Slider

ഒരു ബസ് ഓർമ്മകൾ...

0
Image may contain: 2 people, people smiling, people standing

കുറച്ചു നാളുകൾക്കു മുൻപ് ശരിക്കും പറഞ്ഞാൽ ഞാൻ എറണാകുളത്തു work ചെയുന്ന സമയം. ഈവെനിംഗ് ഡ്യൂട്ടി കഴിഞ്ഞു 7pm ന്റെ വണ്ടിക്കു കയറിയാൽ ബ്ലോക്ക്എല്ലാം കഴിഞ്ഞു പിറവത് എത്തുമ്പോൾ 9മണി ആകും. അച്ഛൻ അപ്പോൾ ബസ്സ്റ്റാൻഡിൽ നോക്കി നില്പുണ്ടാകും.
സ്ഥിരമായി പോകുന്ന ബസ് ആയത്കൊണ്ട് ബസിലെ ചേട്ടന്മാർക്കെല്ലാം എന്നെ അറിയാം. പിന്നെ അച്ഛന് ഹോട്ടൽ ആയത്കൊണ്ട് ഒട്ടുമിക്ക ആളുകൾക്കും അറിയാം എന്നെ.
എന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാൽ വണ്ടിടെ കാറ്റടിച്ചാൽ എന്റെ ബോധം പോകും. പണ്ടുതൊട്ടേ ഉള്ള ശീലമാണ്. മിക്കവാറും സ്റ്റോപ്പ്‌ എത്തുമ്പോൾ അവരുവന്നു വിളിക്കും. ഇറങ്ങുന്നില്ലേ അതോ അടുത്ത ട്രിപ്പ്‌ ഉള്ളോ എന്ന്. എന്റെ ഈ ദുശീലം കാരണം എല്ലാ 15മിനിറ്റിലും അമ്മയുടെ call വരും എവിടെയായി എന്ന് ചോദിച്ചു.
ഈവെനിംഗ് ഡ്യൂട്ടി ആണേൽ പ്രത്യേകിച്ച്. അത്കൊണ്ട് ഉറങ്ങാതിരിക്കാൻ ഞാൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ കുത്തും. എന്നാലും ചില പ്രത്യേക അവസരങ്ങളിൽ ഉറങ്ങാറുണ്ട്.
വൈകിട്ടു ബസിൽ തൃപ്പൂണിത്തുറ വരെ പെണ്ണുങ്ങൾ കാണും. പിന്നെ വളരെ കുറച്ചേ കാണു. മുളന്തുരുത്തി ഒകെ കഴിഞ്ഞാൽ ഒന്നോ ഒറ്റയോ ഒക്കെയേ ഉള്ളു. ചിലപ്പോൾ ഞാൻ മാത്രമായിരിക്കും പെണ്ണായിട്ടു ഉള്ളത്.
അന്നും അങ്ങനൊരു ദിവസം ആരുന്നു. നല്ല തിരക്കുണ്ട്. കയറിയപ്പോഴേ കിളിയുടെ തൊട്ടടുത്തുള്ള സീറ്റ്‌ കിട്ടി. ഞാൻ ഹെഡ് സെറ്റ് വച്ചു പാട്ടും കേട്ടു കാഴ്ചകൾ കണ്ടിരിക്കുന്നു. മുളന്തുരുത്തി ഒകെ കഴിഞ്ഞു. കുറെ നേരമായിട്ട് എന്റെ അടുത്തിരിക്കുന്ന ചേച്ചി എന്നെ തള്ളി തള്ളി കൊണ്ടോകുന്നു. ഒടുവിൽ ക്ഷമ നശിച്ച ഞാൻ എന്നാൽ നിങ്ങളെന്റെ മടിയിലേക്കു ഇരിക്ക് എന്ന് പറയാൻ ഹെഡ് സെറ്റ് ഊരി നോക്കിയപ്പോഴാണ് ആ മഹാ സത്യം മനസിലാക്കിയത്.
ആ ബസിൽ ആകെയുള്ള രണ്ടേ രണ്ടു തരുണീ മണികളായ ഞങ്ങളുടെ അടുത്താണ് എല്ലാ മഹാന്മാരും. അതൊന്നും പോരാഞ്ഞിട്ട് പാവപെട്ട ആ ചേച്ചിയുടെ പുറത്തേക്കു വീണുകിടക്കുവാ ഒരുത്തൻ. ഞാൻ ബസിന്റെ പുറകിലേക്ക് നോക്കി. ആഹാ ഫുട്ബോൾ ഗ്രൗണ്ട് പോലെ വിശാലമായി കിടക്കുന്നു. ഞങ്ങളുടെ സീറ്റിന് ചുറ്റുമാണ് എല്ലാ തേനീച്ചകളും.
എന്റെ ഉള്ളിലെ ജാൻസി റാണി ഉണർന്നു. പ്രതികരിക് ഗീതു പ്രതികരിക്ക്. ഞാൻ പറഞ്ഞു എടൊ പുറകിൽ എന്തുമാത്രം സ്ഥലമാണ് ഉള്ളത്. അങ്ങോട്ട്‌ മാറി നികെടോ.
"അയ്യോ ദേ നോക്കിയെട കൊച്ചമ്മക് ദേഷ്യം വന്നു. "
എന്നെ കളിയാക്കി അയാൾ പറഞ്ഞത് കേട്ടു എല്ലാരും അയാളുടെ ഒപ്പം ചിരിക്കുന്നു. അതുപോരാഞ്ഞിട്ട് അയാൾ ഒന്നുടെ ആ സ്ത്രീയുടെ മേലേക്ക് ചാഞ്ഞു കിടന്നു.ഇതെല്ലാം കണ്ടും കെട്ടും ബസിലെ കിളിയും കണ്ടക്ടറും ഏതോ കോമഡി സിനിമ കണ്ടപോലെ അളിഞ്ഞ ചിരി ചിരിക്കുന്നുണ്ട്.
ഞാൻ പിന്നെയും അയാളോട് മാറി നില്കാൻ പറഞ്ഞു. എന്റെ അടുത്തിരുന്ന ചേച്ചി വേണ്ടമോളെ മിണ്ടാതെ എന്നൊക്കെ എന്നെ പറയുന്നുണ്ട്. ഞാനുണ്ടോ കേൾക്കുന്നു. ഇവൾക്കില്ലാത്ത വിഷമം നിനക്കെന്തിനാടി എന്നുകൂടി ചോദിച്ചപ്പോൾ പിന്നെ എനിക്ക് control കിട്ടിയില്ല.
ഞാൻ അവനെ നല്ല നാലു തെറി വിളിച്ചു. സ്റ്റുപ്പിഡ് idiot durty fellow എന്നൊക്കെയുള്ള എന്റെ മാരകമായ തെറിവിളികേട്ട് അയാളും ഞാനൊഴിച്ചു ബസിലുള്ള എല്ലാവരും ഭയങ്കര ചിരി.
തെറി വിളിച്ചിട്ടും ഇവർക്കൊന്നും ഒരു കൂസലും ഇല്ലല്ലോ എന്നാലോചിച്ചിരുന്ന എന്റെ കര്ണപുടങ്ങളെ കുളിരണിയിച്ചുകൊണ്ട് ആ വൃത്തികെട്ട മനുഷ്യൻ ഭരണിപ്പാട്ട് തുടങ്ങിയില്ലേ. എന്റെ ഭഗവാനെ oxford dictionary പോലുമില്ലാത്ത വാക്കുകൾ. ഭരണിപ്പാട്ട് എന്ന് കേട്ടിട്ടേ ഉള്ളു അന്നാദ്യമായി നേരിട്ട് അനുഭവിച്ചു.
എനിക്ക് തലകറങ്ങുവാണോ എന്തൊക്കെയാ വിഷമം എന്നുചോദിച്ചാൽ അറിയില്ല. അയാൾ എന്നെ വിളിക്കുന്ന കേട്ടു ചുറ്റും നിന്നവരെല്ലാം നല്ലവണ്ണം ആസ്വദിക്കുന്നുണ്ട്. കുറ്റം പറയരുതല്ലോ ഇത്രയൊക്കെ എന്നെ അപമാനിക്കുന്ന കണ്ടിട്ട് മുക്കിനുതാഴെ മീശയുള്ള ഒരു മഹാന്മാരും ചിരിച്ചതല്ലാതെ കമ എന്നൊരക്ഷരം മിണ്ടിയില്ല.
നമ്മുടെ ഭരണിപ്പാട്ടുകാരനാണേൽ തെറിവിളിടെ കൂടെ ഭീഷണിയും എന്റെ നേരെ കായോങ്ങാനും ഒകെ തുടങ്ങി. സത്യം പറയാലോ എന്റെ ഉള്ളിലെ ജാൻസി റാണി അപ്പോഴേ ഇറങ്ങി ഓടിതാ. ആലിലപോലെ എന്റെ ചങ്കു പിടക്കുന്നുണ്ട്. എന്നാലും പുറത്ത് കാട്ടാൻ പറ്റില്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് രൗദ്ര ഭാവമൊക്കെ എന്റെ മുഖത്തു വരുത്താൻ ശ്രമിക്കുമ്പോൾ ഞാൻ രെക്ഷികാൻ ശ്രമിച്ച ആ പാവം മാന്പേട പറയുവാ, മോളെ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. മോൾ എവിടാ ഇറങ്ങുന്നേ.
ആയിരം നക്ഷത്രങ്ങൾ എന്റെ തലക്കു ചുറ്റും കറങ്ങി എന്നെ കൊഞ്ഞനം കാട്ടുന്നു.
"അയ്യോ ചേച്ചി ഇറങ്ങുവാനോ. എനിക്ക് പിറവത് ആണ് ഇറങ്ങേണ്ട. ചേച്ചി പിറവം വരെ ഉണ്ടെന്നലെ ഞാൻ കരുതിയെ. "
"അയ്യോ ഞാൻ പേപ്പതി വരയെ ഉള്ളു. മോളോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മിണ്ടാതിരിക്കാൻ. എന്നാ മോളു എന്റെ കൂടെ ഇറങ്ങിക്കോ. വീട്ടിൽ വിളിച്ചു ആരോടേലും പേപ്പതിലേക് വരാൻ പറ. "
എനിക്കിത് തന്നെ വേണം. വൈകിട്ടു രണ്ടു ചെറുതടിച്ചിരിക്കുന്ന അച്ഛനോട് പേപ്പതി വരെ വരാൻ പറഞ്ഞാൽ നല്ല ശേലായിരിക്കും. പിറവത്തിനു പിന്നേം രണ്ടു മുന്ന് സ്റ്റോപ്പ്‌ ഉണ്ട്. ഞാൻ അമ്മേ വിളിച്ചു. എന്ത് ചെയ്യുമെന്ന് ചോദിച്ചു. എല്ലാത്തിനും സജ്ജരായി ഇരുന്നോളാൻ പറഞ്ഞു. ഒരു യുദ്ധം ഏതുനേരത്തും ഉണ്ടാകും.
വരുന്നിടത്തു വച്ചു കാണാമെന്നു കരുതി സകല ദൈവങ്ങളേം വിളിച്ചു ഞാൻ ഹെഡ് സെറ്റ് ചെവിയിൽ വച്ചിരുന്നു. അയാളപ്പോഴും nonstop കൊണ്ടാട്ടം പോലെ പുതിയ പുതിയ വാക്കുകളും വാക്യങ്ങളും ഒകെ പുറപ്പെടുവിച്ചുകൊണ്ടിരുന്നു.
അവസാനം പിറവം എത്തി.സ്റ്റാൻഡിൽ അച്ഛൻ നിക്കണ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. കലാപരിപാടി എല്ലാം കഴിഞ്ഞു എല്ലാരും ഇറങ്ങി കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്. എനിക്കാ കിളിയോട് രണ്ടു വർത്തമാനം പറയണം. അല്ലാതെ ഉറക്കം വരില്ല. ഇനിയെനിക് എന്തും പറയാല്ലോ എന്റെ അച്ഛനെവിടെ നില്പില്ലെ.
സുരേഷ് ഗോപി സ്റ്റൈലിൽ ഫ പുല്ലേ എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു. പിന്നെ ഞാൻ എന്നെത്തന്നെ control ചെയ്തു.
"ചേട്ടാ ചേട്ടന് എന്റെ അച്ഛന്റെ പ്രായം കാണില്ലേ. അല്ലെങ്കിൽ ചേട്ടന് ഒരു മകളുണ്ടാവില്ലേ. അവളോടാണ് ഇത്രയും ആണുങ്ങൾ ചേർന്ന് ഇങ്ങനൊക്കെ കാട്ടുന്നതെങ്കിൽ ചേട്ടന്റെ വായിൽ പഴം തിരുകിയപോലെ ഇരിക്കുമോ. നാണമില്ലല്ലോ മീശയും വച്ചു നടക്കാൻ. "
ഇത്രയും പറഞ്ഞു slow മോഷനിൽ ഒരു വരവായിരുന്നു. കാര്യമറിയാതെ എന്നെനോക്കിയിരുന്ന അച്ചന് ഇത് കണ്ടപ്പോൾ ദേഷ്യമാണ് വന്നത്.
"നീയെന്ന വായിനോക്കി ഇരിക്കുവാ വേഗം വാടി. "
ഒന്നും മിണ്ടാതെ നല്ലകുട്ടിയായി വണ്ടിയിൽ കയറി. വീട്ടിൽ ചെല്ലുമ്പോൾ എന്നെ നോക്കി വാതിൽക്കൽ തന്നെ അമ്മയുണ്ട്. അച്ഛൻ അകത്തേക്കു പോയത് മാത്രം എനിക്ക് ഓർമയുണ്ട്. പിന്നവിടെ നടന്നത് ഞാൻ പറയണ്ടല്ലോ. ഭാഗ്യത്തിന് കൈ പ്രയോഗം ഞാൻ അതിവിദഗ്ധമായി തടഞ്ഞു. അവസാനം അമ്മയോട് പറഞ്ഞു അമ്മ കുറച്ചൂടെ improve ആകാൻ ഉണ്ട്. ഇതൊക്കെ old. പുതിയ കുറച്ചു വാക്കുകൾ ഇന്നു കിട്ടിട്ടുണ്ട് അത് ഞാൻ പഠിപ്പികം.
"ദൈവമേ ഇതിങ്ങനെ നാണമില്ലാണ്ടായല്ലോ "തലയിൽ കൈ വച്ചുള്ള അമ്മയുടെ ആത്മഗതത്തോടെ ശുഭ പര്യവസാനം.

By: Geethu Anoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo