Slider

പെരുന്നാള്‍പ്പിറകാണുന്നവര്‍.

0


അകലെ ആകാശത്തെവിടെയോ
ഒരു നിലാവിന്‍റെ പൊട്ടുദിക്കും.
ഇന്നലെവരെ ഇശലുകള്‍ മുഴങ്ങിയ
പുണ്യരാവുകള്‍ നിശബ്ദമാവുമ്പോള്‍
പുലരാനായി നിങ്ങള്‍ കാത്തിരിക്കും .
തുറന്ന അത്തറിന്‍ കുപ്പിയില്‍നിന്നും
മനം നിറയ്ക്കുന്ന സുഗന്ധം നിങ്ങള്‍
പുത്തന്‍ കുപ്പായത്തിലേക്കു പകരും .
പെരുന്നാള്‍ നിസ്കാരത്തിനു ശേഷം
പരസപരം കെട്ടിപ്പിടിച്ചു മുത്തംനല്‍കി
നീയും ഞാനും ഒന്നാണെന്നാമോദത്തോടെ
ലോകത്തോടുറക്കെ വിളിച്ചു പറയും .
വീട്ടിലെത്തുമ്പോള്‍ ദമ്മിട്ടടച്ച
ചെമ്പില്‍നിന്നും പുറത്തുചാടിയ
ബിരിയാണിയുടെമണം നിങ്ങളെ
ആര്‍ത്തു പുല്‍കി മത്തുപിടിപ്പിക്കും ;
സോപ്പിട്ടുകൈകഴുകി,
ബിരിയാണിമണം കളഞ്ഞ്
നിങ്ങള്‍ ടാബുകളില്‍
പോക്കിമോന്‍ കളിക്കും.
ടെലിവിഷനില്‍ പരസ്യത്തിനിടയ്ക്കു വരുന്ന
സിനിമയും പാട്ടും തമാശകളും കാണും. ആഘോഷക്കൂട്ടങ്ങളിലേക്കാണ്ടിറങ്ങി
ഈദ് രാവിന്‍റെ രസം നുകരും.
പക്ഷെ .....
ഞങ്ങളായിരിക്കും ആദ്യം പിറകാണുക,
ആകാശക്കുടയുടെ കരുതലില്‍
കാലം കഴിക്കുന്ന ഞങ്ങളല്ലാതെ
ലോകത്താരാണാദ്യം പിറകാണുക.
ഞങ്ങളുടെ കൂടാരത്തിലെ
കീറത്തുളകളില്‍ക്കൂടി വെളിച്ചം
ഒരു പെരുന്നാള്‍പിറപോലെ
എന്നും എപ്പോഴും നൂണ്ടുവരും .
ആണ്ടുമൊത്തംനോമ്പുനോല്ക്കുന്നഞങ്ങള്‍
കണ്ണുനീറിത്തുളച്ചിറ്റുന്ന ഓര്‍മ്മകള്‍മറന്ന്
പെരുന്നാളിനുവേണ്ടി കാത്തിരിക്കും.
മുഴങ്ങുന്ന വെടിയൊച്ചകള്‍ക്കിടയില്‍
കരളുരുകിയ ഞങ്ങളുടെ പ്രാര്‍ഥനകള്‍
കാറ്റത്തലിഞ്ഞുപറന്നു പോകും
യുദ്ധവിമാനത്തിന്‍റെ ഹുങ്കാരവത്തില്‍,
അഹങ്കാരത്തിന്‍റെ പോര്‍വിളികളില്‍,
ബാങ്കുവിളികള്‍ ഞെരിഞ്ഞമര്‍ന്നുപോകും .
ഗന്ധകഗന്ധം നിറഞ്ഞ പുലരിയില്‍
ശാപദുര്‍ഗന്ധംപേറുന്ന ഞങ്ങള്‍
കനവുവാറ്റിയ അത്തറില്‍ കുളിക്കും.
പഴകിക്കീറിയ കുപ്പായം മാറ്റാനില്ലാതെ
നോവുചുറ്റിപ്പൊതിഞ്ഞമനസ്സുമായി
ഞങ്ങള്‍ പെരുന്നാള്‍ നിസ്കരിക്കും .
ഉണങ്ങിയ റൊട്ടിമുറിയില്‍
കണ്ണീരിറ്റിച്ചു ബിസ്മി ചൊല്ലി ,
സങ്കടങ്ങള്‍ക്കു "ഖത്ത"മോതും.
നിറമുള്ള ഇന്നലെകള്‍ പുഴുങ്ങി
വയറു നിറയെ പെരുന്നാള്‍ സദ്യയുണ്ണും.
ചിതറിവീണ വെടിയുണ്ടകള്‍ പെറുക്കി
പൊളിഞ്ഞ പള്ളിയുടെ മിനാരച്ചുവട്ടില്‍
കളിവീടുവെച്ച് അച്ഛനുമമ്മയുംകളിക്കും.
തകര്‍ന്ന തെരുവിന്‍റെ നടുവില്‍ ഞങ്ങള്‍
പൊട്ടിയ ബോംബുചീളുകള്‍ കൊണ്ട്
കൊത്തം കല്ലാടിക്കളിക്കും....
തീഗോളങ്ങളുയിരെടുത്തില്ലെങ്കില്‍
ദുരിതങ്ങളുടെ പെരുന്നാള്‍തുടരും ...
------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo