നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മഴയോടൊപ്പം..

തുറന്നിട്ട ജനൽ കാറ്റിൽ ആഞ്ഞടിച്ചപ്പോഴാണ് മൃദുല ചിന്തയിൽ നിന്നും ഉണർന്നത്.. പുറത്ത് മഴയും കാറ്റും തമ്മിൽ മത്സരിക്കുന്നു.. ഇന്ന് മഴ പെയ്യുമെന്ന് എനിക്കറിയാമായിരുന്നു.. വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മഴരാത്രി ആണ് ഞാൻ ഒറ്റപ്പെട്ടുപോയത്.. അന്നാ മഴയെ നോക്കി കരഞ്ഞുകൊണ്ട് ചോദിച്ച അതേ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ ബാക്കി..
ഇനിയെങ്ങനെ ഞാൻ..?!
മൃദുല, ഇടതൂർന്ന മുടി വാരിക്കെട്ടി എഴുന്നേറ്റു.. മുകളിലേക്കുള്ള പടികൾ മെല്ലെ മെല്ലെ കയറി.. ഇളംപച്ച ചുവരുകളുള്ള ആ മുറിയിൽ കയറി അവൾ വാതിലടച്ചു.. ഈ നിറം, എനിക്കേറ്റവും പ്രിയപ്പെട്ട നിറം.. എന്റെ വാശിക്ക് കീഴടങ്ങിയാണ് വിഷ്ണു ഞങ്ങളുടെ പ്രിയപ്പെട്ട മുറിക്ക് ഈ നിറം നൽകാൻ സമ്മതിച്ചത്..
മങ്ങിയ വെളിച്ചത്തിൽ അവളാ മുറി ആകെയൊന്ന് നോക്കി.. എനിക്കും വിഷ്ണുവിനും പ്രിയപ്പെട്ട ഒരുപാട് സാധനങ്ങൾ ഈ മുറിയിൽ ഉണ്ട്..
പ്രണയിച്ച് നടന്നപ്പോൾ പരസ്പരം കൈമാറിയ കുഞ്ഞ് കുഞ്ഞ് ഗിഫ്റ്റുകൾ, എന്റെ പ്രിയപ്പെട്ട ടെഡി ബെയറുകൾ, പുസ്തകങ്ങളുടെ ചെറുതല്ലാത്ത ശേഖരം, മീനൊഴിഞ്ഞ അക്വേറിയം ബൗൾ, രണ്ടുപേരുടെയും ഡയറികൾ, പിന്നെ തടിയിൽ തീർത്തൊരു തൊട്ടിലും.. അങ്ങനെ ഒരുപാടൊരുപാട്..
മൃദുല തറയിൽ ചാരിയിരുന്നു.. എല്ലാവരും പറയുന്നു, എത്ര പെട്ടെന്നാണ് നാല്‌ വർഷം പോയത്, വിഷ്ണു ഇല്ലായെന്ന് തോന്നുന്നേ ഇല്ല എന്നൊക്കെ.. തനിക്കോ.. ഈ നാല്‌ വർഷത്തെ ഓരോ മിനിറ്റിനും മണിക്കൂറുകളുടെ ദൈർഘ്യം.. വിഷ്ണു കൂടെ ഉണ്ടെന്ന് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.. അതുകൊണ്ടുതന്നെയാണ് ഞാനവനെ തേടി ഇറങ്ങിയത്.. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വിഷ്ണുവിന്റെ ആത്മാവിനെ തേടിയുള്ള യാത്ര..!!
ആ മുറിയിലുള്ള സാധനങ്ങൾക്ക് തന്നോട് ഒരുപാട് പറയാനുണ്ടെന്ന് അവൾക്ക് തോന്നി.. പ്രിയപ്പെട്ട കഥകൾ വീണ്ടും വീണ്ടും കാണാനും കേൾക്കാനും ആർക്കും മുഷിപ്പ് തോന്നില്ല.. അത്പോലെ തന്നെ അവളും ആ കഥകൾക്ക് കാതോർത്തു..
കോളേജിലെ ആദ്യദിവസം തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ പയ്യനോട് തിരിച്ച് ഇഷ്ടമാണെന്ന് പറയാൻ നാലാം വർഷത്തിലെ അവസാന ദിവസം വരെ കാത്തിരുന്നു ഞാൻ.. അത് വേറൊന്നും കൊണ്ടല്ല.. വെറുമൊരു ക്യാംപസ് പ്രണയമായി അത് അവസാനിക്കാതിരിക്കാൻ വേണ്ടി, അവന്റെ വേളിയായി ഒരായുസ് മുഴുവൻ ജീവിക്കാനുള്ള കൊതികൊണ്ട്..
ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ അവന്റെ സന്തോഷമൊന്ന് കാണേണ്ടത് തന്നെ ആയിരുന്നു.. നാല് വർഷവും എന്റെ പിറന്നാളിന് വാങ്ങിവെച്ച, ഞാൻ വാങ്ങാൻ വിസമ്മതിച്ച എല്ലാ സമ്മാനങ്ങളും പിറ്റേന്നവൻ എന്റെ കയ്യിൽ വെച്ച് തന്നു.. അന്നവന്റെ ചെറുവിരലിൽ പിടിച്ച് ഞാൻ കരഞ്ഞത് തൊട്ട് മുന്നേ നടന്നപോലെ ഓർക്കുന്നു.. അന്നും മഴ പെയ്തിരുന്നു..
പിന്നീടങ്ങോട് ഒരു കാത്തിരിപ്പായിരുന്നു.. ആ കാത്തിരുപ്പിൽ സത്യം ഉണ്ടെന്ന് ദൈവത്തിന് തോന്നിയതുകൊണ്ടാവാം രണ്ടുപേർക്കും ഒരിടത്തുതന്നെ ജോലി കിട്ടിയത്..
ഓഫീസ് ടൈം കഴിഞ്ഞ്, ബസ് സ്റ്റോപ്പിൽ ഇരുന്ന്, ഒരു ഹെഡ് സെറ്റ് ന്റെ രണ്ടറ്റത്തിരുന്ന്, സിനിമ കാണുന്നത് അവനെന്നും ഇഷ്ടമായിരുന്നു.. അങ്ങനെ കണ്ട സിനിമകൾ ഒക്കെ ഇപ്പോ കാതിന്റെ തൊട്ടടുത്ത് കേൾക്കുന്നപോലെ...
മൃദുല ആ ഹെഡ് സെറ്റ് എടുത്ത് നോക്കി.. വർഷമിത്ര ആയിട്ടും ഇതിന്‌ നാശം വന്നിട്ടും ഇന്നീ മുറിയിൽ ഈ ഹെഡ് സെറ്റ് ഇപ്പോഴുമുള്ളത് അവന്റെ ആഗ്രഹപ്രകാരം ആയിരുന്നു..
"എന്തിനാ വിഷ്ണു ഈ നാശായ ഹെഡ് സെറ്റ് എടുത്ത് വെച്ചിരിക്കണേ..?! കളഞ്ഞൂടെ..??"
"അതോ, ഇതിലൂടെ കണ്ട പ്രണയമെല്ലാം ഞാൻ ആസ്വദിച്ചത് ഇതിന്റെ മറ്റേ അറ്റത്ത് നീ ഉള്ളത്കൊണ്ടാണെന്റെ പട്ടത്തിപെണ്ണേ..!"
ഒഴുകിവന്ന കണ്ണുനീർ പുറംകൈ കൊണ്ട് തുടച്ചുമാറ്റി മൃദുല ആ ഹെഡ് സെറ്റ് യഥാസ്ഥാനത്ത് തിരിച്ചുവെച്ചു..
പ്രണയം വീട്ടിലറിഞ്ഞ ദിവസം..! അപ്പാ തന്ന സമ്മാനം കവിളത്ത് ഏറ്റുവാങ്ങിയതും, ഒരു ബ്രഹ്‌മൺ ആയ ഞാൻ അന്യജാതിയിൽ പെട്ട വിഷ്ണുവിനോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചതും ഒരു മഴദിവസം ആയിരുന്നു.. അന്ന് പക്ഷെ, മഴക്ക് ദയനീയഭാവം ആയിരുന്നു.. ഒരുപക്ഷെ, ഞങ്ങളുടെ ഒന്നിക്കലിന് ആയുസ്സ് കുറവാണെന്ന് ആ മഴത്തുള്ളികൾ മുൻകൂട്ടി അറിഞ്ഞിരുന്നിരിക്കാം..!
ഞങ്ങളുടെ സ്നേഹം ഒരിക്കലും അവസാനിക്കില്ല എന്ന ഉറപ്പും കൂട്ടുകാരുടെ പിന്തുണയും ചേർന്നപ്പോൾ ഞങ്ങൾക്കിടയിലേക്ക് ഒരു താലി കൂടി കടന്നുവന്നു..!
മഴ പെയ്യുമ്പോൾ എന്നെയും കൂട്ടി ഫ്ലാറ്റിന്റെ ടെറസിലേക്ക് ഓടികയറാനും പതിരാത്രിക്ക് പുറത്ത് പോയി കട്ടൻചായ കുടിക്കാനും, എല്ലാ ആഴ്ചയും പുതിയ പുസ്തകങ്ങളെ എനിക്ക് കൂട്ട് തരാനും, കുളി കഴിഞ്ഞ് വരുന്ന എന്റെ മുടിയിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികളെ കൂട്ടിച്ചേർത്ത് മൃദുല എന്നെഴുതുവാനും, പിണങ്ങി ഇരിക്കുമ്പോൾ ഗോഷ്ഠി കാട്ടി ചിരിപ്പിക്കാനും, അങ്ങനെ വിഷ്ണുവിന്റെ മാത്രമായ ചില ഇഷ്ടക്കൂടുതലുകൾ...
ഓരോ പ്രാവശ്യവും സർപ്രൈസ് ഗിഫ്റ്റുകൾ തന്ന് ഞെട്ടിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട്,
"ഇതൊക്കെ എപ്പോ വാങ്ങിവെച്ചു വിഷ്ണു..?!!"
മറുപടി ഇതായിരിക്കും എപ്പോഴും..
"എടി, നമ്മൾ അത്രയും പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ അത് കൊടുക്കുന്നതിന്റെ അന്നോ തലേന്നോ അല്ല വാങ്ങേണ്ടത്..! കുറച്ച് ദിവസങ്ങൾക്ക് മുന്നേ വാങ്ങിവെക്കണം.. എന്നിട്ട് എന്നും കാണുന്ന സ്ഥലത്ത് വെക്കണം.. ഇടക്കതിനെ തൊട്ട് തലോടണം.. ആ ഗിഫ്റ്റ് കൊടുക്കുമ്പോൾ, കിട്ടുന്ന ആളുടെ സന്തോഷം ഒരുപാട് തവണ മനസ്സിൽ സങ്കല്പിക്കണം..! എന്നാലേ ആ സമ്മാനത്തിന് ജീവൻ വെക്കൂ..!!
എന്ത് കാര്യമെടുത്താലും അങ്ങനെയായിരുന്നു.. ആർക്കും എളുപ്പം മനസ്സിലാവാത്ത ഒരുപാട് കാരണങ്ങൾ വിഷ്ണുവിന്റെ എല്ലാ പ്രവർത്തികൾക്ക് പിന്നിലും ഉണ്ടായിരുന്നു..!!
ഒരുദിവസം ഞാൻ കൊഞ്ചിക്കൊണ്ട് വിഷ്ണുവിനോട് ചോദിച്ചു..
"വിഷ്ണു, എനിക്കൊരു കുട്ടിയെ വേണം.. എനിക്കൊരമ്മ ആവണം..!!"
അന്നെന്നെ ചേർത്ത് പിടിച്ച്‌ കൊണ്ട് അവൻ പറഞ്ഞു,,
"ആദ്യമെന്റെ പട്ടത്തിപ്പെണ്ണിന്റെ കുട്ടിക്കളി മാറട്ടെ. എന്നിട്ടുമതി..!" എന്ന്..
അന്നത് വിഷ്ണുവിനെകൊണ്ട് ദൈവം പറയിപ്പിച്ചതാ.. അല്ലെങ്കിൽ എനിക്കിന്നിങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുമായിരുന്നില്ലലോ..!!!
അന്നത്തെ ആ മഴരാത്രി..!!
ഭൂമിയിലുള്ള വെള്ളം മുഴുവൻ ആ മഴയിൽ ഉണ്ടെന്ന് തോന്നിപ്പോയി.. എന്റെ മടിയിൽ കിടന്ന് ടിവി കാണുകയായിരുന്നു വിഷ്ണു.. പെട്ടന്ന് എന്തോ ഓർത്തിട്ടെന്നപോലെ വണ്ടിയുടെ കീ എടുത്ത് പുറത്ത് പോയതാ അവൻ.. തിരിച്ച് വന്നത് ഒരു രക്തത്തുള്ളി ആയിരുന്നു..!!! അത് വീണതെന്റെ താലിയിലും..!!!
അന്ന് വിഷ്ണു പുറത്ത്പോയതെന്തിനാണെന്ന് ഇന്നുമെനിക്കറിഞ്ഞൂടാ..
അന്ന് ഞങ്ങളുടെ രണ്ടാം വിവാഹവാർഷികം ആയിരുന്നു...!!!
എന്ത് ചെയ്യണമെന്നറിയാതെ മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്ന നാളുകൾ.. ആ കാഴ്ച്ചയിൽ വെയിലും മഴയും മഞ്ഞും മാറിമാറി വന്നു.. നാല് വർഷം നാൽപതിനായിരം ദിവസങ്ങൾ പോലെ പോയ്മറഞ്ഞു.. ചിലപ്പോൾ നിശബ്ദമായി കരഞ്ഞു, മറ്റുചിലപ്പോൾ ഒരു മുഴുഭ്രാന്തിയെ പോലെ പൊട്ടിച്ചിരിച്ചു, ചിലപ്പോഴൊക്കെ ഒരു കൊച്ചുകുഞ്ഞിനെ പോലെ എങ്ങലടിച്ചു.. വിഷ്ണു ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന സത്യവുമായി ഞാൻ പൊരുത്തപ്പെട്ടുതുടങ്ങി എന്നെല്ലാവരും കരുതി..
അതിനുശേഷമുള്ള ഓരോ മഴയിലും ഞാൻ വിഷ്ണുവിനെ തിരഞ്ഞിറങ്ങി.. ഒന്നിച്ച് പോയിടത്തെല്ലാം ഒറ്റക്ക് പോയി.. ടിവിയിൽ അവന്റെ പ്രിയപ്പെട്ട സിനിമകൾ വരുമ്പോഴെല്ലാം അരികത്തുണ്ടോയെന്ന് നോക്കി..
വിഷ്ണുവിനെ തേടിയുള്ള എന്റെ ഓരോ യാത്രയും ഈ മുറിയിലാണ് അവസാനിച്ചിരുന്നത്..!
ഇന്നിതെന്റെ അവസാനയാത്രയായിരുന്നു..
"പ്രിയപ്പെട്ട വിഷ്ണു, നീയല്ലാതെ ഒരുനിമിഷം പോലും ജീവിക്കാനാവില്ലെന്ന് കരുതിയ ഞാൻ ഈ നാല്‌ വർഷം ജീവിച്ചു.. ഇനി വയ്യ.. ഈ മഴ കാണുമ്പോൾ എനിക്ക് നിയന്ത്രണം കിട്ടുന്നില്ല.. നീ പറയാറുള്ളത് ശെരിയാണ് വിഷ്ണു.. സമ്മാനങ്ങൾ നേരത്തെ വാങ്ങിവെക്കണം.. അതുകൊണ്ടാണ് ഞാനീ മഷിപ്പേന ദിവസങ്ങൾക്ക് മുന്നേ വാങ്ങിയത്.. നീ പോയതിനുശേഷമുള്ള നാലാംവർഷം ഞാൻ നിനക്ക് നൽകുന്ന സമ്മാനം..!!"
മൃദുല ആ മഷിപ്പേനയുടെ ആ കൂർത്ത അഗ്രം കൊണ്ട് തന്റെ ഇടതുകൈത്തണ്ടയിൽ ആഴത്തിൽ ചിത്രങ്ങൾ വരച്ചു.. ചുവന്ന നിറമുള്ള ചായം ചിതറിയൊഴുകി നിലത്തൊരു ഛായാചിത്രം തീർത്തു..!!
പുറത്ത് മഴയുടെ ശക്തി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. ജീവന്റെ അവസാനനേരത്ത് മൃദുല കണ്ടു, മഴ നനയാൻ തന്നെ കൈനീട്ടി വിളിക്കുന്ന വിഷ്ണുവിനെ..
അന്നവരുടെ ആറാം വിവാഹവാർഷികം ആയിരുന്നു..
ദിൽന..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot