നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#തിരിച്ചറിവുകൾ

മോനേ വിച്ചൂ ഈ ദോശയെങ്കിലും കഴിച്ചിട്ട് പോ നീ... എങ്ങോട്ടാ ഈ ഒടുന്നേ രാവിലെ തന്നെ...?
എനിക്കൊന്നും വേണ്ടമ്മേ , ഇപ്പൊ തന്നെ ഒരുപാട് വൈകി. ചെന്നിട്ട് ഒരുപാട് കാര്യങ്ങളുള്ളതാ. അല്ലെങ്കിലും നല്ല സൂപ്പർ ഫുഡ് അടിക്കാൻ പോകുമ്പോഴാ ഒരൊണക്ക ദോശ.
എങ്ങോട്ടാ പോണെന്നെങ്കിലും പറഞ്ഞിട്ട് പൊക്കൂടെ നിനക്ക്. വണ്ടിക്ക് ആരെങ്കിലും വിളിച്ചാൽ ഞാൻ എന്ത് പറയണം..?
അമ്മ ഒന്നും പറയണ്ട , അറിയില്ലാന്ന് പറഞ്ഞാൽ മതി. എന്റീശ്വരാ എട്ട് മണിക്ക് ഇറങ്ങാന്ന് പറഞ്ഞ ഞാനാ മണി ഒമ്പതായി. അവരൊക്കെ ഇറങ്ങിയോ ആവോ...
അയ്യോ വെപ്രാളത്തിനിടക്ക് എന്നെ പരിചയപ്പെടുത്താൻ മറന്നല്ലേ , ക്ഷമിക്ക്‌ കേട്ടോ.. എന്റെ പേര് വിഷ്ണു എല്ലാരുമെന്നെ വിച്ചൂന്ന് വിളിക്കും. ഞാനൊരു പിക്കപ്പ് ഓട്ടോ ഡ്രൈവറാണ്. പേര് മറക്കില്ലല്ലോ അല്ലേ , അപ്പൊ ഇനി എനിക്കൊരു രൂപം വേണ്ടേ നിങ്ങളുടെ മനസ്സിൽ. എന്നാലല്ലേ എന്റെ കൂടെ സഞ്ചരിക്കാൻ നിങ്ങൾക്കും കഴിയൂ... അതിനും എന്റെ കൈയ്യിൽ ഒരു സൂത്രമുണ്ട് കേട്ടോ , എന്താണെന്നറിയണ്ടേ ഞാനെന്റെയീ കഥ പറയാനേൽപ്പിച്ച ഉണ്ണിയുടെ മുഖം നമുക്കൊന്ന് കടമെടുത്താലോ...
ഇപ്പൊ ശരിക്കൊന്നു നോക്കിയേ നിങ്ങളുടെ മനസ്സിൽ എന്നെ കാണാൻ കഴിയുന്നില്ലേ. ഒരു പഴയ ഓട് പാകിയ വീട്ടിൽ നിന്നും അമ്മയെ കൈവീശിക്കാണിച്ചു എങ്ങോട്ടോ ധൃതിയിൽ നടക്കുന്ന എന്നെ കാണുന്നില്ലേ നിങ്ങളിപ്പൊ... ഞാൻ എങ്ങോട്ടാ രാവിലേ ഓടിപ്പാഞ്ഞു പോകുന്നതെന്നല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത്. പറയാം ഇന്ന് എന്റെ ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയമാണ്. ചെക്കന്റെ പേര് വിവേക്. എന്നെപ്പോലൊന്നുമല്ല കേട്ടോ. നല്ല സൗന്ദര്യം വലിയ കുടുംബം സർക്കാർ ജോലി അങ്ങനെ എല്ലാംകൊണ്ടും യോഗ്യനാണ് നമ്മുടെ ചങ്ങായി...
നിങ്ങളോടായത് കൊണ്ട് സത്യം പറയാല്ലോ അമ്മയോട് ഞാൻ മനപ്പൂർവം പറയാത്തതാ , പറഞ്ഞാൽ അമ്മ പറയും മക്കളേ അവരൊക്കെ വലിയ ആളുകളല്ലേ നമ്മളൊക്കെ ചെന്നാൽ അതിഷ്ടമാവില്ല എന്നൊക്കെ. അമ്മയുടെ വിചാരം ഇപ്പോഴും പഴയ കാലമാണെന്നാ , ഇന്നത്തേക്കാലത്ത് ആരാ അമ്മേ ഇതൊക്കെ നോക്കുന്നതെന്നു ചോദിച്ചാൽ അമ്മ ചിരിക്കും , എന്നിട്ട് പറയും ഒരു വ്യക്തിയും ഒരു സമൂഹവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് മോനേ. പിന്നെ അമ്മക്ക് മോനല്ലേയുള്ളൂ അപ്പൊ പിന്നെ മോനോടല്ലാതെ അമ്മ ആരോടാ ഇതൊക്കെ പറയുന്നതെന്ന്.
ഒരു കണക്കിന് നോക്കിയാ അമ്മ പറയുന്നത് ശരിയാ കേട്ടോ. ഞങ്ങളുടെ കൂട്ടത്തിൽ ഞാൻ മാത്രമേയുള്ളു ഒരു ഓട്ടോ പിക്കപ്പും ഓടിച്ചു നടക്കുന്നത്. ബാക്കി എല്ലാവരും നല്ല വലിയ വീടുകളിലെ പിള്ളരാ , എന്നാലും അവരുടെയൊക്കെ വീട്ടുകാർക്ക് എന്നെ എന്ത് കാര്യമാണെന്ന് നിങ്ങൾക്കറിയാമോ , എന്താ ഇപ്പൊ പറയുക ഒരു മരുന്ന് വാങ്ങണേൽ അപ്പൊ വിളിക്കും എടാ വിച്ചൂട്ടാ ഒന്ന് മരുന്ന് വാങ്ങിത്തന്നിട്ട് പോടാ , ഒന്നു ചന്തക്ക് പോണോങ്കിലോ അപ്പോഴും പറയും വിച്ചൂട്ടാ ഒന്നു പോയി വാടാ. പിന്നെ ഫോൺ ബില്ലടക്കാൻ , ഹോസ്പിറ്റലിൽ പോകാൻ , കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടാക്കാൻ എന്തിന് കൂടുതൽ പറയുന്നു , ചുരുക്കം പറഞ്ഞാൽ എന്തിനും ഏതിനും അവർക്ക് വിച്ചൂനെ തന്നെ വേണം.....
ശൊ നിങ്ങളോട് സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ദേ നിങ്ങള് കാണുന്നില്ലേ എല്ലാവരും ഇറങ്ങിയെന്നാ തോന്നുന്നത്. നോക്കിയേ ആ മുന്നിൽ നടന്നു വരുന്നതാ വിവേകിന്റെ അച്ഛൻ , പുറമെ വലിയ ഗൗരവക്കാരൻ ആണെങ്കിലും എന്നെ വല്യ ഇഷ്ടമാണെന്നാ വിവേക് പറഞ്ഞിട്ടുള്ളത്. പക്ഷെ എന്നോടിതുവരെ കാണിച്ചിട്ടില്ല കേട്ടോ. ചിലപ്പോ വല്യ വല്യ ആളുകൾ ഒക്കെ അങ്ങനെയായിരിക്കും അല്ലേ..?
വിച്ചൂ..... ടാ വിച്ചൂ....
ദാ എന്നെ വിളിക്കുന്നു. ഞാൻ പറഞ്ഞപ്പോ നിങ്ങള് വിശ്വസിച്ചോ , ഇപ്പൊ കണ്ടോ എന്തിനും ഏതിനും അവർക്ക് വിച്ചു തന്നെ വേണമെന്ന്. ഞാനൊന്നു ചെല്ലട്ടെ അങ്ങോട്ട്...
വിച്ചൂ... വിചാരിക്കാത്ത കുറച്ചു ബന്ധുക്കൾ വന്നിട്ടുണ്ട് . നീ അവരെയും കൊണ്ട് പതുക്കെ പുറകേ വന്നാൽ മതി. എന്തായാലും വന്നതല്ലേ ഇനി കൂടെ കൂട്ടിയില്ലെങ്കിൽ അതൊരു പരാതിയാവും.
അയ്യോ മാമാ ഞാൻ വിവേകിന്റെ ഒപ്പം ചെല്ലാമെന്നു വാക്ക് പറഞ്ഞതാ...
ഓ പിന്നേ നീ കൂടെ ചെന്നില്ലെങ്കിൽ പെണ്ണ് അവനെ വേണ്ടാന്ന് പറയുമായിരിക്കും..( അവന്റെ ചേച്ചിയാ , ചുമ്മാ തമാശക്ക് പറയുന്നതാ )
അല്ലെങ്കിലും ഇപ്പൊ അവന്റെ കൂടെ തന്നെ പോയാലേ ചടങ്ങ് നടക്കു എന്നൊന്നുമില്ലല്ലോ അല്ലേ ,പാവം വേറെ ആരും ഡ്രൈവ് ചെയ്യാൻ ഇല്ലാത്തത് കൊണ്ടല്ലേ...കണ്ടില്ലേ അപ്പോഴും വിച്ചു തന്നെ വേണം...
ഹൊ രണ്ട് മണിക്കൂർ യാത്ര, നല്ലത് പോലെ ക്ഷീണിച്ചു ഞാൻ. അവിടെ ചടങ്ങൊക്കെ തുടങ്ങിയെന്നാ തോന്നുന്നത്. നിങ്ങൾക്കിവിടെ നിക്ക് ഞാനൊന്ന് ചെല്ലട്ടെ അങ്ങോട്ട്. സർക്കാര് ജോലിയെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല ചെക്കനിപ്പോഴും വിറയില് മാറീട്ടില്ല....
അല്ലെങ്കിൽ നിങ്ങളും പോര് എന്റൊപ്പം ഇത്രയും നേരം എന്റെ കൂടെ വന്ന നിങ്ങളെ മാറ്റി നിർത്തുന്നത് ശരിയല്ലല്ലോ. എല്ലാവരും വരൂ നമുക്കവരുടെ വീടിനകത്തേക്ക് പോയാലോ. ദാ കണ്ടോ അവിടെ ചെക്കൻ കൂട്ടരെ ഓരോരുത്തരെയായി പരിചയപ്പെടുത്തിത്തുടങ്ങി. ഞാനും ചെല്ലട്ടെ അങ്ങോട്ട്....
ഞാൻ സഞ്ജു... അഡ്വക്കേറ്റ് ആണ്
ഞാൻ വിപിൻ... ബിസിനസ്സ് ആണ്
ഞാൻ വിനീത... വിവേകിന്റെ ചേച്ചിയാണ്. ഇപ്പൊ ദുബായിൽ സെറ്റിൽഡ് ആണ്.
ഈശ്വരാ ഇനി എന്റെ ഊഴമാണല്ലോ.
ഞാൻ വിഷ്ണു....വിവേകിന്റെ അടുത്ത സുഹൃത്താണ്.
ആഹാ വിഷ്ണു എന്തു ചെയ്യുന്നു..?
ഞാൻ.... ഞാൻ.... ഞാൻ പിക്കപ്പ് ഡ്രൈവർ ആണ്.
അദ്ദേഹത്തിന്റെ മുഖമൊന്നു മാറിയോ എന്താ എല്ലാവരും എന്നെത്തന്നെ നോക്കുന്നത് , അതാ വിവേകിന്റെ അച്ഛൻ വരുന്നുണ്ടല്ലോ എന്റടുത്തേക്ക്.
വിഷ്ണു വരൂ...പുറത്ത് നിന്ന് സംസാരിക്കാം. നിന്നോട് ആരാ പറഞ്ഞത് ഇങ്ങോട്ട് വലിഞ്ഞ് കേറി വരാൻ. വല്യ വല്യ ആളുകൾ ഇരിക്കുമ്പോൾ ഞങ്ങളെ നാണം കെടുത്താനാണോ നി അതിനിടയിലേക്ക് കേറി വന്നത്. പുറത്തു നിന്നാൽ മതി ചടങ്ങു കഴിയുമ്പോ പെണ്ണും ചെറുക്കനും പുറത്തേക്ക് വരും അപ്പൊ കണ്ടാൽ മതി. ആ പിന്നെ അവന്റെ സുഹൃത്താണ് എന്നൊന്നും അവിടെ പറയാൻ നിക്കണ്ട കേട്ടല്ലോ.....
ഈശ്വരാ നിന്ന നിൽപ്പിൽ ഞാൻ ഉരുകിപ്പോവുകയാണോ. പുറത്തു കൂടി നിൽക്കുന്നവരെല്ലാവരും എന്തിനാണ് എന്നെത്തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്നത്. അദ്ദേഹം വിവേകിന്റെ അമ്മയോട് എന്തോ പറയുന്നുണ്ടല്ലോ.
"നിന്റെ മോനൊരുത്താനാ ആവശ്യത്തിനും അനാവശ്യത്തിനും ഇവറ്റകൾക്കൊക്കെ സ്വാതന്ത്ര്യം കൊടുത്തു വഷളാക്കിയത്. വേലക്കാരന്റെ സ്ഥാനത്ത് നിർത്തേണ്ടവന്റെയൊക്കെ തോളിൽ കൈയിട്ട് നടക്കുന്ന നിന്റെ മോനെ പറഞ്ഞാൽ മതിയല്ലോ. കണ്ടില്ലേ ഇപ്പൊ അവരുടെയൊക്കെ മുന്നിൽ ഒരുളുപ്പുമില്ലാതെ കയറി വന്നത്. ഡ്രൈവർ ഡ്രൈവറുടെ സ്ഥാനത്ത് നിക്കണം അത് പറ്റില്ലെങ്കിൽ പറഞ്ഞു വിട്ടോളണം ഇപ്പോതന്നെ..."
അയ്യോ ഇതൊക്കെ കേട്ട് നിങ്ങളെന്താ എല്ലാവരും എന്നെ വിഷമത്തോടെ നോക്കുന്നത്. എനിക്ക് വിഷമൊന്നും ഇല്ലാട്ടോ. എന്റെ കണ്ണ് നിറയുന്നത് കണ്ടിട്ടാണോ അത്‌ സന്തോഷം കൊണ്ടാ... സത്യം സ.. സന്തോഷം വന്നിട്ട് തന്നെയാ...
മോനേ വിച്ചൂന്ന് അമ്മ വിളിക്കും പോലെ തോന്നുവാ എനിക്കിപ്പോ. അമ്മ ഓരോന്നും പറഞ്ഞപ്പോഴൊക്കെ ഞാൻ കളിയാക്കിയിട്ടേയുള്ളൂ. നമുക്ക് മടങ്ങിപ്പോയാലോ...അവരോടു പിണക്കം ഒന്നുമുണ്ടായിട്ടല്ലാട്ടോ. അതാ വിവേകല്ലേ ആ വരുന്നത്. നിക്ക് കേട്ടോ കാര്യമെന്താന്ന് ചോദിക്കട്ടെ അവനോട്.
വിച്ചൂ ക്ഷമിക്കെടാ , അവരൊക്കെ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതിയില്ല. ക്ഷമിക്കെടാ എന്നോട്....
സാരമില്ലടാ... നിനക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ അത് മതി എനിക്ക്....പിന്നെ നിന്റെ അച്ഛനെന്നെ വലിയ ഇഷമാണെന്നൊരു കള്ളം... അത് വേണ്ടായിരുന്നു വിവേക്. നിന്റെ സ്നേഹം ആത്മാർത്ഥമാണ് എനിക്കറിയാം പക്ഷെ നിന്റെ അച്ഛനമ്മമാർ എന്നെ സ്നേഹിച്ചത് അവരുടെ ആവശ്യങ്ങൾ മുറ തെറ്റാതെ നടന്നു പോകുന്നതിന് മാത്രമായിരുന്നെന്ന് മനസ്സിലാക്കാൻ അല്പം വൈകി... സാരമില്ലടാ എന്നാ ശരി ഞങ്ങള് പോട്ടെ.. എന്തിനാ ഇവിടെ ഇനി ഇങ്ങനെ നിന്നിട്ട്....
ഞങ്ങളോ..?
അതേ ഞങ്ങൾ.. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും എന്റെ വായനക്കാരും. അവരോടൊപ്പമാണ് ഞാൻ വന്നത്. നിനക്ക് മനസ്സിലാകുന്നതിനെക്കാൾ ഇപ്പൊ എന്നെ മനസ്സിലാക്കാൻ അവർക്ക് കഴിയും. എന്റെ മനസ്സ് കാണാൻ അവർക്ക് ഓരോരുത്തർക്കും കഴിയും. കാരണം ഞങ്ങളെല്ലാം എവിടെ നിന്നോ വന്ന് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും തിരിച്ചറിഞ്ഞു ഒത്തുകൂടിയ വെറും സാധാരണക്കാരായ മനുഷ്യരാണ്. ഞങ്ങൾക്കിടയിൽ വലിപ്പച്ചെറുപ്പമില്ല , പാവപ്പെട്ടവനെന്നോ പണക്കാരാണെന്നോ ഉള്ള വേർതിരിവില്ല. ഒരു ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ഒരേ തോണിയിൽ സഞ്ചരിക്കുന്ന ജാതിമതഭേദങ്ങളില്ലാത്ത ഒരുകൂട്ടം സൗഹൃദങ്ങളുടെ കൂട്ടായ്‌മ. അതാണ് ഞങ്ങൾ. ശരി വിവേക് എല്ലാം ഭംഗിയായി നടക്കട്ടെ. നിങ്ങൾക്ക് എന്റെയും എന്റെ വായനക്കാരുടെയും ഹൃദയം നിറഞ്ഞ ആശംസകൾ....
നിങ്ങളെല്ലാം കേട്ടല്ലോ അല്ലേ ഇത്രയെങ്കിലും പറയണ്ടേ ഞാൻ അവനോട്.. നിങ്ങളെല്ലാവരുമെന്താ അത്ഭുതത്തോടെ എന്നെ നോക്കുന്നത് ? ഇത്രയും വേദന ഉള്ളിൽ വച്ചിട്ട് എനിക്കെങ്ങനെ ഇതുപോലെ സംസാരിക്കാൻ കഴിയുന്നു എന്നാണോ ?
നിങ്ങള് കേട്ടിട്ടില്ലേ ജോക്കർ എന്ന സിനിമയിൽ ബഹദൂർ സർ പറയുന്ന മാസ്സ് ഡയലോഗ്.
" കോമാളികൾ ഒരിക്കലും കരയാൻ പാടില്ല ചിരിക്കണം നെഞ്ച് പൊട്ടുന്ന വേദനയായാലും കടിച്ചമർത്തി ചിരിക്കണം , പൊട്ടി പൊട്ടി ചിരിക്കണം."
ജീവിതത്തിൽ പലപ്പോഴും നമ്മളെപ്പോലുള്ള സാധാരണക്കാർ കോമാളികൾ ആവേണ്ട അവസ്ഥകൾ വരാറുണ്ട് എന്നെപ്പോലെ. അപ്പോഴൊക്കെ അതെല്ലാം ജീവിതത്തിൽ ഇനിയും പഠിച്ചിട്ടില്ലാത്ത ഓരോരോ പാഠങ്ങളാണെന്ന് മനസ്സിലാക്കി ജീവിക്കാൻ പഠിക്കണം.
സങ്കടങ്ങളെ ഉള്ളിലൊതുക്കി ചിരിക്കാൻ പഠിക്കണം....
ഹൊ ഓരോന്ന് ഓർത്തിരുന്ന് വീടെത്തിയതറിഞ്ഞില്ല. എന്റെ കൂടെ വന്ന് നിങ്ങൾക്കൊക്കെ സങ്കടമായിക്കാണുമല്ലേ... ദാ നിങ്ങളത് കണ്ടോ എന്നെക്കാത്തെന്നത് പോലെ എന്റെ അമ്മ നിൽക്കുന്നത്. മക്കളുടെ മനസ്സ് നീറിയാൽ എത്ര ദൂരെയായാലും അമ്മമാർക്ക് അതറിയാൻ കഴിയും എന്ന് പറയുന്നത് എത്ര സത്യമാണെന്നു നോക്കിയേ.....
എന്റെ പ്രിയപ്പെട്ട വായനക്കാരേ എന്നോടൊപ്പം ഒരു യാത്രക്ക് തയ്യാറായ നിങ്ങളോരോരുത്തരോടും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദിയുണ്ട്. നിങ്ങൾ തിരികെ പൊയ്കൊള്ളൂക.
ഇനിയെനിക്കെന്റെ അമ്മയെ കെട്ടിപിടിച്ചു ഒന്നിരിക്കണം. ആരൊക്കെ തള്ളിപ്പറഞ്ഞാലും എത്രയൊക്കെ അവഗണിച്ചാലും എന്റെ മോനേന്നു വിളിച്ചു മാറോട് ചേർത്തു നിർത്തുന്ന അമ്മയുടെ മടിയിൽ അല്പനേരം തല ചായ്ച്ചു കിടക്കണം. എന്നിട്ട് സകല വേദനകളും കടിച്ചമർത്തി ചിരിക്കണം
പൊട്ടി പൊട്ടി ചിരിക്കണം...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot