നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്നുച്ചയ്ക്ക് ഇവിടെ കോളജിൽ ഷൂട്ടിങ് ഉണ്ട്.......

“ ഡാ....ഇന്നുച്ചയ്ക്ക് ഇവിടെ കോളജിൽ ഷൂട്ടിങ് ഉണ്ട്. മോഹൻലാലും ഉർവശിയും വരുന്നുണ്ട്. നമ്മൾക്ക് എന്തേലും പ്ലാൻ ചെയ്യേണ്ടേ ?”
പിള്ളേർ എല്ലാം ആവേശത്തോടെ കാത്തു നിൽക്കുമ്പോൾ നമ്മുടെ സ്വതന്ത്ര പാർട്ടിയായ SONY (Sound Of Neutral Youth ) അടിയന്തിര യോഗം ചേർന്നു. ഇലക്ഷൻ സമയമാണ്. സോണിയുടെ “മുഖ്യ” പ്രാസംഗികനായ എന്നോടാണ് ചോദ്യം. പ്രസംഗം എന്നൊക്കെ വെച്ചാൽ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന മാതിരിയാണ്. എന്നാലും പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇങ്ങിനെയുള്ള ചാന്‍സ് കിട്ടുന്നത് തന്നെ ഭാഗ്യം. അതും ആരോടൊക്കെയാണ് മത്സരിക്കേണ്ടത് ? സാക്ഷാൽ നമ്മടെ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഒക്കെ തീപ്പൊരിയോടാണ്. ചെറിയൊരു മനസാക്ഷി ചായ്‌വ് അവരോട് ഉള്ളതുകൊണ്ട് ഞാനൊക്കെ എന്ത് പ്രസംഗിച്ചാലും ചിരിച്ചു കൊണ്ട് ഓൻ പൊയ്ക്കോളും (ഓന്‍ ഇപ്പൊ എവിടെയാണാവോ ? വല്ല കാര്യവുമുണ്ടായിരുന്നോ...പോട്ടെ. നമ്മൾ ഇവിടെ രാഷ്ട്രീയം പറയുന്നില്ല)...
തീരുമാനം വന്നു. നാം ഒരു പ്രകടനം നടത്തും കോളജ് ഗേറ്റിനു മുന്നിൽ "ഗോ ബാക്ക് , ഗോ ബാക്ക് ഫിലിം സ്റ്റാർസ് " വിവരം പ്രിൻസിപ്പൽ അറിഞ്ഞു.. അവർ ഞങ്ങളുടെ അതിഥികളാണ്..ഇത് പാടില്ല എന്നൊക്കെ അദ്ദേഹം. അവർ ഷൂട്ട് ചെയ്തോട്ടെ പക്ഷെ SONY യുടെ ബാനറിൽ ഒരു പ്രകടനം നിർബന്ധം എന്ന് നമ്മളും.
ഉച്ചയാവുമ്പോഴേക്കും കോളേജ് പരിസരം വാഹനങ്ങളും ആളുകളുമായി നിറഞ്ഞു. പോലീസ് വണ്ടി വേറെ. കഴിഞ്ഞ ദിവസം അന്തരിച്ച ഐ.വി. ശശി സംവിധാനം ചെയ്യുന്ന "അടിമകൾ ഉടമകൾ" എന്ന ഫിലിം ആണ്. ബാനർ ഉയർത്തി ഞങ്ങൾ ഗോ ബാക്ക് വിളിക്കാൻ തുടങ്ങി. ശ്രദ്ധ മുഴുവൻ ഞങ്ങളിലായി. കോളേജിൽ ചിത്രീകരിക്കാൻ പോകുന്ന രംഗം വിദ്യാർത്ഥി സമരമാണ്. കഥയിൽ നടക്കുന്ന തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ളത്. സമരത്തിന് വേണ്ടി പോസ് ചെയ്യാൻ പിള്ളേർ ഉന്തും തള്ളുമാണ്‌. മമ്മൂട്ടിയും മോഹലാലുമൊന്നും വന്നില്ല. ഉർവശി കാറിൽ വരുന്ന ഒരു സീൻ ആദ്യമേ ഷൂട്ട് ചെയ്തു. പോലീസ് ആയി അഭിനയിക്കാൻ വന്ന കുറെ പേര് ഉണ്ട്. അവരാണ് വിദ്യാർത്ഥികളെ തടയുക.
സ്റ്റാർട്ടും കട്ടും ഒക്കെ പറയുന്നതിനിടയിലാണ് അത് സംഭവിച്ചത്. ആവേശത്തോടെ “ഗോ ബാക്ക്” മുദ്രാവാക്യം വിളിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്നു എന്നെ ഒരു പോലീസുകാരൻ തടഞ്ഞു. സിനിമയിലെ പോലീസാണെന്നു വിചാരിച്ചു അയാളുടെ യൂണിഫോമിലെ രണ്ടു വര (ഹെഡ് കോൺസ്റ്റബ്ൾ ) ഒന്ന് പിടിച്ചുകൊണ്ട് കൊണ്ട് പറഞ്ഞു : " ഹോ ...റാങ്കും ഫിറ്റ് ചെയ്തിട്ടുണ്ടല്ലോ”
പിന്നെ ഞാൻ വായുവിൽ ഉയരുന്നതാണ് കണ്ടത്. അതൊരു ഒറിജിനൽ പോലീസുകാരനായിരുന്നു. അയാൾ ചൂടായി എന്നെ പൊക്കി വിദ്യാർത്ഥി സമരം നടക്കുന്നതിന്റെ മുന്നിൽ ഇട്ടു.
വീണിടത്തു വിദ്യ ആക്കാൻ നമ്മളെ ആരും പഠിപ്പിക്കേണ്ടല്ലോ.
പിന്നെ കാണുന്ന സീൻ അത്യാവേശത്തോടെ വിദ്യാർത്ഥി സമരം നടത്തുന്ന എന്നെയാണ്. SONY യും ബാനറുമൊക്കെ എങ്ങോ പോയി. സിനിമയോട് വലിയ ഭ്രാന്ത് ഒന്നുമില്ലെങ്കിലും അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ പിന്നെ വിടുമോ ?
ചിത്രീകരണം കഴിഞ്ഞു. എന്റെ ആത്മാർത്ഥമായ അഭിനയത്തിനിടയിൽ കുപ്പായത്തിന്റെ രണ്ടു ബട്ടൺ , കാലിലെ ഒരു ചെരിപ്പ് ഒക്കെ എങ്ങോ പോയി മറഞ്ഞു. ബസിൽ കയറി വീട്ടിൽ ഈ കോലത്തിൽ എങ്ങിനെ പോകുമെന്ന് ആലോചിക്കുമ്പോഴാണ് അടുത്ത സീൻ വരുന്നത് .
"മൂരാച്ചി ...മൂരാച്ചി " എന്നാക്രോശിച്ചുകൊണ്ട് നമ്മുടെ "SONY" സുഹൃത്തുക്കൾ പാഞ്ഞടുക്കുന്നു.
”ഇവന്റെ പ്രസംഗവും വേണ്ട .. ഒരു.. @@#@@.. വേണ്ട (തെലുങ്കോ കന്നഡയോ ആവണം പറഞ്ഞത് – ഒന്നും മനസ്സിലായില്ല) . ഇന്ന് രാവിലെ കാന്റീനിൽ നിന്ന് പാർട്ടി വക കഴിച്ച ദോശയുടെ പൈസ എടുക്കെടാ തെണ്ടീ ..”
ഞാൻ ഉണ്ടായ സംഭവം ഒന്ന് പറയാൻ നോക്കി. ആര് കേൾക്കാൻ.
ഏതാനും മാസത്തിനിടയിൽ സിനിമ റിലീസായി. അന്നത്തെ കാലത്ത് ടൗണിൽ ആകെ ഒരു തീയേറ്ററിലാണ് ഇങ്ങിനെയുള്ള മെഗാ സിനിമ ഇടുക. സി.ഡി.യോ ഇന്റർനെറ്റ് കോപ്പിയോ ഇല്ലാത്ത കാലം. സിനിമ ഹിറ്റായപ്പോൾ കൂടെ ഞാനും ഹിറ്റായി. എന്റെ കസിൻസ് ഒരുപടി മുന്നിൽ കയറി - എന്നെ കൂട്ടികൊണ്ടുപോയി അഭിനയിപ്പിച്ചതാണ്, ഞാൻ മോഹൻലാലിൻറെ കൂടെ ഭക്ഷണം കഴിച്ചു, ഉർവശിക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് എന്നൊക്കെ നാട്ടിൽ പ്രചരിപ്പിച്ചു. ലൈക്കും കമന്റും ഇല്ലാത്ത ആ കാലത്ത് ഈ ആത്മരതി വെറുതെ എന്തിനു വേണ്ടെന്നു വെക്കണം?! . എന്നാൽ ചില ദുഷ്ടന്മാർ സിനിമ കണ്ടു വന്നു പറഞ്ഞു: " എടാ...നീ വരുന്ന സീൻ ആയപ്പോഴേക്കും ഒന്ന് തുമ്മിപ്പോയി പിന്നെ നോക്കുമ്പോൾ നിന്നെ കാണുന്നില്ല" അസൂയ കൊണ്ടാണ്. കുറച്ചു സമയം ഞാന്‍ തകര്‍ത്തു അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ റോള്‍ പിന്നെ എത്രയാ വേണ്ടത്? .
പക്ഷെ സത്യമായിട്ടും ഒരു കാര്യം പറയാം. കലാ സാഹിത്യ കായിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന, ആരാധകന്മാർ ഏറെയുള്ള (ആരാധികമാർ എന്ന് മാത്രം പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിക്കും) എനിക്ക് സിനിമാ അഭിനയവും കൂടിയായപ്പോൾ അവരെ മുട്ടിയിട്ടു നടക്കാൻ പറ്റാതായി.
എല്ലാത്തിനും കാരണക്കാരനായ ആ പോലീസുകാരന് കെട്ടിപിടിച്ചൊരു മുത്തം കൊടുക്കാൻ ഇന്നും മനസ്സ് വെമ്പുന്നു...എവിടെയാണാവോ പാവം ? ജീവിച്ചിരിപ്പുണ്ടാവുമോ?!??
രണ്ടു മൂന്നു മാസം മുൻപ് എന്റെ കസിൻ ഈ സിനിമാ കാര്യം ഓർമിപ്പിച്ചു. എന്നിട്ട് പറഞ്ഞു നെറ്റിൽ ഉണ്ടാവും ഒന്ന് നോക്കിക്കോ എന്ന്.
ഞാൻ നോക്കി. സംഭവം ഉണ്ട്. കുറെ അടിച്ചടിച്ചു കണ്ടു നോക്കി. എന്‍റെ സമര സീന്‍ കാണാൻ പറ്റുന്നില്ല.. എഡിറ്റ് ചെയ്ത വേർഷൻ ആയിരിക്കുമോ നെറ്റിൽ അതല്ല പണ്ടെന്റെ "ശതുക്കൾ" പറഞ്ഞ പോലെ നോക്കുന്നതിനിടയിൽ ഞാൻ കോട്ടുവായിട്ടപ്പോൾ മറഞ്ഞുപോയതാവുമോ?!!
(ഹാരിസ്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot