നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മർഡർ @ദി മാൾ - Part 4 Final

Image may contain: 2 people, people smiling, text

സമയം സന്ധ്യയോടടുത്തിരുന്നു.
ടൌൺ പോലീസ് സ്റ്റേഷൻ
മഞ്ജിത്തിന്റെ കയ്യിൽ നിന്നും കിട്ടിയ സെയ്തലവിയുടെ ഫോൺ വിശദമായി പരിശോധിക്കുകയായിരുന്നു എഡ്വേർഡ് ..
താൻ തേടിക്കൊണ്ടിരിക്കുന്ന ആ തുമ്പിനുവേണ്ടി അയാൾ തന്റെ മുന്നിലുള്ള എല്ലാ സാധ്യതയും ഉപയോഗിക്കുകയായിരുന്നു.
വിശപ്പും ദാഹവും പോലും മറന്ന്‌ ക്ഷൗരം ചെയ്യാത്ത മുഖവുമായി അയാൾ തന്റെ ചെയ്തികളിൽ മുഴുകി.
കൊല്ലപ്പെട്ട സെയ്തലവിയുടെ ഫോൺ ഉപയോഗിച്ചാണ് മൻജിത് ജയദേവന് അവസാനം മെസ്സേജയച്ചത്. തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ കൊലയാളി അതിസാമർത്ഥ്യം കാണിച്ചിരിക്കുന്നു.
അതോ പോലീസിനെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കാനോ.?
എത്ര സമർത്ഥനായ കുറ്റവാളിയും ഒരു തെളിവ് അവശേഷിപ്പിക്കും..
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവിന് വേണ്ടിയാണ് എഡ്വേർഡ് തിരയുന്നത്.
മിസ്റ്റർ എക്സിലേക്ക് കൈ ചൂണ്ടുന്ന ഒരേയൊരു തെളിവ്..
എഡ്വേർഡ് ഫോണിന്റെ ഉള്ളറകളിലേക്ക് ചെന്ന് ഓരോ ഫോൾഡറും തിരയുകയായിരുന്നു. തുറന്നിട്ട ജനാലയിൽക്കൂടി അകത്തേക്ക് വരുന്ന നഗരത്തിന്റെ ബഹളങ്ങൾ അയാളെ അലട്ടുന്നുണ്ടായിരുന്നില്ല.
അയാളുടെ മനസ്സ് ഒരു ധ്യാനത്തിലെന്നപോലെ ഏകാഗ്രമായിരുന്നു.
സെയ്തലവിയുടെ ഫാമിലി ഫോട്ടോയും കുറച്ച് വീഡിയോസും അതിൽ ഉണ്ടായിരുന്നു. അതൊന്നും അയാളുടെ ശ്രദ്ധ പിടിച്ചു പറ്റിയില്ല.
അവസാനം ബ്ലൂട്ടൂത് വഴി സെൻഡ് ചെയ്ത ഒരു വീഡിയോ അയാൾ പ്ലേ ചെയ്തു.
കൊല്ലപ്പെട്ട അനിതയുടെ വീഡിയോ ആയിരുന്നു അത്.. !
ഡേറ്റ് പ്രകാരം സെയ്തലവിയുടെ മരണശേഷം ആ ഫോണിലേക്കയച്ചത്
ആസന്നമായ മരണം അനിതയുടെ കണ്ണുകളിൽ ഭീതിയായി നിഴലിച്ചിട്ടുണ്ടായിരുന്നു.
..അനാഥയായ , സൃഷ്ടാക്കൾ ആരെന്നറിയാത്ത , ഒരു മേൽവിലാസം പോലുമില്ലാത്ത രോഷ്‌നിയുമായി മകൻ ആദം പ്രണയത്തിലായത്‌ ജോയ്‌ അലെക്സിന് അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. എത്ര നിർബന്ധിച്ചിട്ടും ആദം രോഷ്‌നിയെ മറക്കാൻ സമ്മതിക്കാതെ വന്നപ്പോൾ ജോയ്‌ അലക്സിന്റെ കുടിലബുദ്ധിയിൽ തെളിഞ്ഞ ആശയമായിരുന്നു നവമ്പർ ഒന്നാം തീയ്യതി നടന്നത്.
ആദവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി , അവന്റെ നിർദ്ദേശപ്രകാരമാണ് താൻ വന്നതെന്ന് രോഷ്‌നിയെ വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുവരാൻ അനിതയെ ഏൽപ്പിച്ചത് അയാളായിരുന്നു .
പൊതുസമൂഹത്തിൽ സർവസമ്മതനായ ഒരാളായിരുന്നു അയാളെങ്കിലും ആരുമറിയാത്ത മറ്റൊരു മുഖമായിരുന്നു അത്. ഒരു ഓൺലൈൻ പെൺ വാണിഭശൃംഖലയുടെ തലവനായിരുന്നു അയാൾ.
റിസോർട്ടിലെത്തിച്ച് തന്റെ കാസ്റ്റമേഴ്സിന് രോഷ്‌നിയെ കാഴ്ച വെക്കുക.
അവൾ തെറ്റായ രീതിയിൽ ജീവിക്കുന്നവളാണെന്നു ആദമിനെക്കൊണ്ട് വിശ്വസിപ്പിക്കുക.
ഇതായിരുന്നു അയാളുടെ പ്ലാൻ.
പക്ഷേ റിസോർട്ടിലുണ്ടായിരുന്ന ഒരാൾ അന്ന് രാത്രി പ്രശ്നമുണ്ടാക്കുകയും അയാളുടെ നിർദ്ദേശപ്രകാരം രോഷ്‌നിയെ തിരിച്ചു വീട്ടിലേക്കെത്തിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ജോയ്‌ അലക്സ്‌ അവിടെ വന്നിറങ്ങുന്നത്.
അയാൾ അനിതയെ അവളുടെ മുറിയിലേക്ക് പറഞ്ഞയച്ച് രോഷ്‌നിയെയും കൊണ്ട് സുഹൃത്തായ സെയ്തലവിയുടെ റൂമിലേക്ക്‌ പോയി. അലക്സിന്റെ മറ്റൊരു സുഹൃത്തായ പ്ലാന്റർ രാജശേഖരനും കുറച്ച് കഴിഞ്ഞ് അകത്തേക്ക് പോകുന്നത് സ്വന്തം റൂമിലെ ഡോർ ലെൻസിലൂടെ അവൾ കണ്ടു .....
പിറ്റേന്ന് അതിരാവിലെ അവർ മൂന്നുപേരും രാജശേഖരന്റെ പജേറോയിൽ കയറിപ്പോയെന്നും ,
പോകുന്നതിനു മുൻപ് വണ്ടിയുടെ ഡിക്കിയിലേക്കു ഒരു ചാക്കുകെട്ട് കയറ്റുന്നത് കണ്ടുവെന്നും വിവരിക്കുന്ന വീഡിയോ ആയിരുന്നു അത്.
കത്തിമുനയ്ക്ക് മുന്പിലെ കുമ്പസാരം കോടതി മുഖവിലക്കെടുക്കുമോ എന്നറിയില്ല. അനിത ഇപ്പോൾ ജീവിച്ചിരിപ്പുമില്ല.
പക്ഷേ ഇതൊരു ലീഡ് ആണ്.
മറഞ്ഞിരിക്കുന്ന പലതിലേക്കുമുള്ള ഒരു പാലം.
അയാൾ വീഡിയോ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.
അനിത ഇരിക്കുന്ന കസേരക്ക് പുറകിലെ ചില്ലുവാതിലിൽ വെളിച്ചം പ്രതിബിംബിക്കുന്നുണ്ട്. പെട്ടെന്ന് അയാളുടെ ദൃക്ഷ്ടി എന്തിലോ ഒന്നിൽ ഉറച്ചു.
ചില്ലുവാതിലിൽ പതിഞ്ഞ മങ്ങിയ ഒരു രൂപം... !
അനിതക്ക്‌ അഭിമുഖമായിരിക്കുന്ന ആളുടെ ചില്ലുവാതിലിലുള്ള പ്രതിബിംബം.
വളരെ പെട്ടെന്ന് തന്റെ ലാപ്ടോപ് സ്വിച്ച് ഓൺ ചെയ്ത് അയാൾ ഫോൺ അതിൽ കണക്ട് ചെയ്ത് വീഡിയോ വിശദമായി പരിശോധിക്കാൻ തുടങ്ങി. അത് പാതിരാവ് വരെ നീണ്ടു.
അവസാനം എല്ലാം തീർത്തു എഴുന്നേൽക്കുമ്പോൾ അയാളുടെ കൂടെ സുഹൃത്തായ നഗരത്തിലെ പ്രശസ്ത ചിത്രകാരനും ഉണ്ടായിരുന്നു.
എഡ്വേർഡിന്റെ മുന്നിലെ മോണിറ്ററിൽ പ്രഗത്ഭ അനിമേറ്ററും കൂടിയായ ചിത്രകാരൻ വരച്ച , നീണ്ട മുടിയുള്ള , ചാരക്കണ്ണുകളുള്ള ഒരാളുടെ ചിത്രമുണ്ടായിരുന്നു... !
---------------------------------
രണ്ട് ദിവസം കഴിഞ്ഞ് മഴച്ചാറലുള്ള ഒരു പകൽ...
കറുത്ത മേഘങ്ങൾ പകൽ വെളിച്ചത്തെ വിഴുങ്ങിയ തണുത്ത ഒരു ദിനമായിരുന്നു അത്
കയ്യിൽ പൂക്കളുമായി അയാൾ രോഷ്‌നിയുടെ ശവക്കല്ലറക്ക് മുൻപിലേക്ക് നടന്നു. അയാൾക്ക്‌ ആറടിയിലേറെ ഉയരവും അതിനൊത്ത വണ്ണവും ഉണ്ടായിരുന്നു.
താഴെ ഒരു ചെറുപ്പക്കാരൻ മുട്ടുകുത്തി മഴവെള്ളം വീണുചിതറുന്ന തണുത്ത കല്ലറമേൽ തല ചെരിച്ചുവെച്ചു കണ്ണടച്ചിരിക്കുന്നുണ്ടായിരുന്നു.
അവന്റെ മുഖത്തിനെ സ്പർശിച്ചു പൂക്കൾ ചിതറിക്കിടക്കുന്നു.
ആദം...
മെല്ലെ അയാൾ വിളിച്ചു.
ചെറുപ്പക്കാരൻ പിടഞ്ഞെണീറ്റു. അവന്റെ മുഖത്തുനിന്നും മഴവെള്ളം ഒലിച്ചിറങ്ങി. ഇളം മഞ്ഞ ജാക്കെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു അവൻ.
കട്ടിപ്പുരകങ്ങൾക്കു താഴെയുള്ള കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു.
..നീയിപ്പോഴും രോഷ്‌നിയെ ഓർക്കുന്നുണ്ടോ..?
അവൻ പെയ്യുന്ന മിഴികൾ അടച്ചു പിടിച്ച് നിശബ്ദനായി നിന്നു. തന്റെ ഹൃദയമിടിപ്പായിരുന്ന അവളെ എങ്ങനെ മറക്കാനാണ്.. ഉറങ്ങാൻ കിടന്നാൽ മുന്നിൽത്തെളിയുന്നത് മനുഷ്യരൂപം പൂണ്ട ചെന്നായ്ക്കൾ കടിച്ചുകീറിയ അവളുടെ
ശരീരമാണ്.
എങ്ങനെ മറക്കും മരണം വരെ..?
..മറക്കണം.
ചിലരുടെ ജന്മങ്ങൾ അങ്ങനെയാണ്.. അവരെ അംഗീകരിക്കാൻ ദുരഭിമാനം മറ്റുള്ളവരെ സമ്മതിക്കില്ല.
അവരുടെ ശരീരങ്ങൾ പുഴയിലും കായലിലും അനാഥമായി മരിച്ചുകിടക്കും... എക്കാലവും....
അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷേ കണ്ണുനീരിനും കെടുത്താൻ കഴിയാത്ത കനൽ അവിടെ എരിയുന്നത് ആദം കണ്ടു.
അവളുടെ കല്ലറയിൽ പൂക്കൾ വെച്ച് അയാൾ കുറച്ച് നേരം മുട്ട് കുത്തിയിരുന്നു.
...മാപ്പ്..
അയാൾ മന്ത്രിക്കുന്നുണ്ടായിരുന്നു.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് അയാൾ റോഡരുകിൽ പാർക്ക് ചെയ്ത . കാറിന്റെ അടുത്തേക്ക് നടക്കുന്നത് ആദം നോക്കിനിന്നു.
...നിങ്ങൾ ആരാണ്...?
അവന്റെ ശബ്ദം അയാൾ കേട്ടില്ലെന്നു തോന്നി. വണ്ടിയിൽ കയറി അയാൾ മഴച്ചാറലിനകത്തേയ്ക്കു വണ്ടിയോടിച്ചു പോയി.
ആദം കല്ലറയിൽ അയാൾ വെച്ച പൂക്കളിലേക്കു നോക്കി.
അതിന്റെ കൂടെ ഒരു സർജിക്കൽ ബ്ലേഡ് കൂടി ഉണ്ടായിരുന്നു... !
----------------------------------
വൈകുന്നേരം..
മഴ തോർന്നിട്ടും റോഡരികിലുള്ള മരങ്ങൾ അപ്പോഴും ചെറിയ ശബ്ദത്തോടെ പെയ്യുന്നുണ്ടായിരുന്നു.
അടുത്തുള്ള പാർക്കിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയെ വകവെക്കാതെ തന്റെ പതിവ് സായാഹ്നസവാരി ചെയ്തുകൊണ്ടിരിക്കുന്ന ഡി വൈ എസ്‌ പി റാം മാധവിന്റെ അടുത്തേക്ക് എസ്‌ ഐ എഡ്വേർഡ് ജീപ്പിൽ വന്നിറങ്ങി.
..ഗുഡ് ഈവെനിംഗ് സർ..
സല്യൂട്ടടിച്ചു കൊണ്ട് എഡ്വേർഡ് പറഞ്ഞു
ഗുഡ് ഈവെനിംഗ് എഡ്ഡി..
ട്രാക്ക് സൂട്ടിലായിരുന്ന അയാൾ നടത്തം നിർത്തി എഡ്വേർഡിനെ നോക്കി മന്ദഹസിച്ചു
... സർ... നമ്മുക്ക് കുറച്ച് നടക്കാം.
എനിക്ക് കുറച്ച് കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്...
അടുത്ത് തന്നെയുള്ള കടൽത്തീരം ചൂണ്ടി എഡ്വേർഡ് പറഞ്ഞു.
----------------------------------
താഴെ ഇരമ്പുന്ന കടലായിരുന്നു...
പാറക്കെട്ടിൽ വന്നടിച്ചു പാൽനുര ചിതറിക്കുന്ന തിരകളെ നോക്കി റാം മാധവ് നിശബ്ദനായി നിന്നു. അയാളെ സാകൂതം വീക്ഷിച്ചു കൊണ്ട് എഡ്വേർഡ് അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
..സർ
..ഞാൻ പോലിസ് ഫോഴ്സിൽ ജോയിൻ ചെയ്തത് മുതൽ സാറിനെ പരിചയമുണ്ട്. കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമാണ് .
സാറിനെ ഞാനെന്റെ ഗുരുവിന്റെ സ്ഥാനത്താണ് പ്രതിഷ്ഷ്ഠിച്ചത്..
എഡ്വേർഡിന്റെ ശബ്ദം ഇടറി.
..രോഷ്നിക്കേസുമായി സാറിന്റെ ബന്ധം എന്താണ്..? എന്താണ് എന്നിൽ നിന്നും ഒളിക്കുന്നത്..?
എഡ്വേർഡിന്റെ ചോദ്യം കേട്ട് അയാൾ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു
പിന്നെ തിരിഞ്ഞു എഡ്വേർഡിനെ നോക്കി.
കടൽക്കാറ്റിൽ അയാളുടെ മുടി ഇളകുന്നുണ്ടായിരുന്നു.
അയാളുടെ മുഖഭാവം സ്വാഭാവികമായി നിലകൊണ്ടത് എഡ്വേർഡ് ശ്രദ്ധിച്ചു.
മുഖത്തെ കണ്ണട ഊരി കണ്ണൊന്നു തിരുമ്മി അയാൾ പറഞ്ഞു.
...ഐ വാസ് എക്സ്പെക്ടിങ് ദിസ്‌ എഡ്ഡി... നീ എന്റടുക്കൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു.....
...മനസ്സിലുള്ളത് നിനക്ക് നേരെ ചോദിക്കാം. വളഞ്ഞ വഴിയുടെയും ഔചിത്യത്തിന്റെയും ആവശ്യമില്ല....
നിന്റെ ഊഹം ശരിയാണ്
ഐ ആം ദി മിസ്റ്റീരിയസ് മാൻ..
ഐ ആം മിസ്റ്റർ എക്സ്.. !
ഒന്നും ന്യായീകരിക്കുന്നില്ല..
എല്ലാം ഏൽക്കുന്നു...
ഇനി പറയുന്നത് ഒരു കൊടും കുറ്റവാളിയുടെ കുറ്റസമ്മതമായി നിനക്ക് രേഖപ്പെടുത്താം.
അതിൽ ഒരു നീണ്ട കഥയുണ്ട്. ഒരു പെണ്ണിന്റെ കണ്ണീരുണ്ട്.ഒരമ്മയുടെ തകർന്നുപോയ സ്വപ്നങ്ങളുണ്ട്..
ഒരുവർഷം മുൻപ് വരെ ഞാൻ അധികാരത്തിലും പണത്തിലും മദിച്ചു നടന്ന ഒരാളായിരുന്നു. അവിശുദ്ധമായ ബന്ധങ്ങൾ ഉണ്ടാക്കി. തെറ്റുകൾ ചെയ്ത് കൂട്ടി. കുറ്റബോധമില്ലാതെ..
ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായിട്ടായിരിക്കാം അന്ന് , നവമ്പർ ഒന്നാം തീയതി റിവർ സൈഡിലുള്ള റിസോർട്ടിൽ ജോയ്‌ അലക്സ് വാഗ്ദാനം ചെയ്ത വിശേഷപ്പെട്ട ഒരു സമ്മാനവും പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് ആ
പെൺകുട്ടി എത്തിയത്..
...അതെന്റെ മകളായിരുന്നു... !!
മാംസദാഹം തീർക്കാൻ ഒരു ചെന്നായെപ്പോലെ പതുങ്ങിയിരിക്കുന്ന ഒരാളുടെ മുന്നിലേക്ക്‌ അയാളുടെ സ്വന്തം രക്തത്തിൽ പിറന്ന മകൾ എത്തപ്പെടുന്ന ആ രംഗം ഒന്നോർത്തു നോക്കു.
ഒരച്ഛൻ അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും ദുരന്തപൂർണ്ണമായ സന്ദർഭം.. അല്ലേ..? !
അയാൾ ശബ്ദമില്ലാതെ ചിരിച്ചു
എഡ്വേർഡിന്റെ മുഖം വികാരരഹിതമായിരുന്നു.
താൻ എന്നും ഗുരുവായിക്കണ്ടിരുന്ന, ജേഷ്ഠസഹോദരനെപ്പോലെ ബഹുമാനിക്കുന്ന ഡി വൈ എസ്‌ പി റാം മാധവിന്റെ അപ്പോഴത്തെ വാക്കുകൾ കേൾക്കാൻ പാകപ്പെടുത്തിയ മനസ്സുമായിത്തന്നെയാണ് അയാൾ അവിടെയെത്തിച്ചേർന്നത്.
..രോഷ്നി...
എപ്പോഴോ പറ്റിപ്പോയ ഒരു തെറ്റിന്റെ ഓർമ്മചിത്രം പോലെ എന്നെ എന്നും അലട്ടിക്കൊണ്ടിരിക്കുന്ന മുഖം.
കുടുംബത്തിനും സമൂഹത്തിനും മുന്നിൽ ഞാൻ ഒളിപ്പിച്ച ആ വലിയ രഹസ്യം..
ജീവിതസാഹചര്യങ്ങൾ കൊണ്ട് വഴിതെറ്റിപ്പോയ മേരിയിൽ എനിക്കുണ്ടായ മകൾ. ഒരു ലോഡ്ജ് റെയ്ഡിനിടയിൽ ആണ് മേരിയെ ആദ്യം കണ്ടത്. പിന്നെ അതൊരു ബന്ധമായി മാറുകയായിരുന്നു.
മേരിയുടെ സ്വപ്നമായിരുന്നു എന്നെങ്കിലും ഒരു നല്ല ജീവിതം ലഭിക്കുകയെന്നത്.
പക്ഷേ എനിക്കവളെ അവഗണിക്കേണ്ടി വന്നു.
തന്റെ സ്വപ്‌നങ്ങൾ സഫലമാകാതെ രോഷ്‌നിയുടെ മൂന്നാമത്തെ വയസ്സിൽ മേരി മരിച്ചു.
ശേഷം ഒരു ഓർഫനേജിൽ ഞാൻ അവളെ ഏൽപ്പിച്ചു.
ഞാനായിരുന്നു അവളുടെ പഠനകാര്യത്തിലും മറ്റെല്ലാ കാര്യത്തിലും അജ്ഞാതനായ സ്പോൺസർ..
കുട്ടികളില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഒരു മകളായി അവളെ അംഗീകരിക്കാൻ ഞാൻ മനസ്സ് കൊണ്ട് ഒരുങ്ങുന്നതിനിടയിലാണ് അവളെ അരുതാത്ത സാഹചര്യത്തിൽ അന്ന് കണ്ടത്.
അനിതയോട് എത്രയും പെട്ടെന്ന് അവളെ തിരിച്ചു കൊണ്ടാക്കാൻ ആവശ്യപ്പെട്ട് ഞാനന്ന് അസ്വസ്ഥമായ മനസ്സോടെ അവിടെനിന്നിറങ്ങിപ്പോയി.
അമ്മയുടെ പാതയിലേക്കാണോ അവളുടെ പോക്ക് എന്നായിരുന്നു എന്റെ ചിന്ത. സ്വന്തം ചെയ്തികളുടെ പാപഭാരങ്ങളും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു.
പക്ഷേ നാലാം തീയ്യതി അവളുടെ ബോഡി കണ്ടുകിട്ടി.
..ഞാൻ ചെയ്തുകൂട്ടിയ തെറ്റിന് അവളാണനുഭവിച്ചത്..
അയാൾ അകലെ ഇരമ്പുന്ന കടലിലേക്ക് നോക്കി.
...പിന്നെന്തു കൊണ്ട് സർ ആക്ഷൻ എടുത്തില്ല. ജോയ്‌ അലക്സിന്റെ ചെയ്തികൾ അറിയുന്ന ആളെന്ന നിലക്ക് എല്ലാം എളുപ്പമായിരുന്നല്ലോ.
അതോ നാണക്കേട് ഭയന്നോ..?
എഡ്വേർഡിന്റെ സ്വരത്തിൽ പുച്ഛം കലർന്നിരുന്നു.
...അപ്പോഴത്തെ അവസ്ഥയിൽ ശരിയായിരിക്കാം. എന്റെ ഫാമിലി ലൈഫിനെപ്പറ്റിയാണ് ഞാൻ ആദ്യം ചിന്തിച്ചത് . ഞാൻ ഭാര്യയോട് രോഷ്നിയെപ്പറ്റി തുറന്ന് പറയാൻ തയ്യാറായി ഇരുന്നതാണ്..
അവളെ മകളായി കൂട്ടിക്കൊണ്ടുവരാൻ തീരുമാനിച്ചതാണ്. പക്ഷേ അതിനുമുൻപേ അവൾ പോയി. എന്റെ വായിൽ നിന്നു കേൾക്കാത്ത കാര്യം പത്രങ്ങളിലും മീഡിയയിലും വായിച്ചറിയുമ്പോഴുള്ള ഭാര്യയുടെ മാനസികാവസ്ഥയായിരുന്നു എന്റെ ഉറക്കം കളഞ്ഞത് .
ഞാൻ മീഡിയയെ ഭയന്നിരുന്നു. അവർ അടിവേരുമുതൽ വലിച്ചു പുറത്തിടും. അവൾ നാടറിയുന്ന ഒരു വേശ്യയുടെ മകളായിരുന്നെന്നു നാട്ടുകാർ അറിയും.
അവൾ മീഡിയയിൽ തെറ്റായി വാഖ്യാനിക്കപ്പെടും. അവളും അതുപോലെയായിരുന്നെന്ന് ജനങ്ങൾ വിധിക്കും.
ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അയാൾ തുടർന്നു.
..എല്ലാം ഉള്ളിലൊതുക്കി അടങ്ങിയിരിക്കാൻ ഞാൻ തീരുമാനിച്ചു.
അലെക്സിന് അത് സഹായകമായി.
സി സി ടി വി ഫൂട്ടേജ് അടക്കം എല്ലാം അവൻ നശിപ്പിച്ചു. തെളിവില്ലാതായി.
എന്റെ മനസിലെ പാപഭാരവും പകയും വളരാൻ തുടങ്ങി. എന്റെ രക്തത്തിൽ പിറന്ന ഒരേയൊരു സന്തതിയായ അവളെ സംരക്ഷിക്കാൻ പോലും കഴിയാത്ത പാപിയായ അച്ഛൻ.
അവൾക്ക് ആ ദുർഗതി വരാൻ കാരണം അവൾക്ക് നട്ടെല്ലുള്ള ഒരച്ഛൻ ഇല്ലാത്തതാണെന്ന് എന്റെ മനസ്സെന്നോട് പറയാൻ തുടങ്ങി.
എന്റെ ഉറക്കം പോലും നഷ്ടപ്പെട്ടു.
ഞാൻ എല്ലാം പ്ലാൻ ചെയ്തു.
അവളുടെ സന്തതസഹചാരിയായ മഞ്ജിത്തിനെ കോളേജിൽ പോയി കണ്ടതും അതിന് വേണ്ടിയായിരുന്നു.
അവൻ രോഷ്‌നിയുടെ മരണശേഷം മാനസികമായി തകർന്നിരുന്നു.
ഒരുതരം ഡിപ്രെഷനിലായിരുന്നു.
അവനെ നല്ല രീതിയിൽ ഉപയോഗിക്കാമെന്നെനിക്കു തോന്നി.
ഏതു രീതിയിലും ഏതു രൂപത്തിലും ഉപയോഗിക്കാൻ പറ്റുന്ന ആയുധമായിരുന്നു അവൻ .
ആറുമാസത്തിലധികം നീണ്ട തയ്യാറെടുപ്പായിരുന്നു പിന്നെ.
റിസോർട്ടിൽ നിന്നും അന്ന് താമസിച്ചവരുടെ ഡീറ്റെയിൽസ് എടുത്തു.
എല്ലാവരെയും കോൺടാക്ട് ചെയ്തത് മൻജിത് ആണ്.
എല്ലാം എന്റെ പ്ലാനാണ്..
ഓരോ കൊലക്കു മുൻപും ഇരയെക്കൊണ്ട് അവരുടെ ഫോണിൽ നിന്നും ജയദേവനെയും അത് കഴിഞ്ഞ് മഞ്ജിത്തിനെ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരവും ക്രൈംസീനിലെത്തിച്ചത് എന്റെ ബുദ്ധിയാണ്. പോലീസിന്റെ അന്വേഷണം വഴി തെറ്റിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
എന്റെ ഫോണിൽ ഷൂട്ട്‌ ചെയ്ത അനിതയുടെ വീഡിയോ സെയ്തലവിയുടെ മരണശേഷം അയാളുടെ ഫോണിലേക്കു ബ്ലൂട്ടൂത് വഴി സെൻഡ് ചെയ്തത് ഞാനാണ്. അവളെക്കൊല്ലുന്നതിനു മുൻപ് എന്താണ് സംഭവിച്ചതെന്ന് ദൃക്‌സാക്ഷിയായ അവൾ തന്നെ ലോകത്തോട് പറയണമെന്നെനിക്കു തോന്നി. ആ വീഡിയോ പോലീസിന്റെ കയ്യിൽ എത്തിപ്പെടണം എന്ന് ഞാൻ തീരുമാനിച്ചു.
ആ ഫോൺ , കവറിന്റെ കൂടെ ജയദേവന് കൊടുത്ത് അവിടെ നിന്ന് രക്ഷപ്പെടാനാണ് ഞാൻ മഞ്ജിത്തിനു നൽകിയ നിർദ്ദേശം..
പക്ഷേ ഹി ഡിഡ് മിസ്റ്റേക്ക്..
പക്ഷേ എല്ലാവരെയും ഉന്മൂലനം ചെയ്ത് ജയിലിൽ പോവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം...
ഞാൻ കുടുംബത്തെയാണോർത്തത്.
വേറാരും തുണയില്ലാതെ അവൾ ഒറ്റക്കാവും എന്ന തോന്നലിൽ നിന്നും ഞാൻ കളം മാറ്റിചവിട്ടാൻ തീരുമാനിച്ചു
അങ്ങനെയാണ് പോലീസിനെ അറിയിച്ചുകൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കിയത്. നഗരത്തിലെ ഏറ്റവും തിരക്കുള്ള സിറ്റി മാൾ തെരഞ്ഞെടുത്തത്.
ഭ്രാന്തായി തോന്നാം..
പക്ഷേ സാദ്ധ്യതകൾ രണ്ടായിരുന്നു.
ജോയ്‌ അലക്സ്‌ ജയദേവനെ ഷൂട്ട്‌ ചെയ്യും എന്നതിന് തന്നെയായിരുന്നു ഞാൻ കൂടുതൽ സാധ്യത കൽപ്പിച്ചത്.
തിരിച്ചായാലും...
രണ്ടായാലും റെഡ് ഹാൻഡഡ്‌ ആയി അവരിരൊരാൾക്കു പോലീസിന് കീഴടങ്ങേണ്ടി വരും..
ബട്ട്‌ യു വെർ സോ ഫാസ്റ്റ് എഡ്ഡി.. അത് സംഭവിക്കുന്നതിനു മുൻപേ താങ്കൾ അവിടെയെത്തി. ഞാനെന്നും നിന്നിൽ അഭിമാനം കൊണ്ടിരുന്നു.
റാം മാധവ് പറഞ്ഞു നിർത്തി.
സർ.. ഒരു മേലുദ്യോഗസ്ഥൻ എന്ന നിലയിൽ എല്ലാ ബഹുമാനത്തോടും കൂടിയുള്ള അവസാനത്തെ സലൂട്ടായിരുന്നു കുറച്ച് മുന്നേ ഞാൻ തന്നത്. നീതിയുടെ കാവലാളായ താങ്കൾ എന്ത് മെസ്സേജാണ് സമൂഹത്തിന് ഇതിലൂടെ നൽകിയത്.. നിയമം കയ്യിലെടുക്കാമെന്നോ. നാളെ അവരും ഇതുപോലെ ചെയ്‌താൽ പോലീസിനെങ്ങനെ തടയാൻ പറ്റും..?
എഡ്ഡി..
എന്റെ കയ്യിൽ ഇതിനൊന്നും ഉത്തരമില്ല.
കാക്കിയണിഞ്ഞാലും എത്രമാത്രം ഗൗരവം കാണിച്ചാലും ഉള്ളിന്റെയുള്ളിൽ ഏതൊരു പോലീസുകാരനും എല്ലാ ദൗർബല്യങ്ങളുമുള്ള ഒരു പച്ച മനുഷ്യനാണ്.. ഞാനും ഒരുവേള എന്നെ മറന്നു.. എന്റെ കടമകൾ മറന്നു.
ചെയ്തികളെ ഞാൻ ന്യായീകരിക്കുന്നില്ല.
അയാൾ എഡേർഡിന്റെ കണ്ണുകളിലേക്ക് നോക്കി.
എഡ്ഡി.. ഐ ഹാവ് എ റിക്വസ്റ്റ്..
ജോയ്‌ അലക്സ്‌ മരിക്കേണ്ടവനാണ്.
അവനെതിരെ തെളിവുകൾ വളരെ ദുർബലമാണ്.. അവൻ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടേക്കാം.
സോ.. ഗിവ് മി എ ചാൻസ് ടു ഫിനിഷ് ഹിം.
അയാളുടെ കണ്ണിൽ ഉന്മാദത്തിന്റെ ചുവപ്പ് പടരുന്നത് എഡ്വേർഡ് കണ്ടു.
ഹി മസ്റ്റ് ഡൈ...
അയാൾ പല്ല് കടിച്ചുകൊണ്ട് പിറുപിറുത്തു.
അയാൾ കിതക്കാൻ തുടങ്ങി.
സോറി സർ..താങ്കൾ നിയമത്തിനു കീഴടങ്ങിയെ പറ്റൂ. ഞാൻ ജില്ലാ പോലിസ് സുപ്രണ്ടിനു തെളിവുകൾ കൈമാറിക്കഴിഞ്ഞു.
ദേ ആർ ഓൺ ദി വേ..
കുറ്റവാളി ആരായാലും , കുറ്റത്തിലേക്കു നയിച്ച കാരണം എന്തായാലും നിയമത്തിനു കീഴടങ്ങണം..
അതല്ലേ സർ പലപ്പോഴും എന്നെ പഠിപ്പിച്ചിട്ടുള്ളത്..?
ആ വീഡിയോയിലെ ചില്ലുവാതിലിൽ പതിഞ്ഞ രൂപം അനിമേഷൻ സ്പെഷ്യലിസ്റ്റായ ആര്ടിസ്റ്റിനെക്കൊണ്ട് റീകൺസ്ട്രക്ക്റ്റ് ചെയ്യിച്ചപ്പോൾ എന്റെ മുൻപിൽ പതിഞ്ഞത് താങ്കളുടെ രൂപമാണ്.. .
നീണ്ട മുടിയുള്ള വിഗ്ഗും ചാരക്കളറുള്ള കോൺടാക്ട് ലെൻസും വെച്ച മിസ്റ്റർ എക്സ്.. !
താങ്കൾക്കു രോഷ്‌നിയുമായുള്ള ബന്ധം തെളിയിക്കാൻ ഞാൻ ഓർഫനേജ് വരെ പിന്നെയും പോയി..
പക്ഷേ അജ്ഞാതനായ സ്പോൺസർ അവിടെയും മറഞ്ഞിരുന്നു..
അവസാനം പഴയ ഒരാൽബത്തിൽ നിന്നും ഒരു ഓർഫനേജിന്റെ വാർഷിക പരിപാടിക്ക് പത്തുവയസ്സുകാരി രോഷ്‌നിയുടെ കൂടെ നിൽക്കുന്ന താങ്കളുടെ ഫോട്ടോ കണ്ടു.. സംശയനിവൃത്തിക്ക് മുൻപത്തെ ഡയറക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഉറപ്പിച്ചു..
ആ സ്പോൺസർ താങ്കളാണെന്ന്.
പിന്നെ ക്രൈം സീനിലെ മൂന്നാമത്തെ ഫൂട് പ്രിന്റ് .ആറടിയിലധികം ഉയരമുള്ള താങ്കളുടെ സൈസുമായി മാച്ചിംഗ് ആണ്.
രാജശേഖരന്റെ ക്രൈം സീനിൽ നിന്നും കിട്ടിയ പൊട്ടിയ ചെയിൻ ലോക്കറ്റ്..
ഓർമ്മകളിൽ എപ്പോഴോ എവിടെയോ പതിഞ്ഞ ആ ലോക്കറ്റ് നിങ്ങളുടേതാണെന്ന് എന്റെ ലാപ്ടോപ്പിലെ പഴയൊരു ഫോട്ടോയിൽ ഞാൻ കണ്ടെത്തി. നമ്മുടെ കുടുംബമൊന്നിച്ചു പോയ ഒരു ബീച്ചുയാത്രയുടെ ഫോട്ടോയിൽ .
നവമ്പർ ഒന്നാം തീയ്യതി റിസോർട്ടിലുണ്ടായിരുന്നെന്ന് താങ്കളുടെ മൊബൈൽ നമ്പറിന്റെ ടവർ റേഞ്ച് തെളിയിക്കുന്നു..
ജോയ്‌ അലെക്സിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്.. നിയമത്തിന്റെ മുന്നിൽ അയാൾ കീഴടങ്ങും.
എഡ്വേർഡിന്റെ സ്വരം ദൃഢമായിരുന്നു
രണ്ട് വാഹനങ്ങൾ അവിടെ വന്ന് നിന്നു. അതിൽ നിന്നും എസ്‌ പി ഋഷികേശും സി ഐ ഹമീദും കുറച്ച് പോലീസുകാരും ഇറങ്ങി.
..യു ആർ അണ്ടർ അറസ്റ്റ് മിസ്റ്റർ ഡി വൈ എസ്‌ പി..
...നിയമത്തിനും ജുഡിഷ്യറിക്കും കീഴടങ്ങുക. അതാണ്‌ ഇനി നിങ്ങളുടെ മുൻപിലുള്ള ഏക മാർഗ്ഗം...
റാം മാധവിനെ കൂട്ടിക്കൊണ്ട് എസ്‌ പി റിഷികേശ്‌ വാഹനത്തിനു നേർക്ക് നടന്നു.
തിരിഞ്ഞു എഡ്വേർഡിനെ നോക്കി.
..വെൽഡൺ എഡ്വേർഡ്..
ഹോൾ പോലിസ് ഫോഴ്സ് സല്യൂട്ട് യു ഫോർ യുവർ എക്സ്ട്രാ ഓർഡിനറി ഹാർഡ് വർക്ക്‌..
താങ്ക്യു സർ..
അയാൾ അപ്പോളടിച്ച സല്യൂട്ടിന് പതിന്മടങ്ങ് ശക്തിയായിരുന്നു.. !
വണ്ടിയിൽ കയറുന്നതിനു മുൻപ് റാം മാധവ് എഡ്വേർഡിനെ നോക്കി പുഞ്ചിരിച്ചു.
അയാൾ എന്തോ പറയുന്നുണ്ടെന്നു ചുണ്ടനക്കത്തിൽ നിന്നും എഡ്വേർഡിനു തോന്നി.
റാം മാധവിനെ കയറ്റിയ വാഹനം ദൂരേക്ക് മറയുന്നത് നോക്കി ഒരുനിമിഷം എഡ്വേർഡ് അനങ്ങാതെ നിന്നു.
പുറത്ത് റോഡിൽ മഴവെള്ളം ശക്തിയായി പതിച്ചു മുത്തുമണികൾ പോലെ ചിതറാൻ തുടങ്ങിയിരുന്നു.. ആകാശത്തു കറുത്തമേഘങ്ങൾക്കിടയിലൂടെയുള്ള നേരിയ വെളിച്ചം കറുത്ത മുടിവിരിച്ചിട്ട ഒരു പെണ്ണിന്റെ നിഗൂഢമായ ചിരി പോലെ തിളങ്ങി. മുഖത്തേക്കടിച്ച തണുത്ത കാറ്റിൽ അയാൾ ഒരുനിമിഷം കണ്ണടച്ച് നിന്നു.
..ഹി വിൽ ഡൈ....
അതല്ലേ റാം മാധവ് മെല്ലെ പറഞ്ഞത്.?
അയാളുടെ പോക്കറ്റിലെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
..ഇന്നെങ്കിലും എനിക്ക് നിങ്ങളെയൊന്നു കാണാൻ പറ്റുമോ..?
വാക്കുകളിൽ പരിഭവം.
മറുവശത്തു ഭാര്യയായിരുന്നു
..ഓക്കെ.. ഞാനിപ്പോ എത്താം .. ഐ ആം ഓൺ മൈ വേ..
ഒരു ചെറുപുഞ്ചിരിയോടെ എഡ്വേർഡ് ഫോൺ കട്ട് ചെയ്ത് ജീപ്പിലേക്കു കയറി.
മഴവെള്ളം തെറിപ്പിച്ചു കൊണ്ട് ജീപ്പ് പാഞ്ഞുപോയി..
----------------------------------
ഇരുട്ട് പരന്നു തുടങ്ങിയ നഗരത്തിനുമേൽ വീണ്ടും മഴ പെയ്തു.
ജോയ്‌ അലക്സിന്റെ നഗരത്തിലെ ഏതോ ഒരു കോണിലുള്ള രഹസ്യസങ്കേതം .
മഴ നനഞ്ഞ് അകത്തേക്ക് കയറിവന്ന റോസ്സിയെ അയാൾ അടിമുടി നോക്കി.
കയ്യിലിരുന്ന ഗ്ലാസ്സിൽ നിന്ന് ഒരിറക്ക് വിസ്‌ക്കി തൊണ്ടയിലേക്കിറക്കി അയാൾ അടുത്ത് നിറച്ചവെച്ച ഒരു ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടി.
..നീ ഒരുപാട് വൈകി.. അന്ന് ഞാൻ വൈകിയതിന് പ്രതികാരമാണോ റോസ്സി....?
അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി തെളിഞ്ഞു.
അവളുടെ വേഷം മുട്ടറ്റംഎത്തുന്നൊരു മഞ്ഞ സ്കേർട് ആയിരുന്നു. അതിന് താഴെ നനഞ്ഞ അവളുടെ കണങ്കാലുകളിലായിരുന്നു അയാളുടെ കണ്ണുകൾ.
അവൾ മുറിയിലെ സോഫയിൽ വന്നിരുന്ന് കയ്യിലെ വാനിറ്റി ബാഗ് സോഫയിലേക്കിട്ടു.
അയാൾ മുന്നിലെ ഗ്ലാസ്സിലേക്ക് ചൂണ്ടി അവളോട്‌ പറഞ്ഞു
..പിടിക്ക് തണുപ്പൊന്നു മാറട്ടെ... സത്യം പറയാമല്ലോ ഇന്നാണ് മനസ്സിനൊരു സ്വസ്ഥത കിട്ടിയത്.. കഴിഞ്ഞ ഒരാഴ്ച ഞാനനുഭവിച്ച ടെൻഷൻ... ഹോ..
ജോയ്‌ അലക്സ്‌ ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് ഇറക്കി.
..കുറച്ച് നേരം സ്വസ്ഥമായി ഇരിക്കണം.
അതിന് ആരുടേയും ശ്രദ്ധ ചെന്നെത്താത്ത ഇവിടെത്തന്നെ വേണം..കൂട്ടിന് നീയും..
രണ്ട് മൂന്ന് ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലാണ് ഞാൻ.. എന്റെ ജീവന് ഭീഷണിയുണ്ടത്രേ.. ആ എസ്‌ ഐ യുടെ കാര്യം.
ചുമ്മാ..
അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
കാലിയായ ഗ്ലാസ്സ് മേശമേൽ വെച്ച് ജോയ്‌ അലക്സ്‌ കുറച്ച് കാഷ്യു നട്സ് എടുത്ത് വായിലിട്ടു.
...ആ എസ്‌ ഐ , ജയദേവൻ കണ്ട റിസോർട്ടിലെ ആ അജ്ഞാതൻ ആരെന്നറിയണം എന്നായിരുന്നു അന്ന് എന്നോട് ചോദിച്ചത് ..
ഞാൻ പറഞ്ഞില്ല കേട്ടോ...
..അയാളുമായിട്ടുള്ള കണക്ഷൻ പുറംലോകത്തിനു അറിയാത്ത ഒരേടായി തുടരട്ടെ എന്ന് ഞാൻ കരുതി .
..പക്ഷേ....
ജോയ്‌ അലക്സ്‌ ഒരു നിമിഷം ചിന്തയിൽ മുഴുകി . അയാൾ ഗ്ലാസ്സിലേക്ക് പിന്നെയും മദ്യം ഒഴിച്ചുകൊണ്ടിരുന്നു.
..അയാളെ പോലീസ് അറസ്റ്റ് ചെയ്തത്രേ..
അയാളായിരുന്നത്രെ മിസ്റ്റർ എക്സ്..
ടോട്ടലി കൺഫ്യൂസിങ്..
അയാൾ നെറ്റി ചൊറിഞ്ഞു.
ആ.. അതൊക്കെ പോട്ടെ. നീയെന്താണൊന്നും മിണ്ടാത്തത്..
അയാൾ റോസ്സിയുടെ നേരെ തിരിഞ്ഞു.
അപ്പോൾ അയാളുടെ തൊട്ടടുത്തു അവൾ നിൽക്കുന്നുണ്ടായിരുന്നു...!
ഒരു വല്ലാത്ത ഭാവത്തോടെ ..
നിനക്കെന്തു പറ്റി..?
അയാളുടെ മുഖത്ത് ചോദ്യഭാവമായിരുന്നു.
അവളുടെ കയ്യിലെ സർജിക്കൽ ബ്ലേഡ് ട്യൂബ് ലൈറ്റിൽ തിളങ്ങി.
ശേഷം ജോയ്‌ അലെക്സിന് ഒന്ന് ഉമിനീരിറക്കാൻ പോലും കഴിയുന്നതിനു മുൻപ് അത് കഴുത്തിലെ ലക്ഷ്യസ്ഥാനത്തു ചുവന്ന വര വീഴ്ത്തി.
എന്താണ് സംഭവിച്ചത് എന്നറിയുന്നതിനു മുൻപേ ജോയ്‌ അലക്സ്‌ പുറകോട്ട് മറിഞ്ഞു വീണു.
അയാളുടെ കണ്ണിൽ അപ്പോഴും ചോദ്യഭാവമായിരുന്നു...
..റോസ്സി.. നീ...? !
അയാളുടെ വാക്കുകൾ മുറിഞ്ഞു.. നാക്കിൽ രക്തത്തിന്റെ നിറം പടർന്നു.
കണ്ണുകൾ പുറകോട്ട് മറിഞ്ഞു.
---------------------------------
റോസ്സി കോരിച്ചൊരിയുന്ന മഴയിലേക്ക് കാറിൽ നിന്നും ഇറങ്ങി നടന്നു.. കുറച്ചകലെ പുഴക്കരികിൽ ആദം നിൽക്കുന്നുണ്ടായിരുന്നു.
ഇന്ന് നവമ്പർ ഒന്ന്.. രോഷ്നി മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസം..
അവൾ ആദം നിൽക്കുന്നിടത്തേക്കു നടന്നു. കയ്യിലെ ചോര പുരണ്ട സർജിക്കൽ ബ്ലേഡ് അയാൾക്ക്‌ കൈമാറി.
...ചെയ്തിട്ടുണ്ട് നീ പറഞ്ഞത് പോലെ..
അയാൾ അതിലേക്കു നോക്കി ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് അവളോട്‌ പറഞ്ഞു.
..നിനക്ക് പോകാം..പറഞ്ഞുറപ്പിച്ച പ്രതിഫലം നിനക്ക് കിട്ടും.
ഇനി നമ്മൾ കാണില്ല..
അവൾ തിരിഞ്ഞനോക്കാതെ തന്റെ കാറിൽ കയറി.
സ്റ്റാർട്ട്‌ ചെയ്ത് പോകുന്നതിനു മുൻപ് റോസ്സി അവനോട് പറഞ്ഞു.
...നീയിപ്പോൾ ചെയ്തത് ഒരു പെണ്ണിന്റെ മാനത്തിന് പകരമാണെങ്കിൽ എനിക്ക് പ്രതിഫലം വേണ്ട.. മാനം നഷ്ടപ്പെട്ട് ജീവിക്കുന്നത് എത്ര ഭീകരമാണെന്ന് എനിക്കറിയാം...
റോസ്സിയുടെ കാർ കാഴ്ച്ചയിൽ നിന്ന് മറഞ്ഞു.
അയാൾ ആ സർജിക്കൽ ബ്ലേഡിൽ പറ്റിയിരുന്ന രക്തത്തിലേക്ക് നോക്കി. പിന്നെ അത് പുഴയിലേക്ക് ആഞ്ഞെറിഞ്ഞു..
അയാളുടെ മനസ്സിൽ അച്ഛൻ എന്നോ മരിച്ചിരുന്നു .. ഒരു മകന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ അയാൾക്ക് അച്ഛൻ ഒരു അപരിചിതൻ മാത്രമായിരുന്നു ..
കനത്തു പെയ്യുന്ന മഴയിലേക്ക് അയാൾ കനലെരിയുന്ന മനസ്സുമായി നടന്നുമറഞ്ഞു.
അവസാനിച്ചു
ശ്രീ
17/06/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot