നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിയർപ്പിൽ പൊതിഞ്ഞ സ്നേഹ മിഠായി. - കഥോദയം 2



*****************************************
അപ്പൂട്ടനെ കാണണം എനിക്ക്. മിത്ര പറയുന്നത് കേട്ട് നിർമ്മല അമ്പരന്നു. ഏതു അപ്പൂട്ടൻ, മഞ്ഞളൂരിലെ പണ്ടത്തെ അപ്പൂട്ടനെയോ, ന്താപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ.
വേണം അമ്മേ, എനിക്ക് കണ്ടേ തീരു. നമുക്ക് നാളെ തന്നെ പോണം. മിത്രയുടെ മുഖഭാവം കണ്ടപ്പോൾ നിർമ്മല അമ്പരന്നു.ഇവൾക്കിതെന്തു പറ്റി. ഹോസ്റ്റലിൽ നിന്നും ഇന്ന് രാവിലെ വീട്ടിൽ എത്തിയിട്ടേ ഉള്ളൂ.ഒരാഴ്ച്ച മുടക്കാണ്. സാധാരണ ഇതുപോലെ അവധിക്കു വരുമ്പോഴെല്ലാം വേറെ എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെയിരിക്കാനാ അവൾക്കിഷ്ടം.ഇതിപ്പോ ന്താണാവോ.ഹാ, ന്തായാലും അമ്മയേയും കണ്ടിട്ട് ഒരു മാസത്തോളമായി.
ശരി.നാളെ പോവാം. നിർമ്മല പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ മിത്ര സ്വന്തം മുറിയിലേക്ക് പോയി.
അടുത്ത ദിവസം, തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തിയ അവർ പാലക്കാട്‌ ബസിൽ കയറിയിരുപ്പായി
ചിതലി, രണ്ട്. കണ്ടക്ടർ ടിക്കറ്റ്‌ കീറുന്നതിനിടയിൽ നിർമ്മല പറഞ്ഞു, മോനെ സ്ഥലം എത്തിയാൽ ഒന്ന് പറയണേ, ആദ്യമായിട്ടാ അവിടേക്ക്.അതാണ് ട്ടോ.
ശരി ചേച്ചി.ടിക്കറ്റ് ടിക്കറ്റ്..അയാൾ ഉറക്കെ വിളിച്ചു കൊണ്ട് പുറകിലേക്ക് പോയി.
അമ്മേ, സ്വന്തം വീട്ടിലേക്ക് ആദ്യായിട്ട പോണെന്നോ.. മിത്ര ചിരിച്ചു കൊണ്ടു ചോദിച്ചു.
അത് പിന്നേ മോളെ , നമ്മളഥവാ ഉറങ്ങി പോയെങ്കിലോ.ഇതിപ്പോ ഇറങ്ങാറുവുമ്പോൾ അവന്മാര് വിളിച്ചു പറയൂലോ.
ബസിൽ ഇരുന്നുറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.
ചിതലി ചിതലി, കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടാണ് നിർമ്മല കണ്ണു തുറന്നത്. മിത്രയാണെങ്കിൽ കയ്യിലിരുന്ന പുസ്തകം തിരിച്ചു ബാഗിൽ വച്ച്, ഇറങ്ങുവാനുള്ള തയ്യാറെടുപ്പിൽ ആണ്.
ചിതലിയിൽ ഇറങ്ങിയതിനു ശേഷം അവർ ഒരു ഓട്ടോയിൽ കയറി. മഞ്ഞളൂർക്കാണ്. പാലക്കാടൻ ശൈലിയിൽ നിർമ്മല ഓട്ടോക്കാരനോട് പറയുന്നത് കേട്ട് മിത്രയോർത്തു. അമ്മ എപ്പോഴും ഇങ്ങനെയാണ്. തൃശ്ശൂരിൽ നിന്നും ഇവിടെയെത്തിയാൽ പിന്നീട് അമ്മ 'എന്തൂട്ടാ' എന്ന് പറയുന്നത് മാറ്റി 'യെന്താണ്' എന്നാക്കും.
വഴിയിൽ കാണുന്നവരോടൊക്കെ വായതോരാതെ സംസാരിക്കും. മിത്രയോർത്തു.
യെന്താ യെന്റെ മണിയേടത്തിയെ, കഴിഞ്ഞ മാസം ചാത്തത്തിനു വന്നപ്പോ മാട് കുത്തി വയ്യാതെ കിടക്കാന്ന് പറഞ്ഞു മഹൻ. വന്നു കാണാൻ പറ്റാഞ്ഞിട്ടാണെ. ഇപ്പോ യെല്ലാം നേരെ ആയാന്ന്?
ഓട്ടോയിറങ്ങി, വീട്ടിലേക്ക് വരമ്പിലൂടെ നടക്കുമ്പോൾ കണ്ടത്തിന്റെ അപ്പുറത്ത് നിൽക്കുന്ന മണിയമ്മയെ കണ്ട് നിർമ്മല വിളിച്ചു ചോദിച്ചു.
യെന്താണ്ട മഹനേ, അങ്ങനെ യൊക്കെ പോണ്. ഞാൻ വീട്ടില് വരാ കാണാൻ..മണിയമ്മ പറഞ്ഞു.
ശരി ട്ടോളിൻ.. നടക്കട്ടെ.. നിർമ്മല കൈ വീശി.
അമ്മാ, അമ്മ നടന്നോളു,ഞാൻ അപ്പൂട്ടനെ കണ്ടിട്ട് വരാം.
നിനക്ക് അതിനു വഴിയൊക്കെ ഓർമ്മയുണ്ടോ മോളെ. അപ്പൂട്ടന് നിന്നെ കണ്ടാൽ മനസ്സിലാവോ ആവോ.
ഞാൻ പോയിട്ട് വരാം അമ്മ.പേടിക്കണ്ട. മിത്ര നിർമ്മലയോടു പറഞ്ഞു.
മിത്ര വലത് ഭാഗത്തുള്ള ഇടവഴിയിലൂടെ നടന്നു. കാറ്റു വല്ലാതെ വീശുന്നുണ്ട്. ഒരു മുള്ളുവേലിയുടെ അടുത്തെത്തിയപ്പോൾ അവൾ നിന്നു.കോൽപ്പുളി മരങ്ങളാണ് ചുറ്റും. വേലിതുറന്നു ഉള്ളിലേക്ക് കയറി.ചാണകം മെഴുകിയ മുറ്റം. മുറ്റത്തു ഒരു മുറത്തിൽ പുളി ഉണക്കാൻ വച്ചിരിക്കുന്നു. കോലായിൽ പതുക്കെയിരുന്നു. പടിയുടെ അടുത്തുള്ള മുളന്തൂണിൽ നെറ്റിയിൽ കറുത്ത പുള്ളിയുള്ള ഒരു വെളുത്ത ആട്ടിൻകുട്ടിയെ കെട്ടിയിട്ടുണ്ട്. അതിന്റെ നെറുകയിൽ മൃദുവായി തലോടി.
മേയ് മേയ്.. അത് പേടിച്ചു കരയാൻ തുടങ്ങി.
ആരാത്, ഉള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.മിത്രയുടെ നെഞ്ചിടിപ്പു വല്ലാത്ത വേഗത്തിലായി.അവൾക്ക് തിരിച്ചു മറുപടി പറയാനായില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി വേദനിക്കുന്ന പോലെ.
ഒരു വൃദ്ധൻ കുടിയിൽ നിന്നും പുറത്തേക്കു വന്നു. മിത്ര വേഗമെഴുന്നേറ്റു.
അവൾ പതുക്കെ പറഞ്ഞു, അപ്പൂട്ടാ,ഇത്‌ ഞാനാ.എന്നെ മനസ്സിലായോ.
വൃദ്ധൻ മിത്രയുടെ അടുത്തേക്ക് വന്നു.അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഉണ്ണിക്കുട്ടി യെന്റെ ഉണ്ണിക്കുട്ടി.അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മിത്രയുടെയും.
വന്നല്ലോ യെന്നേ കാണാൻ. യിരിക്ക് ഉണ്ണിക്കുട്ടീ. ഞാനിപ്പോ വരാം ട്ടോ.
അപ്പൂട്ടൻ ഇവിടെ ഇരുന്നേ.എങ്ങോട്ടാ ഇപ്പോൾ ഓടി പോകുന്നെ.മിത്ര ചോദിച്ചു.
ദിടീന്ന് വരാം മഹനേ.. ഇവിടെ ഇരിക്ക്. അപ്പൂട്ടൻ വേലി കടന്നു വേഗം നടന്നകുന്നു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അപ്പൂട്ടൻ വന്നു. പതിമൂന്നു കൊല്ലത്തിലേറെയായി അപ്പൂട്ടനെ കണ്ടിട്ട്. മുടി മുഴുവൻ നരച്ചിരിക്കുന്നു. മുഖത്ത് വെളുത്ത കുറ്റി താടി.
അയാൾ മിത്രയുടെ അടുത്തു വന്നിരുന്നു. മടിക്കെട്ടിൽ നിന്നും എന്തോ എടുത്തു മിത്രയുടെ നേർക്കു നീട്ടി. കപ്പലണ്ടി മിഠായി.
അവൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളിൽ വർഷങ്ങൾക്കു മുൻപ് താൻ കാണാതെ പോയ തിളക്കം തനിക്കിപ്പോൾ കാണാം. ഇന്ന് ഇങ്ങോട്ടു വന്നതും ഈ തിളക്കം കാണുവാൻ വേണ്ടി മാത്രമാണ്. താൻ മിഠായി വാങ്ങാതെയിരിക്കുന്നത് കണ്ട് അയാളുടെ മുഖം വാടി.
ഇപ്പോഴും ഉണ്ണിക്കുട്ടിക്ക് അപ്പൂട്ടൻ തരുന്ന കടലമുട്ടായി പിടിച്ചില്ലാല്ലേ. അയാളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.
മിത്ര പെട്ടെന്ന് അപ്പൂട്ടന്റെ കൈകൾ ചേർത്ത് പിടിച്ചു,എന്നിട്ട് മിഠായി എടുത്തു കഴിച്ചു. ന്തു രസാണ് അപ്പൂട്ടാ ഈ സ്നേഹത്തിൽ പൊതിഞ്ഞ മിഠായിക്ക്. വർഷങ്ങൾക്കു മുൻപ് ഇതിൽ പറ്റിയ അപ്പൂട്ടന്റെ വിയർപ്പും ചളിയും മാത്രമേ ഞാൻ കണ്ടുള്ളു. അവളതു കഴിക്കുന്നത്‌ നോക്കി സന്തോഷത്തോടെയിരുന്നു അപ്പൂട്ടൻ.
മിത്ര തൻ്റെ തോളിൽ കിടന്ന ബാഗ് എടുത്തു മടിയിൽ വച്ചു പതുക്കെ തുറന്നു. തൻ്റെ വെള്ള കോട്ട് പുറത്തെടുത്തണിഞ്ഞു. പിന്നേ സ്റ്റെതെസ്കോപ്പെടുത്തു. ചെവിയിൽ വച്ചു. അപ്പൂട്ടാ നമ്മുക്ക് കളിക്കാം ഡോട്ടറും രോഗിയും കളി. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. അപ്പൂട്ടാ ശ്വാസം വലിച്ചു വിട്ടേ.
അപ്പൂട്ടൻ ഓർക്കുകയായിരുന്നു. തീപ്പെട്ടിക്കൂടും നൂലും കൊണ്ട് ഈ കോപ്പുണ്ടാക്കി തന്നെ പരിശോധിച്ചിരുന്ന പത്തു വയസ്സുകാരി. പാട്ടും കളിയും വഴക്കുമൊക്കെയുണ്ട്. ഒന്നൊഴികെ. താൻ കൊടുക്കുന്നതൊന്നും അവൾ വാങ്ങി കഴിക്കില്ലായിരുന്നു. അപ്പൂട്ടന് മേലെ മുഴോനും അഴുക്കാ. ഉണ്ണിക്കുട്ടിക്ക് വേണ്ടാ. തലയാട്ടി കാണിക്കും എന്നിട്ടവൾ .
ആ കുട്ടിയാണ് ദേ ഡോട്ടറായിട്ടു തൻ്റെ മുന്നിൽ. പെണ്ണും പെടക്കോഴീമൊന്നുമില്ലാതിരുന്ന തൻ്റെ ജീവിതത്തിൽ തൻ്റെ സ്വന്തമെന്നു കരുതി സ്നേഹിച്ച തൻ്റെ ഉണ്ണിക്കുട്ടി. മ്പ്രാന്റെ പേരക്കുട്ടിയാ.
തന്നെ അച്ഛാച്ചാന്നു ഒന്ന് വിളിക്കാമോ ന്നു ഒരിക്കൽ ആരും കാണാതെ ഉണ്ണിക്കുട്ടിയോടു ചോദിച്ചു. പിന്നിൽ ശാരദാമ്മ നിന്നിരുന്നത് അറിഞ്ഞില്ല.
അവരുടെ വായിൽ നിന്നും പുളിച്ച ചീത്ത കേട്ടത്. കളിച്ചു കളിച്ചു ഇത്രടം വരെയായോ അപ്പൂട്ടാ. ഇവിടുള്ളോരേ പറഞ്ഞാ മതീലോ പണിക്കാരെ നിർത്തേണ്ടിടത്തു നിർത്തണം. ഇല്ലെങ്കിൽ തലയിൽ കയറും. പൊടിപ്പും തൊങ്ങലും വച്ചു അവർ എന്തൊക്കെയോ പറഞ്ഞു കൊടുത്തത് കാരണം പിന്നീട് ഉണ്ണികുട്ടിയെ തൊടിയിലേക്കു വിടുന്നത് നിർത്തി. താൻ ഉപദ്രവിച്ചെങ്കിലോ എന്നു വരെ പറഞ്ഞു പോലും. ജാനു തന്നോട് വന്നു അതൊക്കെ പറഞ്ഞത് കേട്ടപ്പോൾ സഹിക്കാനായില്ല. പിന്നീട് താനങ്ങോട്ടു പോയിട്ടില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടി പേർഷ്യയിൽ പോയീന്നറിഞ്ഞു. അപ്പൂട്ടൻ പഴയതൊക്കെയോർത്തു നെടുവീർപ്പിട്ടു.
മിത്ര കയ്യിൽ കരുതിയിരുന്ന കുറേ വിറ്റാമിൻ ഗുളികകളും, ടോണിക്കുമെല്ലാം അപ്പൂട്ടന് കൊടുത്തു. നേരമൊത്തിരി വൈകി അപ്പൂട്ടാ.ഞാൻ പോട്ടെ ട്ടോ. അപ്പൂട്ടൻ വിഷമത്തോടെ തലയാട്ടി.കണ്ട് മതിയായില്ല.
മുള്ളുവേലിയുടെ അടുത്തെത്തിയപ്പോൾ മിത്ര അപ്പൂട്ടനെ തിരിഞ്ഞു നോക്കി.ഉറക്കെ പറഞ്ഞു, അച്ഛാച്ച, ഉണ്ണിക്കുട്ടിക്ക് ഈ അച്ഛാച്ചനെ ഒത്തിരിയൊത്തിരി ഇഷ്ടാണ് ട്ടോ. അവൾ അതും പറഞ്ഞു നടന്നകന്നു.
സ്നേഹത്തിനെന്തു മേലാളർ കീഴാളർ. ഇന്നല്ലെങ്കിൽ നാളെ ആ തിരിച്ചറിവുണ്ടാവട്ടെ ഇനിയുമതില്ലാത്തവർക്ക്.

by: Aisha Jaice

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot