നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെള്ളിമേഘങ്ങൾ

Image may contain: Swapna S Kuzhithadathil, smiling, closeup

ഓഫീസിൽ നിന്ന്‌ പുഞ്ചിരിയോടെ ,മൂളിപ്പാട്ടിന്റെ അകമ്പടിയോടെ കയറിവന്ന മൃദുലയെ രഘുനാഥ്‌ പാളി നോക്കി.രഘുനാഥ്‌ വീട്ടിൽ നേരത്തേ വന്നത് എന്തിനെന്നു പോലും അവൾ തിരക്കിയില്ല.
ലേശം ജാള്യത തോന്നി അയാൾക്ക്‌.
ഡ്രസ് മാറി നേരെ അടുക്കളയിലേക്കു പോകുന്ന അവളുടെ ഊർജ്ജ്വ സ്വലമായ നടപ്പ് അയാളെ അസ്വസ്ഥനാക്കി.
കൈയിലിരുന്ന ഫോൺ മേശപ്പുറത്ത് വച്ചിട്ട് അയാൾ എണീറ്റു.
സുഖമോ ദേവീ..സുഖമോദേവീ..
.സുഖമോ ദേവീ..
നേരിയ പ്രണയഗാനത്തിന്റെ ഈരടികൾ.സുന്ദരമായ അവളുടെ ശബ്ദത്തിന്റെ തെളിമ അയാളെ പരിഭ്രാന്തനാക്കി.
ഈയിടെയായി അവൾ അങ്ങനെയാണ്.ബാങ്കിൽ നിന്ന് വരുമ്പോൾ,പോകുമ്പോൾ,അവധിദിവസങ്ങളിൽ ഒക്കെ ചടുല ഭാവമാണ്.
പഴയ മൃദുലയുടെ മറ്റൊരു മുഖം.
അതിരാവിലെ എണീറ്റ്, ജോലി ചെയ്തു ക്ഷീണിച്ച ആ മുഖത്തോട്ട് മുൻപ്‌ നോക്കാൻ പോലും തോന്നില്ല..ആ ഭാവം കണ്ടാൽ തന്നെ ദേഷ്യം വരും.കൂടാതെ പരാതി പറച്ചിലും.
_മൃദുലേ, നീ മാത്രമല്ല ഈ ലോകത്ത് കല്യാണം കഴിച്ചു ,മക്കളുള്ള ,ജോലിയുള്ള പെണ്ണ്‌.അവർ എല്ലാരും വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കിത്തന്നെയാ പോകുന്നേ.
ബോധവൽക്കരിക്കും.പിന്നെ പത്രത്തിലേക്ക്,മൊബൈലിലേക്ക് തല പൂഴ്‌ത്തും.
പൊട്ടിത്തെറിക്കും അവൾ.വലിയ വായിൽ.ആരെങ്കിലും കേൾക്കുമെന്ന തോന്നലേ ഇല്ല.തന്നോടുള്ള ദേഷ്യം ചിലപ്പോൾ പിള്ളാരോട് തീർക്കും.അവരുമായിട്ടും ഗുസ്തിയാണ്.
_പോത്തുപോലെ ഉറങ്ങിക്കോളും.പഠിക്കണം ന്ന ചിന്ത പോലുമില്ലാത്ത രണ്ടെണ്ണം.ഉത്തരവാദിത്വം ഇല്ല..അതെങ്ങനെ അച്ഛനെ അല്ലേ കണ്ടു പഠിക്കുന്നത്..
അലർച്ചയും, അമറലും, അടീം ബഹളോം ഒക്കെ കേൾക്കാം.
_ഈ അമ്മക്കെന്താ വട്ടാണോ? ദർശന ചോദിക്കുന്നത് കേൾക്കാം.അവൾ പത്താം ക്ലാസ്സിലാണ്.
_അതേടീ വട്ടാ..കല്യാണം കഴിഞ്ഞ് അന്നുതുടങ്ങിയ വട്ടാ. നിന്നെയൊക്കെ പെറ്റിട്ടപ്പോൾ വട്ടു പരിപൂർണ്ണമായി.അവൾ അലറും.
ഗോപുവാണെങ്കിൽ എപ്പോഴും മൊബൈലിലാ. അവനെ പഠിപ്പിക്കാൻ ഇരുത്തുന്നത് ലോകം മുഴുവൻ അറിയും. അത്രക്ക് ബഹളമാ.
_ഈ അമ്മക്ക് മൃദുലേന്നു പേരിട്ടത് എന്തു കണ്ടിട്ടാണാവോ?ഗോപു പിറുപിറുക്കും.
അങ്ങനെ നേരം വെളുത്തു പാതിരാത്രി വരെ വായും,ബഹളവും വച്ചിട്ട് അടുക്കളയും ഒതുക്കി ഒരു കൊട്ട മോന്തയുമായി വന്നുകിടക്കും.ഒന്നു തൊടാൻ പോലും തോന്നില്ല.ഒരു വികാരമൊക്കെ തോന്നേണ്ടേ അതിനും.ബാങ്കിൽ അവളെ പറ്റി നല്ല അഭിപ്രായം ആണുതാനും.
വാട്സ് ആപ്പിലെ സുന്ദര മുഖങ്ങൾ ഓർത്തു അയാൾ.എല്ലാവരും ജോലി ഉള്ളവർ തന്നെ.ഭർത്താവും,മക്കളുമുണ്ട്.അതിനിടയിലും കഥയെഴുതാനും,കവിതകുറിക്കാനും, സൗഹൃദം കണ്ടെത്താനുമൊക്കെ സമയം ചിലവഴിക്കുന്നവർ.
ഈ സാധനത്തിന് അങ്ങനത്തെ ഒരു മണോം,ഗുണോം ഇല്ല.എന്തായാലും ഫോണും കൊണ്ടിരിക്കുന്നതുംകാണുന്നില്ല.ഓ അതും നന്നായി..
_ഡാ ഗോപൂ ..ബുക്കെടുത്തു പഠിക്കുന്നുണ്ടോ.. ഇടക്കിടക്ക് ശബ്ദം കേൾക്കാം
അവന് മൊബൈലിൽ കളികൂടുതലാണ് എന്നറിയാം.തമ്മിൽ അടികൂടലുമുണ്ട്.ഇടപെടില്ല ഒന്നിലും.ചിലപ്പോൾ ചൂരലും എടുത്ത് രണ്ടാൾക്കും തലങ്ങും,വിലങ്ങും കൊടുക്കുന്നത് കാണാം.
ആ മൃദുലയാണ് ഇപ്പോ രണ്ടാഴ്ചയായിട്ട് ഇങ്ങനെ..
എത്ര വൈകി വന്നാലും മുഖത്തു ക്ഷീണ ഭാവമേയില്ല. ചുണ്ടിൽ എപ്പോഴും തത്തിക്കളിക്കുന്ന പുഞ്ചിരി.കുട്ടികളോടുമില്ല ദേഷ്യം.കഴിക്കാനുള്ളത് ഒക്കെ ഉണ്ടാക്കിക്കൊടുത്ത് ശാന്തമായ മുഖഭാവത്തോടെ.
_ഈ അമ്മക്കെന്താ പറ്റിയത് ചേച്ചീ..ഗോപു മൊബൈൽ താഴ്ത്തിവെച്ചിട്ടു ചോദിക്കുന്നത് കേട്ടു.
_ആ..എനിക്കറിയാൻ വയ്യ.ബുക്കിൽ മുഖം പൂഴ്ത്തി ദർശന പറഞ്ഞു.
അമ്മക്കിതെന്താ പറ്റിയതെന്നു അവളും ചിന്തിക്കാൻ തുടങ്ങിയിരുന്നു.
ആരോടും പഠിക്കാനോ,മൊബൈൽ കളിക്കരുതെന്നോ,ജോലി ചെയ്യാനോ പറയുന്നില്ല.വാശിയില്ല..ബഹളമില്ല.
എപ്പോഴും മൂളിപ്പാട്ടാണ്.ഇയർ ഫോൺ ചെവിയിൽ വച്ച്, ഏപ്രണിന്റെ പോക്കറ്റിൽ ഫോൺ വച്ചിട്ട് പാട്ടു കേൾക്കലാണ്‌.നിശബ്ദമായ പാദചലനങ്ങൾ.
_അമ്മേ എന്നെ ഒന്നു പഠിപ്പിക്ക്യോ.. ഗോപു നീട്ടി വിളിച്ചു.
മറുപടിയില്ല.
അവൻ അടുക്കളയിലേക്ക് ചെന്നു.മൂളിപ്പാട്ടിന്റെ അകമ്പടിയോടെ മീൻ കറി വക്കുകയായിരുന്നു അവൾ..
_നീ പഠിക്കൂ..മോനേ. അമ്മക്കിത്തിരി ജോലിയുണ്ട്.
അവൾ പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ തിരിച്ചു വന്നു.ദർശനയും പതിവില്ലാതെ വായിച്ചു പഠിക്കുന്നു.ആകെ ഒരു മാറ്റം.
_ഏയ്‌ എന്താ ഒന്നും മിണ്ടാത്തത്..എന്തോ ടെൻഷൻ ഉണ്ടല്ലോ..
വാട്സ് ആപ്പിൽ തെളിഞ്ഞ യമുനയുടെ മെസ്സേജ്.
_ഒന്നൂല്ലാ..
അയാൾ ടൈപ്പി.കൂടുതലൊന്നും എഴുതാൻ അയാൾക്ക്‌ തോന്നിയില്ല.ഓഫ് ലൈൻ ആക്കി.
മൃദുല നാലുദിവസമായി അയാളോട് സംസാരിച്ചിട്ട്. നിശബ്ദമായി എല്ലാ ജോലിയും ഒതുക്കിയിട്ട് മൊബൈലിൽ എന്തോ തിരയുന്നത് കാണാം..ടൈപ്പ് ചെയ്യുന്നത് കാണാം.
പ്രണയ ഭാവങ്ങളല്ലേ ഇതെല്ലാം..11 മണിയാകുമ്പോൾ ഊർജ്വസ്വലതയോടെ കിടക്കയിലേക്ക്..മൂളിപ്പാട്ടുമുണ്ട്.അയാൾ വേവലാതിപ്പെടാൻ തുടങ്ങി.
കിടക്കുന്നതിനു മുൻപ് കുളിക്കുന്നതും പതിവാക്കിയിരിക്കുന്നു.മദിപ്പിക്കുന്ന പിയേഴ്സിന്റെ മണം അയാളെ ഉന്മത്തനാക്കി. പതുക്കെ ചേർന്നു കിടന്നു.
മൃദുല ലേശം അകലം പാലിച്ചു.തിരിഞ്ഞു കിടന്നു.പെട്ടെന്ന് ഉറങ്ങുകയും ചെയ്തു.മുൻപ് അങ്ങനെ ആയിരുന്നില്ല.. അയാളെ കെട്ടിപ്പിടിച്ചേ അവൾ ഉറങ്ങുകയുള്ളൂ..
അയാൾക്കന്ന് ഉറക്കം വന്നതേയില്ല.തീയെരിയുന്നത് പോലെ.സ്വന്തമെന്നു കരുതിയ മാണിക്യം,ആർക്കും വേണ്ടെന്നു കരുതിയത് ചാരത്തിൽ പൊതിഞ്ഞിട്ടത്..ആരോ പൊടി തട്ടിയെടുത്തതുപോലെ..ആരിലേക്കോ പ്രഭ ചൊരിയുന്നത് പോലെ.
അരണ്ട വെളിച്ചത്തിൽ ഒരു ദേവിയെപോലെ തോന്നിച്ചു..
പതുക്കെ ചേർന്നു കിടന്നു.
കൂക്കറിന്റെ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.വാച്ചു നോക്കി.നാലുമണി.എണീറ്റു..
അവൾ മൊബൈലിൽ എന്തോ എഴുതുന്നു.
അയാൾ എണീറ്റത് കണ്ട് അവൾ മുഖമുയർത്തി.പിന്നെയും ഫോണിലേക്ക്.
_ഇപ്പോഴേ നീ എണീറ്റോ..ഇത്തിരീം കൂടി കിടന്നുകൂടേ. അയാൾ ചോദിച്ചു.
_എന്നും ഇതുപോലെ നാലുമണിക്കാ എണീക്കുന്നത്.അതും പറഞ്ഞിട്ട് അവൾ അടുക്കളേലോട്ടു പോയി.
തേങ്ങ തിരുമ്മുന്ന ശബ്ദം.
ചെന്ന് തേങ്ങാ ചുരണ്ടിക്കൊടുക്കണം എന്നൊക്കെ അയാൾക്ക്‌ തോന്നി.എന്തോ ഒരു ചമ്മൽ.
പോയിക്കിടന്നു.ഉറക്കം വരുന്നില്ല.നേരത്തെ തന്നെ ദർശനയും,ഗോപുവും എണീറ്റു വെന്നു തോന്നുന്നു.രണ്ടാളും പഠിക്കുന്നു.
അയാളും എണീറ്റു.പത്രം വായിക്കാൻ തോന്നുന്നില്ല.വെറുതെ വാട്സ് ആപ് തുറന്നു.ധാരാളം മെസേജുകൾ.
_ഇന്നലെ ഗുഡ് നൈറ്റ് തന്നില്ല.. യമുനയുടെ പരിഭവങ്ങൾ.
മയിൽപ്പീലിയുടെ വർണ്ണ ഭംഗിയിൽ ചിരിക്കുന്ന സുന്ദര മുഖത്തോടെ യമുന..
അതൊരു പതിവാണ്.പല രീതിയിൽ ഫോട്ടോ പതിപ്പിച്ച ഗുഡ് മോർണിങ്ങും,ഗുഡ് നൈറ്റും..അതു കണ്ടില്ലേൽ ഒരു വിഷമമാണ്.
ഗ്രൂപ്പിൽ നിറയെ മെസ്സേജ്‌സ്.എന്തോ ഒന്നും വായിക്കാൻ തോന്നിയില്ല.
ദർശനയും,ഗോപുവും അവരവരുടെ ജോലികൾ ചെയ്യുന്നു.ദർശന പതിവില്ലാതെ വീടും,മുറ്റവും ഒക്കെ തൂത്തിടുന്നു.
8 മണിയായി.ജോലിയെല്ലാം ഒതുക്കി ഒരു സുന്ദരമായ ചുരീദാറിൽ ഒരുങ്ങിയിറങ്ങിയ മൃദുലയെ ആദ്യം കാണുന്നതുപോലെ രഘുനാഥ് നോക്കി.
നേർത്ത മൂളിപ്പാട്ടോടെ പുറത്തിറങ്ങി,പിന്നെ വീണ്ടും അകത്തു കയറി ,രണ്ടാമത് ഒന്നുകൂടി കണ്ണാടി നോക്കി,മാച്ചു ചെയ്യുന്ന മറ്റൊരു പൊട്ടിട്ട്, ഒരു ചന്ദനക്കുറി കൂടി ഇട്ടിട്ട് പുറത്തിറങ്ങുന്ന മൃദുല..മറന്നുപോയ ഇയർ ഫോൺ ഗോപൂനെ കൊണ്ട് എടുപ്പിക്കുന്നത് കണ്ടു.
ഹൃദയം നുറുങ്ങുന്നത് പോലെ രഘുനാഥിനു തോന്നി.അയാളോട് യാത്രപോലും പറയാതെ ചടുലതയോടെ അവൾ ആക്ടീവായിൽ കയറിയപ്പോൾ ഗോപു ഓടിച്ചെന്ന് ഉമ്മകൊടു ക്കുന്നു.ദർശന അടുത്തുണ്ടായിരുന്നു.
_എല്ലാം എടുത്തു കഴിച്ചോണം കേട്ടോ.മൃദുല പറഞ്ഞു.ദർശന തല കുലുക്കി.
രഘുനാഥ്‌ ആലോചിച്ചു.കല്യാണത്തിന്റെ ആദ്യ നാളുകൾ.
ഇപ്പോ യമുനയായിട്ടുള്ള അടുപ്പം അയാളെ മറ്റൊരു ലോകത്താക്കിയിരുന്നു.
അവൾക്ക് വല്ലാത്ത ആകർഷണീയതയാണ്.കൊതിപ്പിക്കുന്ന സൗന്ദര്യവും,മധുരം കിനിയുന്ന ശബ്ദവും.ഭർത്താവ് ഗൾഫിലാണ്.രാത്രിയും,പകലും വാട്‌സ് ആപ്പിലൂടെയും,ഫോണിലൂടെയും ചെറിയ ശൃംഗാരങ്ങൾ.
അപ്പോഴൊക്കെയും വലിഞ്ഞു കേറി വരുന്ന മൃദുല.എവിടെയൊക്കെയോ നഷ്ടപ്പെട്ട പ്രണയഭാവങ്ങൾ.
ഇപ്പോൾ മൃദുല ഒരു നോവായി മാറുന്നു.അവളും ആരുമായോ അടുപ്പത്തിലായി കഴിഞ്ഞു എന്ന് അയാൾക്ക്‌ മനസിലായി .ചങ്കു പറിച്ചെടുക്കുന്നതുപോലെ, രക്തം ചീറ്റിത്തെറിക്കുന്നതുപോലെ.
അന്നും അയാൾ നേരത്തെ എത്തി.കുട്ടികൾ ട്യൂഷൻ കഴിഞ്ഞിട്ടു വന്നിരുന്നു.അവർക്കും പക്വത വന്നു..
ആറര മണിയോടെ യാത്രയുടെ യാതൊരു ക്ഷീണവും ഇല്ലാതെ ,ചെറിയ പുഞ്ചിരിയോടെ കയറിവരുന്ന മൃദുല.
ദർശന ചയയുണ്ടാക്കി അമ്മക്കു കൊടുക്കുന്നു.ഗോപു അടുത്തേക്കു ചെന്നു.അവനെ മടിയിലിരുത്തി ചായ കുടിക്കുന്നു
_നല്ല രുചിയുണ്ട്‌ മോളേ..
അവർ അമ്മയും,മക്കളും ഒരുമിച്ച്..
താനാരുമല്ലാതായതുപോലെ രഘുനാഥിന് തോന്നി.മക്കൾ രണ്ടാളും വലുതായിട്ട് തന്നോട് മിണ്ടാറില്ല.ആശയ ദാരിദ്ര്യമാണ്.
ഇപ്പോൾ എന്തൊക്കെയോ അവരോടു മിണ്ടണം എന്ന് അയാൾക്ക്‌ തോന്നി.ഇല്ലേൽ ഭ്രാന്തു പിടിക്കുമെന്നും.
_നീയിന്നു താമസിച്ചോ.?അയാൾ അങ്ങോട്ടേക്ക് ചെന്നു.
അവൾ ഇല്ലാന്നു തലയാട്ടി.
അവൾ നേരത്തേ കുളിക്കാനായി പോയി..കുളി കഴിഞ്ഞിട്ട് അടുക്കളേൽ കയറി.ചപ്പാത്തി പരത്തുകയാണ്.
മക്കൾ പഠിക്കുന്നു.
_ഞാൻ പരത്താം.അയാൾ ഗോതമ്പ് ഉരുട്ടി.അവളൊന്നും മിണ്ടിയില്ല.
പരത്തിക്കൊടുത്തത് ഓരോന്നായി ചുട്ടുക്കൊണ്ടിരുന്നു.
_പിയേഴ്‌സിന് നല്ല മണമാ അല്ലേ? അവൾ അടുത്തേക്കു വന്നപ്പോൾ അയാൾ മന്ത്രിച്ചു.ശബ്ദം വിറയാർന്നിരുന്നു.
എപ്പോഴോ അവളുടെ കൈകളിൽ അയാൾ സ്പർശിച്ചു.കോരിത്തരിക്കുന്നത് പോലെ തോന്നി.ഏതോ മൃദുലതയിൽ കൈ അമർന്നതുപോലെ.ചേർത്തു നിർത്തി ,കെട്ടിപ്പുണർന്ന് ഉമ്മകൾ കൊണ്ടു മൂടാൻ കൊതിച്ചു.
അവൾ അതൊന്നും അറിഞ്ഞതേയില്ല എന്നു തോന്നുന്നു.നിശബ്ദത.
എത്രെയോ നാളുകൾക്കു ശേഷം നാലാളും ഒരുമിച്ചിരുന്നു ചപ്പാത്തി കഴിച്ചു.ഗോപു എന്തൊക്കെയോ തമാശകൾ പറയുന്നു.എല്ലാരും ചിരിച്ചു.
അയാൾ നേരത്തേ കിടന്നു.അവൾ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്.അപ്പോൾ അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി അയാളെ അസ്വസ്ഥനാക്കി.
വന്നു തിരിഞ്ഞു കിടന്ന അവളെ ബലമായി അയാൾ തന്നിലേക്ക് ചേർത്തുകിടത്തി.
_നീ എന്നിൽ നിന്നും അകലുന്നു അല്ലേ.. എനിക്ക് വയ്യാ..
ഇരുട്ടിൽ അമരുന്ന അവളുടെ തേങ്ങലുകൾ.
_നീ എന്റെ മാത്രാ.മറ്റൊരാളുടെയാകാൻ ഞാൻ സമ്മതിക്കില്ല.
.അയാൾ പുലമ്പിക്കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.
_നിന്റെയീ മാറ്റം എനിക്ക് പേടിയാകുന്നു മോളേ..
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളെ കെട്ടിപ്പിടിച്ചു..
_പിന്നെ ഞാനെന്തു ചെയ്യണമായിരുന്നു രഘുവേട്ടാ..ഭ്രാന്തു പിടിക്കുമെന്ന് തോന്നിയപ്പോൾ..മറ്റൊരാളെ രഘുവേട്ടൻ കൂടെ ക്കൊണ്ട് നടന്നപ്പോൾ ..ഞാൻ എന്നെ ,പ്രകൃതിയെ ,പാട്ടിനെ ഒക്കെ സ്നേഹിക്കാൻ തുടങ്ങി.
ഇരുൾ മൂടിക്കിടന്ന എന്റെ മനസ്സിന്റെ കവിതകളെ ഞാൻ പൊടിതട്ടിയെടുത്തു.അതെല്ലാം കുറിച്ചപ്പോൾ ആരൊക്കെയോ അംഗീകരിച്ചു തുടങ്ങിയപ്പോൾ..ജീവിതം എന്നെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി രഘുവേട്ടാ..
ഒരു പാവം പെണ്ണിന് ഇതല്ലാതെ മറ്റെന്തു ചെയാനാകും..
ഒന്നും മിണ്ടാതെ മിണ്ടി അവരങ്ങനെ കിടന്നു.പുലരിയിലെ വെള്ളിമേഘങ്ങളെ സ്വപ്നം കണ്ടുകൊണ്ട്..(re)
സ്വപ്ന.എസ്‌.കുഴിതടത്തിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot