Slider

പ്രണയനാടകങ്ങൾ

0
പ്രണയനാടകങ്ങൾ
===(0)===
അതിരാവിലെ ഉമ്മറത്തെ ഉത്തരത്തിൽ സാരികുടുക്കിൽ കിടക്കുന്ന തന്റെ ഭാര്യയെ കണ്ടു അലറി വിളിച്ചത് പാൽക്കാരി ചേച്ചിയാണ്. മുറ്റത്തു പരിചയമുള്ളവരും അല്ലാത്തവരുമായ ആളുകളുടെ അടക്കം പറച്ചിലുകൾ...
അമ്മ കിടപ്പ് മുറിയിൽ നിന്നു പുറത്തു വന്നിട്ടില്ല. അച്ഛൻ പിന്നാമ്പുറത്തെ വരാന്തയിൽ നിസ്സംഗതയോടെ ഇരുപ്പുണ്ട്‌.. കിടപ്പുമുറിയിലെ മേശപ്പുറത്തു അവളുടെ ഡയറി.!!
കല്യാണത്തിനു മുൻപ് ഡയറി എഴുതാറുണ്ടായിരുന്നെങ്കിലും ഇവിടെ വന്നതിന് ശേഷം അങ്ങനൊരു പതിവ് അവൾക്കില്ലായിരുന്നു. പേജുകൾ വെറുതേ മറിച്ചപ്പോൾ ഇന്നലത്തെ ദിവസം അവൾ ഡയറി എഴുതിയിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് പടരുന്നുണ്ടെങ്കിലും അവ്യക്തമായി ആ വരികളിലൂടെ ഇഴഞ്ഞു നീങ്ങി.
*******
രാജേഷിന്....
പ്രണയത്തിനു കണ്ണും കാതും ഇല്ല എന്നത് പഴമൊഴിയാണ്. സത്യത്തിൽ പ്രണയത്തിന്റെ അർത്ഥം എവിടെയോ കളഞ്ഞുപോയി. അല്ലെങ്കിൽ ആരൊക്കെയോ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരുമിച്ചു ജീവിക്കാൻ പരസ്പരം ഇഷ്ടപ്പെടണം എന്നത് രണ്ടാം പാതി മാത്രമാണ് ഇന്ന്.
ഒന്നാം പാതി മതം കവർന്നെടുക്കുമ്പോൾ ദൈവം ഇലക്ഷന് മത്സരിക്കുന്നുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഒരുമിച്ചു ജീവിക്കണമെങ്കിൽ എന്റെ
മതം മാറണം എന്ന രാജേഷിന്റെ വീട്ടുകാരുടെ സമ്മർദ്ദങ്ങളോട് രാജിയാകുവാൻ എനിക്കാവുന്നില്ല. നിര്ബന്ധിതാവസ്ഥയിൽ ഇന്ന് ഞാൻ രേവതി ആയെങ്കിൽ കൂടി.
എങ്കിലും സങ്കടമുണ്ട് രാജേഷ്.
പ്രണയസാഫല്യം എന്ന പദത്തിന് ഇത്ര വികൃതമായ ഒരർത്ഥം ഉണ്ടെന്ന് അറിയാമെങ്കിൽ ആരാണ് പ്രണയിക്കാൻ തയാറാവുക ?
സത്യത്തിൽ എന്തിനാണ് നീ എന്നെ പ്രണയിച്ചത്. ? എന്നെ പരിഹസിക്കാനോ ?
അതോ എന്റെ പഴയ വിശ്വാസങ്ങളെ പരിഹസിക്കാനോ ?
അതോ എന്റെ വീട്ടുകാരെ പരിഹസിക്കാനോ ?
എന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ....
എന്റെ സഹോദരനെ...
ബന്ധുക്കളെ.....
ഒക്കെ വിട്ടു ഞാൻ നിന്നോട് ചേർന്നപ്പോൾ തന്നെ അവർ സമൂഹത്തിൽ പരിഹസിക്കപ്പെട്ടു കഴിഞ്ഞു രാജേഷ്.
സത്യത്തിൽ നീ പറയണമായിരുന്നു ഐസ്ക്രീം പാര്ലറിലെ വൈകുന്നേരങ്ങളിൽ, ഇങ്ങനൊരു ട്വിസ്റ്റ്‌ ഉണ്ടാകുമെന്ന്. കടപ്പുറത്തു വെറുതെ തിരമാലകൾ എണ്ണി സമയം കളഞ്ഞ നേരത്തും, സംസാരിക്കാൻ ഒന്നുമില്ലാതെ നീണ്ട മൗനങ്ങൾ നമ്മെ നിശബ്ദമാക്കിയ ഏതെങ്കിലും സന്ദർഭങ്ങളിലും ഇങ്ങനൊരു വൈകൃതം പ്രണയത്തിനുണ്ട് എന്ന് നീ പറഞ്ഞില്ല.
അവിടെ ബലിയിടാൻ വന്ന ആളുകളെ നോക്കി ബലികാക്കകൾക്കു ചോറുകൊടുക്കുന്ന നേരത്ത് അനാഥകൾക്കു അന്നം കൊടുക്കുന്നതിനെപറ്റി നീയെത്ര വാചാലനായിരുന്നു രാജേഷ്. അന്ന് നിന്നിൽ കണ്ട മനുഷ്യനെ ഞാനീ വീട്ടിൽ ഒരുപാട് തിരഞ്ഞെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
ഞാൻ കണ്ടതും കൊതിച്ചതും നിന്നോടൊപ്പമുള്ള ജീവിതം മാത്രമായിരുന്നു. നിന്റെ
മതത്തിന്റെ വേലിക്കെട്ടുകൾ വേണമായിരുന്നെങ്കിൽ എന്തിനു നീ എന്നെ പ്രണയിച്ചു. ?
ഞാൻ വന്നത് നിന്നോടൊപ്പം ജീവിക്കാനാണ്. നിന്റെ ഭാര്യയായി ജീവിക്കാനാണ്. പക്ഷെ അതിനുമപ്പുറം പലതും ഞാൻ ജീവിതചര്യ ആക്കിയാൽ മാത്രമേ നിനക്കെന്നെ പ്രണയിക്കുവാൻ കഴിയൂ എങ്കിൽ... പ്രണയം ഒരു അപഹാസ്യമായ നാടകമല്ലേ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട രണ്ടു മതക്കാരായ നമ്മുടെ പ്രണയം ഒരു തെറ്റായിരുന്നു എന്ന് നമ്മുടെ കൂട്ടുകാർ അറിയണം. നളനും ദമയന്തിയുമായി ചേർത്തു പാടിയവർ തിരുത്തണം. പ്രണയം എന്നൊന്ന് ലോകത്തില്ല എന്ന്.
സത്യത്തിൽ സ്വന്തം മാതാപിതാക്കളെ അനുസരിക്കലായിരുന്നു നല്ലതെന്ന് ഞാനിന്നു തിരിച്ചറിയുന്നു. ഏറെയും വൈകി അറിയുന്ന ആ തിരിച്ചറിവുകൾ തന്നെയാണ് എന്നെപ്പോലുള്ള പെൺകുട്ടികൾ ജീവനൊടുക്കാൻ കാരണം എന്ന സത്യം കൂടി ഞാനിവിടെ വിളിച്ചു പറയുകയാണ്‌.
വേണമെങ്കിൽ എനിക്ക് ഏതെങ്കിലും ട്രെയിനിന് തലവെച്ചു തിരിച്ചറിയപ്പെടാത്ത മൃതദേഹം ആകാമായിരുന്നു. അല്ലെങ്കിൽ നമ്മൾ തന്നെ സമയം കൊന്ന കടപ്പുറത്തെ തിരമാലയിൽ ലയിക്കാമായിരുന്നു. പക്ഷെ അപ്പോളും ജയിക്കുന്നത് നിങ്ങളൊക്കെ തന്നെയാവില്ലേ. ?
ഇന്നലെ രാത്രി ഞാൻ എടുത്ത തീരുമാനം ഒരു മുഴം കയറിൽ നിന്റെ വീടിന്റെ ഉമ്മറപ്പടിയിൽ ഇങ്ങനെ കിടന്നാടാനാണ്. കാരണം എനിക്ക് ജയിക്കാനല്ല. ഇനിയൊരു പെണ്ണും പ്രണയത്തിന്റെ പേരിൽ പരിഹസിക്കപ്പെടാതിരിക്കാൻ.... തോല്പിക്കപെടാതിരിക്കാൻ.....
ഒരു ജീവിതം മുഴുവൻ അടിയറവ് വെക്കാതിരിക്കാൻ...
മാതാ പിതാക്കളെ ധിക്കരിക്കാതിരിക്കാൻ......
അതുകൊണ്ട് നിങ്ങൾ കെട്ടിയുണ്ടാക്കിയ നാടകത്തിലെ കോമാളിയുടെ വേഷം കെട്ടാൻ ഞാനിനി..........
*******
വായിച്ച് തീരും മുൻപ്
കാക്കി ധരിച്ച ആരൊക്കെയോ മുറിയിലേക്ക് കയറി.
മനസ്സിൽ അങ്ങകലെ എവിടെയോ കടലിരമ്പുന്നതുപോലെ... ആ കടൽ തീരത്ത് അവിടവിടെ ആരൊക്കെയോ ബലിയിടാൻ നിൽക്കുന്നത് പോലെ...
വീട്ടുമുറ്റത്തെ മാങ്കൊമ്പിലിരുന്നു ബലികാക്കകൾ കരയുന്നതുപോലെ......
.
നിയാസ് വൈക്കം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo