Showing posts with label Abbas Edamaruku.. Show all posts
Showing posts with label Abbas Edamaruku.. Show all posts

അവളുടെരാവുകൾ


****************
"ഏയ്‌ ഗായത്രി ഇതുവരെ റെഡിയായില്ലേ .?"
'സുഭദ്രാമ്മയുടെ' വിളി കേട്ടുകൊണ്ടാണ് ഗായത്രി ഉറക്കത്തിൽനിന്നും ഉണർന്നത് .അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി .സമയം ആറുമണി .ഇന്ന് മാസാവസാന ശനിയാഴ്ച ,ജോലിക്കാർക്കൊക്കെ ശമ്പളം കിട്ടുന്ന ദിവസം .അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശനത്തിന് എത്തുന്ന ദിവസവുമാണ് .
കസ്റ്റമേഴ്സ്റ്റിനെ സ്വീകരിക്കാനുള്ള വിളിയാണ് .ഉച്ചക്കുശേഷം കുളിയും ,ഭക്ഷണവും കഴിഞ്ഞു വെറുതേ കിടന്നതാണ് .തലേരാത്രിയിലെ ഉറക്കശീണവും മറ്റും കൊണ്ട് സമയം കടന്നുപോയതറിഞ്ഞില്ല .അവൾ ഉടൻതന്നെ എഴുന്നേറ്റു ഡ്രസ്സുമാറി റെഡിയായി .
ഇന്നത്തെ തന്റെ അവസ്ഥ പരിതാപകരം തന്നെ .ഇന്നത്തെദിവസം
മാസാവസാന ശനിയാഴ്ച .
ഇനി പുലരിവരെ തനികുറക്കമില്ല .ഇന്ന് പുലർച്ചവരേയും തന്നെക്കാണാനെത്തുന്നവരുടെ തിരക്കുതന്നെ .വിവിധദേശക്കാർ ,ഭാഷക്കാർ .അവൾക്കെല്ലാം വേണ്ടുന്നത് തന്റെ ശരീരവും .സുഭദ്രേച്ചിയുടെ കീഴിൽ വേറെയും പെകുട്ടികളുണ്ടെങ്കിലും പുതുതായി എത്തിയ ,പ്രായത്തിൽകുറഞ്ഞ തന്നെയാണ് എല്ലാവർക്കും രാത്രി പങ്കിടാൻ വേണ്ടത് .അതിനായി സുഭദ്രേച്ചിക്ക് എത്രരൂപവേണമെങ്കിലും നൽകാൻ അവർ തയ്യാറാണ് .
ഒരാൾ എപ്പോൾ മരിക്കുമെന്ന് ആർക്കുമറിയില്ല
പക്ഷേ തനിക്കറിയാം ...ഇന്ന്
തന്റെ മരണമാണ് .
ഇവിടെ ബോംബെയിലെ ,വേശ്യാലയത്തിൽ രാത്രിസുഖം തേടിയെത്തുന്നവർ അവരുടെ രതിക്രീഡകളിലൂടെ തന്നെ കൊല്ലാതെ കൊല്ലും .കഴിഞ്ഞ മാസാവസാനദിവസം താനത് അനുഭവിച്ചറിഞ്ഞതാണ് .
കാമുകനെ വിശ്വസിച്ചു വീട്ടുകാരേയും ,നാട്ടുകാരേയും വിട്ടുകൊണ്ട് ഒളിച്ചോടിപ്പോന്ന തന്റെ അവസ്ഥ ... ഓർത്തപ്പോൾ അവളുടെ മനസ്സ് മരവിച്ചുപോയി .
തന്റെ അച്ഛനും ,അമ്മയും ഇപ്പോൾ എന്തെടുക്കുകയാവും .അവർ തന്നെയോർത്ത് എത്രമാത്രം സങ്കടപ്പെടുന്നുണ്ടാവും .തന്റെ സഹോദരിയിപ്പോൾ എന്തെടുക്കുകയാവും .അവളിപ്പോഴും കോളേജിൽപോകുന്നുണ്ടോ .വിധവയായ ചേച്ചിയും മോനും ഇപ്പോൾ എന്തെടുക്കുകയാവും .മോനിപ്പോൾ തന്റെ പേരുപറഞ്ഞു കരയുന്നുണ്ടാവുമോ .
കുടുംബാംഗങ്ങളുടെ മുഖം മനസ്സിൽ നിറയുന്നു അവരറിഞ്ഞിട്ടുണ്ടാവുമോ ഇന്ന് താൻ ,ഒരു പാട് സ്വപ്നങ്ങളുമായി വീട്ടിൽനിന്നും നെഞ്ചുപൊട്ടുന്ന വേദനയോടെ നല്ലൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് കാമുകനൊപ്പം യാത്ര പുറപ്പെട്ട ...തന്റെ അവസ്ഥ ഇതാണെന്ന് .തന്നെ കാമുകൻ വേശ്യാലയത്തിൽ വിലപേശി വിറ്റെന്ന് .
ബോംബെയിലെത്തി രണ്ടാംനാൾ ഭർത്താവ് തന്നെയുംകൂട്ടി സുഭദ്രേച്ചിയുടെ വീട്ടിലെത്തി .എന്നിട്ട് അവരെചൂണ്ടി തന്നോട് പറഞ്ഞു .
"ഇതാണ് ഇനിമുതൽ നിന്റെ വാസസ്ഥലം ,ജോലിസ്ഥലവും. ഈ സുഭദ്രേച്ചി നിനക്ക് വേണ്ടുന്നതൊക്കെ ചെയ്തുതരും .നിന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയിട്ടുള്ള ആളാണ്‌ സുഭദ്രേച്ചി .നോക്കിയുംകണ്ടുമൊക്കെ നിന്നാൽ നിനക്ക് നന്നായി കഴിയാം ."അന്നുപോയതാണ് അയാളെ പിന്നീട് കണ്ടിട്ടില്ല .
തന്റെ ഇന്നത്തെ അവസ്ഥയൊന്നും കുടുംബത്തിലാരും അറിഞ്ഞിട്ടില്ല .അറിഞ്ഞാൽ അവർ ഹൃദയംപൊട്ടി മരിക്കും .അവരുടെ മനസ്സിൽ താനിന്നും കാമുകനുമൊത്ത് ബോംബെയിലെ കമ്പനിയിൽ ജോലിചെയ്തു സന്തോഷത്തോടെ ജീവിക്കുകയാണ് .
ഈശ്വരാ ,ഈ അഴുക്കുചാലിലെ ജീവിതത്തിൽപ്പെട്ടു മരിക്കുന്നതിനുമുന്നെ ഒരിക്കൽക്കൂടി തന്റെ കുടുംബാംഗങ്ങളുടെ മുഖമൊന്ന് അവസാനമായി കാണാൻ കഴിഞ്ഞെങ്കിൽ ...
അവരെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു അവർക്കിത് താങ്ങാനുളള സഹനശക്തി കൊടുക്കണെ ഈശ്വരാ .
കണ്ണുകൾനിറഞ്ഞു കാഴ്ച്ചമങ്ങി
വീഴാൻപോയ അവൾ ചുമരിൽചാരി താഴേയ്ക്കിരുന്നു .
"ഗായത്രി നീ ഇതുവരേയും റെഡിയായില്ലേ .?ആളുകൾ വന്നുതുടങ്ങി .എല്ലാവർക്കും വേണ്ടത് നിന്നെയാണ് .ഇന്ന് മാസാവസാനം ആണെന്ന് അറിയില്ലേ .?"സുഭദ്രേച്ചിയുടെ ദേഷ്യംകലർന്ന വാക്കുകൾ .ഒപ്പം വാതിലിൽ തുടരെത്തുടരെയുള്ള മുട്ടലുകളും .ഗായത്രി മുഖം കഴുകിയിട്ടു ചെന്ന് വാതിൽതുറന്നു .
"ഉം .?തുറക്കാനെന്താണ് ഇത്ര താമസം .?"സുഭദ്ര ഗൗരവത്തിൽ അവളെനോക്കി .
"സുഭദ്രേച്ചി ,ഒരുപാട് ആളുകളെ എന്റെ മുറിയിലേയ്ക്ക് അയയ്ക്കരുതേ .എല്ലാംകൂടി എനിക്കുവയ്യ .ഞാൻ മരിച്ചുപോകും ."അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു .
"നീ പറഞ്ഞതൊക്കെ ശരിതന്നെ .പക്ഷേ ,എന്തുചെയ്യാം വരുന്നവർക്കൊക്കെ പുതിയപെൺകുട്ടിയെ മതി .അപ്പോൾ പിന്നെ .?ഒരുനിമിഷം നിർത്തിയിട്ടു സുഭദ്ര അർത്ഥഗർഭമായി ചിരിച്ചു .അല്ലെങ്കിൽത്തന്നെ പറ്റില്ലെന്നുപറഞ്ഞാൽ എങ്ങനെയാ .?നിന്റെ ഭർത്താവാണെന്നും പറഞ്ഞുകൊണ്ട് നിന്നെ ഇവിടെക്കൊണ്ടുവന്നാക്കിയവൻ ,രൂപ ഒന്നുംരണ്ടുമല്ല നിന്റെപേരിൽ വാങ്ങിക്കൊണ്ടുപോയത് .ഒരുലക്ഷമാണ് .അതെങ്കിലും മുതലാകണ്ടേ .?എന്തായാലും പുതിയൊരുവൾ വരുന്നതുവരെ കുറച്ചു സഹിച്ചേപറ്റൂ ."പറഞ്ഞിട്ട് സുഭദ്ര മുറിവിട്ടിറങ്ങിപ്പോകാനൊരുങ്ങി .
"ചേച്ചി ,എന്നെ ഇവിടെനിന്നും വിട്ടയക്കാമോ .?ഞാൻ പാവമാണ് .എന്നെ എന്റെ ഭർത്താവെന്നു പറയുന്നയാൾ ചതിച്ചതാ
എന്നെ രക്ഷിക്കാമോ .?വീട്ടില് എല്ലാവരും എന്റെ വിവരം അറിയാതെ വിഷമിക്കുകയാവും"സുഭദ്രയുടെ കരംകവർന്നുകൊണ്ട്‌ അവൾ തേങ്ങി .
സുഭദ്ര നിസ്സഹായയായി ഗായത്രിയുടെ കരംപിടിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കി ഏതാനുംനിമിഷം നിന്നു .
"ഇവിടെത്തിച്ചേരുന്ന എല്ലാപെൺകുട്ടികളുടേയും അവസ്ഥ ഇങ്ങനൊക്കെയാണ് .അവർക്കെല്ലാം പറയാനുള്ളത് ഇതൊക്കെത്തന്നെയാണ് .പക്ഷേ ,എന്തുചെയ്യാംസഹിച്ചേപറ്റൂ .നിന്നെപ്പോലെതന്നെ ഒരുനാൾ കാമുകന്റെ ചതിയിൽപ്പെട്ടുകൊണ്ട് ഈ അഴുക്കുചാലിൽ എത്തിപ്പെട്ടതാണ് ഞാനും .?"പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസത്തോടെ അവർ തിരിഞ്ഞുനടന്നു .
ഇവിടെനിന്നും തനിക്ക് തൽക്കാലം മോചനമില്ല .ഇവിടെത്തിപ്പെട്ട ആർക്കും .മനസ്സിൽ ചിന്തിച്ചുകൊണ്ടവൾ കസ്റ്റമേഴ്സ്റ്റിനെ സ്വീകരിക്കുന്ന മുറിയിലേയ്ക്ക് നടന്നു .ഒച്ചിഴയുന്നത് പോലാണ് സമയം നീങ്ങുന്നത് .ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ ,ഇന്നത്തെരാത്രിയൊന്നു പുലർന്നുകിട്ടിയെങ്കിൽ ...
"ഈശ്വരാ ,എന്റെ ഗതി നീ മറ്റൊരു പെൺകുട്ടിക്കും വരുത്തല്ലേ ."അവൾ മനസ്സിൽ പറഞ്ഞു .
ഏതാനും സമയം കഴിഞ്ഞപ്പോൾ തടിച്ചുകറുത്ത കുടവയറനായ ഒരു മാർവാടി , മുറിയിലേയ്ക്ക് കടന്നുവന്നു .തന്റെ ഇന്നത്തെ ആദ്യഅതിഥി .ഇനി പുലരുന്നതുവരെ ഇങ്ങനെയെത്രയോപേർ .ഗായത്രിയുടെ മിഴികൾ അറിയാതെ നിറഞ്ഞുതൂവി .
തന്റെ പിൻ കഴുത്തിൽ ചുണ്ടു പതിയുമ്പോഴും ,കരവലയത്തിലൊതുങ്ങിക്കൊണ്ട് ബെഡ്‌ഡിലേക്ക് മറിഞ്ഞുവീഴുമ്പോഴും ,ആ അവസ്ഥയിൽ കിടന്നു നീറിപ്പിടയുമ്പോഴും നാട്ടില് ഇനിയും തന്റെ ഓർമ്മകളുമായി കാത്തിരിക്കുന്ന ആറു മനുഷ്യരൂപങ്ങളുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറച്ചും .
ഈ സമയം തന്റെ വലയിലകപ്പെട്ട മറ്റൊരുപെൺകുട്ടിയേയും കൊണ്ട് ...മറ്റൊരു ഇരയേയുംകൊണ്ട് നാട്ടിൽനിന്നും ബോംബെയ്ക്ക് യാത്ര തിരിക്കുകയായിരുന്നു അവളുടെ കാമുകൻ .
---------------------------------------
രചന -അബ്ബാസ് ഇടമറുക്

മൈലാഞ്ചിപ്പൂക്കൾ

Image may contain: 1 person, closeup
------------------------
ഓട്ടോറിക്ഷയിലിരുന്നുകൊണ്ട് ഞാൻ അലക്ഷ്യമായി പുറത്തേക്ക് മിഴികൾ പായിച്ചു .വഴിവിളക്കുകൾക്കും ചുറ്റും പാറിക്കളിക്കുന്ന ഈയാംപാറ്റകളെ കണ്ടപ്പോൾ അറിയാതെയെന്നവണ്ണം എന്റെ കരളൊന്നുപിടഞ്ഞു .ഏതാനും സമയം കഴിയുമ്പോൾ ആയുസുതീർന്നു ചിറകറ്റുവീഴാൻ വിധിക്കപെട്ട പാവം പ്രാണികൾ .മനുഷ്യന്റെ ജീവിതവും ഇതുപോലെതന്നെയാണെന്ന കാര്യം ഞാനോരുനിമിഷം മനസ്സിലോർത്തു .
ഈ സമയം ഓട്ടോറിക്ഷാ മെയിൻറോഡ് പിന്നിട്ടുകൊണ്ട് ചെമ്മൺപാതയിലേക്ക് തിരിഞ്ഞിരുന്നു .ഇതുവഴിയിലൂടെ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ എന്റെ വീടെത്തും .ഇലഞ്ഞേലിത്തോടിന്റെ പാലത്തിലൂടെ ഓട്ടോറിക്ഷ കടന്നുപോയപ്പോൾ ഒരു നിമിഷം എന്റെ മനസ്സ് പഴയകാല ഓർമകളിലേക്ക് ഊളിയിട്ടു .
ഇളഞ്ഞേലിത്തോടൊഴുകുന്നത് സൈനുവിന്റെ വീടിനുമുന്നിലൂടെയാണ് .എത്രശക്തമായ വേനലിലും വറ്റാത്ത തോട് .ചിലപ്പോളെല്ലാം താൻ സൈനുവിനെയും കൂട്ടി സായന്തനങ്ങളിൽ തോടിന്റെ കരയിൽ ചെന്നിരിക്കും .തന്റെ മടിയിൽതലവെച്ചുകൊണ്ട് കിടക്കുന്ന സൈനുവിന്റെ കണ്ണുകളിലേക്ക് നോക്കി ഞാനങ്ങനെ ഒരുപാട് നേരമിരിക്കും .പലപ്പോഴും ഞാനവൾക്ക് ഓരോരോ കഥകൾ പറഞ്ഞുകൊടുക്കും .ഇടക്കെല്ലാം ഞാനവളുടെ കൈകളിൽ മയിലാഞ്ചികൊണ്ട് ചിത്രങ്ങൾ തീർക്കും .അവൾക്കത് വലിയകാര്യമാണ് .അതുകൊണ്ട് തന്നെ അവൾ കൈകളിലെ മൈലാഞ്ചി മഞ്ഞാൽ എന്റെ അടുക്കലെത്തും കൈകളിൽ മൈലാഞ്ചി ഇടീക്കാനായി .
അങ്ങനെ വർത്തമാനം പറഞ്ഞിരുന്ന ഒരുസായന്തനത്തിലാണ് പെട്ടെന്നവൾക്കൊരു വയറുവേദനയും തലചുറ്റലുമുണ്ടായത് .അന്നതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പലയാവർത്തി അതുണ്ടായപ്പോൾ അവളെ വീട്ടുകാർ വിശദമായ പരിശോധനക്ക് വിദേയയാക്കി .അപ്പോളാണ് ആ നടുക്കുന്ന സത്യമറിയുന്നത് .
സൈനുവിന്റെ വയറ്റിൽ ഒരുമുഴവളരുന്നു .അവൾക്ക് ക്യാൻസറാണ് .അതിന്റെയാണ് ഈ വയറുവേദനയും തലചുറ്റലുമെല്ലാം .അന്ന് അവളെക്കാൾ കൂടുതൽ തകർന്നുപോയത് ഞാനും അവളുടെ വീട്ടുകാരുമൊക്കെയാണ് .
പിന്നീടുള്ള ദിനങ്ങൾ കണ്ണീരും സങ്കടവും നിറഞ്ഞതായിരുന്നു .ഒരുപാട് യാത്രകൾ ,പല ആശുപത്രികൾ ,വിവിധ ടെസ്റ്റുകൾ ,ഓപ്പറേഷൻ , കീമോതെറാപ്പി .മാനസികവും സാമ്പത്തികവുമായി തകർന്ന ദിവസങ്ങൾ .എല്ലാത്തിനും അവളുടെവീട്ടുകാർക്കൊപ്പം താനും കൂടി .നിർധനരായ അവളുടെ കുടുംബത്തിനുള്ള ഏക ആശ്രയം ഞാനും എന്റെ വീട്ടുകാരുമായിരുന്നു .
പക്ഷേ ,അവൾക്കു സ്വാന്തനം പകർന്നുകൊണ്ടും അവരുടെ വീട്ടുകാർക്ക് സഹായമേകിക്കൊണ്ടും അധികനാൾ നാട്ടിൽ നിൽക്കാനായില്ല .എന്റെ വീട്ടിലാണെങ്കിൽ വിവാഹപ്രായമെത്തിനിൽകുന്ന രണ്ടു സഹോദരിമാർ .ഹാർട്ട്‌രോഗിയായ ബാപ്പ .എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ .ഒടുവിൽ വീട്ടുകാരെയും തന്റെ പ്രിയതമയേയും വിട്ടുപിരിഞ്ഞുകൊണ്ട് കണ്ണീരോടെ സുഹൃത്തിന്റെ പരിചയത്തിൽ ബോംബെയിലൊരു കമ്പനിയിലേക്ക് ജോലിതേടി താൻപോയി .അന്നുപോകാൻ നേരം നിറകണ്ണുകളോടെ മൈലാഞ്ചിയണിഞ്ഞ കൈകൾ വീശികാണിച്ചുകൊണ്ട് സൈനു അവളുടെ വീടിന്റെ പൂമുഖത്തുനിന്നുകൊണ്ട് എന്നെ യാത്രയാക്കി .
ജോലിസ്ഥലത്തെ വിരസതനിറഞ്ഞ ഓരോദിനങ്ങളിലും സൈനുവിന്റെ മുഖം നോവുപടത്തിക്കൊണ്ടെന്റെ മനസ്സിൽ തെളിഞ്ഞുനിന്നു .എല്ലാദിവസവും വിശേഷങ്ങൾ തിരക്കിക്കൊണ്ട് അവളുടെ ഫോൺകോളുകൾ എന്നെത്തേടിയെത്തിക്കൊണ്ടിരുന്നു .എല്ലാത്തിലും രോഗവിവരവും കീമോയുടെ അസ്വസ്ഥതകളും മെല്ലാം നിറഞ്ഞുനിന്നു .ആ സമയങ്ങളിലെല്ലാം അവളുടെ അടുക്കലിരിക്കാനും അവൾക്ക് ആശ്വാസം പകരാനും കഴിഞ്ഞില്ലല്ലോ എന്നോർത്ത് എന്റെ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു .
ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞേതാനും നാൾ കഴിഞ്ഞപ്പോൾ അവളുടെ വയറ്റിൽ വീണ്ടുമൊരു മുഴകൂടി പ്രത്യക്ഷപ്പെട്ടു .അതിന്റെ ഓപ്പറേഷൻ കഴിഞ്ഞയാഴ്ചയായിരുന്നു .അതിനുമുന്നോടിയായിക്കൊണ്ട് പോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞു .
''അബ്‌ദു ...എനിക്കുവേണ്ടി പ്രാർത്ഥിക്കണം .നാളെയാണ് എന്റെ ഓപ്പറേഷൻ .''
അന്ന് അവളെ ആശ്വസിപ്പിച്ചുകൊണ്ട് താൻ ഫോൺ വേച്ചു .എന്നാൽ ഓപ്പറേഷൻ കഴിഞ്ഞതിന്റെ പിറ്റേദിവസം എന്നെത്തേടിവന്ന ഫോൺകോൾ എന്നെയാകെ തളർത്തികളഞ്ഞു .''സൈനുവിന്റെ ആരോഗ്യസ്ഥിതി വളരെമോശമാണ് .മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല .അധികനാൾ അവൾ ഇനിജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല .അതാണ് ഡോക്ടറന്മാർ പറയുന്നത് .''ഉമ്മാ ഫോൺവിളിച്ചതു പറയുമ്പോൾ താൻ നിയത്രണംവിട്ടുപൊട്ടിക്കരഞ്ഞുപോയി .
സൈനുവിന്റെ വീടിനുമുന്നിൽ ഓട്ടോറിക്ഷ ചെന്നുനിൽക്കുമ്പോൾ എങ്ങും നിലാവ് പരന്നുകഴിഞ്ഞിരുന്നു . വീടിനുമുന്നിൽ വലിച്ചുകെട്ടിയ ടാർപോളിനും ട്യൂബ് ലൈറ്റിന്റെ വെളിച്ചവും ഞാൻ കണ്ടു .എന്റെ വരവുകാത്തിരുന്ന ബന്ധുക്കളുടെ കണ്ണുകൾ എന്റെനേർക്ക് നീണ്ടുവന്നു .
ഓട്ടോറിക്ഷചാർജുകൊടുക്കാൻ നേരം ഡ്രൈവർ എന്തൊക്കെയോ മനസിലായതുപോലെ എന്നെ അനുതാപപൂർവം നോക്കി .എന്നിട്ട് പൈസയുംവാങ്ങി യാത്രപറഞ്ഞുപോയി .എന്നെ അറിയാവുന്നതുകൊണ്ടാവും അയാളിൽ ഒരാത്മാർത്ഥത നിറഞ്ഞുനിൽക്കുന്നതുപോലെ എനിക്ക് തോന്നി .
മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാനവളുടെ വീട്ടുമുറ്റത്തേക്കുള്ള നടക്കല്ലുകൾ കയറി .എരിഞ്ഞടങ്ങുന്ന ചന്ദനത്തിരിയുടെ ഗന്ധവും സ്മശാനമൂകതയും എന്നെയപ്പോൾ വേട്ടയാടി .അവ്യക്തമായ ഖുർആൻ പാരായണത്തിന്റെയും തേങ്ങലുകളുടെയും ശീലുകൾ എന്റെകാതിൽ വന്നുതട്ടി .
തിങ്ങിനിറഞ്ഞ ആളുകൾക്കിടയിലൂടെ സൈനുവിനെ കിടത്തിയിരുന്ന മുറിയിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ കാലുകൾ ഇടറി .കണ്ണുകൾ നിറഞ്ഞുതൂവി .
''അബ്‌ദു നീ ഭയക്കുന്നപോലെയൊന്നുമില്ല .നീ മടങ്ങിവരുന്നതും കാത്തു ഞാനിരിക്കുവാ .അത്രവേഗനൊന്നും എന്നെ അള്ളാഹുവിളിക്കില്ല .നീ മടങ്ങിയെത്തിയിട്ടു വേണം നിന്നെക്കൊണ്ട് എന്റെകൈയിൽ മൈലാഞ്ചി പൂക്കൾ വരപ്പിക്കാൻ .എന്റെ കൈകളിലെ മൈലാഞ്ചിയാകെ മാഞ്ഞുപോയിരിക്കുന്നു .നീ എത്രയും വേഗം മടങ്ങിവരണേ .''അവസാനമായി വിളിച്ചപ്പോൾ സൈനു തന്നോട് പറഞ്ഞ വാക്കുകൾ ഒരിക്കൽകൂടി എന്റെ കാതിൽ മുഴങ്ങി .
''എന്തൊക്കെ ചെയ്തിട്ടും,എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും,നേർച്ചകളും കാഴ്ചകളും നടത്തിയിട്ടും . സൈനു നമ്മളെയൊക്കെ വിട്ടുപോയല്ലോ മോനേ .''സൈനുവിന്റെ ഉമ്മയുടെ നിലവിളി എന്റെനെഞ്ചിനെ പിടിച്ചുലച്ചു .അവളുടെ സഹോദരിമാരുടെ തേങ്ങലുകൾ എന്റെ മിഴികളെ ഈറനണിയിച്ചു .
ഇടറുന്ന കാലടികളോടെ ഞാൻ സൈനുവിനെ കിടത്തിയിരുന്ന കട്ടിലിന്റെ അരികിൽ മുട്ടുകുത്തിയിരുന്നു .എന്നിട്ടവളുടെ വലതുകൈ കവർന്നെടുത്തുകൊണ്ട് അമർത്തിച്ചുംബിച്ചു .എന്റെ കണ്ണുനീർത്തുള്ളികൾ അവളുടെ കൈയിൽ നനവുപടർത്തി .തുടർന്നുഞാൻ എന്റെ ബാഗിൽനിന്നും അവൾക്കായി വാങ്ങിയ റ്റൂബ്മൈലാഞ്ചി പുറത്തെടുത്തു .തെറ്റാണെന്നറിഞ്ഞിട്ടും ഞാനാ മൈലാഞ്ചികൊണ്ട് അവളുടെ കൈയിൽ ഏതാനും പൂക്കൾ വരച്ചു .
'' പ്രിയപ്പെട്ട സൈനു ...ജീവനോടെയിരുന്ന സമയത്തു ഇത് നിന്റെ കൈയിൽ അണിയിക്കാൻ എനിക്ക് കഴിഞ്ഞില്ല .ഈ ഒരുനിമിഷത്തിനായി നീ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് എനിക്കറിയാം .പക്ഷേ ,എനിക്കതിനുള്ള യോഗമുണ്ടായില്ല .ഞാനെത്തിയപ്പോൾ വൈകിപ്പോയി എന്നോട് ക്ഷമിക്കൂ .''എന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അടർന്നുതറയിൽ വീണുചിതറി .ഈ കാഴ്ചകണ്ടുനിന്ന അവളുടെ കുടുംബാംഗങ്ങൾ അലമുറയിട്ടുകരഞ്ഞു .
''നേരം പുലരുന്നതുവരെയെങ്കിലും ആ മൈലാഞ്ചി ചുവപ്പ് അവളുടെ കൈയിൽ കുളിരുപകരട്ടെ .അതുകണ്ട് അവളുടെ ആത്മാവ് സന്തോഷിക്കട്ടെ .''മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തേങ്ങുന്നമനമോടെ മെല്ലെ മുറിവിട്ടുപുറത്തേക്കിറങ്ങി .
സൈനുവിന്റെ കബറടക്കവും മരണാനന്തര ചടങ്ങുകളും കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുശേഷം പൂവണിയാത്തമോഹങ്ങളും അടങ്ങാത്തദുഃഖവും മനസ്സിൽപേറി ഞാൻ ജോലിസ്ഥലത്തേക്ക് യാത്രപുറപ്പെട്ടു .
പോകുന്നവഴി ഞാനോരുനിമിഷം സൈനുവിന്റെ വീടിനുനേർക്ക് നോക്കി . അവൾ വീടിന്റെ മുറ്റത്തുനിന്നുകൊണ്ട് എന്നെനോക്കി കൈവീശി കാണിക്കുന്നതായി എനിക്കുതോന്നി. അവളുടെ കൈയിൽ ആ സമയം ഞാനണിയിച്ച മൈലാഞ്ചിപ്പൂക്കൾ ചുവപ്പുപടർത്തിക്കൊണ്ട് തിളങ്ങിനിൽക്കുന്നതു ഞാൻ കണ്ടു .
------------------------------------
രചന-അബ്ബാസ് ഇടമറുക്

മകളെത്തേടി

 Image may contain: 1 person, selfie and close-up
***********
നീണ്ട രണ്ടുവർഷത്തെ വിദേശവാസത്തിനുശേഷം ഇന്നലെയാണ് സലിം നാട്ടിൽ മടങ്ങിയെത്തിയത് .സലീമിനും ഭാര്യക്കും ഗൾഫിൽ ഒരേ കമ്പനിയിലാണ് ജോലി .വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ടായെങ്കിലും കുട്ടികളില്ല .കുട്ടികളുണ്ടാവാൻ സാധ്യതയില്ല എന്നാണ് ഡോക്ടറന്മാർ വിധിയെഴുതിയിരിക്കുന്നത് .
സലിം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയതിനുപിന്നിൽ ഒരുദ്ദേശമുണ്ട് .തന്റെ അവിഹിത ബന്ധത്തിലുണ്ടായ മകളെ ഒന്നുകാണുക .അവളുടെ ഉമ്മാ അനുവദിക്കുമെങ്കിൽ അവളെയും കൂട്ടിക്കൊണ്ട് ഗൾഫിലേക്ക് മടങ്ങുക .
തന്റെ മോളെയുംകൊണ്ട് ഷാഹിന അയൽവക്കത്തുള്ള അവളുടെ ബന്ധുവീട്ടിൽ എത്തിയിട്ടുണ്ടെന്ന് ഉമ്മാ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് സലീം നാട്ടിലേക്ക് തിരിച്ചത് .
''എപ്പോളാണ് ഷാഹിന നാട്ടിലെത്തിയത് .?വീട്ടിലെത്തിയ ഉടനേ സലിം കുടുംബാംഗങ്ങളോട് ചോദിച്ചു .
''രണ്ടുദിവസംമുൻപ് .''ഉമ്മാ മറുപടിനൽകി .
''ഉമ്മാ അവളെക്കണ്ടോ .?അവളോട് സംസാരിച്ചിരുന്നോ .?''സലിം ആകാംഷയോടെ ചോദിച്ചു .
''കണ്ടു പക്ഷേ ,സംസാരിച്ചില്ല .എങ്ങനെസംസാരിക്കാനാണ് അവളുടെകൂടെ അവളുടെ പുതിയാപ്ലയുമുണ്ടായിരുന്നു.
അതുകേട്ടു സലീമിന്റെ മുഖത്തുനിരാശനിറഞ്ഞു .ഏതാനും നേരത്തെനിശബ്ദതക്കുശേഷം സലീം വീണ്ടും ചോദിച്ചു .
''ഉമ്മാ കണ്ടിരുന്നോ ഷാഹിനായുടെ കുട്ടിയെ .?''
''കണ്ടു കണ്ടിട്ടെന്തിനാ .''ഉമ്മാ വെറുപ്പോടെ പറഞ്ഞു .
ഉമ്മയുടെ ആ വെറുപ്പ്‌ എന്തിനാണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് സലിം പിന്നെയൊന്നും മിണ്ടിയില്ല .
''മനുഷ്യനെ നാറ്റിക്കാനായിട്ട് എന്തിനാണവൾ ആ കുട്ടിയേയുംകൊണ്ട് വീണ്ടും ഈ നാട്ടിലേക്ക് വന്നത് .''ഉമ്മാ ആരോടെന്നില്ലാതെ പറഞ്ഞു .
''ഉമ്മാ ...''സലീമിന്റെ ശബ്ദം അറിയാതെയെന്നവണ്ണം ഉയർന്നുപൊങ്ങി .
പിന്നെയാരും ഒന്നും മിണ്ടിയില്ല .സലീം തന്റെ മുറിയിലേക്ക് നടന്നു .കട്ടിലിൽ കയറിക്കിടക്കുമ്പോൾ അവന്റെമനസിലേക്ക് പഴയകാലത്തെ ചിലഓർമ്മകൾ കടന്നുവന്നു .
തന്റെ അയൽവീടായ ഷാഹിനയുടെ മാമായുടെ വീട്ടിൽനിന്നുകൊണ്ട് കോളേജുപഠനത്തിനായി വന്നതാണ് ഷാഹിന .ഷാഹിനയും തന്റെ സഹോദരിയും ക്ലസ്‌മേറ്റായിരുന്നു കോളേജിൽ .അതുകൊണ്ട് തന്നെ പലപ്പോഴും സഹോദരിയെ കാണാനായി ഷാഹിന തന്റെ വീട്ടിൽ വരുമായിരുന്നു .അങ്ങനെ പോകവേ ഷാഹിനയുമായി താൻ അടുപ്പത്തിലായത് യാദൃച്ഛികം മാത്രം സലിം മനസ്സിലോർത്തു .
പിന്നീട് എത്രയോപ്രാവശ്യം ബസ്റ്റോപ്പിലും ,പാർക്കിലും ,ഐസ്‌ക്രീംപാർലറിലും ,കോളേജിലെ പൂമരത്തണലിലുമെല്ലാം വെച്ചുകൊണ്ട് താൻ ഷാഹിനയുമായി പ്രണയം പങ്കിട്ടു .ഒരിക്കലും പിരിയില്ല എന്നുതാൻ എത്രയോപ്രാവശ്യം അവൾക്ക് വാക്കുകൊടുത്തു .
എന്നിട്ടും താൻ അവളെ വഞ്ചിച്ചു .മൂന്നുവർഷങ്ങൾക്ക് മുൻപൊരു ദിവസം .
''എനിക്ക് ഗൾഫിൽ പോകാനൊരവസരം ഒത്തുവന്നിട്ടുണ്ട് .ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ ഗൾഫിലേക്ക് പോകും .''സലിം അതുപറഞ്ഞപ്പോൾ ഷാഹിന ഞെട്ടിത്തരിച്ചുപോയി .കാരണം അപ്പോൾ ഷാഹിനയുടെ വയറ്റിൽ സലീമിന്റെ ജീവൻവളരുന്നുണ്ടായിരുന്നു.
''സലീം നീ എന്താണ് ഈ പറയുന്നത് .ഈ അവസ്ഥയിൽ നീ ഗൾഫിലേക്ക് പോയാൽ ...നമ്മുടെ പ്രണയം ,വിവാഹം ,എല്ലാത്തിലുമുപരി എന്റെവയറ്റിൽ വളരുന്ന നമ്മുടെ കുഞ് .എല്ലാ മോഹങ്ങളും നൽകി എന്നെ സ്വന്തമാക്കിയിട്ടൊടുവിൽ ..''ഷാഹിന നിറമിഴികളോടെ സലീമിനെ നോക്കി ചോദിച്ചു .
''കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം .ബാപ്പയെയും ,ഉമ്മയെയും ധിക്കരിക്കാൻ എനിക്കാവില്ല .അതുകൊണ്ട് എത്രയുംവേഗം നമുക്കൊരാശുപത്രിയിൽ പോയി ഈ കുഞ്ഞിനെ കളയാം .''സലീം പറഞ്ഞു .
അന്ന് ഭീതിയോടെ തന്നെനോക്കികൊണ്ട് ഷാഹിന പറഞ്ഞവാക്കുകൾ ഒരിക്കൽകൂടി സലീമിന്റെ കാതിൽ മുഴങ്ങി .
''ഇല്ല ഞാൻ സമ്മതിക്കില്ല എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ .എന്നിലെ മോഹങ്ങളും ,സ്വപ്നങ്ങളുമെല്ലാം കൂടിച്ചേർന്നു ജന്മമെടുത്തതാണ് ഈ കുഞ് .ഇതിനെ ഇല്ലാതാക്കുന്നത് എന്നെയില്ലാതാകുന്നതിനു തുല്ല്യമാണ് .നിങ്ങളെപ്പോലെ ഒരു ഭീരുവും സ്വാർത്ഥനുമായ ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ ഞാൻ ദുഖിക്കുന്നു .അതിന്റെപേരിൽ ഒരുജീവനെ ഇല്ലാതാകാൻ ഞാൻ അനുവദിക്കില്ല .ഒരിക്കലും ഇതിന്റെ പെരുംപറഞ്ഞുഞാൻ നിങ്ങളെ തേടിവരികയുമില്ല .''അന്ന് ഷാഹിന പറഞ്ഞവാക്കുകൾ .
ഗൾഫിലെത്തി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ അറിഞ്ഞു .എല്ലാം മനസിലാക്കിക്കൊണ്ട് ഷാഹിനയെ അവളുടെഅകന്ന ബന്ധത്തിലുള്ള ഒരു യുവാവ് നിക്കാഹ് ചെയ്‌തെന്ന് .
അതിനു ശേഷം ഒരുവർഷം കഴിഞ്ഞപ്പോൾ ആദ്യഅവധിക്ക് നാട്ടിൽ വന്നപ്പോൾ തന്റെ വിവാഹം നടന്നു .ഇപ്പോൾ വർഷം രണ്ടാകുന്നു .കുട്ടികളില്ല ഇതുവരെ .നിരാശനിറഞ്ഞ ദിനങ്ങൾ .ഭാര്യക്ക് ഒരേനിർബന്ധം ഒരു കുട്ടിയെ ദത്തെടുക്കാൻ .സ്വന്തം ചോരയിൽ പിറന്നകുട്ടി ജീവിച്ചിരിക്കെ ...താനിതാ കുട്ടികളില്ലാതെ നീറിക്കഴിയുന്നു .ചെയ്തുപോയ തെറ്റിന് തമ്പുരാൻ തന്ന ശിക്ഷ .സലീം വേദനയോടെ മനസ്സിലോർത്തു .
പിറ്റേദിവസം രാവിലെതന്നെ ഷാഹിനയെയും മകളെയും കാണാനായി സലീം അവളുടെ ബന്ധുവീട്ടിലേക്ക് ചെന്നു .ഷാഹിനയും ഭർത്താവ് ഷെമീറും ചേർന്നാണ് സലീമിനെ സീകരിച്ചത് .അതിഥി സൽകാരമെല്ലാം കഴിഞ്ഞു . സലീമിന്റെ ആഗ്രഹം അറിഞ്ഞപ്പോൾ ഷാഹിന പറഞ്ഞു .
''എന്റെ മോൾ എന്റേതുമാത്രമാണ് .അവൾക്ക് മേൽ സലീമിന് ഒരവകാശവുമില്ല .ഉണ്ടെങ്കിൽത്തന്നെ അത് മൂന്നുവർഷങ്ങൾക്ക്മുൻപ് ഇല്ലാതായി .ഇന്നവൾക്കൊരു ബാപ്പയുണ്ട് .അത് എന്റെ ഭർത്താവായ ഷെമീറാണ് .അദ്ദേഹമിന്ന് എന്നെയും മോളെയും ജീവനുതുല്യം സ്നേഹിക്കുന്നു .അതുകൊണ്ട് തന്നെ എനിക്ക് സലീമിനോട് മറ്റൊന്നും സംസാരിക്കാനില്ല.'' പറഞ്ഞിട്ട് ഷാഹിന മോളെയും കൂട്ടി വീടിനകത്തേക്ക് നടന്നു .
ഒരുനിമിഷം എന്തുപറയണമെന്നറിയാതെ സ്തംഭിച്ചിരുന്ന സലീമിനെ നോക്കി ഷെമീർ പറഞ്ഞു .
''പ്രിയസുഹൃത്തേ താങ്കളുടെ അവസ്ഥയെനിക്ക് മനസിലാകും .പക്ഷേ ,എന്തുചെയ്യാം നിരാശയോടെ മടങ്ങാനാണ്‌ താങ്കളുടെ വിധി .കാരണം ഷാഹിനയെപോലെതന്നെയാണ് എനിക്ക് അവളുടെ മോളും .അവളെ എന്റെ സ്വന്തംമോളായിട്ടു കരുതിയാണ് ഞാൻ സ്നേഹിക്കുന്നത് .ഒരിക്കൽപോലും ഞാനവളെ അന്യയായി കരുതിയിട്ടില്ല .അതുകൊണ്ട് തന്നെ എനിക്ക് അവളെ പിരിയാനാവില്ല .എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഷാഹിനയെ വിവാഹം ചെയ്തത് .''
''ഞാനും ചെറുപ്പകാലത്ത്‌ ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടി .ഒരുപാട് പാവപ്പെട്ടപെൺകുട്ടികളെ സ്നേഹിച്ചുവഞ്ചിച്ചു .അതിനെല്ലാം പരിഹാരമായിക്കൊണ്ട് ചെയ്തതെറ്റുകൾക്കൊരു പ്രായശ്ചിത്തമായി ഞാൻ ഷാഹിനക്കൊരു ജീവിതം കൊടുത്തു .അവളിന്നെന്റെ ജീവനാണ്, അവളുടെമോളും .അവരെപിരിഞ്ഞുകൊണ്ടൊരു ജീവിതം ഇനിഎനിക്കില്ല .''പറഞ്ഞിട്ട് അവൻ സലീമിനെ നോക്കി .
ഷാഹിനക്കും കുടുംബത്തിനും നന്മകൾ നേർന്നുകൊണ്ട് ആ വീട്ടിൽനിന്നും ഇറങ്ങിനടക്കുമ്പോൾ സലീമു മനസ്സിൽ ചിന്തിക്കുകയായിരുന്നു .
തനിക്ക് ഷെമീറിനെപോലെയൊരു മനുഷ്യനാകാൻ കഴിഞ്ഞില്ലല്ലോ എന്ന് .അവനെ ഭർത്താവായിക്കിട്ടിയ ഷാഹിനയും അവന്റ മകളാകാൻ കഴിഞ്ഞ തന്റെമോളും ഭാഗ്യവതികൾ തന്നെ .ആ ഓർമ്മകൾ അവന്റെ മനസ്സിൽ ഒരുകുളിർകാറ്റുവീശി .
------------------------------------
രചന-അബ്ബാസ് ഇടമറുക്

സൈറയുടെ ഓർമ്മയ്ക്ക്


********************
അടഞ്ഞ വാതിലിനുമുന്നിൽ കോളിംഗ്ബെല്ലമർത്തി സൈറ കാത്തുനിന്നു .ഏതാനുംനിമിഷം കഴിഞ്ഞപ്പോൾ വാതിൽതുറന്നൊരു സ്ത്രീ പുറത്തുവന്നു .അത് സമീറിന്റെ ഉമ്മയാണെന്ന് സൈറയ്ക്ക് മനസിലായി .
'' സമീറില്ലേ ഇവിടെ ...?''അവൾ ചോദിച്ചു .
''ഇല്ല അവനും ഭാര്യയുംകൂടി പുറത്തുപോയിരിക്കുവാ .''
ഇനിയെന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു .അതുകൊണ്ട് തന്നെ അവൾ തിരിഞ്ഞുനടന്നു .പടിയിറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽനിന്നും ഉമ്മയുടെ ചോദ്യം .
''ആര് വന്നൂന്ന് പറയണം .?''
''സൈറ .''അവൾ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .
മുറ്റത്തിറങ്ങുമ്പോൾ കണ്ടു .പലതരത്തിലുള്ള പൂച്ചെടികൾ .അതിൽനിറയെ വിവിധവർണങ്ങളിലുള്ള പൂക്കൾ .പക്ഷേ ,അതിനിടയിൽ റോസാച്ചെടി മാത്രം അവൾ കണ്ടില്ല .എന്തേ റോസില്ലാത്തത് .സമീറിനെന്നും റോസാച്ചെടികൾ വലിയ ഇഷ്ടമായിരുന്നല്ലോ.സൈറ മനസ്സിലോർത്തു .
ഗെയ്റ്റിനുമുന്നിൽക്കിടന്ന ഓട്ടോറിക്ഷയിൽ കയറി തിരിച്ചുമടങ്ങുമ്പോൾ സൈറയുടെ മനസിലേക്ക് ഒരിക്കൽക്കൂടി കഴിഞ്ഞകാല ഓർമ്മകൾ ചിറകുവിരിച്ചെത്തി .
പഴയ കോളേജ്ക്യാമ്പസ് .അവിടെ മരത്തണലിൽ സൈറയും ,സമീറും .
''നിനക്കെന്നെഇഷ്ടമല്ല .അതാണ് നീ ഇങ്ങനെപറയുന്നത് .''ഒരിക്കൽകൂടി സമീറിന്റെ വാക്കുകൾ സൈറയുടെ കാതിൽ മുഴങ്ങി .
''അതുമാത്രം പറയരുത് സമീർ .ഞാൻ ഈ ഭൂമിയിൽ ഒരേയൊരു പുരുഷനെമാത്രമേ സ്നേഹിച്ചിട്ടുള്ളൂ .അത് നീയാണ് .''
''എന്നിട്ടാണോ എന്നെ ഒഴിവാക്കാൻവേണ്ടി നീ ഓരോരോ കാരണങ്ങൾ കണ്ടുപിടിച്ചുപറയുന്നത് .''
''അതല്ലാ സമീർ .നിനക്ക്ചേർന്ന പെണ്ണല്ലഞാൻ .എന്നേക്കാളും സൗന്ദര്യവും സമ്പത്തുമെല്ലാമുള്ള ഒരു പെണ്ണിനെ നിനക്ക് കിട്ടും .''
''എന്താണ് സൈറ നീ ഇങ്ങനൊക്കെപറയുന്നത് .പെട്ടെന്നെന്താണ് നിനക്കിങ്ങനൊരു മനംമാറ്റം .എല്ലാം മനസിലാക്കിത്തന്നെയല്ലേ ഞാൻ നിന്നെ ഇഷ്ടപെട്ടത് .പിന്നെന്തിനാണ് ഇപ്പോൾ നീ ഓരോരോ നിസാരകാരണങ്ങൾ പറഞ്ഞുകൊണ്ട് എന്നെ വേദനിപ്പിക്കുന്നത് .''സമീർ അവളെനോക്കി ചോദിച്ചു .
സൈറ ഒന്നും മിണ്ടിയില്ല .വെറുതേ വിദൂരതയിലേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു .അവളുടെ മനസ്സ് നീറിക്കൊണ്ടിരുന്നു .
തന്നെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെക്കുറിച്ചു താനെങ്ങനെ സമീറിനോട് പറയും .അതറിയുമ്പോൾ അവൻ തകർന്നുപോകില്ലേ .അതായിരുന്നു സൈറയുടെ മനസ്സിലപ്പോൾ .ഒരിക്കലും സമീർ ഇതറിയരുത് .അവന്റെ കല്ല്യാണം കഴിയുന്നത് വരെയെങ്കിലും .പഠനം കഴിഞ്ഞിറങ്ങിയാൽ അവനെക്കൊണ്ട് വിവാഹം ചെയ്യിക്കുമെന്നാണ് അവന്റെ വീട്ടുകാർ പറഞ്ഞിരിക്കുന്നത് .ഈ സമയത്തു അവനിതറിഞ്ഞാൽ ഒരുപക്ഷേ അവന്റെയും അവന്റെ വീട്ടുകാരുടെയും പ്രതീക്ഷകളെല്ലാം തകരും .അതുണ്ടാവരുത് .
പഠനം കഴിഞ്ഞിറങ്ങിയാൽ ഉടനേ നമ്മുടെ വിവാഹം .അതാണ് സമീർ പറഞ്ഞിരിക്കുന്നത് .തന്നെപ്പറ്റി അവൻ വീട്ടിൽ പറഞ്ഞിട്ടുണെന്നാണ് പറഞ്ഞത് .വീട്ടുകാർക്കും തന്നെ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലത്രേ .
എങ്ങനെയും സമീറിനെ തന്നിൽനിന്നും അകറ്റണം .അതുമാത്രമായിരുന്നു അവളുടെ മനസ്സിലപ്പോൾ ചിന്ത .ഏതാനും നാളുകൾക്കുള്ളിൽ താനീ ലോകത്തുനിന്നും വിടപറയും .അതിനുമുൻപ് തന്റെ സമീർ വിവാഹിതനാവുന്നതു തനിക്ക് കാണണം .അവൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ടുവേണം തനിക്ക് മരിക്കാൻ .സൈറ മനസ്സിലോർത്തു .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോകവേ കോളേജ് പഠനം അവസാനിച്ചു .ഇതിനിടയിൽ സൈറ ഒരോരൊകാരണങ്ങൾ പറഞ്ഞും ,ഒഴിഞ്ഞുമാറിയുമെല്ലാം സമീറിനെ തന്നിൽനിന്നും അകറ്റിക്കഴിഞ്ഞിരുന്നു .
പഠനംകഴിഞ്ഞു ഏതാനുംനാളുകൾ കഴിഞ്ഞപ്പോൾ മുറപ്പെണ്ണുമായി സമീറിന്റെ വിവാഹം നടന്നു .അന്ന് വാശിയോടെയെന്നവണ്ണം വിവാഹത്തിന് ക്ഷണിക്കാനായി സമീർ സൈറയുടെ വീട്ടിലും വന്നിരുന്നു .സൈറ മനസ്സിലോർത്തു .
ഇന്നിതാ തന്റെ രോഗം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു .ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ താൻ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടറന്മാർ പറഞ്ഞിരിക്കുന്നത് .
അതിന് മുന്നേ ഒരിക്കൽകൂടി സമീറിനെ ഒന്നുകാണണമെന്നു സൈറയ്ക്ക് തോന്നി .മരിക്കുന്നതിന് മുന്നേ അവനോട് താൻ മറച്ചുവെച്ച രോഗത്തെപ്പറ്റി പറയണം .അവന് തന്നോടുള്ള വെറുപ്പ്‌ മാറ്റണം .അവനോട് മാപ്പ് ചോദിക്കണം .
പലപ്പോഴും കൂട്ടുകാരുടെ കയ്യിൽനിന്നും അവന്റെ ഫോൺനമ്പർ സങ്കടിപ്പിച്ചുകൊണ്ട് അവനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താനാണെന്നറിയുമ്പോൾ അവൻ ഫോൺ കട്ടുചെയ്യും .അതാണ് പതിവ് .അത്രക്കുണ്ടാകും അവന് തന്നോടുള്ള വെറുപ്പ്‌ .സൈറ വേദനയോടെ മനസ്സിലോർത്തു .
ഒടുവിൽ കണ്ടുപിരിഞ്ഞനാൾ അവൻ പറഞ്ഞവാക്കുകൾ .
''ഞാൻ വേറെ വിവാഹംകഴിച്ചുകൊണ്ട് നിന്നെ വിട്ടുപോകണം .എന്നിട്ട് വേണം നിനക്ക് എന്നേക്കാൾ സുന്ദരനായ ഒരുത്തനെ കണ്ടുപിടിക്കാൻ .ഇനി ഒരിക്കലും ഞാൻ നിന്നെ ശല്ല്യം ചെയ്യാൻ വരില്ല .ഞാൻ വെറുക്കുന്നു നിന്നെ .നീ സ്നേഹിക്കുന്ന സർവ്വതിനേയും .''
ഇപ്പോളിതാ താൻ തന്റെ സമീറിനെ ഒരിക്കൽകൂടി കാണാനായി ചെന്നിരിക്കുന്നു .അവസാനമായി .ഓട്ടോറിക്ഷയിലിരുന്നുകൊണ്ട് സൈറ മനസ്സിലോർത്തു .
പിറ്റേദിവസവും സൈറ സമീറിന്റെ വീട്ടിലേക്ക് പോയി .അപ്പോളവൾ തന്റെ പൂംതോട്ടത്തിൽ നിന്നും ഒരു റോസാച്ചെടിയുടെ തണ്ടുകൂടി കയ്യിൽ കരുതിയിരുന്നു സമീറിന് കൊടുക്കാൻ .
പക്ഷേ ,അന്നും സമീറിനെ കാണാൻ അവൾക്കായില്ല .അവനും ഭാര്യയുംകൂടി അന്നൊരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു .
സൈറ തന്റെ കൈയ്യിലിരുന്ന റോസാക്കമ്പ് സമീറിന്റെ വീട്ടുമുറ്റത്തെ പൂംതോട്ടത്തിൽ നട്ടുപിടിപ്പിച്ചു .എന്നിട്ട് സമീറിന് നൽകാനായി ഒരുകത്തും അവന്റെ ഉമ്മയെ ഏൽപിച്ചിട്ടു തിരിച്ചുപോയി .
പിറ്റേദിവസം വീട്ടിൽ മടങ്ങിയെത്തിയ സമീർ ഉമ്മ കൊടുത്ത കത്ത് തുറന്നു വായിച്ചു .
''പ്രിയപ്പെട്ട സമീറിന് .നിന്നെക്കാണുവാൻ രണ്ടുവട്ടം ഞാൻ വീട്ടിൽ വന്നിരുന്നു .പക്ഷേ ,നിന്നെ കാണുവാൻ കഴിഞ്ഞില്ല .ഫോൺ ചെയ്താലും നീ സംസാരിക്കില്ലല്ലോ .അതാണ് നേരിട്ടുവന്നത് .മരിക്കുന്നതിന് മുൻപ് നിന്നെയൊന്നു കാണണമെന്നുതോന്നി .ചിലതൊക്കെ സംസാരിക്കണമെന്നും .നിനക്കെന്നോട് വെറുപ്പാണെന്നറിയാം .അതിന് നിന്നെ തെറ്റുപറയാനാവില്ല .എല്ലാത്തിനും കാരണക്കാരി ഞാനാണല്ലോ .''
''നിന്റെ വീടും പൂംതോട്ടവുമെല്ലാം ഞാൻ കണ്ടു .പക്ഷേ നിന്റെ ഇഷ്ടപൂവായ റോസാപ്പൂവിന്റെ ചെടിമാത്രം അവിടെക്കണ്ടില്ല .ഒരിക്കൽ നീ എന്നോട് പറഞ്ഞിരുന്നല്ലോ ...!എന്നെയും ഞാനിഷ്ടപ്പെടുന്നതിനെയുമെല്ലാം വെറുക്കുന്നെന്ന് .ആ വെറുപ്പിന്റെ പേരിലാവാം റോസാച്ചെടിയെ നീ നിന്റെ പൂംതോട്ടത്തിൽ നിന്നും ഒഴിവാക്കിയത്‌ .''
''എന്തുതന്നെയായാലും രണ്ടാമത്തെ പ്രാവശ്യം ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ ഒരു റോസാച്ചെടിയുടെ കമ്പുകൂടി കൊണ്ടുവന്നിരുന്നു .ആ കമ്പ് ഞാൻ നിന്റെ പൂംതോട്ടത്തിൽ നട്ടിട്ടുണ്ട് .എന്റെ ഓർമക്കായി അതവിടെ നിൽക്കട്ടെ .നീ അതിനെ സ്നേഹിക്കുമെന്നു ഞാൻ കരുതുന്നു .''
''ഇനിയൊരിക്കലും നമ്മൾതമ്മിൽ കാണുമെന്നുതോന്നുന്നില്ല .കാരണം എനിക്ക് ബ്ലഡ്ക്യാൻസറാണ് .ഇനി എത്രനാൾ ഞാൻ ജീവിച്ചിരിക്കുമെന്ന് അല്ലാഹുവിനു മാത്രേ അറിയൂ .അതുകൊണ്ട് എന്നെ വെറുക്കരുത് .ഇത്രയും കാലം ഈ വിവരം നിന്നിൽനിന്നും മറച്ചുവെച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു .എന്ന് സ്നേഹപൂർവ്വം സമീറിനെ സ്നേഹിക്കുന്ന സൈറ .''
സൈറയുടെ കത്തുവായിച്ചു ഏതാനുംനിമിഷം തരിച്ചുനിന്നുപോയി സമീർ . ഇടറുന്ന കാലടികളോടെ മെല്ലെ തന്റെ പൂംതോട്ടത്തിലേക്ക് നടന്നു അവൻ .എന്നിട്ട് സൈറ നട്ടിട്ടുപോയ റോസാചെടിത്തണ്ടിനെ അരുമയോടെ തലോടി അവൻ .ആ സമയം അവന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരധാരയായി അടർന്ന് ആ ചെടിത്തണ്ടിൽ വീണുചിതറി .
ഈ സമയം സൈറയുടെ വീട്ടിൽ അവളുടെ ആത്മാവ് അവളെവിട്ടുകൊണ്ട് വാനലോകത്തേക്ക് പറന്നുയർന്നുകഴിഞ്ഞിരുന്നു.
------------------------------------
രചന-അബ്ബാസ് ഇടമറുക്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo