. ചിത്രകഥ ബുക്കുമായി ഒരു കൊച്ചു കുട്ടിയാണ് .ഭാഷയും വേഷവും മാത്രമേ മാറുന്നുള്ളൂ മുഖത്തെ ദൈന്യതയും ലക്ഷ്യവും ഒക്കെ ഒന്നു തന്നെ. രണ്ടു ബുക്കു വാങ്ങി 20 രൂപാ നോട്ട് അവൾക്ക് നീട്ടി. കാറ്റിന് വീണ്ടും വാടിയ മുല്ലയുടെയും പിച്ചിയുടേയും മദ്യത്തിന്റേയും ഗന്ധം. റു സാരിയോവ് റീസൈക്കിൾ കടയിലേക്ക് കയറി. ഞാനും രവിയും പുറത്ത് കാത്തു നിന്നു.
തെരുവിലെ വലിയ വൈദ്യുതവിളക്കിന്റെ ഇടത് ഭാഗത്ത് മുല്ലപ്പൂവണിഞ്ഞ സ്ത്രീകൾ അവിടവിടെ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. മുറുക്കിച്ചുവന്ന ചുണ്ടുള്ള വലിയ പൊട്ട് തൊട്ട സ്ത്രീ രാത്രിയിലെ നഗരത്തിന്റെ നേരിലേക്ക് ചിന്തയെ വലിച്ചിഴച്ചു. നിഗൂഢമായ കപടവേഷത്തിനുള്ളിലും രാത്രിയുടെ മറവിലുമാണ് മനുഷ്യന്റെ യഥാർത്ഥ നേരെന്ന് വെറുതെ ചിന്തിച്ചു.
രാത്രിയുടെ മറവിൽ മദ്യവും പുകയും യഥേഷ്ടം ഒഴുകും .പകലന്തിയോളം കഷ്ടപ്പെട്ടതിന്റെ ഓരോഹരി മുല്ലപ്പൂ അണിഞ്ഞ സ്ത്രീകളുടെ വയറ്റിപ്പിഴപ്പിനും സ്വന്തം കാമാർത്തിക്കുമായി മാറ്റിവെക്കും ..
അഞ്ജാതമാക്കപ്പെടുന്ന ജഡങ്ങൾ കുറ്റിക്കാട്ടിലും പുഴയിലും കത്തിക്കരിഞ്ഞ് ഓടയിലും ചേക്കേറും.
രവിയുടെ അമ്മ റീസൈക്കിൾ കടയിലാണ് ജോലി ചെയ്തിരുന്നത്.ചുറ്റുപാടിൽ നിന്ന് മാറ്റി നിർത്തി പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ട കഥ അവൻ പറഞ്ഞിട്ടുണ്ട്. ഒരു അന്തർമുഖനായാണ് IIT യിൽ രവിയെ കണ്ടത്. ഞാനും റുസാരിയോവും അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ചുവന്ന തെരുവിൽ നിന്ന് രക്ഷപ്പെട്ടു വന്നതാണവന്റെ അമ്മ .
ഇത്തരം ചുറ്റുപാടിൽ അതും IITപോലെയുള്ള സാധാരണക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്തിടത്ത് എത്തിപ്പെട്ട രവി നമുക്കൊരത്ഭുതമായിരുന്നു. അവന്റെ അതിബുദ്ധിയെക്കുറിച്ച് വാസുദേവൻ സാർ പറഞ്ഞിരുന്നു. അവനിൽ അറിയാതെ രൂപം കൊള്ളുന്ന അപകർഷതയും അന്തർമുഖത്വവുമാണ് അവന് കുഴപ്പം ചെയ്യുക. അതിന് അവന്റെ ചുറ്റുപാടുകൾ അറിഞ്ഞിരിക്കണം. സാർ പറഞ്ഞത് ഓർമ്മിച്ചു.
റുസാരിയോ റീസൈക്കിൾ കടയിലെ ചെറുപ്പക്കാരനുമായി സംഭാഷണത്തിലാണ്.വിദേശികൾ പഠനത്തിനായി വരുന്നത് ആദ്യമല്ല എന്ന് അവിടെയുള്ള ചെറുപ്പക്കാരന്റെ സംഭാഷണത്തിൽ നിന്ന് മനസ്സിലായി..
നഗരത്തിലെ വേസ്റ്റുകളിൽ നിന്ന് ശേഖരിക്കുന്ന പേപ്പർക്കൂട്ടം, വെള്ളക്കുപ്പികൾ അങ്ങനെ ഒരുപാട് വസ്തുക്കൾ റീസൈക്കിൾ ചെയ്യാനായി ക്രമീകരിച്ചു വെച്ചിട്ടുണ്ട്. നിറവും ഗുണവും സാമ്യതയും ഒക്കെയാണ് ക്രമീകരണത്തിന് അടിസ്ഥാനമാക്കുന്നത്. രവിയുടെ അമ്മ അവിടെ ക്രമീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്. ആ തെരുവിലെ നിരവധി പേർക്ക് ജോലി നൽകാൻ ആസ്ഥാപനത്തിന് കഴിയുന്നുണ്ടെന്ന് മനസ്സിലായി. തൊട്ടടുത്ത കടയിൽ നിന്ന് ചായ കഴിഞ്ഞ് ഞങ്ങൾ വരുമെന്നും രവിയുടെ അമ്മയെ വിട്ടുതരണമെന്നും അയാളോട് പറഞ്ഞിട്ടാണ് അവിടെ നിന്നിറങ്ങിയത്.
നഗരത്തിന്റെ ശുദ്ധീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കൂടെ ഇവരേയും ചേർത്ത് വായിക്കണമെന്ന് റുസാരിയോവ് പറഞ്ഞു. സത്യമായിരുന്നു അത്.
അമ്മയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുണ്ടെന്ന് റൊസാരിയോ രവിയോട് പറഞ്ഞു.
രാവിലെ പാണ്ഡെ സാറിന്റെ വീട്ടു വേല കഴിഞ്ഞാണ് അമ്മ റീസൈക്കിൾ കടയിലേക്ക് പോവുന്നത്. അത് കഴിഞ്ഞ് ഞാനും അമ്മയും ദാവീദിന്റെ ഇസ്തിരിക്കടയിലെ തുണികൾ അതാത് വീടുകളിൽ എത്തിക്കും. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
തട്ടുകടയിലെ ഉയരം കുറഞ്ഞ ബഞ്ചിനിരുവശവുമായി ഞങ്ങളിരുന്നു. ഒരു കടങ്കഥ പോലെ ഞങ്ങളെ നോക്കിയിരിക്കുന്ന രവിയെ അടുത്തു വിളിച്ചിരുത്തി.
തന്റെ ജീവിതത്തിലുടെ കടന്നുപോയ കാമുകിമാരെക്കുറിച്ച് റൊസാരിയോവ് വാചാലനായി. ഒരു പുരുഷന് ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങാൻ പറ്റില്ലെന്നും അങ്ങനെ ഒതുങ്ങുന്നവരൊക്കെ ജീവിത നാടകത്തിലെ അഭിനേതാക്കളാണെന്നും അയാൾ പറഞ്ഞു. അത് പാശ്ചാത്യ സംസ്കാരത്തിന്റെ പ്രത്യേകതയാവാം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.
പാശ്ചാത്യ സംസ്കാരത്തിലും ഇന്ത്യൻ സംസ്കാരത്തിലും ഉള്ള വ്യത്യാസത്തെക്കുറിച്ചോർത്തു പോയി .
തിടുക്കത്തിൽ ചായ കുടിച്ച് ഞങ്ങൾ റീസൈക്കിൾ കടയിലേക്ക് പുറപ്പെട്ടു. ചെറുപ്പക്കാരൻ രവിയുടെ അമ്മയെ പുറത്തേക്ക് വിളിച്ചു. കഠിനമായി അദ്ധ്വാനിക്കുന്നത് അവരുടെ മുഖത്ത് വ്യക്തമായിരുന്നു .ജീവിതപ്രാരാബ്ധം വരുത്തിവെച്ച ചുളിവുകളും നിറവ്യത്യാസവും കാരണം പെട്ടെന്ന് പ്രായം തോന്നുമെങ്കിലുംകൂടിയാൽ നാല്പതിനും നാല്പത്തഞ്ചിനും ഇടയിലാണ് പ്രായം എന്ന് ഞാൻ ഊഹിച്ചു.
റീസൈക്കിൾ കടയുടെ എതിർവശം, ഇരുവശവും കുടിലുകൾ തിങ്ങിനിറഞ്ഞ് ,കഷ്ടിച്ച് ഒരാൾക്ക് മാത്രം കടക്കാൻ വീതിയുള്ള തെരുവാണ്. കൊച്ചു കുട്ടികളും പ്രായമായവരും ഞങ്ങളെ അത്ഭുതത്തോടെ നോക്കി. എനിക്കും റുസാരിയോവിനും ഹിന്ദി വശമില്ലാത്തതിനാൽ അമ്മ പറയുന്നത് രവി തർജ്ജിമ ചെയ്ത് തരുന്നുണ്ടായിരുന്നു.
രാത്രിയിലെ തെരുവിന്റെ മുഖം അമ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. അമ്മയുടെ കഷ്ടപ്പാട് കണ്ട് ചിരിക്കാൻ പോലും മറന്നു പോയ മകനെക്കുറിച്ച് പറയുമ്പോൾ ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കാമുകനാൽ വഞ്ചിക്കപ്പെട്ട് ചുവന്ന തെരുവിലെത്തിയതും ഗർഭിണി ആണെന്ന് കണ്ടപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ടതും മനുഷ്യ സ്നേഹിയായ ദാവീദിന്റെ സഹായത്താൽ പാണ്ഡെ സാറിന്റെ വീട്ടിൽ ജോലി തരപ്പെട്ടതും വരെ അവർ പറഞ്ഞു. രവി മിടുക്കനാണെന്ന് കണ്ടെത്തിയത് പാണ്ഡെ സാർ ആണ്. അവർ ഈ ഭൂമിയിൽ ദൈവമായി ആരാധിക്കുന്നതും ആ മനുഷ്യനെത്തന്നെ.രവിക്ക് പഠനത്തിനു വേണ്ട എല്ലാ സഹായവും ചെയ്ത് തന്നത് പാണ്ഡെ സാറാണെന്ന് കൈകൂപ്പി കൊണ്ട് ആ അമ്മ പറഞ്ഞു തന്നു.
മഴ നനയാതെ താമസ സൗകര്യം ഒരുക്കി കൊടുത്ത ദാവീദിനേയും അവർ നന്ദിയോടെ സ്മരിക്കുന്നുണ്ടായിരുന്നു.
രാത്രി ഏങ്ങലടികൾ ഉയരാത്ത വീടുകൾ അവിടെ അപൂർവ്വമാണത്രേ..
കള്ളും കഞ്ചാവും അടിപിടിയും ഒരു വശത്ത്. നിസ്സഹാരായി വിധിയുടെ ബലിയാടായി അവിടെ എത്തിപ്പെട്ടവർ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ അങ്ങനെ നീളുന്നു അവിടുത്തെ വൈവിധ്യമാർന്ന ജനക്കൂട്ടത്തിന്റെ ജാതകം. എല്ലാ നഗരത്തിനും പറയാനുണ്ടാവും ഇതുപോലെ ഭാരമുള്ള നോവിന്റെ കഥകൾ .ഞങ്ങൾ പാണ്ഡെ സാറെ കാണാൻ തീരുമാനിച്ചിരുന്നു. തിരിച്ചു നടക്കുമ്പോൾ ചുറ്റുപാടുകളെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ട അമ്മയും മകനുമായിരുന്നു മനസ്സിൽ.അതോടൊപ്പം അച്ഛനാരെന്ന് അറിയാതെ പിറന്ന് വീണ മകന്റെ ഉള്ളിൽ രൂപം കൊണ്ട നോവിന്റെ കടലും.
നാളെ മടങ്ങിപ്പോവുന്നതിന് മുൻപ് പാണ്ഡെ സാറെക്കൂടി കണ്ട് പേപ്പർ വർക്കുകൾ തുടങ്ങാം എന്ന ധാരണയിൽ ഞാനും റുസാരിയോവും ഞങ്ങൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ അന്യേഷിക്കാൻ തുടങ്ങി.
സൂര്യൻ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. വൈദ്യുത വിളക്കുകൾ പ്രകാശിച്ചപ്പോൾ രാത്രിക്ക് പകലിന്റെ പ്രതിരൂപം കൈവന്നതു പോലെ തോന്നി.
(കവിതസഫൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot