*** മാളു***


*** മാളു***
എടിയേ എടി മാളു ഈ എരണംകെട്ടവൾ ഇത് എവിടെ പോയി കിടക്കാ വന്നു വന്നു എനിക്ക് ഒരിത്തിരി വെള്ളം തരാൻ പോലും അവൾക് വയ്യാതായി ഇതിന്റെ തലവെട്ടം കണ്ട അന്നുമുതൽ തുടങ്ങിയതാ എനിക്ക് ഈ കഷ്ട്ടകാലം
ശ്യോ കിടന്നു അലറണ്ട ഇതാ വരുന്നു
തള്ള രാവിലെ തന്നെ തുടങ്ങിയെന്നാ തോന്നുന്നത്
മാളു അടുക്കളയിൽ നിന്നും പിറുപിറുത്തു
എന്തിനാ കിടന്ന് ഒച്ച വെക്കണേ ഞാൻ കുട്ടികളെ ഒരുക്കുന്നത് കണ്ടില്ലേ അവർക്ക് സ്‌ക്കൂളിൽ പോണ്ടേ
ഓ ഒരു സ്ക്കൂള് ഒന്ന് പോടി എനിക്ക് ഇത്തിരി വെള്ളം തന്നിട്ട് പോരായോ നി റ ൻ്റ ഒരു 'സ്ക്കൂള്
ചായ അല്ലേ ഈ മേശപ്പുറത്ത് ഇരിക്കണേ ഇപ്പോ കണ്ണും കാണാതായോ തള്ളക്ക്
ഫാ ഒരുമ്പട്ടവളെ നീ അണിഞ്ഞൊരുങ്ങി എങ്ങോട്ടാ പോന്നേന്ന് എനിക്കറിയാടീ
ഹാ അറിയാലോ രാവിലെ തന്നെ പിന്നെ ചൊറിയാൻ വരല്ലേ തള്ളേ
പിന്നെ കെട്ടിയൊരുങ്ങി സർക്കാർ ഉദ്യോഗത്തിനല്ലേ പോണത് നാട്ടുകാർക്ക് കാഴ്ചവെക്കാനല്ലേ കുടുംബത്തിൻ്റെ മാനം കളഞ്ഞ തേവിടിച്ചി
അതെ തള്ളതന്നെ അത് പറയണം ഞാനെ ഇവിടുത്ത് ഒരുങ്ങി കെട്ടി പോയാലെ മൂന്ന് നേരം ഉരുട്ടിവെച്ചു തരാൻ പറ്റൂ .തരുന്നത് നിന്ന് മിണ്ടാണ്ട് കിടന്നോ അവിടെ ഇല്ലെങ്കിൽ ഇനി മുതൽ പച്ച വെള്ളം കിട്ടില്ല തള്ളക്ക് ഹും.
അവൾ ചുവരിൽ തൂക്കിയ ക്ലോക്കിലേക്ക് നോക്കി ഈശ്വരാ മണി 9 ബസ് ഇന്നും പോവൂല്ലോ 10 മണിക്ക് എത്താൻ പറഞ്ഞതാണല്ലോ .ഈ വെളപ്പാ കാലത്ത് ഏതവനാ ഇത്ര മൂത്ത് നിക്കണതാവോ.
അവൾ പിറുപിറുത്തു കൊണ്ട് വാതിൽ ചാരിവേഗം ബസ് സ്റ്റോപിലേക്ക് നടന്നു.
ഹോ ഇന്നും വരുന്നുണ്ട്‌ ആ ലക്ഷണം കെട്ട സാധനം കണി കണ്ടാൽ അന്നത്തെ ദിവസം പോക്കാ
ചേച്ചി ഇത് ആരടെ കാര്യാ പറയണ്
ദേ അങ്ട് നോക്ക് ഒരു ശീലാവതി വരുന്നത് കണ്ടില്ലേ
ഹോ മാളവിക ആണോ ഇത്തരക്കാരെ കണ്ടാൽ നല്ല കണി എന്നാണല്ലോ പൊതുവേ പറയാറ്
ഉം നല്ല കണിയാ ഇതിനെ ഒക്കെ കാണുമ്പോഴാ പേടി ആവുന്നത് നല്ല ആണുങ്ങളെ വലവീശി പിടിക്കാൻ നടക്കുകയല്ലേ.
ചേച്ചിക്ക് അത് അവളെ കുറിച്ച് അറിയാത്തോണ്ടാ ഒരു കാലത്ത് ഈ നാടിൻ്റെ കണ്ണിലുണ്ണി ആയിരുന്നു അവൾ. മേലേപ്പുരക്കിലെ ഭാരസ്ക്കരൻനായരുടെ രണ്ടു മക്കളിൽ മൂത്തവൾ താഴെ ഒന്നുള്ളത് ഒരാൺകുട്ടിയാ മനു. ഒരു കാലത്ത് വളരെ പ്രധാപശാലികളായിരുന്നു അവർ ഈ കാണുന്ന തെങ്ങും തോപ്പും അങ്ങാടിയിലെ പീടിക മുറികളും എല്ലാം അവരുടേതായിരുന്നു.ഭാസ്ക്കരൻനായർക്ക് സ്ഥലത്തിൻ്റെ ഇടപാടായിരുന്നു കൂട്ടുകാരൻ ചതിച്ചതാ ചേച്ചി പാവത്തിനെ ലക്ഷങ്ങളുടെ കടം വന്നു വസ്തു വിറ്റു കുറെ തീർത്തു അയാള് ആ വിഷമത്തില് മുഴു കുടിയനായി. എന്നാലും മാട്ടു പഠിക്കാൻ ബഹുമിടുക്കി ആയിരുന്നു ഈ കഷ്ട്ടപ്പാടിലും 98% ശതമാനം മാർക്ക് വാങ്ങിയാണ് അവൾ പത്താം ക്ലാസ് പാസ്സായത് ഈഎന്നിക്ക് വരെ അന്ന് അസൂയ തോന്നിട്ടുണ്ട് അവളോട് പോരാത്തതിന് കലാ കായിക മൽസരത്തില് എന്നും ഫസ്റ്റാ അവൾക്ക്. ഈയിടക്കാണ് പണ്ട് ഇവിടൊരു ബസ് നന്മടെ പാലത്തിൽ നിന്നും കനാലിലേക്ക് മറിഞ്ഞത് ആറേഴണ്ണം പോയി അതിൽ നമ്മടെ മനുവും ഉണ്ടായിരുന്നു പാവം ചേച്ചി കണ്ടിട്ടില്ലല്ലോ അവനെ നല്ല ഐശ്വര്യം ഉള്ള ഒരാൺ കൊച്ച് നോക്കിയാൽ മുഖത്തീന്ന് കണ്ണെടുക്കില്ല പക്ഷേ ദൈവം ആയുസ്സ് കൊടുത്തില്ല പാവത്തിന്.ഇതോടെ ഭാസ്ക്കരേട്ടൻ മുഴുകുടിയനായി അവൻ്റെ അമ്മ ജാനകിക്ക് സമനില തെറ്റി ഭ്രാന്തിൻ്റെ വക്കിലെത്തി ഒരു പാട് ചികിൽസിച്ചു എന്നിട്ടാ ഇപ്പം കാണുന്ന നിലയിൽ എത്തിയത്.
ചേച്ചി കണ്ടിട്ടില്ലേ അവരെ
ഉം ഉണ്ട് രണ്ടു തവണ ആരാ അവരുടെ വീട്ടിലേക്ക് പോകുന്നത് ഈ നാട്ടിലേക്ക് കെട്ടി കയറി വന്നപ്പഴേ അമ്മായി അമ്മ പറഞ്ഞിണ്ട് അങ്ങ്ട് പോവരുത് എന്ന്.നീ ബാക്കി പറ ബസ്സ് ഇപ്പം വരും
ആ എന്നിട്ടെന്താ ഭാസ്ക്കരേട്ടൻ വീണു ചാവുന്നതിന് മുൻപ് +2 ൽ പഠിക്കുന്ന മാളുവിനെ പിടിച്ചു അങ്ട് കെട്ടിച്ചു പാവം പരീക്ഷ പോലും എഴുതിയില്ല അവൾ ഇതൊക്കെ അമ്മാവൻമ്മാരുടെ കളിയാ മനു മരിച്ചതിൻ്റെ ഇൻഷുറസ് തുക ഈ പേരും പറഞ്ഞ് അടിച്ച് മാറ്റാലോ എന്നിട്ട് ഒന്നും അന്ന്വഷിക്കാതെ ഒരു മൊരടനെ പിടിച്ചുകെട്ടിച്ചു അതോടെ കഴിഞ്ഞു അവളെ കഥ.
ആ ബസ്സ് വന്നു ഇനി ബസ്സിന്ന് പറയാം
ബസ്സ് സ്റ്റോപ്പിൽ വന്ന് ബസ്സ് നിന്നു അവർ ബസ്സിൽ കയറി കൂടെ മാളുവും എന്നിട്ടവൾ ഒരു ഓരത്തേക്ക് മാറിനിന്നു.
ബസിലെ കളി അവളെ നോക്കി അർത്ഥം വെച്ച പാട്ടുകൾ മൂളാൻ തുടങ്ങി
മാമല കണ്ടേ ബേക്ക് കണ്ടേ ഇലകൾ കണ്ടേ പൂക്കളും തന്തിനതാനെ താനാനേ തന്തിന താനേ താനനേ
മാളു ഇതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല അവൾക്ക് ഒരു സൈഡ് സീറ്റ് കിട്ടി അതിൽ കയറി ഇരുന്നു ജാലക കാഴ്ചകളിൽ മുഴുകി
ആ ചേച്ചി ഇവിടെ ഇരിക്ക്‌ ബാക്കി പറയാം
ഉം പറ
അവളെ കെട്ടീത് ഒരു തമിഴനായിരുന്നു ഒരു കരിവണ്ട് കണ്ടാൽ തന്നെ അറിയാം മഹാ അലമ്പാന്ന് കല്ല്യണത്തിൻ്റെ അന്ന് തുടങ്ങീതാ അടിയും തൊഴിയും എന്താ സംശയരോഗം മാളു ഇന്നത്തെ പൊലെ ഒന്നും അല്ല കാണാൻ നല്ല ചേലാ യിരുന്നു. ദിവസവും രാത്രി വെള്ളമടിച്ചു വരും അയാളുടെ കാര്യം കഴിഞ്ഞാൽ പിന്നെ അടിയും തൊഴിയും ബാക്കി ഇതിനിടക്ക് അവൾ കൈയ്യൊന്ന് മുറിച്ചു ഭാഗ്യത്തിന് ജീവൻ പോയില്ല ആരൊക്കയോ തക്ക സമയത്തിന് ആശുപത്രീലെത്തിച്ചോണ്ട് ജീവൻ കിട്ടി.പിന്നെ കുറെ കാലം നല്ല രീതിയിൽ ആയിരുന്നു അവയ്ക്ക് 2 പെൺകുട്ടികളും ഉണ്ടായി ചിന്നുവും മിന്നുവും ഇരട്ടകളാ ചേച്ചി കണ്ടിട്ടില്ലേ ഇപ്പോ നന്മടെ UP സ്കൂളിൽ 4 ല് ആണ് പഠിക്കണത്.
ആ എനിക്കറിയാം എന്ത് രസാ അതിങ്ങളെ കാണാൻ അവളെ കൊത്തി വെച്ച പൊലെ ഉണ്ട് രണ്ടും.
പറഞ്ഞിട്ടെന്താ കാര്യം കൊച്ച്ങൾക്ക് ഒരു വയസ് ആയപ്പോൾ അയാള് വേറെ ഒരു പെണ്ണിൻ്റെ കൂടെ പോയി.ഭാസ്ക്കരൻനായർ മരിച്ചപ്പോൾ അവള് ഇങ്ട് പോന്നു ഇവിടെ ആ ജാനുമ്മ ഒറ്റക്കല്ലേ .ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് പാവം പിന്നെ നാല് പെണ്ണുങ്ങളാണ് ഇതിൻ്റെ ഒക്കെ വയറ് നിറയണ്ടേ ചേച്ചി കുറെ കാലം ഒരു പ്രിസ്സിൽ പോയിരുന്നു പിന്നെന്തായി എന്ന് അറിയില്ല ഞാൻ കാണുന്നത് ഈ രൂപത്തിലാ. ആ ചേച്ചി ഞാൻ ഇറങ്ങുകയാണേ എൻ്റെ stop എത്തി വൈകീട്ട് കരുണയിൽ കാണില്ലേ ഞാൻ അതിൽ കയറാം
ആ ശരി കാണാം അമ്പിളി
ബസ് പെരുമ്പാവൂര് സ്റ്റാൻ്റിൽ എത്തി മാളു പതിയെ ബസ്സിൽ നിന്നിറങ്ങി ബാഗിൽ നിന്നും കുട എടുത്ത് നിവർത്തിക്കൊണ്ട് ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു.
ചേട്ടാ ഹോട്ടൽ ദേവരാഗം
ഉം കയറിക്കോ
ഹോട്ടിലിൻ്റെ മുന്നിൽ വണ്ടി നിർത്തി മാളുവണ്ടിയിൽ നിന്നിറങ്ങി.
നീ ഇത് എവിടാർന്നു 8.30 മുതൽ ഞാൻ വെയിൻ്റിങ്ങാ
ദേ രമേശേട്ടാ ഈ കൊച്ചു വെളുപ്പാങ്കാലത്തുള്ള കച്ചോടത്തിന് എനിക്ക് വയ്യട്ടോ ഏതവനാ ഇത്ര രാവിലെ
എടീ പോത്തെ ഇവരെ പോലുള്ളവര് ഉള്ളതുകൊണ്ടാ നന്മടെ രണ്ടു പേരുടേയും അടുപ്പ് പുകയുന്നത് നീ അത് മറക്കണ്ട
പിന്നെ പരി പാടിയിൽ ചെറിയ ഒരു ചേഞ്ച് ഉണ്ട് ഇന്ന് കസ്റ്റമറ് ചെറിയ 2 കോളേജ് പിള്ളാരാ
രമേശേട്ടാ ഈ പണിക്ക് എന്നെ കിട്ടില്ല കൊച്ചു പിള്ളാരെ പിടിച്ചാണോ നിങള് കച്ചോടം ചെയ്യണത്.
നിനക്ക് പറ്റില്ലെങ്കിൽ അവർ വേറെ എവിടേലും പോകും കിട്ടണ കാശ് നിനക്ക് ആയിക്കോട്ടെ എന്നു കരുതിയാ ഞാൻ പിന്നെ ഇവിടെ ഈ പണിക്ക് വേറെ ആളുകൾക്ക് പഞ്ഞമില്ലാന്ന് നിനക്ക്‌ അറിയാലോ. നീ അതൊന്നും നോക്കണ്ട ഇതങ്ട് പിടിച്ചാ 2000 ഉണ്ട് റും നമ്പർ 265 പണി കഴിഞ്ഞ് പോവാൻ നോക്ക് ഇന്നിനി വേറെ ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.
മാളു മനസ്സിലാ മനസ്സോടെ പെസ മേടിച്ചു റും ലക്ഷ്യമാക്കി നടന്നു.
അളിയാ ഒരെണ്ണം അടിയെടാ ഒരു മൂഡ് വരട്ടെ
നീ എവിടുന്ന് ഒപ്പിച്ചു അളിയാ ഇത് സoഭവം കലക്കി ട്ടോ ഈ ഫോട്ടോയിൽ കണ്ട സാധനം തന്നെ അല്ലേ വരുക ആ കെളവൻ പറ്റിക്ക്വ
ഇല്ലടാ കാശ് 3000 കൊടുത്താലെന്താ നീ മൊതലിനെ കണ്ടില്ലേ ഇപ്പം വരും പിന്നെ ഫസ്റ്റ് ഞാൻ കയറും എനിക്ക് ത്രിൽ അടിച്ചിട്ട് പാടില്ല നീ രണ്ടെണ്ണം അടിച്ചിട്ട് ഇവിടെ ഇരിക്ക്.പിന്നെ വെള്ളമടിച്ചാൽ ടെം മിങ് കൂടും അളിയോ ഇത് വോഡ്കയാണ് മൊതല്
ആഹാ എന്നാൽ നീ ഒരു നാലണ്ണം ഒഴിച്ചോ ഞാൻ ഇന്ന് തകർക്കും
ഉം നാലണ്ണം കഴിച്ചിട്ട് നീ തകരാഞ്ഞാൽ മതി
അയ്യോ എന്നാൽ 2 മതി
ടാ വാതില് തുറക്കെടാ വന്നല്ലോ വനമാല
വാതിൽ തുറന്നതും അവൾ അകത്തേക്ക് കയറി വാതിൽ കുറ്റി ഇട്ടു.
അളിയോ ജിനോ ഇത് പറഞ്ഞ പോലെ അല്ലല്ലോ സാധനം കുറച്ച് ഉഴുതുമറിക്കേണ്ടി വരും എന്നാ ഷേപ്പാടാ നീ അവളുടെ ബാക്ക് കണ്ടോ നിലമ്പൂർ കാട്ടിലെ തേക്കു പൊലെ ഉണ്ട് പിടിച്ചാൽ പിടി എ ത്തില്ല.
ടാ പയ്യേ പറയടെ അവര് കേൾക്കും
രണ്ടു പേരും മാളുവിനെ കണ്ട് അടിമുടി നോക്കി നിന്നു .
മൗനത്തെ ഭേതിച്ചു കൊണ്ട് അവൾ പറഞ്ഞു ഒരാൾ പുറത്തോട്ട് ഇറങ്ങണം.
ഉം അളിയാ ഫസലേ നീ പുറത്ത് നിക്ക് ഞാൻ ഇപ്പം വരാം
ഓക്കെ ഡാ ഓൾ ദ ബെസ്റ്റ് അളിയാ
എന്താ നിൻ്റെ പേര്
ജി... ജിനോ
ഉം പടിക്ക്വാണോ
ആ മാന്നാനം എഞ്ചിനീയറിംങ് കോളേജിലാ ഞങ്ങൾ രണ്ടു പേരും
എത്ര വയസ്സുണ്ട് നിനക്ക്
21
നിങ്ങൾ പറയുന്ന തൊക്കെ ഞാൻ കേട്ടു എനിക്ക് എത്ര വയസ്സുണ്ടെന്ന് അറിയുമോ നിനക്ക്
ഇല്ല
എന്നാൽ കേട്ടോ 28 പതിനേഴാം വയസ്സിൽ കല്ലാണം കഴിഞ്ഞതാ എൻ്റെ ചുരുക്കി പറഞ്ഞാൽ നിനക്ക് ഒരു പെങ്ങളുണ്ടെങ്കിൽ അതിൻ്റെ പ്രായം പൊന്നുമോനെ ഏതൊരു പെണ്ണും ഈ പണിക്ക് ഇറങ്ങുന്നത് മറ്റൊരു ആണിൻ്റെ സുഖം തേടിയല്ല ഗതികേടുകൊണ്ടാ.എനിക്ക്‌ രണ്ടു പെൺമക്കളാ ഒരു വട്ടായപ്പോയ തള്ളയും കെട്ടിയോൻ വേറെ തൊലി വെളുപുള്ള ഒന്നിനെ കണ്ടപ്പോൾ ഞങ്ങളെ ഇട്ടേച്ച് പോയി. എന്നിട്ടും ഞാൻ നല്ല അന്തസ്സായി നാട്ടിൽ പ്രസ്സിൽ പണിയെടുത്ത് കുടുംബം പോറ്റിയിരുന്നു .നമ്മുടെ നാടല്ലേ ഇത് വല്ലവർക്കും സഹിക്കുമോ ഞാൻ ഒറ്റക്കല്ലേ രാത്രിയായാൽ വീടിന് കല്ലേറും കതകിൽ മുട്ടലുമാണ് എന്നിട്ടും ഞാൻ പിടിച്ചു നിന്നും അങ്ങിനെ ഇരിക്കെയാണ് വീടിൻ്റെ ജപ്തി നോട്ടീസ് വന്നത് പ്രസ്സിലെ മുതലാളിയോട് കുറച്ച് പെസ ചോദിച്ചു കൂടെ കിടക്കാനായിരുന്നു മറുപടി അeപ്പാഴും ഞാൻ പോയില്ല പറ്റാവുന്ന വിധത്തിലോക്കൊപണത്തിന് വേണ്ടി ഓടി പണം ഒത്തില്ല അവസാനം എൻ്റെ പിഞ്ചുകുഞ്ഞുങ്ങളെ തെരുവിൽ നിന്നും നാട്ടുകാർ പിച്ചി ചീന്താതിരിക്കാൻ എനിക്ക് എൻ്റെ ശരീരം വിൽക്കേണ്ടി വന്നു.അന്ന് തുടങ്ങിയതാണ് ഈ ജീവിതം ഇത് എനിക്ക് നിർത്താൻ കഴിഞ്ഞെന്ന് വരില്ല കാരണം ഞങ്ങൾ കുറച്ച് പേര് ഇവിടെ ഉള്ളതുകൊണ്ട് പല പെൺകുട്ടികളും ഇന്ന് സുഖമായി റോഡിലിറങ്ങി നടക്കുന്നു. ഇല്ലങ്കിൽ കാണാം ഈ പകൽ മാന്യന്മാരുടെ തനിനിറം.
ഇത്രയും പറഞ്ഞു തീർന്നപ്പോഴേക്കും ജിനോയുടെ കണ്ണൂനിറഞ്ഞിരുന്നു മാപ്പാക്കണം ചേച്ചി എല്ലാവരും പറയുന്നത് കേട്ടപ്പോൾ ഒരാഗ്രഹം തോന്നി
ഉം എനിക്കറിയാം ഞാൻ വലിയ ശീലാവതി ഒന്നുമല്ല പത്തിനും പതിനഞ്ചിനും വേണ്ടി ശരീരം വിൽക്കുന്ന വേശ്യ തന്നെയാണ് പക്ഷേ നിനക്കും ഉണ്ടല്ലോ ഒരു കുടുംബം അവര് ശാപം എനിക്ക് ഏറ്റുവാങ്ങാൻ വയ്യ കാരണം നിൻ്റെ കുടുംബത്തിൻ്റെ കണ്ണ് നീര് എൻ്റ മക്കളെ ഒരിക്കലും ബാധിക്കരുത് കാരണം ഞാൻ ഇങ്ങനെ ആയത് അവർക്ക് വേണ്ടിയാണ്. എനി ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ
അവൻ തൻ്റെ കണ്ണൂകൾ തുടച്ചു കൊണ്ടു പറഞ്ഞു ശരി ചേച്ചി
നീ ഇനി ഇതു പൊലെ ഒരിടത്തേക്കും പോകരുത് മദ്യം പൊലെ ഇതും ഒരു ലഹരിയാണ് ഒരിക്കൽ ഇതിൻ്റെ രുചി അറിഞ്ഞാൽ പിന്നെ നിനക്ക് അതിൽ നിന്ന് പിൻതിരിയാനാവില്ല
ഇല്ല ചേച്ചി ഇനി ഞാനൊരിക്കലും ഇങ്ങനെ ഒരിടത്തേക്ക്‌ വരില്ല
ഉം നീ എത്രയാ അയാൾക്ക് കൊടുത്തത്
3000 രൂപ
ബാഗിൽ നിന്നും 3000 രൂപ എടുത്തു അവന്് നേരെ നീട്ടി
ഇല്ല ചേച്ചി ഇത് ചേച്ചിവെച്ചേ ഇതുവരെ വന്നതല്ലേ
ഇതുവരെ വരാൻ എനിക്ക് വല്ല്യ കാശൊന്നും വേണ്ട പിന്നെ ഈ കാശു കൊണ്ട് ഭക്ഷണം കഴിച്ചാൽ എനിക്കും എൻ്റെ പിള്ളാർക്കും ദഹിക്കില്ല കാരണം പണി ഇതാന്നെങ്കിലും ഞാൻ നാട്ടുകാരെ പറ്റിച്ച് തിന്നാറില്ല അപ്പോൾ ഞാൻ ഇറങ്ങട്ടെ.
മാളു കയ്യിലുള്ള 3000 രൂപ ടേബിളിൻ്റെ പുത്ത് വെച്ച് ഹോട്ടലിൻ്റെ പുറത്തേക്ക് നടന്നു
അപ്പോഴും 1000 രൂപ കയ്യിൽ നിന്നും പോയ ദു:ഖമായിരുന്നില്ല അവളുടെ മുഖത്ത് ഒരാളെയെങ്കിലും ഈ പ്രവർത്തിയിൽ നിന്നും പിൻതിരിപ്പിച്ച ചാരുതാർത്ഥ്യം ആയിരുന്നു.
അതെ വേശ്യയാണവൾ സ്വന്തം കുഞ്ഞിനെ ഉറക്കി കിടത്തി മറ്റൊരാണിൻ്റെ കൂടെ കിടക്ക പങ്കിട്ടിട്ടില്ല മറ്റൊരു വ ളുടെ ഭർത്താവിനെ കയ്യും കണ്ണൂം കാണിച്ച് വല വീശി പിടിച്ചിട്ടില്ല പിന്നയെ ഒരു സാരി തുമ്പ് കണ്ടാൽ കാമം കരഞ്ഞ് തീർക്കുന്നവർക്ക് മരുന്നായിട്ടുണ്ട് പലപ്പോഴും പല പണക്കാരുടേയും പകൽ മാന്യന്മാരുടേയും ഇരയായി നിന്നിട്ടുമുണ്ട് അത് സ്വന്തം കുടുംബം പോറ്റാൻ വേണ്ടി മാത്രമല്ല വളർന്നു വരുന്ന ഒരു തലമുറയിലെ പെൺകുഞ്ഞു ഒൾക്ക് ഒരാളേയും പേടിക്കാതെ റോഡിലിറങ്ങി നടക്കാൻ കൂടി വേണ്ടിയാണ്. അതു കൊണ്ട് ഇവളെപ്പോലുള്ള മാളുമ്മാർ ഈ സമൂഹത്തോട് ഉക്കെ വിളിച്ചു പറയും ഒരു മടിയും കൂടാതെ ഞാനൊരു വേശ്യയാണെന്ന്...
ശുഭം
രചന: സനൽ SBT

പ്രിയമാനസം


പ്രിയമാനസം
…........
അമ്മേ.... ഞാനിനി നീക്കില്ലാട്ടോ.... നിച്ച് നല്ല ഉറക്കം വരുന്നുണ്ട്
മൂന്നു വയസ്സുകാരിയുടെ പെട്ടെന്നുള്ള വാക്കുകൾ ഹൃദയത്തിലെവിടേയോ വേലിയേറ്റമുണ്ടാക്കി...... ഞാനവളെ നെഞ്ചോടു ചേർത്തു പിടിച്ച് നെറുകിലൊരു മുത്തം നൽകിയപ്പോൾ കണ്ണ് അറിയാതെ തുളുമ്പി..
പതിയെ താരാട്ടുപാടി അവളെ ഉറക്കുമ്പോൾ ഒരു പത്തു വർഷം പിന്നിലേക്കെന്റെ ഓർമ്മകൾ പായാൻ തുടങ്ങി.
കലാലയ ജീവിതത്തിന്റെ ഇടവഴികളിൽ പുഞ്ചിരി സമ്മാനിച്ചെന്റെ പ്രിയതോഴിയായി മാറിയവൾ മേഘ വാസുദേവ്.
ചിരിച്ച മുഖം മാത്രം എന്നും എപ്പോഴും... ചിരിച്ചു കൊണ്ട് ജീവിതത്തെ കാണാൻ പഠിപ്പിച്ചത് മേഘയായിരുന്നു.
നൃത്തത്തിലും പാട്ടിലും അഭിനയ മികവുമെല്ലാം ഉള്ളവൾ... കലോത്സവങ്ങളിൽ മേഘ വാസുദേവിന്റെ പേരിങ്ങനെ വാനോളം പറന്നു നടന്ന സമയം
ഡിഗ്രി അവസാന വർഷത്തിലായിരുന്നു അവളുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കു ശേഷം കലാലയ ജീവിത നാളുകൾ അവസാനീച്ച് ഞങ്ങൾ പല വഴിക്കായി പിരിഞ്ഞു.
പലർക്കും ജീവിത തിരക്കുകളായി. രണ്ടു മാസം മുൻപ് ഏട്ടന്റെ ചെക്കപ്പിനു വേണ്ടി തൃശൂർ ആശുപത്രിയിൽ പോയതായിരുന്നു. രാവിലെ ടോക്കൻ എടുത്ത് ഇരിക്കുന്നതാണ്. നമ്പർ ആയതുമില്ല. കുറച്ചു താമസമാവുമെന്ന് നഴ്സു പറഞ്ഞപ്പോൾ ഏട്ടന്റെ കയ്യും പിടിച്ച് ഞാൻ ആശുപത്രി വരാന്തയിലൂടെ നടന്നു ::
എന്നെ വിട്... എന്നെ വിടാനല്ലേ പറഞ്ഞേ ന്റെ കുഞ്ഞവിടെ കിടന്നുറങ്ങ്യാ... എനിക്ക് പോണം.....'
ഒരു പെൺകുട്ടിയാണ്. മാനസികമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നണൂ. എന്തു കഷ്ടാ ല്ലേ? മനുഷ്യരുടെ കാര്യം ഇത്രേ ള്ളൂ മനസ്സൊന്ന് പതറിയാൽ എല്ലാം കഴിഞ്ഞു ഏട്ടന്റെ സംസാരമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
ഏട്ടാ..... ആ ശബ്ദം ഞാനെവിടേയോ കേട്ടിട്ടുണ്ട്. എനിക്കറിയുന്ന ആരുടേയോ പോലെ....
വാ നമുക്ക് പോയി നോക്കാം.
ടീ എവിടേക്കാ ഡോക്ടറെ കാണാനുള്ള സമയമായി കാണും. നമുക്കവിടേക്ക് പോവാം.
എന്താ ഏട്ടാ പ്ലീസ്... എന്റെ കൂടെ വരൂ നിർബന്ധത്തിനു വഴങ്ങി ഏട്ടൻ വന്നു
ഞങ്ങൾ അവരുടെ മുറി ലക്ഷ്യമാക്കി നടന്നു.അവിടെയുള്ള നഴ്സിനോട് ഈ റൂമിലെ പേഷ്യന്റ് പേരെന്താണെന്ന് ചോദിച്ചു.
'മേഘ വാസുദേവ്,
തലയാകെ പെരുത്തു തുടങ്ങി. മനസ്സിലെ വിടേയോ കൊള്ളയാൻ പോയതുപോലെ
ഏട്ടാ.... മേഘയാ ഇത് എന്റെ മേഘ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.
ഞങ്ങൾ 202 -ാം മുറിയുടെ വാതിലിൽ മുട്ടി ...
അമ്മയാണ് വാതിൽ തുറന്നത്. അവർ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി
ദുർഗ്ഗയല്ലേ?
അതെ അമ്മേ ഞാൻ തന്നെയാ
ഞാനാ മുറിയിലേക്ക് കയറി മുടിയാകെ പാറി മയങ്ങി കിടക്കുന്ന മേഘയുടെ നെറ്റിയിൽ തലോടി ഭർത്താവ്ബാലു ഇരിക്കുന്നു.
അമ്മേ... എന്താ പറ്റിയത്? ചുറുചുറുക്കോടെ പുഞ്ചിരിയോടെ മാത്രം കണ്ട ന്റെ മേഘക്കെന്താ പറ്റിയതമ്മേ ?
മോളെ..... അവൾക്ക് സുഖമില്ല. ഭ്രാന്തമായ അവസ്ഥയിലാ ആ അമ്മ വാക്കുകൾ മുഴുവിപ്പിക്കാനാവാതെ പരതി
വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ അവൾ അമ്മയായി ' മോനായിരുന്നു അമർനാഥ്.
അവന് നാലുമാസം പ്രായമായപ്പോൾ വീടിനടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിലവൾ ജോലിക്ക് പോയിരുന്നു.എന്നും രാവിലെ മോന് പാലു കൊടുത്ത് ഉറക്കിയാണവൾ പോകാറുള്ളത്
പക്ഷേ ..... ഒരു ദിവസം ഉറക്കി കിടത്തി അവൾ ജോലിക്കു പോയി. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും മോൻ ഉണരാതായപ്പോൾ ഞാൻ അടുത്തുചെന്നു നോക്കി. വിളിച്ചു അനങ്ങുന്നില്ല
മോനേയും വാരിയെടുത്ത്. ആശുപത്രിയിലേക്ക് ഓടി .. മോളും ബാലുവും അവിടെയെത്തി.
പാൽ ശിരസ്സിൽ കയറിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞതു മുതൽ എന്റെ മോളിങ്ങനായി
ആ അമ്മയുടെ നെഞ്ചു പൊട്ടിയുള്ള കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ലെനിക്ക് ..... ഒരു ആശ്വാസവാക്കും പറയാൻ കഴിയാതെ ഞങ്ങൾ' നടന്നു. ചിരിച്ച മുഖമുള്ള മേഘയെ കാണാതെ.....
ഒരമ്മക്കു മച്ഛനും ഈശ്വരനിങ്ങനൊരു ശിക്ഷ കൊടുക്കാതിരിക്കട്ടെ......
അമ്മേ.... പാട്ടു പാടമ്മേ മോളുടെ ശബ്ദം കേട്ടപ്പോഴാണ് എന്റെ ഓർമ്മകളുടെ ചിറകൊടിഞ്ഞത്.
അവളെ നെഞ്ചോട് ചേർത്ത് കിടന്നു.അപ്പോഴാണ് അമ്മയുടെ ജന്മം പൂർണമാവുന്നത്
ശിവദുർഗ പി

നിദ്ര

നിദ്ര
കാത്തിരിക്കുന്ന
കടലാണ് നീ.
സ്വപ്നത്തിലും, 
ജാഗരത്തിലുമിടയിലുള്ള
അതിർവരമ്പിൽ ഒളിച്ചിരിക്കും
എന്റെ പ്രണയമേ
നിന്നെ ഞാൻ
ധ്യാനിക്കുന്നു,
നിന്റെ നനുത്ത തലോടലിൽ
എന്റെ കണ്ണുകൾ കൂമ്പുന്നു,
നിമിഷങ്ങളിൽ.
ദൃശ്യപ്പെടാനാവാത്ത
അഴകലിഞ്ഞൊഴുകിയെത്തും പ്രവാഹമേ
എന്റെ ഉണർവ്വിൽ നിന്നും
നിന്നിലേക്കുള്ള ദൂരമെത്ര നിസ്സാരം.
എന്നിട്ടുമെത്ര അകലെയാണ് നീ?
ദിനം തോറും വിട പറഞ്ഞ് നീ ഒഴുകിയിറങ്ങുമ്പോൾ
താങ്ങാനാവാതെ,
കണ്ണുകൾ തുറക്കാതെയുള്ളെൻ
പ്രതിഷേധം
ദുർബലമെങ്കിലും
നിന്റെ വാസന ഒരാലസ്യമായി
തങ്ങിനിൽക്കുമെൻ ചുറ്റിലും.
എന്റെ പ്രണയമേ,
മനസ്സുകൊണ്ടു ചുറ്റിപ്പിടിച്ച്
കണ്ണുകളുടെ മിന്നലിൽ
ഒരിക്കലെങ്കിലും
നിന്നെ ചുംബിക്കണമെന്നുണ്ട്.
ഒരു ശ്വാസത്തിന്റെ അതിരിൽ
ധ്യാന നിമഗ്നയായി
അദൃശ്യയായി
ഞാനറിയാതെ
എന്നെ തഴുകി മറയുന്ന നിന്നെ
ഞാൻ നിദ്രയെന്നു
വിളിക്കട്ടെയോ?

Devamanohar

ഓർമ്മയുണ്ടോടോ ങ്ങക്ക് ?

ഓർമ്മയുണ്ടോടോ ങ്ങക്ക് ?
------------------------------------------
ഞായറാഴ്ച്ച.
രാവിലെ മുതൽ നല്ല മഴ.
എല്ലാരും എങ്ങനേങ്കിലും പുറത്തിറങ്ങാണ്ടിരിക്കാൻ നോക്കുമ്പോ, ഞാൻ മാത്രം എറങ്ങി പുറപ്പെട്ടു.
കാരണം, ഒരു നല്ല 'മീൻ കറി' ഉണ്ടാക്കണം.
നാളെ ഓഫീസിൽ ദീപാവലി ആഘോഷം പ്രമാണിച്ചുള്ള potluck-nu മ്മ്‌ടെ വക ഐറ്റം നല്ല തൃശൂർ സ്റ്റൈൽ മീൻ കറി ആണ്.
പോപ്പുലർ ഡിമാൻഡ് കാരണം
കൊണ്ട് ചെല്ലാമെന്നു ഏറ്റു പോയി.
എന്നിട്ട് മീൻ ഇപ്പോഴും കടയിൽ തന്നെ.
പോയി വാങ്ങാതെ തരമില്ല.
BJ's - ൽ നല്ല salmon fillet കിട്ടും.
"ഇപ്പൊ പോയി ഠപ്പേന്ന് വാങ്ങി വരാം" എന്ന് വിചാരിച്ചു ഗത്യന്തരമില്ലാതെ
കോരിച്ചൊരിയുന്ന മഴയത്തു ഇറങ്ങാൻ തയ്യാറായ എന്റെ പിന്നിൽ ശ്രീമതി കുറെ കൂപ്പൺസ് ഒക്കെയായി വന്നു. കുറച്ചു നാളായി BJ's -ൽ പോയിട്ട്. എന്തായാലും പോണതല്ലേ, ഈ സാധനങ്ങളൂടെ വാങ്ങിക്കോ. എല്ലാത്തിനും കൂപ്പൺ(ഡിസ്‌കൗണ്ട്) ഉണ്ട് .
അപ്പൊ എന്താ പറഞ്ഞു വരുന്നത് എന്നല്ലേ ? ഭാര്യ പറഞ്ഞ എല്ലാ സാധനങ്ങളും എണ്ണി തിട്ടപ്പെടുത്തി വാങ്ങി kart നിറഞ്ഞപ്പോ സമയം ഏതാണ്ട് ഉച്ച കഴിഞ്ഞു. നല്ല വിശപ്പ്.
വണ്ടി നല്ല സ്പീഡിൽ വിട്ടു വീട്ടിൽ വന്നു, ഉള്ളിൽ വേറെ കാറുള്ളത് കൊണ്ട്, ഇവനെ റിവേഴ്‌സ് ചെയ്തു garage-ലേക്ക് കുറച്ചു കേറ്റി നിറുത്തി. സാധനങ്ങൾ എടുക്കുമ്പോൾ മഴ നനയേണ്ടല്ലോ ?
എന്താ ബുദ്ധിന്നാ വിചാരം ?
എല്ലാം ഓരോന്നായി പൊക്കിയെടുത്തു അടുക്കളേൽ കൊണ്ട് വെച്ച്, സോഫയിൽ പോയി ഇരുന്നപ്പോ, ഭാര്യയുടെ ചോദ്യം !
അല്ലാ, മീനെവിടെ ?
എവിടെ ?
ഇക്കണ്ട സാധങ്ങളൊക്കെ വാങ്ങാനുള്ള ഓട്ടത്തിനിടയിൽ, നമ്മൾ പോയ കാര്യം, ' മീൻ ', മറന്നേ പോച്ച് !
"മുരുകാ" എന്ന് അറിയാതെ പറഞ്ഞു തലയിൽ കൈ വെച്ചു പോയി ഞാൻ !!!
എന്ത് ചെയ്യും ?
തല നിറച്ചു ബുദ്ധിയാണെങ്കിലും ഓര്മയില്ലേൽ എന്ത് കാര്യം ?
PS: ഇത്തരം സന്ദർഭങ്ങളെയാണോ "പ്ലിങ്" എന്ന് എന്ന് പറേണത് ?

Rajeevan Asokan

അതി രാവിലെ ഒരു ഫോൺ കാളിന്റെ ശബ്ദം

അതി രാവിലെ ഒരു ഫോൺ കാളിന്റെ ശബ്ദം ആണെന്നെ ഉണർത്തിയത്. നോക്കിയപ്പോൾ എന്റെ പ്രീയ കൂട്ടുകാരി സ്മിത ആണ്.
"അമ്മൂട്ടീ ഒരു ഹെൽപ് വേണം "
ഹെൽപ് വേണ്ടപ്പോൾ മാത്രം അമ്മു 'അമ്മൂട്ടീ അമ്മൂസ് എന്നീ പേരുകളിൽ അറിയപ്പെടും.
"ഇത്ര രാവിലെ എന്താ ഹെൽപ് ?"
"എന്റെ ഒരു ഫ്രണ്ട് വരും. ഒരു കൗൺസിലിംഗ്. ഇന്ന് ടൈം കൊടുക്കാമോ ?"
"ഡിവോഴ്സ്, അവിഹിതം, പ്രണയം ഈ മൂന്നു കേസും ഇപ്പോൾ എടുക്കുന്നില്ല മോളെ ടൈം ഇല്ല സത്യം ആയിട്ടും മടുത്തു. "
"ഏയ് അല്ല. വേറെ കേസ. എടീ തിരക്കാണ്. അപ്പൊ രണ്ടു മണി "
എന്നെ വിളിച്ചു സ്വന്തം ആയി ടൈം ബുക്ക്‌ ചെയ്തിട്ടു അവൾക്കു തിരക്ക് എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു. എന്താല്ലേ ?കൂട്ടുകാർ ദൗർബല്യം ആയാൽ ഇങ്ങനെ ഇരിക്കും
വേറെ ഏതു കേസ്‌... ഈശ്വര ഇനി...
എന്തായാലും എന്റെ ആകാംഷക്ക് വിരാമം ഇട്ടു കൊണ്ട് അവർ രണ്ടു മണിക്ക് വന്നു. ഒരു യുവതി കൂടെ നാലു വയസ് തോന്നിക്കുന്ന ഒരു കുട്ടിയും
ഫാമിലി പ്രശ്നം തന്നെ. ഞാൻ ഊഹിച്ചു.
"ഭർത്താവ് വന്നില്ലേ ?" ഞാൻ ചോദിച്ചു
"ഏട്ടന് ഡ്യൂട്ടി ഉണ്ട്. ".
ഏട്ടൻ എന്ന് പറയുമ്പോൾ രണ്ടു സ്പൂൺ പഞ്ചസാര അര കപ്പ്‌ ചായയിൽ ചേർത്തു കുടിച്ച മധുരംഅവരുടെ മുഖത്ത് . ആശ്വാസം. അപ്പോൾ ഡിവോഴ്സ്, അവിഹിതം അതല്ല. ഇനി അമ്മായിഅമ്മ ?
"എന്താ പ്രശ്നം ?"
"മാഡം കൗൺസിലിംഗ് ഇവനാണ് "
സത്യം പറയാല്ലോ എന്റെ കണ്ണ് തള്ളി പോയി. എന്റെ കൗൺസിലിംഗ് കരിയറിൽ ഇത് വരെ നാലു വയസായ കുട്ടിയെ കൗൺസിലിംഗ് ചെയ്യേണ്ടി വന്നിട്ടില്ല.
ഇനി മറ്റെന്തെങ്കിലും ബിഹേവിയറൽ പ്രോബ്ലം ആവുമോ
"മോന്റെ പേരെന്താ ?
കുട്ടി പേര് പറഞ്ഞു. നല്ല കുട്ടി. ഒരു പ്രശ്നോമില്ല.
"മാഡം ഒരു ടീച്ചർ കൂടിയല്ലേ ?"
"അതേ "
"ഇവനെ ഒന്നാം ക്ലാസ്സിലേക്ക് ഏതു സിലബസ്സിൽ ചേർക്കണം ?I mean എൻട്രൻസ് കിട്ടാൻ ഏത് സിലബസ് ആണ് നല്ലത്‌ ?"
ഞാൻ ചെറിയ കുരുവിയെ പോലിരിക്കുന്ന കുട്ടിയെ നോക്കി. നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ള കാര്യങ്ങൾ. "എൻട്രൻസ് "അതിനായുള്ള ചവിട്ടുപടി ഏത് ? എന്റെ കൃഷ്ണ !
"ഏത് സിലബസും നല്ലതാണ്. കുട്ടി പഠിക്കുന്നതിലാണ് കാര്യം. "ഞാൻ പറഞ്ഞു
"CBSE or ICSE" ?.അതേ അറിയേണ്ടു അവർക്കു
"കേരള സിലബസ് നല്ലതാണ്. എൻട്രൻസിൽ ഉയർന്ന റാങ്ക് വാങ്ങിയ കുട്ടികൾ എന്റെ ക്ലാസ്സിൽ ഉണ്ട്. "ഞാൻ പറഞ്ഞു.
"അതൊക്കെ കുറവല്ലേ ടീച്ചർ ?അതുമല്ല ഈ സ്റ്റേറ്റ് സിലബസ് ഒക്കെ നമുക്കൊക്കെ.സ്റ്റാറ്റസ് നോക്കണ്ടേ ?"
ഇവരെ പറഞ്ഞു മനസിലാക്കുക ബുദ്ധിമുട്ടാണ് ജോലി ഗവണ്മെന്റ് വേണം. പഠിപ്പിക്കാൻ വയ്യ.
"CBSE നല്ലതാണ്. എൻട്രൻസ് സംബധമായ ചോദ്യങ്ങൾ ഏറെയും അവർക്കു കുറച്ചു കൂടി എളുപ്പമാവും "
ഞാൻ ഗത്യന്തരമില്ലാതെ ആണ് പറഞ്ഞത്‌.
അടുത്ത ചോദ്യം ചാട്ടുളി പോലെ വന്നു
"ഏത് സ്കൂൾ ആണ് ടീച്ചർ നല്ലത്‌ ?"
"എല്ലാം നല്ല സ്കൂൾ ആണ്."
ഞാൻ ചില സ്കൂളുകളുടെ പേരുകൾ പറഞ്ഞു കൊടുത്തു
"ഏത് സ്കൂളിൽ പഠിച്ചാലും ഏതു സിലബസ് പഠിച്ചാലും അവനു താല്പര്യം ഉള്ള മേഖലയിൽ വിടുക. താനെ പഴുക്കുന്ന മാമ്പഴത്തിനാണ് മധുരം കൂടുതൽ. " ഞാൻ അവരോടു പറഞ്ഞു
"ആദർശം ഒക്കെ പറയാൻ എളുപ്പമാണ്. എനിക്കി ഒരുത്തനേയുള്ളു. അവനെ മെഡിസിന് പഠിപ്പിക്കണം എന്നാ എനിക്ക്. അതിന് ശേഷം സിവിൽ സർവീസ് എടുപ്പിക്കണം "
സത്യം പറഞ്ഞാൽ ഞാൻ മാനത്തോട്ടു നോക്കി പോയി. എത്ര ഇടി വെറുതെ....ഒരു ചെറുത് ഈ തലയിൽ... ഈ കുരുവിയെ രക്ഷിക്കാനെങ്കിലും ഒരു ഷോക്ക്
"സിവിൽ സർവീസ് എടുക്കണേൽ ഏതേലും ഡിഗ്രി പോരെ ?why mbbs?"
"അതൊക്കെ ഭാഗ്യമല്ലേ ടീച്ചറേ.. കളക്ടർ ആയില്ലേൽ ഡോക്ടർ ആവാല്ലോ ?"
കൃഷ്ണ !ഒരു കുരുക്ഷേത്രയുദ്ധമല്ലേ നീ നേരിട്ടുള്ളു. ഈ ഉള്ളവളെ കണ്ടോ ?ഗീതോപദേശം കൊടുക്കുന്നതിനുമില്ലേ ഒരു പരിധി ?
സത്യത്തിൽ മനുഷ്യന്റെ പദ്ധതികളെത്ര വിശാലം.ദൈവം എന്തായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക. എന്റെ ഉള്ളിൽ ഒരു സങ്കടം നിറഞ്ഞു. ഞാൻ കുഞ്ഞു കുരുവിയെ നോക്കി. ഡോക്ടറും കളക്ടറും ഒന്നിച്ചാകാനുള്ള ശരീരം.
യോഗ ചെയ്യുന്നത് കൊണ്ടൊന്നും ചിലപ്പോൾ ഒരു കാര്യോമില്ല പ്രത്യേകിച്ച് എന്നെ പോലുള്ളവർ. എന്റെ രക്തം തിളയ്ക്കുന്നത് ഞാൻ അറിയുന്നുണ്ട്.
"നിങ്ങൾ ഈ കുഞ്ഞിനെ നശിപ്പിക്കരുത്. Over stress ആയി കഴിയുമ്പോൾ അവൻ നിങ്ങളെ വെറുക്കാൻ തുടങ്ങും. മദ്യത്തിലോ മയക്കുമരുന്നിലോ അഭയം പ്രാപിക്കും. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ളതു ഒന്നും നമ്മുടെ കൈയിൽ അല്ല. സ്വപ്‌നങ്ങൾ കാണാം. ലക്ഷ്യങ്ങൾ വേണം മോൻ വളരട്ടെ. പഠിക്കട്ടെ. അവന് ഏതിലാണ് മിടുക്കു അതിൽ വിടുക.കല കായികം ഒക്കെ വേണം. സർവോപരി കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക "ഞാൻ ആവേശത്തോടെ പറഞ്ഞു.
"എന്റെ ഭർത്താവിന്റെ കൂടെ ജോലിചെയ്യുന്ന ഒരാളുടെ ഏക മകൻ ഈയിടെ ആത്മഹത്യ ചെയ്തു. അവനിഷ്ടമില്ലാത്ത മെഡിക്കൽ പഠനത്തിൽ പരാജയപ്പെട്ടത് കൊണ്ട്. ദയവു ചെയ്തു അടിച്ചേല്പിക്കരുത്.അപേക്ഷ
ആണ്. "
ഞാൻ കൂട്ടിച്ചേർത്തു
അവർ കുറച്ചു നേരം മൗനമായിരുന്നു എന്നിട്ട് യാത്ര പറഞ്ഞു പോയി. പോയപ്പോൾ അവരെന്നെ ഒരു നോട്ടം നോക്കി..
അതിപ്രകാരം ആയിരുന്നു
"കൗൺസിലർ ആണത്രേ കൗൺസിലർ .!ഏതു നേരത്താണോ വരാൻ തോന്നിയെ. എന്റെ കൊച്ചിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം."ഇപ്രകാരം പുച്ഛത്തോടെ മുഖം ഒന്ന് വെട്ടിച്ചു അവർ നടന്നു പോയി
എനിക്ക് അറിയാം ഞാൻ പറഞ്ഞതൊന്നും അവരുടെ തലയിൽ കയറി കാണില്ല. ആ തലയിൽ എങ്ങനെ ആ കുട്ടിയെ ഡോക്ടറും കളക്ടറും ഒരുമിച്ചു കയറ്റാനുള്ള കുപ്പായം തുന്നാം എന്ന ചിന്ത ആയിരിക്കും.
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു
ഇനി എനിക്ക് ചിലതു പറയാനുള്ളത് രാവിലെ എന്നെ വിളിച്ചു ഈ ജോലി ഏല്പിച്ച സ്മിതയോടാണ്. ഡിക്ഷണറി എവിടെ ?
സത്യത്തിൽ ഞാൻ ഇന്ന് ഒരു കഥ പോസ്റ്റ്‌ ചെയ്യാനിരുന്നത് ആണ്. പക്ഷെ ഇങ്ങനെ ഒന്ന് ഉണ്ടായപ്പോൾ അതല്ലേ പ്രാധാന്യം ? മാറേണ്ടത് നമ്മൾ ആണ് മാതാപിതാക്കൾ. അപ്പോൾ വൃദ്ധസദനങ്ങൾ കുറയും. തങ്ങളെ പിരിമുറുക്കത്തിന്റെ ആഴക്കടലിലേക്കു തള്ളിവിടുന്നവരെ കുഞ്ഞുങ്ങൾ ഒരിക്കലും സ്നേഹിക്കില്ല.കുഞ്ഞുങ്ങൾ ജീവിക്കേണ്ടത് അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയാകട്ടെ. നമ്മുടെ ജീവിതം നാം ജീവിക്കുന്നുണ്ടല്ലോ ?അവരുടെ ജീവിതം ജീവിക്കാൻ അവരെ നമുക്കു അനുവദിക്കാം ... അവർ സന്തോഷം ആയിരിക്കട്ടെ.അവരെ ചിരിയോടെ ജീവിതത്തെ നോക്കിക്കാണാൻ മാത്രം പഠിപ്പിക്കുക സാരോപദേശമല്ല. മനസ്സിൽ വെയ്ക്കുക.
സ്നേഹത്തോടെ നിങ്ങളുടെ അമ്മു

Ammu

പുരുഷ വിദ്വേഷം


എന്റെ പേര് സുശീല .

ഞാനാണീ കഥയിലെ നായിക.എന്റച്ഛനും അമ്മയ്ക്കും ഞാൻ നല്ല ശീലത്തോടെ വലുതാവും എന്ന് ഉറപ്പായിരുന്നു അതോണ്ടാട്ടോ എനിക്കീ പേരിട്ടത്
അങ്ങനെ ഞാനും വളർന്നു .
ഒടുക്കത്തെ ചിട്ടകളുടെ ഇടയിൽ.ഒരു സാദാ ഹിന്ദു കുടുംബത്തിൽ പെൺകുട്ടികൾക്ക് വല്യ റോളൊന്നും ഇല്ലെന്നു മനസിലായതോടെ ഞാനങ്ങു റൂട്ട് മാറ്റിപിടിച്ചു.മാറ്റാതെ വേറെ വഴിയില്ലാട്ടോ ..കാരണം അമ്മാതിരി ആണ് വീട്ടിൽ പുരുഷാധിപത്യം.
മാറിവരുന്ന സിനിമ മുതൽ
വീട്ടിലെ കൂട്ടാൻ ചട്ടിയിലെ മീൻകഷ്ണത്തിന് വരെ പക്ഷഭേദം ..ഇനീപ്പോ ഒറ്റ വഴിയേയുള്ളു..
പുരുഷവിദ്വേഷം..
അതുതന്നെ നടപ്പിലാക്കി ഞാൻ.. ആദ്യത്തെ ഉത്‌ഘാടനം ടൗണിലെ സ്‌കൂളിൽ ഏട്ടനെ മാത്രം ചേർത്തതോടെ അച്ഛനോട് തന്നെ ഐശ്വര്യായിട്ടു തുടങ്ങി.
പിന്നങ്ങോട്ട് തിരിഞ്ഞു നോക്കീല്ല..തൊട്ടതിനും പിടിച്ചതിനും ഞൊണ്ടുന്ന ഏട്ടന് തന്നെ കൊടുത്തു അടുത്ത ടോക്കൺ.
വലുതായപ്പോ നല്ല ചെക്കന്മാർ ലൈൻ വലിക്കാൻ നോക്കുമ്പോ പുരുഷവിദ്വേഷം മാറ്റിവക്കണന്നൊക്കെ വിചാരിക്കും..
പക്ഷെ ന്താ ചെയ്ക.?
ആഴ്ചയിൽ ഒരീസം വീട്ടിൽ വരുന്ന ഏട്ടൻ ഞങ്ങളെ ശ്രദ്ധിക്കാൻ ഏല്പിച്ച അവന്റെ കൂതറ ചങ്ങാതിമാർ ഉപ്പും മസാലയും ചേർത്ത് എല്ലാം പറഞ്ഞു കൊടുക്കുന്നൂണ്ട് ..
അതുകൊണ്ടു എന്റെ പുരുഷവിദ്വേഷം അങ്ങനെ
തന്നെ നിന്നു പോയി..
അതോടെ അടുത്ത ടോക്കൺ ഏട്ടന്റെ ചങ്ങാതിമാർക്കു കൊടുത്തു..
പിന്നങ്ങോട്ട് ..അമ്പലത്തിൽ താലപ്പൊലി എടുത്തു നിൽക്കുമ്പോൾ നീണ്ടുവന്ന ഏതോ രണ്ടു കൈകളുടെ ഉടമയോടുള്ള വെറുപ്പും പേടിയും പുരുഷവിദ്വേഷിക്കു ഉഷാറു കൂട്ടി...
ഏതായാലും അതൊക്കെ അനുസരണക്കേടിലൂടെയും തർക്കുത്തരത്തിലൂടെയും വീട്ടിൽ തന്നെ തീർക്കാൻ ഞാനും ചട്ടുകം കൊണ്ട് എതിർക്കാൻ അമ്മയും ശ്രമിച്ചു കൊണ്ടേ ഇരുന്നു.
എന്റെ കണ്ണിൽ അന്ന് ആണുങ്ങളില്ലാത്തൊരു ലോകം ഉണ്ടാവുന്ന കാലം ആയിരുന്നു ഏറ്റവും സുന്ദരമായ കാലം..അങ്ങനെ ഞാനും വലുതായി..
കല്യാണം കഴിഞ്ഞു പോകുമ്പോൾ .
നല്ല കട്ടി മീശയും വച്ചോണ്ട് എന്റച്ഛൻ അമ്മയേക്കാൾ ഉച്ചത്തിൽ കരയണത് കണ്ടതോടെ എനിക്ക് കൺഫ്യുഷൻ ആയി.ഇത്രേം പാവം മനസാണോ അച്ഛനെന്നു ഞാൻ ഓർത്തു
ഏതായാലും എന്റെ പഠിപ്പു മുടക്കിയ എന്റെ ചെക്കനാവട്ടെ അടുത്ത ഇര എന്ന് തീരുമാനിച്ചു ഞാൻ വണ്ടി കേറി..
ആദ്യരാത്രി തന്നെ ഫെമിനിസ്റ്റിന്റെ നഖത്തിന് നല്ല മൂർച്ച ആണെന്നും . അവൾക്കു ബോധം ഇത്തിരി കുറവാണെന്നും മനസിലാക്കിയ അങ്ങേരു പിന്നെ പുറത്തെടുത്തത് നല്ല ഒന്നാന്തരം സൈകോളജിക്കൽ മൂവ് ആയിരുന്നു.
കാട്ടുമൂലക്കു നിന്ന് വന്ന
എന്നെ തീവണ്ടിയിൽ കേറ്റി.
കുറെ ചുരിദാറുകളും സിനിമകളും..അടുത്ത ലീവിന് ഫ്‌ളൈറ്റിൽ കേറ്റി താജ്മഹൽ കാണിക്കും എന്ന വാഗ്ദാനവും..
അവസാനത്തെ ആണി ആയി അടുത്ത മാസം മുതൽ നിർത്തി വച്ച എന്റെ പഠിപ്പു തുടർന്നോളാനും കൂടി പറഞ്ഞതോടെ ..
ഇനിയെന്തു നോക്കാൻ അല്ലെ.?
ഞാനെന്റെ ഫെമിനിസം മടക്കി പെട്ടിയിൽ.വച്ച് എന്റെ കെട്യോന്റെ കയ്യും പിടിച്ചങ്ങു പോയി..
അങ്ങനെ ഞാനും പരിഷ്ക്കാരി ആയി..കെട്യോനോട് കൂട്ടായെങ്കിലും തറ എന്നും തറ തന്നെ ആണല്ലോ.. മുഖപുസ്തകത്തിൽ ഒരു പണി കിട്ടിയതോടെ സുക്കറണ്ണനോടായി വിരോധം ..പക്ഷെ കുറച്ചു കഴിഞ്ഞു .വിവരമുള്ളോർ പറഞ്ഞപ്പോ മനസിലായി.
പാവം സുക്കറണ്ണൻ നമുക്ക് തടി രക്ഷിക്കാനുള്ള എല്ലാ വഴിയും അതിൽ തന്നെ വച്ചിട്ടുണ്ടെന്നു.,
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട മാതിരി അതിൽ കേറി നിരങ്ങിയ
എന്റടുത്താണ് കുഴപ്പമെന്നും മനസിലായതോടെ കുറച്ചു അടക്കം വന്നു..എന്നാലും ആണുങ്ങളോട് മൊത്തത്തിൽ വല്യ മതിപ്പൊന്നുമില്ല ..
അങ്ങനെ ഞാനും ഒരമ്മ ആവാൻ തയ്യാറായി മാമൂലനുസരിച്ചു എന്നെയും
എന്റെ വീട്ടിലേക്കു കൊണ്ടുപോയി ..ഏട്ടൻ പുന്നാരിക്കാൻ വന്നെങ്കിലും
ഞാൻ വല്യ മിണ്ടാട്ടത്തിനൊന്നും പോയില്ല.
എട്ടാം മാസത്തിൽ ഒരു നട്ടപ്പാതിരക്കു നിർത്താത്ത ബ്ലീഡിങ് തുടങ്ങി എനിക്ക് .
രക്തം കണ്ടതോടെ ആണുങ്ങളായ അച്ഛനും ഏട്ടനും സൈഡ് ആയി..അമ്മയും ഇളയമ്മയും പുല്ലു പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു .
വണ്ടിയിൽ കയറാൻ ഇറക്കിയ എന്നെ 'അമ്മ പറഞ്ഞിട്ടും കേൾക്കാതെ ഏട്ടൻ കുഞ്ഞിനെ പോലെ വിലങ്ങനെ എടുത്തു പാടത്തിലൂടെ നടന്നു .മഴയത്തു കാൽ വഴുതി പാടത്തു വീണിട്ടും അവനെന്നെ വിട്ടില്ല..
അങ്ങനെ ഒരു വെള്ളിയാഴ്ച പാതിരായ്ക്ക് ലേബർറൂമിൽ കയറ്റിയ എന്നെ ഞായറാഴ്ച ഉച്ചക്ക് മോനെയും കൊണ്ട് പുറത്തിറക്കും വരെ എന്റെ കെട്യോന്റെ കൂടെ വെള്ളം പോലും കുടിക്കാതെ ചെളി ഉണങ്ങിപിടിച്ച അതെ കാവിമുണ്ടും ഉടുത്തു എന്റേട്ടനും കാത്തിരിക്കുന്നത് കണ്ട ആ നിമിഷം എനിക്ക് മനസിലായി എന്താണ് സഹോദരസ്നേഹം എന്ന്.
എന്നും ഞാൻ "കൂതറ ചങ്ങാതിമാർ "എന്ന് കളിയാക്കിയ ഏട്ടന്റെ ചങ്ങാതിമാർ
രക്തം തരാൻ വന്നിട്ടു
"അവൾ കണ്ണ് തുറന്നിട്ടേ പോകുന്നുള്ളൂ"
എന്ന് പറഞ്ഞു കാത്തിരുന്നതും കുടി കണ്ടതോടെ എന്റെ മനസിലെ പുരുഷവിദ്വേഷത്തിന്റെ അവസാനതുള്ളിയും കണ്ണീരിലൂടെ ഒഴുകിപോയി.
അന്നെനിക്ക് മനസിലായി ഒരു പെണ്ണിനൊരു വിഷമം വന്നാൽ പുരുഷന്റെ കൈകളാണ് ഏറ്റവും വലിയ അഭയവും സന്തോഷവും..
പലഘട്ടങ്ങളിലും സ്ത്രീകളുടെ വേദനകളിൽ ആദ്യം തളരുക പുരുഷൻ ആണെന്നും ആ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു..
മോന്റെ മൂന്നാം പിറന്നാൾ ആഘോഷിച്ച അന്നുതന്നെ സന്ധ്യക്ക്‌ അവൻ വീണു കൈ ഒടിഞ്ഞു.ഞാനും അമ്മയും അയൽവക്കത്തെ ചേട്ടനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി..
കുറച്ചു മുന്നേ ടൗണിലേക്ക് പോയ എന്റെ ഭർത്താവിന് ഫോൺ ചെയ്തു അയൽവാസി.. "മോനൊരു അപകടം പറ്റി..വേഗം ഹോസ്പിറ്റലിലേക്ക് വാ..."
എന്നും പറഞ്ഞു വച്ചു
ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുമുള്ള ഒരേയൊരു ബസ് ആണ് ഗണേഷ് . അതിലാണ് ചേട്ടൻ പോയതും..ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഡോക്ടർ വരുമ്പോളേക്കും ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്കു ഗണേഷ് ബസ് വന്നു..
വേറൊന്നുമല്ല..
ഫോൺ വന്നതോടെ എന്റെ ചേട്ടൻ ബോധം കേട്ടു..അതിനുമുന്നെ അടുത്തിരുന്ന പയ്യനോട് പറഞ്ഞ അറിവ് വച്ച് എല്ലാരും ആഘോഷമായി ബോധം പോയ അങ്ങേരെയും കൊണ്ട് വന്നതാണ്..അന്ന് അച്ഛനെയും മോനെയും ഒന്നിച്ചു പരിശോധിച്ചു. കുഴപ്പമില്ലെന്ന് അറിയും വരെ ബസും അതിലെ യാത്രക്കാരും കാത്തുനിന്നു.
എവിടെ ആണ് സ്ത്രീക്ക് പുരുഷനേക്കാൾ മേൽക്കോയ്മ വേണ്ടത് ?
എവിടെയാണ് പുരുഷന് സ്ത്രീയെ അടിച്ചമർത്തേണ്ടത് ?
പുരുഷന്റെ കടമകൾ അവനും സ്ത്രീയുടെ കടമകൾ അവളും മനസിലാക്കി ചെയ്യുമ്പോളാണ് നമ്മുടെ ജീവിതം ഏറ്റവും സുന്ദരമാകുന്നത്..പുരുഷൻ തളർന്നു പോകുമ്പോൾ അവനു മനക്കരുത്തായ് സ്ത്രീയും സ്ത്രീക്ക് കൈക്കരുത്തായ് പുരുഷനും ഒന്നുചേർന്ന് നിൽക്കുന്ന കുടുംബമാണ് ഏറ്റവും വല്യ സൗഭാഗ്യം..അപ്പോൾ നമുക്കൊരിക്കലും ഒരാൾക്ക് മേൽ മറ്റേയാൾക്കു ആധിപത്യം വേണമെന്ന് തോന്നില്ല..
അതാവട്ടെ നമ്മുടെ ലക്ഷ്യവും..
വിനീത അനിൽ

#സമയം

#കാത്തുനില്ക്കാത്ത സമയത്തിനു മേലെ ജാനുവിന്റെ കണ്ണുകൾ തിടുക്കമോടെ സഞ്ചരിച്ചു.*സമയം 8:30*.ബസ് പോയിട്ടുണ്ടാകും.ഗ്യാസിനെ
പഴിചാരി ഓട്ടോയിൽ പോകുവാൻ തീരുമാനിച്ച നിമിഷം.പോയെന്നു കരുതിയ
ബസ് ജാനുവിന്റെ മുന്നിൽ വന്നുനിന്നു...
നിമിഷങ്ങൾ പിന്നിലേയ്ക്ക് കാടന്നുപോയിരുന്നാൽ..?.
പുറത്തു തകർത്തുപെയ്യുന്ന മഴ.
"മക്കളെ ഇന്നിപ്പോൾ സ്കൂളിൽ പോകണ്ട.പനി കുറഞ്ഞതല്ലേയുള്ളു."
*സമയം 8:05* വീടിനു മുന്നിലൂടെ ഹോൺ മുഴക്കി ബസ് കടന്നുപോയി.
"ഈ മനുഷ്യന്റെ കാര്യം മക്കളെ പഠിക്കുവാനും വിടില്ല."ഭാര്യയുടെ വാക്കുകൾ കേൾക്കാതെ കുരുന്നുകളെ പുതപ്പിനടിയിൽ മറച്ചു ...
രവിയുടെ മക്കൾ സ്കൂളിൽ പോകുവാൻ നന്ദനം ബസിനെയാണ് ആശ്രയിക്കാറുണ്ടായിരുന്നത്....
"എടിയേ കത്രീനെ ഇന്ന് ഓഫീസിൽ പോയാലേ പറ്റുള്ളൂ ഓഡിറ്റിംഗ് ഉള്ളതാണ്‌."നിരാശയുടെ സ്വരത്തിൽ
തോമസ് ഭാര്യയോട് പറഞ്ഞു...
"ഇപ്പോഴൊന്നും മഴ തോരുമെന്നു
തോന്നുന്നില്ല അച്ചായോ."
"ഒരു കാറു വാങ്ങണമെന്ന് എത്രനാൾ
കൊണ്ടു വിചാരിക്കുന്നതാണ്.
വീട്ടു ലോൺ അടയ്ക്കുമോ കാർലോൺ അടയ്‌ക്കുമോ.നമുക്കൊക്കെ ഇരുചക്ര വാഹനമേ പറഞ്ഞിട്ടുള്ളു.
എണ്ണയെങ്കിലും ലാഭിക്കാമല്ലോ.
മഴക്കാലമാകുമ്പോഴാണ് പ്രശ്‌നം."
"നന്ദനം ബസ് 8:15 ആകുമ്പോഴേയ്ക്കും എത്തും,.പിന്നെ കുറച്ചു ദൂരമല്ലേ യുള്ളൂ. മഴനനഞ്ഞ് എന്തായാലും പോകേണ്ട.
ഇങ്ങനെ പോയാൽ വൈകുന്നേരവും മഴയുണ്ടാകും എന്നാണ് തോന്നുന്നത്."
"അതുശരിയാടി അപ്പോൾ
ബസിൽ തന്നെ പോകാം അല്ലെ."..
സ്ഥിരയാത്രക്കാരും അപ്രതീക്ഷിതമായി
യാത്ര ചെയ്യേണ്ടി വന്നവരും,
പല ആവശ്യങ്ങൾക്കായി തിരക്കുപിടിച്ചു യാത്ര ചെയ്യുന്നവരുമായിരുന്നു ബസിനുള്ളിൽ...
കാലാവസ്ഥയുടെ വ്യതിയാനത്താൽ യാത്രയുടെ വേഗത കുറഞ്ഞിരുന്നു...
പെട്ടന്നൊരു വെടിയൊച്ച.
യാത്രക്കാർ പരിഭ്രാന്തിയിലായി.
"ടയറിൽ ആണികയറി പഞ്ചറായതാണ്.പതിനഞ്ചു
മിനിട്ടോളമെടുക്കും സ്റ്റെപ്പിനിയിടണം."
കണ്ടക്ടർ യാത്രക്കാരോട് സൂചിപ്പിച്ചു.
*അപ്പോൾ സമയം 8:10 കടന്നിരുന്നു...*
"എങ്കിൽ ഞാനിവിടെ ഇറങ്ങുന്നു.
മോള് ആശുപത്രിയിൽ ദീനംവന്നു
കിടക്കുവാ.എത്രയും പെട്ടെന്നെത്തിയാലേ പറ്റുള്ളൂ."ഒരു മധ്യവയസ്കൻ ആളുകളുടെ
ഇടയിലൂടെ ചൂഴ്ന്നുമുന്നിലേയ്‌ക്കു വന്നു
കണ്ടക്ടറോട് വികാരാധീനനായി
പറഞ്ഞു.അദ്ദേഹത്തിന്റെ കൈയിൽ മുറുകെപ്പിടിച്ചു ഒരു കുഞ്ഞുമോളും ഉണ്ടായിരുന്നു.ബാക്കികിട്ടാനുള്ള
ചില്ലറയും വാങ്ങി അവർ അവിടെ ഇറങ്ങി...
"ഒരു നിസ്സാരപ്പെട്ട ആണി
എത്രപേരുടെ വിലപ്പെട്ട
സമയമാണ് അപഹരിച്ചത്"
കണ്ടക്ടർ ആണിയോടുള്ള
അരിശം പ്രകടിപ്പിച്ചു..
"കത്രീനെ ബസില്ലെന്നാണ് തോന്നുന്നത്.
*സമയം 8:25 ആയി* ."വരാനുള്ള
സമയം കഴിഞ്ഞിരുന്നു...
"മഴയ്ക്കു അല്പം ശമനമുണ്ടടി.ബൈക്കിൽ തന്നെ പോകാം."തോമസ് തന്റെ ബൈക്കിൽ തന്നെ ഓഫീസിലേക്കു യാത്രയായിരുന്നു...
തോമസിന്റെ വീടിനു മുന്നിലൂടെ *8:28 ബസ് കടന്നു പോവുകയും ചെയ്‌തു...*
"അയ്യോ അച്ചായൻ അങ്ങോട്ടിറങ്ങിയതല്ലേയുള്ളൂ.
കഷ്ടമായല്ലോ".കടന്നുപോയ ബസിനെ
നോക്കി നിശ്വാസത്തോടെ കത്രീന പറഞ്ഞു...
ഓട്ടോയിൽ കയറുവാൻ വന്ന
ജാനുവിന്റെ മുന്നിൽ ബസു
വന്നുനിന്നത് അപ്രതീക്ഷതമായിരുന്നു.
ഇന്നു ബസ് താമസിച്ചാണല്ലോ.
ബസ് കിട്ടിയസന്തോഷം ജാനുവിന്റെ മുഖത്തുകാണാമായിരുന്നു.
ഓഫീസിനു മുന്നിൽ ഇറങ്ങാലോ
എന്ന ആശ്വാസത്തോടെ സമയത്തെ
നോക്കി. *8:30 കഴിഞ്ഞിരുന്നു....*
നഷ്ടമായ സമയത്തെ പിന്നിലാക്കുവാൻ
ബസിന്റെവേഗത ഓരോ നിമിഷവും കൂടികൊണ്ടിരുന്നു..വേഗത നിമിഷങ്ങളെയും പിന്നിലാക്കി മുന്നോട്ടു കുതിച്ചു...
പാലത്തിലേയ്ക്ക് കയറിയ ബസിന്റെ
വേഗതയെ നിയന്ത്രിക്കുവാൻ ഡ്രൈവർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
ഒരുനിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു.
വലിയൊരു ശബ്ദത്തോടെ പാലത്തെ
ഛേദിച്ചു പുഴയിലേക്കു ബസ് മറിയുകയായിരുന്നു...
വലിയൊരു ദുരന്തത്തിനാണ്‌
നാട് സാക്ഷിയായത്‌.ഒരുപാട്
ആൾക്കാരുടെ ജീവനും
അപഹരിച്ചായിരുന്നു
ആ യാത്ര അവസാനിച്ചിരുന്നത്...
പലതിരഞ്ഞെടുത്തിരുന്ന യാത്രകളും
ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേർന്നിരുന്നില്ല എന്നതാണ് സത്യം.ഓരോ നിമിഷങ്ങളും കടന്നുവരുന്ന സന്ദർഭങ്ങളുമായി
വലിയ ബന്ധമുണ്ട്.ആ നിമിഷങ്ങളാണ് മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്..
ചില സാഹചര്യങ്ങൾ വില്ലനായും രക്ഷകയാനും നമ്മുടെ മുന്നിൽ വിധി അവതരിക്കാറുണ്ട്.നമ്മൾപോലും അറിയാതെ കടന്നുപോകും...
കടലുണ്ടി ട്രെയിൻ അപകടം നടക്കുന്നതിനു മുന്നിലെ സ്റ്റേഷനിൽ ഇറങ്ങിയ ഞാനും എന്റെ പിന്നിലൂടെ ഇറങ്ങിയവരുംൽ ഈ വിധിയെ തരണംചെയ്‌തിട്ടുള്ളവരാണ് ഒരു ഓർമ്മപ്പെടുത്തൽ..
ശരൺ.

മതിലുകൾക്കപ്പുറം

മതിലുകൾക്കപ്പുറം
കഥ
മാധവിയുടെ മകൾക്കു കുറെ കാലത്തിനു ശേഷമാണ് ഒരു കല്യാണാലോചന വരുന്നത്... വന്നതെല്ലാം ചിലർ മുടക്കും. പെണ്ണിന്റെ അമ്മ പോക്കാണെന്ന് അസൂയക്കാർ അന്വേഷിക്കാൻ വരുന്നവരോട് പറഞ്ഞു കൊടുക്കും.
മാധവിയുടെ നല്ല കാലത്തു ഒരു താറാവ് കൃഷിക്കാരൻ പിഴപ്പിച്ചു പെറ്റ പെണ്ണിനെ കെട്ടാൻ ആരെങ്കിലും വരുമോ എന്നു അസൂയ മൂത്തവർ പറയുന്നത് കേട്ടാൽ ആരെങ്കിലും ആ വീട്ടിലേക്കു കയറി ചെല്ലുമോ ?
എന്നാൽ എല്ലാം അറിയുന്ന ഒരു കള്ളു ചെത്തു തൊഴിലാളി താൻ കെട്ടുന്നത് പെണ്ണിന്റെ അമ്മയെ അല്ല എന്നു തറപ്പിച്ചു പറഞ്ഞപ്പോൾ അസൂയക്കാരുടേയും അയൽക്കാരുടെയും കണ്ണ് തള്ളി.
ചിലരുടെ കണ്ണിൽ മാധവി പിഴച്ചവളാണ്. മാധവിക്കു ശേഷം മകളും ആ വഴി സ്വീകരിക്കണം എന്നു സ്വപ്നം കാണുന്നവർ.
അധികം ആൾക്കാരൊന്നും തന്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കല്യാണം അടുത്തുള്ള അമ്പലത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചു.
അതും പെട്ടെന്ന്.
പിന്നീടാണ് തനിക്കു പറ്റിയ അബദ്ധത്തെ കുറിച്ചു ഓർമ്മ വന്നത്. കല്യാണം തമാശയും കളിയുമല്ല. എത്ര ആർഭാടം കുറഞ്ഞാലും പണം വേണം. ഒരു പത്തു പവനെങ്കിലും സ്വർണ്ണം വേണം.
എവിടെ നിന്നു ?
ആകെയുള്ളത് നാലു സെൻറ് സ്ഥലവും ഒരു കൊച്ചു കൂരയും. പൊന്നെന്നു പറയാൻ അരപ്പവൻ കമ്മൽ മകളുടെ കാതിൽ ഉണ്ട്.
ഒരു പണി ഇല്ലാത്തവർക്ക് ബാങ്ക് വായ്‌പ്പയും ഇല്ല. ആരോട് ചോദിക്കും ?
ആരു സഹായിക്കും ?
മാധവിയുടെ നെഞ്ചു നീറി.
അങ്ങനെ അവർ അയൽവാസി ഗോവിന്ദൻചേട്ടന്റെ സഹായം തേടി പോയി.
നല്ല ഈശ്വര ഭക്തൻ. അമ്പല കമ്മറ്റികൾക്കും രാഷ്ട്രീയക്കാർക്കും കയ്യയച്ചു സംഭാവനകൾ നല്കുന്ന മാന്യൻ.
മക്കളെല്ലാം ഗൾഫിൽ. പൂത്ത പണക്കാരൻ.
മാധവി കാര്യങ്ങൾ അവതരിപ്പിച്ചു.
ഓഹോ അതാണോ പ്രശ്നം. നിങ്ങൾ പേടിക്കണ്ട ഞാൻ സഹായിക്കാം.
അയാൾ പറഞ്ഞപ്പോൾ മാധവിക്ക്‌ തുള്ളിച്ചാടാൻ തോന്നി.
എത്ര വേണം ?
അയാൾ ചോദിച്ചു
ഒരു ലക്ഷം
. മാധവി പറഞ്ഞു
എപ്പോഴാണ് കല്യാണം ?
അടുത്ത ഞായറാഴ്ച
എന്നാൽ വെള്ളിയാഴ്ച വരൂ. അപ്പോൾ പണം തരാം.
അയാൾ അവരെ സമാധാനിപ്പിച്ചു അയച്ചു.
മാധവി ഈ ദിവസങ്ങളിൽ ഉറങ്ങിയിട്ടേയില്ല.
എങ്ങിനെ ഉറങ്ങും ഒരമ്മ
വെള്ളിയാഴ്ച കാലത്തു തന്നെ പണം വാങ്ങാനായി വീട്ടിൽ ചെന്നു.
അപ്പോൾ അയാൾ ചോദിച്ചു.
എന്താ വന്നേ ?
വാക്കുകൾ കുന്തം പോലെ മനസ്സിൽ തറച്ചു.
കല്യാണത്തിന് പണം സഹായിക്കാമെന്ന്...
അവർ തല ചൊറിഞ്ഞു.
ആരെങ്കിലും ഇത്രയും വലിയ തുക ഒരു തെളിവുമില്ലാതെ കൊടുക്കുമോ ?
അയാളുടെ വാക്കുകൾ കേട്ടു അവർ നടുങ്ങി.
എന്തു പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ അയാൾ പറഞ്ഞു.
ഇതാ ഈ കാശ് വെച്ചോ.
അയാൾ ഒരു കവർ വെച്ചു നീട്ടി.
ആയിരം രൂപയുണ്ട്.
അവർ അതു വാങ്ങി അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് വീട്ടിലേക്കു കരഞ്ഞു കൊണ്ടു ഓടി.
കണ്ടവരെല്ലാം പറഞ്ഞു.
മാധവിക്കു പിരാന്ത്
വീട്ടിൽ ചെന്നു കരഞ്ഞു കൊണ്ടിരിക്കുമ്പോൾ അടുത്ത മതിൽ കെട്ടിനപ്പുറത്തു നിന്നും ഒരു വിളി കേട്ടു
മാധവി
അവർ നോക്കി
പാത്തുമ്മ.
പാത്തുമ്മ ഗേറ്റ് തുറന്നു അവരുടെ അടുത്തേക്ക് വന്നു.
ഞങ്ങളും അയൽവാസിയാണ്. നിങ്ങളുടെ പ്രശ്നം പണമല്ലേ. ഇതാ പണം. പിള്ളേരുടെ ബാപ്പ തന്നയച്ചതാണ്. നോമ്പ് കാലത്ത് സക്കാത്തായി മാറ്റി വെച്ചതാണ്. നിങ്ങളുടെ മോള്ടെ കല്യാണത്തിന് തരാൻ.
Ceevi

#അവളിലേയ്ക്കുള്ള_ദൂരം..


ന്റെ, ആദ്യ ചെറുകഥ
ഓര്‍ക്കുമ്പോള്‍ ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്നു അന്ന്.. കഴിഞ്ഞ ഇരുപത്തിയാറ് വർഷത്തെ ജീവിതത്തിനിടയിൽ ഞാൻ നേടിയതെന്താണ്? ക്യാമ്പസ്സിനെ ചുവപ്പിച്ച്‌ നേരും നെറിയും പിന്തുടർന്ന് പാർട്ടിക്ക്‌ വേണ്ടി രാപ്പകൽ ഓടിനടന്നപ്പോഴും, നെഞ്ചുകീറി മുദ്രാവാക്യം വിളിച്ചപ്പോഴും ഉള്ളിൽ ഉണ്ടായിരുന്ന തീ ഇപ്പോൾ കെട്ടടങ്ങിയിരിക്കുന്നു. ഇപ്പോള്‍ മനസ്സ് ശാന്തമാണ്‌.
അവളുടെ ഇഷ്ടത്തെയും ഞാൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്ന് അവളും കരുതിയിട്ടുണ്ടാകാം, വീട്ടുകാര്‍ കല്ല്യാണം നിശ്ചയിച്ചപ്പോള്‍ ഞരമ്പുകള്‍ മുറിച്ച് അവള്‍ എന്നിലേയ്ക്ക് പ്രതീക്ഷയോടെ നോക്കിയപ്പോള്‍, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ നിസ്സഹായനായിരുന്നു, അല്ലെങ്കില്‍ പുറമേയ്ക്ക് കാണിക്കുന്ന പരുക്കന്‍ സ്വഭാവത്തിനപ്പുറം നിസ്സഹായമായ അവസ്ഥകളില്‍ നിന്നുള്ള മറയായിരുന്നിരിക്കണം എന്‍റെ ആ സ്വഭാവം. അതുകൊണ്ടാണോ ഞാന്‍ അവള്‍ മറ്റൊരാളുടേതാകും മുന്‍പ് നാടുവിട്ടു പോയത്? ആയിരിക്കാം, പലപ്പോഴും അതാതു സമയത്ത് നമ്മുടെ മനസ്സില്‍ എന്തായിരുന്നുവെന്ന് പിന്നീട് ഓര്‍ത്തെടുക്കുക അസാധ്യമാണ്. മഞ്ഞുപോലെ അവ അവ്യക്തമായിരിക്കും.
തിരക്കൊഴിയാത്ത ഈ മുംബൈ നഗരത്തിൽ എന്നോ നഷ്ടപ്പെട്ട എന്നെ ഞാന്‍ തിരയുകയായിരുന്നു. ഒരുപാട്‌ അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് പേരിനെങ്കിലും ഒരു ജോലിയായത്‌. നഗരമധ്യത്തിൽ ഇടവേളകളില്ലാതെ ഓടുന്ന ഒരു ടാക്സി ഡ്രൈവർ. ദിവസവും കുറെയധികം പേരെ ഞാന്‍ കാണാറുണ്ട്.. അവരില്‍ കൂടുതലും ഒന്നിനും സമയമില്ലാത്തവരാണ്, പണത്തിനു പിന്നാലെയോടി കിതക്കുന്നവരാണ്, കോട്ടും സ്യൂട്ടുമിട്ട്‌ മനുഷ്യന്‍റെ പച്ചമാംസം തേടിനടക്കുന്ന സമൂഹത്തിലെ മാന്യന്മാരാണ്.. അവർക്കിടയിലെപ്പോഴോ, ശരീരം വിൽക്കുന്ന അവള്‍ എനിക്ക് മുന്നില്‍ സുന്ദരമായ സ്വപ്നം പോലെ വന്നു. അതൊരു അനുഭൂതി പോലെ ഓര്‍ക്കുമ്പോള്‍ മനോഹരമായ ദൃശ്യമാണ്.. പറഞ്ഞു വരുന്നത് ഗീതയെ കുറിച്ചാണ്.
കുറച്ചു നാളുകൾക്ക്‌ മുൻപാണു അവളെ കണ്ടുമുട്ടുന്നത്‌, ഏറെ വൈകിയ ഒരു രാത്രി അന്നത്തെ ഓട്ടം കഴിഞ്ഞ്‌, വണ്ടി ഒതുക്കി, ഊടുവഴികൾ നിറഞ്ഞ ഗലിയിലൂടെ താമസ സ്ഥലത്തേക്ക്‌ നടന്നുകൊണ്ടിരുന്നപ്പോൾ, എന്‍റെ മുന്നിലേക്ക്‌ വലിച്ചെറിയപെട്ട ഒരു തെരുവ് പെണ്ണ്.
"കാശ്‌ തന്നാൽ പണിയെടുക്കാൻ കഴിയണം, അല്ലാത്തവളുമാർ ഈ ഏർപ്പാടിനു ഇറങ്ങരുത്‌."
അലർച്ച കേട്ട തെരുവിന്‍റെ ഇടുങ്ങിയ ഭാഗത്തേക്കെന്‍റെ നോട്ടം നീണ്ടു. നല്ല ഉയരവും, ഒത്ത ശരീരവും, മുറുക്കി കറപിടിച്ച പല്ലുമുള്ള ഒരു പഞ്ചാബിയാണ് അവളെ പുറത്തേക്ക്‌ വലിച്ചിട്ടത്.. ശബ്ദത്തോടെ വീടിന്‍റെ കതക് അയാള്‍ വലിച്ചടച്ചതും രണ്ടു നിഴൽ രൂപങ്ങൾ പോലെ ഞങ്ങൾ മുഖാമുഖം നോക്കി. മങ്ങിയ തെരുവു വിളക്കിന്‍റെ വെളിച്ചത്തിലും എനിക്ക്‌ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു.
അവൾ നന്നായി ക്ഷീണിച്ചിരുന്നു. പൊട്ടിയ ചുണ്ടിൽ നിന്ന് ചോര ഇനിയും വന്നുകൊണ്ടിരിക്കുന്നു. മങ്ങിയ വെട്ടത്തില്‍, പാതി നിഴൽ വീണ ആ ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു. വീണിടത്തുനിന്ന് ഭാരമില്ലാത്തൊരു പാവ പോലെ എഴുനേൽക്കാൻ അവൾ ഒരുപാട് കഷ്ടപെടുന്നുണ്ടായിരുന്നു..
സ്ഥിരം കാഴ്ചയെന്നോണം അയൽവാസികൾ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ജനൽ പാളികളിലൂടെയും പാതി തുറന്ന വാതിലിനരികിലും വീടിന്‍റെ ടെറസ്സിലുമായി ഇരിപ്പുറപ്പിച്ച്‌ ഈ രംഗം നിർവികാരതയോടെ വീക്ഷിച്ചു. ഒരാളും അവളെ ഒന്ന് എഴുന്നേൽപ്പിക്കാനോ സഹായിക്കാനോ തയ്യാറായില്ല.
പക്ഷെ, അവളെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോള്‍ മനസിൽ അവൾ വെറും തെരുവു പെണ്ണ് മാത്രമായിരുന്നു, എനിക്ക്. മാംസം വിൽക്കുന്ന അനേകായിരം പേരിൽ ഒരുവൾ.
എന്‍റെ നിഴലില്‍ ചവിട്ടി അവൾ നടന്നു. താമസിക്കുന്നിടത്തേക്ക്‌ അധികം ദൂരമില്ലായിരുന്നു.. വീടെത്തുന്നവരെ ഞാൻ ആരാണെന്നോ, എവിടേക്കാണ് പോകുന്നതെന്നോ ഒന്നും അവൾ ചോദിച്ചില്ല. അകത്ത്‌ കയറാൻ അവൾ തയ്യറായതുമില്ല. മഴപെയ്ത്‌ കുതിർന്ന ആസ്ബറ്റോസ്‌ ഷീറ്റിലൂടെ ഒലിച്ചിറങ്ങിയ മഴവെള്ളം നിറഞ്ഞ ബക്കറ്റിൽ നിന്ന് കുറച്ചെടുത്ത്‌ അവൾ മുഖം കഴുകി. വീഴ്ചയിൽ വലതു കാൽ വഴിയോരത്തെ സിമന്‍റ് കല്ലിൽ ഉരഞ്ഞ് മുറിഞ്ഞിടത്തും അവൾ വെള്ളം തൊട്ട്‌ ഉഴിഞ്ഞു.
"തീരെ വയ്യെന്ന് തോന്നുന്നു? നന്നായ്‌ മുറിഞ്ഞോ?"
ഞാൻ ചോദിച്ചു.
"നഹി സാബ്, സുഖമില്ലായ്മ്മയൊന്നുമില്ല, ഒരു മകളുണ്ട് കൂടെ. വിശപ്പ് കൂടുമ്പോള്‍ കൂട്ടിനില്ലാത്ത ദൈവങ്ങളെ ശപിച്ചിട്ട് നമുക്കുറങ്ങാം, കുട്ടികൾക്കങ്ങനെ പറ്റില്ലല്ലോ. തെറ്റാണെന്നറിഞ്ഞിട്ടും ഈ പണിക്ക് ഇറങ്ങിയത്‌ നിവർത്തികേടുകൊണ്ടാണ്."
"അതിനും മാത്രം?"
ചോദിച്ചു തീരും മുൻപ്‌ അവൾ മറുപടി പറഞ്ഞു.
"എന്‍റെ വിയർപ്പിന്‍റെ മണം പങ്കിടാൻ വരുന്നോരോട്‌ ഞാൻ കഥ വിസ്തരിക്കാൻ നിൽക്കാറില്ല, സാബ്. ഞാനിറങ്ങട്ടെ."
"പക്ഷേ ഞാൻ."
എന്‍റെ വാക്കുകൾ കേൾക്കാത്ത വണ്ണം അവൾ ഇരുട്ടിലേക്ക്‌ ഇറങ്ങി നടന്നുകഴിഞ്ഞിരുന്നു. മുറിയിലേക്ക് കയറാതെ ഞാനും അവള്‍ക്കു പുറകെ നടന്നു.
എന്തിനായിരുന്നു,
വെറുതെ ഒരു കൂട്ടിന്? അറിയില്ല.
"നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ റിക്ഷ വിളിക്കാം," - ഞാന്‍ പറഞ്ഞു.
"വേണ്ടാ.. " അവള്‍ നടന്നു. ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കിയും സാരിയുടെ തലപ്പില്‍ മുഖം തുടച്ചും അവള്‍ നടന്നു. കുറച്ചു നടന്നപ്പോള്‍ ആരോടെന്നില്ലാതെ അവള്‍ പറഞ്ഞു;
"ഇത്രകാലം ആരും കൂട്ടിനില്ലായിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ മതി. എനിക്കെന്‍റെ മകളുണ്ട്, അവൾക്ക്‌ വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.." - അതൊരു ഏറ്റുപറച്ചിലിനേക്കാള്‍ നിശ്ചയിച്ചുറപ്പിച്ച ധാരണ പോലെയാണ് അവള്‍ പറഞ്ഞത്.
"ഭർത്താവ്‌..?"
"ഉണ്ടായിരുന്നു, ഇപ്പോള്‍ മറ്റെവിടെങ്കിലും ഉണ്ടാവും എന്‍റെ കൂടെയില്ല." -
നിര്‍വികാരതയോടെ അവളതു പറഞ്ഞപ്പോള്‍ അവളുടെ ശബ്ദം കൂടുതല്‍ കനം വെച്ചിരുന്നു.
"ഇഷ്ടപ്പെട്ടവന്‍റെ കൂടെ വീട്ടുകാരെ തള്ളിപറഞ്ഞ്‌ ഒളിച്ചോടിവന്നത്‌ ഇവിടേക്കാണ്. മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ, അയാൾക്ക്‌ മടുത്തു.
അടിവയറ്റിൽ ജീവൻ തുടിക്കുന്നു എന്ന സന്തോഷ വാർത്ത പറയാൻ നിന്ന എന്നെ അയാൾ കൂട്ടുകാർക്ക്‌ കൂട്ടികൊടുത്തു, പല തവണ പലയാളുകൾ..! കഴിയുമ്പോള്‍ മുഷിഞ്ഞു നാറിയ കിടക്ക വിരിപ്പിലേക്ക്‌ ചുരുട്ടിയ നോട്ടുകൾ എറിഞ്ഞിട്ടു വന്നവര്‍ തിരിച്ചു പോവും. മനസ്സും ശരീരവും ഒരുപോലെ കളങ്കപ്പെട്ട എനിക്ക്‌ അതിനോട്‌ പൊരുത്തപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല.
അല്ലെങ്കില്‍ വിശപ്പ്‌ വന്നാല്‍ പിന്നെ എന്ത് മാനം സാബ്?"
ഞാന്‍ ഒന്നും പറഞ്ഞില്ല. കേട്ടു പഴകിയ കഥയില്‍ എന്ത് പറയാനാണ്?. നേരില്‍ കാണുമ്പോഴാണ് എത്ര കേട്ട് തഴമ്പിച്ച കഥയിലും നാം ജീവിതം കാണുന്നതും പുതിയതെന്ന പോലെ അതില്‍ താദാത്മ്യം കൊള്ളുന്നതും.
"പിന്നീടുള്ള ഒൻപത്‌ മാസം എനിക്കു ആ ഗർഭം വെറും ഭാരം മാത്രമായിരുന്നു. പല തവണ ഇല്ലാതാക്കാൻ ശ്രമിച്ചതാണ്. പക്ഷേ,.."
ഇരുട്ടിൽ അവൾ വാക്കുകൾക്ക് വേണ്ടി പരതുന്നതു പോലെ തോന്നി.
"വേണ്ടെന്നു കരുതുന്ന നേരത്തായിരിക്കും സാബ്, ദൈവം പലതും കൈനിറയെ തരുന്നത്. ജനിച്ചതൊരു പെൺകുഞ്ഞാണെന്നറിഞ്ഞപ്പോള്‍ ഈ പണിക്ക്‌ ഇറങ്ങരുതെന്ന് ഉറപ്പിച്ചതായിരുന്നു, വേശ്യക്ക് ആരാണ് സാബ് നല്ലൊരു ജോലി തരിക, അവളെ അവര്‍ക്ക് പകല്‍ ആവശ്യമില്ലല്ലോ. എന്‍റെ കുഞ്ഞിനു ഒരു നേരത്തെ പാലു പോലും പവിത്രമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ല എനിക്ക്. ഒരു നേരത്തെ അന്നത്തിനാണ് വീണ്ടും മടികുത്തഴിക്കാനൊരുങ്ങിയത്‌. രണ്ട്‌ ദിവസമായിട്ട്‌ ശ്വാസതടസ്സം, വലിവ്‌ കൂടിവരുന്നു. എന്നെകൊണ്ട്‌ ഒന്നിനും കഴിയുന്നില്ലെന്ന് പറഞ്ഞാണ് അയാളിന്ന് വലിച്ച്‌ പുറത്തേക്കിട്ടത്‌."
"മതി നടന്നത്‌. കുറച്ചു നേരം അവിടെയിരിക്കൂ." ഞാൻ വൈറ്റിംഗ്‌ ഷെഡിലെ പഴകിയ മരത്തിന്‍റെ ബെഞ്ച്‌ ചൂണ്ടികാണിച്ചുകൊണ്ട്‌ പറഞ്ഞു. നേരം നന്നേ വൈകിയിരുന്നു. വിറയ്ക്കുന്ന കൈ കൊണ്ട് സാരി പുതച്ച്‌ എന്‍റെ അരികെ അവളിരുന്നു.അപ്പോഴാണു പേരും താമസസ്ഥലവും എല്ലാം ഞാൻ ചോദിച്ചറിഞ്ഞത്‌.
ഒരു റിക്ഷ കിട്ടാൻ വീണ്ടും ഒരുപാട്‌ നേരമിരിക്കേണ്ടി വന്നു. അവളെന്നോട്‌ കൂടുതൽ ഒന്നും ചോദിച്ചില്ല. പിരിയുന്ന നേരം ഒന്ന് നോക്കി ചിരിച്ചു. സവാരിക്കുള്ള പണം റിക്ഷക്കാരനെ ഏൽപ്പിച്ച് ഞാനും ചിരിച്ചു.
എനിക്കു പിന്നിൽ റിക്ഷ ഇരുളിലേക്ക് മറയുമ്പോൾ ഞാൻ തിരിഞ്ഞു നടന്നു.റൂമിൽ എത്തിയിട്ടും മനസ്സ്‌ അസ്സ്വസ്ഥമായിരുന്നു. ഓരോന്ന് ആലോചിച്ച്‌ കണ്ണടഞ്ഞു പോയതെപ്പോഴാണെന്ന് ഓർമ്മയില്ല. എങ്കിലും മനസിൽ പലകുറി "ഒരു മകളുണ്ട് കൂടെ " എന്ന വാക്കുകൾ തികട്ടി വന്നുകൊണ്ടിരുന്നു.
പിറ്റേന്ന് അവൾ താമസിക്കുന്ന ഗലിയിലേക്കെത്തുന്നതുവരെ എന്‍റെ ചിന്തയിൽ അവൾ മാത്രമായിരുന്നു. നിറയെ ഓടും ഷീറ്റും മേഞ്ഞതും ക്ഷയിച്ചതുമായ ചെറിയ ചെറിയ വീടുകൾ. രണ്ടുപേർക്ക്‌ കഷ്ടിച്ച്‌ നടക്കാവുന്ന അരഞ്ഞാണം പോലെ നീണ്ട ഇടവഴികൾ. റോഡിന്‍റെ അരികില്‍ പല നിറങ്ങളിൽ നിരത്തി വെച്ച ഒഴിഞ്ഞ കുടങ്ങള്‍ക്കരികെ അക്ഷമരായി കാത്തു നിൽക്കുന്ന സ്ത്രീകളും കുട്ടികളും.
അതിനിടയിൽ നിന്ന് പെട്ടന്നാണ് ഞാൻ ഗീതയെ കണ്ടത്‌. കാൽചുവട്ടിലായി കുടത്തിനൊപ്പം കവിളിൽ ഒരു കുഞ്ഞു ചിരിയൊളുപ്പിച്ച്‌, അവളുടെ മകള്‍ ഗൗരിയും. ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു. അവൾ ഇന്നലെ കണ്ടതിലും ഒരുപാട്‌ സുന്ദരിയായിരിക്കുന്നു. അതിലും എന്നെ വിസ്മയിപ്പിച്ചത്‌ ഗൗരിയാണ്. ഒരു പരിചയകുറവും കാണിക്കാതെ ഗൗരി എന്‍റെ അടുത്തുവന്നു.പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി. അവൾ എന്നെ വീട്ടിലേക്ക്‌ ക്ഷണിച്ചു.
പിന്നീട്‌ ഗൗരിയെ കാണാൻ വേണ്ടി മാത്രം പലതവണ ഞാൻ പോയി. കളിപ്പാട്ടങ്ങളും ഉടുപ്പും സമ്മാനിച്ചു. തിരിച്ചു വരുംനേരം എന്‍റെ കൈയ്യിലുള്ള കാശ്‌ ഞാൻ ഗീതയെ ഏൽപ്പിച്ചു.മടി കൂടാതെ പലപ്പോഴും അവൾ അത്‌ വാങ്ങി. കൂട്ടിനാരോ ഉണ്ടന്ന തോന്നലിൽ ഞാൻ തിരക്കുകൾ കടന്ന് വണ്ടിയോടിച്ചു.പിന്നീട്‌ ഒരിക്കൽ പോലും അവൾ പഴയ പോലെ ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്നോടവൾക്ക്‌ ആദരവും സ്നേഹവുമായിരുന്നു.
എനിക്കവളോടോ.? അറിയില്ല. പലകുറി ഞാൻ എന്നോട് തന്നെ
ചോദിച്ച ചോദ്യം. അവളെന്‍റെ ഭാര്യയോ കാമുകിയോ അല്ല.അവളുടെ അടുത്തേക്ക്‌ സുഖം തേടിപോയിട്ടുമില്ല..!! സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ സുഖം എന്താണ്?
എന്‍റെ ജീവിതത്തിൽ അവരുണ്ടാക്കിയ മാറ്റം പക്ഷെ, ചെറുതൊന്നുമല്ല. ഞാനിന്ന് അധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും എനിക്ക്‌ വേണ്ടി മാത്രമല്ലല്ലോ. കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ഞാനൊന്നും നേടിയിട്ടില്ല, സ്നേഹിക്കാന്‍ ഒരാളെ പോലും.. എന്നാൽ ഇനിയങ്ങനല്ല എനിക്ക്‌ വേണ്ടി കാത്തിരിക്കാനും എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും അവരുണ്ട്. തെരുവില്‍ അവിചാരിതമായി കണ്ട ഏതോ ഒരു പെണ്ണ്, അവളുടെ മകള്‍. പക്ഷെ അവള്‍ ഇന്ന് എനിക്ക് ജീവിതമാണ്. അവളും ഞാനും ഞങ്ങളുടെ ഗൌരിയും, അതൊരു ലോകമാണ്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കുക എന്നത് എത്ര മനോഹരമാണ്. അരണ്ട വെളിച്ചത്തില്‍ ഇതാ എനിക്ക് തൊട്ടരികില്‍ അവളും ഗൗരിയും ഉറങ്ങുകയാണ്. അവരുറങ്ങട്ടേ.. ആരെയും പേടിക്കാതെ ഒരുപാട്‌ പ്രതീക്ഷയുള്ള ജീവിതം സ്വപ്നം കണ്ട്‌, അവരുറങ്ങട്ടെ..
കേട്ടു പഴകിയാലും ജീവിതം പലതും നേരില്‍ കാണിച്ചു തരുമ്പോള്‍ അതെല്ലാംതന്നെ നമുക്ക് പുതിയതും സുന്ദരവുമായിരിക്കും.

#ഒരു_വണ്ടിക്കച്ചവടക്കാരന്റെ_പ്രണയം


പ്രിയപ്പെട്ടവളെ...
നിന്നെ ആദ്യമായി കണ്ടു മുട്ടിയ ദിവസമെന്നാണെന്നു എനിക്കു നല്ല ഓർമയുണ്ട്..
അന്നായിരുന്നു ടൊയോട്ട കമ്പനി ഇന്നോവയുടെ പുതിയ മോഡൽ ആദ്യമായി ഇന്ത്യൻ നിരത്തുകളിലിറക്കിയത്..
ഇന്നോവയുടെ മുൻവശത്തെ ഗ്രിൽ പോലെ മനോഹരമായ പല്ലുകൾ കാട്ടി പുഞ്ചിരിച്ചു നീയരികിലൂടെ കടന്നു പോയ നിമിഷം തൊട്ടു മനസ്സിലുറപ്പിച്ചതാണ് നിന്നെ സ്വന്തമാക്കണമെന്നു..
തീക്ഷ്ണമായ ഹെഡ്‌ലൈറ്റുകൾ പോലേ പ്രകാശിക്കുന്ന നിന്റെ കണ്ണുകൾ എന്റെയുറക്കം കെടുത്തുന്നു പെണ്ണെ..
കൊതിയാവുന്നുണ്ടെനിക്ക്..
നിന്റെ ബോണറ്റിലൂടെ പതിയെ വിരലോടിക്കാൻ..
മെല്ലെയൊന്നു ഒന്നു തലോടാൻ..
മനോഹരമായ ടയറുകൾ പോലേ മണ്ണിനെ ചുംബിക്കുന്ന നിന്റെ കാൽപ്പാദങ്ങളോട് പൊലും പ്രണയമാവുന്നുണ്ടെനിക്ക്..
നിന്റെ സ്വന്തമാക്കുന്ന നിമിഷങ്ങളിലെപ്പോഴെങ്കിലും ആ സീറ്റിൽ തലചായ്ച്ചു നിന്റെ കണ്ണുകളിലേക്കു നോക്കിക്കിടക്കണം..
ശ്രദ്ധാപൂർവം വാഹനമോടിക്കുന്ന ഡ്രൈവറെപ്പോലെ ചുറ്റും നടക്കുന്നതൊന്നും അറിയാതങ്ങിനെ ലയിച്ചു കിടക്കണം..
ഒരു പോറൽപോലും ഏൽക്കാതെ കൊണ്ടുനടക്കണമെനിക്കു നിന്നെ..
അടവുകൾ തെറ്റിക്കാതെയോടിക്കുന്ന വണ്ടിപോലെ നിന്നെ സ്നേഹിക്കണമെനിക്ക്..
നിന്നോടൊപ്പമുള്ള നിമിഷങ്ങൾ കുണ്ടും കുഴിയുമില്ലാത്ത റോഡുകളിലെ യാത്രപോലെ മനോഹരമാവുമെന്നുറപ്പുണ്ട് പെണ്ണേ..
തിരക്കു പിടിച്ച റോഡുകളിലൂടെയുള്ള ഡ്രൈവിങ് പോലെ ജീവിതവും ചിലപ്പൊ ബ്ലോക്കുകളിൽ പെട്ട് പോയേക്കാം..
അപ്പോഴും ക്ഷമാപൂർവം നിന്നെ ചേർത്ത് പിടിച്ചു മുന്നോട്ടു പോവാനാകുമെന്നെനിക്കുറപ്പുണ്ട്..
വളവിനപ്പുറത്തു ഒളിച്ചു നിന്നു പെറ്റിയടിക്കുന്ന പോലീസുകാരിൽ നിന്നു രക്ഷപ്പെടാൻ ഊടുവഴികളിലൂടെ വണ്ടികൊണ്ട് പോവുന്ന എനിക്കു ഇടവഴികളിൽ നിന്നെ കമന്റടിക്കുന്ന പൂവാലന്മാരിൽ നിന്നു നിന്നെ രക്ഷപ്പെടുത്താൻ ഒരു പ്രയാസവുമുണ്ടാവില്ല..
എൻജിന്റെ ശബ്ദവ്യത്യാസം കൊണ്ട് വാഹനത്തിന്റെ കേടുപാടുകൾ മനസിലാക്കുന്ന വിദഗ്ധനായ മെക്കാനിക്കിനെപ്പോലെ നിന്റെ ഹൃദയമിടിപ്പുകൾ വായിക്കാൻ എനിക്കാവും പെണ്ണെ..
നിന്റെ സ്വരമൊന്നിടറിയാൽ ചേർത്തുപിടിക്കാൻ..
എൻജിൻ ഓയിൽ ലീക്കായാൽ ക്ഷമിക്കണം കണ്ണുനിറഞ്ഞാൽ ഒപ്പം നിന്നാശ്വസിപ്പിക്കാൻ ഞാനുണ്ടാവും..
ആക്സിഡന്റ് നടന്നാൽ വണ്ടി ഉപേക്ഷിച്ചു മുങ്ങുന്ന ഡ്രൈവറെ പോലെ പ്രശ്നങ്ങളുണ്ടാവുമ്പോ നിന്നെ ഉപേക്ഷിക്കില്ലെന്നു വാക്കുതരാം ഞാൻ..
പാണ്ടിലോറി കണക്കെ പ്രയാസങ്ങൾ വഴിമുടക്കിയാലും നമുക്കൊരുമിച്ചു
നേരിടാം എന്നപ്രതീക്ഷയോടെ മറുപടിക്കായി കാത്തിരിക്കുന്നു.

ജോസൂട്ടിയുടെ വിധി!!

ജോസൂട്ടിയുടെ വിധി!!
“എന്റെ കർത്താവെ ഈ പെണ്ണിനെ എങ്കിലും എന്റെ ജോസ്സൂട്ടിക്കു ബോധിക്കണേ”- ജോസൂട്ടി തന്റെ നൂറ്റി മുപ്പത്തി മൂന്നാമത്തെ പെണ്ണിനെ കാണാൻ ത്രേസ്യ കുട്ടി എന്ന അമ്മച്ചിക്ക് സ്തുതി കൊടുത്തിറങ്ങുമ്പോൾ അമ്മച്ചിയുടെ പ്രാർത്ഥന എന്നത്തേയും പോലെ ഇതു തന്നെ .
ത്രേസ്യ കുട്ടിയുടെ മൂത്ത മകനാണ് ബാങ്ക് ഉദ്യോഗസ്ഥനായ ജോസഫ് ചെറിയാൻ എന്ന ജോസൂട്ടി .ഇരുപത്തിയെട്ടു വയസിൽ തുടങ്ങിയ പെണ്ണ് കാണൽ മാമാങ്കം പത്തു വര്ഷം പിന്നിടുമ്പോൾ നടത്തിയ കണക്കെടുപ്പ് കിറു കൃത്യം!! നൂറ്റി മുപ്പത്തി മൂന്നാമത്തെ പെണ്ണ് കാണലിനാണ് ജോസൂട്ടിക്ക് അല്പം മുൻപ് ഒരുങ്ങി ഇറങ്ങിയത്.
തനിക്കു പറ്റിയ പെണ്ണ് ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല എന്നാണ് കക്ഷിയുടെ അഭിപ്രായം . പെണ്ണിനും പൊക്കമുണ്ടെൽ നിറം പോരാ .നിറം ഉണ്ടേൽ മുടി പോരാ .മുടി ഉണ്ടേൽ മൂക്കിന് നീളം പോരാ ..ഇങ്ങിനെ കുറ്റങ്ങളും കുറവുകളും തകൃതിയായി നടന്നു കൊണ്ടിരിക്കെ ജോസൂട്ടിയുടെ ഇളയതുങ്ങൾ അഞ്ചെണ്ണവും പെണ്ണും ആണും കെട്ടി കുടുംബവും കുട്ടികളുമായി സസുഖം വാഴുന്നു.
അവന്റെ അപ്പനെ പറിച്ചു വെച്ച പോലെ തന്നെ”- എന്നാണ് ജോസൂട്ടിയെ കുറിച്ച് ത്രേസ്യ കുട്ടി പറയുന്നേ ..ഇതും കൂടി ഇടക്ക് കൂട്ടി ചേർക്കും "അതിയാനെ പോലെ പ്രായം കൂടുംതോറും ജോസൂട്ടിക്ക് ഗ്ലാമർ അങ്ങ് കൂടുവാ “
പക്ഷെ അതിലല്ല ത്രേസ്യ കുട്ടിയുടെ സങ്കടം .ജോസൂട്ടി ആദ്യം പോയി കണ്ട ശോഭ എന്ന നല്ല മാണിക്കത്ത പെണ്ണിനെ പിറ്റേ ആഴ്ചയിൽ കൂടെ പെണ്ണ് കാണാൻ പോയ കൂട്ടുകാരൻ റോയി കെട്ടി കൊണ്ടുവന്നു, തൊട്ടടുത്ത് താമസവുമായി. അവന്റെ മൂത്ത കൊച്ചു ജോസൂട്ടിയെ അങ്കിൾ എന്ന് വിളിക്കുമ്പോൾ ത്രേസ്യ കുട്ടിയുടെ ചങ്കു പെട പെട മിടിക്കും.
ത്രേസ്യ കുട്ടിയുടെ ഭാഷയിൽ സിനിമ നടി ഷീലയെ പോലെ സ്വർണം പോലൊരു പെണ്ണായിരുന്നു ശോഭ.അവളുടെ മൂക്കിന് നീളം കൂടിയെന്നും സമീപ പ്രദേശത്തെങ്ങും ആര്ക്കും നിൽക്കാൻ പറ്റില്ല എന്നും പറഞ്ഞാണ് ജോസൂട്ടി അവളെ ഒഴിവാക്കിത് .ഇപ്പോൾ അവൾക്കു പിള്ളാര് മൂന്ന്.
വടയും ജിലേബിയും പഴംപൊരിയും ഒരു മാതിരി എല്ലാ കടം ഉള്ള ദിവസങ്ങളിലും പിന്നെ ബാങ്കിന് അവധി ഉള്ള ദിവസങ്ങളിലും പെൺ വീടുകളിൽ ചെന്ന് കഴിച്ചു ജോസൂട്ടിക്ക് കൊളസ്‌ട്രോൾ കൂടിയത് മിച്ചം!
പെണ്ണ് കണ്ടു വന്ന ജോസൂട്ടിയുടെ മുഖം പതിവുപോലെ മ്ലാനം . .എപ്പഴത്തെയും പോലെ ജോസൂട്ടി മുറിയിൽ കയറി വാതിലടച്ചു . ഇന്ന് മുഴുവൻ മൗന വ്രതവും നിരാഹാരവുമാണ് പതിവ് ..നാളെ ഒന്നുമറിയാത്തവനെപോലെ കുളിച്ചൊരുങ്ങി ബാങ്കിൽ പോവും .
പെണ്ണ് കാണലിനു ആങ്ങളയെ ഒരുക്കാൻ വന്ന ഇളയവൾ ലിസിയോടും അവന്റെ കെട്ടിയവനോടും ഇനി ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നും എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തണം എന്നും ത്രേസ്യ കുട്ടി കരഞ്ഞു പറഞ്ഞു .
ഇച്ചായനെ ധ്യാനത്തിന് വിട്ടാലോ എന്ന് ലിസിയുടെ ന്യായമായ ചോദ്യം .എടുപിടീന് അതൊന്നും വേണ്ടെന്നു ത്രേസ്യ കുട്ടി .കഴിഞ്ഞ തവണ ധാന്യത്തിനു പോയ ജോസൂട്ടിക്ക് അവിടെ വന്ന ഒരുത്തിയെ ക്ഷ പിടിച്ചു . കുരിശുപള്ളിയിൽ ചെന്ന് പള്ളിലച്ചനെ കണ്ടു പെണ്ണിന്റെ അഡ്രസ്സും തപ്പി ചെന്നപ്പോൾ പെണ്ണിന് കെട്ടിയവൻ ഒന്ന് ,കൊച്ചുങ്ങളെ രണ്ടു . ആ മനോവിഷമത്തില് ജോസ്സൂട്ടി നിരാഹാരം കിടന്നതു മൂന്നു ദിവസം . അന്ന് തീരുമാനിച്ചു ഇനി ഇവനെ ധ്യാനത്തിന് വിടൂല എന്ന്.
എല്ലാം കേട്ട് നിന്ന ലിസിയുടെ കെട്ടിയവൻ ഒരു പോം വഴി പറഞ്ഞു തന്റെ ഉറ്റ സുഹൃത്ത് ഒരു പീലിച്ചായൻ ഉണ്ടെന്നും അവൻ പരിഹരിക്കാത്ത പ്രശ്നങ്ങൾ ആ നാട്ടിൽ ഇല്ലെന്നും ഉടനെ അവനെ ഇങ്ങോട്ടു എത്തിക്കാമെന്നും ജോസൂട്ടിയുടെ കല്യാണം അവൻ പുഷ്പം പോലെ നടത്തുമെന്നും ത്രേസ്യ കുട്ടിക്ക് വാക്ക് കൊടുത്തുഅവര് പോയി .
പിറ്റേന്ന് ജോസൂട്ടി ബാങ്കിൽ നിന്നും വരുന്നതിനു മുന്നേ പീലിച്ചായൻ എന്ന സകല കല വല്ലഭൻ ത്രേസ്യ കുട്ടിയെ കാണാൻ വന്നു .ജോസൂട്ടി വന്നപ്പോൾ കാപ്പിയും വടയും കഴിച്ചിരിക്കുന്ന പീലിച്ചായനെ കണ്ടു .ത്രേസ്യ കുട്ടിക്ക് പീലിച്ചായനെ നന്നേ ബോധിച്ചു .കാണാൻ ഒരു വർക്കത്തില്ലഎന്ന ഒറ്റ കൊഴപ്പമേ ഉള്ളൂ . ജോസൂട്ടിയും പീലിച്ചായനും കൂടെ നിന്നപ്പോൾ ഇന്നാള് കണ്ട “മായാവി” സിനിമയിൽ മമ്മൂട്ടിയും സലിം കുമാറും നിൽക്കണ പോലെ ത്രേസ്യ കുട്ടിക്ക് തോന്നി . ജോസൂട്ടിക്കും പീലിച്ചായനെ നന്നായി ബോധിച്ചു .
വൈകുന്നേരങ്ങളിൽ പീലിച്ചായൻ ആ വീട്ടിൽ നിത്യ സന്ദർശകനായി .ത്രേസ്യ കുട്ടി അവല് നനച്ചതും കൊഴുക്കട്ടയും പഴം പൊരിയും മാറി മാറി ഉണ്ടാക്കി ആ സൗഹൃദത്തെ പരിപോഷിപ്പിച്ചു .. സൗഹൃദം വീടിനു വെളിയിലേക്കും വ്യാപിച്ചു ..പീലിച്ചായനുമായി പുറത്തു പോയി വരുന്ന ജോസൂട്ടിക്ക് ദിനം പ്രതി തന്റെ ഭാവിവധു സങ്കല്പങ്ങളിൽ കാര്യമായ ചില മാറ്റങ്ങൾ വരാൻ തുടങ്ങി .
ഒരു ദിവസം രാത്രി കഞ്ഞി കുടിക്കുമ്പോൾ അയാള് അമ്മച്ചിയോടു പറഞ്ഞു "അല്ല അമ്മച്ചി മുടിയൊള്ള പെണ്ണുങ്ങള് ഒന്ന് പെറ്റു കഴിഞ്ഞാൽ മുടിയൊക്കെ അങ്ങ് പോവുമല്ലേ ?"
കിട്ടിയ തക്കത്തിന് തന്റെ മുടി മാഹാത്മ്യം ത്രേസ്യ കുട്ടി മകന് മുന്നിൽ വിളമ്പി. പനംകുല പോലെ ഉള്ള തന്റെ മുടി കണ്ടാണ് ജോസൂട്ടിയുടെ അപ്പൻ തന്നെ കെട്ടിയതെന്നും ജോസൂട്ടിയെ പെറ്റു കഴിഞ്ഞപ്പോൾ തന്നെ മുടി പകുതിയായെന്നും അഞ്ചാമത്തവൾ ലിസി കൂടെ വന്നപ്പോൾ അത് എലി വാല് പോലെ ആയെന്നും ത്രേസ്യ കുട്ടി മകന്റെ മുന്നിൽ കുറ്റ സമ്മതം നടത്തി.
ആഴ്ച ഒന്ന് കഴിഞ്ഞു വീണ്ടും അത്താഴ നേരത്തു ചെക്കനും പെണ്ണിനും പൊക്കം ഉണ്ടേല് ഉണ്ടാവുന്ന കൊച്ചു പന പോലെ വളരുമെന്നും ഗതികേടിനു അതൊരു പെണ്ണ് ആണേല് അവൾക്കു ചെക്കനെ തപ്പി താൻ വലയുമെന്നും ജോസൂട്ടി സ്ഥാപിച്ചു.
വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾപെണ്ണിന് നിറം കുറവാണേല് മനസ് പൂ പോലെ ആവൂ അമ്മച്ചി എന്ന് ത്രേസ്യ കുട്ടിയെ കെട്ടി പിടിച്ചു ജോസൂട്ടി പറഞ്ഞു
എന്നതായാലും വേണ്ടൂല നാട്ടുകാരും വീട്ടുകാരും കാത്തിരുന്ന ജോസൂട്ടിയുടെ കല്യാണം കഴിഞ്ഞ ഞായറാഴ്ച കുരുശുപള്ളിയിൽ വെച്ച് കെങ്കേമമായി നടന്നു .പെണ്ണിന് മേൽ പറഞ്ഞ ഗുണങ്ങൾക്കു പുറമെ മുകളിലെ മൂന്നു വരി പല്ലു ലേശം മുന്നിലേക്കാണ് ..ജോസൂട്ടിയെക്കാൾ ഒരു വയസു കുറവുള്ള ആ പെങ്കൊച്ചു ജോസ്സൂട്ടിയുടെ ഉറ്റ ചങ്ങാതി പീലിച്ചായന്റെ കെട്ടാ ചരക്കായി നിന്ന പൊന്നു പെങ്ങളാണ് ...ഇവൾക്ക് ആണേൽ ഒരുത്തനെയും പിടികൂല .വരുന്നവർക്ക് അവളെയും . അവളെ ആരുടെ എങ്കിലും തലയിൽ കെട്ടി വെക്കാൻ നോക്കി നിൽക്കുമ്പോൾ ആണ് ജോസ്സൂട്ടി പീലിച്ചായന്റെ ജീവിതത്തിലേക്ക് കടന്നു ചെന്നത്. അവളും പീലിച്ചായന്റെ പെണ്ണുമ്പിള്ളയും കൂടി പീലിച്ചായന് ഒരു നേരവും സ്വൈരം കൊടുക്കൂല. ഇനി വേണം പീലിച്ചായനും പെമ്പിളക്കും സ്വസ്ഥമായി ജീവിക്കാൻ ..
പെണ്ണിനെ കണ്ട ത്രേസ്യ കുട്ടി അടക്കം പലരും മൂക്കത്തു വിരൽ വെച്ചു പറഞ്ഞു .. “ജോസൂട്ടിയുടെ വിധി!!”
ത്രേസ്യ കുട്ടിക്ക് ഒറ്റ വിഷമമേഉള്ളൂ .. സ്വർണം പോലെ ഉള്ള .. പനകുല പോലെ മുടിയുള്ള സിനിമ നടി ഷീലയെ പോലിരിക്കുന്ന ആ ശോഭയുടെ മുഖത്ത് ഞാൻ ഇനി എങ്ങിനെ നോക്കും എന്ന ഒറ്റ വിഷമം. പിന്നെ സ്വയം സമാധാനിച്ചു.
അല്ല നടക്കാനുള്ളത് നടക്കും ..അത് ജോസൂട്ടിയുടെ കാര്യത്തിൽ അച്ചട്ട്!! Sanee John

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo