നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൂലിഴകൾ - കഥോദയം (2)

Image may contain: 1 person, eyeglasses, closeup and indoor

"എന്താ അമ്മേ.., ഈ മെടഞ്ഞു കൊണ്ടിരിക്കുന്നത്? ഞാനിന്ന് വന്നപ്പോൾ മുതൽ ശ്രദ്ധിക്കാ, അമ്മയുടെ മുഖത്ത് പതിവിലുമധികം സന്തോഷമുണ്ടല്ലോ...!"
മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള കമ്പിളി നൂൽ മെsഞ്ഞു കൊണ്ടിരിക്കുന്ന ഗായത്രി ശർമ്മ മറുപടി പറഞ്ഞു,
"ഇത് ഞാനെന്റെ സൈനുദ്ദീന് വേണ്ടി രാഖി ഉണ്ടാക്കിക്കൊണ്ടിരിക്കാ.., അവൻ വരുമ്പോൾ ഇത് ഞാനവന്റെ കയ്യിൽ കെട്ടിക്കൊടുക്കും".
"കഴിഞ്ഞ മൂന്നു വർഷമായല്ലോ, അമ്മ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്, എന്നിട്ടും അങ്കിൾ വന്നില്ലല്ലോ..!"
"എന്റെ സൈനു വരും.., അവൻ വരാതിരിക്കില്ല..., ഇത്തവണ എന്നെ കണ്ടിട്ടേ തിരിച്ചുപോകുള്ളൂ എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട് ".
* * * * * * *
സൈനൂ.., സൈനുദ്ദീൻ മുഹമ്മദ്.., യാദൃശ്ചികമായി, ഒരു തീവണ്ടിയാത്രയിൽ നേടിയ സൗഹൃദം.., അന്നവർ കരുതിയില്ല.., ആ യാത്ര രണ്ടു വ്യക്തികളെ ഇത്രമേൽ അടുപ്പിക്കുമെന്ന്..!
ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിലാണ് ഗായത്രി ശർമ്മ സൈനുദ്ദീനെ ആദ്യമായി പരിചയപ്പെടുന്നത്. തീവണ്ടിയുടെ ഫസ്റ്റ് ക്ലാസ്സ് കംബാർട്ട്മെന്റിൽ മകനോടൊപ്പം അവർ കയറി വന്ന്, ജനലിനോട് ചേർന്നുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു.
"അമ്മ സൂക്ഷിക്കണം, ഇടക്കൊക്കെ വിളിക്കുകയോ, മെസ്സേജയക്കുകയോ ചെയ്യണം. നാട്ടിൽ വണ്ടി ഇറങ്ങിയ ഉടനെ എന്നെ വിളിക്കണം ".
"നീ പേടിക്കൊന്നും വേണ്ട മോനേ.., തനിയെ ഞാനെത്ര യാത്ര ചെയ്തിട്ടുള്ളതാ.., നീ ധൈര്യമായ് പൊയ്ക്കോ, വണ്ടി ഓടിത്തുടങ്ങാനൊന്നും നിൽക്കേണ്ട.., i can manage myslef ".
മകൻ യാത്ര പറഞ്ഞിറങ്ങി, ദൂരത്തേക്ക് നടന്നു നീങ്ങുന്നവരേക്കും അവർ ജനലിലൂടെ നോക്കിയിരുന്നു.
പിന്നീട് ബാഗിൽ നിന്നും ഒരു മലയാള പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.
" മാഡo..., ഞാൻ സൈനുദ്ദീൻ മുഹമ്മദ്". തൊട്ടു മുന്നിലെ സീറ്റിലിരുന്നിരുന്ന ആൾ സ്വയം പരിചയപ്പെടുത്തി.
പുസ്തകം അടച്ചുവെച്ച് അവർ പറഞ്ഞു, "നമസ്തേ സൈനുദ്ദീൻ ".
" മാഡo എങ്ങോട്ടാ യാത്ര?"
"ഞാൻ ഒറ്റപ്പാലത്തേക്ക്, താങ്കളോ..?"
"ഞാൻ ആലുവായ്ക്ക് ".
"പരിചയപ്പെട്ടതിൽ സന്തോഷം ".
അവർ വീണ്ടും പുസ്തകവായന തുടങ്ങി.
"മാഡം, താങ്കളെ എവിടേയോ കണ്ട പരിചയം തോന്നുന്നു.., വിരോധമില്ലെങ്കിൽ ഞാനൊന്നു ചോദിച്ചോട്ടെ..?"
"ചോദിച്ചോളൂ".
"താങ്കൾ എഴുത്തുകാരിയായ ഗായത്രി ശർമ്മയാണോ..?"
അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, " കണ്ടുപിടിച്ചല്ലേ?"
രണ്ടുപേരും പൊട്ടിച്ചിരിച്ചു.
" ഞാൻ ഏറെ വർഷങ്ങളായി അബുദാബിയിൽ ആണ്, ഇപ്പോൾ ലീവിന് നാട്ടിൽ വന്നതാ.., വായനയൊക്കെ കുറവാ, അതാ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടിയത്". രണ്ടുപേരും വീണ്ടും ചിരിച്ചു.
"ഇതെന്റെ അടുത്ത് പുറത്തിറങ്ങിയ പുസ്തകമാണ്, "തിരയും തീരവും", ഒന്നു വായിച്ചു നോക്കൂ ". ആദ്യ പേജിൽ സൈൻ ചെയ്ത് അവരാ പുസ്തകം സൈനുദ്ദീന് കൊടുത്തു.
യാത്രയിൽ മുഴുവൻ രണ്ടു പേരും പരസ്പരം ഏറെ സംസാരിച്ചു കൊണ്ടിരുന്നു, തമ്മിൽത്തമ്മിൽ വീട്ടുകാര്യങ്ങൾ അന്വേഷിച്ചു. സൈനുദ്ദീന്റെ ജോലിയെക്കുറിച്ചും പ്രവാസ ജീവിതത്തെക്കുറിച്ചും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. രാത്രി കടന്നു പോയത് അവർ അറിഞ്ഞില്ല.
"പരിചയപ്പെട്ടതിൽ ഏറെ സന്തോഷം, എനിക്കിറങ്ങാറായി. സൈനുദ്ദീന്റെ മേൽവിലാസവും ഫോൺ നമ്പറും ഞാൻ ഭദ്രമായി സൂക്ഷിച്ചു വെക്കും. ഇടക്ക് എന്നെ വിളിക്കാൻ മടിക്കണ്ട ".
അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നതായി സൈനുദ്ദീന് തോന്നി.
ഒറ്റപ്പാലത്ത് എത്തിയപ്പോൾ സൈനുദ്ദീൻ അവരെ വണ്ടിയിൽ നിന്നും ഇറങ്ങാൻ സഹായിച്ചു. അനിർവ്വചനീയമായ ഒരു വാത്സല്യം അവരിൽ കാണാൻ കഴിഞ്ഞു.
സൈനുദ്ദീന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അവർ പറഞ്ഞു, " thanks.., ഓർമ്മിച്ചുവെക്കാനായ് ഒരു യാത്ര സമ്മാനിച്ചതിന്. എന്നെങ്കിലും കാണാം..., അല്ല കാണണം. അടുത്ത ലീവിൽ വരുമ്പോൾ എന്നെ കാണാൻ വരില്ലേ...?"
" വരാം മാഡം.., തീർച്ചയായും ഞാൻ വന്നിരിക്കും ".
അവർ നടന്നു നീങ്ങിയപ്പോൾ സൈനുദ്ദീന് തോന്നി.., അവരുടെ കൂടെയുള്ള ഈ യാത്ര ഇവിടെ അവസാനിച്ചില്ലായിരുന്നെങ്കിൽ., എന്ന് !
* * * * * * *
" അമ്മേ.., അന്ന് നിങ്ങൾ തമ്മിൽ പിരിഞ്ഞതിനു ശേഷം അങ്കിൾ വിളിക്കാറുണ്ടോ?"
"പിന്നേ...! ആഴ്ചയിലൊരിക്കലെങ്കിലും അവൻ വിളിക്കും. മിക്ക ദിവസങ്ങളിലും മെസ്സേജ് അയക്കാറുണ്ട്. ഒരിക്കൽ ഞാൻ പറഞ്ഞു, ഈ മാഡം വിളി ഒന്ന് നിർത്താൻ. അപ്പോൾ ചോദിച്ചു, ഓപ്പോളേ എന്ന് വിളിച്ചോട്ടേയെന്ന്!
ഇപ്പോൾ ഇടയ്ക്ക് ആ വിളി കേട്ടില്ലെങ്കിൽ ഒരു വിഷമമാ".
" ഇത്രക്കടുപ്പമുണ്ടായിട്ടും അങ്കിൾ നാട്ടിൽ വരുമ്പോൾ എന്തേ അമ്മേ വന്ന് കാണാത്തത്?"
"പാവം.., ന്റെ കുട്ടി.., അവൻ വല്ലാത്ത തിരക്കിലായിപ്പോയി. വരുമ്പോഴൊക്കെ പറയും ഉടനെ വന്നു കാണുംന്ന്.., പക്ഷെ അതിന് കഴിയാറില്ല. ഞാൻ കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരിക്കും.
ചിലപ്പോൾ തിരിച്ചു പോകുന്ന ദിവസായിരിക്കും ഫോൺ ചെയ്യാ..,
"ഓപ്പളേ.., ഇത്തവണത്തേക്ക് മാപ്പ്.., ഇരുപത് ദിവസത്തെ ലീവിനാ വന്നത്, നാട്ടിൽ പുതിയ വീടിന്റെ പണി നടന്നോണ്ടിരിക്കാ, അതാ വന്നു കാണാനാകാഞ്ഞത് ".
"പിന്നൊരിക്കൽ നാട്ടിൽ വന്നു.., വെറും പത്തു ദിവസത്തേക്ക്.., ബിസിനസ്സുകാര്യത്തിനായ്.
തിരിച്ചു പോകുന്നതിന് മുന്നേ വിളിച്ചിരുന്നു..,"ഓപ്പോൾ വിഷമിക്കല്ലേ.., ഞാനുടനെ വീണ്ടും വരുന്നുണ്ടായിരിക്കും, അപ്പോൾ തീർച്ചയായും വന്നു കാണും. ങ്ഹാ.., പിന്നേയ്, ഓപ്പോളുടെ "തിരയും തീരവും" വായിച്ചു.അതിലെ അനഘയേയും അശ്വിനേയും ഏറെ ഇഷ്ടമായി ".
അപ്പോൾ ഞാൻ പറയും, "ഉം.., മതി.., മതി, എന്നെ പാട്ടിലാക്കാൻ നോക്കാ ല്ലേ? ഇത്തവണയും നീയെന്നെ പറ്റിച്ചില്ലേ..? എനിക്ക് വയസ്സായിക്കൊണ്ടിരിക്കാ സൈനൂ. ദിനംപ്രതി കാഴ്ചശക്തി കുറഞ്ഞു വരുന്നു.., മറവിയും കൂടുതലാ. പറയാൻ വിചാരിക്കുന്ന കാര്യങ്ങൾ.., വാക്കുകൾ കിട്ടാതെ ഉഴറിപ്പോകുന്നു. ഒരു വട്ടം കൂടി നിന്നെ ഒന്നു കാണാൻ ഏറെ മോഹം. ഉള്ളിലൊരു ഭയം.., എങ്ങാനും കാണാൻ കഴിഞ്ഞില്ലെങ്കിലോന്ന്..!"
"ഓപ്പളേ.., എന്നെ കരയിക്കാതേ.., അടുത്തു തന്നെ എനിക്ക് വീണ്ടും ഇങ്ങോട്ട് വരേണ്ടി വരും, അപ്പോൾ തീർച്ചയായും വന്നു കണ്ടിരിക്കും.., ഇത് ഓപ്പോളാണേ സത്യം".
ഈ സൗഹൃദം മൂന്നുവർഷം പിന്നിട്ടിരിക്കുന്നു. ഈ മൂന്നു വർഷങ്ങളിൽ ഏറെക്കുറേ മാറ്റങ്ങൾ ഗായത്രി ശർമ്മയുടെ ജീവിതത്തിൽ വന്നിട്ടുണ്ടായിരുന്നു. സൈനുദീന്റെ നിർബന്ധം കൊണ്ടുമാത്രം ഓൺലൈൻ എഴുത്തുകളിൽ അവർ സജീവയായി.
ഓരോ കഥയെഴുതിക്കഴിയുമ്പോളും സൈനുവിന്റെ വിലയിരുത്തൽ വീണ്ടും എഴുതാനുള്ള ഒരു പ്രചോദനമായി മാറി.
സൈനുവിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം, വീണ്ടും അവർ പുസ്തകങ്ങൾ പബ്ളിഷ് ചെയ്തു.
"കുന്നിക്കുരുമണികൾ",
"കാണാമറയത്ത്"
എന്നീ രണ്ടു നോവലുകൾ ഏറെ ജനപ്രീതി നേടി.
* * * * * * *
ഇന്ന് സൈനുവിന് വേണ്ടി അവർ രാഖി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. മൂന്നിഴകൾ ചേർത്ത് മെടഞ്ഞുണ്ടാക്കിയ രാഖി..!
ബന്ധങ്ങളെ മുറുക്കിപ്പിടിച്ചിരിക്കുന്നു, അതിലെ ഓരോ ഇഴകളും..!
അറുത്തുമാറ്റാനാകാത്തവണ്ണം ഇഴുകിച്ചേർന്ന ഒരാത്മബന്ധത്തിന്റെ കഥ പറയുന്ന നൂലിഴകൾ..!
ഇപ്പോൾ അവരുടെ മനസ്സിൽ ഒരേയൊരു മോഹം മാത്രം അവശേഷിക്കുന്നു.., സൈനു!
മിക്ക ദിവസങ്ങളിലും വഴിയിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അവരുടെ മനസ്സ് പറയും, "അവൻ വരും.., ഓപ്പോളേന്ന് വിളിച്ചുകൊണ്ട് അവൻ എന്റരികിൽ ഓടിയെത്തും. അവന്റെ ആ വിളിയിൽ എന്റെ പരിഭവങ്ങളും സങ്കടങ്ങളും എല്ലാം മാഞ്ഞു പോകും".
" അമ്മേ..., ദേ.., സൈനുവങ്കിളിന്റെ ഫോണുണ്ട് ", മോൾ ഫോൺ അമ്മക്ക് കൊടുത്തു.
"ഓപ്പോളേ... "
"സൈനൂ..., നീ എവിടേയാ..., നാട്ടിലെത്തിയോ..? നിന്നെ ഒരു നോക്കു കാണാൻ ധൃതിയായി.. ".
"ഓപ്പളേ.., ഞാനിന്നലെ നാട്ടിലെത്തി.., ദാ... ഇപ്പോൾ ഞാൻ അങ്ങോട്ട് വന്നോണ്ടിരിക്കാ.
എനിക്കൊരു നല്ല സദ്യ റെഡിയാക്കിക്കോളൂ. ഇന്നത്തെ ഉച്ചഭക്ഷണം അവിടെ ട്ടൊ".
"എന്റെ കുട്ടി ഒന്നിങ്ങ്ട് വന്നാൽ മതി, നിനക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരാം".
"ന്നാൽ ശരി..., ഉച്ചക്ക് മുന്നേ ഞാനവിടെ എത്തും ".
" ഇപ്പോൾ അമ്മക്ക് സമാധാനമായില്ലേ.., നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം അങ്കിൾ വരല്ലേ..!"
" അതേ മോളേ..., എന്റുള്ളിലുള്ള സന്തോഷം.., അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല"!
"വാ..., നമുക്കിന്ന് അവന് വേണ്ടി നല്ലൊരു സദ്യയൊരുക്കണം.
അവിയലും സാമ്പാറും രസോം, പിന്നെ പാലs പ്രഥമനും, എല്ലാം ഉണ്ടാക്കണം. നീ അടുക്കളയിലേക്ക് ചെല്ല്.., ഞാനപ്രത്തെ ജാനൂനോടും മാലതിയോടും ഒക്കെ പറയട്ടെ.., എന്റെ സൈനു ഇന്നെന്നെ കാണാൻ വരാന്ന് "!
" അല്ലാമ്മേ..., അങ്കിളിനുള്ള രാഖി റെഡിയായോ.. "?
" പിന്നേ..! ഇത് നോക്ക്..., കാണാൻ ഭംഗിയില്ലേ...!
ഇത് ഞാനെന്റെ സൈനൂന്റെ കയ്യിൽ കെട്ടിക്കൊടുക്കും, നെറ്റിയിൽ തിലകം ചാർത്തി ഞാനവനെ വരവേൽക്കും.."!
അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ, മകൾ അമ്മയെ തന്റെ അരികിലേക്ക് ചേർത്തു പിടിച്ചു. അപ്പോൾ രണ്ടുപേരുടേയും കണ്ണുകളിൽ നനവ്‌ പടർന്നിരുന്നു.
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
17/06/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot