
********************
അടഞ്ഞ വാതിലിനുമുന്നിൽ കോളിംഗ്ബെല്ലമർത്തി സൈറ കാത്തുനിന്നു .ഏതാനുംനിമിഷം കഴിഞ്ഞപ്പോൾ വാതിൽതുറന്നൊരു സ്ത്രീ പുറത്തുവന്നു .അത് സമീറിന്റെ ഉമ്മയാണെന്ന് സൈറയ്ക്ക് മനസിലായി .
'' സമീറില്ലേ ഇവിടെ ...?''അവൾ ചോദിച്ചു .
''ഇല്ല അവനും ഭാര്യയുംകൂടി പുറത്തുപോയിരിക്കുവാ .''
ഇനിയെന്തു പറയണമെന്ന് അവൾക്കറിയില്ലായിരുന്നു .അതുകൊണ്ട് തന്നെ അവൾ തിരിഞ്ഞുനടന്നു .പടിയിറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽനിന്നും ഉമ്മയുടെ ചോദ്യം .
''ആര് വന്നൂന്ന് പറയണം .?''
''സൈറ .''അവൾ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .
മുറ്റത്തിറങ്ങുമ്പോൾ കണ്ടു .പലതരത്തിലുള്ള പൂച്ചെടികൾ .അതിൽനിറയെ വിവിധവർണങ്ങളിലുള്ള പൂക്കൾ .പക്ഷേ ,അതിനിടയിൽ റോസാച്ചെടി മാത്രം അവൾ കണ്ടില്ല .എന്തേ റോസില്ലാത്തത് .സമീറിനെന്നും റോസാച്ചെടികൾ വലിയ ഇഷ്ടമായിരുന്നല്ലോ.സൈറ മനസ്സിലോർത്തു .
ഗെയ്റ്റിനുമുന്നിൽക്കിടന്ന ഓട്ടോറിക്ഷയിൽ കയറി തിരിച്ചുമടങ്ങുമ്പോൾ സൈറയുടെ മനസിലേക്ക് ഒരിക്കൽക്കൂടി കഴിഞ്ഞകാല ഓർമ്മകൾ ചിറകുവിരിച്ചെത്തി .
പഴയ കോളേജ്ക്യാമ്പസ് .അവിടെ മരത്തണലിൽ സൈറയും ,സമീറും .
''നിനക്കെന്നെഇഷ്ടമല്ല .അതാണ് നീ ഇങ്ങനെപറയുന്നത് .''ഒരിക്കൽകൂടി സമീറിന്റെ വാക്കുകൾ സൈറയുടെ കാതിൽ മുഴങ്ങി .
''അതുമാത്രം പറയരുത് സമീർ .ഞാൻ ഈ ഭൂമിയിൽ ഒരേയൊരു പുരുഷനെമാത്രമേ സ്നേഹിച്ചിട്ടുള്ളൂ .അത് നീയാണ് .''
''എന്നിട്ടാണോ എന്നെ ഒഴിവാക്കാൻവേണ്ടി നീ ഓരോരോ കാരണങ്ങൾ കണ്ടുപിടിച്ചുപറയുന്നത് .''
''അതല്ലാ സമീർ .നിനക്ക്ചേർന്ന പെണ്ണല്ലഞാൻ .എന്നേക്കാളും സൗന്ദര്യവും സമ്പത്തുമെല്ലാമുള്ള ഒരു പെണ്ണിനെ നിനക്ക് കിട്ടും .''
''എന്താണ് സൈറ നീ ഇങ്ങനൊക്കെപറയുന്നത് .പെട്ടെന്നെന്താണ് നിനക്കിങ്ങനൊരു മനംമാറ്റം .എല്ലാം മനസിലാക്കിത്തന്നെയല്ലേ ഞാൻ നിന്നെ ഇഷ്ടപെട്ടത് .പിന്നെന്തിനാണ് ഇപ്പോൾ നീ ഓരോരോ നിസാരകാരണങ്ങൾ പറഞ്ഞുകൊണ്ട് എന്നെ വേദനിപ്പിക്കുന്നത് .''സമീർ അവളെനോക്കി ചോദിച്ചു .
സൈറ ഒന്നും മിണ്ടിയില്ല .വെറുതേ വിദൂരതയിലേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു .അവളുടെ മനസ്സ് നീറിക്കൊണ്ടിരുന്നു .
തന്നെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെക്കുറിച്ചു താനെങ്ങനെ സമീറിനോട് പറയും .അതറിയുമ്പോൾ അവൻ തകർന്നുപോകില്ലേ .അതായിരുന്നു സൈറയുടെ മനസ്സിലപ്പോൾ .ഒരിക്കലും സമീർ ഇതറിയരുത് .അവന്റെ കല്ല്യാണം കഴിയുന്നത് വരെയെങ്കിലും .പഠനം കഴിഞ്ഞിറങ്ങിയാൽ അവനെക്കൊണ്ട് വിവാഹം ചെയ്യിക്കുമെന്നാണ് അവന്റെ വീട്ടുകാർ പറഞ്ഞിരിക്കുന്നത് .ഈ സമയത്തു അവനിതറിഞ്ഞാൽ ഒരുപക്ഷേ അവന്റെയും അവന്റെ വീട്ടുകാരുടെയും പ്രതീക്ഷകളെല്ലാം തകരും .അതുണ്ടാവരുത് .
പഠനം കഴിഞ്ഞിറങ്ങിയാൽ ഉടനേ നമ്മുടെ വിവാഹം .അതാണ് സമീർ പറഞ്ഞിരിക്കുന്നത് .തന്നെപ്പറ്റി അവൻ വീട്ടിൽ പറഞ്ഞിട്ടുണെന്നാണ് പറഞ്ഞത് .വീട്ടുകാർക്കും തന്നെ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലത്രേ .
എങ്ങനെയും സമീറിനെ തന്നിൽനിന്നും അകറ്റണം .അതുമാത്രമായിരുന്നു അവളുടെ മനസ്സിലപ്പോൾ ചിന്ത .ഏതാനും നാളുകൾക്കുള്ളിൽ താനീ ലോകത്തുനിന്നും വിടപറയും .അതിനുമുൻപ് തന്റെ സമീർ വിവാഹിതനാവുന്നതു തനിക്ക് കാണണം .അവൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ടുവേണം തനിക്ക് മരിക്കാൻ .സൈറ മനസ്സിലോർത്തു .
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോകവേ കോളേജ് പഠനം അവസാനിച്ചു .ഇതിനിടയിൽ സൈറ ഒരോരൊകാരണങ്ങൾ പറഞ്ഞും ,ഒഴിഞ്ഞുമാറിയുമെല്ലാം സമീറിനെ തന്നിൽനിന്നും അകറ്റിക്കഴിഞ്ഞിരുന്നു .
പഠനംകഴിഞ്ഞു ഏതാനുംനാളുകൾ കഴിഞ്ഞപ്പോൾ മുറപ്പെണ്ണുമായി സമീറിന്റെ വിവാഹം നടന്നു .അന്ന് വാശിയോടെയെന്നവണ്ണം വിവാഹത്തിന് ക്ഷണിക്കാനായി സമീർ സൈറയുടെ വീട്ടിലും വന്നിരുന്നു .സൈറ മനസ്സിലോർത്തു .
ഇന്നിതാ തന്റെ രോഗം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു .ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ താൻ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടറന്മാർ പറഞ്ഞിരിക്കുന്നത് .
അതിന് മുന്നേ ഒരിക്കൽകൂടി സമീറിനെ ഒന്നുകാണണമെന്നു സൈറയ്ക്ക് തോന്നി .മരിക്കുന്നതിന് മുന്നേ അവനോട് താൻ മറച്ചുവെച്ച രോഗത്തെപ്പറ്റി പറയണം .അവന് തന്നോടുള്ള വെറുപ്പ് മാറ്റണം .അവനോട് മാപ്പ് ചോദിക്കണം .
പലപ്പോഴും കൂട്ടുകാരുടെ കയ്യിൽനിന്നും അവന്റെ ഫോൺനമ്പർ സങ്കടിപ്പിച്ചുകൊണ്ട് അവനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താനാണെന്നറിയുമ്പോൾ അവൻ ഫോൺ കട്ടുചെയ്യും .അതാണ് പതിവ് .അത്രക്കുണ്ടാകും അവന് തന്നോടുള്ള വെറുപ്പ് .സൈറ വേദനയോടെ മനസ്സിലോർത്തു .
ഒടുവിൽ കണ്ടുപിരിഞ്ഞനാൾ അവൻ പറഞ്ഞവാക്കുകൾ .
''ഞാൻ വേറെ വിവാഹംകഴിച്ചുകൊണ്ട് നിന്നെ വിട്ടുപോകണം .എന്നിട്ട് വേണം നിനക്ക് എന്നേക്കാൾ സുന്ദരനായ ഒരുത്തനെ കണ്ടുപിടിക്കാൻ .ഇനി ഒരിക്കലും ഞാൻ നിന്നെ ശല്ല്യം ചെയ്യാൻ വരില്ല .ഞാൻ വെറുക്കുന്നു നിന്നെ .നീ സ്നേഹിക്കുന്ന സർവ്വതിനേയും .''
ഇപ്പോളിതാ താൻ തന്റെ സമീറിനെ ഒരിക്കൽകൂടി കാണാനായി ചെന്നിരിക്കുന്നു .അവസാനമായി .ഓട്ടോറിക്ഷയിലിരുന്നുകൊണ്ട് സൈറ മനസ്സിലോർത്തു .
പിറ്റേദിവസവും സൈറ സമീറിന്റെ വീട്ടിലേക്ക് പോയി .അപ്പോളവൾ തന്റെ പൂംതോട്ടത്തിൽ നിന്നും ഒരു റോസാച്ചെടിയുടെ തണ്ടുകൂടി കയ്യിൽ കരുതിയിരുന്നു സമീറിന് കൊടുക്കാൻ .
പക്ഷേ ,അന്നും സമീറിനെ കാണാൻ അവൾക്കായില്ല .അവനും ഭാര്യയുംകൂടി അന്നൊരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു .
സൈറ തന്റെ കൈയ്യിലിരുന്ന റോസാക്കമ്പ് സമീറിന്റെ വീട്ടുമുറ്റത്തെ പൂംതോട്ടത്തിൽ നട്ടുപിടിപ്പിച്ചു .എന്നിട്ട് സമീറിന് നൽകാനായി ഒരുകത്തും അവന്റെ ഉമ്മയെ ഏൽപിച്ചിട്ടു തിരിച്ചുപോയി .
പിറ്റേദിവസം വീട്ടിൽ മടങ്ങിയെത്തിയ സമീർ ഉമ്മ കൊടുത്ത കത്ത് തുറന്നു വായിച്ചു .
''പ്രിയപ്പെട്ട സമീറിന് .നിന്നെക്കാണുവാൻ രണ്ടുവട്ടം ഞാൻ വീട്ടിൽ വന്നിരുന്നു .പക്ഷേ ,നിന്നെ കാണുവാൻ കഴിഞ്ഞില്ല .ഫോൺ ചെയ്താലും നീ സംസാരിക്കില്ലല്ലോ .അതാണ് നേരിട്ടുവന്നത് .മരിക്കുന്നതിന് മുൻപ് നിന്നെയൊന്നു കാണണമെന്നുതോന്നി .ചിലതൊക്കെ സംസാരിക്കണമെന്നും .നിനക്കെന്നോട് വെറുപ്പാണെന്നറിയാം .അതിന് നിന്നെ തെറ്റുപറയാനാവില്ല .എല്ലാത്തിനും കാരണക്കാരി ഞാനാണല്ലോ .''
''നിന്റെ വീടും പൂംതോട്ടവുമെല്ലാം ഞാൻ കണ്ടു .പക്ഷേ നിന്റെ ഇഷ്ടപൂവായ റോസാപ്പൂവിന്റെ ചെടിമാത്രം അവിടെക്കണ്ടില്ല .ഒരിക്കൽ നീ എന്നോട് പറഞ്ഞിരുന്നല്ലോ ...!എന്നെയും ഞാനിഷ്ടപ്പെടുന്നതിനെയുമെല്ലാം വെറുക്കുന്നെന്ന് .ആ വെറുപ്പിന്റെ പേരിലാവാം റോസാച്ചെടിയെ നീ നിന്റെ പൂംതോട്ടത്തിൽ നിന്നും ഒഴിവാക്കിയത് .''
''എന്തുതന്നെയായാലും രണ്ടാമത്തെ പ്രാവശ്യം ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ ഒരു റോസാച്ചെടിയുടെ കമ്പുകൂടി കൊണ്ടുവന്നിരുന്നു .ആ കമ്പ് ഞാൻ നിന്റെ പൂംതോട്ടത്തിൽ നട്ടിട്ടുണ്ട് .എന്റെ ഓർമക്കായി അതവിടെ നിൽക്കട്ടെ .നീ അതിനെ സ്നേഹിക്കുമെന്നു ഞാൻ കരുതുന്നു .''
''ഇനിയൊരിക്കലും നമ്മൾതമ്മിൽ കാണുമെന്നുതോന്നുന്നില്ല .കാരണം എനിക്ക് ബ്ലഡ്ക്യാൻസറാണ് .ഇനി എത്രനാൾ ഞാൻ ജീവിച്ചിരിക്കുമെന്ന് അല്ലാഹുവിനു മാത്രേ അറിയൂ .അതുകൊണ്ട് എന്നെ വെറുക്കരുത് .ഇത്രയും കാലം ഈ വിവരം നിന്നിൽനിന്നും മറച്ചുവെച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു .എന്ന് സ്നേഹപൂർവ്വം സമീറിനെ സ്നേഹിക്കുന്ന സൈറ .''
സൈറയുടെ കത്തുവായിച്ചു ഏതാനുംനിമിഷം തരിച്ചുനിന്നുപോയി സമീർ . ഇടറുന്ന കാലടികളോടെ മെല്ലെ തന്റെ പൂംതോട്ടത്തിലേക്ക് നടന്നു അവൻ .എന്നിട്ട് സൈറ നട്ടിട്ടുപോയ റോസാചെടിത്തണ്ടിനെ അരുമയോടെ തലോടി അവൻ .ആ സമയം അവന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരധാരയായി അടർന്ന് ആ ചെടിത്തണ്ടിൽ വീണുചിതറി .
ഈ സമയം സൈറയുടെ വീട്ടിൽ അവളുടെ ആത്മാവ് അവളെവിട്ടുകൊണ്ട് വാനലോകത്തേക്ക് പറന്നുയർന്നുകഴിഞ്ഞിരുന്നു.
------------------------------------
രചന-അബ്ബാസ് ഇടമറുക്
------------------------------------
രചന-അബ്ബാസ് ഇടമറുക്
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക