
***********
ഇത് എന്റെ കല്ലുന്റെ മുറിയാണ് .വല്ലാണ്ട് വിഷമം വരുമ്പോ ഞാൻ ഇവിടെ വന്നിരിക്കും .അപ്പൊ അവള് ന്റെ കൂടുണ്ടെന്നു ഒരു തോന്നലാ.അത് എനിക്ക് ഒരുപാടു ആശ്വാസം തരും.
എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ , കല്യാണിക്കു ജന്മം കൊടുത്തിട്ടു ഞങ്ങളെ വിട്ടുപോയത്. അന്നത്തെ ആ അഞ്ചു വയസ്സുകാരന് പെൺകുട്ടികളെ ഇഷ്ടല്ലാരുന്നു. പ്രത്യേകിച്ച് എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെടുത്തിയ കല്ലുവിനെ..
ഞാൻ വളരും തോറും അവളോടുള്ള എന്റെ വെറുപ്പും വളർന്നു. അച്ഛൻ ഒരുപാടു തവണ ശ്രമിച്ചു എന്നെ പറഞ്ഞു മനസ്സിലാക്കാൻ.അവളുടെ തെറ്റുകൊണ്ടല്ല 'അമ്മ പോയതെന്ന്. പക്ഷെ അതൊന്നും ഞാൻ ചെവി കൊണ്ടില്ല. പഞ്ഞികെട്ടു പോലുള്ള ആ കുഞ്ഞിനെ ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല.
എന്റെ കളിപ്പാട്ടങ്ങൾ എടുത്തു കളിക്കുന്ന അവളെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും.നുള്ളിയും പിച്ചിയും ഞാൻ അവളെ വേദനിപ്പിക്കും.അവളുടെ കരയുന്ന മുഖം എനിക്കൊരു ഹരമായിരുന്നു.അതുകണ്ടു ഒരുപാടു ആനന്ദിച്ചിരുന്നു ഞാൻ.
ഒരിക്കൽ ഞാൻ ഹോംവർക്ക് ചെയ്തു കൊണ്ടിരുന്ന സമയത്തു ചേട്ടാ ന്നു കൊഞ്ചി വിളിച്ചുകൊണ്ടു എന്റെ തോളിൽ തട്ടിയ കല്ലുവിനെ ബുക്കിൽ വര വീണതിന്റെ പേരിൽ ഞാൻ പിടിച്ചു തള്ളി. ആ പിഞ്ചുതല മേശയിൽ ചെന്നിടിച്ചു. പൊട്ടി ചോര ഒലിക്കാൻ തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് ഓടി വന്ന അച്ഛൻ എന്നെ തല്ലി. അവളേം എടുത്തോണ്ട് ആശുപത്രിയിലേക്ക് ഓടി.
ചോര ഒലിപ്പിച്ചു കരഞ്ഞ അവളുടെ മുഖം എന്നിൽ സഹതാപം ഉണ്ടാക്കിയെങ്കിലും.അച്ഛൻ തന്ന തല്ലിന്റെ വേദനയും അമർഷവും എന്നിലെ വെറുപ്പ് കൂട്ടി. അന്ന് ആഹാരം കഴിച്ചു ഉറങ്ങുന്നതിനു മുൻപ് അച്ഛൻ എന്റടുത്തു വന്നു.തലയിൽ തടവിക്കൊണ്ട് പറഞ്ഞു...
"എന്താ എന്റെ മോൻ ഇങ്ങിനെ ...അത് നിന്റെ കുഞ്ഞുപെങ്ങളല്ലേ ..നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ മോനല്ലേ അവളെ വളർത്തേണ്ടത്..അവളുടെ കാര്യങ്ങൾ നോക്കേണ്ടത്...അവൾ കുഞ്ഞാണു മോൻ പലപ്പോഴും അത് മറക്കുന്നു...നിങ്ങള്ക്ക് രണ്ടുപേർക്കും വേണ്ടിയാണു അച്ഛൻ മറ്റൊരു വിവാഹത്തെ കുറിച്ചുപോലും ചിന്തിക്കാത്തതു... അച്ഛൻ അടിച്ചത് മോന് വിഷമിച്ചെങ്കിൽ ...അച്ഛനോടങ്ങു ക്ഷമിക്കട.."
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു എന്നിട്ടും എന്റെ മനസ്സിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.പക്ഷെ ഒരു ദിവസം അച്ഛന്റെ ഫ്രണ്ട് വാസുമാമന്റെ വീട്ടിൽ പോയപ്പോൾ അവിടുത്തെ അഭിച്ചേട്ടൻ കല്യാണിയെ സ്നേഹിക്കുന്ന കണ്ടപ്പോൾ എനിക്ക് അസൂയയോ , കുശുമ്പോ എന്തൊക്കെയോ തോന്നി.എന്റെ പെങ്ങളെ ഉമ്മ വക്കാൻ അവനെന്തു അവകാശം എന്ന് ഞാൻ ചിന്തിച്ചു.
അന്ന് വീട്ടിൽ വന്ന ഞാൻ അച്ഛനോട് ചോദിച്ചു ...അച്ഛൻ എന്തിനാ ആ അഭിച്ചേട്ടൻ കല്ലുവിനെ ഉമ്മ വക്കാൻ തമ്മസിച്ചേ...? അവനു അവളെ ഇഷ്ടായിട്ടല്ലേ മോനെ ഉമ്മവച്ചതു...നീ ഇതുവരെ കല്ലുവിന് ഒരു ഉമ്മ കൊടുത്തിട്ടുണ്ടോ...?അച്ഛന്റെ ആ ചോദ്യം എന്റെ നാവടക്കി ..ശരിയാണ് എന്റെ പെങ്ങളെ ഞാനിതുവരെ ഉമ്മ വച്ചിട്ടില്ല...ആ കുഞ്ഞുമുഖം കണ്ടാൽ ആർക്കും ഉമ്മ വക്കാൻ തോന്നും... അത്രയ്ക്ക് സുന്ദരികുട്ടിയാണ് എന്റെ പെങ്ങൾ...
പക്ഷെ എനിക്കെന്തോ അവളെ സ്നേഹിക്കാൻ പറ്റുന്നില്ല.അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ചലനമില്ലാത്ത അമ്മയുടെ മുഖമാണ് എനിക്ക് ഓർമ്മ വരുന്നത്.അത് അവളോടുള്ള ന്റെ അമർഷവും ദേഷ്യവും ഇരട്ടി ആക്കും.
അങ്ങിനെ കാലങ്ങൾ കൊഴിഞ്ഞു തുടങ്ങി കല്ലു ഋതുമതിയായി.ഒരു 'അമ്മ ഒപ്പമുണ്ടാകേണ്ട നിമിഷങ്ങൾ. അല്ലെങ്കിൽ ഒരു പെൺതുണ അത്യാവശ്യമായ സാഹചര്യങ്ങൾ. ആദ്യമൊക്കെ അഭിച്ചേട്ടന്റെ 'അമ്മ വന്നു കൂട്ടികൊണ്ടുപോകും . പിന്നെ പിന്നെ അതിന്റെ ആവശ്യമില്ലാതെ ആയി...
എനിക്ക് ഒരു ജോലി കിട്ടി ആദ്യ ശമ്പളത്തിൽ അച്ഛനൊരു മുണ്ട് വാങ്ങിക്കൊടുത്തു. അച്ഛൻ ചോദിച്ചു അവൾക്കൊന്നും വാങ്ങിയില്ലേ ന്നു ...ഞാൻ പോക്കറ്റിൽ നിന്നും അല്പം കാശ് എടുത്തു കൊടുത്തു അവൾക്കു കൊടുക്കാൻ പറഞ്ഞു.
പലപ്പോഴും ഓരോ സങ്കടങ്ങൾ പറഞ്ഞു അച്ഛനോട് അവൾ കരയുന്നതു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതലും എന്റെ പെരുമാറ്റം തന്നെ.
അങ്ങനിരിക്കെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ അവൾ അച്ഛന്റെ മടിയിൽ കിടന്നു കരയുന്നു.പക്ഷെ എന്റെ മനസ്സിന് അത് വല്യകാര്യമായി തോന്നിയില്ല. പക്ഷെ അന്ന് പതിവിൽ കൂടുതലായി അവൾ സങ്കടപ്പെട്ടിരിക്കുന്നു. അച്ഛനും അകെ വല്ലാതെ ഇരിക്കുകയാണ്.
അവൾ ഉറങ്ങാനായി പോയതിനു ശേഷം ഞാൻ അച്ഛന്റെ മുറിയിലേക്ക് ചെന്ന് അച്ഛനോട് കാര്യം അന്വേഷിച്ചു. അവൾ കോളേജിൽ പോകുന്ന ബസിലെ കണ്ടക്ടർ ന്തോ പണി കാണിച്ചു.അച്ഛന്റെ മുറിയിൽ നിന്നും ഇറങ്ങിയ ഞാൻ അവളുടെ മുറിയുടെ വാതിൽക്കലെത്തി.അൽപനേരം അവിടെ നിന്നു. കല്ലു കരച്ചിൽ നിർത്തിയിട്ടില്ല.
എനിക്കെന്തോ അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.സമയം വൈകിയെങ്കിലും എന്റെ സുഹൃത്ത് രാഹുലിനേം വിളിച്ചു ആ ബസ് മുതലാളീടെ വീട്ടിൽ പോയി. അവിടെ ചെന്ന് കാര്യങ്ങൾ സംസാരിച്ചു. ഇനി അവനെ ആ ബസിൽ കണ്ടാൽ എന്ത് പ്രശ്നം വന്നാലും തല്ലുമെന്നു ഉറപ്പിച്ചു പറഞ്ഞു. തല്ലാൻ തന്നെയാണ് പോയത് പക്ഷെ എന്തോ അതുവേണ്ടന്നു തോന്നി.
അതൊന്നും അവൾ അറിഞ്ഞിരുന്നില്ല. അങ്ങിനെ കാലം കൊഴിഞ്ഞു .അവളുടെ കല്യാണം ഉറച്ചു. അച്ഛന്റെ കൂടെ ഒരു താങ്ങായി നിന്നെങ്കിലും മനസ്സറിഞ്ഞു ഞാൻ ഒന്നും ചെയ്തില്ല.അവളെ അംഗീകരിക്കാൻ എനിക്കെന്തോ സാധിക്കുന്നില്ല.കല്യാണ സാരി എടുത്തു എന്നെ കാണിക്കാൻ ഓടി വന്നവളെ ഞാൻ കണ്ടഭാവം നടിച്ചില്ല.
ഇന്ന് അവളുടെ കല്യാണമാണ് .എല്ലാവര്ക്കും ദക്ഷിണ കൊടുക്കുന്നു .അത് കാണുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആദി. അവൾ എനിക്ക് ദക്ഷിണ നൽകും.എങ്ങിനെയാ ഞാനവളെ അനുഗ്രഹിക്ക.ഇന്നുവരെ ആ മുഖത്തു നോക്കി ഒന്ന് ചിരിക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.അപ്പോൾ പിന്നെ ആ നെറുകയിൽ തൊട്ടൊന്നു അനുഗ്രഹിക്കാൻ എനിക്കെന്തു യോഗ്യത.?
എന്റെ ഊഴം എത്തി.അച്ഛൻ എന്നെ വിളിക്കുന്നു.അവളുടെ മുന്നിൽ ഞാൻ ചെന്ന് നിന്നു.അവളുടെ മുഖത്തേക്ക് അപ്പഴും ഞാൻ നോക്കിയില്ല. പക്ഷെ ദക്ഷിണ തന്നു അവൾ എന്റെ കാലിൽ തൊട്ടു തൊഴുതപ്പോൾ അവളുടെ രണ്ടു തുള്ളി കണ്ണുനീർ എന്റെ കാലിൽ വീണു .എഴുന്നേറ്റു അവൾ എന്നെ ഒന്ന് നോക്കി .ഇല്ല അവളെ ആ നെറുകയിൽ തൊട്ടു അനുഗ്രഹിക്കാൻ എന്റെ കൈകൾ ഉയരുന്നില്ല.ഞാൻ അതികം നേരം നിൽക്കാതെ അവിടുന്ന് മാറി.
എല്ലാവരും ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ടു .എല്ലാം എടുത്തു ഇറങ്ങി വീടിന്റെ വാതിൽ പൂട്ടുമ്പോൾ എനിക്ക് മനസ്സിൽ ഒരു ഭാരം അനുഭവപെട്ടു .എന്താണിങ്ങനെ ..? ഞാൻ കാരണം തേടി...അതെ ആ സത്യം ഞാൻ മനസ്സിലാക്കുകയാണ് ...എന്റെ കുഞ്ഞുപെങ്ങൾ പടിയിറങ്ങിയിരിക്കുന്നു.ഇനി അവളുടെ ആ കാൽകൊഞ്ചലുകൾ ഈ വീടിന്റെ കോണുകളിൽ മുഴങ്ങില്ല. തനിക്കൊരു ശല്യമായി അവൾ ഇനി ഇ വീട്ടിലുണ്ടാകില്ല..21 വര്ഷം ഈ വീടിന്റെ ഓരോ മുക്കുകളെയും തലോടിയ ആ സ്പർശം...ആ പുഞ്ചിരി ഇനിയില്ല ... അവൾ മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുകയാണ് .
പക്ഷെ എനിക്ക് അവളെ ഇഷ്ടമല്ലലോ അപ്പോൾ ഞാൻ എന്തിനു വിഷമിക്കണം.ഇല്ല....അല്പം കുറ്റബോധത്തോടെ തന്നെ ഞാൻ ആ സത്യം മനസിലാക്കുന്നു. അവൾ .....അവൾ എന്റെ പ്രാണനാണ് . ഈശ്വര 21 വര്ഷം ആ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ.ഒരു ചേട്ടന്റെ കരുതൽപോലും കിട്ടാതെ അവഗണനയും സഹിച്ചു എന്റെ കുട്ടി വീർപ്പുമുട്ടി കഴിയുകയായിരുന്നല്ലോ ഈ വീട്ടിൽ.
അവളെ ഒന്ന് കെട്ടിപിടിച്ചു കരയാൻ എനിക്ക് തോന്നി.പക്ഷെ ....പക്ഷെ ...സമയം അതിക്രമിക്കുന്നു...ഞാൻ നേരെ ഓഡിറ്റോറിയത്തിലേക്കു പോയി. ആദ്യമായാണ് അവളുടെ പയ്യനെ ഞാൻ കാണുന്നത് , മനസ്സുകൊണ്ട്...
എന്റെ അളിയനെ ഞാൻ സ്വീകരിച്ചു കതിര്മണ്ഡപത്തിലേക്കു കൂട്ടി. അച്ഛൻ അവളെ കൈപിടിച്ച് മണ്ഡപത്തിലിരുത്തി . അവളുടെ കഴുത്തിൽ താലി ചാർത്തപ്പെട്ടു.അതെ എന്റെ കുഞ്ഞുപെങ്ങൾ ഒരു ഭാര്യയാകുന്നു. അപ്പോഴാണ് അച്ഛൻ അടുത്തേക്ക് വന്നു ചെവിയിൽ ഒരു കാര്യം പറഞ്ഞത്.
ഞാൻ തന്നെ അവളെ കൈപിടിച്ച് കൊടുക്കണമെന്ന് അവളൊരു ആഗ്രഹം പറഞ്ഞെന്നു. അത് കേട്ടൊരു നിമിഷം ഞാൻ മനസ്സുകൊണ്ട് അവളുടെ കാലുകളിൽ വീണു മാപ്പു ചോദിച്ചു.ഇത്രയും നാൾ ഇ സ്നേഹം കണ്ടില്ലെന്നു നടിച്ചതിനു. ഇ സ്നേഹത്തിനെ വെറുത്തതിന്...ദൈവമേ ഏതു ഗംഗയിൽ മുങ്ങികുളിച്ചാല ഞാൻ ഈ പാപത്തിനു മോക്ഷം നേടുക.
എല്ലാം മനസ്സിൽ അടക്കിപിടിച്ചുകൊണ്ടു.മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് എന്റെ അമ്മയെ ഓർത്തുകൊണ്ട് എന്റെ കുഞ്ഞുപെങ്ങളുടെ കൈ ഞാൻ പിടിച്ചു അവളുടെ പാതിക്കു നൽകി. എന്റെ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.അല്ലെങ്കിലും ആ കണ്ണുകൾ ഒഴിഞ്ഞ നേരമില്ലല്ലോ.പക്ഷെ ഇന്ന് ആ കണ്ണുകളിൽ ഒരു തിളക്കമുണ്ട്.എന്തോ നേടിയതിലുള്ള തിളക്കം.
ഊണൊക്കെ കഴിഞ്ഞു അവർ ഇറങ്ങുകയാണ്.ഒരിക്കല്കൂടി കല്ലു എല്ലാരോടും യാത്ര പറയുന്നു.അച്ഛന്റെ കാലുകളിൽ അവൾ ഒന്നുടെ തൊട്ടു. അവൾ എന്റെ അടുക്കലേക്കു വന്നു .കാലുകളിൽ തൊടാൻ ശ്രമിച്ച അവളെ അതിനു അനുവദിക്കാതെ ഞാൻ പിടിച്ചു എന്റെ നെഞ്ചോട് ചേർത്തു.
ആ പാവത്തിന്റെ ഇരുപത്തൊന്നു വർഷത്തെ കാത്തിരിപ്പാണ് ഈ നെഞ്ചിൽ ഒന്ന് അണയാൻ. ഏട്ടാ... എന്ന് വിളിച്ചുകൊണ്ടു പൊട്ടി കരയുകയാണ് എന്റെ കുഞ്ഞുപെങ്ങൾ.കുഞ്ഞുനാളിൽ ഞാൻ തെള്ളിയിട്ടപ്പോൾ കരഞ്ഞ അതെ സൗന്ദര്യത്തോടെ.അൽപനേരം അവൾ എന്റെ നെഞ്ചിൽ അങ്ങിനെ നിന്നു.പോകാൻ സമയമായിരിക്കുന്നു. ആ നെറുകയിൽ ഒരു മുത്തം ചാർത്തിക്കൊണ്ടു ഞാൻ തന്നെ അവളെ വണ്ടിയിലേക്ക് കൈപിടിച്ചിരുത്തി.
എന്നെ തിരിഞ്ഞു നോക്കി നോക്കി ആ വാഹനം അകലത്തേക്കു മറഞ്ഞു.
എന്നെ തിരിഞ്ഞു നോക്കി നോക്കി ആ വാഹനം അകലത്തേക്കു മറഞ്ഞു.
ഇന്ന് ഈ മുറിയിലിരിക്കുമ്പോൾ ന്റെ മനസ്സ് ശൂന്യമാണ് ..കാരണം ഒരിക്കൽ 'അമ്മ പോയ വഴിയേ അവളും പോയിരിക്കുന്നു . ഞാൻ സ്നേഹിച്ചു തുടങ്ങും മുൻപ് ഒരു ജന്മത്തിന്റെ വാത്സല്യം നൽകി എനിക്ക് സ്നേഹിക്കാനായി ഒരു കുഞ്ഞു കല്ലുവിനെ സമ്മാനിച്ചിട്ടു അവളും അവളുടെ പാതിയും ഒരു ആക്‌സിഡന്റിൽ...........
കിരൺ കൃഷ്ണൻ...
08 / 16
08 / 16
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക