Slider

ചുക്കുവെള്ളവും കാമുകിയും

0
ചുക്കുവെള്ളവും കാമുകിയും :- ഒരാഴ്ചയേയായുള്ളൂ അവളെ കുറിച്ചുള്ള ചിന്ത തുടങ്ങിയിട്ട്. അപ്പോഴേക്കും പനിപിടിച്ചു. ഒച്ച അടഞ്ഞുപോയി. എന്നിട്ട് അവളെ ധ്യാനിച്ച് ഒരേ ഇരിപ്പ്. സ്വപ്ന ലോകത്താ . ഭാര്യ പറഞ്ഞു: മരുന്നു വാങ്ങു മനുഷ്യാന്ന്. അയാൾ അത് കേട്ടില്ല. ഭാര്യ ചോദിച്ചു: "ഈ ലോകത്തൊന്നുമല്ല അല്ലേ?" അയാൾ കഥ മെനയുകയായിരിക്കും എന്നോർത്ത് ഭാര്യ പോയി. അയാൾ ധ്യാനം തുടർന്നു. കഥയാണോ മനനം ചെയ്യുന്നത്? അതോ കാമുകിയെയോ? തീർത്ത് പറയാൻ വയ്യ! ചിലപ്പോൾ പ്രണയം കഥയായി തീരും. ചിലപ്പോൾ കഥയിൽ നിന്നും പുതിയ പ്രണയമേതെങ്കിലും മൊട്ടിടും! ഇതൊക്കെ മിഥ്യാ ലോകമല്ലെ ? യുക്തിസഹമാണോ? ഇത്തരം ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ധ്യാനം തന്നെ ധ്യാനം. ഇത്രയും ആത്മാർത്ഥമായി ദൈവത്തെ ധ്യാനിച്ചിരുന്നെങ്കിൽ ദിവ്യശക്തി കിട്ടി സ്ഥലത്തെ പ്രധാന ദിവ്യനാകാമായിരുന്നു. ഇത് ധ്യാന വിഷയം ദൈവമല്ലല്ലോ! പെണ്ണല്ലേ? വെറും പെണ്ണ്! പെണ്ണിന്റെ മുഖത്ത് കാണുന്ന ശോകമുണ്ടല്ലോ, അത് ശോകമല്ല, കാവ്യമാണ്, കാവ്യം! ശോക കാവ്യം! ഇനി അവളുടെ മുഖത്തെ മന്ദഹാസമാണെങ്കിലോ? അതു മറ്റൊരു കാവ്യം! അവളുടെ മുഖത്ത് അലതല്ലുന്ന ഓരോ ഭാവവും ഓരോ കാവ്യമാണ്! ഭാവകാവ്യങ്ങൾ! അതാണ് പെണ്ണ് ! അങ്ങനെ കാവ്യധാരകോരിയിരിക്കുമ്പോഴാണ് അയാൾ ഞെട്ടലോടെ അത് ശ്രദ്ധിച്ചത്‌! അയാളുടെ അവയവങ്ങൾക്ക് ഭാരമില്ലാതായതു പോലെ! അതുമാത്രമല്ല! അയാൾ അദൃശ്യനായി തീർന്നു! മെല്ലെ ഒരിളം കാറ്റിൽ അയാൾ അദൃശ്യമായ ഒരപ്പൂപ്പൻതാടി പോലെ പറന്നുയർന്നു. കുറേ കഴിഞ്ഞ് അയാൾ നോക്കിയപ്പോൾ താനതാ അവളുടെ ചുണ്ടിൽ. മൃദുവായ അവളുടെ ഇളം ചുണ്ടിൽ ഒരു പൂമ്പൊടി പോലെ താൻ പറ്റിയിരിക്കുന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ല. അയാൾ പിന്നെയും സ്വയം നിരീക്ഷിച്ചു. അപ്പൂപ്പൻ താടിയും പൂമ്പൊടിയുമൊന്നുമല്ല! താനൊരു ഗാനമാണ്! അവളുടെ ചുണ്ടിലെ ഗാനം! പെട്ടെന്ന് അയാൾക്ക് ചുക്കുവെള്ളത്തിന്റെ ശക്തമായ ഒരു ഗന്ധം അനുഭവപ്പെട്ടു. തന്നെയാരോ സ്പർശിച്ച പോലെ തോന്നി. ഞെട്ടിത്തരിച്ചു നോക്കുമ്പോൾ ആവി പറക്കുന്ന ചുക്കുവെള്ളം ചുണ്ടിനരികിൽ!. തട്ടിവിളിച്ചത് ഭാര്യയാണ്. അവൾ പറഞ്ഞു: " ഈ ചുക്കുവെള്ളം കുടി. ഒച്ചയടപ്പ് മാറട്ടെ!" ചുക്കുവെള്ളം കയ്യിൽ തന്നിട്ട് ഭാര്യ അകത്തേക്ക് പോയി! താൻ ആരുടെയും ചുണ്ടിലെ ഗാനമല്ല. പുകച്ചിലുള്ള ചുക്കുവെള്ളം കുടിക്കാൻ വിധിക്കപ്പെട്ട മനുഷ്യ ജീവിതന്നെ!


Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo