നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

----● നമ്മൾക്കായ് ജനിച്ചവർ ●-----

----● നമ്മൾക്കായ് ജനിച്ചവർ ●-----
~~~~~~~~~~~~~~~~~~~~~~
"കഴിഞ്ഞ ഒന്നര മണിക്കൂറായി നീയീ ബസ് സ്റ്റോപ്പിലിരിപ്പുണ്ട് ! പറയ്... എന്തിനാണിവിടെ ഇങ്ങിനെ ഇരിക്കുന്നത് ?"
സംശയത്തോടെയുള്ള എന്റെ നോട്ടവും ചോദ്യവും..! അവൾ ഭയന്നിട്ടുണ്ടാവും.
സമയം അഞ്ചരയാവാറായി. റോഡിനരികെ വാകമരങ്ങളിൽ കാക്കകൾ ചേക്കാറാൻ തുടങ്ങിയിരിക്കുന്നു. പ്രായം തികഞ്ഞ ഒരു പെൺകുട്ടി ഇങ്ങിനെ ഇത്രനേരം ഒറ്റക്കിരിക്കുന്നത് വനിതാ പോലീസ് എസ്. ഐ ആയ എനിക്ക് കാണാതിരിക്കാനാവില്ലല്ലോ !
ഒരു മറുപടിക്കായ് അവൾ ആലോചിക്കുന്നതു പോലെ തോന്നി.
"സത്യം പറയെടീ.. ഞങ്ങൾക്ക് തിരക്കുണ്ട്..!"
" അടുത്ത ബസിനു ഞാൻ പൊയ്ക്കോളാം സാർ.."
"നീയെന്തിനാ ഇത്ര നേരം ഇവിടെ ഇരുന്നതെന്നു പറയൂ.."
ഈ പെൺകുട്ടിയെ കണ്ടിട്ട് അങ്ങിനെ കള്ളത്തരമൊന്നും തോന്നുന്നില്ല. നല്ല ഭംഗിയുണ്ടെങ്കിലും അധികം ഫാഷനുകളോ മേക്കപ്പോ ഒന്നും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി തന്നെ ! എങ്കിലും... ഇന്ന് രണ്ടു തവണ ഇതുവഴി കടന്നു പോയപ്പോൾ ശ്രദ്ധിച്ചതാണിവളെ..!
" ലാസ്റ്റ് രണ്ട് അവർ ക്ളാസുണ്ടായിരുന്നില്ല സാർ..പക്ഷേ നേരത്തെ വീട്ടിൽ ചെന്നാൽ അപ്പച്ചൻ ചീത്ത പറയും !"
"അതെന്തിനാ ചീത്ത പറയുന്നത്..?"
" അപ്പച്ചന് പെട്ടെന്ന് ദേഷ്യം വരും അതുകൊണ്ടാ.. വേറൊന്നുമല്ല..!"
എനിക്ക് അതത്ര വിശ്വസമായില്ല !
"വീടെവിടെയാ നിന്റെ ?"
അവൾ സ്ഥലപ്പേരു പറഞ്ഞു.
" ആഹാ... സാറിന്റെ വീടിനടുത്താണല്ലോ..?"
ഡ്രൈവർ സുമിത്ര പറഞ്ഞു.
" എന്നാൽ വാ... എന്റെ ഡ്യൂട്ടി കഴിഞ്ഞു. ഞാൻ വീട്ടിലേക്കാ.. നിന്നെ അങ്ങോട്ടിറക്കി തരാം.. "
"വേണ്ട സാറേ... ഞാൻ പൊക്കോളാം.. "
" മര്യാദക്ക് കേറഡീ... അതോ അതും നുണയാണോ..?"
അതു കേട്ടപ്പോൾ അവൾക്കു സങ്കടം വന്നതു പോലെ തോന്നി.
"അല്ല സാറേ.. ഞാൻ വരാം.. "
പിന്നീട് മറുത്തൊന്നും പറയാതെ തല കുമ്പിട്ട് അവൾ കാറിന്റെ പുറകിൽ വന്നു കയറി.
"പേരെന്താന്നാ പറഞ്ഞത് നിന്റെ ?"
" റിയാ.. "
" അപ്പച്ചന്റേയോ..?"
" എൽദോസ്...!"
" ഉം... "
ഇവിടുന്ന് അങ്ങോട്ട് ആറു കിലോമീറ്ററേ കാണൂ. എന്റെ വീട് അതിന് ഒരു കിലോമീറ്റർ മുൻപാണ്. പക്ഷേ ഈ ഭാഗത്തേക്ക് ഞാൻ പ്രമോഷനായി വന്നിട്ട് അധികനാളായില്ല.
ടൗണിലെ തിരക്കുകൾ കടന്ന്, വീടെത്താൻ ധൃതി കൂട്ടുന്ന ആളുകളെ കടന്ന് കാർ കടന്നു പോയ്ക്കൊണ്ടിരുന്നു.
പഠിക്കുന്ന സ്ഥലത്തേക്കുറിച്ചും കോഴ്സിനേ കുറിച്ചുമൊക്കെ ഞാൻ ചോദിച്ചു. പോസ്റ്റ് ഗ്രാഡുവേഷനും, പി. എസ്. സി കോച്ചിങ്ങ് ക്ളാസുമൊക്കെ കേട്ടപ്പോൾ വിശ്വസിക്കാമെന്ന് തോന്നി
"സാറേ.. രണ്ടു മൂന്നു വീടിപ്പുറം ഇറക്കുമോ... പ്ളീസ്... പോലീസ് വണ്ടിയിൽ ഒക്കെ ചെന്നു ഇറങ്ങുന്ന കണ്ടാൽ...... !"
" ഉം.. നോക്കട്ടെ..!"
ഞാനൊന്ന് അമർത്തി മൂളി.
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ചൂണ്ടിക്കാട്ടിയ വീട് എത്തുന്നതിനും മുമ്പ് വളവിൽ ഞാൻ വണ്ടി നിറുത്തിച്ചു.
"ഇവളെ ഇവിടെ ഇറക്കിയിട്ട് വണ്ടി തിരിക്കാം.. "
" ശരി.. സാറേ.. "
അവിടെ ഇറങ്ങി നന്ദിയും പറഞ്ഞ് അവൾ പോവുന്നതും നോക്കി ഞാൻ ഒരു നിമിഷം കാത്തു. പിന്നെ വീടെത്തും വരെ നിശബ്ദയായിരുന്നു.
ഇരുപതു വർഷങ്ങൾക്കു മുൻപു ഒരു വേളാങ്കണ്ണി യാത്രയിൽ ഭർത്താവിനോടൊപ്പം നഷ്ട്ടപ്പെട്ട ബെറ്റി മോളേ എനിക്ക് ഓർമ്മ വന്നു. അവളുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ റിയയെപ്പോലെ ഉണ്ടായിരുന്നേനേ എന്ന് തോന്നി.
എങ്കിലും വീട്ടിൽ പോയി അന്വേക്ഷിക്കണ്ടതായിരുന്നു. സ്വന്തം വീടുകളിൽ പോലും പീഡനങ്ങൾ നടക്കുന്ന കാലമാണ്. വീട്ടിലേക്ക് പോകാൻ അവൾ അത്ര മടിച്ചതെന്തിനാവും ?
രണ്ടു ദിവസങ്ങൾക്കു ശേഷം സഹായത്തിനായി വരാറുള്ള അക്കാമ്മ ചേടത്തി വന്നപ്പോൾ ചോദിക്കാതിരിക്കാനായില്ല. അവരുടെ വീട് ആ ഭാഗത്തെവിടെയോ ആണ്.!
"ആ.... റിയക്കൊച്ചല്ലേ ? അറിയും സാറേ... പൊന്നു പോലത്തെ ഒരു കൊച്ചാ അത്! പക്ഷേ അവളാ എൽദോസിന്റെ മോളൊന്നുമല്ല !"
ങേ..! ഞാനൊന്നു ഞെട്ടി.
" എൽദോസിന്റെ ജ്യേഷ്ഠന്റെ മോളാ അത് ! ആ കൊച്ചിന്റെ കാര്യം പറഞ്ഞാ കഷ്ട്ടോണ് സാറേ.."
"പണ്ട് അവരുടെ വീട്ടുകാർക്ക് ഒരു കുറിക്കമ്പനി ഉണ്ടാർന്ന്... ആ എൽദോസിന്റെ കുരുട്ടു ബുദ്ധിക്ക് അതു പൊളിഞ്ഞ് ! അവൻ മുങ്ങേം ചെയ്തു. ഈ കൊച്ചിന്റെ അപ്പൻ ആണെങ്കി വല്യ അഭിമാനിയാർന്നു. ഒള്ള വീടും സ്ഥലോം ഒക്കെ ആൾക്കാർക്ക് എഴുതി കൊടുത്ത്. ഒരു രാത്രി ബിരിയാണീലോ, ഐസ് ക്രീമിലോ ഒക്കെ വെഷോം ചേർത്ത് അവറ്റേളെല്ലാരും കൂടി തിന്നു. ഈ കൊച്ചു മാത്രം എങ്ങിനേണ്ട് രക്ഷപ്പെട്ടു !"
'ഈശോയേ... എന്നിട്ട്..?"
" എൽദോസ് തിരിച്ചു വന്നപ്പോ പിന്നെ വല്യ സങ്കടായി.. ഈ കൊച്ചിനെ എടുത്തു വളർത്തി.. അയാൾക്ക് അതിനെ വല്യ കാര്യോണെങ്കിലും എൽദോസിന്റെ പെണ്ണുംപുള്ളക്ക് ഈനെ കണ്ടൂടാ..!"
"ഇക്കാലത്ത് ഇങ്ങനൊക്കെ ഉണ്ടാവോ..?"
" പിന്നില്ല സാറേ...! അവളൊക്കെ എന്താ മൊതല്ന്ന് അറിയോ ? അയിനെ കൊണ്ട് മുഴുവൻ പണീം എടുപ്പിക്കും.. പിന്നെ കുറ്റോം..! ഇപ്പത്തന്നെ ഈ കൊച്ചിനെ കെട്ടിച്ചയക്കാതെ അവര്ടെ കൊച്ചിനെ കെട്ടിക്കാനുള്ള പരിപാടികളാ..!"
പിന്നേയും അവർ ഒരു പാട് കാര്യങ്ങൾ പറഞ്ഞു ആ കുട്ടിയേകുറിച്ച്..! അതിന്റെ സങ്കടങ്ങളെ ക്കുറിച്ച്..!
റിയ പിന്നെ മനസ്സിൽ എപ്പോഴും ഒരു വേദനയായി നിന്നു. ആ ബസ്റ്റോപ്പിലെത്തുമ്പോൾ കണ്ണുകളറിയാതെ അങ്ങോട്ടു പോവും! അതിനെ അന്ന് വെറുതെ സംശയിച്ചു ചീത്ത വിളിച്ചു. ഒന്നു കണ്ടിരുന്നുവെങ്കിൽ..!!
രണ്ടാഴ്ച കഴിഞ്ഞ് ഒരു വെയിലാറിയ നേരത്താണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. ഒരു ആക്സിഡന്റ് കേസ്.
മുറിവുകൾക്കും, വേദനകൾക്കും ഇടയിലെ തിരക്കിലൂടെ കാഷ്വാലിറ്റിയിലേക്ക് നടന്നു പോവുമ്പോൾ ഓർത്തു.. സുഖമായി ജീവിച്ചു പോകുന്നതു കൊണ്ട് ബോറിങ്ങ് ലൈഫ് എന്നൊക്കെ അഹങ്കരിക്കുന്നവർ ഇടക്കൊക്കെ വരണം ഇവിടെ..!
"എന്റെ സാറേ.. ഞാൻ മര്യാദക്കാ ഓടിച്ചത്. ആ കൊച്ച് ഇങ്ങട് വന്ന് കേറീതാ.. ചാവാൻ നടന്ന പോലെ ! "
കാഷ്വാലിറ്റിയുടെ മുൻപിൽ തല ചൊറിഞ്ഞു നിന്നിരുന്ന ഡ്രൈവറാണ്.
"ഉം.. താനവിടെ വെയ്റ്റ് ചെയ്.. പറയാം.."
അയാളോട് പറഞ്ഞ് അകത്ത് കേറി. തലയുടെ ചുറ്റുമുള്ള കെട്ടും പാടുകളും ഉണ്ടായിരുന്നെങ്കിലും ആളെ മനസ്സിലായപ്പോൾ ഞാൻ ഒന്നു ഞെട്ടുക തന്നെ ചെയ്തു.
റിയാ..!
ദൈവാധീനം കൊണ്ട് അധികമൊന്നും പറ്റിയിട്ടില്ലാ !
"എന്താത് മോളേ... എന്തിനാ അങ്ങിനെ ചെയ്തത് ?"
പെട്ടെന്ന് അങ്ങിനെയാണ് അറിയാതെ ചോദിച്ചു പോയത്.
"ഞാനങ്ങനെ മരിക്കാൻ വേണ്ടീട്ടൊന്നും ചെയ്തില്ലായിരുന്നു സാർ.. എന്തോ... ആ വണ്ടി വന്നത് കണ്ടില്ല !"
പക്ഷേ..തല കുമ്പിട്ട് .. ഒന്നു നിറുത്തി നിംസംഗതയോടെ അവൾ പതുക്കെ പറഞ്ഞു.
" എന്നാലും മരിച്ചാലും സന്തോഷാവായിരുന്നു."
ആ ചുണ്ടുകൾ ഒന്നു വിതുമ്പിയോ ?
പിന്നെ അധികമൊന്നും ചോദിക്കാൻ നിന്നില്ല. ആക്സിഡന്റ് കേസ് ആയി റിപ്പോർട്ട് ചെയ്തു ഡ്രൈവറെ പറഞ്ഞയച്ചു. അവളുടെ ഇളയപ്പൻ എൽദോസിനോടും സംസാരിച്ചു. നിഷ്കളങ്കമായ ആ വാടിയ മുഖം കണ്ടിട്ട് പോവാൻ തോന്നിയില്ല. ആ കൈ പിടിച്ച് വെറുതെ ഇരുന്നു.
അന്നത്തെ ആ വേളാങ്കണ്ണി യാത്രയിൽ എന്നെ വിട്ടുപോയ ബെറ്റി മോളുടെ മുഖമുണ്ടോ ഇവൾക്ക് ? ഓർമ്മകളുടെ മുറ്റത്ത് കുഞ്ഞുപാദസരങ്ങളുടെ കിലുക്കം ആണോ കേൾക്കുന്നത് ? അതോ.. ഒരു കിലുക്കാംപെട്ടിയുടെ പൊട്ടിച്ചിരിയോ ?
ഒന്നും മിണ്ടാതെ തന്റെ കൈ പിടിച്ച് ഇരിക്കുന്ന എന്നെ അവളും നോക്കി. രണ്ടാളുടേയും കണ്ണുകൾ എന്തിനോ അറിയാതെ നിറഞ്ഞു പോയ് !
"സാറേ... ഞാനന്ന് നുണ പറഞ്ഞതാ.."
"ഉവ്വ്... എല്ലാം ഞാനറിഞ്ഞിരുന്നു. മോളു പറയണ്ട..!"
" വീട്ടിലേക്ക് പോവാൻ എനിക്കു എപ്പോഴും മടിയായിരുന്നു സാറേ.. ആരുമില്ലാത്തതു പോലെ ഒരു തോന്നൽ ! ആരോടും കൂട്ടുകൂടാനും എനിക്കാവാറില്ല! "
അതും പറഞ്ഞ് പിന്നേയും അവൾ തല താഴ്ത്തിയിരുന്നു.
" അന്ന് ഞാനാ ഐസ് ക്രീം തുപ്പിക്കളയണ്ടായിരുന്നു. എന്റെ അനിയത്തി കുട്ടികൾ എന്തു ഇഷ്ട്ടത്തോടെയാണെന്നോ അതന്ന് നുണഞ്ഞിറക്കിയത് !"
അവളുടെ കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീർ എന്റെ കൈകളിലേക്കാണ് വീണത്.
"അതൊന്നും ഇനി ഓർക്കണ്ടഡാ.. അതൊക്കെ കഴിഞ്ഞു. സങ്കടങ്ങളുടെ കാലവും കഴിഞ്ഞു. എനിക്കു വേണം ഈ മോളേ.."
ആ കൈകൾ ഞാൻ അമർത്തി പിടിച്ചു.
പിന്നെ ഇടക്കിടെ അവളെ പോയി കണ്ടു. ധൈര്യം കൊടുത്തു. ഒരു അപകടത്തിൽ ഭർത്താവിനേയും മകളേയും നഷ്ട്ടപ്പെട്ടിട്ടും നാലു മാസം അബോധാവസ്ഥയിൽ കിടന്ന ഒരു മകനു വേണ്ടി ജീവിതം തുടരാൻ നിശ്ചയിച്ച ഒരു പെണ്ണിന്റെ കഥ പറഞ്ഞു കൊടുത്തു.
ഈ ലോകത്ത് എവിടേയോ ചിലർ നമുക്കായ് ജനിക്കുന്നുണ്ട്. കണ്ടുമുട്ടാൻ ചിലപ്പോൾ വൈകിയെന്നിരിക്കും. പക്ഷേ.. കണ്ടു മുട്ടാതിരിക്കില്ല. ഉറപ്പ് !
ഇന്ന് രണ്ടു വർഷങ്ങൾക്കിപ്പുറം എന്റെ കൂടെ അവളുണ്ട്. ആ വേളാങ്കണ്ണി യാത്രയിൽ ദൈവം എനിക്കു കൂട്ടിനായ് ബാക്കി വച്ച എന്റെ മകൻ ബിജോയിയുടെ ഭാര്യയായ്..
ബെറ്റി മോളെ വാർത്തു വച്ച പോലെ ദൈവം എനിക്കു നല്കിയ എന്റെ പേരക്കുഞ്ഞിന്റെ അമ്മയായ്.. വിണ്ടും ചിരിക്കാൻ പഠിച്ച റിയ ബിജോയ് ആയ്..!
ഈ ജീവിതത്തിലെ ഒന്നും തന്നെ ശാശ്വതമൊന്നുമല്ലല്ലോ... സങ്കടങ്ങളായാലും, സന്തോഷങ്ങളായാലും..!
കിട്ടുന്ന ഭാഗ്യങ്ങളിൽ മതിമറന്ന് സന്തോഷിക്കാതിരിക്കുക.. വന്നു ചേരുന്ന സങ്കടങ്ങളിൽ തട്ടി തകർന്നു പോവാതിരിക്കുക.. ജീവിതം അങ്ങിനെ ഒഴുകികൊണ്ടേ യിരിക്കട്ടെ.. എല്ലാം നല്ലതിന് !
സ്നേഹത്തോടെ.. അഷ്റഫ് ♡

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot