Slider

സ്നേഹത്തിന്റെ മണം (കവിത )

0
Image may contain: 1 person, smiling, closeup and outdoor


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അമ്മയുടെ മണങ്ങളിൽ
ആദ്യമായി ഞാനറിഞ്ഞത്
മുലപ്പാലിന്റെയായിരുന്നു.
പറ്റിച്ചേർന്നു കിടന്നുറങ്ങുമ്പോൾ
കാച്ചിയ നീലി ഭൃംഗാദി എണ്ണയുടെ
മണമായിരുന്നു അമ്മയ്ക്ക്.
അമ്മയുടെ വിരൽ തുമ്പിൽ പിടിച്ചു
കുഞ്ഞു കാലുകളിൽ
നടന്നു തുടങ്ങിയപ്പോൾ
കാരം ഇട്ടു അലക്കിയ മുണ്ടിന്റെ
മണമായിരിന്നു അമ്മയ്ക്ക്.
പേടി തോന്നുമ്പോൾ ഒളിച്ചിരുന്നത്
ആ മുണ്ടിന്റെ തുമ്പിലാണല്ലോ...
പാടത്തു പണിയുന്ന അമ്മയ്ക്ക്
കൂട്ടുപോയപ്പോഴാണ്
അമ്മയുടെ വിയർപ്പിന്റെ മണമറിഞ്ഞത്.
ആ ഗന്ധമായിരിക്കും
എന്റെ ചോരയ്ക്കും
എന്ന് പറഞ്ഞു തന്നത്
അച്ഛനായിരുന്നു.
കൂലിപ്പണി കഴിഞ്ഞു വരുന്ന എന്നെ
അരികിലിരുത്തി,കൈപിടിച്ച്
കൈവെള്ളയിലെ
ചോര കക്കിയ പാടുകൾ നോക്കുമ്പോൾ,
അതിൽ ഉമ്മ വെക്കുമ്പോൾ
അമ്മയ്ക്ക് മരുന്നുകളുടെ മണമായിരുന്നു,
അമ്മ കിടപ്പിലായിരുന്നു.
അധ്വാനിക്കുന്ന പുരുഷന്റെ കൈകൾ
മയമില്ലാതെ
എന്നും ഇങ്ങനെയായിരിക്കും മോനേ
എന്ന് പറയുമ്പോൾ
അച്ഛൻ
ഒരൂന്നു വടിയുടെ ബലത്തിൽ
കഷ്‌ടിച്ചെഴുന്നേറ്റു നിൽക്കുകയായിരുന്നു.
അമ്മയ്ക്ക് കൂട്ടായി,
അച്ഛന് ആശ്വാസമായി
ഒരു നവ വധു ചൂടിയ
മുല്ലപ്പൂ മണം
വീട്ടിൽ നിറഞ്ഞപ്പോൾ
അമ്മയും അച്ഛനും ചിരിച്ചു,
ആ ചിരികൾക്കു
ഒരു വസന്തത്തിന്റെ
മുഴുവൻ സുഗന്ധവുമായുണ്ടായിരുന്നു.
അവരുടെ വസ്ത്രങ്ങളിൽ
മൂത്രത്തിന്റെ ഗന്ധം
പടർന്നു തുടങ്ങിയപ്പോൾ,
പരിഭവിച്ച അവളോട്‌
ഞാൻ പറഞ്ഞു:
നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ
ആ ഗന്ധം ശ്വസിച്ചാണ്
അവരുറങ്ങിയിരുന്നത്...
അവർക്കത് ആനന്ദമായിരുന്നു...
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo